Quantcast
MediaOne Logo

മുഹമ്മദ് ശമീം

Published: 16 May 2024 6:45 AM GMT

'പുഴു' ഒരു സവര്‍ണ മനോഭാവമാണ്

ചിലര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ രാഷ്ട്രീയം അവരുടെ ജീവിതത്തില്‍ ഇടപെടുന്നതും കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മലയാള സിനിമയില്‍ ഇസ്ലാമോഫോബിക് പൊതുബോധത്തിന്റെ പ്രത്യക്ഷ പ്രകാശനത്തിന് തുടക്കം കുറിച്ചത് എന്നാരോപിക്കപ്പെട്ട ധ്രുവത്തിലെ നാടുവാഴി മന്നാടിയാരായി വേഷമിട്ടതും മമ്മൂട്ടിയാണ്. എന്നാല്‍ സംഘി, കാസ രാഷ്ട്രീയങ്ങള്‍ക്ക് മമ്മൂട്ടി എന്ന പേര് ഒരു വിഷയമാണ്. മലയാളത്തിലെ സെലിബ്രിറ്റികളുടെ ലോകത്ത് ആ പേര് അജയ്യമായി നിലകൊള്ളുന്നതും പ്രശ്‌നമാണ്.

മമ്മൂട്ടി- പുഴു വിവാദം
X

ആദ്യം ഞാന്‍, 2022 മെയ് 13-ാം തിയ്യതി, കൃത്യമായിപ്പറഞ്ഞാല്‍ എന്റെ ആത്മസുഹൃത്തുക്കളായ ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ തിരക്കഥയെഴുതി രത്തീന സംവിധാനം ചെയ്ത 'പുഴു' എന്ന സിനിമ കണ്ടതിന്റെ രണ്ടാം നാള്‍ എഫ്.ബിയില്‍ എഴുതിയ ചെറുകുറിപ്പ് പങ്കുവെക്കുന്നു.

'22ല്‍ ഇറങ്ങിയ ഈ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് സംഘികളാണ്. അവരൊരു പക്ഷേ ഇപ്പഴാവും സിനിമ ഇറങ്ങിയ വിവരം അറിഞ്ഞത്. സിനിമ കാണുന്ന സ്വഭാവമൊക്കെ സങ്കികള്‍ക്കുണ്ടെങ്കില്‍ അലി അക്ബറെങ്കിലും ഒന്ന് രക്ഷപ്പെട്ടു പോയേനെ. പക്ഷേ, സി.ആര്‍ പരമേശ്വരനെപ്പോലുള്ള 'സംഘിയല്ലാത്ത ബുദ്ധിജീവികള്‍'ക്ക് അന്നേ സിനിമയുടെ ആഘാതമേറ്റു. പരമേശ്വരന്റെ എഴുത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് G.P Ramachandran നല്‍കിയ ഡിസ്‌ക്രിപ്ഷന്‍ 'പുഴു അതിന്റെ ദൗത്യം പൂര്‍ത്തീകരിച്ചു' എന്നായിരുന്നെന്നാണ് ഓര്‍മ.

പഴയ പോസ്റ്റ് ഇങ്ങനെ: 'പരീക്ഷിത്ത് രാജാവിനെ കടിച്ചു കൊന്നതോടെ തീരുന്നതല്ല തക്ഷകന്റെ കഥ. ആ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ ജനമേജയ രാജാവ് നാഗരെ വംശഹത്യ ചെയ്യാനാണ് തുനിഞ്ഞത്. പുരാണങ്ങളിലെ അധഃസ്ഥിതരാണ് കദ്രുവിന്റെ മക്കളായ നാഗരും ദിതിയുടെ മക്കളായ അസുരരും. ജനമേജയന്റെ വംശഹത്യാക്കാലത്ത് വിമോചകനായി അവതരിക്കുന്ന ആസ്തികന്‍ അമ്മ വഴിക്ക് നാഗനാണ്. ഒരു പുഴുവായി വന്ന തക്ഷകന്‍ പരീക്ഷിത്ത് രാജാവിനോട് കണക്ക് തീര്‍ത്ത ഇതിഹാസത്തെ അതിമനോഹരമായി തങ്ങളുടെ സിനിമയില്‍, അതും ആനുകാലിക ഇന്ത്യയുടെ ദര്‍പ്പണപ്രതിഛായ എന്ന് പറയാവുന്ന പുഴുവില്‍ രതീനയും ഹര്‍ഷദും ശര്‍ഫുവും സുഹാസും ഇഴചേര്‍ക്കുന്നുണ്ട്.

ജാതിവിരുദ്ധതയുടെയോ 'ആന്റി ഇസ്‌ലാമോഫോബിയ'യുടെയോ ആഖ്യാനങ്ങളില്‍ പ്രതികാരത്തെ ചേര്‍ത്തുവെക്കുന്നതില്‍ താത്വികമായി ഈ കുറിപ്പുകാരന് യോജിപ്പൊന്നുമില്ല. സാനി കായിദം വരെയുള്ള തമിഴ് ജാതിവിരുദ്ധ സിനിമകള്‍ പലതും, മികച്ച സിനിമകളെങ്കിലും പ്രതികാരത്തിന്റെ ലൈനിലാണ് പോകുന്നത്. ഒരിക്കലും പ്രതികാരം പ്രതിരോധമല്ല. ശരിയായ സാമൂഹ്യ പ്രതിരോധത്തിന്റെ സാധ്യതകള്‍ അടച്ചിടുന്ന ഒന്നാണ് പ്രതികാരത്തിന്റെ സിദ്ധാന്തം. പ്രതികാരം വൈയക്തികമാണ്, പലപ്പോഴും അത് സാമൂഹ്യവിരുദ്ധവുമാണ്. പ്രതിരോധം പക്ഷേ സാമൂഹികമാണ്, ആവണം. സ്വാഭാവികമായും സമൂഹത്തെ പുതുക്കിപ്പണിയുന്നതിന് സഹായകമാകണം പ്രതിരോധം. അതേസമയം ഒരു സൈക്കോളജിക്കല്‍ മൂവി എന്ന വിശേഷണത്തിനും കൂടി അര്‍ഹമാകുന്ന പുഴു, പ്രതികാരത്തിന്റെ മനഃശ്ശാസ്ത്രത്തെയും വിശകലനം ചെയ്യുന്നുണ്ട്. അതിലുപരി വരേണ്യന്റെ ഭീതിയെയും. ആ ഭീതിയിലാണല്ലോ പുഴുവിലെ വരേണ്യനായ ഐ.പി.എസ്സുകാരന്‍ (നിനക്കൊക്കെ പറഞ്ഞ പണി കക്കൂസ് കഴുകലാണ് എന്ന ഡയലോഗും വരുന്നുണ്ട് മമ്മൂട്ടിയില്‍ നിന്ന്) സിനിമയിലുടനീളം ജീവിക്കുന്നത്. സത്യത്തില്‍ ഈ സിനിമയിലെ വരേണ്യനും ഇര തന്നെയാണ്. അവന്‍ തന്നെ കൊണ്ടുനടക്കുന്ന ജാതീയതയുടെയും പരവിദ്വേഷത്തിന്റെയും ഇര.

നല്ലൊരു സിനിമയാണ് പുഴു. ഉയര്‍ന്ന നിലവാരത്തിലുള്ള മെയ്കിങ്. ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും അത്യാകര്‍ഷകം. കൃത്യമായ സന്നിവേശവും. അത്യധികം ഷാര്‍പ്പാണ് ഫ്രെയിമുകളും സീനുകളും. ഏറ്റവും മിതമായാണ് പശ്ചാത്തല സംഗീതം ഉപയോഗിച്ചത്. മലയാള സിനിമയില്‍ പൊതുവെ പരമബോറായി കൈകാര്യം ചെയ്യപ്പെടുന്ന മേഖലയാണ് ബാക്ഗ്രൗണ്ട് സ്‌കോര്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒപ്പം മികച്ച ഒരു സൈക്കോ ത്രില്ലര്‍. ഒരു മാര്‍ലോവിയന്‍, അല്ലെങ്കില്‍ ഷെയ്ക്‌സ്പീരിയന്‍ നാടകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കഥാപാത്രങ്ങളുടെ അകങ്ങളിലേക്ക് അനുവാചകനെ അത് വഴിനടത്തുന്നു.

ഒരു വരേണ്യ കുടുംബം, അതിലെ അന്തസ്സ്, അതിന്റെ ഭാഗമായ അധികാരപ്രയോഗം, ആണഹന്ത എന്നു മുതല്‍ക്ക് ഇതിന്റെയൊക്കെ ഊടും പാവുമായി വര്‍ത്തിക്കുന്ന ജാത്യഹങ്കാരം, മുസ്‌ലിം വിരോധം തുടങ്ങിയ ഒരുപാട് വിഷയങ്ങളെ വളരെ ഷാര്‍പ് ആയി അവതരിപ്പിക്കുന്നു. ഒട്ടും മുദ്രാവാക്യങ്ങളുടെയോ ബഹളങ്ങളുടെയോ അകമ്പടിയില്ലാതെ. മമ്മൂട്ടിയുടെ, അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ്. അപ്പുണ്ണി ശശിയും പാര്‍വതിയും കോട്ടയം രമേശും അതുപോലെ കസറി. മറ്റ് അഭിനേതാക്കളും. വാസുദേവ് സജീഷ് എന്ന കുട്ടിയും നയന്‍ റോഷും ഉള്‍പ്പെടെ.

ഗുണപാഠം: കുട്ടപ്പന്‍ എന്ന കെ.പി പറയുന്നത് പോലെ ഇന്നാട്ടില്‍ റോബോട്ടുകള്‍ വന്നാല്‍ അവക്കിടയില്‍പ്പോലുമുണ്ടാകും ജാതിയും വിവേചനവും. ആ യാന്ത്രികതയില്‍പ്പോലുമുണ്ടാകും അപരവിദ്വേഷവും സവര്‍ണബോധവും. എന്നാല്‍, ഈ പുഴു അത്ര നിസ്സാരനല്ല. അവന്‍ തക്ഷകനാണ്. അവന്റെ ദംശനം ഏത് രാജാവിന്റെയും കുലം തന്നെ മുടിക്കാന്‍ പോന്നതുമാണ്.'

*************

ഇതില്‍പ്പറഞ്ഞ ചില കാര്യങ്ങള്‍ പുതുവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്നുകൂടി വിശദീകരിക്കാം.

1) മഹാഭാരതത്തിലെ തക്ഷകന്‍ എന്ന കഥാപാത്രത്തിന് നല്‍കുന്ന സങ്കീര്‍ണമായ ചില മാനങ്ങള്‍.

മിത്തുകളും ഇതിഹാസങ്ങളും വേദപുസ്തകങ്ങളിലെ കഥകളും ചരിത്രങ്ങളുമെല്ലാം പുതിയ കാലത്ത് പുതിയ രീതിയില്‍ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ്, ഒന്നാമതായും അവ സംവാദതലത്തില്‍ സജീവമായി നിലനില്‍ക്കുന്നതും രണ്ടാമതായി, പുതിയ അസ്തിത്വ, സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ അവ പ്രസക്തമാകുന്നതും.

പെട്ടെന്ന് ഓര്‍മ വരുന്നത് തുര്‍ക്കിക് ചലച്ചിത്രകാരനായ സെമി കപ്ലനൗഗ്ലുവിന്റെ 'Grain (Buഴday)' എന്ന, ഇംഗ്ലീഷ് സിനിമയാണ്. ഖുര്‍ആനിലെ മൂസാ നബിയുടെയും ഒരു അസാധാരണ, അപരിചിത വ്യക്തിയുടെയും കഥയെ പോസ്റ്റ് അപോകാലിപ്റ്റിക് പരിസരത്തിലേക്ക് മാറ്റിപ്പ്രതിഷ്ഠിക്കുന്ന കപ്ലനൗഗ്ലു, അദ്ദേഹത്തിന്റെ ഭാവനയില്‍ ജനിച്ചു ജീവിച്ച രണ്ട് കഥാപാത്രങ്ങളിലേക്ക് മൂസാ നബിയെയും മറുകഥാപാത്രത്തെയും ആവാഹിക്കുക എന്ന സാഹസത്തിന് കൂടി മുതിര്‍ന്നു.

ആവിഷ്‌കാരങ്ങള്‍ തന്നെ ഹറാമാണെന്ന് വാദിക്കുന്ന ഫത്വാകാരന്മാരുണ്ട്. ഇടക്ക് ഫത്വകള്‍ പുറപ്പെടുവിക്കുക എന്നതിനപ്പുറം നമ്മുടെ നാട്ടില്‍ അവരെക്കൊണ്ട് പ്രത്യേകിച്ച് ഉപദ്രവമൊന്നുമില്ല. എങ്ങാനം അബദ്ധത്തില്‍ അവര്‍ കപ്ലനൗഗ്ലുവിന്റെ സിനിമ കണ്ടിരുന്നെങ്കില്‍, സങ്കല്‍പത്തിലെ വിദൂരഭാവികാലത്ത് കോട്ടും സൂട്ടുമൊക്കെയിട്ട് നില്‍ക്കുന്ന ജനിതക ശാസ്ത്രജ്ഞന്‍ എറോള്‍ ഐറീനായി പുനര്‍ജന്മമെടുത്ത മൂസാ നബിയെയും താടിയും മുടിയും നീട്ടി ഭ്രാന്തനെപ്പോലെ പെരുമാറുന്ന ജമീല്‍ അക്മനിലേക്ക് പരകായ പ്രവേശം നടത്തിയ ഖിദ്‌റിനെയും (രസകരമായ വസ്തുതയെന്തെന്നാല്‍ മൂസായെ ആവാഹിച്ച് നില്‍ക്കുന്ന ഐറീന്‍ ഒരു മുസ്ലിം ആണെന്ന് പോലും പറയുന്നില്ല കപ്ലനൗഗ്ലു) കണ്ട്... ഒന്നുകില്‍ 'നേര്‍വഴിയി'ലായേനെ, അല്ലെങ്കില്‍ ഹൃദയസ്തംഭനം വന്ന് പണ്ടാരടങ്ങിയേനെ.

സെസുല്‍ ബി ഡെമിലിന്റെ (Cecil B DeMille) The Ten Commandments എന്ന സിനിമ കാണാത്ത ചലച്ചിത്ര പ്രേമികള്‍ ലോകത്ത് വളരെ കുറവായിരിക്കും. 1956ലാണ് ആ പടം ഇറങ്ങിയത്. എന്നാല്‍, ഇതേ ചലച്ചിത്രകാരന്‍, ഇതേ പേരില്‍ത്തന്നെ 1923ല്‍ ഇറക്കിയ മറ്റൊരു പടമുണ്ട്. ഒരു കറുപ്പും വെളുപ്പും നിശ്ശബ്ദ സിനിമ. '56ലെ സിനിമ അതിന്റെ സാങ്കേതിക മികവ് കൊണ്ടാണ് പ്രധനമായും ശ്രദ്ധിക്കപ്പെട്ടത്. മോശെയുടെ ഇതിഹാസം നേര്‍ക്കു നേരെ അവതരിപ്പിച്ച ഒന്നായിരുന്നു മൂന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ സിനിമ.


അതേ സമയം '23ലെ രണ്ടേ കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബ്ലാക് ആന്‍ഡ് വൈറ്റ് മൂവി രണ്ട് ഭാഗങ്ങളാണ്. The prologue എന്ന ആദ്യഭാഗം ഒന്നാം ലോക യുദ്ധം യൂറോപ്പിനേല്‍പിച്ച പ്രതിസന്ധികളുടെ ആധാരത്തില്‍, യൂദോ-ക്രിസ്ത്യന്‍ ധാര്‍മികതയിലേക്കുള്ള തിരിച്ചു പോക്കിന് ആഹ്വാനം ചെയ്യുന്നതെങ്കിലും അതില്‍ ആവിഷ്‌കരിക്കപ്പെടുന്നത് ഒവതാം പ്ലേഗിന് ശേഷം ഈജിപ്തില്‍ നിന്ന് മോശെയുടെ നേതൃത്വത്തില്‍ നടന്ന ഇസ്രായേല്യരുടെ പുറപ്പാടും പത്ത് കല്‍പനകളും സ്വര്‍ണ്ണപ്പശുപൂജയും എല്ലാം തന്നെ. എന്നാല്‍, The Story എന്ന രണ്ടാം ഭാഗം തീര്‍ത്തും ആധുനികമായ ഒരു കുടുംബത്തിന്റെ കഥയാണ്. ആധുനിക ജീവിതത്തില്‍ Ten Commandmenstന്റെ മിത്ത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാഴ്ച.

ഇനി മഹാഭാരതത്തിലേക്ക് വന്നാല്‍, ഒരുപക്ഷേ ഇതിഹാസ കഥകളുടെ സവിശേഷ വ്യക്തിത്വമുള്ള പുനരാഖ്യാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാളിദാസനിലാവാം. പിന്നെ പലരും പല രീതിയില്‍ ആവിഷ്‌കരിച്ചു. വി.എസ് ഖാണ്ഡേക്കര്‍, ശിവാജി സാവന്ത്, പ്രതിഭാ റായ് എന്ന് തുടങ്ങി നീണ്ടൊരു നിര. മഹാഭാരതത്തെ ഉപജീവിച്ച് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും കഥ പറയുന്നു ശശി തരൂരിന്റെ The Great Indian Novel. മലയാളത്തിലെ ഏറ്റവും മികച്ച അനുഭവം പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ തന്നെ. പിന്നെ എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴവും (എന്നെ വീണ്ടും വീണ്ടും വായിപ്പിച്ച ഒരേയൊരെംടിപ്പുസ്തകം).


തക്ഷകന്‍ എന്ന കഥാപാത്രത്തെ സമകാലിക സാഹചര്യങ്ങളിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരേ രൂപത്തില്‍ത്തന്നെ വിരുദ്ധങ്ങളായ ആശയങ്ങള്‍ കൊണ്ടുവരുന്നുണ്ട് പുഴുവിന്റെ തിരക്കഥാകൃത്തുക്കള്‍. പരീക്ഷിത്ത് രാജാവിന്റെ പഴക്കൂടയിലെ ഒരു പുഴുവാണ് തക്ഷകനായി വളര്‍ന്ന് രാജാവിന് വിഷബാധയേല്‍പിച്ചത്. ഇന്ത്യന്‍ സമൂഹഗാത്രത്തെത്തന്നെ പുഴുവരിക്കുന്ന ജാതീയതയുടെ അടയാളമായി അവിടെ തക്ഷകനെ വായിക്കാം. എന്നാല്‍, മറുഭാഗത്ത്, പുഴു എന്നത് ഒരു സവര്‍ണ മനോഭാവമാണ്. അവര്‍ണരും അസ്പൃശ്യരുമായ ജനത പുഴുവിന് സമമാണ് സവര്‍ണ സൈക്കില്‍. പുഴുവായി വരുന്ന തക്ഷകപ്പാമ്പ് അധീശ വ്യവസ്ഥയുടെ നടത്തിപ്പുകാരനായ രാജാവിനെ കൊത്തുകയാണ്. പുരാണങ്ങളിലെ അധഃസ്ഥിത വിഭാഗങ്ങളെപ്പറ്റി പറഞ്ഞല്ലോ. നാഗരുടെ പ്രതിനിധിയാണ് തക്ഷകന്‍. തക്ഷകന്‍ തിരിഞ്ഞു കൊത്തിയതിന്റെ മറവില്‍ ജനമേജയന്റെ കാലത്ത് നാഗര്‍ക്ക് നേരെ ഭീകര വംശഹത്യ നടന്നു. (ഇസ്രായേല്‍ തങ്ങളുടെ ഫലസ്തീന്‍ വംശഹത്യക്ക് ഒക്ടോബര്‍ 7 നെ മറയാക്കിയതിനെത്തുടര്‍ന്ന് പ്രചരിപ്പിക്കപ്പെട്ട നോം ചോംസ്‌കിയുടെ വരികള്‍ ഓര്‍മ വരും). നാഗരുടെ വിമോചകനായി വന്ന ആസ്തികനും അമ്മ വഴിക്ക് നാഗന്‍ തന്നെ). മഹാഭാരതത്തിന്റെ പുനരാഖ്യാനങ്ങളില്‍ വിയോജിപ്പിന്റെയും വിപ്ലവത്തിന്റെയും നവീന മാതൃക സൃഷ്ടിക്കുന്നുണ്ട് പുഴു എന്ന സിനിമ.


*************

2) സിനിമയുടെ ഘടനയെയും നിര്‍മാണത്തെയും പറ്റി പറഞ്ഞല്ലോ. ഇതിന്റെ കഥ തന്നെയും പരമ്പരാഗതമായ ആഖ്യാന രീതികളെ വെല്ലുവിളിക്കുന്നുണ്ട്. ഒരു ദലിതന്റെ അടിമ ജീവിതത്തിലൂടെയല്ല, മറിച്ച് ഒരു സവര്‍ണന്റെ അസ്തിത്വ സംത്രാസങ്ങളിലൂടെ മുന്നോട്ട് പോകുന്നു എന്നതാണ് പുഴുവിന്റെ പ്രത്യേകത. ചിത്രത്തിലെ പ്രധാന കഥാപാത്രം മമ്മൂട്ടിയുടെ സവര്‍ണ ഐ.പി.എസ് തമ്പുരാനാണെങ്കിലും, ശരിക്കും ഒരു പ്രോട്ടഗൊണിസ്റ്റ് എന്ന് പറയാവുന്ന ഒരു കഥാപാത്രവും സിനിമയിലില്ല. അതേസമയം അതിലെ ആന്റെഗൊണിസ്റ്റ് ഒരു വ്യക്തിയല്ല, മറിച്ച് ജാതി എന്ന സിസ്റ്റം ആണ്. ഐ.പി.എസ്സുകാരന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് പുഴു എന്ന ചിത്രം പൂര്‍ണമായും സഞ്ചരിക്കുന്നത്. ശരിക്കും ദലിതന്റെ ദൈന്യത അല്ല ജാതി, മറിച്ച് സവര്‍ണന്റെ വൈകല്യമാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി ആഗ്രഹിക്കേണ്ടത് കറുത്തവരല്ല, മറിച്ച് വര്‍ണത്തിന്റെ പേരില്‍ വലിയൊരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന അമേരിക്ക തന്നെയാണ് എന്ന് പറയുന്നുണ്ട് ജയിംസ് ബാള്‍ഡ്വിന്‍. സവര്‍ണന്‍ തന്നെ ഇരയായിത്തീരുന്ന, അക്കൂട്ടത്തിലെ ഓരോ 'നല്ലവനെ'യും ജാത്യടിമയാക്കി നിലനിര്‍ത്തുന്ന സാഹചര്യങ്ങള്‍ക്ക് നേരെ കാമറ തിരിച്ചു പിടിക്കുകയാണ് പുഴുവിന്റെ സാക്ഷാത്കാരക.

