Quantcast
MediaOne Logo

പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും; ഇസ്‌ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്

ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്‌ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്‌ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03)

മമ്മുട്ടിക്കെതിരായ സൈബര്‍ അക്രമണം
X

സിനിമാനടനായ പ്രേംനസീര്‍ ജാതിമത ലിംഗ വ്യത്യാസമില്ലാതെ പലതരത്തില്‍ സംഭാവനയും സഹായവും നല്‍കുന്നതില്‍ ശ്രദ്ധിച്ചിരുന്ന ഒരാളാണ്. എഴുപതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലേക്ക് അദ്ദേഹമൊരു ആനക്കുട്ടിയെ സംഭാവന നല്‍കി. ഒരു വിഭാഗം മാധ്യമങ്ങള്‍ അതൊരു ചര്‍ച്ചയാക്കി മാറ്റി. ഒരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രശാല എന്ന പംക്തിയില്‍ (മലയാള നടന് ലോക റെക്കോര്‍ഡ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1974, മാര്‍ച്ച് 31, പേജ് 27-28) വൈലേഴത്ത് വേണുഗോപാല്‍, നസീറിന്റെ സിനിമാജീവിത വിജയത്തെയും വ്യക്തിമാഹാത്മ്യത്തെയും വിലയിരുത്തുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലേഖനത്തിന്റെ അവസാനം പ്രേംനസീര്‍ എന്ന വ്യക്തിയുടെ 'മതസഹിഷ്ണുതയും' 'മതേതരത്വവും' വിശദീകരിക്കാന്‍ ചിറയിന്‍കീഴിലെ ചില മുസ്‌ലിം സമുദായാംഗങ്ങളെ 'മത ഭ്രാന്താന്മാരാക്കിയും' 'മതഭ്രഷ്ട്' കല്‍പിക്കുന്ന 'മുസ്‌ലിം സമ്പന്ന'രാക്കിയും ചിത്രീകരിച്ചു (പേജ് 28). വ്യക്തിഗുണമുള്ള കലാകാരന്‍ മുസ്‌ലിം സമുദായത്തെപ്രതി അനുഭവിക്കുന്ന സംഘര്‍ഷം എന്ന മതേതര വാര്‍പ്പുമാതൃകയുടെ ഒരു രീതിശാസ്ത്രമാണിത്. വൈലേഴത്ത് വേണുഗോപാല്‍ എഴുതിയ പ്രസ്തുത ലേഖനത്തിന്റെ ആ ഭാഗം ഉദ്ധരിക്കാം (പേജ് 28): 'ഒരു മുസ്‌ലിമായ പ്രേംനസീറിന്റെ ഉയര്‍ന്ന മതേതരത്വം പ്രശംസാര്‍ഹമാണ്. സഹിഷ്ണുത മാത്രമല്ല മറ്റു മതങ്ങളോട് തികഞ്ഞ ആദരവും പ്രകടിപ്പിക്കുന്നു. അദ്ദേഹം കുറച്ചു മുന്‍പ് സ്വന്തം ജന്മസ്ഥലമായ ചിറയിന്‍കീഴിലെ ദേവീക്ഷേത്രത്തിലേക്ക് ഒരാനകുട്ടിയെ സമ്മാനിക്കുകയുണ്ടായി. കുപിതരായ ഒരു പറ്റം മുസ്‌ലിം സമ്പന്നരുടെ ഇടയില്‍, അദ്ദേഹത്തിന് മതഭ്രഷ്ട് കല്‍പിക്കാന്‍ ഒരു നീക്കമുണ്ടായി. അന്ധമായ മതഭ്രാന്തില്‍ നിന്നുളവായ ഈ കോലാഹലത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. 'നിങ്ങള്‍ ഭ്രഷ്ട് കല്‍പിച്ച് പുറന്തള്ളിയാല്‍ തന്നെ എനിക്ക് ഒന്നും വരാനില്ല. ഞാനൊരു കലാകാരനാണ്. ഭരണഘടന അനുശാസിക്കുന്ന പരിധിക്കകത്തു നിന്നു എനിക്കു തോന്നുന്ന എന്തും ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. സര്‍വമതങ്ങളെയും ഞാന്‍ ആദരിക്കുന്നു. മറ്റുള്ളവരെന്തു പറയും എന്നു കരുതിയല്ല, ഞാന്‍ കരുതുന്നതു പറയുക. 'ശരിയാണ്, മിസ്റ്റര്‍ നസീര്‍ താങ്കള്‍ പറഞ്ഞത്, ഈ സ്വഭാവമാണ് താങ്കളെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തനാക്കുന്നത്.''

കലാകാരന്‍ എന്ന നിലയിലുള്ള പ്രേംനസീറിന്റെ വ്യക്തിസ്വത്വത്തെ സമുദായബാഹ്യമാക്കി പരിവര്‍ത്തിപ്പിക്കാനും സംഘടിത സമുദായസ്വത്വവും വ്യക്തിസ്വത്വവും ഒരു മുസ്‌ലിം പശ്ചാത്തലത്തില്‍ എങ്ങനെ വന്നാലും ഏതു സാഹചര്യത്തിലും വിപരീതധ്രുവത്തിലാണെന്ന സമീപനവും തെളിഞ്ഞുകാണാം. കാരണങ്ങള്‍ മാറിയാലും മുന്‍കൂര്‍ നിര്‍മിതമായ അടിസ്ഥാന ധാരണ മാറ്റമില്ലാതെ തുടരുന്നു.

എന്നാല്‍, വസ്തുത എന്താണ്? 1974 ജൂണ്‍ 9ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ (പേജ് 5) വക്കം മുഹമ്മദ് റയീസ് എഴുതിയ ''ചിറയിന്‍കീഴുകാര്‍ എതിര്‍ക്കുകയോ?'' എന്ന ഒരു കത്തുണ്ട്. ''ഇത് ശരിയല്ല, അങ്ങിനെ യാതൊന്നും ചിറയിന്‍കീഴ് സംഭവിച്ചില്ലെന്നതാണ് വാസ്തവം'' എന്നാണ് വക്കം മുഹമ്മദ് റയീസ് എഴുതിയത്. ചിറയിന്‍കീഴ് ഗവണ്മെന്റ് ആശുപത്രിക്ക് ഒരു എക്‌സ്‌റെ യൂണിറ്റ് കെട്ടിടസഹിതം സംഭാവന ചെയ്ത നസീറിന്റെ പ്രവര്‍ത്തിയടക്കം എടുത്തു പറഞ്ഞാണ് ലേഖകന്‍ വൈലേഴത്ത് വേണുഗോപാല്‍ എഴുതിയതിലെ അവാസ്തവം തിരുത്തുന്നത്.

അക്കാലത്ത് ഇസ്‌ലാമുമായി ബന്ധപ്പെട്ട സിനിമാചര്‍ച്ചകളില്‍ പ്രേംനസീറിന്റെ ദാനധര്‍മങ്ങള്‍ കടന്നുവരുന്ന മറ്റൊരു ഉദാഹരണം കൂടിയുണ്ട്. ചന്ദ്രിക പത്രത്തില്‍ (3 മെയ് 1978) ഒരു റിപ്പോര്‍ട്ട് അച്ചടിച്ചുവന്നു: ''അറബി വിശ്വോത്തര ഭാഷയാണ്: പ്രേംനസീര്‍'' ഇതാണ് വാര്‍ത്തയുടെ ശീര്‍ഷകം. മുടിക്കല്ലില്‍ നിര്‍മിക്കുന്ന ജാമിഅ: സാഖിയ്യ അറബിക് കോളജിന്റെ കെട്ടിടനിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ടു അദ്ദേഹം അങ്ങനെ പറഞ്ഞതായാണ് ചന്ദ്രികയുടെ വാര്‍ത്ത. ഈ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ടു നാരായണന്‍ പെരിയ (ഇസ്‌ലാമും സിനിമയും, യുക്തിവാദി, 1978 ആഗസ്റ്റ്, പേജ് 375-377) എഴുതിയ ലേഖനത്തിന്റെ പരാതി മറ്റൊന്നായിരുന്നു: ''സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന എത്രയോ മുസ്‌ലിംകള്‍ നമ്മുടെ നാട്ടിലുണ്ട്. മതപണ്ഡിതന്മാരും സമുദായനേതാക്കളും അവരുടെ മുമ്പില്‍ മുട്ടുകുത്തിയിരുന്നതേ കാണുന്നുള്ളൂ. അവരെയൊന്നും മതഭ്രഷ്ടരാക്കിയിട്ടില്ല. പള്ളി കെട്ടുന്നതിനും ഏറ്റവും വലിയ തുക സംഭാവന നല്‍കുന്നതും അവരായിരിക്കും. അറബി ഭാഷക്കു 'സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും അബ്ദുല്‍ഖാദറല്ല, പ്രേംനസീറാണ്. മൗലവിമാരെക്കാളും മുസ്‌ലിം സമുദായം ഇന്നു പിന്തുടരുന്നതും സിനിമാനടന്മാരെയാണ് എന്നല്ലേ ഇതിന്റെ അര്‍ഥം?'' (പേജ് 376).


