Quantcast
MediaOne Logo

അശ്വിന്‍ രാജ്

Published: 15 Dec 2022 9:47 AM GMT

IFFK: നന്‍പകല്‍ നേരത്ത് മയക്കം; ജെയിംസില്‍നിന്ന് സുന്ദരത്തിലേക്കുള്ള പകര്‍ന്നാട്ടം

ഒരു ഉറക്കത്തില്‍ കണ്ട സ്വപ്നമെന്നപോലെ പ്രേക്ഷകനെ ഇരുത്തിയ ശേഷം സംവിധായകന്‍ സിനിമ അവസാനിപ്പിക്കുന്നു. അവസാനിക്കുന്ന ആ നിമിഷത്തില്‍ നിന്നാണ് പ്രേക്ഷകന് സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓര്‍ത്തും തങ്ങള്‍ കണ്ട കാഴ്ചയെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നത്.

IFFK: നന്‍പകല്‍ നേരത്ത് മയക്കം; ജെയിംസില്‍നിന്ന് സുന്ദരത്തിലേക്കുള്ള പകര്‍ന്നാട്ടം
X

പകലുറക്കം സുഖമുള്ള ഉറക്കമാണെന്നാണ് പലരും പറയാറുള്ളത്. അറിയാതെ പകലില്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പലപ്പോഴും സ്ഥലകാല ബോധം കുറച്ച് നിമിഷത്തേക്ക് എങ്കിലും ഇല്ലാതാവാറുണ്ട്. എതാണ് സമയം, എപ്പോഴാണ് ഉറങ്ങിയത്. ഉറക്കത്തില്‍ കണ്ട സ്വപ്നം ശരിയായിരുന്നോ എന്നൊക്കെ. ഇത്തരം ഒരു ഉറക്കം സമ്മാനിക്കുന്ന ചോദ്യങ്ങള്‍ കൂടി അവശേഷിപ്പിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' അവസാനിക്കുന്നത്.

മലയാളത്തിലെ ഏറ്റവും പ്രമുഖ നടന്‍മാരില്‍ ഒരാള്‍ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുമ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമ, ആ നടനും മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സംവിധായകനും ആദ്യമായി ഒന്നിക്കുന്നത് കൂടിയാവുമ്പോള്‍ ആദ്യ ദിനങ്ങളില്‍ തന്നെ സിനിമ കാണാന്‍ പ്രേക്ഷകന് ഉണ്ടാവുന്ന ആകാംഷ ഊഹിക്കാവുന്നതെ ഉള്ളു.

ജെയിംസില്‍ നിന്ന് സുന്ദരമായി മാറുന്ന മാറ്റം കേവലം വസ്ത്രങ്ങളിലോ മേക്കപ്പിലോ മാത്രമല്ല മാറുന്നത്. അവിടെ മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ചാരുതയായി കാണാന്‍ സാധിക്കും. ജെയിംസില്‍ നിന്ന് സുന്ദരമായി മാറുമ്പോള്‍ അയാളുടെ സംഭാഷണ ശൈലിയും ഭാഷയും മാത്രമല്ല മാറുന്നത്. അതുവരെ കണ്ടിരുന്ന ജെയിംസില്‍ നിന്ന് വ്യത്യസ്തമായി ശരീര ഭാഷയില്‍ പോലും വ്യത്യസ്തനായ സുന്ദരത്തിനെയാണ് പിന്നീട് കാണാന്‍ കഴിയുക.

ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം ആദ്യമായി പ്രീമിയര്‍ ചെയ്യുമ്പോള്‍ ഉണ്ടായ ആള്‍ക്കൂട്ടം ഇതിന് ഉദാഹരണമാണ്. കൊമേഴ്ഷ്യല്‍ സിനിമയില്‍ താരാപഥത്തില്‍ ഉന്നതിയില്‍ ഇരിക്കുമ്പോളും തന്റെ ഉള്ളിലെ അഭിനേതാവിനെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളെ അങ്ങോട്ട് ചെന്ന് തെരഞ്ഞുപിടിച്ച് കണ്ടെത്താന്‍ മമ്മൂട്ടിയെന്ന നടന്‍ എന്നും ശ്രമിക്കാറുണ്ട്.


വിധേയന്‍, കയ്യൊപ്പ്, പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്. ഈ ശ്രേണിയില്‍ മുന്‍പന്തിയിലേക്ക് എടുത്തുവെയ്ക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് നിസംശ്ശയം പറയാം. ആളുകളില്‍ മതിപ്പ് ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് പ്രഖ്യാപിച്ച സംവിധായകനാണ് ലിജോ. നന്‍പകലും പൂര്‍ണമായി ലിജോയുടെ സിനിമയാണ്. ഒരു മമ്മൂട്ടി സിനിമ എന്ന് പറയുന്നതിനേക്കാളും ചിത്രം തുടങ്ങുമ്പോള്‍ എഴുതി കാണിക്കുന്ന പോലെ ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ മയക്കമാണ് എന്ന് പറയുന്നതാണ് ഉചിതം.

