സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്‌ലിം, ബിരിയാണി; ഇസ്‌ലാമോഫോബിയ - 2024 മെയ് മാസം സംഭവിച്ചത്
ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04)
ഭാഷയുടെ രാഷ്ട്രീയം ഇത്രയേറെ പ്രസക്തമായ ഒരു കാലഘട്ടം ഒരുപക്ഷേ ഉണ്ടായിട്ടില്ല. മത, ഭാഷാ, ലിംഗ, രാഷ്ട്രീയ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഭാഷയുടെ ആധിപത്യമാതൃകകളുണ്ടാക്കുന്ന ഹിംസയും അതിന്റെ പരിഹാരവും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ ഏറെ സങ്കീര്‍ണമാക്കുന്നു. വിവിധ ന്യൂനപക്ഷങ്ങളെപ്പറ്റി ഉപയോഗിക്കുന്ന ഭാഷ ഈ സാഹചര്യത്തില്‍ ഏറെ പഠനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട പഠനങ്ങളും ഈ അന്വേഷണത്തില്‍ ഏറെ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
ഇത്തരം വാക്കുകളില്‍ പ്രത്യേക അര്‍ഥത്തോടെ ഉപയോഗിക്കുന്ന നാമപദങ്ങളും ക്രിയാപദങ്ങളും ഉള്‍ക്കൊള്ളുന്നു. ചിലപ്പോള്‍, പുതിയ വാക്കുകള്‍ രൂപപ്പെടുത്തുകയും ചെയ്യാറുണ്ട്. ഒളിച്ചുകടത്തല്‍, നുഴഞ്ഞുകയറല്‍, മാപ്പിളസ്ഥാന്‍, മിനി ഗള്‍ഫ്, മിനി പാകിസ്താന്‍, ബംഗ്ലാദേശ് കോളനി, ലൗജിഹാദ്, ഇന്റലക്ച്വല്‍ ജിഹാദ്, കൊറോണ ജിഹാദ്, നര്‍കോട്ടിക്‌സ് ജിഹാദ്, മൂരിലീഗ്, സുഡാപ്പിണി, സുഡാപ്പി, ജിഹാദി, മൗദൂദി, പച്ച, സമാധാനമതം, ആറാം നൂറ്റാണ്ട്... ഈ പട്ടിക നീട്ടാന്‍ കഴിയും. ഓരോ പദവും രൂപപ്പെട്ട ചരിത്രസാഹചര്യങ്ങളും ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ നല്‍കുന്നു.
എല്ലാ കണ്ണുകളും റഫയിലേക്ക്
ഗസ്സയില്‍ കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്നതിനെതിരേ 'എല്ലാ കണ്ണുകളും റഫയിലേക്ക്' (All Eyes on Rafah) എന്ന പേരില്‍ ഒരു കാമ്പയിന്‍ ഇന്സ്റ്റാഗ്രാമില്‍ തുടങ്ങിയിരിക്കുന്നു. ആഗോളതലത്തില്‍ നിരവധി കലാകാരന്മാര്‍ ഇതില്‍ പങ്കെടുത്തു. എക്‌സിലും ഈ ഹാഷ്ടാഗ് ട്രന്റിങ്ങായി. അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റഫയില്‍ 60 തവണ ബോംബിട്ട ഇസ്രായേലിന്റെ നടപടിയാണ് പ്രതിഷേധത്തിന് കാരണമായത്.
ആഗോളതലത്തിലുള്ള കാമ്പയിന്‍ മലയാള സിനിമാ താരങ്ങളും ഏറ്റെടുത്തു. നിമിഷ സജയന്‍, കീര്‍ത്തി സുരേഷ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, നൈല ഉഷ, ഭാവന, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, നിഖില വിമല്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, സുപ്രിയ മേനോന്‍, റിമ കല്ലുങ്കല്‍, അന്ന ബെന്‍, നിരഞ്ജന, തന്‍വി റാം, മണികണ്ഠന്‍ ആചാരി, മീര നന്ദന്‍, മൃദുല, അനുമോള്‍, രമ്യ നമ്പീശന്‍, ഷെയിന്‍ നിഗം, അനാര്‍ക്കലി, ഗൗരി കിഷന്‍, അനുപമ, ഷറഫുദ്ദീന്‍, അശ്വതി ശ്രീകാന്ത്, റോഷ്‌ന റോയ്, മഖ്ബൂല്‍ സല്‍മാന്‍, നീരജ് മാധവ്, ആഷിഖ് അബു എന്നിവരാണ് പ്രധാനമായും ഈ കാമ്പയിനിന്റെ ഭാഗമായത് (മാധ്യമം, മേയ് 29, 2024).
സുഡാപ്പി ഫ്രം ഇന്ത്യ
പക്ഷേ, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ദുല്‍ഖര്‍ സല്‍മാന്റെ ഐക്യദാര്‍ഢ്യപോസ്റ്റര്‍ വ്യാപകമായ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. കാസ സോഷ്യല്‍മീഡിയ ഗ്രൂപ്പിന്റെ പ്രതികരണം ഒറ്റവരിയായിരുന്നു: 'സ്വാഭാവികം' (മേയ് 28, 2024, എഫ്.ബി). ദുല്‍ഖറിന്റെ മുസ്‌ലിംസ്വത്വമായിരുന്നു പ്രതികരണത്തിന്റെ മര്‍മം. മുസ്‌ലിംകളുടെ നീതിബോധം പക്ഷപാതപരമായിരിക്കുമെന്നാണ് പറയാന്‍ ശ്രമിച്ചത്.
