Quantcast
MediaOne Logo

ബഷീര്‍ തൃപ്പനച്ചി

Published: 13 May 2024 6:02 AM GMT

മലബാറിലെ ഹയര്‍ സെക്കന്ററി പ്രതിസന്ധിയുടെ വേരുകള്‍

2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം മലബാര്‍ ജില്ലകളിലും 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനസൗകര്യമില്ലാതെവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുന്‍വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ്സ് പൂര്‍ത്തിയാക്കിയത്.

മലബാറിലെ ഹയര്‍ സെക്കന്ററി പ്രതിസന്ധിയുടെ വേരുകള്‍
X

നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായ 2000 ലാണ് പ്രീഡിഗ്രി കോളജുകളില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം സ്‌കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്. അന്ന് പത്താംക്ലാസ്സില്‍ പരീക്ഷയെഴുതി വിജയിച്ചിരുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റുപല പരിഗണനകളിലുമാണ് ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചത്. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ ഗവണ്‍മെന്റ്/ യ്ഡഡ് മേഖലയില്‍ ഹൈസ്‌കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ ഇവിടെ പ്ലസ് വണ്‍ അനുവദിച്ചില്ല. എന്നാല്‍, പ്ലസ് വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യകാലത്ത് പത്താം ക്ലാസ്സില്‍ വിജയശതമാനം കുറവായതിനാല്‍ ഈ സീറ്റുപരിമിതി വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും സീറ്റുപ്രതിസന്ധി വര്‍ധിച്ചുവരുകയും ചെയ്തു.

2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം മലബാര്‍ ജില്ലകളിലും 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനസൗകര്യമില്ലാതെവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുന്‍വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ്സ് പൂര്‍ത്തിയാക്കിയത്. പുതുതലമുറയിലെ ജനസംഖ്യാ മാറ്റത്തെത്തുടര്‍ന്ന് സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സകൂളുകളില്‍ ഒരൊറ്റ കുട്ടിയും അഡ്മിഷനില്ലാതെ പ്ലസ് വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. ഒരേ വിഷയത്തില്‍ മലബാറില്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും വര്‍ധിച്ചുവന്നപ്പോള്‍ തെക്കന്‍ ജില്ലകളില്‍ വര്‍ധിച്ചത് കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന ബാച്ചുകളാണ്. മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങള്‍ അസന്തുലിതമായ ഈ സീറ്റുവിതരണവും ബാച്ച് സംവിധാനവും പഠിച്ച് ശാസ്ത്രീയമായത് പുനഃസംവിധാനിച്ച് പ്രശ്‌നം പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയതുമില്ല. പ്രശ്‌നവും പ്രതിസന്ധിയും മലബാറിന്റേതായതിനാല്‍ ഉന്നത ഉദ്യോഗസ്ഥരോ പ്രമുഖ കേരള വിദ്യാഭ്യാസ വിചക്ഷണരോ ഈ ഭാഗത്തേക്ക് വേണ്ടത്ര ശ്രദ്ധിച്ചതുമില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ് വണ്‍ ബാച്ചുകളുടെ വീതംവെപ്പുമാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന ഹയര്‍ സെക്കന്ററി പ്രശ്‌നങ്ങളുടെ അടിവേര്.

ഓരോ വര്‍ഷവും മലബാര്‍ ജില്ലകളിലെ ഹയര്‍ സെക്കന്ററി സീറ്റുകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കലായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തെ പതിവ്. രണ്ടാം പിണറായി സര്‍ക്കാരത് മുപ്പത് ശതമാനം വരെയാക്കി മാറ്റി. അമ്പത് പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസ്സില്‍ മലബാര്‍ ജില്ലകളില്‍ മാത്രം 65 ന് മുകളില്‍ വിദ്യാര്‍ഥികള്‍ വരെ പഠിക്കേണ്ടി വരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഇതുവഴി കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുള്ളത്.