നാടക ട്രൂപ്പ് നടത്തുന്ന ജെയിംസ് തന്റെ കുടുംബത്തിനും സമതിയിലെ തന്നെ ആളുകളെയും കൊണ്ട് വേളാങ്കണ്ണിയില്‍ പോയ ശേഷം തിരികെ കേരളത്തിലേക്ക് യാത്ര തിരിക്കുകയാണ്. ചെറു സംഭാഷണത്തില്‍ പോലും സിനിമയുടെ മാജിക് ഒളിപ്പിച്ചുവെയ്ക്കാന്‍ സംവിധായകനായ ലിജോയ്ക്കും എഴുത്തുകാരനായ എസ്. ഹരീഷിനും സാധിക്കുന്നുണ്ട്. തിരുകുറള്‍ എന്ന പേര് നാടകത്തിന് പറ്റുമെന്ന് മാത്രം ചിന്ത പോകുന്ന, സാധാരണക്കാരനായ തമിഴ് ഭക്ഷണം ഇഷ്ടമല്ലാത്ത ആള്‍കൂട്ടത്തില്‍ ചിലപ്പോഴെങ്കിലും അരസികനായ ജെയിംസിന്റെയും സംഘത്തിന്റെയും യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സിനിമയുടെ തീമുമായി ബന്ധപ്പെട്ട തിരുകുറള്‍ സംവിധായകന്‍ സംഭാഷണ രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ജെയിംസിന്റെയും കൂടെ യാത്ര ചെയ്യുന്നവരുടെയും സ്വഭാവങ്ങളും രീതികളും സിനിമയുടെ തുടക്കത്തില്‍ തന്നെ മനസിലാക്കി കൊടുത്തു കൊണ്ടാണ് സംവിധായകന്‍ കഥ ആരംഭിക്കുന്നത്.


ഉച്ചയൂണ് കഴിഞ്ഞ് യാത്രയില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ജെയിംസ് വഴി മധ്യേ വാഹനം നിര്‍ത്താന്‍ പറയുന്നു. ശേഷം വണ്ടിയില്‍ നിന്ന് ഇറങ്ങി നടക്കുന്നിടത്ത് നിന്ന് സിനിമയ്ക്കൊപ്പം പ്രേക്ഷകനും യാത്ര ആരംഭിക്കും. തുടര്‍ന്നങ്ങോട്ടുള്ള ഒരോ രംഗങ്ങളിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷകരും കണ്ണ് മിഴിച്ചിരുന്ന് തുടങ്ങും. വഴി മധ്യേ ഇറങ്ങിയ ജെയിംസ് പിന്നീട് ആ നാട്ടിലുണ്ടായിരുന്ന സുന്ദരം എന്ന കര്‍ഷകനായി മാറുകയാണ്.

ജെയിംസില്‍ നിന്ന് സുന്ദരമായി മാറുന്ന മാറ്റം കേവലം വസ്ത്രങ്ങളിലോ മേക്കപ്പിലോ മാത്രമല്ല മാറുന്നത്. അവിടെ മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ചാരുതയായി കാണാന്‍ സാധിക്കും. ജെയിംസില്‍ നിന്ന് സുന്ദരമായി മാറുമ്പോള്‍ അയാളുടെ സംഭാഷണ ശൈലിയും ഭാഷയും മാത്രമല്ല മാറുന്നത്. അതുവരെ കണ്ടിരുന്ന ജെയിംസില്‍ നിന്ന് വ്യത്യസ്തമായി ശരീര ഭാഷയില്‍ പോലും വ്യത്യസ്തനായ സുന്ദരത്തിനെയാണ് പിന്നീട് കാണാന്‍ കഴിയുക.

പല കാലങ്ങളില്‍ മമ്മൂട്ടിയില്‍ നിന്ന് ആവര്‍ത്തിക്കുന്ന ഒരു ശൈലിയും ശരീര ഭാഷയില്‍ അയാള്‍ നന്‍പകലില്‍ ആവര്‍ത്തിക്കുന്നില്ല. രണ്ട് വര്‍ഷം മുമ്പ് സുന്ദരത്തിനെ ആ ഗ്രാമത്തില്‍ നിന്ന് കാണാതായത് എപ്പോഴാണോ അതിന് തൊട്ടടുത്ത ദിനം എന്ന പോലെയാണ് ജെയിംസ് സുന്ദരമായി ജീവിക്കുന്നത്.


മുമ്പ് പറഞ്ഞ പോലെ ഈ സിനിമയിലെ നായകന്‍ സംവിധായകന്‍ ലിജോ ജോസ് തന്നെയാണ്. സിനിമയില്‍ പശ്ചാത്തല സംഗീതത്തിന് പകരം ടെലിവിഷനില്‍ നിന്നുള്ള സംഭാഷണങ്ങളും, ഗാനങ്ങളുമാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്ക് ഇതിനോളം യോജിച്ച മറ്റൊരു പശ്ചാത്തല സംഗീതം വേറെ ഉണ്ടോ എന്ന സംശയം പ്രേക്ഷകന് തോന്നുന്ന വിധത്തിലാണ് ചിത്രം ലിജോ ഒരുക്കിയിരിക്കുന്നത്.