പ്രേംനസീറിനെ മുസ്‌ലിം സമുദായം ഭ്രഷ്ട് കല്‍പിച്ചിട്ടില്ലെന്നും എന്നാല്‍, സമുദായനേതൃത്വം അദ്ദേഹത്തെ സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ പണം മോഹിച്ചിട്ടാണെന്നും നാരായണന്‍ പെരിയ ആരോപിക്കുന്നു. മാത്രമല്ല, മതപണ്ഡിതന്മാരും സമുദായനേതാക്കളും പ്രേംനസീറിനെ പിന്തുണക്കുന്നതിന്റെ കാരണം മുസ്‌ലിം ബഹുജന പിന്തുണ സിനിമക്കാര്‍ക്കായതിനാലാണെന്നും ലേഖകന്‍ കരുതുന്നു. വൈലേഴത്ത് വേണുഗോപാല്‍ സമുദായത്തിലെ സമ്പന്നര്‍ മതഭ്രഷ്ട് കല്‍പിക്കാന്‍ ശ്രമിച്ച പ്രേംനസീറിനെ കണ്ടെത്തുമ്പോള്‍ നാരായണന്‍ പെരിയ മതപണ്ഡിതന്മാരും സമുദായനേതാക്കളും മതഭ്രഷ്ട് കല്‍പിക്കാതെ പ്രേംനസീറിനെ പിന്തുണക്കുന്നതിന്റെ കാരണം സിനിമാനടന്‍ എന്ന നിലയിലുള്ള ബഹുജനപ്രീതി മാത്രമല്ല അദ്ദേഹത്തിന്റെ സാമ്പത്തികശക്തി കണ്ടിട്ടാണെന്നും വ്യാഖ്യാനിക്കുന്നു. രണ്ടായാലും കലാകാരന്‍ എന്ന നിലയിലുള്ള പ്രേംനസീറിന്റെ വ്യക്തിസ്വത്വത്തെ സമുദായബാഹ്യമാക്കി പരിവര്‍ത്തിപ്പിക്കാനും സംഘടിത സമുദായസ്വത്വവും വ്യക്തിസ്വത്വവും ഒരു മുസ്‌ലിം പശ്ചാത്തലത്തില്‍ എങ്ങനെ വന്നാലും ഏതു സാഹചര്യത്തിലും വിപരീതധ്രുവത്തിലാണെന്ന സമീപനവും തെളിഞ്ഞുകാണാം. കാരണങ്ങള്‍ മാറിയാലും മുന്‍കൂര്‍ നിര്‍മിതമായ അടിസ്ഥാന ധാരണ മാറ്റമില്ലാതെ തുടരുന്നു.

വ്യക്തിസ്വത്വവും മുസ്‌ലിമും കലാകാരനും

തൊഴില്‍, കല തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മുന്‍ഗണനകള്‍ നല്‍കി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ഈ മള്‍ട്ടിപ്പിള്‍ ഐഡന്റിറ്റിയുടെ ദൃശ്യതയെ സവിശേഷമായി ക്രമപ്പെടുത്തിയാണ് മുസ്‌ലിം എന്നു കരുതുന്ന സൂചനകള്‍ വഹിക്കുന്ന, വിശിഷ്യാ സിനിമാ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാം എന്ന മതസൂചനയും മുസ്‌ലിം എന്ന സാമുദായിക-വ്യക്തിസൂചനയും പ്രത്യേക രീതിയില്‍ വംശീയമായി നിര്‍വചിക്കുന്ന പ്രവര്‍ത്തിയാണ് ഇസ്‌ലാമോഫോബിയ. സ്വന്തം ഐഡന്റിറ്റി തീരുമാനിക്കാനുള്ള അവകാശം മുസ്‌ലിം/ഇസ്‌ലാം എന്ന സൂചകം പ്രധാനമാവുന്ന വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ നിഷേധിക്കുകയും സവിശേഷമായ നിര്‍വചനാധികാരത്തോടെ ബാഹ്യശക്തികള്‍, പ്രത്യേകിച്ച് ആധിപത്യ ദേശീയ-സാമുദായിക വിഭാഗങ്ങള്‍ ഇടപെടുകയും ചെയ്യുമ്പോള്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രേംനസീര്‍ എന്ന വ്യക്തിയുടെ ഒരു പ്രവൃത്തിയെ മുസ്‌ലിം സമുദായത്തിനെതിരേ പ്രതിഷ്ഠിക്കുന്ന ഒരു ആഖ്യാനരീതിയിലൂടെ ഒരു നല്ല മുസ്‌ലിമായി അദ്ദേഹത്തെ സ്ഥാപിക്കാനായിരുന്നു ശ്രമം. പ്രേംനസീറിനെ മതഭ്രഷ്ട് കല്‍പിച്ചുവെന്നും ഇല്ലെന്നുമുള്ള രണ്ടു വാദങ്ങളും അദ്ദേഹത്തെ മുസ്‌ലിം സമുദായത്തിനെതിരേ വിശിഷ്യ അതിന്റെ രാഷ്ട്രീയ/സാമുദായിക സംഘാടനാരൂപങ്ങള്‍ക്കെതിരേയുള്ള നിലപാടായി വ്യാഖ്യാനിക്കുന്നതാണ് നാം കണ്ടത്. പ്രേംനസീര്‍ എന്തു ചെയ്തുവെന്നതല്ല പ്രശ്‌നം. കാരണം, അദ്ദേഹവും സമുദായവും തമ്മിലുള്ള ബന്ധത്തിന്റെ അളവും തോതും അദ്ദേഹത്തിന് നിശ്ചയിക്കാം. എന്നാല്‍, പൊതുമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ കലാകാരന്‍ എന്ന ഐഡന്റിറ്റി ആഖ്യാനം ചെയ്യപ്പെടുന്ന രീതിയിലാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിച്ചത്.

നല്ല പ്രേംനസീര്‍/ചീത്ത മമ്മൂട്ടി

മുസ്‌ലിം പശ്ചാത്തലമുള്ള ഒരു വ്യക്തി ഒരു 'നല്ല പ്രവൃത്തി' (സഹിഷ്ണുത, അപരസ്‌നേഹം ഒക്കെ പ്രധാനമാവുന്ന) ചെയ്താല്‍ അത് ആ വ്യക്തിയുടെ പ്രവൃത്തിയായി മാത്രം വിലയിരുത്താതെ മറ്റൊരു വ്യഖ്യാനം കൂടി നിര്‍മിക്കുന്നു. അതവര്‍ സ്വന്തം സമുദായത്തില്‍ നിന്നു വ്യത്യസ്തമായി ചെയ്യുന്ന പ്രവൃത്തിയാണെന്നു ബോധപൂര്‍വം സ്ഥാപിക്കുന്നതാണ് ഇസ്‌ലാമോഫോബിയയുടെ മാതൃക. പ്രേംനസീറിന്റെ കാര്യത്തില്‍ സംഭവിച്ചതതാണ്.

ഇതിന്റെ മറുവശമാണ് കഴിഞ്ഞ മാസം മമ്മൂട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത്. ഒരു ചീത്ത മുസ്‌ലിം എന്ന നിര്‍മിതി എങ്ങിനെ ഉണ്ടാകുന്നു? മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നതും വിവിധങ്ങളായ സാമൂഹിക വിനിമയങ്ങളില്‍ ഏര്‍പ്പെടുന്നതും വ്യക്തിപരമായ ഒരു പ്രവര്‍ത്തനം കൂടിയാണ്. ഈ സാഹചര്യത്തില്‍, പൊതുവ്യക്തി എന്ന നിലയില്‍ വിമര്‍ശനങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണ്.

