Quantcast
MediaOne Logo

സമദ് കുന്നക്കാവ്

Published: 26 Aug 2023 5:43 AM GMT

ശരീഅത്ത്, ഏക സിവില്‍കോഡ്: മതേതര ഭാവനകളും ഫാഷിസ്റ്റ് ആള്‍കൂട്ട മനഃശാസ്ത്രവും

ഏക സിവില്‍കോഡ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാഷിസം അടിച്ചേല്‍പിക്കാനുള്ള രാഷ്ട്രീയ കുബുദ്ധിയാണെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍കൊള്ളുന്ന രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്‍ വ്യത്യസ്ത സിവില്‍കോഡുകളാണ് പിന്തുടരുന്നത്.

ഏക സിവില്‍കോഡ്,
X

''അന്നു ഞാന്‍ പഠിച്ചു, ആളുകളോട് വാപ്പിച്ച എന്ന് പറയരുത്; അച്ഛന്‍ എന്നോ ഡാഡി എന്നോ പറയാം. അതിനു മടിയാണെങ്കില്‍ ഫാദര്‍ എന്ന് വിശേഷിപ്പിക്കാം. ഉമ്മിച്ചയെന്ന് പറയരുത്; മദര്‍ എന്നു പറയാം. പില്‍ക്കാലത്ത് കഥാകൃത്തായപ്പോള്‍ എന്റെ പുസ്തകത്തില്‍ ബയോഡാറ്റയില്‍ ഞാന്‍ വാപ്പിച്ച, ഉമ്മിച്ചയെന്നാണ് എഴുതിയത്. ഫസ്റ്റ് പ്രൂഫ് വന്നപ്പോള്‍ പ്രസാധകര്‍ തിരുത്തിയിരിക്കുന്നു. വാപ്പിച്ചയെയും ഉമ്മിച്ചയെയും അച്ഛനുമമ്മയുമാക്കിയിരിക്കുന്നു. ഞാന്‍ ഫോണ്‍ വിളിച്ചു തിരുത്തു പറഞ്ഞു. സെക്കന്റ് പ്രൂഫ് വന്നപ്പോള്‍ അച്ഛനുമമ്മയും മാറി; പകരം മാതാവും പിതാവുമായിരിക്കുന്നു. ഞാന്‍ വീണ്ടും വിളിച്ചു വിവരം പറഞ്ഞു. പിന്നെ പ്രൂഫ് ഞാന്‍ കണ്ടില്ല. പുസ്തകം വന്നപ്പോള്‍ ബയോഡാറ്റയില്‍ ഇന്നാരിന്നാരുടെ മകനായി ജനനം എന്നാക്കിയിരിക്കുന്നു. വാപ്പിച്ചക്കും ഉമ്മിച്ചക്കും പ്രൂഫിന്റെ മതിലു ചാടാന്‍ പറ്റിയില്ല. ഞാന്‍ സെക്യുലരിസത്തിന്റെ മധുരം നുണഞ്ഞു മന്ദഹസിച്ചുപോയി'' (അഞ്ചര വയസ്സുള്ള കുട്ടി - അന്‍വര്‍ അബ്ദുള്ള).

'നാനാത്വത്തില്‍ ഏകത്വം' എന്നത് ദേശത്തെക്കുറിച്ച് നാമേവരും കൊണ്ടുനടക്കുന്ന മഴവില്‍ സമാനമായ ഒരു സ്വപ്നമാണ്. ദേശങ്ങളിലധിവസിക്കുന്ന ഓരോ ജനതക്കും പാരമ്പര്യ തുടര്‍ച്ചയും പൗരാണികത്വവും പകര്‍ന്നു നല്‍കി ഏകാത്മകമായൊരു സ്വത്വബോധത്തിലേക്ക് വികസിക്കലാണ് അതിന്റെ വിവക്ഷ. എന്നാല്‍, നമ്മുടെ ദേശ രാഷ്ട്രത്തിന്റെ ഉദയവും അത് സൃഷ്ടിച്ച പൗരബോധവും ഇതില്‍ നിന്ന് തുലോം വ്യത്യസ്തമായിരുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളില്‍ നിന്ന് ഒന്നിനെ കണ്ടെടുക്കുകയോ അല്ലെങ്കില്‍ നവീനമായൊരു ധാരക്ക് ജന്മം നല്‍കുകയോ ചെയ്ത്, മറ്റു പലതിനും മേല്‍ അതിന് അധീശത്വം കല്‍പിച്ചു നല്‍കിക്കൊണ്ടുമാണ് ഈ ദേശനിര്‍മിതി ഇവിടെ കൊണ്ടാടപ്പെട്ടത്. സാംസ്‌കാരിക മേല്‍ക്കൈ നേടിയെടുത്ത ഈ ധാരകള്‍ അനിവാര്യമെന്നോണം മറ്റു പലതിനെയും പാര്‍ശ്വവത്കരിച്ചു. അതിനാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം, ദലിത്, ആദിവാസി മുതലായ ദേശീയതയിലെ അരികുജീവിതങ്ങള്‍ക്ക് സ്വയം നിവര്‍ന്നു നില്‍ക്കാന്‍ ദേശക്കൂറ് നിരന്തരം ബോധ്യപ്പെടുത്തേണ്ടിവരും. ദേശീയ ആധുനികത സൃഷ്ടിച്ചെടുത്ത സവര്‍ണ പുരുഷനാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ പൊതുബോധത്തിന് ഇസ്ലാമിനെ അടിക്കാന്‍ വലംകൈയില്‍ എപ്പോഴും ഒരു വടിയിരിപ്പുണ്ടാവും. അതിനാല്‍ ശരീഅത്ത്, ശിരോവസ്ത്രം, ത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ ഇസ്ലാം വിമര്‍ശനങ്ങളുടെ അലയൊലികള്‍ ഇനിയും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കും. ദാര്‍ശനിക തലങ്ങളില്‍ കൗശലപൂര്‍വം മൗനം പാലിച്ച് വൈകാരിക തലങ്ങളില്‍ വെടിമരുന്ന് കത്തിക്കാനുള്ള ചൂട്ടായി ഇത്തരം പദാവലികള്‍ അണയാതെ എരിഞ്ഞുകൊണ്ടിരിക്കും. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് രാജ്യത്തെങ്ങും തിടംവെച്ചുയരുന്ന പുതിയ ചര്‍ച്ചകള്‍ ഈയൊരു ദേശീയ - സാംസ്‌കാരിക പരിസരത്തോട് ചേര്‍ത്തുവെച്ചാണ് വായിക്കപ്പെടേണ്ടത്.