നമ്മൂടെയൊന്നും യഥാര്‍ഥ ജീവിതത്തില്‍ പശ്ചാത്തല സംഗീതം ഉണ്ടാവാറില്ലല്ലോ. സുന്ദരവും നമ്മുടെ ഇടയില്‍ തന്നെയുള്ള ആളാണ്. തനിക്ക് മറ്റള്ളവരില്‍ നിന്ന് എന്തോ വ്യത്യാസമുണ്ടെന്ന് സുന്ദരമായി മാറിയ ജെയിംസ് തിരിച്ചറിയുന്ന ഒരു കണ്ണാടി സീനുണ്ട്. സംവിധായകനായ ലിജോയുടെയും അഭിനേതാവായ മമ്മൂട്ടിയുടെയും പ്രതിഭ വിളിച്ചോതുന്ന രംഗമായിരുന്നു അത്. കരഞ്ഞ് ഭൂമിയോടും പിന്നീട് തളര്‍ന്ന് അമ്മയുടെ മടിയിലും ചേര്‍ന്ന് കിടക്കുന്ന ഒരു മമ്മൂട്ടിയുണ്ട് നന്‍പകല്‍ നേരത്തില്‍. അയാളുടെ ആ നോവ് ചിത്രം കഴിഞ്ഞിറങ്ങിയാലും നമ്മളെ സങ്കടപ്പെടുത്തിയും അത്ഭുതപ്പെടുത്തിയും കൊണ്ടിരിക്കും.

സിനിമയുടെ അവസാനം ഒരു ഉറക്കത്തില്‍ കണ്ട സ്വപ്നമെന്നപോലെ പ്രേക്ഷകനെ ഇരുത്തിയ ശേഷം സംവിധായകന്‍ സിനിമ അവസാനിപ്പിക്കും. സിനിമ അവസാനിക്കുന്ന ആ നിമിഷത്തില്‍ നിന്നാണ് പ്രേക്ഷകന് ആ സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓര്‍ത്തും തങ്ങള്‍ കണ്ട കാഴ്ചയെ വീണ്ടും വീണ്ടും അത്ഭുതമാകുന്നത്.


സിനിമയെ, സ്‌ക്രീനിലെ കഥാപാത്രങ്ങളെ അവരുടെ മാനസികാവസ്ഥകളെ സംഭാഷണങ്ങളിലൂടെ മാത്രമല്ലാതെ ദൃശ്യങ്ങളിലൂടെ തേനി ഈശ്വര്‍ എന്ന ക്യാമറാമാന്‍ കാണിച്ചു തരുന്നുണ്ട്. ജെയിംസിന്റെയും സുന്ദരത്തിന്റെയും കുടുംബം ഒരേ ഫ്രെയിംമില്‍ വരുന്ന ഒരു അതിമനോഹരങ്ങളായ ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

ഈ ദൃശ്യങ്ങളെ സ്വപ്ന തുല്ല്യം ദീപു എസ്. ജോസഫ് എഡിറ്റ് ചെയ്ത് എത്തിച്ചിട്ടുമുണ്ട്. ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ പറയുമ്പോഴും സ്‌ക്രീനില്‍ വരുന്ന ഓരോ കഥാപാത്രത്തിനെയും കൃത്യമായി അവരുടെ സ്വഭാവ സവിശേഷതകളടക്കം കാണിച്ചു തരാന്‍ സംവിധായകന് കഴിയുന്നുണ്ട്. തമിഴ് ജനതയുടെയും മലയാളികളുടെയും ചിന്തകളെയും രീതികളെയും പ്രത്യേകതകളെയും ചെറിയ ചെറു സംഭാഷണങ്ങളില്‍ കൂടി പോലും ചിത്രത്തില്‍ കാണിച്ച് തരുന്നുണ്ട് എന്നതാണ് സത്യം.

അഭിനയം ആര്‍ത്തിയായ ഒരു നടന് ഇത്തരമൊരു കഥാപാത്രം മുന്നില്‍ എത്തുമ്പോള്‍ അത് ചാടിപ്പിടിച്ച് എടുത്തില്ലെങ്കിലെ അത്ഭുതമുള്ളു. മമ്മൂട്ടിയെന്ന താരവും നടനും ഒരേപോലെ തിളങ്ങിയ ഈ വര്‍ഷത്തിന്റെ അവസാന നാളുകളിലെ ഈ കഥാപാത്രം മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടുമെന്ന് ഉറപ്പാണ്. വിശ്വാസവും, സ്വപ്നവും, യാഥാര്‍ഥ്യവുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന സിനിമയുടെ കാഴ്ച്ചക്കാരന് അനുസരിച്ച് ഈ സിനിമ കാഴ്ചയും വ്യത്യസ്തമാവുന്നുണ്ട്. അവിടെയാണ് ലിജോ എന്ന സംവിധായകന്‍ വിജയിക്കുന്നത്.



TAGS :