Quantcast
MediaOne Logo

Web Desk

Published: 3 March 2023 6:52 AM GMT

സൂര്യാതപം: കാരണം ആഗോളമോ പ്രാദേശികമോ? - ഡോ. മനോജ് എം.ജി

ആഗോള താപനമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് കൂടുന്നതിന്റെ ഒരു പ്രധാന കാരണം. വേനല്‍ കാലത്ത്, പ്രേതേകിച്ച് കാര്‍മേഘം കുറവാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കും. സൂര്യന്‍ ഇപ്പോള്‍ ഉത്തരായനത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സൂര്യരശ്മികള്‍ ഏറെക്കുറെ ലംബമായി തന്നെയാണ് ഈ പ്രദേശത്തു ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യ പ്രകാശത്തിന്റെ തീവ്രത വര്‍ധിക്കുകയും താപനില കൂടുകയും ചെയ്യുന്നു.

സൂര്യാതപം: കാരണം ആഗോളമോ പ്രാദേശികമോ? - ഡോ. മനോജ് എം.ജി
X

കേരളത്തില്‍ വേനല്‍ കാലം ആരംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയത്തെയാണ് പൊതുവെ വേനല്‍ കാലമെന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, വേനല്‍ കാലത്തെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ പറയുന്ന പ്രകാരം ഈ വേനല്‍ കാലം ഉത്തരേന്ത്യയെയും അതുപോലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും വലിയ രീതിയില്‍ ബാധിക്കുകയും പലപ്പോഴും ഉഷ്ണ തരംഗത്തിനുള്ള സാധ്യതയും ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍, കേരളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ പ്രദേശങ്ങളില്‍ പരമാവധി താപനില ശരാശരിയോ ഒരുപക്ഷെ അതില്‍ താഴെയോ ആകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനത്തില്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് വലിയ തോതിലുള്ള ആശങ്കക്ക് വകയില്ലെങ്കിലും നമ്മള്‍ കരുതിയിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. കാരണം, പ്രാദേശിക അടിസ്ഥാനത്തില്‍ താപനില വളരെയധികം മാറിമറിയാം. പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ ചില സ്ഥലങ്ങളില്‍ അത് നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് അടുത്തുവരെ എത്തുന്ന സാഹചര്യം ഉണ്ട്. ഇത്തരത്തില്‍ അതീവ ചൂടേറിയ സാഹചര്യത്തില്‍ നമ്മുടെ ശരീരത്തെയും അതുപോലെ പക്ഷി മൃഗാദികളെയും സംരക്ഷിക്കേണ്ട ബാധ്യത ഉണ്ട്.


ഈ വേനല്‍ക്കാലത്ത് എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്നുള്ളത് സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമായിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുണ്ട്. ആ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. പൊതുവില്‍ 11 മണിമുതല്‍ മൂന്ന് മണിവരെയുള്ള സമയം നമ്മള്‍ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാത്ത വിധത്തില്‍ ക്രമീകരിക്കുകയും മറ്റ് പൊതു പരിപാടികള്‍ ഉപേക്ഷിക്കുകയും വേണം. ആവശ്യത്തിന് ശുദ്ധ ജലം കുടിക്കണം. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തിലെ താപനില വലിയ അപകടകരമല്ലാത്ത അവസ്ഥയിലേക്കു പോകുന്നതില്‍ നിന്ന് തരണം ചെയ്യാന്‍ സാധിക്കും. കാട്ടുതീ തടയണം. മാലിന്യങ്ങള്‍ കത്തിക്കുന്നതുപോലുള്ള കാര്യങ്ങളില്‍ നമ്മള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

കേരളത്തില്‍ ചൂട് കൂടുന്നതിന്റെ പ്രധന കാര്യങ്ങളില്‍ പ്രധാനമായും രണ്ട് തരം കാരണങ്ങളാണ് ഉള്ളത്. ഒന്ന് പ്രാദേശികവും മറ്റൊന്ന് ആഗോളാടിസ്ഥാനത്തിലുള്ളതുമാണ്. ആഗോള താപനം തന്നെയാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് കൂടുന്നതിന്റെ ഒരു കാരണം. വേനല്‍ കാലത്ത് പ്രേതേകിച്ച് മഴക്കാര്‍ അല്ലെങ്കില്‍ കാര്‍മേഘം കുറവാണെങ്കില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കും. സൂര്യന്‍ ഇപ്പോള്‍ ഉത്തരായനത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സൂര്യരശ്മികള്‍ ഏറെക്കുറെ ലംബമായി തന്നെയാണ് ഈ പ്രദേശത്തു ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യ പ്രകാശത്തിന്റെ തീവ്രത വര്‍ധിക്കുകയും താപനില കൂടുകയും ചെയ്യുന്നു. അതോടൊപ്പം അന്തരീക്ഷത്തില്‍ മേഘം ഇല്ലാത്ത തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ സൂര്യപ്രകശം യാതൊരു പ്രതിഫലനവും കൂടാതെ നേരിട്ട് അതേ ശക്തിയോട് കൂടെ തന്നെ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്നു. അതും താപനില കൂട്ടുന്നതിന് കാരണമാണ്. മറ്റൊരു പ്രധാനപ്പെട്ട ഘടകം അന്തരീക്ഷത്തിലുള്ള വായുവിന്റെ കറക്കമാണ്. സാധരണ ഗതിയില്‍ ഘടികാര ദിശയില്‍ കറങ്ങുകയാണെങ്കില്‍ അന്തരീക്ഷത്തിന്റെ മേല്‍തട്ടിലുള്ള വായു താഴേക്കു ഞെരിഞ്ഞമരാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ ഒരു സമ്മര്‍ദത്തിന് വിധേയമാകുമ്പോള്‍ സമ്മര്‍ദ താപനം ഉണ്ടാവുകയും ചൂട് കൂടുകയും ചെയ്യാം.

മറ്റൊന്ന്, ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന ചൂട് കൂടിയ വായു - കേരളത്തിന്റെ അന്തരീക്ഷത്തിലെ വായുവിന്റെ സര്‍ക്യൂലഷന്‍ പാറ്റേര്‍ണിന് അനുസരിച്ച് - ഇങ്ങോട്ടേക്ക് കടന്നുവരാനുള്ള സാധ്യതയും നമ്മള്‍ മുന്‍കൂട്ടി കാണണം. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് ഈ പ്രാവശ്യം നമുക്ക് സാധാരണ രീതിയിലുള്ള വേനല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. അതാത് ആഴ്ചകളില്‍ ലഭിക്കുന്ന മുന്നറിയിപ്പ് പ്രതിവാരം ലഭിക്കുന്ന ജാഗ്രതകള്‍ എന്നിവ നമ്മള്‍ കാര്യങ്ങളെ മുന്‍കൂട്ടി കാണുകയും അതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ എല്ലാവരും എടുക്കുകയും വേണം.

(മീഡിയവണ്‍ ന്യൂസ് ഡീകോഡിനുവേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

TAGS :