ടെക്നോ ഫ്യൂഡലിസം, ക്ലൗഡ് കാപിറ്റലിസം; മുതലാളിത്തത്തിന്റെ അന്ത്യം
യാനിസ് വരുഫാകിസിന്റെ Technofeudalism: What Killed Capitalism എന്ന പുസ്തകത്തിന്റെ വായന - ഭാഗം 01
'Cloud serfs, cloud proles and cloud vassals of the world, unite! We have nothing to lose but our mind-chains!'
ഗ്രീക്ക് ധനകാര്യ മന്ത്രിയായിരുന്ന യാനിസ് വരുഫാകിസിന്റെ ഏറ്റവും പുതിയ പുസ്തകമായ Technofeudalism: What Killed Capitalism എന്ന പുസ്തകം അവസാനിക്കുന്നതിങ്ങനെയാണ്. മുതലാളിത്തത്തിന്റെ അന്ത്യം സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മുതലാളിത്തത്തിന്റെ തന്നെ സൃഷ്ടിയായ പുതിയൊരു സാങ്കേതികവിദ്യാജന്മിത്വം (technofeudalism) മുതലാളിത്തത്തിന്റെ അന്ത്യത്തിന് കാരണമായെന്നും നാമിതുവരെ അറിഞ്ഞതില്‍ നിന്നും അനുഭവിച്ചതില്‍ നിന്നും ഭിന്നമായ ഒരു വ്യവസ്ഥയെ സ്വീകരിക്കാന്‍ തയ്യാറാവുകയാണ് അഭിലഷണീയമെന്നും വരുഫാകിസ് തന്റെ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നു. സാമ്പ്രദായിക രീതിയിലുള്ള മുതലാളിത്ത മൂലധനത്തിന്റെ ഭാഗമായ ഉത്പാദന രീതികള്‍, തൊഴിലാളി വര്‍ഗം, വിപണി, ലാഭം എന്നിവയെ സാമ്പത്തിക വ്യവസ്ഥയുടെ അരികുകളിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട്, മുതലാളിത്ത വളര്‍ച്ചയ്ക്ക് മുമ്പുള്ള ഭൂപ്രഭുത്വ രീതിയിലേക്ക്, ക്ലൗഡ് മൂലധനവും, സാമന്തന്മാരും (vassals) കുടിയാന്മാരും (serfs), തൊഴിലാളികളും (proles) അടങ്ങുന്ന പുതിയൊരു സാമ്പത്തിക-സാമൂഹികാവസ്ഥയിലേക്ക് ലോകം എത്തിക്കഴിഞ്ഞുവെന്ന് വരുഫാകിസ് അടിവരയിട്ട് പറയുന്നു.
നമുക്ക് പരിചിതങ്ങളായ വന്‍കിട ഫാക്ടറികളും മെഷിനറികളും ഉത്പാദന സാമഗ്രികളും തൊഴിലാളികളും അടങ്ങുന്ന പരമ്പരാഗത മുതലാളിത്തത്തിന്റെ ഭൗതിക രൂപങ്ങള്‍ക്കപ്പുറത്ത് അല്‍ഗോരിതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രോഗ്രാമുകളുടെ ഒരു ശൃംഖല. എന്തെങ്കിലും പുതുതായി ഉത്പാദിപ്പിക്കുക എന്നതിനപ്പുറം മനുഷ്യന്റെ പെരുമാറ്റങ്ങളെ പരിഷ്‌കരിക്കുക (behavioural modification) എന്നതാണ് ക്ലൗഡ് കാപിറ്റലിന്റെ ധര്‍മം. ഈ ക്ലൗഡ് മൂലധനം ഇന്ന് പരമ്പരാഗത മുതലാളിത്തത്തെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഗ്രന്ഥകാരന്‍ എത്തിപ്പെടുന്ന നിഗമനം.
