സുധ ഭരദ്വാജിന്റെ സന്തോഷകരമായ കേംബ്രിഡ്ജ് ബാല്യം
പ്രമുഖ ആക്ടിവിസ്റ്റും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിനെ കുറിച്ച്, അല്‍പ ഷാ യുടെ ' The Incarceration: BK-16 and the search for Democracy in India ' എന്ന പുസ്തകത്തില്‍ നിന്ന്.
സുധയുടെ അമ്മ കൃഷ്ണ ഭരദ്വാജിന് ഇംഗ്ലണ്ടിലെ ജീവിതം ബൗദ്ധികമായി സമ്പന്നമായിരുന്നുവെങ്കിലും എളുപ്പമുള്ളതായിരുന്നില്ല. ഒരു യുവ സാമ്പത്തിക ശാസ്ത്രജ്ഞയായ കൃഷ്ണ ഭരദ്വാജ് 1967-ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ എത്തിയത് ഇക്കണോമിക് വീക്കിലി (ഇപ്പോള്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി) യില്‍ എഴുതിയ ഒരു മികച്ച അവലോകനം കാരണമായിരുന്നു. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഇക്കണോമിക് വീക്കിലി അന്താരാഷ്ട്രതലത്തില്‍ ബുദ്ധിജീവികള്‍ക്കിടയിലും നയരൂപീകരണ വിദഗ്ധര്‍ക്കിടയിലും ആക്ടിവിസ്റ്റുകള്‍ക്കിടയിലും എത്തിയിരുന്നു. അക്കാലത്ത് വീക്ക്ലി എഡിറ്ററായിരുന്ന സച്ചിന്‍ ചൗധരി, മുംബൈയില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ കൃഷ്ണ ഭരദ്വാജിനെ, പ്രശസ്ത കേംബ്രിഡ്ജ് സാമ്പത്തിക ശാസ്ത്രജ്ഞനായ പിയറോ സ്രാഫയുടെ Production of Commodities by Means of Commodities എന്ന ചെറുതെങ്കിലും വളരെ ദുര്‍ഗ്രാഹ്യമായ പുസ്തകം അവലോകനം ചെയ്യാന്‍ ക്ഷണിച്ചിരുന്നു. സ്രാഫയുടെ പുസ്തകത്തെ, മറ്റൊരു പ്രശസ്ത കേംബ്രിഡ്ജ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോവാന്‍ റോബിന്‍സണ്‍, സാമ്പത്തിക സിദ്ധാന്തത്തിന്റെ 'ആറ്റിക്കുറുക്കിയ അമൃത്' എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും, പരിചയസമ്പന്നരായ സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും വ്യാഖ്യാനിക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു.
കൃഷ്ണയുടെ 'ഗുരു' ആയിത്തീര്‍ന്ന പ്രൊഫസര്‍ സ്രാഫ അപ്പോഴേക്കും, ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയിരുന്നു. കൃഷ്ണയും സുധയും അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ അലിഞ്ഞുചേര്‍ന്നു. ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ അന്റോണിയോ ഗ്രാംഷിയെ ജയിലില്‍ പതിവായി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് വായിക്കാന്‍ പുസ്തകങ്ങളും പേനകളും പേപ്പറുകളും നല്‍കുകയും ചെയ്തിരുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു സ്രാഫ.
കൃഷ്ണ ഭരദ്വാജിന് തന്റെ അവലോകനം തയ്യാറാക്കാന്‍ പത്ത് മാസമെടുത്തു. സ്രാഫയുടെ വാദങ്ങളിലെ പ്രധാനപ്പെട്ട എല്ലാ സൈദ്ധാന്തികരെയും-കെനേ, റിക്കാര്‍ഡോ, മാര്‍ക്സ്-അവര്‍ വീണ്ടും വായിച്ചു. ഈ അവലോകനം അന്താരാഷ്ട്രതലത്തിലുള്ള പണ്ഡിത സാമ്പത്തിക ശാസ്ത്ര സമൂഹത്തെ അമ്പരപ്പിച്ചു. ഇത്തരത്തില്‍ നിരൂപണത്തിന്റെ മൂര്‍ച്ചയും വ്യക്തതയും തിളക്കവും ഒരു യുവ പണ്ഡിതയില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്രാഫ തന്നെ ഞെട്ടിപ്പോയി, കൃഷ്ണയുടെ വിലാസം ലഭിക്കാന്‍ സച്ചിന്‍ ചൗധരിക്ക് കത്തെഴുതി. അദ്ദേഹം കൃഷ്ണ ഭരദ്വാജിനെ കേംബ്രിഡ്ജിലേക്ക് ക്ഷണിച്ചു, അവിടെ ജോവാന്‍ റോബിന്‍സന്റെ സഹായത്തോടെ ക്ലെയര്‍ ഹാളില്‍ വിസിറ്റിംഗ് ഫെല്ലോഷിപ്പും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ വിസിറ്റിംഗ് സ്ഥാനവും ഈ യുവ ഇന്ത്യന്‍ താരത്തിനായി ഏര്‍പ്പാടാക്കി.
