പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം - ജാതി സെന്‍സസിന്റെ അനിവാര്യതക്കൊരു മുഖവുര
സാമൂഹിക -രാഷ്ട്രീയ വിഭവങ്ങളുടെമേല്‍ അരികുവത്കരിക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ അവകാശമുന്നയിക്കലുകളോട് സാമൂഹിക-സാംസ്‌കാരിക മൂലധനം കയ്യടക്കിവെച്ചിട്ടുള്ള അധീശ ന്യൂനപക്ഷം എന്നും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. സമത്വം, മെറിറ്റ് (യോഗ്യത), കാര്യക്ഷമത തുടങ്ങിയവയായിരുന്നു ഈ എതിര്‍പ്പുകളുടെ അടിസ്ഥാന ഭാഷ.
'ന്യായം നമ്മുടെ ഭാഗത്തായിരിക്കെ ഈ പോരാട്ടത്തില്‍ എങ്ങനെയാണ് നമുക്ക് തോല്‍വി പിണയുകയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നമ്മുടെ പോരാട്ടം കേവല അധികാരത്തിനോ പണത്തിനോ വേണ്ടിയുള്ളതല്ല. ഈ പോരാട്ടം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. മനുഷ്യാന്തസ്സ് വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്' - ഡോ. ബി.ആര്‍ അംബേദ്കര്‍
രണ്ടായിരത്തിന് മുമ്പുള്ള പല ജനപ്രിയ സിനിമകളിലെയും ഒരു സ്ഥിരം ചേരുവയായിരുന്നു സവര്‍ണ്ണ കുടുംബത്തിലെ തൊഴില്‍ രഹിതനായ നായകന്‍. ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാടിന്റെ മാനംകാക്കാന്‍ പെടാപാട് പെടുന്ന നായകനാണ് സ്‌ക്രീനില്‍ നിറയുക. തറവാടിന്റെ ദുരവസ്ഥ കാരണം പുരനിറഞ്ഞു നില്‍ക്കുന്ന നായകന്റെ കൂടപ്പിറപ്പുകളും കണ്ണ് നനയിപ്പിക്കും. നായകന്‍ തൊഴില്‍ രഹിതനാകാന്‍ പ്രധാന കാരണമായി സിനിമയില്‍ പറയാതെ പറയുന്നത് സംവരണമാകും. നായകന്റെ കൂടെയുള്ളവനോ വില്ലനോ ആയി സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലിയിലെത്തിയ അവര്‍ണ്ണനുണ്ടാകും. ജനപ്രിയ സംസ്‌കാരങ്ങളിലുള്ള ഇത്തരം നിരന്തരമായ ആശയ വിനിമയങ്ങളിലൂടെ മലയാളക്കരയില്‍ സ്ഥാപിച്ചെടുത്തൊരു പൊതുബോധമാണ് സംവരണ വിരുദ്ധത. അതിന്റെ വിവിധ തരത്തിലുള്ള പ്രയോഗങ്ങളും പ്രായോഗിക നിര്‍വഹണങ്ങളുമാണ് കേരളക്കരയിലും ഇന്ത്യാരാജ്യത്തും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂടവും ജനാധിപത്യ സംവിധാനങ്ങളുമെല്ലാം ഈ വ്യവസ്ഥാപിതമായ സംവരണ വിരുദ്ധതയില്‍ കൈകോര്‍ക്കുകയും ചെയ്യുന്നു.
പാര്‍ലമെന്റ് പാസ്സാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയും അതേതുടര്‍ന്ന് നടപ്പാക്കിയ സവര്‍ണ്ണ സംവരണവും (EWS Reservation ) വന്നതിന് ശേഷം - പക്ഷെ സംവരണം എന്ന ആശയത്തിലെ പ്രതിനിധ്യം എന്ന തത്വം തന്നെ അട്ടിമറിക്കപ്പെട്ടു - ഇന്ത്യ എന്ന പ്രവിശാലവും സങ്കീര്‍ണ്ണ സാമൂഹ്യ ഘടനകളുമുള്ള രാജ്യത്ത് അധികാരത്തിനും പ്രാതിനിധ്യത്തിനും പുറത്ത് നില്‍ക്കുന്ന വലിയ ജനസമൂഹത്തെ വീണ്ടും പുറം തള്ളുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രാതിനിധ്യവും അധികാര - വിഭവ പങ്കാളിത്തവും സംബന്ധിച്ച് പുതിയ ക്ലെയിമുകള്‍ ഉയര്‍ന്നുവരണം.