എന്നാല്‍, മുസ്‌ലിം പശ്ചാത്തലമുള്ള ഒരു വ്യക്തി ഒരു പ്രവര്‍ത്തനം നടത്തിയാല്‍ അത് ആ വ്യക്തിയുടെ പ്രവൃത്തിയായി മാത്രം വിലയിരുത്താതെ മറ്റൊരു വ്യാഖ്യാനം കൂടി നിര്‍മിച്ചാണ് ഇസ്‌ലാമോഫോബിയയുടെ ഘടന സജീവമാകുന്നത്. ചീത്ത മുസ്‌ലിം എന്ന നിര്‍മിതി നടക്കുമ്പോള്‍ വ്യക്തിയുടെ പ്രവര്‍ത്തനം സ്വന്തം സമുദായത്തിന്റെ പ്രവര്‍ത്തനം കൂടിയാണെന്നു ബോധപൂര്‍വം സ്ഥാപിക്കുന്നതാണ് ഇസ്‌ലാമോഫോബിയയുടെ മാതൃക. മമ്മൂട്ടിയുടെ പുഴു എന്ന സിനിമയിലെ കലാപരമായ പങ്കാളിത്തം ഒരു വ്യക്തിയുടെ ഇടപെടലായി വിമര്‍ശിക്കാനോ വിയോജിക്കാനോ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതു വ്യക്തിയുടെ പ്രവര്‍ത്തനം മാത്രമാക്കി ചുരുക്കാതെ, വ്യക്തി രഹസ്യമായി നടത്തുന്ന, സ്വന്തം സമുദായത്തിന്റെ പ്രവര്‍ത്തനം കൂടിയാണെന്നു ബോധപൂര്‍വം സ്ഥാപിക്കുന്നതാണ് ഇസ്‌ലാമോഫോബിയ. സമുദായത്തോടൊപ്പം നില്‍ക്കുന്ന മുസ്‌ലിം വ്യക്തിയാണ് ചീത്ത മുസ്‌ലിം. ആ മാതൃകയിലേക്ക് മമ്മൂട്ടിയെ പ്രതിഷ്ഠിക്കുന്ന ഒരു ആഖ്യാനമാതൃക കഴിഞ്ഞ ദിവസങ്ങളില്‍ വികസിച്ചിരുന്നു.

സിനിമയും സമുദായവും

പ്രേംനസീറിന്റെ കാലത്ത് നാരായണന്‍ പെരിയയുടെ ലേഖനത്തില്‍ കണ്ടതുപോലെ ഇസ്‌ലാമും സിനിമയും ഒത്തുപോകില്ലെന്ന ധാരണക്കുള്ളില്‍ നിന്നാണ് ഏറെ വിമര്‍ശനങ്ങള്‍ രൂപപ്പെട്ടത്. വിമര്‍ശനങ്ങളുടെ മുഖ്യചേരുവയും അതായിരുന്നു. മുഹ്‌സിന്‍ പരാരിയുടെ 'കെ.എല്‍ 10 പത്ത്' (2015) എന്ന സിനിമ പുറത്തുവന്നതോടെയാണ് മുസ്‌ലിംകള്‍ സിനിമാമേഖലയിലേക്ക് കടന്നുകയറുന്നുവെന്ന 'ആരോപണങ്ങള്‍' പുതിയ ഭാവത്തില്‍ കേരളത്തില്‍ തുടങ്ങുന്നത്. മുഹ്‌സിന്‍ പരാരി, സകരിയ്യ, ഹര്‍ഷദ് തുടങ്ങിയവരുടെ മുന്‍കയ്യില്‍, ' സുഡാനി ഫ്രം നൈജീരിയ', 'ഹലാല്‍ ലൗസ്റ്റോറി', 'പുഴു' തുടങ്ങിയ സിനിമകള്‍ വന്നതോടെ ഈ ആരോപണം വ്യാപകമായി. പക്ഷേ, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം സാന്നിധ്യം ആദ്യമായിരുന്നില്ല. രാഷ്ട്രപതിമാരില്‍നിന്ന് ദേശീയ പുരസ്‌കാരം ലഭിച്ച സിനിമകളില്‍ നാലെണ്ണം നിര്‍മിച്ചത് മുസ്‌ലിമായ പരീക്കുട്ടിയായിരുന്നു. നീലക്കുയില്‍, മുടിയനായ പുത്രന്‍, തച്ചോളി ഒതേനന്‍, കുഞ്ഞാലി മരയ്ക്കാര്‍ എന്നീ സിനിമകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. പിന്നെയുമുണ്ട് നിരവധി ഉദാഹരണങ്ങള്‍. പ്രേംനസീറിനെപ്പോലെ മികച്ചൊരു നായകനടനും മുസ്‌ലിംകളില്‍നിന്നുണ്ടായി.


പക്ഷേ, മുസ്‌ലിംകള്‍ സിനിമയിലൂടെ കേവല കലാകാരന്മാര്‍ എന്ന നിലയില്‍നിന്നു മാറി അവരുടെ സ്വതന്ത്രസാമുദായികസ്വത്വത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ചലച്ചിത്രങ്ങളിലെ മുസ്‌ലിം സാന്നിധ്യം കൂടുതല്‍ പ്രശ്‌നമാവാന്‍ തുടങ്ങിയത്. മുഹ്‌സിന്‍ പരാരിയുടെ 'കെ.എല്‍ 10 പത്ത്' ആഗോള തലത്തില്‍ തന്നെ പ്രധാനമായ ഇസ്‌ലാമിക് സിനിമ എന്ന കാറ്റഗറിയുമായുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍, മുസ്‌ലിംകള്‍ എന്തു ചെയ്യുന്നുവെന്ന പരിശോധനയിലൂടെയല്ല ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ പില്‍ക്കാലത്ത് കൊച്ചി കേന്ദ്രീകരിച്ച് ജനിച്ചുവളല്‍ന്ന മുസ്‌ലിംകളായ മലയാള സിനിമാപ്രവര്‍ത്തകരില്‍ പലരും വിശ്വാസികളല്ലാതിരുന്നിട്ടും മുസ്‌ലിംകളായതുകൊണ്ടുമാത്രം ആക്ഷേപിക്കപ്പെട്ടു. 'സൈബല്‍ വിങ്ങില്‍ സുഡൂസ് സ്‌ട്രോങ് ആണ് അതുകൊണ്ട് മലയാള സിനിമ സുഡാപ്പികളുടെ കയ്യടിക്കുവേണ്ടിയുള്ളതായി മാറിക്കഴിഞ്ഞു'വെന്നാണ് ഒമര്‍ ലുലു എന്ന സംവിധായകന്‍ ഫേസ്ബുക്കില്‍ (2022 ജൂണ്‍ 5) കുറിച്ചത്. പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.

ഹിന്ദുക്കള്‍ക്കെതിരേ 'സുഡാപ്പിക്ക'

പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷെര്‍ഷാദ് മറുനാടന്‍ മലയാളിയെന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ഒരു അഭിമുഖം നല്‍കി. തന്റെ കുടുംബജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയ ഷെര്‍ഷാദ് തുടര്‍ന്ന് പുഴു സിനിമയുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളും ഉന്നയിച്ചു. പുഴു സവര്‍ണ സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണെന്നും മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പുഴുവിന്റെ കഥ തയ്യാറാക്കിയതെന്നുമായിരുന്നു ആരോപണം: ''മറ്റൊരു സിനിമയാണ് ചെയ്യാനിരുന്നിരുന്നത്, ഒരു ബിഗ് ബജറ്റ് ഫിലിം. കോവിഡ് കാലമായതിനാലും വാക്‌സിന്‍പോലും വിപണിയിലെത്തിയിട്ടില്ലാത്തതിനാലും മമ്മൂട്ടി ഒരു നിര്‍ദേശംവച്ചു. മറ്റൊരു സിനിമ ചെയ്യാം. അദ്ദേഹം 'ഉണ്ട' സിനിമയുടെ സംവിധായകന്‍ ഹര്‍ഷദിനെ സമീപിച്ചു. ഹര്‍ഷദ് പുഴുവിന്റെ കഥ പറഞ്ഞു. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. കൂടെ സുഹാസും ഷറഫുവും ചേര്‍ന്നു. അതാണ് പുഴുവിന്റെ തിരക്കഥയായത്. 'അപ്പര്‍ കമ്യൂണിറ്റി'യെ (സവര്‍ണരെ) മോശമായി ചിത്രീകരിക്കുന്നതാണ് ഈ സിനിമ. ഹര്‍ഷദ് തീവ്ര ഇസ്‌ലാമിസ്റ്റാണ്. കൂടെ എഴുതാന്‍ ഒരു കമ്യൂണിസ്റ്റുകാരനും. താമസിയാതെ പാര്‍വതി കയറിവന്നു. പാര്‍വതിക്കും സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. അവരും അതേ ലൈനാണല്ലോ. ഇത്തരമൊരു സിനിമ മമ്മൂട്ടി അറിയാതെ സ്വീകരിച്ചതാണോ അല്ലയോ എന്നൊന്നും വ്യക്തമല്ല.'' (മറുനാടന്‍ മലയാളി, ഷര്‍ഷദുമായി ഷാജന്‍ സ്‌കറിയ നടത്തിയ അഭിമുഖം, ഭാഗം 2, മെയ് 9, 2024)


