Quantcast
MediaOne Logo

ഡോ. സാദിക്ക് പി.കെ

Published: 15 Feb 2023 1:58 PM GMT

ജനാധിപത്യം എന്ന ഭാവിയും (അ) ദൃശ്യത്തിന്റെ രാഷ്ട്രീയവും

അരികു കാഴ്ചകളിലൂടെ പുനര്‍നിര്‍മിക്കപ്പെടുന്ന ജനാധിപത്യ ഭാവനകളുടെ ഉത്സവമാണ് മീഡിയവണ്‍ അക്കാദമിയുടെ ഫിലിം ഫെസ്റ്റിവെല്‍.

ജനാധിപത്യം എന്ന ഭാവിയും (അ) ദൃശ്യത്തിന്റെ രാഷ്ട്രീയവും
X

ജനങ്ങള്‍ക്ക് തങ്ങളെ തന്നെ ദൃശ്യമാക്കാനും കേള്‍ക്കാനും അധികാരത്തെ വെല്ലുവിളിക്കാനുമുള്ള ശക്തിയാണ് ജനാധിപത്യം. അധികാരത്താല്‍ അദൃശ്യമാക്കപ്പെട്ടതിനെ ദൃശ്യമാക്കാനുള്ള ശകതി സൗന്ദര്യ ശാസ്ത്രത്തിന് ഉള്ളതിനാല്‍ ജനാധിപത്യം സൗന്ദര്യശാസ്ത്രപരവും സൗന്ദര്യ ശാസ്ത്രം ജനാധിപത്യപരവും ആണ്.

ജനാധിപത്യത്തിന്റെ ശേഷി മാധ്യമങ്ങളുടെയും ഇമേജുകളുടെയും വൈവിധ്യപൂര്‍വ്വമായ വ്യാപനത്തോട് ബന്ധപെട്ട് നില്‍ക്കുന്നതാണ്. പങ്ക് ചേര്‍ക്കപ്പെടാത്തവരുടെ ആഖ്യാനങ്ങളുടെ ലിഖിതമാണ് ജനാധിപത്യം. പുതുമുഖങ്ങള്‍ ആയ വിഷയികള്‍ പുനര്‍ വിഭാവന ചെയ്യുന്ന ലിഖിതങ്ങള്‍ പിന്നീട് പൊതുമണ്ഡലത്തില്‍ കൂടിച്ചേരുകയും അതിനെ പുനര്‍ നിര്‍മിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സമുഹം എന്നത് സാമാന്യമായി മനസ്സിലാക്കപ്പെടുന്നത് പോലെ പൊതുവായതിന്റെ സാക്ഷാല്‍ക്കാരമല്ല, മറിച്ച് പൊതുവായി നല്‍കപ്പെടാത്തതിന്റെ ദൃശ്യപ്പെടലാണ്.

അദ്യശ്യമാക്കപ്പെട്ടതിനെ ദൃശ്യമാക്കുന്ന പ്രക്രിയ ജനാധിപത്യ ചക്രവാളത്തെ അഗാധമാക്കുന്നു. പൊതു വ്യവഹാരങ്ങളില്‍ നിന്ന് മായ്ച്ചുകളയപ്പെടുന്ന അനുഭവങ്ങളും കാഴ്ചപ്പാടുകളും അങ്ങനെ സര്‍ഗാത്മകമായി നമ്മുടെ ജനാധിപത്യത്തെ കുടുതല്‍ ജനാധിപത്യവത്കരിക്കുന്നു. പ്രബലമാക്കപ്പെട്ട ആഖ്യാനങ്ങളെ വെല്ലുവിളിച്ച് കേള്‍ക്കാനും കാണാനും ദ്യശ്യതയിലേക്ക് പ്രവേശിക്കാനുമുള്ള പാര്‍ശ്വവല്‍കൃതരുടെ രാഷ്ട്രീയത്തിന്റെ വേദിയാവാന്‍ സിനിമക്കും ദൃശ്യസംസ്‌കാരത്തിനും സാധിക്കും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും പ്രതിനിധീകരിക്കുന്നതിലൂടെ, അവരുടെ ശബ്ദങ്ങളും ആശങ്കകളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാനും സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കാനും സിനിമകള്‍ക്ക് കഴിയും.

അരികു കാഴ്ചകളിലൂടെ പുനര്‍നിര്‍മിക്കപ്പെടുന്ന ജനാധിപത്യ ഭാവനകളുടെ ഉത്സവമാണ് മീഡിയവണ്‍ അക്കാദമിയുടെ ഫിലിം ഫെസ്റ്റിവെല്‍. പുതിയ സിനിമകളുടെയും സാങ്കേതികതയുടെയും പശ്ചാതലത്തില്‍ ജനാധിപത്യത്തിന്റെ പുനഃക്രമീകരണത്തെ കുറിച്ച പുതിയ കാഴ്ചകളും കാഴ്ചപ്പാടുകളും ഫെസ്റ്റിവെല്‍ സംവാദത്തിനെടുക്കുന്നത്. വ്യത്യസ്തയുടെ ശേഖരം എന്ന നിലയില്‍ ബഹുത്വത്തിന്റെയും വൈവിധ്യത്തിന്റെയും ദൃശ്യാവിഷ്‌കാരങ്ങളിലൂടെ അരികുകള്‍ വരാനിനിരിക്കുന്ന ജനാധിപത്യത്തിന്റെ ഭാവനകളുടെ സംവാദ മണ്ഡലമായി തീരുന്നു.

TAGS :