ക്ഷേമരാഷ്ട്രവും അധികാര പങ്കാളിത്തവും
അധികാരത്തിലും പദവികളിലും വിഭവങ്ങളിലും എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും അനുപാതിക പങ്കാളിത്തമുണ്ടാവുക എന്നതാണ് ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന സങ്കല്‍പം. ഭീകരമായ പുറം തള്ളലുകളുടെയും ഉച്ചനീചത്വങ്ങളുടെയും വിവേചനങ്ങളുടെയും ഇടമാണ് ഇന്ത്യയിലെ സാമൂഹികക്രമം. ഇവിടെ അധികാരത്തിന്റെയും വിഭവങ്ങളുടെയും നീതിപൂര്‍വമായ വിതരണം സാധ്യമാകാന്‍ പ്രത്യേക നടപടികള്‍ തന്നെ ആവശ്യമാണ്. അതിനായി കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സാമൂഹിക പ്രസ്ഥാനങ്ങളും പരിഷ്‌കര്‍ത്താക്കളും സമരങ്ങളും ഇടപെടലുകളും നടത്തി. അവകാശം, അഭിമാനം, സാമൂഹികനീതി, പ്രാതിനിധ്യം, വ്യവസ്ഥകളുടെ അംഗീകാരം തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വന്നതിങ്ങനെയാണ്. ഇന്ത്യയിലെ രാജ്യമെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനങ്ങള്‍ രൂപപ്പെടുന്നതില്‍ ഈ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സാമൂഹിക വിമോചനമെന്ന സ്വപ്നത്തിലേക്ക് പൂര്‍വികര്‍ നടത്തിയ പോരാട്ടങ്ങളാണ് യഥാര്‍ഥത്തില്‍ ഇവിടെയൊരു ദേശത്തെ തന്നെ സാധ്യമാക്കിയത്.
ഭരണഘടനയെന്ന സാമൂഹിക കരാര്‍
പ്രസ്തുത ചോദ്യങ്ങളുടെ അന്തസത്തയെ അഭിമുഖീകരിക്കാനും ഒരു പരിധിവരെ ഉള്‍കൊള്ളാനും മുകളില്‍ പറഞ്ഞ സമരങ്ങളും ഇടപെടലുകളും രാജ്യനിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കി. അതിനാല്‍ തന്നെ നമ്മുടെ ഭരണഘടന ഈ ചോദ്യങ്ങളെ പരമാവധി ഉള്‍കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. ഭരണഘടനാ ശില്‍പികളില്‍ മുന്നിലുണ്ടായിരുന്ന അംബേദ്കറിനെ പോലുള്ളവര്‍ ഇത്തരം ശ്രമങ്ങള്‍ക്ക് വലിയ കരുത്ത് പകരുകയും ചെയ്തു. രാജ്യത്ത് നടന്ന സ്വാതന്ത്ര്യ സമരങ്ങളും പരിഷ്‌കരണ സംരംഭങ്ങളും യഥാര്‍ഥ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും വിവിധ അടരുകളിലുള്ളവരും സഹവര്‍ത്തിച്ചും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയും വികസിപ്പിച്ച ഒരു സാമൂഹിക കരാറാണ് നമ്മുടെ ഭരണഘടന. ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശാലമായ പുനഃസംഘടനാ ചര്‍ച്ചകള്‍ ഈ ഇടപെടലുകള്‍ക്ക് ഇന്നും നിലനില്‍ക്കുന്ന തെളിവുകളാണ്.
പങ്കാളിത്ത നിഷേധങ്ങളും ഭരണഘടനയും
സാമൂഹികവും രാഷ്ട്രീയപരവുമായ അധികാര പദവികളില്‍ നിന്നും വ്യവസ്ഥാപിതമായി മാറ്റി നിര്‍ത്തപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനുതകും വിധത്തിലുള്ള തത്വങ്ങളും വകുപ്പുകളും മുകളില്‍ പറഞ്ഞ ഇടപെടലുകള്‍കൊണ്ട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അവയെല്ലാം നിലനില്‍ക്കെ തന്നെ അവയെ ഉള്ളില്‍നിന്ന് തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്യത്തോളവും ഭരണഘടനയുടെ രൂപീകരണത്തോളവും തന്നെ പഴക്കമുണ്ട്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്ല്യ പങ്കാളിത്തമെന്ന സുന്ദരമായ സ്വപ്നത്തെ അട്ടിമറിക്കാനുള്ള വ്യവസ്ഥാപിത സംവിധാനങ്ങള്‍ പല തരത്തില്‍ രൂപപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക ഘടനയെ ആഴത്തില്‍ സ്വാധീനിച്ച സവര്‍ണതയാണ് അതിന് നേതൃത്വം നല്‍കിയത്. ഭരണം, നിയമം, നിയമപാലനം, ജനകീയ പ്രചാരണമാധ്യമങ്ങള്‍, ജനപ്രിയ സംസ്‌കാരങ്ങള്‍ എന്നിവവഴി ഈ പ്രാതിനിധ്യ-പങ്കാളിത്ത നിഷേധ പദ്ധതികള്‍ വ്യവസ്ഥാപിതവത്കരിക്കപ്പെട്ടു.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിയ പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ എസ്.സി/എസ്.ടി/ഒ.ബി.സി/ന്യൂനപക്ഷങ്ങളെ ചലനമില്ലാത്ത ഭരണഘടനാ വിഭാഗങ്ങള്‍ എന്നതില്‍നിന്ന് ചടുലമായ രാഷ്ട്രീയ പ്രാതിനിധ്യ സാധ്യതയുള്ള വിഭാഗങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു.
രാജ്യത്ത് വ്യവസ്ഥാപിതമായി പ്രാതിനിധ്യ പോരാട്ടത്തിനെതിരായ നീക്കങ്ങള്‍ നടന്നു. അതിന്റെ ഭാഗമായി സംവരണമടക്കമുള്ള പല ഭരണഘടനാ അവകാശങ്ങളും അട്ടിമറിക്കപ്പെട്ടു. അല്ലങ്കില്‍ അതിന്റെ ആത്മാവ് ചോര്‍ത്തിക്കളയുന്ന തരത്തിലുള്ള നടപടികളിലൂടെ സാമൂഹിക പ്രാതിനിധ്യ സാധ്യതകള്‍ ഇല്ലാതാക്കി. എന്നാല്‍ ദലിത-ആദിവാസി-ബഹുജന സമുദായങ്ങള്‍ അത്തരം നീക്കങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും ഭരണഘടനാപരമായും പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അധികാര പങ്കാളിത്തമെന്ന ആശയത്തെ പൂര്‍ണ്ണമായും മറപ്പിച്ചു കളയാനുള്ള ശ്രമങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താന്‍ ഇത്തരം നീക്കങ്ങള്‍ക്ക് സാധിച്ചു.
മണ്ഡല്‍ മൂവ്‌മെന്റ്
പല സാമൂഹിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചത് പോലെ മണ്ഡല്‍ മൂവ്‌മെന്റ് (Mandal Movement ) ത്വരിതപ്പെടുത്തിയ നിശബ്ദ വിപ്ലവം ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ വിപുലമാക്കി. അത് സാമൂഹിക മാറ്റത്തെ കുറിച്ച പുതിയ ഭാവനകള്‍ സമ്മാനിച്ചു. രാജ്യത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെകുറിച്ചുള്ള സവര്‍ണ്ണ ധാരണകള്‍ക്കും മുഖ്യധാര പൊതുമണ്ഡലത്തിലെ ബോധങ്ങള്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചു.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിയ പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ എസ്.സി/എസ്.ടി/ഒ.ബി.സി/ന്യൂനപക്ഷങ്ങളെ ചലനമില്ലാത്ത ഭരണഘടനാ വിഭാഗങ്ങള്‍ എന്നതില്‍നിന്ന് ചടുലമായ രാഷ്ട്രീയ പ്രാതിനിധ്യ സാധ്യതയുള്ള വിഭാഗങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു. ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമണ്ഡലത്തില്‍ ന്യായമായ അവകാശങ്ങള്‍ ചോദിക്കാന്‍ ഇതവരെ പ്രാപ്തരാക്കി. അവരുടെ രാഷ്ട്രീയ അംഗീകാരം, പ്രാതിനിധ്യം, വിഭവങ്ങളുടെ പുനര്‍വിതരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നു. അവകാശം, അഭിമാനം, സാമൂഹിക നീതി എന്നിവയുടെ അടിസ്ഥാനത്തില്‍ അധികാര വ്യവസ്ഥയെ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു വരികയും ചെയ്തു.
