Quantcast
MediaOne Logo

അല്‍പാ ഷാ

Published: 11 July 2024 7:15 AM GMT

ചുവപ്പും പച്ചയും: പുതിയൊരു തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തിന്റെ പിറവി

യൂണിയന് ആരോഗ്യ വകുപ്പ്, കുട്ടികളുടെ വകുപ്പ്, വനിതാ വിഭാഗം, സാംസ്‌കാരിക വിഭാഗം എന്നിവയുണ്ടായിരുന്നു. പരിസ്ഥിതി മലിനീകരണത്തിനെതിരെയും അവരുടെ തൊഴിലാളികള്‍ക്കിടയില്‍ മദ്യപാനത്തിന് കാരണമാകുന്ന മദ്യ കരാറുകാര്‍ക്കെതിരെയും അതില്‍ കാമ്പയ്‌നുകള്‍ ഉണ്ടായിരുന്നു. തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമല്ല, തൊഴിലാളി-കര്‍ഷക സഖ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു യൂണിയനായിരുന്നു അത്. (അല്‍പാ ഷാ യുടെ ' The Incarceration: BK-16 and the search for Democracy in India' എന്ന പുസ്തകത്തില്‍ നിന്നും)

തൊഴിലാളികള്‍ സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റല്‍
X

ഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് യാത്ര ചെയ്യുന്ന ട്രെയിന്‍ കാര്‍ഷിക സമതലങ്ങളിലൂടെ കുതിക്കുന്നു, ഒടുവില്‍ നിമ്നോന്നതങ്ങളായ വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നു. ഇവിടംതൊട്ട് ഭൂമി ചുവപ്പായി മാറുന്നു; ഈ വനങ്ങളുടെ ആഴങ്ങളില്‍ കിടക്കുന്ന ഇരുമ്പയിര് സമ്പത്തിന്റെ ആദ്യ അടയാളം. എന്നാലതേസമയം ഗ്രാമങ്ങള്‍ ചെറുതും ചിതറിയതായും കാണപ്പെടുന്നു. കോണ്‍ക്രീറ്റ്, ഇഷ്ടിക നിര്‍മാണങ്ങള്‍ക്ക് പകരം ഒതുക്കമുള്ള ഒറ്റനില മണ്‍കുടിലുകള്‍. വൈദ്യുതി ലൈനുകള്‍ ഇവിടെ അവസാനിക്കുന്നു.

'ദരിദ്ര ജനങ്ങളുടെ സമ്പന്നമായ നാട്', ധാതു സമ്പന്നമായ മധ്യ-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവയെക്കുറിച്ച് സുധ ഭരദ്വാജിന്റെ ആത്യന്തിക ബോധ്യം ഇങ്ങനെയാണ്. ഇരുമ്പയിര്, കല്‍ക്കരി, ബോക്‌സൈറ്റ്, ചുണ്ണാമ്പുകല്ല്, ടിന്‍, ഡോളമൈറ്റ്, ക്വാര്‍ട്‌സൈറ്റ്, യുറേനിയം എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കരുതല്‍ ശേഖരം സ്ഥിതി ചെയ്യുന്ന ഭൂപ്രദേശങ്ങള്‍. എന്നാല്‍, അവയ്ക്ക് മുകളില്‍ രാജ്യത്തെ, തീര്‍ച്ചയായും ലോകത്തിലെ തന്നെ-ഏറ്റവും ദരിദ്രരായ ചിലര്‍ ജീവിക്കുന്നു.

തൊഴിലാളികള്‍ ചേര്‍ന്ന് അവര്‍ക്കായി ഷഹീദ് ഹോസ്പിറ്റല്‍ - 'രക്തസാക്ഷികളുടെ ആശുപത്രി' എന്ന പേരില്‍ ഒരു ആശുപത്രി നിര്‍മിച്ചു. 1977-ല്‍ നിയോഗിയെ അറസ്റ്റ് ചെയ്യുകയും പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തപ്പോള്‍ കൊല്ലപ്പെട്ട, പണിമുടക്കിലേര്‍പ്പെട്ടിരുന്ന പതിനൊന്ന് കരാര്‍ തൊഴിലാളികളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

