Quantcast
MediaOne Logo

അഫ്‌സല്‍ ഹുസൈന്‍

Published: 23 Sep 2022 12:04 PM GMT

വെളുപ്പിന്റെ ഭീകരത; മമ്മൂട്ടിയുടെ റോഷാക്കിന് പിന്നാലെ മലയാളി തിരഞ്ഞ വൈറ്റ് റൂം ടോര്‍ച്ചറിംഗ്

തടവുകാരനെ മാനസികമായി തളര്‍ത്തി അയാളില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ് റൂം ടോര്‍ച്ചറിംഗ് ഇറാനാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. കുറ്റവാളിക്ക് ശാരീരിക പീഡനത്തെക്കാള്‍ ഉചിതം മാനസിക പീഡനം നല്‍കലാണെന്ന ആശയത്തില്‍ ഇറാന്‍ അധികൃതര്‍ വിശ്വസിച്ചിരുന്നു. ഈ രീതി ഇറാനിലെ 'എവിന്‍' ജയിലിലാണ് കൂടുതലും നടന്നിരുന്നത്.

വെളുപ്പിന്റെ ഭീകരത; മമ്മൂട്ടിയുടെ റോഷാക്കിന് പിന്നാലെ മലയാളി തിരഞ്ഞ വൈറ്റ് റൂം ടോര്‍ച്ചറിംഗ്
X

ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ശിക്ഷാ രീതികളിലൊന്നായ വൈറ്റ് റൂം ടോര്‍ച്ചറിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെ കൗതുകം തോന്നിക്കുന്നതാണെങ്കിലും ഈ ശിക്ഷാ രീതിയുടെ പ്രത്യാഘാതങ്ങള്‍ അത്യധികം ഭയാനകമാണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിംഗ് വീഡിയോയും ട്രെയ്‌ലറുമെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെയാണ് മലയാളി വെളുത്ത മുറിയിലെ പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങിയത്. മമ്മൂട്ടി അങ്ങനെയൊരു വെളുത്ത മുറിയില്‍ മൊത്തം വെളള നിറത്തില്‍ കുളിച്ചിരിക്കുന്നത് കാണാന്‍ ആകര്‍ഷകമാണെങ്കിലും വൈറ്റ് റൂം ടോര്‍ച്ചറിംഗ് എന്താണെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും അതത്ര സുഖമുളള പരിപാടിയല്ലെന്ന് മനസ്സിലാകും. വൈറ്റ് റൂം ടോര്‍ച്ചറിംഗെന്ന ശിക്ഷാ രീതി ആളുകളില്‍ എങ്ങനെയുള്ള മാനസിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുയെന്നതാണ് പരിശോധിക്കുന്നത്.

പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ഇറാനിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് 17-ാം വയസ്സിലാണ് ഫഖ്‌റാവര്‍ അറസ്റ്റിലാകുന്നത്. ഞങ്ങള്‍ ഒരു നിറവും കണ്ടില്ല, മുഴുവന്‍ വെള്ളയായിരുന്നു, നിലം വെള്ളയായിരുന്നു, ഞങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയായിരുന്നു, കൂടാതെ 24 മണിക്കൂറുമുള്ള വെളിച്ചവും വെള്ളയായിരുന്നു. തടവുകാര്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വന്നാല്‍, വാതിലിനു താഴെ ഒരു വെള്ള കടലാസ് ഇട്ടുകൊടുക്കുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ പാഡഡ് ഷൂസുമായി കാവല്‍ക്കാരുടെ അകമ്പടിയോടെ അവരെ കൊണ്ടുപോകുകയും ചെയ്യും.