ഭൂരിപക്ഷ-കീഴാള വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന പ്രാതിനിധ്യത്തിന്റെ ചോദ്യങ്ങളെ അധീശ (സവര്‍ണ്ണ ) വിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ തളച്ചിടാന്‍ കാരണമാവുകയും ചെയ്തു. ഈയൊരു സാമൂഹ്യ -രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജാതി സെന്‍സസുമായി ബന്ധപ്പെട്ട ചര്‍ച്ചക്കളെ നാം നോക്കി കാണേണ്ടത്.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ബി.സി സംവരണം നടപ്പാക്കിയത് ചെറിയ മാറ്റങ്ങളുണ്ടാക്കി. എങ്കിലും വൈവിധ്യങ്ങളായ അഭിലാഷങ്ങളെ ഉള്‍കൊള്ളുന്ന വിധത്തില്‍ വ്യവസ്ഥാപിതമായ പരിഷ്‌കാരങ്ങളുടെ അഭാവവും ക്രീമിലെയര്‍, സാമ്പത്തികാടിസ്ഥാനത്തിലുള്ള സവര്‍ണ്ണ സംവരണം, സാമൂഹികവും രാഷ്ട്രീയവുമായി മുന്നോക്കക്കാരായ വിവിധ മേല്‍ജാതി സമുദായങ്ങളുടെ സംവരണത്തിന് വേണ്ടിയുള്ള വാദങ്ങള്‍, സങ്കീര്‍ണ്ണമായ നിയമ പോരാട്ടങ്ങള്‍ തുടങ്ങിയവ മണ്ഡല്‍ മൂവ്‌മെന്റ് ആവശ്യപ്പെട്ട പ്രാതിനിധ്യ രാഷ്ട്രീയത്തിലൂന്നിയുള്ള ജനാധിപത്യ വിപ്ലവത്തിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. മാത്രമല്ല, പ്രാതിനിധ്യ രാഷ്ട്രീയത്തെ കേവല തൊഴില്‍ദാന പദ്ധത്തിയോ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയോ ആയി ചുരുക്കി കാണിക്കാന്‍ അതിടയാക്കി. ഭൂരിപക്ഷ-കീഴാള വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന പ്രാതിനിധ്യത്തിന്റെ ചോദ്യങ്ങളെ അധീശ (സവര്‍ണ്ണ ) വിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ തളച്ചിടാന്‍ കാരണമാവുകയും ചെയ്തു. ഈയൊരു സാമൂഹ്യ -രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജാതി സെന്‍സസുമായി ബന്ധപ്പെട്ട ചര്‍ച്ചക്കളെ നാം നോക്കി കാണേണ്ടത്.
പ്രാതിനിധ്യത്തിന്റെ പ്രാധാന്യം
നിലനില്‍ക്കുന്ന അസമത്വത്തിന്റെ സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുന്നതില്‍ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയെന്ന സാമൂഹിക രാഷ്ട്രീയ സങ്കല്‍പത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ട്. പ്രസ്തുത ആശയം അതിന്റെ വിഭാവനയുടെയും പ്രയോഗവത്കരണത്തിന്റെയും തുടക്കം മുതലേ തര്‍ക്കങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടയാക്കിയ വിഷയമായിരുന്നു. സാമൂഹിക -രാഷ്ട്രീയ വിഭവങ്ങളുടെമേല്‍ അരികുവത്കരിക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ അവകാശമുന്നയിക്കലുകളോട് സാമൂഹിക-സാംസ്‌കാരിക മൂലധനം കയ്യടക്കിവെച്ചിട്ടുള്ള അധീശ ന്യൂനപക്ഷം എന്നും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. സമത്വം, മെറിറ്റ് (യോഗ്യത ), കാര്യക്ഷമത തുടങ്ങിയവയായിരുന്നു ഈ എതിര്‍പ്പുകളുടെ അടിസ്ഥാന ഭാഷ.
ഞങ്ങള്‍ സാമൂഹിക സമത്വത്തെ എതിര്‍ക്കുകയല്ല, മറിച്ച് സമത്വത്തെ സ്ഥാപിക്കാനുള്ള വാദങ്ങളാണ് ഉന്നയിക്കുന്നതെന്നായിരുന്നു സംവരണ വിരുദ്ധര്‍ എന്നും പറഞ്ഞുകൊണ്ടിരുന്നത്. അരികുവത്കരിക്കപ്പെട്ട ഭൂരിപക്ഷ ജനതയായ ദളിത്-മുസ്‌ലിം-ആദിവാസി-ബഹുജന സമുദായങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന സാമൂഹിക നീതിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തടയിടാന്‍ ശ്രമിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ ആകുലതകള്‍ക്ക് ചുറ്റുമാണ് പ്രാതിനിധ്യത്തിന്റെ (സംവരണത്തിന്റെ) രാഷ്ട്രീയത്തെ കുറിച്ചുള്ള മുഖ്യധാര സംവാദങ്ങള്‍ കറങ്ങി കൊണ്ടിരിക്കുന്നത്. ഇത് തന്നെയാണ് ഈ മേഖലയില്‍ നടക്കുന്ന മുഖ്യധാരാ സംവാദങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി.
അവലംബം: ജാതിസെന്‍സസ്, എയ്ഡഡ് സ്ഥാപനങ്ങളിലെ പി.എസ്.സി നിയമനം, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ആനുപാതിക പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി തയ്യാറാക്കിയ പഠന രേഖ.
(തുടരും)