ദേശീയതയുടെ ആന്തരിക വൈരുധ്യങ്ങള്‍

മുഖ്യധാരയെന്ന ആശയം അടിപ്പടവായി സ്വീകരിച്ചുകൊണ്ടാണ് ദേശ-രാഷ്ട്രങ്ങളുടെ ഉദയവും വളര്‍ച്ചയും സാധ്യമാകുന്നത്. ഈ മുഖ്യധാരയുടെ നിര്‍മാണത്തിനും അതിന്റെ സ്ഥായീഭാവത്തിനും ചില കൈക്കൊള്ളലുകളും കൈയൊഴിയലുകളും അനിവാര്യവുമാണ്. ദേശനിര്‍മിതിയുടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സാംസ്‌കാരിക മൂലധനമായി ഇന്ത്യ കൈക്കൊണ്ടത് വൈദിക ഭൂതകാലവും, അപരമായി കൈയൊഴിഞ്ഞത് ഇസ്ലാമുമായിരുന്നു. അതിനാല്‍ ന്യൂനപക്ഷ-കീഴാള സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം ഒളിച്ചിരിക്കാന്‍ പറ്റിയ പാരമ്പര്യങ്ങളോ സംസ്‌കാരങ്ങളോ ഇന്ത്യയിലില്ല. ഫാഷിസമാവട്ടെ ശുദ്ധ പൈതൃകത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും പൊയ്ക്കാലുകളില്‍ കയറിയാണ് മാനവികതയെ എന്നും കടന്നാക്രമിച്ചിട്ടുള്ളത്. മുസ്ലിംകളില്‍ നിന്ന് ഭിന്നമായ പൊതു ഹിന്ദു സമൂഹത്തെ ആശയപരമായി സ്ഥാപിച്ചെടുത്ത് ഒരു അഖണ്ഡ ഹിന്ദു രാഷ്ട്രത്തെ രൂപപ്പെടുത്തിയെടുക്കാനാണ് അതിന്റെ ശ്രമം. അതിനാല്‍ ഫാഷിസം ഇന്ന് ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കുന്നത് ദേശത്തിന്റെ സാംസ്‌കാരിക ഭൂമികയിലാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അധികാര-ഹിംസാ യന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ പൗരസമൂഹത്തിന്റെ സാംസ്‌കാരിക ഇടങ്ങള്‍ക്കുള്ള സ്ഥാനം ഇന്ത്യന്‍ ഫാഷിസത്തിന് നന്നായറിയാം. ഇസ്ലാമികമായ എല്ലാറ്റിനെയും വെറുക്കാനും നശിപ്പിക്കാനും പരിശീലിപ്പിക്കുന്ന മൂല്യബോധവും ആശയലോകവുമാണ് ഇന്ന് സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഈ സാംസ്‌കാരിക മണ്ഡലത്തെ 'കള്‍ച്ചറല്‍ നാഷണലിസം' എന്ന ഭ്രാന്തന്‍ ചിന്തയിലേക്ക് വികസിപ്പിച്ചെടുത്തു എന്നിടത്താണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ വിജയം. അവക്ക് എതിര് നില്‍ക്കുന്ന ജനവിഭാഗത്തെയും സംസ്‌കാരത്തെയും എത്രമാത്രം മൂല്യവത്തും പാരമ്പര്യബദ്ധവുമായാല്‍ പോലും നിര്‍ദയം അത് അപരവത്കരിക്കുന്നു. മതനിരപേക്ഷതയുടെ അടിയടരായി സൂത്രത്തില്‍ ഒത്തിണങ്ങാനും വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ സ്വാംശീകരിക്കപ്പെടേണ്ട പാരമ്പര്യമാകാനും ഈ അധീശ സംസ്‌കാരത്തിന് സാധിച്ചിട്ടുണ്ട്. പൗരസമൂഹത്തെ സംസ്‌കാരരഹിതരാക്കിക്കൊണ്ടും ഹിംസാത്മകവും പ്രാകൃതവുമായ രീതിയില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടുമുള്ള സംഘ് കുബുദ്ധികളുടെ രഥയാത്രകള്‍ക്ക് ഇന്ന് വര്‍ധിച്ചതോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ദേശീയ തലത്തില്‍ വോട്ടിംഗ് ശതമാനത്തിന്റെ സൂചികകളെ കുത്തനെ നാട്ടുംവിധം ഫാഷിസത്തിന്റെ സാംസ്‌കാരിക ബോധങ്ങള്‍ക്ക് നമ്മുടെ പൊതുബോധത്തിനകത്ത് ലഭ്യമാകുന്ന സ്വീകാര്യതയുടെ ലക്ഷണമാണ് ഏക സിവില്‍കോഡിലൂടെയും ശരീഅത്ത് വിവാദത്തിലൂടെയും സംഭവിക്കുന്നത്.

ദേശങ്ങളിലധിവസിക്കുന്ന ഓരോ ജനതക്കും പാരമ്പര്യവും പൗരാണികതയും പകര്‍ന്നു നല്‍കപ്പെട്ടപ്പോള്‍ ഇസ്ലാമിക സംസ്‌കാരം ബോധപൂര്‍വം നിഷ്‌കാസനം ചെയ്യപ്പെട്ടു. അക്രമോത്സുക ഹിന്ദുത്വത്തിന്റെയും മൃദുഹിന്ദുത്വത്തിന്റെയും സവര്‍ണ ഭാവുകത്വത്തില്‍ പീലി വിടര്‍ത്തിയ ദേശീയ മണ്ഡലം ഇസ്ലാമിക മുദ്രകളെയും ചിഹ്നങ്ങളെയും നിര്‍ദയം കൈയൊഴിഞ്ഞു. പുരോഗമന നാട്യത്തിന്റെ കസവു നൂലുകള്‍ കൊണ്ട് ആകര്‍ഷണീയമാക്കപ്പെട്ട ദേശീയ പുരുഷ/സ്ത്രീയുടെ അപര രൂപമായി അതിപ്പോള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

ഏക സിവില്‍കോഡ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സാംസ്‌കാരിക ഫാഷിസം അടിച്ചേല്‍പിക്കാനുള്ള രാഷ്ട്രീയ കുബുദ്ധിയാണെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍കൊള്ളുന്ന രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്‍ വ്യത്യസ്ത സിവില്‍കോഡുകളാണ് പിന്തുടരുന്നത്. മാത്രവുമല്ല, വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങള്‍, വ്യത്യസ്ത ഗോത്ര നിയമങ്ങള്‍ ഒക്കെ വ്യത്യസ്തമാണ്. ഇതിനെയെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങള്‍ക്കും എതിരുമാണ്. അഥവാ, വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചുപുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നത്. ഇസ്ലാം മാത്രമാണ് ഏക സിവില്‍കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നും പ്രചരിപ്പിച്ച് മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അഥവാ, ഏക സിവില്‍കോഡ് വിഷയത്തെ മുസ്ലിം സമൂഹത്തിന്റെ പിരടിയില്‍ കെട്ടിവെക്കാനും അതിനോടുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളെ എടുത്തുകാട്ടി ദേശസംസ്‌കാരത്തോട് കൂറില്ലാത്തവര്‍ എന്ന് ആക്ഷേപിക്കാനുമുള്ള ഹീന ശ്രമങ്ങളാണ് നടക്കുന്നത്. ഇതിലൂടെ സവര്‍ണ ഫാഷിസത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ മുഖ്യധാരാ സംസ്‌കാരമായി മാറുകയും മുസ്‌ലിംകളടക്കമുള്ളവര്‍ ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

സാംസ്‌കാരികോദ്ഗ്രഥനത്തിന് തടസ്സം ഇസ്ലാം!

ബഹുസ്വരമായൊരു ദേശത്ത് കുടികൊള്ളുമ്പോള്‍ തന്നെ സാര്‍വദേശീയമായി സ്വന്തം ആദര്‍ശത്തെയും സ്വത്വബോധത്തെയും ഉയര്‍ത്തിക്കാട്ടാനും അതില്‍ അഭിമാനിക്കാനും കഴിഞ്ഞ സമൂഹമാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ഇസ്ലാമിക പാരമ്പര്യങ്ങളില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് പിറന്ന മണ്ണില്‍ വേരുകളാഴ്ത്തി ആകാശങ്ങള്‍ക്കപ്പുറമുള്ളൊരു ലോകത്തെ കിനാവു കാണാനാണ് അവര്‍ അനുശീലിച്ചത്. അതാകട്ടെ സാംസ്‌കാരിക ബഹുത്വങ്ങളുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത ദേശബോധത്തെയും പൗരസങ്കല്‍പത്തെയും ഇന്ത്യക്ക് പകര്‍ന്നു നല്‍കി. എന്നാല്‍, കൊളോണിയല്‍ ആധുനികതയുടെ ഇന്ത്യന്‍ രംഗപ്രവേശത്തിനു ശേഷം ഈ ആദാന പ്രദാനങ്ങളുടെ ഗതി തിരിഞ്ഞു. ദേശങ്ങളിലധിവസിക്കുന്ന ഓരോ ജനതക്കും പാരമ്പര്യവും പൗരാണികതയും പകര്‍ന്നു നല്‍കപ്പെട്ടപ്പോള്‍ ഇസ്ലാമിക സംസ്‌കാരം ബോധപൂര്‍വം നിഷ്‌കാസനം ചെയ്യപ്പെട്ടു. അക്രമോത്സുക ഹിന്ദുത്വത്തിന്റെയും മൃദുഹിന്ദുത്വത്തിന്റെയും സവര്‍ണ ഭാവുകത്വത്തില്‍ പീലി വിടര്‍ത്തിയ ദേശീയ മണ്ഡലം ഇസ്ലാമിക മുദ്രകളെയും ചിഹ്നങ്ങളെയും നിര്‍ദയം കൈയൊഴിഞ്ഞു. പുരോഗമന നാട്യത്തിന്റെ കസവു നൂലുകള്‍ കൊണ്ട് ആകര്‍ഷണീയമാക്കപ്പെട്ട ദേശീയ പുരുഷ/സ്ത്രീയുടെ അപര രൂപമായി അതിപ്പോള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇന്ത്യന്‍ ബഹുസ്വരതയില്‍ വിള്ളലുണ്ടാക്കി സാംസ്‌കാരിക ഉദ്ഗ്രഥനത്തിന് തുരങ്കം പണിയുന്ന സമൂഹമായി മതേതര വായനകള്‍ പോലും ഇന്ന് പുരോഗമിക്കുന്നു.

''അല്ല, എല്‍.എം.സിക്ക് തോന്നിയിട്ടുണ്ടോ നമ്മള്‍ ആരോടെങ്കിലും വര്‍ഗീയത കാണിക്കാറുണ്ടെന്ന്? ആര്യങ്കാവ്, ഡോ. ഹസന്‍, ഡോ. ഷാഹുല്‍ ബാബു തുടങ്ങിയ മുസ്ലിം സുഹൃത്തുക്കളെല്ലാം നമ്മുടെ ബെഡ്റൂമില്‍ കൂടി കടന്ന് കളിക്കുന്നില്ലേ? കോമാളി വേഷം കെട്ട്, ആ ബാങ്ക് വിളി കേള്‍ക്കുമ്പളക്ക് തൂറാന്‍ മുട്ടിയ പോലെ ഓട്ആ, ഒന്ന് മൂത്രമൊഴിക്കണമെങ്കില്‍ പാട്ട വെള്ളവുമായി നടക്കുക എന്നീ പീറത്തരമൊന്നും അവര്‍ കാട്ടുന്നില്ലല്ലോ. ആര്യങ്കാവിന്റെയെല്ലാം വര്‍ത്തമാനം കേട്ടാല്‍ മാപ്ലയാണെന്നേ തോന്നുകയില്ല. ഇന്നാള് ശ്രീശ്രങ്കരയില്‍ നിന്ന് വന്ന ഡോക്ടര്‍ ഭട്ടതിരിപ്പാട് ആര്യങ്കാവുമായി വേദിക് ലിറ്ററേച്ചര്‍ ഡിസ്‌കസ് ചെയ്ത ശേഷം ചോദിക്യാണ് ഇയാള്‍ ഏത് ഇല്ലത്തേയാണെന്ന്'' (ചില മതേതര സംസാരങ്ങള്‍- കെ.പി രാമനുണ്ണി).


മുസ്ലിംകള്‍ക്ക് അടിസ്ഥാനപരമായ കൂറ് അവരുടെ മതത്തോടും അതുവഴി വിശാല ഇസ്ലാമികതയോടും ദേശാതിവര്‍ത്തിയായ ഇസ്ലാമിക സമൂഹത്തോടുമാണെന്ന കാഴ്ചപ്പാട് അവരെ വര്‍ഗീയവാദികളും മതഭ്രാന്തരുമായി മുദ്രകുത്താന്‍ ഇടയാക്കുന്നുവെന്ന് എം.ടി അന്‍സാരി നിരീക്ഷിക്കുന്നുണ്ട് (മലബാര്‍: ദേശീയതയുടെ ഇട-പാടുകള്‍). ദേശനിര്‍മിതിയുടെ ആരംഭം മുതല്‍ മുസ്ലിംകളുടെ ദേശക്കൂറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇത്തരം ആക്രോശങ്ങള്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ ശിബിരങ്ങളില്‍ നിന്നായിരുന്നു പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഒതുങ്ങിയതെങ്കിലും സമാന്തരമായി അതിന്റെ സിംഫണികള്‍ മതനിരപേക്ഷ ഇടങ്ങളിലും തുടര്‍പെയ്ത്ത് നടത്തി. ദേശീയാധുനികത സൃഷ്ടിച്ചെടുത്ത സവര്‍ണനായ സാംസ്‌കാരിക വരേണ്യന്റെ നിയന്ത്രണത്തില്‍ ചലിക്കുന്ന സെക്യുലരിസം അതിന്റെ ആന്തരികമായ ദൗര്‍ബല്യങ്ങളും കപടതയും വെളിയിലെടുത്തു. ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ മതനിരപേക്ഷതയെന്നത് സവര്‍ണ താല്‍പര്യങ്ങളുടെ പ്രഛന്ന വേഷമണിഞ്ഞ് പലപ്പോഴും അരങ്ങുവാണു.

'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്നത് ഇന്ത്യന്‍ ദേശീയതയുടെ തിലകക്കുറിയാണെങ്കിലും നമ്മുടെ ദേശത്തിനകത്ത് എന്നും പ്രബലമായൊരു അധീശ സംസ്‌കാരമുണ്ട്. ഇന്ത്യയില്‍ ഒരു മുസ്ലിം പൊതുവായ ഒരാവശ്യം ഉന്നയിച്ചാല്‍ പോലും അത് പലപ്പോഴും വിഭാഗീയതയായിട്ടാണ് മനസ്സിലാക്കപ്പെടുക എന്നും, എന്നാല്‍ മറ്റു സമൂഹങ്ങള്‍ ഒരു വിഭാഗീയ കാര്യം ഉന്നയിച്ചാലും പലപ്പോഴും അതിനെ ദേശീയമായിട്ടാണ് സമൂഹം കാണുകയെന്നും ജവഹര്‍ലാല്‍ നെഹ്റു നിരീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ ബഹുഭാഷ-ബഹുമത-ബഹുജാതി സമൂഹമായ ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന്റെ വിഷയം വരുമ്പോള്‍ ഈ സാംസ്‌കാരിക ധാരയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയാണ് സംവാദം പുരോഗമിക്കുക. ഇന്ത്യക്കകത്തുള്ള മുഴുവന്‍ ജാതി മത കൂട്ടങ്ങളും ഹൈന്ദവമായൊരു സംസ്‌കാരത്തില്‍ ലയിച്ചു ചേര്‍ന്നാലേ ദേശീയോദ്ഗ്രഥനം സാധ്യമാവൂ എന്നാണ് ഹിന്ദു രാഷ്ട്രവാദികളുടെ അവതരണം. ഏകാത്മക സംസ്‌കാരത്തിന്റെ അധീശ വ്യവസ്ഥക്ക് കീഴില്‍ ഇന്ത്യന്‍ സമൂഹത്തെ കൊളുത്തിയിടാനുള്ള ഫാഷിസത്തിന്റെ കുയുക്തിയായി മതനിരപേക്ഷ പക്ഷത്തുനിന്ന് ഇത് വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, സാംസ്‌കാരികോദ്ഗ്രഥനത്തിനുള്ള ബദല്‍ അന്വേഷണം വരുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും പുറത്തേക്ക് വരുന്ന മതേതര സാംസ്‌കാരിക വാചകക്കസര്‍ത്തും ഹൈന്ദവ പുനരുദ്ധാരണത്തില്‍ നിന്ന് വ്യത്യസ്തമാവുകയില്ല.

വീണുടയുന്ന വിഗ്രഹങ്ങള്‍

അടിയുറച്ച ഗാന്ധിഭക്തനും അതേസമയം പുരോഗമനാശയക്കാരനുമായി അറിയപ്പെട്ടിരുന്ന തായാട്ട് ശങ്കരന്‍ സാംസ്‌കാരിക ബഹുത്വങ്ങളില്‍ നിന്ന് ഇന്ത്യന്‍ ദേശീയ മൂല്യമായി കണ്ടെടുത്ത് സമര്‍പ്പിച്ചത് ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ മുദ്രകളായിരുന്നു. മതങ്ങള്‍ക്കിടയിലുണ്ടാകേണ്ട ഉദ്ഗ്രഥനത്തിന് പ്രതിബന്ധമായി നില്‍ക്കുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളെ തൊട്ടുകാട്ടുന്ന തായാട്ട് മുഖ്യമായും അതില്‍ ഉന്നം വെക്കുന്നത് ഇസ്ലാമിനെയാണ്. ആര്യ സംസ്‌കാരത്തെ ഇന്ത്യന്‍ ദേശീയതയുടെ അമരത്തുനിര്‍ത്തി, ഇതര സംസ്‌കൃതികളെ ഉള്‍ക്കൊള്ളാനുള്ള അതിന്റെ ഉദാരതയെ ചൂണ്ടിക്കാട്ടി ചരിത്ര സഞ്ചാരം നടത്തിയ അദ്ദേഹം ദേശീയതയില്‍ ലയിക്കാത്ത സമൂഹമായി വിലയിരുത്തുന്നത് ഇസ്ലാമിനെയാണ്. ദേശീയോദ്ഗ്രഥനത്തിന്റെ കാതലായ പ്രശ്നം ഹിന്ദു-മുസ്ലിം സമരസപ്പെടലാണെന്നും, അതിന് സാധിക്കാത്തതിന് ഏക കാരണം ഇസ്ലാമിന്റെ സാംസ്‌കാരിക വ്യതിരിക്തതയാണെന്നും അദ്ദേഹം തീര്‍പ്പുകല്‍പിക്കുന്നു. ഇന്ത്യാ-പാകിസ്താന്‍ വിഭജനം ഇസ്ലാമിന്റെ ഈ പ്രത്യേക സാംസ്‌കാരിക വീക്ഷണത്തിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു എന്ന അത്യന്തം അപകടകരമായ ആരോപണവും തായാട്ട് ഉന്നയിക്കുന്നുണ്ട്. ഇസ്ലാം അതിനു പുറത്തുള്ള എല്ലാറ്റിനെയും കാഫിര്‍ എന്ന മുദ്രകുത്തി അകറ്റി നിര്‍ത്തിയെന്നും, അറബി സംസ്‌കാരത്തിന്റെ അതിപ്രസരം അവരെ സംബന്ധിക്കുന്ന എല്ലാറ്റിലും പ്രതിഫലിച്ചു കാണാമെന്നും, ഭാരതീയമായൊരു മതദര്‍ശനത്തെ അറബി സംസ്‌കാരത്തില്‍ നിന്ന് വേര്‍തിരിച്ചുകാണാന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സാധിച്ചില്ല എന്നും തുടര്‍ന്നദ്ദേഹം സൂചിപ്പിക്കുന്നു. ('ദേശീയോദ്ഗ്രഥനത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം' എന്ന തായാട്ട് ശങ്കരന്‍ എഴുതിയ ഈ ലേഖനം 'ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്).

ഭൂരിപക്ഷ മതാധികാര രാഷ്ട്രീയത്തിന് പ്രത്യക്ഷത്തില്‍ തോല്‍വി സംഭവിക്കുമ്പോഴും അതിന്റെ സാംസ്‌കാരികമായ സവിശേഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രകാശനങ്ങളെല്ലാം വര്‍ഗീയതയായി മുദ്രകുത്തി നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന മതേതരത്വ സമീപനം കേരളത്തില്‍ കാണപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. അഥവാ, ആധുനിക പൗരത്വത്തിന്റെ മാതൃകയായി ഇവിടെ അവതരിപ്പിക്കപ്പെടുന്നത് ആര്‍ഷ ഭാരത സങ്കല്‍പ രൂപമാണെന്നും, ഈ മതേതര ഭാവനകള്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ രാക്ഷസവത്കരിക്കാന്‍ സഹായമാവുന്നുണ്ടെന്നും നാം തിരിച്ചറിയുന്നില്ല.

1970-കള്‍ക്ക് തൊട്ടടുത്ത കാലത്ത് ഉയര്‍ന്നുകേട്ട ഇത്തരം പുരോഗമന ഭാഷ്യങ്ങളുടെ കാലാനുസൃതമായ വികാസ സംക്രമണമാണ് സമകാലിക മതേതരവാദികളുടെ രചനകളിലും കാഴ്ചപ്പെടുന്നത്. ഫാഷിസത്തിന്റെ സാംസ്‌കാരിക കര്‍സേവകള്‍ക്ക് പിന്‍ബലമേകുന്ന മതനിരപേക്ഷതയുടെ അലകളും തൊങ്ങലും വെച്ചു പിടിപ്പിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെ പോലുള്ളവരുടെ സൈദ്ധാന്തിക വ്യായാമങ്ങള്‍ ആത്യന്തികമായി പ്രതിനിധാനം ചെയ്യുന്നത് ഫാഷിസം വിഭാവനം ചെയ്യുന്ന മനുഷ്യ മാതൃകകളെയാണ്.

''കള്‍ച്ചറല്‍ ഇംപീരിയലിസത്തിന്റെ ശക്തമായ മുഖമാണ് അമേരിക്ക. പക്ഷേ, സാംസ്‌കാരിക സാമ്രാജ്യത്വത്തിന് ആകെ ഒരു മുഖം മാത്രമേയുള്ളൂ എന്ന് ധരിക്കരുത്. കള്‍ച്ചറല്‍ ഇംപീരിയലിസത്തിന് ഒരു അറേബ്യന്‍ മുഖം കൂടിയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹങ്ങളെ ചിരകാലമായി കോളനൈസ് ചെയ്തു വെച്ചിരിക്കുന്നത് അറേബ്യന്‍ സാംസ്‌കാരിക സാമ്രാജ്യത്വമാണ്. സാംസ്‌കാരിക അധിനിവേശം അമേരിക്കയുടേതായാലും അറേബ്യയുടേതായാലും വര്‍ജ്യം തന്നെയാവണം. ഒന്ന് ചീത്തയും മറ്റേത് നല്ലതും എന്ന സമീപനം ശരിയല്ല'' (അധിനിവേശത്തിന്റെ അറേബ്യന്‍ മുഖം- ഹമീദ് ചേന്ദമംഗല്ലൂര്‍).

പര്‍ദ, അറബി ഭാഷ, ബാങ്ക് വിളി, മദ്റസാ വിദ്യാഭ്യാസം തുടങ്ങി ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളുടെ തുടരാഖ്യാനങ്ങളാണ് ഹമീദിയന്‍ യുക്തി വിചാരത്തിലും ദര്‍ശിക്കാവുന്നത്. തീവ്ര ഹിന്ദുത്വമെന്നും മൃദു ഹിന്ദുത്വമെന്നുമുള്ള സാമ്പ്രദായിക വ്യവഹാരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഹമീദിന്റെ ഈ ലേഖനത്തെ വിശകലനം ചെയ്യാന്‍ കഴിയില്ല. കാരണം, അത്രമേല്‍ ഫാഷിസ്റ്റ് വാദങ്ങളോട് ഇത് ചേര്‍ന്നു നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘ്പരിവാര്‍ വാരികയായ കേസരി 'കണ്ണിലെ കൃഷ്ണമണി പോലെ' കാത്തുരക്ഷിക്കേണ്ട വ്യക്തിയായി ഇദ്ദേഹത്തെ പ്രകീര്‍ത്തിച്ചത് വെറുയെയായിരുന്നില്ല.