സമാനമായ മറ്റൊരു ഗ്രൂപ്പായ ക്രോസ് (ക്രിസ്ത്യന്‍ റിവൈവല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍ വീസ്) സിനിമാ മേഖല ജിഹാദികളുടെ കയ്യിലാണെന്നായിരുന്നു ഇതിനോട് പ്രതികരിച്ചത്. പുഴു എന്ന സിനിമയിലൂടെ മമ്മൂട്ടിയും ഇപ്പോള്‍ മകനും അതേ വഴിയിലാണത്രെ. മതേതരത്വം സംരക്ഷിക്കേണ്ടത് ഹിന്ദുക്കുളുടെയും ക്രൈസ്തവരുടെയും മാത്രം ബാധ്യതയാണെന്ന് വരുന്നതിലായിരുന്നു അവര്‍ക്ക് പ്രതിഷേധം (എഫ്.ബി പേജ്, ക്രോസ്, മെയ് 28, 2024). ഹമാസ് തീവ്രവാദികള്‍ കൊന്നുതള്ളിയ 1300 ജൂതന്മാരുടെ ജീവന് വിലയില്ലേ സല്‍മാനേ? എന്നായിരുന്നു അതിന്റെ കാപ്ഷന്‍.
ഒരു പ്രത്യേക രാഷ്ട്രീയസാഹചര്യത്തിലാണ് നടന്‍ ഷെയ്ന്‍ നിഗം 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന പ്രയോഗം നടത്തുന്നത്. റഫയെക്കുറിച്ച് സംസാരിച്ചാല്‍ അദ്ദേഹത്തിന് നേരേ വരാവുന്ന ഒരു വാക്കിനെ (സുഡാപ്പി) തിരിച്ചിടുകയാണ് ചെയ്തത്. ഒരര്‍ഥത്തില്‍ അതൊരു പ്രതിരോധമായിരുന്നു. വിമര്‍ശകരുടെ അവബോധത്തെ അദ്ദേഹം മുന്‍കൂട്ടി തിരിച്ചറിയുകയും പ്രതിരോധം തീര്‍ക്കുകയുമാണ് ഉണ്ടായത്. നിരന്തരം 'സുഡാപ്പി' എന്നു വിളിക്കുന്നവരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നൊരു ഭാഷാ പ്രയോഗമായിരുന്നു അത്. മറ്റൊരു ചോയ്‌സിന്റെ അഭാവത്താലാണ് അദ്ദേഹം ഈ പദം തെരഞ്ഞെടുക്കുന്നത്.
വിവാദം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ പ്രമുഖ നടനായ ഷെയ്ന്‍ നിഗവും സൈബര്‍ ആക്രമണത്തിന് വിധേയരായവര്‍ക്ക് പിന്തുണയുമായെത്തി. 'സുഡാപി ഫ്രം ഇന്ത്യ' എന്ന ശീര്‍ഷകത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി. തലയില്‍ ഖഫിയ ധരിച്ചുള്ള തന്റെത്തന്നെ ഒരു ഫോട്ടോയായിരുന്നു കൂടെ പോസ്റ്റ് ചെയ്തത് (മാധ്യമം, മേയ് 29, 2024).
ഐ ആം ഏന്‍ ഇന്ത്യന്‍ മുസ്‌ലിം: ശൈലന്റെ ഉപദേശം
ഷെയ്ന്‍ നിഗത്തിന്റെ സുഡാപ്പി പ്രയോഗത്തെക്കുറിച്ചും പ്രതികരണമുണ്ടായി. സംഘിയെന്ന പദത്തിന്റെ വിപരീതപദമല്ല സുഡാപ്പിയെന്നും അതിന്റെ പര്യായമാണെന്നുമായിരുന്നു പ്രമുഖ കവി ശെലന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് (മെയ് 30, 2024, എഫ്.ബി). സംഘിയുടെ എതിര്‍പദമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 'സെക്യുലറിസ്റ്റ്' എന്നുതന്നെ ഉപയോഗിക്കണമെന്നും സ്വത്വം വെളിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 'ഐ ആം ഏന്‍ ഇന്ത്യന്‍ മുസ്‌ലിം' എന്നുതന്നെ എഴുതണമെന്നും അദ്ദേഹം എഴുതി.
ഒരു പ്രത്യേക രാഷ്ട്രീയസാഹചര്യത്തിലാണ് നടന്‍ ഷെയ്ന്‍ നിഗം 'സുഡാപി ഫ്രം ഇന്ത്യ' എന്ന പ്രയോഗം നടത്തുന്നത്. റഫയെക്കുറിച്ച് സംസാരിച്ചാല്‍ അദ്ദേഹത്തിന് നേരേ വരാവുന്ന ഒരു വാക്കിനെ (സുഡാപ്പി) തിരിച്ചിടുകയാണ് ചെയ്തത്. ഒരര്‍ഥത്തില്‍ അതൊരു പ്രതിരോധമായിരുന്നു. വിമര്‍ശകരുടെ അവബോധത്തെ അദ്ദേഹം മുന്‍കൂട്ടി തിരിച്ചറിയുകയും പ്രതിരോധം തീര്‍ക്കുകയുമാണ് ഉണ്ടായത്. നിരന്തരം 'സുഡാപ്പി' എന്നു വിളിക്കുന്നവരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നൊരു ഭാഷാ പ്രയോഗമായിരുന്നു അത്. മറ്റൊരു ചോയ്‌സിന്റെ അഭാവത്താലാണ് അദ്ദേഹം ഈ പദം തെരഞ്ഞെടുക്കുന്നത്.
