ഭാരതീയ ന്യായ സംഹിതയിലെ 'രാജ്യദ്രോഹം' ഐ.പി.സിയേക്കാള്‍ വിപുലമോ?
ബി.എന്‍.എസ്സില്‍ കുറ്റകൃത്യം നിര്‍വചിക്കുന്നതില്‍ 'രാജ്യദ്രോഹം' എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, 'രാജ്യദ്രോഹ പ്രകാരം' എന്നതിനെ പരാമര്‍ശിക്കുന്നതിലൂടെ കൂടുതല്‍ വിപുലമായി വ്യാഖ്യാനിക്കപ്പെടുന്ന രൂപത്തില്‍ രാജ്യദ്രോഹ നിയമത്തിന്റെ സത്ത നിലനിര്‍ത്തിയിട്ടുമുണ്ട്. ക്രിമിനല്‍ നിയമ പരിഷ്‌കരണത്തിന്റെ പ്രതിഫലനങ്ങള്‍ - ഭാഗം 04
വിയോജിക്കുവാനുള്ള നിയമപരമായ അവകാശം ഭാരതത്തിന്റെ ജനാധിപത്യ ചട്ടക്കൂടിന്റെ അവിഭാജ്യ ഘടകമാണ്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമ നടപടികളെക്കുറിച്ചുള്ള ഭയം കൂടാതെ അവരുടെ കാഴ്ചപ്പാടുകളും ആശങ്കകളും പ്രകടിപ്പിക്കാന്‍ സ്വാതന്ത്രം നല്‍കുന്നതാണിത്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന അവകാശമാണ്. വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളും ചര്‍ച്ചയും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടിത്തറയാണ്. ജനാധിപത്യത്തില്‍ സര്‍ക്കാരിനെയും സ്ഥാപനങ്ങളെയും ഉത്തരവാദിത്തത്തോടെ നിലനിര്‍ത്തുന്നതില്‍ അഭിപ്രായ വൈവിധ്യത്തിന് നിര്‍ണായക പങ്കുണ്ട്. എന്നിരുന്നാലും, വിവിധ നിയമനിര്‍മാണങ്ങള്‍ വഴി സര്‍ക്കാര്‍ എപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കൊളോണിയല്‍ ഭരണകാലത്ത് സ്വാതന്ത്ര്യസമരക്കാരുടെ പ്രസംഗവും എഴുത്തും തടയുന്നതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A വകുപ്പ് പ്രകാരം രാജ്യദ്രോഹം എന്ന കുറ്റം ഏര്‍പ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ രാജ്യദ്രോഹ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ ദുരുപയോഗത്തിന്റെ നീണ്ട ചരിത്രത്തിന് ശേഷം, കേദാര്‍ നാഥ് v/ സ്‌റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസ് പുനഃപരിശോധിച്ച സുപ്രീം കോടതി (1962 SCR Supl. (2) 769) സര്‍ക്കാര്‍ ഈ വകുപ്പ് പുനരാലോചിക്കുന്നതുവരെ 124A വകുപ്പ് താത്കലികമായി നിലനിര്‍ത്തിക്കൊണ്ട് വിധിച്ചു. (S.G. Vombatkere v. Union of India, 2022, Livelaw (SC) 470). പുനഃപരിശോധനാ കാലയളവില്‍ F.I.R റജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. കൊളോണിയല്‍ കാലഘട്ടത്തിലുള്ളതാണെന്നും നിലവിലെ കാലഘട്ടത്തിന് ഈ നിയമം അനുയോജ്യമല്ലെന്നും നിയമത്തെ വിലയിരുത്തുന്ന പ്രക്രിയയിലാണ് തങ്ങളെന്നും സര്‍ക്കാര്‍ സമ്മതിച്ചു.
2023 ല്‍ പുതിയ ബില്‍ (THE BHARATIYA NYAYA SANHITA BILL, 2023) അവതരിപ്പിച്ച വേളയില്‍ ആഭ്യന്തര മന്ത്രി, ഭാരതീയ ന്യായ സംഹിത 2023 യോടെ പഴയ കര്‍ക്കശമായ രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പുതിയ നിയമത്തിലെ വ്യവസ്ഥകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ പുതിയ നിയമവുമായി പൊരുത്തപ്പെടുന്നില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ്.