ബഹുമത സമൂഹങ്ങളില്‍ രൂപം കൊള്ളുന്ന ഭൂരിപക്ഷ മതാധികാരം പങ്കാളിത്തത്തിന്റെയും ബഹുസ്വരതയുടെയും രാഷ്ട്രീയത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും, തന്മൂലം ഭരണകൂടം പ്രത്യക്ഷത്തില്‍ മതേതരമായിരിക്കുമ്പോള്‍ തന്നെ ന്യൂനപക്ഷ മതബോധം നിരന്തരം സാംസ്‌കാരിക-രാഷ്ട്രീയ വിചാരണകള്‍ക്ക് വിധേയമാകുമെന്നും ടി.ടി ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫ്രാന്‍സില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടായതും, ഒടുവില്‍ ഫ്രഞ്ച് ഗവണ്‍മെന്റ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നതും മതേതരത്വമെന്നത് ഭൂരിപക്ഷ മതവും ഭരണകൂടവും തമ്മിലുള്ള അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും തെളിവുകളിലൊന്നായി അദ്ദേഹം ഉദാഹരിക്കുന്നു. ഭൂരിപക്ഷ മതവുമായുണ്ടാക്കുന്ന സമവായത്തിന് പുറത്തുള്ളവയെല്ലാം മതേതരത്വത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണെന്ന അടിസ്ഥാന സമീപനമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും, ഇന്ത്യയെപ്പോലുള്ള ബഹുമത രാജ്യങ്ങളിലും ഇത് അരങ്ങേറുന്നുണ്ടെന്നും ശ്രീകുമാര്‍ വിലയിരുത്തുന്നു. ഇന്ത്യയില്‍ വിശിഷ്യ കേരളം പോലുള്ള ബഹുമത സമൂഹങ്ങളില്‍ മതനിരപേക്ഷത പലപ്പോഴും ഭൂരിപക്ഷ മതാധികാരത്തിന്റെ പ്രശ്നത്തെ മൂടിവെക്കുകയും, പങ്കാളിത്തത്തെയും ബഹുസ്വരതയെയും അതിന്റെ സാംസ്‌കാരിക സഞ്ചയത്തെയും ശക്തിപ്പെടുത്തുകയും നീതിമത്കരിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (മാധ്യമം ആഴ്ചപ്പതിപ്പ് 2010 ജൂണ്‍ 19).

കേരളത്തിലെ ഇസ്ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധികള്‍ തീര്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശാക്തീകരണം ഈ ഭൂമികയില്‍ വെച്ചാണ് തഴച്ചുവളരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂരിപക്ഷ മതാധികാര രാഷ്ട്രീയത്തിന് പ്രത്യക്ഷത്തില്‍ തോല്‍വി സംഭവിക്കുമ്പോഴും അതിന്റെ സാംസ്‌കാരികമായ സവിശേഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രകാശനങ്ങളെല്ലാം വര്‍ഗീയതയായി മുദ്രകുത്തി നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന മതേതരത്വ സമീപനം കേരളത്തില്‍ കാണപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. അഥവാ, ആധുനിക പൗരത്വത്തിന്റെ മാതൃകയായി ഇവിടെ അവതരിപ്പിക്കപ്പെടുന്നത് ആര്‍ഷ ഭാരത സങ്കല്‍പ രൂപമാണെന്നും, ഈ മതേതര ഭാവനകള്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ രാക്ഷസവത്കരിക്കാന്‍ സഹായമാവുന്നുണ്ടെന്നും നാം തിരിച്ചറിയുന്നില്ല.

സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ഭീകരത

ഇന്ത്യന്‍ ഫാഷിസം ഇന്ന് രണ്ടുതരം ഭീകരതയിലൂടെയാണ് രാജ്യത്ത് മേല്‍കൈ നേടിയെടുക്കുന്നത്. അതിലൊന്ന് സാംസ്‌കാരികമാണെങ്കില്‍ മറ്റൊന്ന് ഹിംസാത്മകമാണ്. ഇന്ത്യയില്‍ ഇത് രണ്ടിനെയും ആവശ്യമായ അളവില്‍ പടച്ചെടുക്കാനും മാര്‍ക്കറ്റ് ചെയ്യാനും ഫാഷിസത്തിനാവുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത അധികാരത്തുടര്‍ച്ച ഇന്ത്യന്‍ ബഹുസ്വരതക്ക് മേല്‍ ഏല്‍പിച്ച ആഘാതം നിസ്സാരമല്ല. ഇന്ത്യയിലെ സംഘ്പരിവാര്‍ നേടിയെടുത്ത ഈ രാഷ്ട്രീയ അധികാരവും അതോടൊപ്പംതന്നെ നിലനില്‍ക്കുന്ന സാംസ്‌കാരിക അധീശത്വവും അവരുടെ സ്വയംമിടുക്കു കൊണ്ടു മാത്രം നേടിയെടുത്തതല്ല. മറിച്ച്, ഇന്ത്യാ ചരിത്രത്തിനും ആ ചരിത്രത്തെ രൂപപ്പെടുത്തിയ പാഠരൂപങ്ങള്‍ക്കും അതിനോട് നാഭീനാള ബന്ധമുണ്ട്. കൊളോണിയല്‍ ആധുനികതയും അതിന്റെ ഭാഗമായി വികസിച്ചുവന്ന ഇന്ത്യന്‍ നവോത്ഥാന ആധുനികതയും അതിലേക്കാവശ്യമായ ആശയ പ്രതലമൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയതയും അതിന്റെ നിയന്താക്കളായ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും അതില്‍ ചെറുതല്ലാത്ത പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷ മതാധികാരത്തെ പ്രീതിപ്പെടുത്തിയും പ്രീണിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ സവര്‍ണാധികാരത്തിനുവേണ്ട അടിത്തൂണുമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇന്ത്യ അതിന്റെ സാംസ്‌കാരിക പാരമ്പര്യമായി സ്വീകരിച്ചുവന്ന ആര്‍ഷ -സവര്‍ണ പ്രത്യയശാസ്ത്രമാണ് സമകാലിക ഇന്ത്യയിലെ അപര ജീവിതങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. അതുവഴി മതനിരപേക്ഷതയുടെ അടിയടരായി സൂത്രത്തില്‍ ഒത്തിണങ്ങാനും, വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ സ്വാംശീകരിക്കപ്പെടേണ്ട മൂല്യമാകാനും, സംഘ്പരിവാര്‍ പ്രതിനിധീകരിക്കുന്ന സവര്‍ണ സംസ്‌കാരത്തിനായി എന്നതാണ് യാഥാര്‍ഥ്യം.

