Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 27 March 2023 12:46 PM GMT

രാഹുലിനെ അയോഗ്യനാക്കിയതിന്റെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍

പാര്‍ലമെന്റിന് അകത്ത് മൈക്ക് ഓഫ് ചെയ്യാനും, പറഞ്ഞ വാക്കുകള്‍ മായ്ച്ചു കളയാനും പഴയ ആര്‍.എസ്.എസ്സുകാരനായ ഓം ബിര്‍ളക്ക് സാധിച്ചേക്കും. എന്നാല്‍, പുറത്തുള്ള രാഹുല്‍ അതിനേക്കാള്‍ അപകടകാരിയാണ് എന്ന വസ്തുത വൈകിയാണെങ്കിലും അവര്‍ ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

രാഹുലിനെ അയോഗ്യനാക്കിയതിന്റെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍
X

കഴിഞ്ഞയാഴ്ച്ച സൂറത്തിലെ ഒരു കോടതി മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചക്കുകയും, അത് വാര്‍ത്തയാകുകയും ചെയ്തു. പിറ്റേന്ന് തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പില്‍, ഈ കാരണം കൊണ്ട് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി എന്ന അറിയിപ്പും വന്നു. ശിക്ഷിച്ച കോടതിയുടെ വിധി അവിടെ നില്‍ക്കട്ടെ, അതില്‍ അപ്പീല്‍ പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍, 24 മണിക്കൂറിനുള്ളില്‍ ലോക്‌സഭാ സ്പീക്കര്‍ ഈ തീരുമാനത്തിലേക്ക് എത്തിയതിന്റെ റൂട്ട് മാപ്പ് നോക്കിയാല്‍ നമ്മള്‍ അത്ഭുതപ്പെട്ടു പോകും.

ഒരു എം.പിയെ ഇപ്രകാരം ഏതെങ്കിലും കോടതി രണ്ട് വര്‍ഷമോ അതില്‍ അധികമോ സമയത്തേക്ക് ശിക്ഷിച്ചാല്‍ നമ്മുടെ ഭരണഘടന സംവിധാനം സ്വീകരിക്കേണ്ട നടപടികള്‍ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എം.പി അയോഗ്യനാക്കപ്പെടും എന്ന് തന്നെയാണ് നിയമം പറയുന്നത്. ആദ്യ നടപടി സ്പീക്കറാണ് സ്വീകരിക്കേണ്ടത്. സ്പീക്കറുടെ ഓഫിസ് ഈ വിധിയെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിഡന്റിന്റെ അനുവാദത്തോടെ ഇലക്ഷന്‍ കമീഷന് അയക്കുകയാണ് വേണ്ടത്. ഇത് ലഭിക്കുന്ന മുറയ്ക്ക്, റിപ്പോര്‍ട്ട് പരിശോധിച്ചു, അതിനെ വിലയിരുത്തി, അതിന്റെ നിയമവശങ്ങള്‍ തൃപ്തികരമാണെങ്കില്‍ എം.പിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി സ്പീക്കറുടെ ഒപ്പിനായി അയച്ചു കൊടുക്കും.


രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ മുന്‍നിര നേതാവ് എന്ന നിലയില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ബഹുമാന്യരും, അവരുടെ ഓഫിസുകളും ഇത്തരം ഒരു നടപടിയെടുക്കുമ്പോള്‍ രണ്ടുപ്രാവശ്യമെങ്കിലും ചിന്തിക്കും. എന്നാല്‍, 24 മണിക്കൂറിനുള്ളില്‍ ഇത്രയെല്ലാം കത്തിടപാടുകളും, നിയമവശങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിക്കപ്പെട്ടു എന്ന് പറയുന്നത് അത്ഭുതം തന്നെ. ഇതിന് ചുക്കാന്‍ പിടിച്ചവരുടെ യുക്തിയെ മാറ്റിവെച്ചാല്‍ തന്നെയും, രാജ്യത്തെ പരമോന്നതമായ കസേരകളില്‍ ഇരിക്കുന്ന ഈ വ്യക്തിത്വങ്ങള്‍ക്ക് എങ്ങനെ ഇപ്രകാരം ചട്ടുകങ്ങളാകാന്‍ സാധിക്കുന്നു! സ്പീക്കറുടെയും, ഇലക്ഷന്‍