അമ്മയും മകളും കേംബ്രിഡ്ജിലെ, ക്ലെയര്‍ ഹാള്‍ വിസിറ്റിംഗ് ഫെല്ലോകളുടെ പാര്‍പ്പിടമായ, 42 ന്യൂഹാം റോഡിലുള്ള ഒരു ഒറ്റമുറി ഫ്ളാറ്റിലേക്ക് മാറി. എന്നാല്‍, സുധയുടെ അച്ഛനുമായുള്ള കൃഷ്ണയുടെ ബന്ധം വേര്‍പിരിയുകയായിരുന്നു. അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സുധയെ ഭയപ്പെടുത്തി. അച്ഛനമ്മമാരുടെ കലഹങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി സ്വയം ടോയ്ലറ്റില്‍ അടച്ചിരുന്ന സുധ, വഴക്ക് നിര്‍ത്താന്‍ അച്ഛന്‍ പറയുന്നതെന്തും സമ്മതിക്കണമെന്ന് അമ്മയോട് പറയുകയുണ്ടായി. ആ ഘട്ടത്തില്‍, തന്റെ ദാമ്പത്യം മകളില്‍ ചെലുത്തുന്ന ദോഷകരമായ ആഘാതത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ കൃഷ്ണ, ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചു. ദാമ്പത്യ തകര്‍ച്ചയോടൊപ്പം തന്നെ, കേംബ്രിഡ്ജിലെ അവരുടെ രണ്ടാം ശൈത്യകാലത്ത്, കൃഷ്ണയ്ക്ക് ശ്വാസകോശ ക്ഷയരോഗവും ബാധിച്ചു. അവര്‍ താമസിച്ചിരുന്ന പഴയ, വെള്ള കഴുകിയ വിക്ടോറിയന്‍ ടെറസ്സും, ചില്ലുജാലകങ്ങളുമുള്ള, ഒട്ടും ചൂടാകാത്ത കെട്ടിടം രോഗത്തിന് ഭാഗികമായെങ്കിലും ഉത്തരവാദിയാണെന്ന് അവരുടെ സുഹൃത്തുക്കള്‍ കരുതി.
''ഒന്നും ഓര്‍ത്ത് വിഷമിക്കണ്ട, എല്ലാം ഞാന്‍ നോക്കിക്കോളാം'' സുഖമില്ലാത്ത അമ്മയോട് സുധ പറഞ്ഞിരുന്നു. പക്ഷേ, അവള്‍ക്ക് അന്ന് അഞ്ച് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. രക്ഷയ്‌ക്കെത്തിയത്, സുധയുടെ, കൊങ്കണി സംസാരിക്കുന്ന, ഒമ്പത് യാര്‍ഡ് സാരി ധരിച്ച, ഇംഗ്ലീഷില്‍ ഒരു വാക്കുപോലും സംസാരിക്കാനറിയാത്ത നാനി-അവളുടെ അമ്മയുടെ മുത്തശ്ശി-യായിരുന്നു. അവര്‍ കുറച്ച് കാലം സുധയെയും കൃഷ്ണയെയും പരിചരിച്ചു, വളരെയധികം അധ്വാനിച്ച് വായില്‍ വെള്ളമൂറുന്ന കൊങ്കണി വിഭവങ്ങള്‍ -ചക്ലി, പൂരണ്‍പൊരി, താലിപീഠ എന്നിവ പാചകം ചെയ്തു. ഫ്രോക്കുകള്‍ നെയ്തെടുക്കുകയും ഒരു കിഴക്കന്‍ യൂറോപ്യന്‍കാരിയായ കച്ചവടക്കാരിയുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും ചെയ്തു. അവര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലായിരുന്നു, പക്ഷേ തന്റെ ഇന്ത്യന്‍ സുഹൃത്തിന് വേണ്ടി ലെയ്സ്, കമ്പിളി, തുണി എന്നിവയുടെ കഷണങ്ങള്‍ മാറ്റിവെക്കുമായിരുന്നു. ഒടുവില്‍, ഇംഗ്ലീഷ് കോള്‍ഡ് സുധയുടെ നാനിയെ കീഴടക്കി, അവര്‍ ഇന്ത്യയിലേക്ക് മടങ്ങി.
