പ്രിസണര്‍ നം. 626710 ഈസ് പ്രസന്റ്: ചോദ്യങ്ങളെ, നിങ്ങള്‍ ചാവേറുകളാകൂ
ലളിത് വചനിയുടെ 'പ്രിസണര്‍ നം. 626710 ഈസ് പ്രസന്റ്' ഡോകുമെന്ററിയുടെ കാഴ്ചാനുഭവം
അതിജീവനത്തിന്റെ ഭാഷയില്‍ രചിക്കപ്പെടുന്ന ചിത്രങ്ങളിലേക്ക് അനുഭവങ്ങളുടെ അക്ഷരങ്ങള്‍ കോറിയിടുന്നതിലൂടെയാണ് പൂര്‍ണത കൈവരിക്കുകയെന്ന് 'പ്രിസണര്‍ നം. 626710 ഈസ് പ്രെസെന്റ്' എന്ന ഹ്രസ്വചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രശസ്ത ഡോകുമെന്ററി സംവിധായകന്‍ ലളിത് വചാനി. ഫാസിസത്തിന്റെ രോഗകോശങ്ങള്‍ മനുഷ്യര്‍ക്കിടയിലൂടെയുള്ള സഞ്ചാരപാതയില്‍ വേഗംകൂട്ടുമ്പോഴും ഇന്ത്യന്‍ മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൗരത്വപ്രശ്‌നവും പ്രീണനാരോപണങ്ങളും വെല്ലുവിളികളും ക്രിയാത്മകമായി നേരിടുകയും വിമര്‍ശനാത്മകമായ മറുചോദ്യങ്ങളിലൂടെ തീവ്രവലതുപക്ഷ വര്‍ഗീയ ധ്രുവീകരണ അജണ്ടകളില്‍ വിള്ളലേല്‍പിക്കുകയും ചെയ്ത ഉമര്‍ ഖാലിദിന്റെ തടങ്കലിന് ആസ്പദമായ സംഭവവികാസങ്ങളിലേക്ക് വെളിച്ചംവീശുന്ന സൃഷ്ടികൂടിയാണ് പ്രിസണര്‍ നം. 626710 ഈസ് പ്രസന്റ്. അന്വേഷണ കുതുകികളിലേക്കും സാധാരണ പ്രേക്ഷകരിലേക്കും ഒരുപോലെ ഹൃദയസ്പര്‍ശിയായി ചിത്രം കടന്നുവരുന്നു. പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഉമര്‍ ഖാലിദ് മാറിയതെങ്ങനെയാണെന്നും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തലവേദനയായത് എങ്ങനെയെന്നും സിനിമ ചര്‍ച്ചചെയ്യുന്നു.
2020 ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്താണ് ഉമര്‍ ഖാലിദിനെ ആദ്യമായി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് കൂടെയുണ്ടായിരുന്ന കനയ്യകുമാറടക്കം പലരെയും ജാമ്യംനല്‍കി വിട്ടയച്ചുവെങ്കിലും പേര് കണ്ടാല്‍ ആളെ അറിയാമെന്നുള്ള പ്രസ്താവനയിറക്കിയ പ്രധാനമന്ത്രിയുടെ കാവിപ്പട പിന്നെയും പല വകുപ്പുകളും വച്ചുകെട്ടി ഉമര്‍ ഖാലിദിനെ സുദീര്‍ഘമായ തടവറയിലേക്ക് തള്ളിയിടുകയായിരുന്നു. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും മുസ്ലിംകളെ വര്‍ഗീയവത്കരിക്കാനുള്ള ത്വരയും ചോദ്യംചെയ്ത ഉമര്‍ ഖാലിദിന്റെ വാക്ചാതുരി ഭരണകൂടത്തെ അനുദിനം അലോസരപ്പെടുത്തി. പിന്നീട് ഭീമ കൊറേഗാവ് കേസിന്റെയും ഭാഗമാക്കി. ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഡല്‍ഹിയില്‍ പ്രസംഗിച്ചുവെന്നതും അയാളുടെ പൊറുക്കപ്പെടാത്ത കുറ്റങ്ങളിലൊന്നായി മാറി.