യു.കെയിലെയും യു.എസിലെയും വിദൂര നഗരങ്ങളിലെ കോര്‍പ്പറേറ്റ് വരേണ്യവര്‍ഗം ഈ ധാതു സമ്പത്ത് ചൂഷണം ചെയ്യുന്നതിനായി, ഇന്ത്യന്‍ ഭരണകൂട സഹായത്തോടെ, തദ്ദേശീയരെ സമൂഹങ്ങളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതുകാരണം തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം സമൃദ്ധി ശാപമായി മാറിയ സ്ഥലങ്ങളാണിവ. അവരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാല്‍, അക്കാലത്ത്, തന്റെ ഇരുപതുകളുടെ തുടക്കത്തില്‍, സുധ ആദ്യമായി ഛത്തീസ്ഗഢിലേക്ക് യാത്ര ചെയ്തപ്പോള്‍, പ്രദേശത്തിന്റെ ഈ വിശാല രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അവള്‍ക്ക് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇരുപത് വര്‍ഷത്തിന് ശേഷം പ്രദേശവാസികളുടെ കുടിയൊഴിപ്പിക്കലിനെതിരായ അപകടകരമായ പോരാട്ടത്തിന്റെ ഭാഗമായി മാറുകയായിരുന്നു താനെന്ന് അവര്‍ പറഞ്ഞു.

ഒടുവില്‍ അവര്‍ രണ്ട് അത്ഭുതാവഹമായ മലകളുടെ ചുവട്ടിലെത്തി - ദല്ലി, രാജ്ഹാര. സമൃദ്ധമായ കാടുകള്‍ നിറഞ്ഞ കുന്നുകളില്‍ നിന്ന്, ഖനികള്‍ ഒരു രാക്ഷസന്റെ പാദങ്ങള്‍ പോലെ പടര്‍ന്നുനിന്നിരുന്നു. അതിനടിയില്‍ മണ്‍കുടിലുകള്‍ നിറഞ്ഞ ഗ്രാമം ദല്ലി രാജ്ഹാര എന്ന ഖനന നഗരമായി വളര്‍ന്നു.

ഈ വര്‍ണ്ണാഭമായ ചുറ്റുപാടുകളുടെ ഭംഗിയില്‍ സുധ മതിമറന്നു. അത് 1983 ഡിസംബര്‍ 19 ആയിരുന്നു. നിയോഗിയും അദ്ദേഹത്തിന്റെ യൂണിയനും വീര്‍ നാരായണ്‍ സിംഗ് അനുസ്മരണ പരിപാടി സംഘടിപ്പിച്ച ദിനമായിരുന്നു അത്. 1857-ല്‍ ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്ന ധാന്യക്കച്ചവടം കാരണമുണ്ടായ പട്ടിണിക്കെതിരെ പ്രാദേശിക പ്രതിഷേധങ്ങള്‍ നയിച്ചതിന് ബ്രിട്ടീഷ് സേന വധിച്ച ഒരു ആദിവാസി നേതാവിയിരുന്നു വീര്‍ നാരായണ്‍ സിംഗ്. ഛത്തീസ്ഗഡിലെ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായി വീര്‍ നാരായണ്‍ സിങ്ങിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക, അനീതിക്കെതിരെ പോരാടുന്ന രക്തസാക്ഷികളായി ഐതിഹാസിക പ്രാദേശിക വീരന്മാരെ പുനരുജ്ജീവിപ്പിക്കുക എന്നിവ പ്രധാനമാണെന്നും, അതിലൂടെ ജനങ്ങള്‍ക്ക് അവരുടെ സമകാലിക പോരാട്ടത്തെ പൂര്‍വികര്‍ ആരംഭിച്ച പോരാട്ടങ്ങളുടെ തുടര്‍ച്ചയായി കാണാന്‍ കഴിയുമെന്നും നിയോഗി പറഞ്ഞു.