മതേതര രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ബലഹീനതകള്‍

ഭരണകൂടം മതനിരപേക്ഷമായാല്‍ മതി, രാഷ്ട്രം തനിയെ മതേതരമാകും എന്നതായിരുന്നു ഇന്ത്യയില്‍ ഒരുകാലത്തുള്ള തെറ്റിദ്ധാരണ. എന്നാല്‍, ഇന്ത്യയില്‍ ഭരണകൂടമെന്നത് ഭൂരിപക്ഷ മതാധികാരത്തിന്റെ സംരക്ഷണമാണ് പലപ്പോഴും ഉറപ്പുവരുത്തിയത്. പത്തൊമ്പതാം നൂറ്റാണ്ട് മുതലാരംഭിക്കുന്ന ഇന്ത്യന്‍ ദേശീയത നിവര്‍ന്നുനിന്നതുതന്നെ വൈദിക ഭൂതകാലത്തില്‍ നിന്നും ഊര്‍ജം വലിച്ചെടുത്തുകൊണ്ടായിരുന്നു. ഈയൊരു സാംസ്‌കാരിക പാരമ്പര്യത്തെ സാംസ്‌കാരിക ദേശീയതയാക്കി വികസിപ്പിച്ചെടുത്തു എന്നതാണ് ഇന്ത്യന്‍ ഫാഷിസം നേടിയ വിജയം. ഈ സാംസ്‌കാരിക പൊതുബോധത്തെ മതത്തിന്റെ പുടവയുമുടുപ്പിച്ച് നടത്തുകയാണ് ഇന്ന് സംഘ്പരിവാര്‍. നിലവിളക്ക്, ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക ബിംബങ്ങളിലൂടെയും ആചാര മാമാങ്കങ്ങളിലൂടെയും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ സംഘ്പരിവാറിന് എളുപ്പത്തില്‍ സാധിക്കുന്നു. മതേതരമായിരിക്കുമ്പോള്‍തന്നെ ഈ സവര്‍ണ സംസ്‌കാരത്തെ അറിഞ്ഞും അറിയാതെയും പുല്‍കാനും നെഞ്ചോടടുപ്പിക്കാനും ശ്രമിക്കുന്നു എന്നതാണ് മതേതരത്വത്തിന് സംഭവിക്കുന്ന അപചയം.

കേരളത്തിന്റെ മതേതര ഭാവനകളിലും അതിന്റെ പ്രയോഗങ്ങളിലും പ്രകടമാവുന്ന പ്രബലമായ വൈരുധ്യങ്ങളില്‍ ഒന്ന് പ്രാഥമികമായി അത് സവര്‍ണവും രണ്ടാമതായി ആധുനികവുമാണ് എന്നതാണ്. അതിനാല്‍ മതേതര ആധുനികരുടെ ഇസ്ലാം വിശകലനങ്ങള്‍ക്ക് എപ്പോഴും സവര്‍ണതയുടെ നിലപാട് തറയുണ്ടാകും. സവര്‍ണോന്മുഖമായ ജലാശയത്തില്‍ ഒരു പരല്‍മീനെപോലെ നീന്തിത്തുടിക്കുന്ന ഇവര്‍ക്ക് ഇസ്ലാമിന്റെ ചിഹ്നങ്ങളും സംസ്‌കാരങ്ങളും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുകയില്ല. മതേതരത്വ മുദ്രാവാക്യങ്ങള്‍ക്ക് എത്രമാത്രം വീറ് കൂടുന്നുവോ അതിനനുസൃതമായി അവരുടെ അകത്തിരിക്കുന്ന 'പൂന്താനം' പുറത്തുചാടും. അതിനാല്‍ മതനിരപേക്ഷതയുടെ നടത്തിപ്പുകാരായി സ്വയം പരിഗണിച്ചുവരുന്ന ഈ മതേതര ബുദ്ധിജീവികള്‍ക്ക് മതേതരത്വമെന്നത് ഇസ്ലാം വിമര്‍ശനത്തിനുള്ള ടൂളാണ്. ന്യൂനപക്ഷങ്ങളോടുള്ള മതേതര താദാത്മ്യപ്പെടലുകളോടു പോലും സഹിഷ്ണുതാപൂര്‍വം സംവദിക്കാന്‍ അവര്‍ക്ക് സാധിക്കാത്തത് ഇതുമൂലമാണ്. ഇന്ത്യയിലെ മതേതര ഇടപെടലുകള്‍ എപ്പോഴും ന്യൂനപക്ഷ പ്രീണനമായാണ് അനുഭവപ്പെടുന്നതെന്നും, അവയാകട്ടെ ഹൈന്ദവ വിരുദ്ധവും ഭൂരിപക്ഷ വികാരത്തെ മാനിക്കാത്തതുമാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. ലോകാടിസ്ഥാനത്തില്‍ ശക്തിപ്രാപിച്ചുവരുന്ന 'മുസ്ലിം തീവ്രവാദം' ഇന്ത്യയിലേക്കും പടരുന്നുണ്ടെന്നും, ഇതിനെതിരായ പോരാട്ടമാണ് മതേതര ഇടപെടലുകളുടെ പ്രാഥമിക പടിയായി വേണ്ടതെന്നുമാണ് അവരുടെ വാദം. ഇതിനൊരുങ്ങാത്ത മതേതരവാദികളുടെ മതനിരപേക്ഷ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ പ്രീണനം മാത്രമാണെന്നും അവര്‍ ഉറപ്പിച്ചിരിക്കുന്നു. അക്രമോത്സുക ഹിന്ദുത്വത്തിന്റെ സൈദ്ധാന്തിക സംരക്ഷകരും സവര്‍ണതയുടെ കാര്‍മികത്വം വഹിക്കുന്നവരുമായ ഈ മധ്യവര്‍ഗ ബുദ്ധിജീവികളുടെ സിദ്ധാന്ത ശാഠ്യങ്ങള്‍ക്ക് മതേതര മണ്ഡലത്തിനകത്ത് അംഗീകാരം കിട്ടുന്നുവെന്നതിന്റെ സാക്ഷ്യങ്ങളാണ് സമീപകാലത്തായി ഇസ്ലാം പേടിയായി നാം കണ്ടുവരുന്നത്.

വ്യത്യസ്ത സിവില്‍ കോഡുകള്‍ നിലനില്‍ക്കുമ്പോഴാണ് പൂര്‍ണാര്‍ഥത്തില്‍ പൗരസ്വാതന്ത്ര്യം സാധ്യമാവുക. ഭരണഘടന വ്യക്തികള്‍ക്ക് വകവെച്ചു നല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവില്‍ കോഡ് നിയമം. രാജ്യത്ത് അതാത് കാലങ്ങളില്‍ രൂപപ്പെട്ട് വരുന്ന വ്യക്തിനിയമങ്ങളും യൂണിഫോം കോഡുകളും മതങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന മൗലികാവകാശങ്ങളെ തള്ളിക്കളയുന്നതാകരുത്.