യു.എ.പി.എയുടെ ഏതെങ്കിലും വകുപ്പുപ്രകാരം ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് മുമ്പ് അതാത് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഈ വകുപ്പ് പൊലീസ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ പരിമിതമായ മേല്‍നോട്ട സംവിധാനമായി ഇത് പ്രവര്‍ത്തിക്കുന്നതിലൂടെ നിയമത്തിന്റെ അമിതമായ പ്രയോഗത്തെയോ ദുരുപയോഗത്തെയോ തടയുക എന്നതാണ് ഈ അനുമതി വ്യവസ്ഥയുടെ ഉദ്ദേശ്യം. യു.എ.പി.എയില്‍ നിന്ന് വ്യത്യസ്തമായി ബി.എന്‍.എസ് സെക്ഷന്‍ 113 ന്റെ കീഴില്‍ ഒരു പ്രതിയെ കുറ്റം ചുമത്തുന്നതിന് മുമ്പ് അനുമതിയോ മുന്‍കൂര്‍ അംഗീകാരമോ നേടേണ്ട ആവശ്യമില്ല.
ബില്ലിലെ ഭാഗം 6 ലെ 'Of Offences Against The State' എന്ന തലക്കെട്ട് ഉള്‍പ്പെടുന്ന സെക്ഷന്‍ 150 ഇങ്ങനെയാണ്
'Whoever, purposely or knowingly by words, either spoken or written, or by signs, or by visible representation, or by electronic communication or by use of financial means, or otherwise, excites or attempts to excite, secession or armed rebellion or subversive activities, or encourages feelings of separatist activities or endangers sovereignty or unity and integrity of India; or indulges in or commits any such act shall be punished with imprisonment for life or imprisonment that may extend to seven years, and shall also be liable to a fine.'
ഇന്ത്യന്‍ പീനല്‍ കോഡിന്റെ 124 എ രാജ്യദ്രോഹ കുറ്റത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
'Whoever by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government established by law in [India], shall be punished with [imprisonment for life], to which fine may be added, or with imprisonment which may extend to three years, to which fine may be added, or with fine.'
പുതിയ ബില്ലുകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട പദങ്ങള്‍: ' 'Exciting secession, armed rebellion, subversive activities, or encouraging feelings of separatist activities.' എന്നിവയാണ്. വിപുലമായ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ള ''acts endangering the sovereignty or unity and integrity of India' എന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനു വിപരീതമായി, IPC-യുടെ 124 A വകുപ്പ് സര്‍ക്കാരിനോടുള്ള വെറുപ്പ് അല്ലെങ്കില്‍ അവജ്ഞ ഉണ്ടാക്കുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശിക്ഷകള്‍ നോക്കിയാല്‍, 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ 150-ാം വകുപ്പ് ജീവപര്യന്ത തടവോ ഏഴു വര്‍ഷം വരെ തടവോ വരെ ശിക്ഷിക്കാനും പിഴ ചുമത്താനും നിര്‍ദേശിക്കുന്നു. കൂടാതെ IPC-യുടെ 124A വകുപ്പ് ജീവപര്യന്ത തടവോ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവോ (പിഴയോടെയോ ഇല്ലാതെയോ) നിര്‍ദേശിക്കുന്നു. നിലവിലെ നിയമത്തേക്കാള്‍ കര്‍ശനമായ ശിക്ഷയാണ് ഇപ്പോള്‍. കൂടാതെ, 'Electronic Communication' എന്ന പുതിയ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
രാജ്യദ്രോഹം എന്ന വാക്ക് നേരിട്ട് ഉപയോഗിക്കാതെ തന്നെ, വിഘടനവാദം, സര്‍ക്കാരിനെതിരായ സായുധ കലാപം, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയ പുതിയ ബില്‍ നിലവിലെ രാജ്യദ്രോഹ നിയമത്തെ പുനരാവിഷ്‌കരിക്കുകയും പുനര്‍നിര്‍മിക്കുകയുമാണ് ചെയ്യുന്നത്. 'sedition' എന്നതിനു പകരം 'subversive' (അട്ടിമറി പ്രവര്‍ത്തനങ്ങള്‍) എന്ന അവ്യക്തവും വിപുലവുമായ വാക്കിനെ ഉപയോഗിച്ച് രാജ്യദ്രോഹം എന്ന് വ്യക്തമായി പറയാതെ തന്നെ ബില്‍ അതിന്റെ മുന്‍ നിര്‍വചനത്തെ വിപുലീകരിക്കുകയാണ് ചെയ്തത്.