'ഐ ആം ഏന്‍ ഇന്ത്യന്‍ മു,സ്‌ലിം' എന്ന് പ്രയോഗിക്കുന്നതിനു പകരം 'സുഡാപ്പി'യെന്ന പദം നടന്‍ തെരഞ്ഞെടുത്തതെന്തുകൊണ്ടായിരിക്കും? 'മുസ്‌ലിം' എന്ന പദത്തിനും 'സുഡാപ്പി' എന്ന പദത്തിനുമിടയില്‍ ആഴത്തില്‍ ഒരു ബന്ധം രൂപംകൊണ്ടിട്ടുണ്ട്. മുസ്‌ലിംവിരുദ്ധ വംശീയതയുടെയോ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെയോ ഭാഗമായാണ് ഇത് രൂപംകൊണ്ടിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, അവയുടെ അര്‍ഥങ്ങള്‍ക്കിടയില്‍ സംഘര്‍ഷമില്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്. ഇതു കണക്കിലെടുത്തുകൊണ്ടാണ് ഷെയ്ന്‍ നിഗം, 'സുഡാപ്പി' പ്രയോഗം നടത്തിയതെന്നു വേണം കരുതാന്‍.
ഒരു സംഘടനയുടെ പരിഹാസനാമം എന്നതിലുപരി, വിശ്വാസിയെന്ന നിലയിലോ അല്ലാതെയോ ഇസ്‌ലാമുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുത്താവുന്ന എല്ലാ തിന്മകളുടെയും പ്രകടിതവും ഘനീഭവിക്കപ്പെട്ടതുമായ രൂപത്തിന്റെ മറുവാക്കോ പര്യായമോ ആയി മാറി. ഒരു വാക്ക് എന്നതും കവിഞ്ഞു അതിനൊരു രൂപകസ്വഭാവം കൈവന്നു. ഇസ്‌ലാമികപ്രസ്ഥാനങ്ങളെ ജനാധിപത്യപരമായ രീതിയില്‍ കാണുന്ന സ്ത്രീവാദികളെ വിശേഷിപ്പിക്കാനും ഒരു പദം രൂപപ്പെട്ടുവന്നിട്ടുണ്ട്, 'സുഡാപ്പിണി'.
'സെക്യുലറിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മമ്മൂട്ടിയെ സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷപ്രചാരകര്‍ പുഴു സിനിമയുടെ പേരില്‍ 'സുഡാപ്പി'എന്നാണ് 'ആക്ഷേപിച്ചത്'. അതായത്, ബോധപൂര്‍വം സുഡാപ്പിയെന്ന് സ്വയം വിശേഷിപ്പിച്ച ഷെയ്ന്‍ നിഗമും അങ്ങിനെ ചെയ്യാത്ത മമ്മൂട്ടിയും ഒരേ ഇടത്തിലാണ് എത്തിനില്‍ക്കുന്നത്. ഇവിടെ, സുഡാപ്പി വിശേഷണം രണ്ടുപേരുടെയും ചോയ്‌സല്ലെന്നര്‍ഥം. പറഞ്ഞുവരുന്നത് 'കമിംഗ് ഔട്ട്' എന്നതൊരു രാഷ്ട്രീയപ്രവര്‍ത്തനമാവുന്നത് അതൊരു ഐഡന്റിറ്റി ബോധപൂര്‍വം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാവുന്ന സങ്കീര്‍ണതകൊണ്ടുകൂടിയാണ്. ഒരു പ്രത്യേക രീതിയില്‍ ഭൂരിപക്ഷം, തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ പ്രതിരോധ തന്ത്രമായി വിവിധ സാമൂഹിക സ്വത്വങ്ങള്‍ ഈ വഴി സ്വീകരിക്കാറുണ്ട്.
'സുഡാപ്പി', 'മുസ്‌ലിം' പ്രയോഗങ്ങള്‍ തമ്മില്‍ മറ്റൊരു വ്യത്യാസവുമുണ്ട്. 'മുസ്‌ലിം' എന്ന് പ്രയോഗിക്കാന്‍ ഷെയ്‌നെ ഉപദേശിക്കുമ്പോള്‍ മറിച്ച് പ്രയോഗിക്കാന്‍ അയാളെ നിര്‍ബന്ധിച്ച ഘടകങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന സന്ദേശമാണ് ശൈലന്‍ നല്‍കുന്നത്.
ഇതോടൊപ്പം വേറൊന്നുകൂടി പരിശോധിക്കണം: ഉദാഹരണമായി, 'സുഡാപ്പി' എന്ന പ്രയോഗത്തോടുള്ള എതിര്‍പ്പ് 'എക്‌സ്-മുസ്‌ലിം' എന്ന പ്രയോഗത്തോട് ആര്‍ക്കുമില്ല. കേരളത്തില്‍ ഇന്ന് നിരവധി പേര്‍ ഈ വിശേഷണം ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കും ഈ വ്യത്യാസം? 'സുഡാപ്പി' ആത്യന്തികമായി മുസ്‌ലിം സാമുദായികതയുമായുള്ള ബന്ധത്തിന്റെ സൂചനയാണെങ്കില്‍ 'എക്‌സ് മുസ്‌ലിം' ആ മതവുമായുള്ള വിച്ഛേദത്തിന്റെ ഭാഗമാണ്. മതം, സാമുദായികത തുടങ്ങിയവ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നതിലൂടെയാണ് 'എക്‌സ് മുസ്‌ലി'മിന് സ്വീകാര്യത ലഭിക്കുന്നത്. 'എക്‌സ്-മുസ്‌ലിം' എന്ന് പ്രയോഗിക്കുന്നവരോട് എന്തുകൊണ്ടായിരിക്കും 'സെക്യുലര്‍' എന്ന് പ്രയോഗിക്കണമെന്ന് ആരും നിഷ്‌കര്‍ഷിക്കാത്തത്?
സുഡാപ്പി എന്ന രൂപകം: 'മതയാഥാസ്ഥിതികത്വത്തി'ന്റെയും 'ഭീകരത'യുടെയും തുടങ്ങി എല്ലാ തിന്മകളുടെയും പ്രകടിതരൂപമായി എസ്.ഡി.പി.ഐയെ സ്ഥാപിക്കുന്നൊരു ആഖ്യാനപരിസരത്തുനിന്നാണ് സുഡാപ്പിയെന്ന വാക്കിന്റെ ഉത്ഭവം. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എസ്.ഡി.പി.ഐ എന്ന സംഘടനയുമായി ഈ ആഖ്യാനത്തിന് ബന്ധം നഷ്ടമായി. വിവേചനരഹിതമായി ഉപയോഗിക്കുന്ന ഒരു 'വംശീയ അപവാദം' (റേഷ്യല്‍ സ്ലര്‍) ആയതു രൂപാന്തരപ്പെട്ടു. ഒരു സംഘടനയുടെ പരിഹാസനാമം എന്നതിലുപരി, വിശ്വാസിയെന്ന നിലയിലോ അല്ലാതെയോ ഇസ്‌ലാമുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുത്താവുന്ന എല്ലാ തിന്മകളുടെയും പ്രകടിതവും ഘനീഭവിക്കപ്പെട്ടതുമായ രൂപത്തിന്റെ മറുവാക്കോ പര്യായമോ ആയി മാറി. ഒരു വാക്ക് എന്നതും കവിഞ്ഞു അതിനൊരു രൂപകസ്വഭാവം കൈവന്നു. ഇസ്‌ലാമികപ്രസ്ഥാനങ്ങളെ ജനാധിപത്യപരമായ രീതിയില്‍ കാണുന്ന സ്ത്രീവാദികളെ വിശേഷിപ്പിക്കാനും ഒരു പദം രൂപപ്പെട്ടുവന്നിട്ടുണ്ട്, 'സുഡാപ്പിണി'.
സുഡാപ്പി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പേരിനെ പരിഹസിച്ചുതുടങ്ങിയ പ്രയോഗമാണെങ്കിലും ഇന്ന് ഇസ്‌ലാമോഫോബിക് പ്രചാരകരെ സംബന്ധിച്ചിടത്തോളം അത് മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന നാമവിശേഷണമാണെന്ന് എഴുത്തുകാരനായ കെ.കെ ബാബുരാജ് (മെയ് 30, 2024, കെ.കെ ബാബുരാജ്, എഫ്.ബി) നിരീക്ഷിക്കുന്നു. മുസ്‌ലിം യുവത്വം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ഇത്തരമൊരു സാഹചര്യത്തിലായിരിക്കണം ഷെയ്ന്‍ നിഗം അദേഹത്തിന്റെ സ്റ്റോറിയില്‍ ഇത്തരമൊരു പ്രയോഗം ഒരു കൗണ്ടര്‍ നരേറ്റീവായി ഉള്‍പ്പെടുത്തിയതെന്നു വേണം കരുതാന്‍.
അനുഭവവാദം, വാര്‍പ്പുമാതൃക, ഇസ്‌ലാമോഫോബിയ
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമ 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍പ്രി പുരസ്‌കാരം നേടി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സിനിമയാണ് ഇത്. കനി കുസൃതി, ദിവ്യപ്രഭ തുടങ്ങി ഏതാനും മലയാളി താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. പുരസ്‌കാരച്ചടങ്ങില്‍ തണ്ണിമത്തന്‍ ബാഗുമായി വേദിയിലെത്തി കനി കുസൃതി ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായി. നിരവധി പേര്‍ അതിനെ പുകഴ്ത്തുകയും ചെയ്തു.
എന്നാല്‍, ബിരിയാണി പോലെ ഇസ്‌ലാമോഫോബിക്കായ ഒരു സിനിമയില്‍ അഭിനയിച്ച കനിയുടെ പ്രവര്‍ത്തിയെ പരിധിവിട്ട് പുകഴ്‌ത്തേണ്ടതില്ലെന്ന സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായി. കനി, ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു, ലാലി പി.എം തുടങ്ങി, സിനിമാപ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധി പേര്‍ പല തരത്തില്‍ പ്രതികരിച്ചു. ചര്‍ച്ച ഏറെ ദിവസം നീണ്ടുനിന്നു. ബിരിയാണി സിനിമ പോലുള്ള ഇസ്‌ലാമോഫോബിക് സിനിമയില്‍ അഭിനയിച്ച ഒരാള്‍ എന്ന നിലയില്‍ കനിയുടെ ഫലസ്തീന്‍ അനുകൂല പ്രതികരണത്തെ ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടമായി കാണാമോ എന്നതാണ് ചോദ്യമായി ഉയര്‍ന്നത്. കനിയെപ്പോലെയുള്ള, പ്രധാനമായും മുഖ്യധാരക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന ഒരു നടിക്ക് അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പരിധികളുണ്ടെന്നാണ് കനിയോട് അനുഭാവം പ്രകടിപ്പിച്ചവരുടെ അഭിപ്രായം. ചിലരാകട്ടെ ബിരിയാണിയെന്ന സിനിമയുടെ പേരില്‍ കനിയെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ അവരുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു. ചിലരാകട്ടെ അതിനെ അംഗീകരിക്കുമ്പോഴും ആഘോഷിക്കേണ്ടതില്ലെന്ന നിലപാടെടുത്തു.
ഇസ്‌ലാമോഫോബിയാ വിരുദ്ധതയും വൈയക്തിക താല്‍പര്യവും
കനി, ഫെസ്റ്റിവല്‍ കഴിഞ്ഞ് വന്നശേഷം ഏഷ്യാനെറ്റിന് ഒരു അഭിമുഖം നല്‍കി. കാനില്‍ ലഭിച്ച അംഗീകാരത്തെ 'ബിരിയാണിയില്‍ അഭിനയിച്ച നടി' എന്ന പേരില്‍ വിലകുറച്ച് കാണുന്നതിനെക്കുറിച്ചായിരുന്നു ആരാഞ്ഞത്. തനിക്ക് ബിരിയാണി സിനിമയെക്കുറിച്ച് ഇപ്പോള്‍ മാത്രമല്ല, അഭിനയിക്കുന്നതിനു മുമ്പും വിമര്‍ശനമുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു: ''കയ്യില്‍ പൈസയില്ലാത്ത സമയത്താണ് സജിന്‍ വരുന്നത്. എന്നിട്ടും, വിയോജിപ്പുകളുണ്ടെന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയമായും സൗന്ദര്യശാസ്ത്രപരമായും പ്രശ്‌നങ്ങളുണ്ട്. ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു'' (അഭിമുഖം, ഏഷ്യാനെറ്റ്, മെയ് 28, 2024).
ബിരിയാണിയെക്കുറിച്ചുള്ള കനിയുടെ രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ആരെങ്കിലും പറയുന്നത് ഇതാദ്യമല്ല. സംവിധായകന്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു: ''കനിയെ ആദ്യം അപ്രോച്ച് ചെയ്യുമ്പോള്‍ അവര്‍ക്ക് ചില രാഷ്ട്രീയവിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അതു തുറന്നുപറയുകയും ചെയ്തു. ചിലതിനോട് വിയോജിപ്പും ബാക്കി യോജിപ്പുമായിരുന്നു'' (സജിന്‍ ബാബു -മനീഷ് നാരായണന്‍ അഭിമുഖം, ദി ക്യൂ, മാര്‍ച്ച് 31, 2021 സജി). കനി പറഞ്ഞ രാഷ്ട്രീയ വിയോജിപ്പ് എന്താണെന്ന് സംവിധായകന്‍ അന്നും പറഞ്ഞിരുന്നില്ല.
പക്ഷേ, കാന്‍ പുരസ്‌കാരത്തിനുശേഷം കനി നല്‍കിയ അഭിമുഖത്തില്‍ ബിരിയാണിയെക്കുറിച്ച് ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന്റെ പേരില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനോടുള്ള സജിന്‍ ബാബുവിന്റെ പ്രതികരണം വിചിത്രമായിരുന്നു. അദ്ദേഹവും കനിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും പറ്റുന്ന പ്രതിഫലം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്: ''ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുക്കുകയും സന്തോഷത്തോടെ അവര്‍ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരുവിധ പ്രശ്‌നങ്ങളും ഞാനും കനിയും തമ്മില്‍ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്‌നവും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്'' (ഏഷ്യാനെറ്റ് ന്യൂസ്, മേയ് 29, 2024).
ഇസ്‌ലാമോഫോബിക്കായ സിനിമ, പ്രമേയം, സമീപനം തുടങ്ങിയവയോടുള്ള കനിയുടെ പ്രതികരണത്തെ സംവിധായകന്‍ വ്യക്തിപരമായാണ് മനസ്സിലാക്കുന്നത്. ലിംഗപ്രശ്‌നം പോലെയോ ജാതിപ്രശ്‌നം പോലെയോ ഇതൊരു രാഷ്ട്രീയസ്വഭാവമുള്ള പ്രതികരണമായി അദ്ദേഹത്തിന് കണക്കാക്കാനാവുന്നില്ലെന്ന് തോന്നുന്നു. ഇസ്‌ലാമോഫോബിയക്കെതിരേയുള്ള സംവിധായകന്റെ തന്നെ കാഴ്ചപ്പാടിന്റെ ഭാഗമായി വേണം ഇത് മനസ്സിലാക്കാന്‍.
ഇതിനേക്കാള്‍ മോശം പ്രതികരണങ്ങളും വന്നിരുന്നു. ഉദാഹരണത്തിന് നടന്‍ ഹരീഷ് പേരടി, കാനിലെ 'വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച സ്ഥിരബുദ്ധി നഷ്ടപ്പെട്ടയാള്‍' ആയാണ് കനിയെ ചിത്രീകരിച്ചത്. 'നീതിബോധമുള്ള മനുഷ്യരും ഇന്ത്യന്‍ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയമെന്നും അല്ലാതെ പണവും പ്രശ്‌സ്തിയും നിറക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ലെന്നും അദ്ദേഹം ഉപദേശിച്ചു (ഹരീഷ് പേരടി, എഫ്.ബി പോസ്റ്റ്, മെയ് 30, 2024).
ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല.
ബിരായാണി, ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃക
മതതീവ്രവാദത്തിനും ഭീകരവാദത്തിനും അതിന്റെ പേരിലുള്ള ഭരണകൂടവേട്ടയ്ക്കും കൂട്ടത്തില്‍ മതപൗരോഹിത്യത്തിനുമിടയില്‍ പെട്ടുപോകുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ബിരിയാണി. ഭരണകൂടം എങ്ങനെയാണ് സമുദായമെന്ന നിലയില്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതെന്നും വിവേചനം കാണിക്കുന്നതെന്നും സിനിമ ചിത്രീകരിക്കുന്നുണ്ട്. ഒപ്പം സ്ത്രീചേലാകര്‍മം, നാലുകെട്ടുന്ന ഭര്‍ത്താക്കന്‍മാര്‍, മുത്തലാഖ്, ആണ്‍ചേലാകര്‍മത്തിലെ ക്രൂരത, അറവ്, കരുണയില്ലാത്ത സമുദായ (പുരുഷ) നേതൃത്വം... തുടങ്ങിയവയിലൂടെ മുസ്‌ലിം സ്ത്രീയെയും സമൂഹത്തെയും സ്റ്റീരിയോടൈപ്പ് ചെയ്ത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭരണകൂടത്താല്‍ ആക്രമിക്കപ്പെടുന്ന മുസ്‌ലിം സമൂഹമെന്ന വസ്തുതയെ കണക്കിലെടുക്കാന്‍ മടിക്കാത്ത സിനിമയില്‍ മുസ്‌ലിം സ്ത്രീ ചിത്രീകരിക്കപ്പെടുന്നത് ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃകകളിലൂടെയാണ്. മുസ്‌ലിം സ്റ്റീരിയോടൈപ്പിങ്ങിനോടുള്ള പ്രതികരണവും സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് രസകരം.
റിലീസായ സമയത്തുതന്നെ സ്വാഭാവികമായും സിനിമക്കും സംവിധായകനുതിരേ പ്രതികരണമുണ്ടായി. ഇസ്‌ലാമോഫോബിക്കായ മുസ്‌ലിം വാര്‍പ്പുമാതൃകാപ്രവണത തന്നെയാണ് അന്നും വിമര്‍ശിക്കപ്പെട്ടത്. ഒരു പിന്നാക്ക മുസ്‌ലിംസമുദായക്കാരനെന്ന നിലയില്‍ തന്റെ ജീവിത ചുറ്റുപാടില്‍ കണ്ട കാഴ്ചയും അനുഭവവുമാണ് സിനിമയില്‍ പ്രമേയമാക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തനിക്കെതിരേ ഇസ്‌ലാമോഫോബിക് ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നുമായിരുന്നു അന്നു സജിന്‍ ബാബുവിന്റെ പ്രതികരണം.
ഇത്തരമൊരു പ്രമേയവും ട്രീറ്റ്‌മെന്റും തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ മറ്റു ചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം അന്നുതന്നെ പറഞ്ഞിരുന്നു: ''എല്ലാ മതത്തിലും അടിച്ചമര്‍ത്തലുകളുണ്ട്... ഞാന്‍ ഇസ്‌ലാമോഫോബിക് ആയി പറയുന്നതല്ല, മുസ്‌ലിം സമൂഹത്തിലാണ് സ്ത്രീകള്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്നത്. കേരളത്തില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റു മതങ്ങളുടെ കാര്യത്തേക്കാള്‍ ഇക്കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കാണ് വിദ്യാഭ്യാസം ലഭിക്കുന്നതെന്നും തോന്നിയിട്ടുണ്ട്. അതില്ലാത്ത ചില ഇടങ്ങളുണ്ട്. അതു തുറന്നുകാട്ടണം. എനിക്ക് പരിചിതമായ പശ്ചാത്തലമായതുകൊണ്ടും കൂടിയാണ്. ഇതൊക്കെ കണക്റ്റ് ആയിട്ടാണ് കിടക്കുന്നത്. വലിയൊരു ഓഡിയന്‍സിലേക്ക് അത് കേരളത്തിലെയല്ല, ഇന്ത്യയിലെ ഓഡിയന്‍സല്ല പുറത്തുള്ള ഓഡിയന്‍സിനും ഇത് കണക്റ്റ് ചെയ്യാന്‍ പറ്റുമെന്നതുകൊണ്ടാണ് ഞാന്‍ ആ പശ്ചാത്തലം തെരഞ്ഞെടുക്കുന്നത്. സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമല്ലോ. അത് പര്‍പസ്ഫുളി ചെയ്തതാണ്. അതുകൊണ്ടായിരിക്കണം ഈ സിനിമ ഇത്രയും മേളകളിലേക്ക് പോയതും, പുരസ്‌കാരങ്ങള്‍ ലഭിച്ചതും (സജിന്‍ ബാബു -മനീഷ് നാരായണന്‍ അഭിമുഖം, ദി ക്യൂ, മാര്‍ച്ച് 31, 2021). ടൈപ്പ് കാസ്റ്റിങ് കൂടുതല്‍ സിനിമയുടെ സ്വീകാര്യതയ്ക്ക് കാരണമായെന്ന് പറഞ്ഞതായാണോ കണക്കാക്കേണ്ടത്?
ഇതിന് മറ്റൊരു രസകരമായ മറുവശമുണ്ട്. പ്രമേയപരമായി ഇത്തരമൊരു സ്റ്റീരിയോടൈപ്പിങ്ങിന് തയ്യാറായ സംവിധായകന്‍ പക്ഷേ, കനിയെ തെരഞ്ഞെടുത്തത് സ്റ്റീരിയോടൈപ്പിങ്ങില്‍നിന്ന് മുക്തിനേടാനായിരുന്നുവത്രെ. ദി ക്യൂ അഭിമുഖത്തില്‍ അത് അദ്ദേഹം തുറന്നുപറഞ്ഞു: പൊതുവെ, മുസ്‌ലിം സ്ത്രീ എന്നുപറയുമ്പോള്‍ വെളുത്ത് തടിച്ച് സുന്ദരിയായ സ്ത്രീയാണ്. സ്റ്റീരിയോടൈപ്പായാണ് കാണിക്കാറുള്ളത്. ഞാന്‍ കണ്ടവരൊന്നും അങ്ങനെയുള്ളവരല്ല. അങ്ങനെയുള്ളവരുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. ഖദീജ അങ്ങനെയൊരു ആളാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. റിയാലിറ്റി കൊണ്ടുവരാനാണ് ശ്രമിച്ചത്. വിഷ്വല്‍ ബ്യൂട്ടി കൊണ്ടുവരാന്‍ ബോധപൂര്‍വം ശ്രമിച്ചില്ല. ലൈഫിന്റെ മൂവ്‌മെന്റ് മൊത്തം ട്രീറ്റ്‌മെന്റിലും കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തിരക്കഥ എഴുതുമ്പോഴേ കനിയായിരുന്നു മനസ്സില്‍. (സജിന്‍ ബാബു, അഭിമുഖം, ദി ക്യൂ, മാര്‍ച്ച് 31, 2021).
അനുഭവവാദവും ഇസ്‌ലാമോഫോബിയയും
സ്വന്തം സിനിമ ഇസ്‌ലാമോഫോബിക്കല്ല എന്നാണ് സംവിധായകന്റെ അഭിപ്രായം. പല അഭിമുഖങ്ങളിലും ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്. അതിന് അദ്ദേഹം പറയുന്ന പ്രധാന കാരണം അതെല്ലാം അദ്ദേഹത്തിന്റെ ജീവിതാനുഭവമാണെന്നതാണ്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇസ്‌ലാമോഫോബിക് ആരോപണങ്ങളെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ''കലയുടെ സമഗ്രതയാണ് പരിഗണിക്കേണ്ടത്. ഇതൊരു ഡോക്യുമെന്ററിയല്ല. ഫിക്ഷനാണ്. ജീവിതത്തില്‍ കണ്ടത് ആണ് അതിലുള്ളത്. ഇതൊരു ഡോക്യുഫിക്ഷനല്ല, സിനിമയാണ്. ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. കഥാപാത്രങ്ങളുടെ വായില്‍നോക്കിയല്ല പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് തീരുമാനിക്കേണ്ടത്. നാം സ്വര്‍ഗത്തിലല്ല ജീവിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും പൊളിറ്റിക്കലി കറക്റ്റാവാന്‍ സാധ്യമല്ല. സ്വര്‍ഗത്തിലെ കഥയല്ല. നാട്ടില്‍ നടക്കുന്ന കഥയാണ്. സിനിമ എന്താണെന്നുപോലും പലര്‍ക്കും മനസ്സിലായിട്ടില്ല. സിനിമ വേണ്ടവിധം കാണാതെയാണ് പലരും പ്രതികരിക്കുന്നത്. എന്തെങ്കിലും വാക്ക് കേള്‍ക്കുമ്പോല്‍ അത് ഇസ്‌ലാമോഫോബിയയാണെന്ന് പറയുകയും ചെയ്യുന്നു. എന്താണ് ഇസ്‌ലാമോഫോബിയ എന്ന് അറിഞ്ഞിട്ടാണോ ഇവര്‍ സംസാരിക്കുന്നത്. സിനിമയെപ്പോലെ ഒരു കലാരൂപത്തെ അങ്ങനെയാണോ കാണേണ്ടത്. കഴിഞ്ഞ രണ്ട് സിനിമയിലും മതങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. സാമൂഹികവിമര്‍ശനം നടത്തിയിട്ടുണ്ട്. അതിനെയൊന്നും ക്രിസ്ത്യന്‍ ഫോബിക് എന്നോ ഹിന്ദു ഫോബിക്ക് എന്നോ ആരും പറഞ്ഞിട്ടില്ല. സിനിമ, കാലത്തെ അതിജീവിക്കണം. - (Is islamophobia intentional in Biriyani?, കൗമുദി, റീല്‍ ടു റിയല്‍, ജനുവരി 1, 2021).