കൃഷ്ണയുടെ 'ഗുരു' ആയിത്തീര്‍ന്ന പ്രൊഫസര്‍ സ്രാഫ അപ്പോഴേക്കും, ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയിരുന്നു. കൃഷ്ണയും സുധയും അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ അലിഞ്ഞുചേര്‍ന്നു. ഇറ്റലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ അന്റോണിയോ ഗ്രാംഷിയെ ജയിലില്‍ പതിവായി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് വായിക്കാന്‍ പുസ്തകങ്ങളും പേനകളും പേപ്പറുകളും നല്‍കുകയും ചെയ്തിരുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു സ്രാഫ. ഗ്രാംഷി തന്റെ പ്രിസണ്‍ നോട്ട് ബുക്ക് എഴുതിയത് ഇത് ഉപയോഗിച്ചുകൊണ്ടായിരുന്നു. ഫാസിസ്റ്റ് പീഡനം ശക്തമായപ്പോള്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെനിറ്റോ മുസ്സോളിനി, മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള തന്റെ വിമര്‍ശനാത്മക എഴുത്തുകള്‍ പിന്‍വലിക്കണമെന്ന് സ്രാഫയോട് ആവശ്യപ്പെടുകയുണ്ടായി. സ്രാഫയ്ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടു.
ഭാഗ്യവശാല്‍, 1921-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഒരു വര്‍ഷം പഠിക്കുമ്പോള്‍ സ്രാഫയെ കണ്ടുമുട്ടിയ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സ്, 1927-ല്‍, സ്രാഫയെ കേംബ്രിഡ്ജിലേക്ക് ക്ഷണിക്കുകയുണ്ടായി. പ്രമുഖ ജേണലായ ദി ഇക്കണോമിക് ജേണലില്‍ കെയ്ന്‍സ് എഡിറ്റ് ചെയ്ത ഒരു ലേഖനം എഴുതിയതിന് ശേഷമായിരുന്നു ലെക്ചര്‍ഷിപ്പിനായി സ്രാഫ ക്ഷണിക്കപ്പെട്ടത്. കേംബ്രിഡ്ജില്‍, തത്ത്വചിന്തകനായ ലുഡ്വിഗ് വിറ്റ്ജന്‍സ്റ്റൈനെ സ്രാഫ ആഴത്തില്‍ സ്വാധീനിച്ചുവെന്ന കാര്യം ലുഡ്വിഗ് തന്റെ Philosophical Investigation -ല്‍ സൂചിപ്പിക്കുന്നുണ്ട്. കൃഷ്ണ കേംബ്രിഡ്ജില്‍ എത്തുമ്പോഴേക്കും വിറ്റ്ജന്‍സ്റ്റൈനും ഗ്രാംഷിയും മരണപ്പെട്ടിരുന്നുവെങ്കിലും, ഈ രാഷ്ട്രീയവും ബൗദ്ധികവുമായ ബന്ധങ്ങള്‍ കൃഷ്ണ ഉള്‍പ്പെട്ടിരിക്കുന്ന തരത്തിലുള്ള വൃത്തങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായി സ്വാധീനിച്ചിരുന്നു. കൃഷ്ണയുടെ ഫ്‌ളാറ്റില്‍ നിരവധി അത്താഴ വിരുന്നുകള്‍ കൂടാറുണ്ടായിരുന്നു, എല്ലാ 'അമ്മായിമാര്‍ക്കും' അമ്മാവന്മാര്‍ക്കും ഇടയില്‍ കുഞ്ഞു സുധയും. സര്‍വ്വകലാശാലാ പ്രൊഫസര്‍മാരും ഗൃഹാതുരത്വമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളും ഒരുപോലെ കൂട്ടുകൂടുന്നതിനും ഉപദേശങ്ങള്‍ക്കും ഇന്ത്യന്‍ ഭക്ഷണത്തിനും വേണ്ടി ആ താമസസ്ഥലത്തേക്ക് എത്തിപ്പെട്ടു.