രാജ്യവിരുദ്ധ പ്രചാരണം നടത്തിയവരില്‍ നിന്ന് നല്ല പെരുമാറ്റത്തിനുള്ള സുരക്ഷാ ബോണ്ട് സ്വീകരിക്കുന്ന സി.ആര്‍.പി.സി 108-ാം വകുപ്പ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത ബില്ലിന്റെ 127-ാം വകുപ്പില്‍ നിലനിര്‍ത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ബി.എന്‍.എസ് 150-ാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുന്ന ഏതൊരു പ്രസിദ്ധീകരണത്തെയും ബി.എന്‍.എസ്.എസ്. 127-ാം വകുപ്പില്‍ 'seditious matter' (രാജ്യദ്രോഹ പ്രകാരം) എന്ന് പരാമര്‍ശിക്കുന്നു. അതിനാല്‍, ബി.എന്‍.എസ്സില്‍ കുറ്റകൃത്യം നിര്‍വചിക്കുന്നതില്‍ 'രാജ്യദ്രോഹം' എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, 'രാജ്യദ്രോഹ പ്രകാരം' എന്നതിനെ പരാമര്‍ശിക്കുന്നതിലൂടെ കൂടുതല്‍ വിപുലമായി വ്യാഖ്യാനിക്കപ്പെടുന്ന രൂപത്തില്‍ രാജ്യദ്രോഹ നിയമത്തിന്റെ സത്ത നിലനിര്‍ത്തിയിട്ടുമുണ്ട്.
തീവ്രവാദ പ്രവര്‍ത്തനം എന്ന പുതിയ കുറ്റം
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 111 ല്‍ തീവ്രവാദ പ്രവര്‍ത്തനം എന്നത് പുതിയ കുറ്റമായി ചേര്‍ത്തിട്ടുണ്ട്. നിയമത്തിന്റെ പുതുക്കിയ കരടില്‍ ഇത് സെക്ഷന്‍ 113 ആക്കി മാറ്റിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിയമത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത് ഇങ്ങനെയാണ്:
'… with the intention to threaten or likely to threaten the unity, integrity, sovereignty, security, or economic security of India, a or with the intent to strike terror or likely to strike terror in the people or any section of the people in India or in any foreign country … '.
ചില പ്രവര്‍ത്തനങ്ങളെ നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു:
1. ബോംബുകളുടെയോ സ്‌ഫോടക വസ്തുക്കളുടെയോ ഉപയോഗം.
2. പൊതുമുതലുകള്‍ക്കോ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കോ ഉണ്ടാക്കുന്ന നാശനഷ്ടം.
3. അവശ്യ സാധനങ്ങളുടെയോ സേവനങ്ങളുടെയോ തടസ്സപ്പെടുത്തല്‍.
4. എന്തെങ്കിലും ഒരു നടപടി സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനായി സര്‍ക്കാരിനെയോ അതിന്റെ പ്രതിനിധികളെയോ പ്രകോപിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികള്‍.
5. കള്ളനോട്ട് നിര്‍മാണത്തിലൂടെയുള്ള നാണ്യസ്ഥിരത നശിപ്പിക്കല്‍.
6. ഇന്ത്യയുടെ പ്രതിരോധവുമായി ബന്ധപ്പെട്ടതോ മറ്റോന്തെങ്കിലും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതോ ആയ മുതലുകള്‍ നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്ന പ്രവൃത്തികള്‍.
ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ (BNS) നിര്‍ദിഷ്ട സെക്ഷന്‍ 113 ന്റെ ഘടന നിലവിലുള്ള യു.എ.പി.എ (UAPA) നിയമത്തിലെ സെക്ഷന്‍ 15 ന്റെ ഘടനയുമായി വളരെ സാമ്യമുള്ളതാണ്. കൂടാതെ യു.എ.പി.എയിലെ നിരവധി വ്യവസ്ഥകളോട് സാമ്യമുള്ള ഉപവകുപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് BNS ന്റെ നിര്‍ദിഷ്ട സെക്ഷന്‍ 113(3) ഭീകരപ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന എന്ന കുറ്റകൃത്യം ഉള്‍ക്കൊള്ളുന്നതാണ്. ഇത് യു.എ.പി.എയുടെ സെക്ഷന്‍ 18 ന്റെ ഏതാണ്ട് കൃത്യമായ പകര്‍പ്പാണ്.
ഭീകരസംഘടനയിലെ അംഗത്വം എന്ന കുറ്റകൃത്യത്തെ BNS നിര്‍വചിക്കുന്നത് യു.എ.പി.എയേക്കാള്‍ വിശാലവും അവ്യക്തവുമായ രീതിയിലാണ്. യു.എ.പി.എ സെക്ഷന്‍ 10 ഉം 38 ഉം യഥാക്രമം നിയമവിരുദ്ധമായ സംഘടനയിലെ അംഗത്വം അല്ലെങ്കില്‍ ഭീകരസംഘടനയിലെ അംഗത്വം എന്നീ കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവയില്‍ ഏതെങ്കിലും ബാധകമാകുന്നതിന് ആ വ്യക്തി കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംഘടനയിലോ ഭീകരസംഘടനയിലോ അംഗമായിരിക്കേണ്ടത്് ആവശ്യമാണ്.
