Quantcast
MediaOne Logo

ഉമ അഭിലാഷ്

Published: 14 Aug 2024 2:35 PM GMT

ദുരിതാശ്വാസം: മിസോറാമിലെ എന്‍.ജി.ഒകളും ഷുക്കൂര്‍ വക്കീലിന്റെ ഹരജിയും

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മിസോറാമിലെ പ്രകൃതിക്ഷോഭവും തമ്മില്‍ ചില സാമ്യതകള്‍ കാണാന്‍ കഴിയും. എന്നാല്‍, ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ കാതലായ വ്യത്യാസം കാണാം.

ദുരിതാശ്വാസം: മിസോറാമിലെ എന്‍.ജി.ഒകളും ഷുക്കൂര്‍ വക്കീലിന്റെ ഹരജിയും
X

മലകളാല്‍ ചുറ്റപ്പെട്ട, ആകെ പതിമൂന്ന് ലക്ഷം മനുഷ്യര്‍ മാത്രമുള്ള ഒരു സംസ്ഥാനമാണ് മിസോറാം. ഭൂവിസ്തൃതിയുടെ തൊണ്ണൂറു ശതമാനവും വനങ്ങളും മലകളുമാണ് ഇവിടെ. എല്ലാ വര്‍ഷവും മലയിടിച്ചില്‍ ഉണ്ടാവുകയും അനേകം മനുഷ്യരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും ഇടയാക്കുന്ന പ്രകൃതി. മഴ തുടങ്ങിയാല്‍ ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങള്‍. യാത്ര ചെയ്യാന്‍ ഇപ്പോഴും വാഹനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങള്‍. മരങ്ങള്‍ കൊണ്ടുള്ളതാണ് മിക്ക വീടുകളും. മലയിടിച്ചിലും വീട് നശിക്കലും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. ഈ വര്‍ഷം മെയ് മാസത്തില്‍ ഇവിടെ നടന്ന മണ്ണിടിച്ചിലില്‍ ഇരുപതൊമ്പത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ആറുപേരെ കുറിച്ച് ഇതുവരെ യാതൊരു വിവരങ്ങളും ലഭിചിട്ടുമില്ല. നൂറ്റിഇരുപതോളം വീടുകളാണ് ഈ മണ്ണിടിച്ചിലില്‍ നശിച്ചത്. പള്ളികളും സ്‌കൂളുകളും തകര്‍ന്നത് വേറെയും. ഇവിടെ ഭൂരിഭാഗം മനുഷ്യരും മഴക്കാലമായാല്‍ ഗ്രാമങ്ങളില്‍ തന്നെ അവരുടെ ജീവിതം ജീവിച്ചുതീര്‍ക്കുന്നു. പുറംലോകവുമായി യാതൊരു ബന്ധവും ആ സമയങ്ങളില്‍ ഉണ്ടാവുകയില്ല. വേനല്‍ക്കാലത്തുതന്നെ മഴക്കാലത്തേക്ക് വേണ്ട സാധനങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ടാകും. അങ്ങനെ ജീവിക്കുന്നവര്‍ ആയതുകൊണ്ടാകാം, കേരളത്തിലെ മലയിടിച്ചില്‍ ഉണ്ടായെന്ന വാര്‍ത്ത ഇവര്‍ക്കൊരു സാധാരണ സംഭവം പോലെയാകുന്നത്.


| 2024 മെയ് 28 ന് മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ ഉണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചല്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ മിസോറാം മാതൃക

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മിസോറാമിലെ പ്രകൃതിക്ഷോഭവും തമ്മില്‍ ചില സാമ്യതകള്‍ കാണാന്‍ കഴിയും. എന്നാല്‍, ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ കാതലായ വ്യത്യാസം കാണാം. ഇവിടെ മലയിടിഞ്ഞും മറ്റും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുക നാലോ അഞ്ചോ ലക്ഷം രൂപമാത്രമാണ്. അതുപയോഗിച്ച് നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മിക്കേണ്ട ഉത്തരവാദിത്വം അതത് കുടുംബങ്ങള്‍ക്കാണ്. ഇവിടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും നടത്തുന്നത് എന്‍.ജി.ഒകളാണെന്ന് കാണാം. ഇതിലെ മുഖ്യ എന്‍.ജി.ഒ ആണ് YMA (young mizo association) എന്ന സംഘടന. സംഘടനയിലുള്ള യുവാക്കള്‍ വീടുപണിയുമായി ബന്ധപ്പെട്ട എല്ലാം അറിയുന്ന യുവാക്കളാണ്. അവര്‍ വീട് നിര്‍മിക്കാന്‍ ഈ കുടുംബങ്ങളെ സഹായിക്കുന്നു. വീട്, വസ്ത്രം, ആഹാരം എന്നിവ നല്‍കുന്നതും പൊതുജനങ്ങളും ഈ സംഘടനയും തന്നെയാണ്. അതായത്, സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പണം കൊണ്ടു മാത്രമല്ല, അതിനൊപ്പം മറ്റു സംഘടനകള്‍ കൂടി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പുനരധിവാസം വേഗത്തില്‍ സാധ്യമാകുന്നത്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ ചുറ്റുപാടില്‍ എല്ലാ വര്‍ഷവും പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നുള്ളതിനാല്‍ പുനരധിവാസത്തിന് ഒരു തുക സര്‍ക്കാര്‍ എല്ലായ്പ്പോഴും കണ്ടെത്തുക എന്നത് പ്രാവര്‍ത്തികമല്ല. അതുകൊണ്ടുതന്നെ മറ്റു വഴികളില്‍ സഹായം തേടിയാല്‍ മാത്രമേ പുനരധിവാസം സാധ്യമാവുകയുള്ളൂ.


| മിസോറാമിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈ.എം.എ വളണ്ടിയര്‍മാര്‍.

ഷുക്കൂര്‍ വക്കീലിന്റെ ഹരജി

കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമാണ് വയനാട് ചൂരല്‍മലയില്‍ ഉണ്ടായത്. സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും അവിടം പുതുക്കിപ്പണിയാനുള്ള ശ്രമങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ തുടങ്ങി. മതസ്ഥാപനങ്ങളും എന്‍.ജി.ഒ.കളും പ്രൈവറ്റ് സ്ഥാപനങ്ങളും മുഖേന പണവും വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും അവിടേക്ക് ഒഴുകിത്തുടങ്ങി. ഈ അവസരത്തിലാണ് അഡ്വക്കറ്റ് സി. ഷുക്കൂര്‍ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം സര്‍ക്കാര്‍ നിയന്ത്രിണത്തിലാവണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ടില്‍ വിവിധ തലങ്ങളില്‍നിന്നും ഫണ്ട് ശേഖരിക്കുന്നുവെന്നും ഇതൊന്നും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും നിയമവിരുദ്ധമായ ഫണ്ടുശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടുമെന്നും ഹരജിയില്‍ പറയുന്നു. കൂടാതെ ദുരിതബാധിതര്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അതിനാല്‍, ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട് ഈ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതിക്ക് ഇതൊരു പൊതുതാല്‍പര്യ വിഷയമായി തോന്നിയില്ല. മാത്രവുമല്ല, ഇങ്ങനെ പിരിക്കുന്ന പണം ദുരുപയോഗം ചെയ്തതിന് രേഖകളൊന്നും ഹാജരാക്കിയില്ല എന്നും കോടതി നിരീക്ഷിച്ചു.


| വയനാട് മുണ്ടക്കെ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍

കോടതിയുടെ വിലപ്പെട്ട സമയം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ ഉള്ളതല്ലാത്തതിനാല്‍ അത്തരം ഒരു ഹരജിയുമായി സമീപിച്ച വക്കീലിനോട് പിഴയായി സി.എം.ഡി.ആര്‍.എഫിലേക്ക് 25,000 രൂപ അടക്കാനും കോടതി നിര്‍ദേശിച്ചു. ഇത് വലിയ ചര്‍ച്ചക്കാണ് കേരളത്തില്‍ വഴിവെച്ചത്. സര്‍ക്കാര്‍ തലത്തില്‍ മാത്രമാണോ ഫണ്ട് സമാഹരണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടക്കേണ്ടത്? അതോ മറ്റു സംഘടനകള്‍ക്കും ധനസമാഹരണം ഉള്‍പ്പെടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താമോ എന്നൊക്കെയാണ് ചര്‍ച്ചകള്‍.

സമാന്തര പ്രവര്‍ത്തനങ്ങള്‍ കൂടി നടന്നാല്‍ മാത്രമേ ദുരിതബാധിതരെ പൂര്‍ണ്ണമായും പുനരധിവസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ ഏതാനും വര്‍ഷമായി മിസോറാമിലെ ദുരന്തപ്രദേശങ്ങളില്‍നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത് ബോധ്യമാകുന്നു.

കഴിഞ്ഞ പ്രളയത്തില്‍, കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിച്ചുള്ളൂവെന്നും ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് സഹായങ്ങള്‍ കിട്ടിയില്ല എന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിതര സംഘടനകള്‍ മുഖേന സഹായം നല്‍കുമ്പോള്‍ വരുന്ന ഒരു ന്യൂനത ഇതായിരിക്കും. കാരണം, അവരുടെ പക്കല്‍ കൃത്യമായ രേഖകളോ കണക്കുകളോ ഉണ്ടായിരിക്കണമെന്നില്ല. പക്ഷേ, ഇതിന്റെ നല്ലവശം എന്തെന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാനുള്ള നൂലാമാലകള്‍ കടക്കേണ്ടതില്ല എന്നതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ തൊട്ടടുത്ത നിമിഷം മുതല്‍ അര്‍ഹര്‍ക്ക് സഹായങ്ങള്‍ ആവശ്യമുണ്ട്.

ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഫയല്‍ നോക്കി കാത്തിരുന്ന് ലഭിക്കേണ്ടതല്ല. സര്‍ക്കാര്‍ വഴി മാത്രമേ പുനരധിവാസം പാടുള്ളൂ എന്ന് വാശിപിടിച്ചാല്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്ന സഹായങ്ങള്‍ ലഭ്യമല്ലാതെ വരും. കേരളത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചതുകൊണ്ട് പുനരധിവാസം നടത്തുക പ്രായോഗികമായി നടപ്പാക്കാന്‍ പറ്റുന്ന ഒന്നല്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതര സംഘടനകളെയും വ്യക്തികളെയും കോര്‍ത്തിണക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസവും സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാവുന്ന സമഗ്ര പദ്ധതി എന്നതാകും കൂടുതല്‍ മെച്ചപ്പെട്ട ചിന്ത.

(മിസോറാമില്‍ കുടുംബശ്രീ എന്‍.ആര്‍.ഒ മെന്‍ഡര്‍ ആണ് ലേഖിക)





TAGS :