സവര്‍ണ ഫാഷിസം രാഷ്ട്രീയമായി വിജയം നേടുകയും ഭരണം കൈയാളുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ ഇതിനോട് സമരസപ്പെട്ട് മുഖ്യധാരാ സംസ്‌കാരത്തിന്റെ നടത്തിപ്പുകാരായി മാറാനാണ് മതേതര കക്ഷികള്‍ പോലും ശ്രമിച്ചുപോരുന്നത്. മതേതരത്വം പുറമേക്ക് എത്രമാത്രം പുരോഗമനാത്മകമായിരിക്കുമ്പോഴും അകമേ അങ്ങേയറ്റം സവര്‍ണമാണ് എന്ന വാദത്തെ ശരിവെക്കുകയാണ് മുസ്ലിം വിഷയത്തോടുള്ള ഈ അസ്പൃശ്യതകള്‍. വൈദിക പാരമ്പര്യത്തില്‍ വേരോടി നില്‍ക്കുന്ന ഈ മതേതര ചട്ടക്കൂടിനുള്ളിലേക്ക് പൂര്‍വാധികം ചുരുണ്ടുകൂടി സ്വന്തം സാംസ്‌കാരിക സ്വത്വത്തെ മൂടുപടമണിയിക്കാനാണ് മുസ്ലിം സമാജത്തിനകത്തും ഇപ്പോള്‍ ശ്രമം നടക്കുന്നത്.

'അതിര്‍ത്തിയില്‍ വെടിയേല്‍ക്കുമ്പോള്‍

ഒരു പട്ടാളക്കാരന്‍ കൂടുതല്‍ നല്ല

പട്ടാളക്കാരനാവുന്നതുപോലെ

തൂക്കിലേറുന്ന വിപ്ലവകാരി കൂടുതല്‍

വിപ്ലവകാരിയാകുന്നതുപോലെ'

എന്ന കുഴൂര്‍ വില്‍സന്റെ കവിത (സ്വര്‍ണത്തെക്കുറിച്ച് ഒരു 22 കാരറ്റ് കവിത)യെ ഓര്‍മപ്പെടുത്തുംവിധം കൂടുതല്‍ കൂടുതല്‍ മതേതരവത്കരിക്കപ്പെടാനുള്ള തൃഷ്ണ മുസ്ലിം സമൂഹത്തെയും ഗ്രസിച്ചിരിക്കുന്നു. അഥവാ, സ്വന്തം സാംസ്‌കാരിക സ്വത്വവും ഭാഷയും ഓര്‍മകളും നിഷേധിക്കപ്പെടുന്ന സമൂഹം അക്രമിയുടെ സംസ്‌കാരത്തെയും ജീവിതരീതിയെയും സ്വന്തമെന്ന മട്ടില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

യഥാര്‍ഥ ലിബറലിസത്തിലേക്ക് മടങ്ങുക

തങ്ങളുടേതായ അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുള്ളവരെക്കൂടി കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലത കേരളീയ പൊതുമണ്ഡലം ഇനിയും ആര്‍ജിക്കേണ്ടിയിരിക്കുന്നു. സംവാദാത്മകമായ ഈ പാരമ്പര്യമാണ് യഥാര്‍ഥ ലിബറലിസം. ലിംഗനീതിയുടെ വിഷയത്തില്‍ ഇസ്ലാമിനെ ഭീകരവത്കരിക്കുന്ന ഉദാര ലൈംഗികവാദികള്‍ വ്യഭിചാരത്തിന്റെ വിഷയത്തിലുള്ള നിലപാട് മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള വ്യക്തികളുടെ ലൈംഗികവേഴ്ച സാധുവാണ് എന്നതാണ് അവരുടെ സുചിന്തിത നിലപാട്. എന്നാല്‍, ഇസ്ലാമാകട്ടെ അത് പാപമായി കണക്കാക്കുന്നു. വിവാഹമെന്ന കരാറിലൂടെ കുടുംബ ഘടനക്കകത്തു വെച്ച് നിര്‍വഹിക്കപ്പെടേണ്ടതാണ് ലൈംഗികത എന്നതാണ് ഇസ്ലാമിന്റെ ഉറച്ച പാഠം. വ്യഭിചാരം സാധുവാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തിന്റെയും അത് പാപമാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തിന്റെയും സംസ്‌കാരത്തിലും വേഷവിധാനത്തിലുമെല്ലാം സാരമായ അന്തരമുണ്ടാകും. അഥവാ, മൗലികതയില്‍ വ്യത്യസ്തതയുണ്ടായിരിക്കെ എല്ലാവരും ഏക സംസ്‌കാരത്തില്‍ വരണമെന്ന് ശഠിക്കുന്നത് ലിബറലിസമല്ല, ഫാഷിസമാണ്. അഥവാ, ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വ്യത്യസ്ത സിവില്‍ കോഡുകള്‍ നിലനില്‍ക്കുമ്പോഴാണ് പൂര്‍ണാര്‍ഥത്തില്‍ പൗരസ്വാതന്ത്ര്യം സാധ്യമാവുക. ഭരണഘടന വ്യക്തികള്‍ക്ക് വകവെച്ചു നല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവില്‍ കോഡ് നിയമം. രാജ്യത്ത് അതാത് കാലങ്ങളില്‍ രൂപപ്പെട്ട് വരുന്ന വ്യക്തിനിയമങ്ങളും യൂണിഫോം കോഡുകളും മതങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന മൗലികാവകാശങ്ങളെ തള്ളിക്കളയുന്നതാകരുത്. മറിച്ച്, വ്യക്തികളുടെ മൗലികാവകാശത്തിന് വിധേയമായി വ്യക്തിനിയമവും യൂണിഫോം കോഡുമെല്ലാം നിര്‍ണയിക്കണം. സംഘ്പരിവാര്‍ ശക്തികള്‍ ദേശസംസ്‌കാരമെന്ന പേരില്‍ എഴുന്നള്ളിക്കുന്ന ആചാര മേല്‍ക്കോയ്മകള്‍ ആത്യന്തികമായി ഫാഷിസത്തിന്റെ സാംസ്‌കാരിക യുക്തികളായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതല്ലായെങ്കില്‍ അക്രമോല്‍സുക ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക കവാത്തുകള്‍ക്ക് രഥവേഗം നല്‍കാന്‍ മാത്രമേ അതുപകരിക്കുകയുള്ളൂ.

TAGS :