കമീഷന്റെയും നിഷ്പക്ഷതയെ പലതവണ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, ഇങ്ങനെ ഭരണഘടനാ കീഴ്‌വഴക്കങ്ങളെ കാറ്റില്‍ പറത്തിയ മറ്റൊരു അവസരം കാണാന്‍ സാധിക്കില്ല. മുന്‍പെല്ലാം നിഷ്പക്ഷരാണെന്ന് നടിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന നിലയിലാണ് ഈ പ്രകടനങ്ങള്‍. ബഹുമാന്യയായ പ്രസിഡന്റിനു ഇതില്‍ വലിയ റോള്‍ ഇല്ലെങ്കിലും, ഈ തിടുക്കപ്പെട്ടു നടത്തിയ നീക്കങ്ങളില്‍ അവരും അറിഞ്ഞുകൊണ്ട് തന്നെ ഭാഗഭാക്കായി സ്വയം ചെറുതായിപ്പോയി എന്നത് തന്നെയാണ് സത്യം.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരില്‍ ഇത്തരം ഒരു ശിക്ഷ വിധിക്കാന്‍ കോടതിക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ പല നിയമവിദഗ്ധരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ സംശയങ്ങള്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്ന കോടതികളില്‍ ഉന്നയിക്കപ്പെടുകയും, ന്യായമായ ഒരു തീരുമാനത്തിലേക്ക് എത്തുകയും ചെയ്യും എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, വിധിയേക്കാള്‍ അവരെ അത്ഭുതപ്പെടുത്തിയത്, വിധി വന്ന വഴികളാണ്. 2019ല്‍ കൊടുത്ത കേസില്‍ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോയത് കേസ് കൊടുത്ത ബി.ജെ.പി എം.എല്‍.എ തന്നെയാണ്. എന്നാല്‍, രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മോദി-അദാനി ബന്ധത്തിനെതിരെ ആഞ്ഞടിച്ച ഫെബ്രുവരിയില്‍ അയാള്‍ തന്നെ സ്റ്റേ അപേക്ഷ പിന്‍വലിക്കുകയും

കീഴ്‌ക്കോടതിയില്‍ കേസുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇതേ ദിവസങ്ങളില്‍ തന്നെ കോടതിയിലെ ജഡ്ജിക്ക് പകരം പുതിയ ഒരു ജഡ്ജി വരികയും ചെയ്തു. ഇതെല്ലം സംഭവിച്ചു ഒരു മാസത്തിനുള്ളില്‍ രാഹുലിന് എതിരായുള്ള വിധിയും വന്നു!

വിധിയില്‍ പരാമര്‍ശിക്കപ്പെട്ട പ്രഭാഷണത്തില്‍ പറഞ്ഞ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് രാഹുല്‍ കുറ്റക്കാരനാണെന്നു ബി.ജെ.പി വാദിച്ചത്. ഈ ബി.ജെ.പിയുടെ മോദിയാണ് പണ്ട് മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ച് 'ഹം പാഞ്ച്, ഹമാരെ പച്ചീസ്' എന്ന് പറഞ്ഞത്. ആ സമുദായത്തിലെ ബഹുഭാര്യാ സംസ്‌കാരത്തെ കളിയാക്കി, ഇങ്ങനെയാണോ രാജ്യം വികസിക്കേണ്ടത് എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചപ്പോള്‍, അതില്‍ ആരും രാഷ്ട്രീയ സഭ്യതയുടെ പ്രശ്‌നം ഉന്നയിച്ചില്ല. ആ സമുദായത്തെക്കാള്‍, ബഹുഭാര്യ ബന്ധങ്ങള്‍ മറ്റ് സമുദായങ്ങളിലാണ് കൂടുതലായി ഉള്ളത് എന്നത് സത്യമാണെന്നിരിക്കെയാണ് ഇത് എന്ന് കൂടി ഓര്‍ക്കണം. സോണിയ ഗാന്ധിയെ ജേഴ്‌സി പശുവിനോടും, രാഹുലിനെ സങ്കര കന്നുകുട്ടിയുമായും തുലനം ചെയ്തു സംസാരിച്ചതും സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതാവായ മോദി തന്നെയാണ്. ഗ്രാമത്തില്‍ ഖബര്‍സ്ഥാന്‍ ഉണ്ടാക്കിയാല്‍ അതിനൊപ്പം ശ്മാശാനവും ഉണ്ടാക്കണം എന്ന് പ്രസംഗിച്ചതും വിശ്വഗുരു എന്ന് ബി.ജെ.പി വിളിക്കുന്ന മോദി തന്നെയാണ്. ഈ സംസ്‌കാരത്തില്‍ നിന്നുകൊണ്ടാണ് ഇന്നവര്‍ രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തെ കുറ്റപ്പെടുത്തുന്നതു എന്നോര്‍ക്കണം.