താമസിയാതെ ഒരു സമുദായത്തെ മോശമായി ചിത്രീകരിച്ച മമ്മൂട്ടിയെക്കുറിച്ചുള്ള വാര്‍ത്തകല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായെന്നായിരുന്നു മാധ്യമങ്ങല്‍ പറയാന്‍ ശ്രമിച്ചത്. ഒപ്പം, ഉണ്ട സിനിമയുടെ തിരക്കഥാകൃത്തായ ഹര്‍ഷദിലേക്ക് ആക്രമണം നീണ്ടു: ബ്രേവ് ഇന്ത്യ ഓണ്‍ലൈന്‍ ചാനല്‍ അപ് ചെയ്ത വാര്‍ത്തയുടെ ശീര്‍ഷകം തന്നെ 'മലയാള സിനിമയുടെ സുഡാപ്പിക്ക ആരാണ്?' എന്നതായിരുന്നു: ''ശബരിമല അയ്യപ്പനെയും ഹിന്ദുവിന്റെ ആചാരങ്ങളെയും കരിവാരിത്തേക്കാനാണ് ശ്രമം. സിനിമാമേഖലയുടെ ഹിന്ദുവിരുദ്ധതയുടെ ആഴങ്ങള്‍ ഇതോടെ വെളിപ്പെട്ടു. ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്ന പുഴു സിനിമ മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഒരുക്കിയതാണ്. കടുത്ത ഇസ്‌ലാമിസ്റ്റായ ഹര്‍ഷദിനെ കഥ എഴുതാന്‍ ഏല്‍പ്പിച്ചതും മമ്മുക്ക തന്നെ. പുഴു സിനിമ വളരെ മോശമായാണ് ഹിന്ദു മതത്തിലെ ഒരു സമുദായത്തെ കാണിച്ചിരിക്കുന്നത് (ബ്രേവ് ഇന്ത്യ ന്യൂസ്, മലയാള സിനിമയുടെ സുഡാപ്പിക്ക, മെയ് 13, 2024).


മെഗാസ്റ്റാറിന്റെ ഉള്ളിലും സുഡാപ്പിസമുണ്ടായിരുന്നോയെന്നാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കര്‍മ ന്യൂസ് മേയ് 14ാം തിയ്യതി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു (മമ്മൂട്ടിക്ക എയറില്‍! തീവ്ര സുഡാപ്പികള്‍ക്ക് കൈ കൊടുത്തപ്പോല്‍ മെഗാസ്റ്റാറിന് കൈ പൊള്ളി): ''തിരക്കഥാകൃത്ത് കൊടും സുഡാപ്പിയാണ്. പി.കെ ഹര്‍ഷദെന്നാണ് പേര്. ഉണ്ട എന്ന സിനിമയും പുഴുവും പ്രൊപ്പഗണ്ട സിനിമയാണ്. അത് ചില ഉദ്ദേശ്യങ്ങളോടെ ചിലരെ ഇകഴ്ത്താന്‍ വേണ്ടി എടുത്ത സിനിമയാണ്.'' തുടര്‍ന്ന് പറയുന്നതു ശ്രദ്ധിക്കുക: ' ഇത്തരം സുഡാപ്പികള്‍ക്ക് എന്തിനാണ് മമ്മൂട്ടി ഡേറ്റ് കൊടുക്കുന്നത്. ബോധപൂര്‍വമാണോ? കെവിന്റെ കൊലപാതകമായിരുന്നു കഥയായി തിരഞ്ഞെടുത്തത്. എന്നാല്‍, സിനിമയില്‍ മറ്റൊരു സമുദായത്തെയാണ് ചിത്രീകരിച്ചത്. ബോധപൂര്‍വം മാറ്റം വരുത്തി. മുന്‍കാല സിനിമകളിലും ഇതുണ്ടായിട്ടുണ്ട്. പഴയ സിമി പ്രവര്‍ത്തകനായ ഒരാല്‍ക്ക് ഡേറ്റ് നല്‍കിയപ്പോള്‍ ശ്രദ്ധിക്കണമായിരുന്നു. സിനിമയില്‍ ഒരു പുതുമയില്ല. തിയ്യറ്ററിലും വിജയിച്ചില്ല. അതുകൊണ്ടാണ് അന്ന് വിവാദമാകാതിരുന്നത്. ഹര്‍ഷദിന് മതഭ്രാന്താണ്. ഇത്തരം അഭ്യാസങ്ങള്‍ മലയാളത്തില്‍ നടക്കില്ല. മുന്‍കാല സിനിമകള്‍ ഇഴപിരിച്ചെടുത്ത് പരിശോധിക്കും, പൊളിച്ചടുക്കും.''


മമ്മൂട്ടിക്കെതിരേ ഇതിനിടയില്‍ സ്വയം യുക്തിവാദിയെന്നു വിശേഷിപ്പിക്കുന്ന ഒരാളും രംഗത്തുവന്നു- ചാണക്യ ഓണ്‍ലൈനിലൂടെ ജാമിത ടീച്ചര്‍: ''ജിഹാദികളാണ് തനിക്ക് വലുത് എന്ന് മമ്മൂട്ടി തെളിയിച്ചു. ജിഹാദികള്‍ സിനിമ കയ്യടക്കിയിരിക്കുകയാണ്. മലയാള സിനിമയില്‍ ജിഹാദി സ്വാധീനം. അതില്‍നിന്ന് സിനിമയെ മോചിപ്പിക്കേണ്ടവര്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിച്ചു നില്‍ക്കുന്നു. മുസ്‌ലിംകള്‍ ഏകോപിച്ചുനില്‍ക്കുമ്പോള്‍ മറുവിഭാഗം ഭിന്നിച്ചുനില്‍ക്കുന്നു. മലയാള സിനിമ ജിഹാദികള്‍ വിഴുങ്ങിക്കഴിഞ്ഞു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് സ്വാധീനത്തിലാണ് ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധ സിനിമകള്‍ പിറന്നിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ കമ്യൂണിസ്റ്റുകളുടെ സഹായത്തോടെ ജിഹാദികളാണ് അതു ചെയ്യുന്നത്. പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടു. അതിലെ അംഗങ്ങള്‍ ഇന്ന് ചെങ്കൊടിക്ക് പിന്നിലുണ്ട്. അവര്‍ ഹിന്ദു ക്രിസ്ത്യന്‍ വിരുദ്ധത ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഹിന്ദുഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഇസ്‌ലാം അന്യമതവിരോധമുള്ളവരാണ്. ഏത് ഇസ്ലാമിക രാജ്യം നോക്കിയാലും അത് മനസ്സിലാവും.


ഇവര്‍ അവരുടെ മതവും വര്‍ഗീയതയും വളര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി മലയാള സിനിമയെ ഉപയോഗപ്പെടുത്തുകയാണ്. സിനിമ അതുവഴിയാണ് ജിഹാദികളുടെ പിടിയിലായത്. അതില്‍നിന്ന് സിനിമയെ മോചിപ്പിക്കേണ്ട ആളുകള്‍ മുസ്ലീം പ്രീണനം നടത്തുന്നു. ഉണ്ട പറഞ്ഞുവെക്കുന്നത് നക്‌സലുകള്‍ പാവങ്ങളാണെന്നാണ്. ആ സിനിമ വെറുതേയുണ്ടായതല്ല. നക്‌സലൈറ്റുകളെയും ജിഹാദികളെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ആലോചിക്കണം. മമ്മൂട്ടിയെപ്പോലുള്ളവര്‍ ഹര്‍ഷദിന് ഡേറ്റ് നല്‍കുന്നു. അത് പരിശോധിക്കണം. ഹര്‍ഷദിന്റെ ലക്ഷ്യം നാം അന്വേഷിക്കണം. അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. പഴയ ജിഹാദിയാണ്, കെ.ടി ജലീലിനെപ്പോലെ. സിനിമാ മേഖലയിലേക്ക് ഇവര്‍ വന്നത് ആശയപ്രചാരണത്തിനാണ്. അന്യമതവിരോധം കുത്തിവെക്കാന്‍ ശ്രമിക്കുകയാണ്. സവര്‍ണ-അവര്‍ണ ജാതിക്കഥയാണ് പുഴു പറയുന്നത്. (ചൊറിയാതെ വയ്യ, വി.കെ ബൈജു, ജാമിത ടീച്ചര്‍, തെളിവ് വീഡിയോ പുറത്ത്, മഹാനടനിലെ പുഴുക്കുത്ത്, മമ്മൂട്ടി വെറും മമ്മദ് തന്നെ, പച്ചയ്ക്ക് പൊളിച്ചടുക്കുന്നു, ചാണക്യന്യൂസ്, മെയ് 14, 2024).

മട്ടാഞ്ചേരി മാഫിയ: ഇതിനിടയില്‍ മലയാള സിനിമയെ അടച്ചുവാഴുന്ന മട്ടാഞ്ചേരി മാഫിയ എന്ന ഒരു വിഭാഗമുണ്ടെന്ന് പല തരത്തിലും രീതിയിലും മാധ്യമങ്ങള്‍ പറഞ്ഞുതുടങ്ങി. സവര്‍ണരെ അധിക്ഷേപിക്കുന്ന സിനിമ വേണമെന്നത് മമ്മൂട്ടിയുടെ നിര്‍ദേശവും ആവശ്യവുമായിരുന്നുവെന്നും നടന്‍ മമ്മൂട്ടിയും മട്ടാഞ്ചേരി മാഫിയയുടെ ആളാണെന്നും കര്‍മ ന്യൂസ് വാര്‍ത്ത നല്‍കി. (മമ്മൂട്ടിയും മട്ടാഞ്ചേരി മാഫിയയും, തുറന്ന് പറഞ്ഞ് മുഹമ്മദ് ഷര്‍ഷാദ്, കര്‍മ ന്യൂസ്, മെയ് 13, 2024). പുഴു ഒരു ഹിന്ദു വിരുദ്ധ സിനിമയാണെന്നു മാത്രമല്ല മമ്മൂട്ടി, അതില്‍ അഭിനയിക്കുകയും അത്തരമൊരു സിനിമ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുകയും ബിനാമി പേരില്‍ പണം നല്‍കുകയും ചെയ്‌തെന്ന് ചാനല്‍ വാദിച്ചു. മട്ടാഞ്ചേരി മാഫിയയുടെ വക്താവാണ് അദ്ദേഹമെന്നതിന്റെ തെളിവും അതായിരുന്നു. അവരുടെ അഭിപ്രായത്തില്‍ ഹൈന്ദവവിരുദ്ധത കാണിക്കാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ സിനിമ മാത്രമാണ് പുഴു.

അതേ ദിവസം ബ്രേവ് ഇന്ത്യ ന്യൂസ്, മട്ടാഞ്ചേരി മാഫിയയുടെ തലവനായി മമ്മൂട്ടിയെ വിശേഷിപ്പിച്ചു. കൂട്ടത്തില്‍ മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ചില നിരീക്ഷണങ്ങളും നടത്തി. മലയാള സിനിമയിലെ ഇസ്ലാമിസ്റ്റ് അച്ചുതണ്ടിനെ നയിക്കുന്നത് മമ്മൂട്ടിയാണ്. പോപുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അജണ്ടകളാണ് മട്ടാഞ്ചേരി മാഫിയ നടപ്പാക്കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടത്-ഇസ്‌ലാമിസ്റ്റ് കൂട്ടുകെട്ടിന്റെ ഭാഗമാണ് ഇത്. അതിന്റെ ഉദാഹരണമാണ് പുഴു സിനിമ. മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയെ കുറിച്ചുള്ള നിഗൂഢമായ വിവരങ്ങളാണ് ഷര്‍ഷാദ് വെളിപ്പെടുത്തിയതെന്നും ചാനല്‍ അഭിപ്രായപ്പെട്ടു (ബ്രേവ് ഇന്ത്യ ന്യൂസ്, മലയാള സിനിമയുടെ സുഡാപ്പിക്ക, മെയ് 13, 2024).

ഹിന്ദുവിരുദ്ധ സിനിമകളുടെ പട്ടിക: വിവാദം കത്തിപ്പടരുന്നതിനിടയില്‍ മലയാള സിനിമയില്‍ ജിഹാദി സ്വാധീനത്തിന്റെ തെളിവെന്ന ആരോപണത്തോടെ ഒരു പട്ടിക ചില മാധ്യമങ്ങള്‍ തയ്യാറാക്കി. കര്‍മ ന്യൂസും ലൊകാം മലയാളം എന്ന ഓണ്‍ലൈന്‍ ചാനലുമാണ് ഇക്കാര്യത്തില്‍ മുന്നില്‍നിന്നത്. കര്‍മ ന്യൂസിന്റെ 'വാദം പ്രതിവാദം' (മെയ് 15, 2024) ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. പ്രമാണി, പുഴു, തോപ്പില്‍ ജോപ്പന്‍, ആഗതന്‍, മായാനദി, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് കര്‍മാ ന്യൂസിന്റെ പട്ടികയിലുണ്ടായിരുന്നത്: ''ബി. ഉണ്ണികൃഷ്ണന്റെ പ്രമാണിയില്‍ മമ്മൂട്ടി പണിക്കര്‍ കഥാപാത്രമാണ്, അഴിമതിക്കാരനാണ് പിന്നീട് നല്ലവനായി. ആ സിനിമയില്‍ ലൗ ജിഹാദ് നടത്തിയെന്ന പേരില്‍ ഒരു ചെറുപ്പക്കാരനെ കുടുംബക്കാരും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് കെട്ടിയിടുന്നുണ്ട്. അവര്‍ക്കെതിരേ മമ്മൂട്ടിയുടെ കഥാപാത്രം ആക്രോശിക്കുന്നു. ലൗ ജിഹാദ് ഇവിടെയില്ലെന്ന് കോടതി പറഞ്ഞിട്ടില്ലേയെന്നാണ് ചോദിക്കുന്നത്. ഇത് മനഃപൂര്‍വം ഏച്ചുചേര്‍ത്ത ഭാഗമാണ്. ലൗ ജിഹാദ് ഉണ്ടെന്ന് സൗദി അറേബ്യന്‍ ടി.വിയായ അല്‍ അറേബ്യ പോലും പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദില്ലെന്ന് ആരു പറഞ്ഞാലും സമ്മതിക്കാനാവില്ല. തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയ്ക്കുള്ളില്‍ നന്മ ചെയ്യാന്‍ വരുന്ന ആംബുലന്‍സ് എസ്.ഡി.പി.ഐയുടേതാണ്. പോപുലര്‍ ഫ്രണ്ടിന്റെ ആംബുലന്‍സ്. വൈഡ് ആംഗിളില്‍ കാണിക്കേണ്ടതിനു പകരം എഴുതിയത് വ്യക്തമായി കാണിച്ചിരിക്കുന്നു. കാമറയുടെ ലെന്‍സ് പോലും ശ്രദ്ധിക്കുന്ന മമ്മൂട്ടി അതറിഞ്ഞില്ല. ഉണ്ണി മുകന്ദന്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് കാണിച്ചപ്പോഴാണ് പ്രശ്‌നം.


പുഴു സിനിമ കെവിന്റെ കഥയാണ്. കെവിന്റെ അച്ഛന്‍ ക്രിസ്ത്യാനിയും ഉമ്മ മുസ്‌ലിമുമാണ്. ദലിതനായ കെവിനെ കൊന്നത് ഉമ്മയുടെ കുടുംബക്കാരാണ്. സിനിമയില്‍ അത് സവര്‍ണനായി. സംവിധായികയെ സ്വാധീനിച്ച് കഥ മാറ്റിച്ചത് മമ്മൂട്ടിയാണ്. ഉണ്ട സിനിമയുടെ കഥ ഇ.വി.എം ടാമ്പറിങ്ങിനെക്കുറിച്ചാണ് എന്ന് സംവിധായകന്‍ ഒരു സദസ്സില്‍ പറയുമ്പോള്‍ അത് കേട്ട് സദസ്സിലിരിക്കുന്ന സിനിമക്കാര്‍ ആരും മിണ്ടുന്നില്ല. ഈ കഥ നടക്കുമ്പോള്‍ ഇന്ത്യ ഭരിക്കുന്നത് മന്‍മോഹന്‍ സിങ്ങാണ്. യു.പി ഭരിക്കുന്നത് അഖിലേഷ് യാദവും. പിന്നെയെങ്ങനെയാണ് മോദിയെ പറയുന്നത്? ഇയാളുടെ ഉള്ളില്‍ വര്‍ഗീയവിഷമുണ്ട്. ഇത്രയൊക്കെയായിട്ടും മമ്മൂട്ടി ഈ സംവിധായകന് ഡേറ്റ് കൊടുത്തു. അതാണ് സംശയമുണ്ടാക്കിയത്. ആരോപണം ഉന്നയിച്ചിട്ടുള്ളത് സി.പി.എമ്മുകാരനായ വ്യവസായിയാണെന്നും മമ്മൂട്ടിക്ക് പിന്തുണയായി വന്നത് സി.പി.എമ്മിലെ മുസ്‌ലിംകളാണെന്നും കൂടി അവതാരകന്‍ കൂട്ടിച്ചേര്‍ത്തു.