*************

3) 'ഇന്നാട്ടില്‍ റോബോട്ടുകള്‍ വന്നാല്‍ അവക്കിടയില്‍പ്പോലുമുണ്ടാകും ജാതിയും വിവേചനവും' എന്ന വര്‍ത്തമാനം വെറുതെ ഉദ്ധരിച്ചതല്ല. ഇന്ത്യന്‍ സമൂഹഗാത്രത്തില്‍ ഇത്രയുമാഴത്തില്‍ പുഴുക്കുത്തേല്‍പിച്ച ഒരു മഹാമാരി ജാതി പോലെ മറ്റൊന്നില്ല. ശുദ്ധാശുദ്ധ നിയമങ്ങളിലധിഷ്ഠിതമായ അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും ഭൂരിഭാഗം വരുന്ന സാമൂഹ്യ വിഭാഗങ്ങളെ അസ്പൃശ്യരാക്കി മാറ്റി. ജാതിവൈവിധ്യങ്ങള്‍ ഉള്ളതു കൊണ്ട് മാത്രം ഒരു സമൂഹത്തെ ജാതീയം എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. ജാതിയം എന്നോ ജാത്യധിഷ്ഠിതം എന്നോ വിളിക്കാവുന്ന ഒരു സമൂഹത്തിന്റെ രൂപപ്പെടല്‍, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ താഴെപ്പറയുന്ന വിധത്തിലാവാം.

1) ഒന്നാമതായും ഒരിക്കലും തിരിച്ചിടാന്‍ സാധിക്കാത്ത ഒരു ശ്രേണി രൂപപ്പെട്ടു.

2) അതിലൂടെ ആ സമൂഹത്തില്‍ സാമൂഹിക അസമത്വങ്ങള്‍ അടയാളപ്പെട്ടു.

3) സ്വാഭാവികമായും ആ ശ്രേണി അത്തരം അസമത്വങ്ങളെ സൈദ്ധാന്തികമായി ന്യായീകരിച്ചു.

4) ആ ശ്രേണിയിലെ ഏറ്റവും ഉന്നതമായ സ്ഥാനം തങ്ങള്‍ക്കാണെന്ന് വാദിച്ചിരുന്നവര്‍ അതിനുള്ള ന്യായമായി പ്രകൃത്യതീതമായ അവകാശവാദങ്ങളും വൈദികമായ ന്യായങ്ങളും മുന്നോട്ട് വെച്ചു.

5) അനുഷ്ഠാനപരമായ ശുദ്ധാശുദ്ധ നിയമങ്ങള്‍ ഇതിന് പിന്‍ബലമായി വര്‍ത്തിച്ചു.

6) ഇപ്രകാരം ഒരു ശ്രേണീബദ്ധത രൂപപ്പെട്ടതു കൊണ്ടു തന്നെ സാമ്പത്തിക സ്രോതസ്സുകള്‍ വ്യത്യസ്ത കൂട്ടങ്ങള്‍ക്ക് വ്യത്യസ്ത അളവുകളില്‍ മാത്രമേ ലഭ്യമായുള്ളൂ.

ഈ ഘട്ടങ്ങളിലൂടെ രൂഢമായ ജാതീയതക്കെതിരായ നിരവധി കലാപങ്ങള്‍ക്ക് ഇന്ത്യാ ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉപനിഷത്തുകള്‍ തൊട്ട് ബുദ്ധനും മഹാവീരനും കലാപങ്ങളുയര്‍ത്തി. ആധുനിക കാലത്തും ഇത്തരം പ്രതികരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നുവെച്ചാല്‍ ജാതീയത അത്രമേല്‍ ശക്തിയില്‍ ഇന്ത്യന്‍ സമൂഹത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. അതിന്റെ എല്ലാ പുരോഗതികളെയും തടസ്സപ്പെടുത്തുന്ന വിധത്തില്‍, ഒട്ടും അദൃശ്യമല്ലാത്ത ഒരു മതിലായി.


*************

രാഷ്ട്രീയമോ നിലപാടോ ഇല്ലാത്ത ആളാണ് മമ്മൂട്ടി എന്ന് ഞാന്‍ പറയില്ല. പക്ഷേ, എപ്പോഴും ഒരു സെയ്ഫ് സോണില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നയാളും കൂടിയാണ് അദ്ദേഹം. അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ അവരുടെ പാട്ടിന് വിട്ടേക്കാം. നമുക്കവരുടെ കഴിവുകളെ സ്‌നേഹിക്കാം. ഒരു പ്രകാശ്‌രാജോ നസറുദ്ദീന്‍ ഷായോ നന്ദിതാ ദാസോ പാര്‍വതി തെരുവോത്തോ ആകാന്‍ മമ്മൂക്കാക്ക് ഏഴ് ജന്മത്തില്‍പ്പോലും പറ്റിയെന്നു വരില്ല. എന്നാല്‍, അങ്ങനെയുള്ളവരും കൂടി അടങ്ങുന്നതാണ് സമൂഹം. അവരുടേതും കൂടിയാണ് ജനാധിപത്യം.

അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ രാഷ്ട്രീയം അവരുടെ ജീവിതത്തില്‍ ഇടപെടുന്നതും കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മലയാള സിനിമയില്‍ ഇസ്ലാമോഫോബിക് പൊതുബോധത്തിന്റെ പ്രത്യക്ഷ പ്രകാശനത്തിന് തുടക്കം കുറിച്ചത് എന്നാരോപിക്കപ്പെട്ട ധ്രുവത്തിലെ നാടുവാഴി മന്നാടിയാരായി വേഷമിട്ടതും മമ്മൂട്ടിയാണ്. എന്നാല്‍ സംഘി, കാസ രാഷ്ട്രീയങ്ങള്‍ക്ക് മമ്മൂട്ടി എന്ന പേര് ഒരു വിഷയമാണ്. മലയാളത്തിലെ സെലിബ്രിറ്റികളുടെ ലോകത്ത് ആ പേര് അജയ്യമായി നിലകൊള്ളുന്നതും പ്രശ്‌നമാണ്.

എന്നാല്‍, ഒരുപക്ഷേ അവരെ അതിനെക്കാള്‍ അലോസരപ്പെടുത്തുന്നത് ഹര്‍ഷദിന്റെയും സുഹൃത്തുക്കളുടെയും രാഷ്ട്രീയമാവാം. ഹര്‍ഷദ് തന്നെ സംവിധാനം ചെയ്ത 'ദായോം പന്ത്രണ്ടും' എന്ന സിനിമയില്‍ ആ രാഷ്ട്രീയമുണ്ട്. ശേഷം അദ്ദേഹം തിരക്കഥയെഴുതിയ 'ഉണ്ട'യിലും അതുണ്ട്. 'പുഴു' അതിന്റെ ഏറ്റവും ശക്തമായ പ്രകാശനമാണ്. അതേസമയം ഹര്‍ഷദ് ആഗ്രഹിക്കുന്ന മാനുഷികതയുടെ ബോധത്തെ ഈ സിനിമകള്‍, വിശേഷിച്ച് കഠിനകഠോരമീയണ്ഡകടാഹം കൂടുതല്‍ ഉജ്വലമായി പ്രകാശിപ്പിക്കുന്നുമുണ്ട്.




TAGS :