ജീവിതത്തില്‍ കാണുന്നത് പകര്‍ത്തിവയ്ക്കുന്നതാണോ സിനിമ എന്നത് വേറൊരു ചര്‍ച്ചയാണ്. അതിലേക്ക് ഈ കുറിപ്പ് കടക്കുന്നില്ല. അതേസമയം, അനുഭവവാദം ഇസ്‌ലാമോഫോബിക്കായ പ്രവര്‍ത്തിയില്‍നിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവാണോ എന്നത് നമ്മുടെ പരിഗണനാവിഷയമാണ്. പിന്നാക്ക മുസ്‌ലിം ജീവിതപരിസരത്തെ അനുഭവമെന്ന നിലയിലാണ് അദ്ദേഹം ഈ അവകാശവാദങ്ങള്‍ നടത്തുന്നത്. അനുഭവത്തിന്റെ ഉടമസ്ഥതയും അനുഭവത്തിന്റെ ആവിഷ്‌കാരവും തമ്മില്‍ ഒരു ബന്ധം മാത്രമല്ല, മറിച്ച് ചില വ്യത്യാസങ്ങളും ഉണ്ട്. സജിന്റെ മുസ്‌ലിം അനുഭവവും സിനിമാ ആവിഷ്‌കാരവും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ടാവാമെങ്കിലും അതു രേഖീയമല്ല. കാരണം, അനുഭവവും അതിന്റെ ആവിഷ്‌കാരവും തമ്മില്‍ വ്യത്യാസമുണ്ട്. ചായ കുടിക്കുന്നതും അതിനെപ്പറ്റി ഒരു കുറിപ്പ് എഴുതുന്നതും രണ്ടാണല്ലോ. ചായ കുടിച്ചു എന്ന അനുഭവത്തിന്റെ ഭാഷയിലെ ആവിഷ്‌കാരമാണ് ഒരു 'കുറിപ്പ്' ആയി മാറുന്നത്. ഒരു കുറിപ്പ് എഴുതാന്‍ ഉപയോഗിച്ച ഭാഷയും ശൈലിയും ആഖ്യാനമാതൃകകളും ചായ കുടിക്കുക എന്ന അനുഭവത്തില്‍ നിന്നു വ്യത്യസ്തമാണ്. സജിന്‍ ബാബുവിന് മുസ്‌ലിം അനുഭവമുണ്ട്. പക്ഷേ, മുസ്‌ലിം അനുഭവത്തെ സിനിമയില്‍ ആവിഷ്‌കരിക്കുന്നത് മറ്റൊരു പ്രവര്‍ത്തനമാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച ഇസ്‌ലാമോഫോബിയ അങ്ങിനെ തന്നെ ചര്‍ച്ചചെയ്യുകയാണ് വേണ്ടത്. സജിന്റെ മുസ്‌ലിം അനുഭവത്തെയും അതിന്റെ അനന്യതയെയും നിരാകാരിക്കാതെ തന്നെ അത് ചര്‍ച്ചചെയ്യാവുന്നതെയുള്ളൂ.
ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംവിരുദ്ധ വംശീയതയാണ്. നിരന്തരം വാര്‍പ്പുമാതൃകകളെ ഉപയോഗിച്ചുകൊണ്ടാണ് ഇത് നിലവില്‍ വരുന്നത്. മുസ്‌ലിംസ്വഭാവം, പെരുമാറ്റം, ചിന്ത, സംസാരം തുടങ്ങി എന്തിനെയും വാര്‍പ്പുമാതൃകകളാക്കി ബോധപൂര്‍വവും അല്ലാതെയും ഉപയോഗിച്ചുകൊണ്ടാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. മതത്തെ ആരോപണസ്ഥലമാക്കി മാറ്റിയാണ് വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നത്. പല തരത്തില്‍ വായിക്കാവുന്ന ഒരു പ്രതികരണത്തെയോ പ്രയോഗത്തെയോ കേവലം മതപരമായ ആരോപണമാക്കി മാറ്റുന്നു. അനുഭവവാദങ്ങള്‍ വംശീയതയുമായി സന്ധിചെയ്യുന്നത് അവിടെവച്ചാണ്. ഏതൊക്കെ അനുഭവങ്ങള്‍ ഒരു പ്രതിഭാസത്തെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കാമെന്നത് വ്യക്തിയുടെ ഇച്ഛയുടെ ഭാഗമാണെങ്കിലും അതത്ര സ്വതന്ത്രമല്ല. വംശീയതയുടെ രാഷ്ട്രീയത്തെ പുനരുല്‍പാദിപ്പിക്കുന്ന ഘടകങ്ങള്‍ വ്യക്തി അനുഭവത്തിന്റെ മാത്രം ഉത്തരാവദിത്വമല്ല, മറിച്ച്, സിനിമ അടക്കമുള്ള ആഖ്യാനസ്ഥലങ്ങളുടെ ചരിത്രവുമായി അതിനു ബന്ധമുണ്ട്.
(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)