പ്രാണപ്രതിഷ്ഠയും രാമനും രാമായണവും ചോദ്യപ്പേറിലുണ്ട്; 150 ചോദ്യങ്ങളില്‍ ഒന്നുപോലും ഭരണഘടനയെ കുറിച്ചില്ല
സ്‌കൂള്‍/കോളജ് സിലബസുകളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനയെ പോലും ഒഴിവാക്കി രാമായണവും, മഹാഭാരതവും, വേദവും, ഉപനിഷത്തും, രാമനും, കൃഷ്ണനും ഒക്കെ സ്ഥാനം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യു.ജി.സി നെറ്റ് പരീക്ഷയിലും ഇത് പ്രതിഫലിച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം യു.ജി.സി പരീക്ഷയുടെ അനുഭവ പശ്ചാത്തലത്തില്‍ വിവരിക്കിന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഝാര്‍ഖണ്ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പെര്‍ഫോമന്‍സ് ആര്‍ട്‌സ് വിദ്യാര്‍ഥിയും നെറ്റ് പരീക്ഷാര്‍ഥിയുമായ ശ്യാം സോര്‍ബ.
ഇന്ത്യയില്‍ ഗവേഷണ യോഗ്യത, സര്‍വകലാശാല അധ്യാപന യോഗ്യത എന്നിവ ഉള്‍പ്പെടെ ഉള്ള യോഗ്യതകള്‍ നേടുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമീഷന്‍ (യു.ജി.സി) 1989-90 കാലഘട്ടത്തില്‍ ആണ് ആദ്യമായി നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ് അഥവാ നെറ്റ് എക്‌സാം ആരംഭിക്കുന്നത്. പ്രധാനമായും ഹ്യുമാനിറ്റീസ്, ആര്‍ട്‌സ് വിഷയങ്ങളില്‍ നടത്തി വരുന്ന പരീക്ഷ ആദ്യ കാലഘട്ടങ്ങളില്‍ വിവരണാത്മക പരീക്ഷ ആയും, പിന്നീട് അത് ഒബ്‌ജെക്റ്റീവ് ചോദ്യങ്ങള്‍ ആയും പരിണാമപ്പെട്ടു. ആദ്യകാലങ്ങളില്‍ യു.ജി. സി നേരിട്ട് നടത്തിയ പരീക്ഷകള്‍ 2018 ആയപ്പോള്‍ നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)ക്ക് അതിന്റെ നടത്തിപ്പവകാശം കൈമാറിയിരുന്നു. വര്‍ഷത്തില്‍ ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ ആയി രണ്ട് തവണ ഈ പരീക്ഷ നടത്തി വരുന്നുണ്ട്.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്, രാമായണത്തില്‍ ഹനുമാനെ വര്‍ണിക്കുന്ന ഭാഗം എവിടെ, ഭഗവത് ഗീത മഹാഭാരതത്തിലെ എന്തിന്റെ വിശദമായ ഭാഗം ആണ്, പ്രധാനമായ ഹിന്ദു തത്വശാസ്ത്രത്തെ സ്വാധീനിച്ച ഘടകങ്ങള്‍ ഏത്, ഹിന്ദി ഭാഷയെ ഉദ്ധരിക്കാന്‍ മുന്‍കൈ എടുത്ത പ്രമുഖര്‍, രാമായണത്തിന്റെ ആരംഭ ശ്ലോകം ഏത്? എന്നിങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നീണ്ട നിര. 300 മാര്‍ക്കിന്റെ 150 ചോദ്യങ്ങളും വായിച്ചിട്ടും അതില്‍ എവിടെയും ഇന്ത്യന്‍ ഭരണഘടനയെ കാണാന്‍ സാധിച്ചില്ല.
കൃത്യമായ സിലബസ് ഉള്‍കൊള്ളുന്ന പരീക്ഷ സമ്പ്രദായം ആണ് ഇതിനുള്ളത്. കാലഘട്ടത്തിന് അനുസരിച്ചും, ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി മാറ്റങ്ങള്‍ക്ക് അനുസരിച്ചും സിലബസ് പരിഷ്‌കരണം തകൃതിയായി നടത്തിയിട്ടുണ്ട് ഇവിടെയും. റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് പോലെയുള്ള പ്രധാന വിഷയങ്ങള്‍ക്ക് ഒപ്പം തന്നെ ഒരു കാലം എത്തിയപ്പോള്‍ പരമ്പരാഗത ഇന്ത്യന്‍ വിദ്യാഭ്യാസം, തത്വശാസ്ത്രം തുടങ്ങിയവ സ്ഥാനം പിടിച്ചു. 2024 ലെ യു.ജി.സി നെറ്റ് എക്‌സാം, കഴിഞ്ഞ വര്‍ഷം വരെ കമ്പ്യൂട്ടര്‍ പരീക്ഷ നടത്തിയതില്‍ നിന്നും വീണ്ടും ഒ.എം.ആര്‍ മാതൃക സ്വീകരിച്ചുകൊണ്ട് പെന്‍ & പേപ്പര്‍ സമ്പ്രദായം തിരികെ കൊണ്ട് വന്നിട്ടുണ്ട് (പഴമയെ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗം ആണെന്ന് പറഞ്ഞാലും വിശ്വസിക്കണം).