''എന്റെ ജീവിതത്തില്‍ ഇത്രയധികം നഗ്നപാദരായ ആളുകളെ കണ്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല,'' സുധ പറഞ്ഞു. അവരെല്ലാം ചുവപ്പും പച്ചയും ധരിച്ചിരുന്നു - പുരുഷന്മാര്‍ ചുവന്ന ഷര്‍ട്ടും പച്ച ഷോര്‍ട്ട്സും, സ്ത്രീകള്‍ ചുവന്ന സാരിയും പച്ച ബ്ലൗസും. ട്രക്കുകളിലും ജീപ്പുകളിലും സൈക്കിള്‍ റിക്ഷകളിലും ചുവപ്പും പച്ചയും പതാകകള്‍ ഉയര്‍ന്നു. ചുവപ്പും പച്ചയും നിയോഗിയുടെ യൂണിയന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന തൊഴിലാളി-കര്‍ഷക സഖ്യത്തെ പ്രതീകപ്പെടുത്തുന്നതായിരുന്നു. യൂണിയന്‍ ഓഫീസില്‍ നിന്ന് ടൗണ്‍ ചുറ്റി കിലോമീറ്ററുകളോളം പാട്ടുകള്‍ പാടിയും മുദ്രാവാക്യം വിളിച്ചും ഘോഷയാത്രയായി അവര്‍ നീങ്ങി. തിരിച്ചെത്തിയപ്പോഴും ആ ഘോഷയാത്രയില്‍ ആളുകള്‍ ചേരുന്നുണ്ടായിരുന്നു.


| ദല്ലി രാജ്ഹാരയിലെ തൊഴിലാളികള്‍

അപ്പോഴേക്കും ദല്ലി രാജ്ഹാര തൊഴിലാളികളുടെ ശക്തി കേന്ദ്രമായി മാറിയിരുന്നു, സുധ പറഞ്ഞു. തൊഴിലാളികള്‍ ചേര്‍ന്ന് അവര്‍ക്കായി ഒരു ആശുപത്രി നിര്‍മിച്ചു - ഷഹീദ് ഹോസ്പിറ്റല്‍ - 'രക്തസാക്ഷികളുടെ ആശുപത്രി'. 1977-ല്‍ നിയോഗിയെ അറസ്റ്റ് ചെയ്യുകയും പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തപ്പോള്‍ കൊല്ലപ്പെട്ട, പണിമുടക്കിലേര്‍പ്പെട്ടിരുന്ന പതിനൊന്ന്, കരാര്‍ തൊഴിലാളികളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. രക്തസാക്ഷി സ്തൂപത്തില്‍ അവരുടെ ഓര്‍മക്കായി ഇങ്ങനെ കൊത്തിവച്ചിരുന്നു:

നിങ്ങള്‍ക്കെല്ലാവര്‍ക്കും

നിങ്ങളെ കൊലപ്പെടുത്തിയ കശാപ്പുകാര്‍

നിയമ കോടതികള്‍ കൈവശപ്പെടുത്തി.

ഞങ്ങള്‍ നിങ്ങളുടെ കൊലപാതക കേസുകള്‍

കൊലയാളികള്‍ക്ക് കൈമാറില്ല

നമ്മള്‍ സമരം ചെയ്യും

നമ്മള്‍ യുദ്ധം ചെയ്യും

നമ്മള്‍ ജയിക്കും

നമ്മുടെ നിയമ-കോടതികള്‍

കശാപ്പുകാര്‍ക്ക് നാം ശിക്ഷ വിധിക്കും.


| തൊഴിലാളികള്‍ സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റല്‍

'വ്യത്യസ്തതയുള്ള ഒരു യൂണിയനായിരുന്നു അത്,' സുധ വിശദീകരിച്ചു. താരതമ്യേന സവിശേഷാവകാശങ്ങളുള്ള സ്ഥിരം തൊഴിലാളികളുടെ ഒരു ചെറിയ ന്യൂനപക്ഷത്തെ ഇത് പ്രതിനിധീകരിക്കുന്നില്ല. പകരം, സാധാരണയായി ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ മുഖേന ജോലി ചെയ്യുന്ന അനൗപചാരികവും അപകടകരവുമായ തൊഴില്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന കരാര്‍ തൊഴിലാളികളായിരുന്നു യൂണിയന്‍ അംഗങ്ങള്‍. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെടാവുന്ന, കുറഞ്ഞ വേതനം ലഭിക്കുകയും ആരോഗ്യ പരിരക്ഷയോ പെന്‍ഷനോ അവധിയോ പോലുള്ള ആനുകൂല്യങ്ങളോ ഇല്ലായിരുന്ന തൊഴിലാളി വിഭാഗങ്ങളായിരുന്നു ഇവര്‍.