ഒരു വ്യക്തിയെ പൂര്‍ണമായും വെളുത്ത നിറമുളള മുറിക്കുളളില്‍ തളച്ചിടുന്ന, അയാളെ മാനസികമായി തളര്‍ത്തി-വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്ന ശിക്ഷാ രീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്. വെളുത്ത ചുമരുകള്‍, വെളുത്ത വാതില്‍ എന്നിവയ്ക്ക് പുറമെ ഈ മുറിയിലെ നിലം, മേല്‍ക്കൂര, ഇരിപ്പിടം, കട്ടില്‍, അതില്‍ വിരിച്ചിരിക്കുന്ന പുതപ്പ്, തലയിണ എന്നിവയെല്ലാം വെള്ള നിറത്തിലുള്ളവയായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിന് പോലും വെളുത്ത നിറം. വെള്ള നിറമുള്ള അരി, മുട്ട, പാല്‍ എന്നിവ മാത്രമേ തടവുകാരന് കൊടുക്കാറുള്ളൂ. ചുറ്റുമെങ്ങും നിശബ്ദത. കൂടാതെ ആ മുറിയാകട്ടെ സൗണ്ട് പ്രൂഫ് ആയിരിക്കും. കുറ്റവാളിക്ക് അയാളുടെ ശബ്ദം മാത്രമായിരിക്കും പ്രതിധ്വനിച്ച് കേള്‍ക്കാന്‍ കഴിയുക. വൈറ്റ് റൂമിന് പുറത്തുള്ള കാവല്‍ക്കാരന്റെ കാലിലെ ബൂട്ടിനടിയില്‍ പ്രത്യേക തരം പഞ്ഞി ഉപയോഗിച്ച് ആവരണം ചെയ്തിരിക്കും. ഇതുകാരണം കാവല്‍ക്കാരുടെ ബൂട്ടിന്റെ അനക്കം പോലും തടവുകാരന് കേള്‍ക്കാന്‍ സാധിക്കില്ല. ജനാലകള്‍ പോലുമില്ലാത്ത ഈ മുറിയില്‍ ഒരു നിഴല്‍ പോലും വീഴാത്ത രീതിയിലുള്ള നിര്‍മിതിയാണ്. തടവുകാരനെ മാനസികമായി തളര്‍ത്തി അയാളില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ് റൂം ടോര്‍ച്ചറിംഗ് ഇറാനാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. കുറ്റവാളിക്ക് ശാരീരിക പീഡനത്തെക്കാള്‍ ഉചിതം മാനസിക പീഡനം നല്‍കലാണെന്ന ആശയത്തില്‍ ഇറാന്‍ അധികൃതര്‍ വിശ്വസിച്ചിരുന്നു. ഈ രീതി ഇറാനിലെ 'എവിന്‍' ജയിലിലാണ് കൂടുതലും നടന്നിരുന്നത്.


കുറ്റവാളിക്ക് അയാളുടെ ശിക്ഷാ കാലയളവില്‍ ഒരിക്കല്‍ പോലും വൈറ്റ് റൂം വിട്ട് പുറത്തുപോകാന്‍ അനുമതിയുണ്ടായിരിക്കില്ല. വെള്ള നിറത്തിന് മനുഷ്യനില്‍ സൃഷ്ടിക്കാനാകുന്ന ഭയവും ആശങ്കയും മാനസിക പ്രശ്‌നങ്ങളും അടുത്തറിഞ്ഞാല്‍ പിന്നെ ഇരുട്ട് സൃഷ്ടിക്കുന്ന ഭയം ഒന്നുമല്ലെന്ന് തിരിച്ചറിയാനാകും. വൈറ്റ് റൂം ടോര്‍ച്ചറിംഗിന് ഇരയായ ഇറാനിയന്‍ ആക്ടിവിസ്റ്റ് അമീര്‍ അബ്ബാസ് ഫഖ്റാവര്‍ തന്റെ അനുഭവം ഒരിക്കല്‍ സി.എന്‍.എന്നിനോട് പങ്കുവെച്ചതില്‍ നിന്നാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗിന്റെ ഭീകരത വെളിപ്പെടുന്നത്. പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ഇറാനിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് 17-ാം വയസ്സിലാണ് ഫഖ്‌റാവര്‍ അറസ്റ്റിലാകുന്നത്. ഞങ്ങള്‍ ഒരു നിറവും കണ്ടില്ല, മുഴുവന്‍ വെള്ളയായിരുന്നു, നിലം വെള്ളയായിരുന്നു, ഞങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയായിരുന്നു, കൂടാതെ 24 മണിക്കൂറുമുള്ള വെളിച്ചവും വെള്ളയായിരുന്നു. തടവുകാര്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വന്നാല്‍, വാതിലിനു താഴെ ഒരു വെള്ള കടലാസ് ഇട്ടുകൊടുക്കുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ പാഡഡ് ഷൂസുമായി കാവല്‍ക്കാരുടെ അകമ്പടിയോടെ അവരെ കൊണ്ടുപോകുകയും ചെയ്യും. എട്ട് മാസത്തോളം വൈറ്റ് റൂമില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച ഫഖ്റാവര്‍ പുറത്തിറങ്ങിയപ്പോള്‍ മാതാപിതാക്കളുടെ മുഖം പോലും തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു. അവര്‍ തന്നെ ആ ജയിലില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍, താനൊരു സാധാരണ വ്യക്തിയായിരുന്നില്ലെന്നാണ് അമീര്‍ സി.എന്‍.എന്നിനോട് വെളിപ്പെടുത്തിയത്. അഞ്ച് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം ഫഖ്റാവര്‍ പിന്നീട് അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു.


