Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 5 Oct 2023 5:31 PM GMT

ന്യൂസ് ക്ലിക്ക്: മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം

ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ല് നടത്തിയ റെയ്ഡ് സംബന്ധിച്ച് ന്യൂസ്‌ക്ലിക്ക് പുറത്തിറക്കിയ പ്രസ്താവന.

ന്യൂസ് ക്ലിക്ക് റെയ്ഡ്
X

ഇന്നലെ, 2023 ഒക്ടോബര്‍ 3-ന്, ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ന്യൂസ്‌ക്ലിക്ക് ഓഫിസ്, പത്രപ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഉപദേശകര്‍, ഫ്രീലാന്‍സ് ലേഖകര്‍ തുടങ്ങിയവരുടെ വസതികള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. പലരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇപ്പോള്‍, ഞങ്ങളുടെ സ്ഥാപക എഡിറ്റര്‍ എഴുപത്താറുകാരനായ പ്രബീര്‍ പുരകായസ്ഥയെയും ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ അമിത് ചക്രബര്‍ത്തിയെയും അറസ്റ്റ് ചെയ്തിരിക്കുന്നു.

ഞങ്ങള്‍ക്ക് എഫ്.ഐ.ആര്‍ പകര്‍പ്പ് നല്‍കുകയോ, ഞങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല. മെമ്മോകള്‍, പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് മൂല്യങ്ങള്‍, അല്ലെങ്കില്‍ ഡാറ്റയുടെ പകര്‍പ്പുകള്‍ പോലുള്ള ന്യായമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ന്യൂസ്‌ക്ലിക്ക് ഓഫീസില്‍ നിന്നും ജീവനക്കാരുടെ വീടുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഞങ്ങളുടെ റിപ്പോര്‍ട്ടിങ് തടയുന്നതിനായുള്ള ശ്രമമെന്നോണം ന്യൂസ്‌ക്ലിക്ക് ഓഫീസും സീല്‍ ചെയ്തു. ന്യൂസ്‌ക്ലിക്ക് വെബ്സൈറ്റില്‍ ചൈനീസ് അനുകൂല ആശയ പ്രചാരണം (Propaganda) നടത്തിയെന്നാരോപിച്ച്, UAPA (Unlawful Activities Prevention Act) പ്രകാരമാണ് കുറ്റം ചുമത്തിയത്, എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ മാനിക്കാന്‍ വിസമ്മതിക്കുകയും വിമര്‍ശനത്തെ രാജ്യദ്രോഹമായോ 'ദേശവിരുദ്ധ' പ്രചാരണമായോ കാണുന്നതുമായ ഒരു സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

2021 മുതല്‍ ഇന്ത്യ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ നിരവധി നടപടികളാണ് ന്യൂസ്‌ക്ലിക്ക് നേരിട്ടത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റ് എന്നീ ഏജന്‍സികള്‍ ഞങ്ങളുടെ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ എല്ലാ തരം ഉപകരണങ്ങളും, ലാപ്‌ടോപ്പുകള്‍, ഫോണുകള്‍ മുതലായവയും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇ-മെയിലുകളും ആശയവിനിമയങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂസ്‌ക്ലിക്ക് സ്വീകരിച്ച ഫണ്ട് സ്രോതസ്സുകള്‍, ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ഇന്‍വോയ്‌സുകള്‍, ചെലവുകള്‍, എന്നിവയെല്ലാം വിവിധ ഏജന്‍സികള്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ട്. ഞങ്ങളുടെ വിവിധ ഡയറക്ടര്‍മാരും മറ്റ് ഉത്തരവാദപ്പെട്ട ആളുകളും വിവിധ സന്ദര്‍ഭങ്ങളിലായി മണിക്കൂറുകള്‍ ഈ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ട്.

എന്നിട്ടും, കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍, ന്യൂസ്‌ക്ലിക്ക് കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ആരോപിച്ച് നടപടിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ന്യൂസ്‌ക്ലിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. കോടതികളില്‍ തങ്ങളുടെ നടപടികള്‍ക്ക് ന്യായീകരണം നല്‍കാന്‍ ആദായ നികുതി വകുപ്പിനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍, ന്യൂസ്‌ക്ലിക്ക് സ്ഥാപക എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയെ ഈ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചിട്ടില്ല.

എന്നാല്‍, ന്യൂസ്‌ക്ലിക്കിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്, അതിന്റെ എല്ലാ വിവരങ്ങളും രേഖകളും ആശയവിനിമയങ്ങളും കൈവശം ഉണ്ടായിരുന്നിട്ടും, കര്‍ഷകരുടെയും തൊഴിലാളികളുടെയും മറ്റ് അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെയും യഥാര്‍ഥ ഇന്ത്യയുടെ കഥ പറയുന്ന സ്വതന്ത്രവും നിര്‍ഭയവുമായ ശബ്ദങ്ങളെ യു.എ.പി.എ പോലുള്ള ഡ്രാക്കോണിയന്‍ നിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍, ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിക്കപ്പെട്ട അവാസ്തവമായ ഒരു ലേഖനം ആവശ്യമായി വന്നു.

താഴെ പറയന്ന കാര്യങ്ങള്‍ ഞങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു:

1. ന്യൂസ്‌ക്ലിക്ക് ഒരു സ്വതന്ത്ര വാര്‍ത്താ വെബ്സൈറ്റാണ്. 2. ഞങ്ങളുടെ പത്രപ്രവര്‍ത്തന ഉള്ളടക്കം ഈ മേഖലയുടെ ഉയര്‍ന്ന നിലവാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 3. ന്യൂസ്‌ക്ലിക്ക് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെയോ അധികാരിയുടെയോ അഭ്യര്‍ഥനപ്രകാരം യാതൊരു വാര്‍ത്തയോ വിവരങ്ങളോ പ്രസിദ്ധീകരിച്ചിട്ടില്ല. 4. ന്യൂസ്‌ക്ലിക്ക് തങ്ങളുടെ വെബ്സൈറ്റില്‍ ചൈനീസ് പ്രചാരണം നടത്തുന്നില്ല. 5. ന്യൂസ്‌ക്ലിക്ക് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തെ സംബന്ധിച്ച് നെവില്‍ റോയ് സിങ്കത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നില്ല. 6. ന്യൂസ്‌ക്ലിക്ക് ലഭിച്ച എല്ലാ ഫണ്ടിംഗും ബാങ്കിംഗ് ചാനലുകള്‍ വഴിയാണ്, നിയമപ്രകാരം ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ന്യൂസ്‌ക്ലിക്ക് വെബ്സൈറ്റില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ ഉള്ളടക്കവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്, അത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ചൈനീസ് പ്രചരണമെന്ന് കരുതുന്ന ഒരു ലേഖനമോ വീഡിയോയോ അതിലില്ല. വാസ്തവത്തില്‍, ഡല്‍ഹി കലാപം, കര്‍ഷക പ്രതിഷേധം തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സ്വീകരിച്ച ചോദ്യം ചെയ്യലുകളെല്ലാം ഇപ്പോഴത്തെ നടപടികളുടെ പിന്നിലെ ദുരുദ്ദേശം പ്രകടമാക്കുന്നു. കോടതികളിലും ജുഡീഷ്യല്‍ നടപടികളിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി ഞങ്ങളുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടി ഞങ്ങള്‍ പോരാടും.



TAGS :