എന്നാല്‍, നിര്‍ദ്ദിഷ്ട BNS സെക്ഷന്‍ 113(5) പ്രകാരം, ഈ കുറ്റകൃത്യത്തിന്റെ നിര്‍വചനം 'an organisation which is involved in a terrorist act' 'ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു സംഘടനയിലെ അംഗമാകുക' എന്നാണ്. ബി.എന്‍.എസിന്റെ സെക്ഷന്‍ 113 പ്രകാരം ഏതെങ്കിലും കുറ്റത്തിന് ആരോപണവിധേയമായ സംഘടനയുമായി ബന്ധപ്പെട്ട ഏതൊരു വ്യക്തിയെയും ക്രിമിനല്‍ കുറ്റവാളിയാക്കാനുള്ള സാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്. വ്യക്തി കുറ്റം ചെയ്തവനാവണമെന്നോ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവുള്ളവനാണോ എന്നുപോലും പരിഗണിക്കാതെയാണിത്. യു.എ.പി.എ പ്രകാരം സംഘടന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും അതിന്റെ അംഗത്വത്തിന്, ശിക്ഷിക്കപ്പെടുന്ന വ്യക്തി നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിട്ടും അതിന്റെ അംഗമായി തുടരുന്നുവെന്നും സ്ഥാപിക്കേണ്ടത് കുറഞ്ഞത് ഒരു ഔപചാരികതയായെങ്കിലും ആവശ്യമായിരുന്നു. ഇത് BNS പ്രകാരം പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെട്ടു. ഇത് ഒരു ഭീകരസംഘടനയില്‍ അംഗത്വം എന്നതിന് അമിതമായ വിശാല നിര്‍വചനം സൃഷ്ടിക്കുന്നു.
യു.എ.പി.എയുടെ ഏതെങ്കിലും വകുപ്പുപ്രകാരം ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിന് മുമ്പ് അതാത് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഈ വകുപ്പ് പൊലീസ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ പരിമിതമായ മേല്‍നോട്ട സംവിധാനമായി ഇത് പ്രവര്‍ത്തിക്കുന്നതിലൂടെ നിയമത്തിന്റെ അമിതമായ പ്രയോഗത്തെയോ ദുരുപയോഗത്തെയോ തടയുക എന്നതാണ് ഈ അനുമതി വ്യവസ്ഥയുടെ ഉദ്ദേശ്യം. യു.എ.പി.എയില്‍ നിന്ന് വ്യത്യസ്തമായി ബി.എന്‍.എസ് സെക്ഷന്‍ 113 ന്റെ കീഴില്‍ ഒരു പ്രതിയെ കുറ്റം ചുമത്തുന്നതിന് മുമ്പ് അനുമതിയോ മുന്‍കൂര്‍ അംഗീകാരമോ നേടേണ്ട ആവശ്യമില്ല.
യു.എ.പി.എയുടെ സെക്ഷന്‍ 15 പ്രകാരമുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ നിര്‍വചനം ബി.എന്‍.എസിലെ നിര്‍ദ്ദിഷ്ട സെക്ഷന്‍ 113 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് വളരെ വിശാലവും അവ്യക്തവുമാണ്. അതില്‍ അടങ്ങിയിരിക്കുന്ന എല്ലാ പ്രവൃത്തികളും ക്രിമിനല്‍ നിയമപ്രകാരം കുറ്റകൃത്യങ്ങളുമാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അത്തരമൊരു പ്രവൃത്തി നടത്തിയത് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അതില്‍ ഭീകരവിരുദ്ധ നിയമം ബാധകമാക്കുന്നത്. യു.എ.പി.എയില്‍ ഈ തീരുമാനം അന്തിമമായി എടുക്കുന്നത് ഭരണകൂടമാണ്. എന്നാല്‍, ബി.എന്‍.എസിന്റെ സെക്ഷന്‍ 111 ന്റെ ആദ്യ കരട് പ്രകാരം, ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ അധികാരം അന്വേഷണ ഉദ്യോഗസ്ഥന്റെതാക്കിയിരിക്കുന്നു. നിയമത്തിന്റെ പരിഷ്‌കരിച്ച രണ്ടാമത്തെ കരട് പ്രകാരം സെക്ഷന്‍ 113 ല്‍ ഒരു വിശദീകരണം കൂടി ചേര്‍ത്തിട്ടുണ്ട്. പൊലീസ് സൂപ്രണ്ടിന്റെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് ഈ തീരുമാനം എടുക്കേണ്ടത് എന്നതാണത്. വ്യവസ്ഥയുടെ ദുരുപയോഗത്തിനുള്ള സാധ്യതയാണിത് തുറക്കുന്നത്.
കിമിനല്‍ നിയമ പരിഷ്‌കരണത്തിന്റെ പ്രതിഫലനങ്ങള്‍ - 1,2,3 ഭാഗങ്ങള്‍ വായിക്കാം: