വീട്ടില്‍ അടുക്കള ഇനിയും ആവശ്യമുണ്ടോ?
ഭര്‍ത്താവിന്റെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് സ്ത്രീയുടെ പാചക മികവാണ് എന്ന ചൊല്ലിപ്പഠിപ്പിക്കലും, വീട്ടിലുണ്ടാക്കുന്ന നാടന്‍ വിഭവങ്ങള്‍ മാത്രമേ അതിനു സഹായിക്കൂ എന്ന ആരോഗ്യ വിദഗ്ധന്‍മാരുടെ ഉപദേശവും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാനേ ഉപകരിച്ചിട്ടുള്ളു.
വനിതാദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് പല സംഘടനകളും ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രായമായവര്‍, സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍, കലാ-കായിക രംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവര്‍ എന്നിങ്ങനെ പല മേഖലകളില്‍ നിന്നുമുള്ള വനിതകള്‍ ആദരിക്കപ്പെടുന്നുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും വനിതാദിനവുമായി ബന്ധപ്പെട്ട് പല ആഘോഷങ്ങളും മത്സരങ്ങളും നടത്തുന്നുമുണ്ട്. വനിതാദിന മത്സരങ്ങളില്‍ ഏറ്റവും രസകരമായി തോന്നിയത് ചിലര്‍ സംഘടിപ്പിക്കുന്ന പാചക മത്സരങ്ങളാണ്. കേക്ക് മേളയും പായസം മേളയും, അകമ്പടിയായി ഫാഷന്‍ ഷോ വരെയുണ്ട്. പരമ്പരാഗതമായ ദിനചര്യകളില്‍ നിന്ന് മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ പോലും സ്ത്രീകള്‍ക്ക് മോചനമില്ലെന്ന് സാരം.
അമേരിക്കയിലും ജര്‍മനിയിലും റഷ്യയിലുമെല്ലാമുണ്ടായ സ്ത്രീ മുന്നേറ്റങ്ങളുടെ ഓര്‍മ നിലനിര്‍ത്തുകയും ഓരോ സ്ത്രീകള്‍ക്കും വ്യക്തിസ്വാതന്ത്ര്യവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന 1975 മുതല്‍ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
1875-ല്‍ തുല്യ വേതനവും വോട്ടവകാശവും ആവശ്യപ്പെട്ടാണ് ആദ്യമായി ന്യൂയോര്‍ക്കിലെ തുണിമില്‍ തൊഴിലാളികളായ സ്ത്രീകള്‍ നിരത്തിലിറങ്ങിയത്. പിന്നീട് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1909 ഫെബ്രുവരി 28 ന് വനിതാ ദിനം ആചരിച്ചു. 1911 മാര്‍ച്ച് 19 ന് ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്റും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ വനിതാ ദിനമായി ആചരിച്ചു. റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നത് 1917 മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ നടത്തിയ പ്രകടനമാണ്.
അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളെല്ലാം സ്ത്രീകളുടെ പൊതുജീവിതം ഉറപ്പു വരുത്തുക എന്നുള്ളതായിരുന്നു. പക്ഷേ, ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും ഇപ്പോഴും നിന്നിടത്തു തന്നെ നില്‍ക്കുകയാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. പ്രധാന കാരണങ്ങളിലൊന്ന്, മാതൃത്വം, കുടുംബ ജീവിതം എന്നിവ മാത്രമാണ് സ്ത്രീയെ വിശുദ്ധയാക്കുകയും കുലീനയാക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നത് എന്ന് പൊതുസമൂഹം സംശയലേശമന്യേ കരുതുന്ന സങ്കല്‍പങ്ങള്‍ തന്നെയാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടേയും ഇടപെടല്‍ കൊണ്ട് ചെറിയ മാറ്റങ്ങള്‍ മാത്രമേ സ്ത്രീകളുടെ പദവിയില്‍ വരുത്താന്‍ സാധിച്ചിട്ടുള്ളു.
അടുക്കള എന്ന അമിതഭാരം:
അടുക്കളയിലെ കൈക്കലത്തുണി പോലെ താന്‍ നിരന്തരം കരിപുരണ്ട്, അഴുക്കുപുരണ്ട് വലിച്ചെറിയാറായിരിക്കുന്നു എന്ന് ഒരു യുവ കവി എഴുതുന്നതിന് എത്രയോ മുമ്പാണ് താന്‍ അടുക്കളയിലെ തേഞ്ഞു തീരാറായ വീട്ടുപകരണമാണെന്ന് മറ്റൊരു കവി കുറിച്ചത്. സ്ത്രീകളുടെ എഴുത്തില്‍ ബിംബങ്ങളായും രൂപകങ്ങളായും അടുക്കള സാമാനങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കുക. ഇവയൊന്നും സന്തോഷ സൂചകമായിട്ടല്ല കവിതകളെയും കഥകളെയും അലങ്കരിക്കുന്നത്. നിവൃത്തികേടു കൊണ്ട് പെട്ടുപോയ തടവറയായും, ഇറക്കി വെക്കാനോ കൂട്ടുചേരാനോ മറ്റാരും തയ്യാറാകാത്ത വലിയ ഭാരമായും അടുക്കളകളെ വിശേഷിപ്പിക്കുന്ന ഈ എഴുത്തുകാര്‍ പൊതുമനസ്സിന്റെ പരിച്ഛേദമാണെന്ന് ഇനിയും സമ്മതിക്കാതെ വയ്യ.
കൃത്യമായ ജോലി വിഭജനം ഇല്ലാതിരുന്ന, ആണും പെണ്ണും ഒരു പോലെ മണ്ണില്‍ പണിയെടുത്തിരുന്ന കാര്‍ഷിക-ഗോത്രവര്‍ഗ ജീവിതത്തില്‍ നിന്ന് പരിഷ്‌കൃത ജീവിത ശൈലിയിലേക്കു ചുവടു മാറിയപ്പോള്‍ സ്ത്രീകള്‍ ഏറ്റെടുത്ത രണ്ടു ജോലികളാണ് ഗൃഹപരിപാലനവും പാചകവും. എന്നാല്‍, ആധുനിക കാലഘട്ടത്തില്‍ പുരുഷനെപ്പോലെ വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുന്ന സ്ത്രീകള്‍ക്ക് ഗൃഹപാചകം എന്നും അധിക ബാധ്യതയായി തന്നെ നിലനില്‍ക്കുന്നു. അടുക്കളയില്‍ നിന്ന് അരങ്ങിലെത്തണമെങ്കില്‍ അടുക്കളപ്പണിയെല്ലാം തീര്‍ത്തിട്ടു മതി എന്നതാണ് ദാമ്പത്യ ജീവിതത്തിലേക്ക് കാലൂന്നുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ നല്‍കാറുള്ള ഉപദേശം. ജിയോ ബേബിയുടെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍' നായികക്ക് വിവാഹജീവിതം തന്നെ വേണ്ടെന്നു വേക്കേണ്ടി വന്നത് അടുക്കളയില്‍ കഴുതയെപ്പോലെ പണിയെടുക്കേണ്ടി വന്നതിനാലാണ്. എന്നാല്‍, കുടുംബത്തിനു യോജിച്ച മറ്റൊരു പെണ്‍കുട്ടിയെന്ന നിലയില്‍ നായകന്‍ അധികം താമസിയാതെ കണ്ടെത്തുന്നത് അടുക്കളക്കായി പാകപ്പെട്ട ഒരുവളെയാണ്.
ഇന്ത്യന്‍ അടുക്കളകള്‍ ഒട്ടും ആശാസ്യകരമല്ല എന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2016 മാര്‍ച്ച് എട്ടിന് സുനിത ദേവദാസ് എഴുതിയ 'ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് ' എന്ന എഫ്.ബി കുറിപ്പില്‍ ഇക്കാര്യം ഒട്ടും അതിശയോക്തിയില്ലാതെ വിവരിച്ചിരുന്നു. സ്ത്രീകളും പുരുഷമാരും തുല്യ പങ്കാളിത്തത്തോടെ പെരുമാറുന്നവയാണ് പാശ്ചാത്യ രാജ്യങ്ങളിലെ അടുക്കളകള്‍ എന്നതു മാത്രമല്ല, വിവിധ രുചികളോടെ, ചൂടോടെ തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളുടെ എണ്ണവും വെവിധ്യവും കൂടിയാണ് ഇന്ത്യന്‍ അടുക്കളകളെ നോണ്‍ സ്റ്റോപ്പ് പാചക പരീക്ഷണശാലകളാക്കിയിരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു. രുചികരമായ ഭക്ഷണത്തിലൂടെ പുരുഷന്റെ മനസ്സു കീഴടക്കണം എന്ന് കേട്ടുപരിചയിച്ചു പോന്നിട്ടുള്ള ഒരു പെണ്‍കുട്ടിക്ക് സ്വമേധയാ ഇറങ്ങിപ്പോരുക അത്ര എളുപ്പവുമല്ല. അച്ഛനു വേണ്ടി അമ്മ പ്രത്യേകം തയ്യാറാക്കുന്ന കറികളെക്കുറിച്ചും ഭയ ഭക്തി ബഹുമാനത്തോടെ അച്ഛനു മുമ്പില്‍ അത് എത്തിക്കുന്നതിനെക്കുറിച്ചും അടുക്കള എപ്രകാരം വെറുക്കപ്പെട്ട ഇടമായി എന്നും കേരളത്തിലെ പെണ്‍ പോരാട്ടങ്ങളില്‍ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ച പോലീസുദ്യോഗസ്ഥ കൂടിയായ വിനയ തന്റെ അനുഭവക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
വീട്ടമ്മയാണെങ്കിലും ഉദ്യോഗസ്ഥയാണെങ്കിലും ഒരു സ്ത്രീ ദിവസത്തില്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ അടുക്കളയില്‍ ജോലിയെടുക്കേണ്ടി വരുന്നുണ്ട്. പാചകം, പാത്രം കഴുകല്‍ എന്നിവക്കായി മാത്രമാണിത്. അതു കൂടാതെയാണ് വീടു വൃത്തിയാക്കല്‍, തുണി കഴുകല്‍ എന്നിങ്ങനെ മറ്റ് അനുബന്ധ ജോലികളും. യാതൊരു പ്രതിഫലവും ലഭിക്കാത്ത, സ്വന്തം ചുമതലയാണെന്ന് കരുതി സ്ത്രീകള്‍ ചെയ്തു വരുന്ന നിത്യവൃത്തികളാണ് ഇവയെല്ലാം തന്നെ. വീട്ടമ്മമാര്‍ക്ക് പ്രതിഫലം നിശ്ചയിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക എന്നിങ്ങനെ രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന പരിഹാരങ്ങള്‍ സ്ത്രീകളുടെ തുല്യപദവിയെ അംഗീകരിക്കുന്നതാണോ എന്നും ചിന്തിക്കേണ്ടതുണ്ട്.
തായ്‌ലന്‍ഡ് സന്ദര്‍ശിച്ച ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി, അവിടെ വീടുകളില്‍ അടുക്കളയില്ലെന്ന്. അല്‍പം അമ്പരപ്പോടെയാണ് ഞാനത് കേട്ടത്. ടൂറിസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നാട്ടില്‍ സ്ത്രീകളെ അടുക്കളയില്‍ തളച്ചിടണമെന്ന് തായ്‌ലന്റുകാര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. പാചകം ചെയ്യപ്പെട്ട വിവിധ വിഭവങ്ങള്‍ നിരത്തുകളില്‍ യഥേഷ്ടം ലഭ്യമാകുമ്പോള്‍ അടുക്കളയില്‍ വിയര്‍ത്തൊലിക്കുന്നതെന്തിന്?
ഭര്‍ത്താവിന്റെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് സ്ത്രീയുടെ പാചക മികവാണ് എന്ന ചൊല്ലിപ്പഠിപ്പിക്കലും വീട്ടിലുണ്ടാക്കുന്ന നാടന്‍ വിഭവങ്ങള്‍ മാത്രമേ അതിനു സഹായിക്കൂ എന്ന ആരോഗ്യ വിദഗ്ധന്‍മാരുടെ ഉപദേശവും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാനേ ഉപകരിച്ചിട്ടുള്ളു.
സമൂഹ അടുക്കളകള്‍
സമൂഹ അടുക്കളകള്‍ പ്രചാരത്തിലാക്കുക എന്നതാണ് ഒരു പോംവഴിയായി നിര്‍ദേശിക്കാനുള്ളത്. കുടുംബശ്രീ നടത്തുന്ന സമൂഹ അടുക്കളകളെയല്ല സൂചിപ്പിച്ചത്. പൊന്നാനിയിലും ബാലുശ്ശേരിയിലുമെല്ലാം രണ്ടു വര്‍ഷത്തിനു മേല്‍ പ്രയോഗിച്ച് വിജയിച്ച രീതിയാണത്. അയല്‍പക്കങ്ങള്‍ ഓരോ ക്ലസ്റ്റ്‌റുകളായി തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി ഭക്ഷണം, പ്രത്യേകിച്ച് ഏറെ സമയമെടുത്തു തയ്യാറാക്കേണ്ടി വരുന്ന കറികളും പലഹാരങ്ങളും തയ്യാറാക്കാന്‍ അവരിലൊരാളെ ഏല്‍പിക്കുകയും ചെലവ് പങ്കിട്ടെടുക്കുകയും ചെയ്യുക എന്നതാണത്. ഇപ്രകാരം പാചകം ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തിക്ക് ഒരു നിശ്ചിത തുക പ്രതിഫലം ലഭിക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് സമയ ലാഭം മാത്രമല്ല, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവ ഒരുമിച്ചു വാങ്ങുന്നതിലൂടെ നിസ്സാരമല്ലാത്ത തുക ലാഭിക്കാനും സാധിക്കും. രോഗികളും വൃദ്ധരുമായ അംഗങ്ങള്‍ മാത്രമുള്ള വീടുകള്‍ക്കും ഇത് വലിയ സഹായമായിരിക്കും. ഇത്തരം നല്ല മാതൃകകളെ സ്വീകരിക്കാന്‍ കേരളീയര്‍ മടി കാണിക്കുന്നത് പെണ്ണു പെരുമാറിക്കൊണ്ടിരുന്നില്ലെങ്കില്‍ അടുപ്പില്‍ പൂച്ച പെറ്റു കിടക്കും എന്ന പേടിയുള്ളതു കൊണ്ടാണെന്ന് തോന്നുന്നു.