അതൊരു 'എട്ട് മണിക്കൂര്‍ യൂണിയന്‍' ആയിരുന്നില്ല, മറിച്ച് '24 മണിക്കൂര്‍ യൂണിയന്‍' ആയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളില്‍ മാത്രമായി അത് ശ്രദ്ധ കേന്ദ്രീകരിച്ചില്ല, മറിച്ച് ഉല്‍പ്പാദന പ്രവൃത്തികളില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്ത ജീവിതത്തിന്റെ സാമൂഹിക പുനരുല്‍പാദനത്തില്‍ കൂടിയായിരുന്നു. ജോലിസ്ഥലത്ത് മാത്രമല്ല അയല്‍പക്കങ്ങളിലും ഇത് സംഘടിപ്പിക്കപ്പെട്ടു. ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, കൂടുംബ വഴക്കുണ്ടായാല്‍, വെള്ളമെടുക്കാനുള്ള കുഴല്‍ കിണര്‍ പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ - എന്നുതുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ആളുകള്‍ യൂണിയന്‍ ഓഫീസിലേക്ക് ഒഴുകുമായിരുന്നു.

യൂണിയന് ആരോഗ്യ വകുപ്പ്, കുട്ടികളുടെ വകുപ്പ്, വനിതാ വിഭാഗം, സാംസ്‌കാരിക വിഭാഗം എന്നിവയുണ്ടായിരുന്നു. പരിസ്ഥിതി മലിനീകരണത്തിനെതിരെയും അവരുടെ തൊഴിലാളികള്‍ക്കിടയില്‍ മദ്യപാനത്തിന് കാരണമാകുന്ന മദ്യ കരാറുകാര്‍ക്കെതിരെയും അതില്‍ കാമ്പയ്‌നുകള്‍ ഉണ്ടായിരുന്നു. തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമല്ല, തൊഴിലാളി-കര്‍ഷക സഖ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു യൂണിയനായിരുന്നു അത്.

നിയോഗി നാട്ടിന്‍പുറങ്ങളില്‍ അലഞ്ഞുതിരിയുകയും താമസിക്കുകയും ചെയ്ത നാളുകള്‍ മുതല്‍, തൊഴിലാളികളും കര്‍ഷകരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് - ഒരു സഹോദരന്‍ ഫാമില്‍ ജോലി ചെയ്താല്‍, മറ്റൊരാള്‍ ഖനികളില്‍ ജോലി ചെയ്തേക്കാം - എന്ന് കണ്ടെത്തിയിരുന്നു. ഇരുവരുടെയും പോരാട്ടങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തൊഴിലാളികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ 'മുഖ്യാസി'ന്റെ പ്രതിവാര യോഗങ്ങളില്‍ ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും എടുത്ത തീരുമാനങ്ങളോടെ യൂണിയനും ജനാധിപത്യ ആദര്‍ശങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തി. തൊഴിലാളികള്‍ ഇരകളല്ല, മറിച്ച് അധികാര കേന്ദ്രങ്ങളാണെന്നും, അവര്‍ തന്നെയാണ് പ്രസ്ഥാനത്തെ നയിക്കുകയും സംഘടിപ്പിക്കുകയും, അവര്‍ സ്വയം നല്‍കിയ സംഭാവനകളാല്‍ നയിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ആശയം. 'സംഘര്‍ഷ് ഔര്‍ നിര്‍മാണ്‍' (സമരവും നിര്‍മാണവും) എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. പണിയാനാണ്, ഭിക്ഷാടനത്തിനല്ല തങ്ങളിവിടെ എന്ന സന്ദേശവും അവര്‍ മുന്നോട്ടുവെച്ചു. ജീവിതകാലം മുഴുവന്‍ സുധയോടൊപ്പം തങ്ങിനില്‍ക്കുന്നവയായി ഈ മുദ്രാവാക്യങ്ങള്‍ മാറി.

(തുടരും)

വിവര്‍ത്തനം: കെ. സഹദേവന്‍


TAGS :