നിലവില്‍ സംസ്ഥാനത്തുള്ള ബാച്ചുകളുടെ പുനഃക്രമീകരണങ്ങള്‍ക്കൊപ്പം മലബാര്‍ ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുള്ളൂ. ഈ പരിഹാരം ഉടന്‍ നടപ്പാക്കണമെന്ന ആവശ്യം മലബാറിലെ വിവിധ വിദ്യാര്‍ഥി സംഘടനകളും കൂട്ടായ്മകളും ഉന്നയിക്കാറുണ്ട്. ഓരോ മെയ് - ജൂണ്‍ മാസവും വിവിധ തെരുവ് സമരങ്ങളിലൂടെയും ഭരണാധികാരികളെ നേരിട്ട് കണ്ടും ഈ വിഷയമവര്‍ ഭരണകൂട ശ്രദ്ധയില്‍ കൊണ്ടുവരാറുമുണ്ട്. കഴിഞ്ഞ നിയമസഭ ഇലക്ഷന്‍ മാനിഫെസ്റ്റോ തയ്യാറാക്കുന്ന വേളയില്‍ മലബാറിലെ മിക്ക കൂട്ടായ്മകളും ഈ വിഷയത്തിലേക്ക് രണ്ട് മുന്നണികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം ഭാഗമായിട്ടാവണം എല്‍.ഡി.എഫ് ഇലക്ഷന്‍ മാനിഫെസ്റ്റോവിലെ സ്‌പെഷല്‍ പാക്കേജ് എന്ന തലക്കെട്ടിന് കീഴില്‍ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പഠിച്ച് അവ പരിഹരിക്കാനാവശ്യമായ പദ്ദതികള്‍ നടപ്പാക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. പക്ഷെ, പുതിയ ഇടതുപക്ഷ സര്‍ക്കാരും ഒന്നാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ തുടര്‍ന്ന നയം തന്നെയാണ് ഈ ഭരണകാലയളവിലും നടപ്പാക്കാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഇതുസംബന്ധമായ സംസാരങ്ങള്‍ സൂചിപ്പിക്കുന്നത് .

ഓരോ വര്‍ഷവും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന മലബാര്‍ ജില്ലകളിലെ ഹയര്‍ സെക്കന്ററി സീറ്റുകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കലായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തെ പതിവ്. രണ്ടാം പിണറായി സര്‍ക്കാരത് മുപ്പത് ശതമാനം വരെയാക്കി മാറ്റി. അമ്പത് പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസ്സില്‍ മലബാര്‍ ജില്ലകളില്‍ മാത്രം 65 ന് മുകളില്‍ വിദ്യാര്‍ഥികള്‍ വരെ പഠിക്കേണ്ടി വരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ഇതുവഴി കഴിഞ്ഞ കാലങ്ങളില്‍ നടന്നിട്ടുള്ളത്. ഇപ്പണി ചെയ്യരുതെന്ന് ഒരിക്കല്‍ ഹൈക്കോടതി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നതുമാണ്. ഇങ്ങനെ അശാസ്ത്രീയമായ രീതിയില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ സീറ്റുകള്‍ വര്‍ധിപ്പിച്ച ശേഷവും കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ ഓരോ വര്‍ഷവും മലബാര്‍ ജില്ലകളില്‍ മെയിന്‍ സ്ട്രീം വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കേണ്ടി വരാറുണ്ട്. അനീതിയുടെയും വിവേചനത്തിന്റെയും ആ സ്ഥിരം ഇരകള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിക്കുകയാണ്.

പത്താം ക്ലാസില്‍ എഴുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടും സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്ലസ് വണ്‍ സീറ്റില്ലാത്തതിനാല്‍ ഓപ്പണ്‍ സ്‌കൂളില്‍ സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്നു. മലബാറിലെ വിദ്യാര്‍ഥികളില്‍ അമ്പത് ശതമാനം പേരും പരീക്ഷയില്‍ പരാജയപ്പെട്ട് തുടര്‍പഠനം അവസാനിപ്പിക്കലാണെന്ന് സാരം. എന്നാല്‍, തെക്കന്‍ ജില്ലകളില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ മാത്രം എസ്.എസ്.എല്‍.സിയില്‍ ഇവരേക്കാള്‍ മാര്‍ക്ക് കുറവായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജില്ലകളില്‍ റെഗുലര്‍ സംവിധാനത്തില്‍ ഹയര്‍സെക്കന്ററി പഠിക്കാനവസരം ലഭിക്കുന്നു.

മലബാറിലെ ആറ് ജില്ലകളിലും ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഐ.ടി.ഐ, പോളിടെക്‌നിക് മുഴുവന്‍ ഉപരിപഠന സാധ്യതകളെടുത്താലും ആവശ്യത്തിന് സീറ്റുകളില്ല. കേരള സര്‍ക്കാരിന് കീഴിലെ പ്രൈവറ്റ് ഹയര്‍സെക്കന്ററി ഓപ്പണ്‍ സ്‌കൂള്‍ പഠന സംവിധാനമായ സ്‌കോള്‍ കേരളയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അഡ്മിഷന്‍ കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാല്‍ അതില്‍ പഠിക്കേണ്ടിവന്ന 80 ശതമാനം വിദ്യാര്‍ഥികളും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് കാണാം. റെഗുലര്‍ സംവിധാനത്തില്‍ പ്ലസ് വണ്‍ പഠനം ആഗ്രഹിച്ച് അപേക്ഷ നല്‍കിയ ശേഷം സീറ്റില്ലാത്തതിനാല്‍ അത് ലഭിക്കാതെ പോയപ്പോള്‍ നിര്‍ബന്ധിതരായി സ്‌കോള്‍ കേരളയില്‍ പ്ലസ് വണ്‍ പഠനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടി വന്ന ഹതഭാഗ്യരാണിവരിലധികവും. ഹയര്‍സെക്കന്ററി റെഗുലര്‍ സംവിധാനത്തില്‍ വിജയശതമാനം എണ്‍പതിന് മുകളിലാണെങ്കില്‍ സ്‌കോള്‍ കേരളയിലത് അമ്പതിന് താഴെയാണെന്നുമറിയുക. പത്താം ക്ലാസില്‍ എഴുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടും സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്ലസ് വണ്‍ സീറ്റില്ലാത്തതിനാല്‍ ഓപ്പണ്‍ സ്‌കൂളില്‍ സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്ന മലബാറിലെ വിദ്യാര്‍ഥികളില്‍ അമ്പത് ശതമാനം പേരും പരീക്ഷയില്‍ പരാജയപ്പെട്ട് തുടര്‍പഠനം അവസാനിപ്പിക്കലാണെന്ന് സാരം. എന്നാല്‍, തെക്കന്‍ ജില്ലകളില്‍ ജനിച്ചുവെന്നതിന്റെ പേരില്‍ മാത്രം എസ്.എസ്.എല്‍.സിയില്‍ ഇവരേക്കാള്‍ മാര്‍ക്ക് കുറവായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജില്ലകളില്‍ റെഗുലര്‍ സംവിധാനത്തില്‍ ഹയര്‍സെക്കന്ററി പഠിക്കാനവസരം ലഭിക്കുന്നു. റെഗുലര്‍ പഠന സംവിധാനമികവിന്റെ പിന്‍ബലത്തിലിവര്‍ പ്ലസ്ടു 'വിജയിച്ച് ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്ക് അവസരം ലഭിക്കുന്നവരായി മാറുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ സാമൂഹിക അനീതി ഏതെങ്കിലും സര്‍ക്കാര്‍ എന്നെങ്കിലുമൊന്ന് അവസാനിപ്പിക്കേണ്ടതില്ലേ?






TAGS :