തിരിച്ചടികളില്‍ നിന്നും തന്റെ മുത്തശ്ശി തിരിച്ചു വന്ന അതേ വാശിയോടെ താനും തിരിച്ചടിക്കും എന്നാണ് രാഹുലിന്റെ ഇന്നത്തെ പ്രകടനം പറയുന്നത്. ഒരടി പോലും പിന്നോട്ടില്ല എന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്ന് പറഞ്ഞ രാഹുല്‍, മോദിക്ക് നേരെ വീണ്ടും അദാനിയുടെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രകടനത്തെക്കാള്‍ വിശാലമായ ഒരു മാധ്യമ ശ്രദ്ധ ഈ പത്രസമ്മേളനത്തിന് കിട്ടി എന്നാണ് സത്യം.

തിരഞ്ഞെടുപ്പ് റാലികളില്‍ സംഘ്പരിവാര്‍ നേതാക്കള്‍ വിതറുന്ന വിദ്വേഷ പ്രസ്താവനകള്‍ക്ക് എതിരെ ഇലക്ഷന്‍ കമീഷന്‍ ഇത്ര തിടുക്കത്തില്‍ എന്തേ നടപടി എടുക്കുന്നില്ല? കൊലപാതകികളെ മാലയിട്ടു സ്വീകരിച്ച ലോക്‌സഭാ അംഗങ്ങള്‍ക്ക് എതിരെ സ്പീക്കര്‍, സഭയുടെ തലവന്‍ എന്ന നിലയ്ക്ക്, ഒരിക്കലെങ്കിലും പ്രസ്താവന നടത്തിയോ? തിരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എല്‍.എമാരും വേദികളില്‍ കയറി നിന്ന് രാഷ്ട്രപിതാവ് ഗാന്ധിജിയെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെയും തള്ളിപ്പറയുമ്പോള്‍ രാഷ്ട്രപതി ഒരു താക്കീതെങ്കിലും നല്‍കിയോ?

പാര്‍ലമെന്റിന് അകത്തും പുറത്തും രാഹുല്‍ ഗാന്ധി ഇതിനു മുന്‍പും ഭരണപക്ഷത്തെ ആക്രമിച്ചിട്ടുണ്ടെങ്കിലും, അദാനി വിഷയത്തിലാണ് ഇത്ര കൃത്യമായി പ്രധാനമന്ത്രിയെ ഒറ്റപ്പെടുത്തി സംസാരിച്ചത്. തങ്ങളുടെ നേതാവിന്റെയും ഭരണത്തിന്റെ നിലനില്‍പിന്റെ മൂലകാരണവുമായ മൂലധന ശേഖരത്തിന്റെ കടക്കല്‍ കത്തിവെച്ചത് അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അദാനി പാര്‍ട്ടിയുമായിട്ടല്ല, നേരിട്ട് മോദിയുമായിട്ടാണ് ഇടപാടും ചങ്ങാത്തവും എന്നത് എടുത്തു പറഞ്ഞത് അവരെ സംബന്ധിച്ചിടത്തോളം പൊറുക്കാന്‍ പറ്റാത്ത ഒന്നായി. ചരിത്രത്തില്‍ ആദ്യമായി ഒരു ബിസിനസുകാരന്റെ അഴിമതിയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ സഭാനടപടികളില്‍ നിന്ന് സ്പീക്കര്‍ നീക്കം ചെയ്യുന്ന കാഴ്ചയും നാം കണ്ടു. അങ്ങനെ നീക്കം ചെയ്തില്ലായിരുന്നെങ്കില്‍, പ്രധാനമന്ത്രി ആ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും എന്നതായിരുന്നു കാരണം. ഭാരത് ജോഡോ യാത്രയുടെ തിളക്കത്തില്‍ നിന്ന് കൊണ്ട്, ഒരു മടിയും കൂടാതെ മമ്മട്ടിയെ മമ്മട്ടി എന്ന് വിളിക്കാനുള്ള രാഹുലിന്റെ ചങ്കൂറ്റത്തില്‍, അതും അടുത്ത പൊതുതിരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം അവശേഷിക്കേ, അവര്‍ ഭയപ്പെട്ടു എന്ന് തന്നെ വേണം കരുതാന്‍. അങ്ങനെ പല്ലിറുമ്മി നോക്കി ഇരിക്കുമ്പോള്‍ തിരിച്ചടിക്കാന്‍ കിട്ടിയ ഒരു അവസരം അവര്‍ ഉപയോഗപ്പെടുത്തി എന്നതാണ് ഇന്നത്തെ ഈ സംഭവവികാസങ്ങള്‍ കാണിച്ചു തരുന്നത്. പക്ഷെ, അതിനായി ഭരണഘടനാ സ്ഥാപനങ്ങളെയും, അവിടെ ഉപവിഷ്ടരായിരുന്നവരെയും യാതൊരു മടിയും കൂടാതെ ഉപയോഗിച്ച് നാണം കെടുത്തി എന്നതാണ് സത്യം. ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണ്, ഇതിലപ്പുറവും പ്രതീക്ഷിക്കാം. എങ്കിലും ഇതുകൊണ്ട് രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ പറ്റും എന്ന് അവര്‍ കരുതിയെങ്കില്‍ ആ കണക്കുകൂട്ടലുകള്‍ പിഴച്ചേക്കും.


ഈ വിധിയെയും അതിനെത്തുടര്‍ന്ന് ഉണ്ടായ അയോഗ്യതെയും ഇന്ദിര ഗാന്ധിയുടെ ഇലക്ഷന്‍ കേസുമായും, അതിനെ തുടര്‍ന്നുണ്ടായ ഭരണ നഷ്ടത്തോടും ചേര്‍ത്ത് വായിക്കുന്നവരുണ്ട്. പ്രാഥമികമായ വായനയില്‍ തന്നെ അത് ശരിയല്ല എന്ന് തിരിച്ചറിയാം. ഇന്ദിരാഗാന്ധിയുടെ കാര്യത്തില്‍ അതൊരു ഇലക്ഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട വിധിയായിരിന്നു. ഇതാകട്ടെ ഒരു മാനനഷ്ടക്കേസും. എന്നാല്‍, ഇന്ന് രാഹുല്‍ നിറഞ്ഞ ഹാളില്‍, നൂറു കണക്കിന് പത്രപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പത്രസമ്മേളനം വരാന്‍ ഇരിക്കുന്ന നാളുകളിലേക്ക് ഒരു ചൂണ്ടു പലകതന്നെയാണ്. തിരിച്ചടികളില്‍ നിന്നും തന്റെ മുത്തശ്ശി തിരിച്ചു വന്ന അതേ വാശിയോടെ താനും തിരിച്ചടിക്കും എന്നാണ് രാഹുലിന്റെ ഇന്നത്തെ പ്രകടനം പറയുന്നത്. ഒരടി പോലും പിന്നോട്ടില്ല എന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്ന് പറഞ്ഞ രാഹുല്‍, മോദിക്ക് നേരെ വീണ്ടും അദാനിയുടെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രകടനത്തെക്കാള്‍ വിശാലമായ ഒരു മാധ്യമ ശ്രദ്ധ ഈ പത്രസമ്മേളനത്തിന് കിട്ടി എന്നാണ് സത്യം. ഭരണപക്ഷ തണലില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പല പത്രമേധാവികളും, ഈ സമ്മേളനത്തില്‍ പങ്കെടുത്ത് രാഹുലിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത്, മോദിക്ക് നേരെയുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ ആസ്വദിച്ച തങ്ങളുടെ ബീറ്റ് പത്രപ്രവര്‍ത്തകര്‍ക്ക് നേരെ രോഷം കൊള്ളുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിച്ചു. എന്ത് ഉദ്ദേശിച്ചാണോ രാഹുലിനെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയത്, അത് തങ്ങള്‍ക്ക് അപകടം വരുത്തി വെക്കുന്നു എന്നാണ് ഭരണ പക്ഷത്തിന്റെ പേടി. പാര്‍ലമെന്റിനു അകത്തു മൈക്ക് ഓഫ് ചെയ്യാനും, പറഞ്ഞ വാക്കുകള്‍ മായിച്ചു കളയാനും പഴയ ആര്‍.എസ്.എസ്സുകാരനായ ഓം ബിര്‍ളയ്ക്ക് സാധിച്ചേക്കും. എന്നാല്‍, പുറത്തുള്ള രാഹുല്‍ അതിനേക്കാള്‍ അപകടകാരിയാണ് എന്ന വസ്തുത വൈകിയാണെങ്കിലും അവര്‍ ഇന്ന്

തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. രാഹുലിന്റെ പ്രതിപക്ഷ നേതൃത്വ സ്ഥാനത്തിനും ഭരണപക്ഷത്തിന്റെ അപക്വമായ ഈ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കും എന്നും അവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത വന്നയുടനെ, അസാധാരണമായ പ്രതിപക്ഷ ഐക്യമാണ് രാജ്യത്തുടനീളം കണ്ടത്. രാഹുലിന് എതിരായ നീക്കത്തിന് മോദിക്കും കൂട്ടാളികള്‍ക്കും രാഷ്ട്രീയമായും, ധാര്‍മികമായും ഒരു അവകാശവുമില്ല എന്നാണ് അവരുടെ അഭിപ്രായം.


അതിനാല്‍ 2024ലെ തിരഞ്ഞെടുപ്പില്‍ ഒരു വാക്കോവര്‍ പ്രതീക്ഷിച്ച ബിജെപിക്ക് ഈ സംഭവവികാസങ്ങള്‍ താല്‍ക്കാലികമായെങ്കിലും നിയമപരമായും, രാഷ്ട്രീയപരമായും, സാംസ്‌കാരികമായും തിരിച്ചടിയാകും എന്ന് തന്നെയാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. പക്ഷെ, ഒരു രാജ്യം, ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കാന്‍ പ്രതിഞ്ജ എടുത്ത സംഘ്പരിവാര്‍ ശക്തികള്‍ ഇതിനെ എതിര്‍ക്കാന്‍ ഏതറ്റം വരെയും പോകും എന്ന് ഉറപ്പാണ്. അത്തരം ഒരു നീക്കത്തിലൂടെ ഭരണഘടനയെ എത്രത്തോളം ഇല്ലാതാക്കിക്കളയും എന്നതാണ് ഇപ്പോള്‍ മതേതരത്വ ജനാധിപത്യവാദികളായ യഥാര്‍ഥ ദേശ സ്‌നേഹികള്‍ ഭയപ്പെടുന്നത്. ഇത് മുന്നില്‍ കണ്ടു ഇപ്പോഴുള്ള ഈ സമാന ചിന്തകള്‍, 2024ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ വോട്ടുകളായി രൂപാന്തരപ്പെട്ടില്ലെങ്കില്‍ പിന്നെ ഒരു തിരിഞ്ഞുനോട്ടം അസാധ്യമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.


TAGS :