ഇന്ത്യന്‍ മുസ്ലിംകളുടെ പൗരത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് 2020 ലാണ് പൗരത്വഭേദഗതി നിയമം ഭരണകൂടം കൊണ്ടുവരുന്നത്. അനീതിയും വര്‍ഗീയതയും നിയമങ്ങളാകുമ്പോള്‍ പൗരന്‍ ചെറുത്തുനില്‍പ്പിന് നിര്‍ബന്ധിതനാകുന്നുവെന്നത് ലോകം ശരിവെച്ച സത്യം. അതോടനുബന്ധിച്ച് രാജ്യത്തെ വിവിധ കാമ്പസുകളില്‍ വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങള്‍ രൂപംകൊള്ളുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും വേര്‍തിരിവുകള്‍ മറന്ന് പൗരത്വഭേദഗതി നിയമത്തിനെതിരെ ഒന്നായി അണിചേരുന്നു. ഡല്‍ഹിയില്‍ ഷഹീന്‍ബാഗ് എന്ന പേരില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. ഷഹീന്‍ബാഗ് സമരപ്പന്തലില്‍ അടങ്ങാത്ത പോരാട്ടവീര്യത്തോടെ സംസാരിക്കുന്ന ഉമര്‍ ഖാലിദ് പോരാട്ടത്തിന്റെ പ്രതീകമായി ഉയര്‍ന്നുവരികയും ചെയ്തു.
രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ പരിപാടിക്ക് കാര്യമായ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായത് തീവ്രവലതുപക്ഷത്തെ ചൊടിപ്പിക്കുകയും സമരക്കാര്‍ പിന്തിരിയാത്ത പക്ഷം തങ്ങള്‍ വെടിയുതിര്‍ക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തു. ഇതേ കാലയളവില്‍ അഹമ്മദാബാദ് സന്ദര്‍ശിച്ച ട്രംപ്, നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും മടങ്ങിപ്പോകുകയും ചെയ്യുന്നതോടെയാണ് കലാപം ആരംഭിക്കുന്നത്. സമരപ്പന്തലിലേക്ക് വെടിയുതിര്‍ത്ത തീവ്രവലതുപക്ഷ നേതാക്കള്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും അതേ കേസില്‍ വിചാരണ പോലുംകൂടാതെ ഉമര്‍ ഖാലിദിനെ പ്രതിചേര്‍ത്തതും വിരോധാഭാസമായി തുടര്‍ന്നു. ഉമര്‍ഖാലിദിന്റെ അന്യായ തടവ് സംബന്ധിച്ച ചര്‍ച്ചകള്‍ പലതവണ ചൂടുപിടിച്ചെങ്കിലും കാര്യമുണ്ടായില്ല.
എഫ്‌ഐആര്‍ 59/2020 പ്രകാരം ഐപിസി, 1967 ആയുധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ് (യുഎപിഎ) കലാപം (സെക്ഷന്‍ 147 ഐപിസി), മാരകായുധം ഉപയോഗിച്ചുള്ള കലാപം (സെക്ഷന്‍. 148 ഐപിസി), കൊലപാതകം (സെക്ഷന്‍. 302 ഐപിസി), കൊലപാതകശ്രമം (സെക്ഷന്‍ 307 ഐപിസി), രാജ്യദ്രോഹം (സെക്ഷന്‍ 124 എ ഐപിസി) എന്നീ കുറ്റങ്ങള്‍ ആണ് ഉമറിനെതിരെ ചുമത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ സൂത്രധാരനാണെന്ന പോലിസ് ഭാഷ്യം പൂര്‍ണമായും എതിര്‍ത്ത ഉമര്‍, തങ്ങള്‍ രാജ്യദ്രോഹികളല്ലെന്നും നിലവിലെ കേസുകള്‍ ഡല്‍ഹി പൊലിസ് കെട്ടിച്ചമച്ചതാണെന്നും ഭരണകൂടത്തിന്റെ അപരവത്കരണമനോഭാവം ശരിയല്ലെന്നും ഡോക്യുമെന്ററിയിലൂടെ പറയുന്നുണ്ട്. ഭരണകൂടത്തിന്റെ വര്‍ഗീയവല്‍കൃതമായ അവിശുദ്ധ മനോഭാവത്തിനെതിരില്‍ ചോദ്യങ്ങളുന്നയിക്കുന്നവരും ശബ്ദമുയര്‍ത്തുന്നവരും രാജ്യദ്രോഹികളാണെന്ന നിരീക്ഷണം അപകടകരമാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും സത്യം വിളിച്ചുപറയുന്നതിന്റെ പേരില്‍ തടവിലിട്ടത് കൊണ്ടൊന്നും തളരുകയില്ലെന്നും പോരാടുമെന്നും പറഞ്ഞവസാനിപ്പിക്കുന്ന ഉമര്‍ ഖാലിദിലൂടെയാണ് ഡോക്യൂമെന്ററിയും അവസാനിക്കുന്നത്.
രാഷ്ട്രീയ തടവുകാരെ കുറിച്ച് സംസാരിക്കാന്‍ ഒരു സിനിമ തയ്യാറായാല്‍ അതിന് ഒരുപാട് അര്‍ഥമുണ്ടാകുമെന്ന് സംവിധായകന്‍ ലളിത് വചാനി പറയുന്നു. കഴിഞ്ഞ മാസം നടന്ന കേരളത്തിലെ പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.