വൈറ്റ് റൂം ടോര്‍ച്ചറിംഗിന് വിധേയരാകുന്നവരില്‍ പലരും പിന്നീട് അക്രമാസക്തരായി മാറുന്ന സാഹചര്യവുമുണ്ട്. വെള്ളയല്ലാതെ മറ്റൊരു നിറം കാണാന്‍ വേണ്ടി സ്വന്തം ശരീരം കടിച്ച് മുറിച്ച് രക്തം വരുത്താനും ഈ തടവുകാര്‍ മടിക്കാറില്ല. ഇത്തരത്തില്‍ ശിക്ഷ അനുഭവിക്കുന്നയാളുടെ മനോനിലയെ താളം തെറ്റിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ശിക്ഷാ രീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്. ഇതിന് വിധേയരാകുന്നവര്‍ പതിയെ എല്ലാം മറക്കാനും ബോധം നഷ്ടപ്പെടാനും തുടങ്ങും. ഏറ്റവും അടുപ്പമുളളവരുടെ മുഖം പോലും ഓര്‍മിക്കാന്‍ കഴിയാത്ത വിധത്തിലാകും ഈ ശിക്ഷാരീതി ആളുകളെ കൊണ്ടെത്തിക്കുക. വെളുത്ത മുറിയിലെ പീഡനത്തിന് ഇരയായവരില്‍ പലരും പറയുന്നത്, അടിയോ മറ്റ് മര്‍ദനങ്ങളോ ഒന്നും ഇല്ലെങ്കില്‍ തന്നെയും ഈ രീതി ശാരീരികമായ ഏത് ആക്രമണങ്ങളേക്കാളും ക്രൂരമാണെന്നാണ്. പോര്‍ട്ട്സ്മൗത്ത് സര്‍വകലാശാലയില്‍ 2016ല്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നത്, സാമൂഹിക ജീവികള്‍ എന്ന നിലയില്‍, മനുഷ്യര്‍ ഒറ്റപ്പെട്ട ജീവിതരീതിയുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നവരാണ്. അതുകൊണ്ട് തന്നെ വൈറ്റ് റൂം ടോര്‍ച്ചറിംഗ് പോലുള്ള ശിക്ഷാരീതികള്‍ കടുത്ത മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.


കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഉള്ള സെന്‍സ്, ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഇതിനെയെല്ലാം വെളുപ്പും വെളിച്ചവും താറുമാറാക്കുന്നു. ഇറാനില്‍ ആരംഭിച്ച ഈ ശിക്ഷാ രീതി പിന്നീട് വെനിസ്വെല, അമേരിക്ക എന്നി രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗവും പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുട്ടിന്റെ ഭയപ്പെടുത്തലുകളേക്കാള്‍ ക്രൂരമാണ് വെളുപ്പിന്റെ ഭയപ്പെടുത്തല്‍ എന്നാണ് 'വൈറ്റ് ടോര്‍ച്ചര്‍' നമ്മളോട് പറയുന്നത്. 'വൈറ്റ് റൂം ടോര്‍ച്ചറിനു വിധേയരാക്കപ്പെട്ട് പുറത്തിറങ്ങിയ മിക്കവര്‍ക്കും ഉറക്കഗുളികള്‍ ഇല്ലാതെ ഉറങ്ങാനാവില്ലാത്ത അവസ്ഥ വരുന്നു. അതില്‍ ചിലര്‍ ആത്മഹത്യ ചെയ്തതായും പറയപ്പെടുന്നു. അധികമായാല്‍ വെളുപ്പ് കറുപ്പിനേക്കാള്‍ ഭീകരനാണ്.

TAGS :