കമലിന്റെ ആഗതന്‍ എന്ന സിനിമ കശ്മീരിലെ ഒരു ഇന്ത്യന്‍ മിലിറ്ററി ഓഫിസര്‍ നടത്തിയ ബലാത്സംഗവും അതിനെതിരേ നായകന്റെ പ്രതികാരവുമാണ്. ആദ്യം ഈ സിനിമയില്‍ നായകനാക്കിയത് പ്രിഥ്വിരാജിനെയാണ്. സൈനിക സ്‌കൂളില്‍ പഠിച്ചയാളായതുകൊണ്ടാവാം അദ്ദേഹം ഡേറ്റ് കൊടുത്തില്ല. പകരം ദിലീപ് നായകനായി. കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്യുന്നതായി നാമിതുവരെ കേട്ടിട്ടില്ല. മനഃപൂര്‍വം ഇകഴ്ത്താനാണ് ഈ സിനിമ എടുത്തത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സംവിധായകന്‍ കമല്‍ ഈയടുത്ത് നരാധമന്‍ എന്നു വിളിച്ചു. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ നരാധമന്‍ എന്ന് വിളിച്ചത് കമലിന്റെ ഉള്ളിലെ സുഡാപ്പിസം കൊണ്ടാണ്, വര്‍ഗീയതകൊണ്ടാണ്. ആ സിനിമ നിഷ്‌കളങ്കമല്ല. കമലിന്റെ പെരുമഴക്കാലവും സുഡാപ്പി സിനിമയാണ്.


മായാനദിയും പ്രൊപ്പഗണ്ട സിനിമയാണ്. നായകന്റെ തൊഴില്‍ സ്വര്‍ണക്കടത്താണ്. അയാളെ വെളുപ്പിച്ചെടുക്കാനാണ് ശ്രമിച്ചത്. മലയാളസിനിമ മാഫിയാപ്പണക്കാരുടെയും കള്ളപ്പണക്കാരുടെയും പിടിയിലാണെന്ന് പലരും പറയുന്നുണ്ട്. ഖത്തര്‍ ഇന്ന് കള്ളപ്പണത്തിന്റെ കേന്ദ്രമാണ്. തീവ്രവാദവും ഭീകരവാദവും അവിടം കേന്ദ്രീകരിച്ചാണ്. ഹമാസിന്റെ കേന്ദ്രവും അതാണല്ലോ. മായാനദിയൊക്കെ ഇത്തരക്കാരെ വെളിപ്പിക്കുകയാണ്. കഞ്ചാവ് വലിയെ സാധാരണമാക്കാനാണ് ഇടുക്കി ഗോള്‍ഡ് എടുത്തത്. മായാനദിയും ഇടുക്കി ഗോള്‍ഡും എടുത്തത് ആഷിക് അബുവാണ്. അവരൊക്കെ ഇടത് ലിബറല്‍ എന്ന് പറഞ്ഞ് മലയാള സിനിമയില്‍ നിന്നവരാണ്. ഇപ്പോള്‍ ഇടതുകാരൊക്കെ ഇസ്‌ലാമിസ്റ്റുകളായി. ഇത് പറയുന്നത് നമ്മളല്ല, സി. രവിചന്ദ്രനാണ്. ഒരു പ്രത്യേക മതത്തെ മാത്രം വെളുപ്പിക്കുകയും മറ്റുള്ളവരെ കരിവാരിത്തേക്കുകയും ചെയ്യുന്ന ശൈലി രൂപംകൊണ്ടിരിക്കുന്നു. അതൊരു വലിയ അജണ്ടയാണ്. മമ്മൂട്ടിയാണ് അതിനൊക്കെ മറുപടി പറയേണ്ടത്. പ്രത്യേകിച്ച്, പ്രഫ. കോയയെ പ്രകീര്‍ത്തിച്ചുകൊണ്ട് പോസ്റ്റുകളിടുന്ന ഹര്‍ഷദിന് ഡേറ്റ് കൊടുത്തതിന്റെ ഉദ്ദേശ്യമെന്താണെന്നും പറയണം. മതേതരനായി നിന്ന് മമ്മൂട്ടിക്ക് ഇത്തരക്കാര്‍ക്ക് കൈകൊടുക്കേണ്ട കാര്യമില്ല.


ലൊകാം മലയാളം എന്ന ചാനല്‍ ഈ സിനിമയ്ക്കു പുറമേ മറ്റൊരു സിനിമയും തങ്ങളുടെ പട്ടികയില്‍ ചേര്ത്തു: ''ഭീഷ്മപര്‍വത്തില്‍ വില്ലന്മാര്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആണ്. നായകന്‍ ക്രിസ്ത്യാനിയാണെങ്കിലും കുടുംബക്കാരൊക്കെ വില്ലന്മാരാണ്. ലോഹയിട്ടയാള്‍ പോലും വില്ലന്‍. അതേസമയം, ബിസിനസ് ലാഭത്തിലാക്കി നടക്കുന്ന മുസ്‌ലിം നായകനുമുണ്ട്. ഈ സിനിമയിലെ പ്രധാന വില്ലന്മാരായത് കെ.പി.എ.സി ലളിതയും നെടുമുടി വേണുവുമാണ്. കറുപ്പുടുത്ത് ഇല്ലങ്ങളിലും മനകളിലും ജീവിക്കുന്നവര്‍. പൂജ ചെയ്യുന്നവര്‍. ഹിന്ദുക്കളായ ഇവരാണ് ഈ സിനിമയിലെ പ്രധാന വില്ലന്മാര്‍. ശബരിമലയ്ക്കു പോകുന്നവരാണ് കറുപ്പുടുക്കുന്നത്. അവര്‍ തിന്മ ചെയ്യാന്‍ പാടില്ല. ഈ സിനിമയിലെ കറുപ്പുടുത്ത നെടുമുടി വേണുവിനെക്കൊണ്ട് തിന്മ ചെയ്യിക്കുന്നു. മലയാളത്തിലെ പ്രൊപ്പഗണ്ട സിനിമ മൂന്നിലോ മുപ്പതിലോ മുന്നൂറിലോ നില്‍ക്കില്ല. മമ്മൂട്ടി, കമ്യൂണിസത്തിന്റെ തണലില്‍ ഇസ്‌ലാമിസം പറയുകയാണ്. തീവ്ര ഹിന്ദുവിരുദ്ധതയും ക്രൈസ്തവ വിരുദ്ധതയും പറയുന്നു. ഇതൊക്കെ നാട്ടുകാര്‍ക്ക് മനസ്സിലാകുന്നുണ്ട്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, സെക്‌സി ദുര്‍ഗ, ജനഗണമന തുടങ്ങിയ സിനിമകള്‍കൂടി കൂടുതലായി ഉള്‍പ്പെടുത്തി വേറൊരു ചാനലില്‍ മറ്റൊരു വാര്‍ത്തകൂടി പ്രത്യക്ഷപ്പെട്ടു ('മമ്മൂട്ടി അല്ല മുഹമ്മദ് കുട്ടി എന്ന മതതീവ്രവാദി, മമ്മൂട്ടി മാഫിയ തലവനോ?', മലയാളം എക്‌സ്പ്രസ് ടി.വി, മെയ് 15, 2024). ഈ സിനിമകള്‍ ഹിന്ദു സമാജത്തെ അവഹേളിക്കുന്നതാണെന്നും മമ്മൂട്ടി മട്ടാഞ്ചേരി മാഫിയയുടെ ആളാണെന്നും എന്‍.ഐ.എ പൊക്കുമെന്നും പ്രവചിച്ചു.

മതേതര പ്രതിരോധം

മമ്മൂട്ടിക്കെതിരേ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഉയര്‍ന്നത്. ഒന്ന്, അദ്ദേഹം സവര്‍ണരെ പ്രത്യേകിച്ച് ബ്രാഹ്മണരെ വിമര്‍ശിക്കുന്ന സിനിമയെടുത്തു. അത് ഹിന്ദുക്കള്‍ക്കെതിരേയുള്ള സിനിമയാണ്. രണ്ട്, ഹര്‍ഷദ് എന്ന 'ഇസ്‌ലാമിസ്റ്റിന്' മമ്മൂട്ടി ഡേറ്റ് കൊടുത്തു. അദ്ദേഹമാണ് പുഴു എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. സിനിമ നിര്‍മിച്ചതുപോലും മമ്മൂട്ടിയുടെ ബിനാമിയാണ്. മമ്മൂട്ടി സുഡാപ്പിസം മറച്ചുവച്ചിരിക്കുകയാണ്. എന്നാല്‍, പുഴുവിലൂടെ അത് പുറത്തുവന്നു. മൂന്ന്, മലയാള സിനിമയില്‍ മട്ടാഞ്ചേരി മാഫിയ എന്ന ഒരു വിഭാഗമുണ്ട്. അവര്‍ ഇടത് -ഇസ്‌ലാമിക കൂട്ടുകെട്ടാണ്. മമ്മൂട്ടിയാണ് അതിനു നേതൃത്വം നല്‍കുന്നത്.

ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച മതേതരര്‍ മമ്മൂട്ടിക്കെതിരേയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളെ തള്ളിയെങ്കിലും അവര്‍ ഉന്നയിച്ച മറ്റു പല ആരോപണങ്ങളും കണ്ടില്ല. ജാതിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നത് രാഷ്ട്രീയമായി ശരിയാണെന്നും അതിന്റെ പേരില്‍ മമ്മൂട്ടിയെ ഹിന്ദുവിരുദ്ധനെന്ന് വിളിക്കുന്നത് തെറ്റാണെന്നുമാണ് പ്രധാനമായും പറയാന്‍ ശ്രമിച്ചത്. സിനിമാ നിരൂപകനായ ജി.പി രാമചന്ദ്രന്റേത് അങ്ങനെയൊരു വിശദീകരണമായിരുന്നു. അദ്ദേഹം ഡയലോഗ്പീഡിയ എന്ന ഓണ്‍ലൈന്‍ യുട്യൂബ് ചാനലിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്: ''ചില ജാതിക്കെതിരായി മമ്മൂട്ടി പ്രവര്‍ത്തിക്കുന്നു എന്ന പ്രചാരണം നടക്കുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. ബ്രാഹ്മണ്യത്തെയും സവര്‍ണതയെയും ഉദ്‌ഘോഷിക്കുന്ന ധ്രുവം, അയ്യര്‍ ദ ഗ്രേറ്റ്, സി.ബി.ഐ ഡയറിക്കുറിപ്പ് പോലുള്ള സിനിമകള്‍ ചെയ്തിട്ടുണ്ട്. അംബേദ്കറിലും പൊന്തന്‍മാടയിലും ദലിത് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പലേരി മാണിക്യത്തില്‍ മുസ്‌ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ കഥയാണ്. അതിലും കഥാപാത്രമായി. ഇത്തരം കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടോ കഥാപാത്രത്തോടോ കൂട്ടിയോജിപ്പിക്കേണ്ടതില്ല. സൂര്യകൃഷ്ണമൂര്‍ത്തി എഴുതി മാധവ് രാമദാസ് സംവിധാനം ചെയ്ത മേല്‍വിലാസത്തില്‍ ഫാഷിസത്തിനെതിരായ നിലപാടാണ് സുരേഷ് ഗോപി എടുക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ കെ.എല്‍ പത്ത് 10ല്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചു. അവരുടെ രാഷ്ട്രീയവ്യക്തിത്വം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. വസ്തുത ഇങ്ങനെയായിരിക്കെയാണ് മമ്മൂട്ടിയെ പ്രത്യേക രീതിയിലുള്ള മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മൗലികവാദത്തിന്റെയോ രൂപമായി ചിത്രകരിക്കുന്നത്. ഇത് അനവസരത്തിലുള്ളതും ദുരുപദിഷ്ടിതവുമാണ്. ഇന്ത്യയില്‍ വലതുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഐക്യത്തെ, സമാധാനജീവിതത്തെ, പുരോഗമന വാഞ്ഛയെ റദ്ദാക്കുന്നതും പിളര്‍ത്തുന്നതും മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കുന്ന രീതിയില്‍ വെറുപ്പിന്റെയും സംശയത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതീകങ്ങളാക്കി മാറ്റുന്നതുമാണ്. ഈ ആശയമാണ് നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത്. അത് തുറന്നുപറയാതെ വയ്യ. മമ്മൂട്ടിക്ക് അമ്പതു കൊല്ലത്തെ സിനിമാചരിത്രമുണ്ട്. മലയാള സിനിമയ്ക്ക് ദശകങ്ങളുടെ ചരിത്രമുണ്ട്. ലോകസിനിമയ്ക്കും ചരിത്രമുണ്ട്. ഇതിനെയൊക്കെ വിമര്‍ശിക്കാനുള്ള ജനാധിപത്യരീതികളുമുണ്ട്.'' (മമ്മൂട്ടി സാംസ്‌കാരിക കേരളത്തിന്റെ അഭിമാനം, ജി.പി രാമചന്ദ്രന്‍, ഡയലോഗ്പീഡിയ, മെയ് 17, 2024). ഹര്‍ഷദുമായി ബന്ധപ്പെടുത്തിയുള്ള ആക്രമണങ്ങളെയും 'ഹിന്ദുക്കള്‍ക്കെതിരെ' നടക്കുന്ന 'ഇടത്-ഇസ്ലാമിക കൂട്ടുകെട്ടിനെയും' മട്ടാഞ്ചേരി മാഫിയാ ആരോപണങ്ങളെയും അദ്ദേഹം തന്റെ പിന്തുണവീഡിയോയില്‍ പരാമര്‍ശിച്ചില്ല.


മമ്മൂട്ടിയോടൊപ്പം ഹര്‍ഷദ്

ചിലര്‍ മതപരമായ അസ്തിത്വത്തിന്റെ പേരില്‍ മമ്മൂട്ടിയെ ഹിന്ദുത്വ ആക്രമണത്തിന് വിട്ടുകൊടുക്കിലെന്ന് പ്രഖ്യാപിച്ച് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും എ.എം ആരിഫ് എം.പിയും ഈ രീതിയില്‍ പ്രതികരിച്ചവരില്‍ പ്രമുഖരാണ്. 'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നായിരുന്നു ശിവന്‍കുട്ടി എഫ്ബിയില്‍ കുറിച്ചത്. 'മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കു'മെന്നുമാണ് കെ. രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പലതരത്തിലും നിറത്തിലുമുള്ള വര്‍ഗീയവാദികള്‍ വിവേചനചിന്തയും വിദ്വേഷവും പടര്‍ത്തുന്നുവെന്നും ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയെ ലക്ഷ്യമിടുകയാണെന്നും സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണനും പ്രതികരിച്ചു (എഫ്.ബി മെയ് 17, 2024).

രത്തീനക്കെതിരേ ഷെര്‍ഷദിന്റെ ഭാഗത്തുനിന്നുണ്ടായ ഗാര്‍ഹിക പീഡനത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് മമ്മൂട്ടിക്കെതിരേ നടക്കുന്ന ആരോപണങ്ങള്‍ മറുപടി പോലും അര്‍്ഹിക്കുന്നില്ലെന്ന നിലപാടായിരുന്നു മറ്റു ചിലര്‍ എടുത്തത്. മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയെ പോലുള്ളവര്‍ ഇതിനോടടുത്ത നിലപാടാണ് കൈക്കൊണ്ടത്. വിദ്വേഷപ്രചാരണത്തിന്റെ മര്‍മത്തെ പ്രത്യേകിച്ച്, ഹര്‍ഷദ്-മട്ടാഞ്ചേരി മാഫിയ-സുഡാപി- ആരോപണങ്ങളെ അവര്‍ സ്പര്‍ശിക്കാതെ വിട്ടു. (എഫ്.ബി, മെയ് 18, 2024).

മറ്റൊരു മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ്ബിന്റേത് രസകരമായ വാദമായിരുന്നു. മതം പറയുന്ന മൗദൂദി, സംഘി എന്ന ബൈനറി സൃഷ്ടിച്ച് സംഘികള്‍ മമ്മൂട്ടിയെ മൗദൂദിയാക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്: ''മതജീവികളാണ് മൗദൂദികള്‍. മതം പറയുന്നതില്‍നിന്നു കടുകിട വിടാതെ ജീവിക്കണമെന്ന് വാദിക്കുന്നവര്‍. അല്ലാഹുവിന്റെ രാജ്യം വരാന്‍ പ്രയത്‌നിക്കുന്നവര്‍. ശരിഅത്ത് നിയമങ്ങളില്‍ വിശ്വസിക്കുന്നവര്‍. നടന്‍ മമ്മൂട്ടിയെ ഇങ്ങിനെയുള്ള ഒരു മൗദൂദിയാക്കാനാണ് സംഘികളുടെ ശ്രമം. ഏതു മമ്മൂട്ടി, സ്വവര്‍ഗാനുരാഗിയുടെ കഥ പറയുന്ന കാതല്‍ ദി കോര്‍ എന്ന സിനിമ നിര്‍മിച്ച, അതില്‍ നായക കഥാപാത്രമായി അഭിനയിച്ച, നടന്‍, വ്യവസായി. മമ്മൂട്ടി അടിസ്ഥാനപരമായി ഒരു കലാകാരനും കച്ചവടക്കാരനുമാണ്. അയാളെ മതവാദിയാക്കുക എന്നത് സംഘികള്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ്. സാമാന്യ ബോധമുള്ള മലയാളികളുടെ മുന്‍പില്‍ സംഘികള്‍ തോറ്റുപോകുന്നത് ഇങ്ങനെയൊക്കെയാണ്.'' (കെ.ജെ ജേക്കബ് എഫ്.ബി, മെയ് 16, 2024).