എന്നാല്‍, ഈ വര്‍ഷത്തെ പരീക്ഷയില്‍ പ്രത്യക്ഷപ്പെട്ട ചില ചോദ്യങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നു എന്ന് പറയേണ്ടി വരും. ഇന്ത്യന്‍ വിദ്യാഭ്യാസം കാവിവത്കരിക്കുന്നതിന്റെ 'X' ാം പതിപ്പ് ആയി നെറ്റ് പരീക്ഷയും മാറിക്കഴിഞ്ഞു (X ന്റെ മൂല്യം നിര്‍ണയിക്കല്‍ അസാധ്യം). സ്‌കൂള്‍ സിലബസുകളിലും, കോളജ് സിലബസുകളിലും ഉള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനയെ പോലും ഒഴിവാക്കി രാമായണവും, മഹാഭാരതവും, വേദവും, ഉപനിഷത്തും, രാമനും, കൃഷ്ണനും ഒക്കെ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്ന് നെറ്റ് പരീക്ഷയിലും ഇത് പ്രതിഫലിച്ചു. ഈ വര്‍ഷത്തെ നെറ്റ് പരീക്ഷയില്‍ അവതരണ കല പ്രധാന വിഷയം ആയി എടുത്ത എനിക്ക് വന്ന ചില ചോദ്യങ്ങള്‍ ഇവിടെ കുറിക്കുന്നു.
1) അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഏത്?
2) രാമായണത്തില്‍ ഹനുമാനെ വര്‍ണിക്കുന്ന ഭാഗം എവിടെ?
3) ഭഗവത് ഗീത, മഹാഭാരതത്തിലെ എന്തിന്റെ വിശദമായ ഭാഗം ആണ്?
4) പ്രധാനമായ ഹിന്ദു തത്വശാസ്ത്രത്തെ സ്വാധീനിച്ച ഘടകങ്ങള്‍ എന്ത്?
5) ഹിന്ദി ഭാഷയെ ഉദ്ധരിക്കാന്‍ മുന്‍കൈ എടുത്ത പ്രമുഖര്‍?
6) ആയുര്‍വേദ, യുനാനി, യോഗ ഉള്‍പ്പെടെ ഉള്ള കാലഹരണപ്പെട്ട രീതികള്‍
7) രാമായണത്തിന്റെ ആരംഭ ശ്ലോകം.. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നീണ്ട നിര.
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ന് ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ ഏറെ ഗൗരവതരമായി കാണുന്ന, ഒരുപക്ഷെ, അവരുടെ ഭാവി നിശ്ചയിക്കാന്‍ കെല്‍പ്പുള്ള ഒരു പരീക്ഷയുടെ ചോദ്യങ്ങള്‍/ആശയങ്ങള്‍ ആണ് ഇവ. അടുത്ത പരീക്ഷ ആകുമ്പോഴേക്കും ഈ ചോദ്യങ്ങളുടെ എണ്ണം വര്‍ധിച്ചേക്കാം. സിലബസ്സുകള്‍ മാറ്റി വെച്ച്, പുരാണങ്ങളും, ഹിന്ദു തത്വശാസ്ത്രവും ഉള്‍പ്പെടെ പഠിച്ചാല്‍ മാത്രം ജയിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥയിലേക്ക് ഈ പരീക്ഷകള്‍ എത്തിപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
300 മാര്‍ക്കിന്റെ 150 ചോദ്യങ്ങളും വായിച്ചിട്ടും അതില്‍ എവിടെയും ഇന്ത്യന്‍ ഭരണഘടനയെ എനിക്ക് കാണാന്‍ സാധിച്ചില്ല. ഒരു ചോദ്യം പോലും ഭരണഘടനയെ ബന്ധപ്പെടുത്തി കാണാന്‍ സാധിച്ചില്ല. ഭരണഘടന ആമുഖം പോലും മാറ്റി കുറിക്കാന്‍ കച്ച കെട്ടി ഇറങ്ങുന്ന ഒരു ഭരണകൂടത്തിന്റെ കീഴിലുള്ള ഓരോ കേന്ദ്രങ്ങളും പൂര്‍ണ്ണമായും കാവി പൂശുമ്പോള്‍ ഇന്ന് അതിന്റെ പ്രധാന ഇര ഇന്ത്യയിലെ വിദ്യാര്‍ഥികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആണ് എന്നതില്‍ ഇനിയും സംശയം ഏതും അവശേഷിക്കുന്നില്ല.
ഒരുപക്ഷെ തെരഞ്ഞെടുപ്പ് പോലും ഇന്ത്യയില്‍ ഇനി ഉണ്ടാകുമോ എന്ന ആശങ്കപ്പെടുന്ന കാലത്ത്, ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളും, കലാലയങ്ങളും ഹിന്ദു-സംഘ്പരിവാര്‍ അജണ്ടകള്‍ പഠിപ്പിക്കാന്‍ ഉള്ള ഇടങ്ങള്‍ മാത്രമായി മാറും. ഇതിന് എതിരെ സംസാരിക്കേണ്ടത് ആരാണ്? ഇനിയും ആര്‍ക്ക് വേണ്ടി ആണ് കാത്തിരിക്കുന്നത്? നാളെ എന്ത്? ഇങ്ങനെ കുറച്ച് ചോദ്യങ്ങള്‍ മാത്രം ബാക്കി നിര്‍ത്തുന്നു.
ഒടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തി യു.ജി.സി നെറ്റ് പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. അപ്പോഴും അവര്‍ക്ക് കാണാന്‍ സാധിക്കാത്ത ചില ക്രമക്കേടുകള്‍ ഉണ്ട്. അത് ചോദ്യങ്ങള്‍ക്ക് കാവി നിറം പൂശുന്ന പ്രവണതയാണ്.