മട്ടാഞ്ചേരി മാഫിയയെക്കുറിച്ചുള്ള പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ അഴിമുഖം ഓണ്‍ലൈനിലൂടെ രാകേഷ് സനലാണ്. അദ്ദേഹം മലയാളത്തിലെ വിവിധ പ്രൊഡക്ഷന്‍ ഗ്രൂപ്പുകളുടെ കഥ ലളിതമായി വിവരിച്ചു: കോടമ്പാക്കത്തു നിന്നും നാട്ടിലേക്ക് വന്നശേഷമാണ് മലയാള സിനിമയില്‍ ഗ്രൂപ്പിസം ഉണ്ടാകുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രധാന സംഘം. അതൊരു മാടമ്പിത്തറവാട് പോലെയായിരുന്നു. സിനിമയിലെ പ്രധാനികളെല്ലാം ആ ജാതിക്കൂട്ടത്തില്‍പ്പെട്ടവരായിരുന്നു, അതൊരു നായര്‍ ബെല്‍റ്റായിരുന്നു, അക്കാലത്താണ് മലയാള സിനിമ സവര്‍ണ നായകന്മാരുടെ കഥ മാത്രം പറയാന്‍ തുടങ്ങിയത്. ഇവര്‍ക്കു ബദലായി കോഴിക്കോട് കേന്ദ്രീകരിച്ച് രൂപപ്പെട്ട സംഘത്തിന് കാര്യമായൊന്നിനും പറ്റിയില്ല. പിന്നീട് സിനിമ കൊച്ചിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളുമൊക്കെയായി. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലുമൊക്കെ ഉണ്ടായിരുന്നവര്‍ നന്നായി ഗ്രൂപ്പിസം കളിച്ചിരുന്നു. മതവും ജാതിയും നോക്കി കൊള്ളുകയും തള്ളുകയും ചെയ്തു. ഇവരുടെ വിധ്വസംക പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കൊച്ചിക്കാരായ കൂട്ടുകാര്‍ സിനിമയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്. (ഇവിടെയുള്ള അഢ്യന്മാരോടല്ല,?) മതം പറഞ്ഞും ദേശം പറഞ്ഞും ആക്ഷേപിക്കപ്പെടുന്ന, പാരമ്പര്യവാദികളല്ലാത്ത, സ്വതന്ത്ര ചിന്താഗതിക്കാരായ ചെറുപ്പക്കാരാണ് ഇവര്‍. ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്‌ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്‌ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. ദേശീയ പുരസ്‌കാര സമര്‍പ്പണം നിരസിച്ച സമയത്ത് ഫഹദ് ഫാസിലിനെതിരേ മാത്രം മതം പറഞ്ഞ് വിദ്വേഷപ്രചാരണം നടന്നു. ഉത്തരേന്ത്യയില്‍ വിജയിച്ച തന്ത്രം കേരളത്തില്‍ വിജയിക്കില്ല. (അന്നവര്‍ ഫഹദിനെ രാജ്യദ്രോഹിയാക്കി, ഇന്ന് മമ്മൂട്ടിയെ ഇസ്ലാമിസ്റ്റും, അഴിമുഖം, രാകേഷ് സനല്‍, മെയ് 15 2024).

മതസ്വത്വത്തിന്റെ സങ്കീര്‍ണതകളും ഇസ്‌ലാമോഫോബിയയും

ചിലയിടങ്ങളില്‍ പെരുപ്പിച്ചുകാട്ടിയും മറ്റിടങ്ങളില്‍ അദൃശ്യമാക്കിയും മതസ്വത്വത്തെ തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ചിത്രീകരിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുക ഇസ്‌ലാമോഫോബിയയുടെ ഒരു വിശകലനതന്ത്രമാണ്. മമ്മൂട്ടിയെന്ന നടനെ വിദ്വേഷപ്രചാരകരില്‍നിന്ന് രക്ഷിക്കുകയെന്നതിന് മമ്മൂട്ടിയിലെ മതസ്വത്വത്തെ സമുദായസ്വത്വത്തില്‍നിന്ന് വേറിട്ട് കാണിക്കേണ്ടതുണ്ടെന്ന് കരുതുന്നവരുണ്ട്. ഈ രീതി കെ. ജെ ജേക്കബിന്റെ വിശകലനത്തില്‍ കാണാം. മമ്മൂട്ടിയുടെ മതസ്വത്വത്തെ തന്ത്രപൂര്‍വം മറച്ച് അദ്ദേഹത്തെ വ്യവസായിയും കച്ചവടക്കാരനും കാതല്‍ ദി കോര്‍ പോലുള്ള സിനികളില്‍ അഭിനയിക്കുന്ന നടനുമായി ചിത്രീകരിക്കുകയുമാണ് അദ്ദേഹം. അതുവഴി അദ്ദേഹത്തിന്റെ വിശ്വാസിയെന്ന നിലയില്‍ വന്നുചേരുന്ന സാമുദായികസ്വത്വം മറച്ചുപിടിക്കാനും കഴിയുന്നു. അതോടൊപ്പം സംഘ്പരിവാറിനെയും മുസ്‌ലിംസംഘടനകളെയും 'മതജീവികളായ മൗദൂദി', 'ശരീഅത്ത് നിയമം', 'അല്ലാഹുവിന്റെ രാജ്യം' തുടങ്ങിയ പ്രയോഗങ്ങളിലൂടെ കെ.ജെ ജേക്കബ് സമീകരിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമോഫോബിക് ആരോപണങ്ങളെ അഭിസംബോധന ചെയ്യാതെ മറ്റു വിഷയങ്ങളെ മാത്രം പരിശോധിക്കുന്ന രീതിയാണ് ചിലരുടേത്. അതിനുവേണ്ടി മമ്മൂട്ടിയെന്ന താരശരീരവും 'യാഥാര്‍ഥ' ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണത പരിശോധിക്കുന്നു, ജി.പി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ വീഡിയോയില്‍. വിവാദത്തിന്റെ ഒരു ഭാഗം മാത്രമായ പിതൃമേധാവിത്വകുടുംബത്തിന്റെ സങ്കീര്‍ണതയാണ് കെ.കെ ഷാഹിനക്ക് വിഷയം. മട്ടാഞ്ചേരി സിനിമാക്കാരുടെ സര്‍ഗാത്മകതയാണ് അഴിമുഖം ലേഖനത്തിന്റെ പ്രതിരോധരീതി. ചുരുക്കത്തില്‍, മമ്മൂട്ടിക്കെതിരേയുണ്ടായ ആക്രമണത്തിന്റെ ഇസ്‌ലാമോഫോബിക് ഘടകത്തെ അവര്‍ നേരിട്ട് അഭിസംബോധന ചെയ്യാതെ വിടുന്നു.

മുസ്‌ലിം സംഘാടനത്തെ ഇസ്‌ലാമോഫോബിക് രീതിശാസ്ത്രമുപയോഗിച്ച് പരിശോധിച്ചും മുസ്‌ലിം വിരുദ്ധ വംശീയതയുടെ പലവിധ അളവുകോലുകളില്‍ വിലയിരുത്തിയുമാണ് ഹര്‍ഷദിനെ 'കൊടുസുഡാപ്പി'യും 'ഇസ്‌ലാമിസ്റ്റു'മായി മാറ്റുന്നത്. ഇവിടെ സുഡാപ്പി, ഇസ്‌ലാമിസ്റ്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് വംശീയവത്കരിക്കപ്പെട്ട രൂപകങ്ങളെന്ന നിലയിലാണ്. ഇത്തരമൊരു വംശീയവത്കരണ പ്രക്രിയയുടെ ഭാഗമാണ് ഹര്‍ഷദിനെതിരേയുള്ള വിദ്വേഷപ്രചാരണം. അതുമായി ചേര്‍ത്തുവച്ചാണ് മമ്മൂട്ടിക്കെതിരേ കുപ്രചാരണങ്ങള്‍ നടക്കുന്നത്. മട്ടാഞ്ചേരി മാഫിയയും സമാനമായ വംശീയരൂപകങ്ങളാണ്. വംശീയാരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മമ്മൂട്ടിയെ 'മികച്ച നടനും' 'മികച്ച കച്ചവടക്കാരനും' 'കേവല വ്യക്തി'യായും ചിത്രീകരിച്ചതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിയയെ ചെറുക്കാനാവില്ല.

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)

TAGS :