യാനിസ് വരുഫാകിസി(Yanis Varoufakis)നെ ലോകം ശ്രദ്ധിക്കുന്നത് 2009-18 കാലയളവിലെ ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന വരുഫാകിസ് സ്വയം വിശേഷിപ്പിക്കുന്നത് 'ലിബര്‍ട്ടേറിയന്‍ മാര്‍ക്സിസ്റ്റ്'എന്നാണ്. ഗ്രീസിലെ സിരിസ സര്‍ക്കാരില്‍ ധനമന്ത്രിയായി ചെറിയ കാലം പ്രവര്‍ത്തിച്ച വരുഫാകിസ് ഗ്രീസ് സര്‍ക്കാരിന് വേണ്ടി യൂറോപ്യന്‍ യൂണിയനുമായുള്ള കൂടിയാലോചനയില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ austertiy നയങ്ങള്‍ക്ക് സിരിസ (SIRIZA) സര്‍ക്കാര്‍ സമ്മതം മൂളിയതോടെ നിരാശനായ അദ്ദേഹം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു. 'ആക്സിഡന്റല്‍ ഇക്കണോമിസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാനിസ് വരുഫാകിസ് സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
യാനിസ് വരുഫാകിസിന്റെ പുതിയ പുസ്തകത്തിന്റെ ഉള്ളടക്കം ചുറ്റിത്തിരിയുന്നത് ക്ലൗഡ് കാപിറ്റല്‍ (cloud capital) എന്ന പുത്തന്‍ പ്രതിഭാസത്തിലാണ്.
എന്താണ് ക്ലൗഡ് ക്യാപിറ്റല്‍?
വരുഫാകിസ് വിശദീകരിക്കുന്നതിങ്ങനെ: നെറ്റ്വര്‍ക്ക് മെഷീനുകള്‍, സെര്‍വര്‍ ഫാമുകള്‍, സെല്‍ ടവറുകള്‍, സോഫ്റ്റ്വെയറുകള്‍, AI അധിഷ്ഠിത അല്‍ഗോരിതങ്ങള്‍, എണ്ണമറ്റ ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പുതുപുത്തന്‍ ആവാസവ്യവസ്ഥയെയാണ് ക്ലൗഡ് കാപിറ്റല്‍ പ്രതിനിധാനം ചെയ്യുന്നത്. നമുക്ക് പരിചിതങ്ങളായ വന്‍കിട ഫാക്ടറികളും മെഷിനറികളും ഉത്പാദന സാമഗ്രികളും തൊഴിലാളികളും അടങ്ങുന്ന പരമ്പരാഗത മുതലാളിത്തത്തിന്റെ ഭൗതിക രൂപങ്ങള്‍ക്കപ്പുറത്ത് അല്‍ഗോരിതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രോഗ്രാമുകളുടെ ഒരു ശൃംഖല. എന്തെങ്കിലും പുതുതായി ഉത്പാദിപ്പിക്കുക എന്നതിനപ്പുറം മനുഷ്യന്റെ പെരുമാറ്റങ്ങളെ പരിഷ്‌കരിക്കുക (behavioural modification) എന്നതാണ് അവയുടെ ധര്‍മം. ഈ ക്ലൗഡ് മൂലധനം ഇന്ന് പരമ്പരാഗത മുതലാളിത്തത്തെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഗ്രന്ഥകാരന്‍ എത്തിപ്പെടുന്ന നിഗമനം.
ഉദാഹരണമായി, ആമസോണിന്റെ 'അലക്സ', അല്ലെങ്കില്‍ 'ഗൂഗ്ള്‍ അസിസ്റ്റന്റ്' അതല്ലെങ്കില്‍ ആപ്പിളിന്റെ 'സിരി' ഇവയെല്ലാം തന്നെ മനുഷ്യന്റെ പെരുമാറ്റ പരിഷ്‌ക്കരണത്തിനായി സൃഷ്ടിക്കപ്പെട്ട പ്രോഗ്രാമുകളാണ്. നമ്മുടെ ആവശ്യങ്ങളെ നിര്‍ണ്ണയിക്കാന്‍ നമ്മെ പരിശീലിപ്പിക്കുക എന്നതാണ് അതിന്റെ ദൗത്യം. നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സാമ്പ്രദായിക വിപണികളെ മറികടന്ന് അവ നമുക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഈ നെറ്റ് വര്‍ക്ക് മെഷീനുകള്‍ പണിയെടുക്കുന്നു.
എന്താണ് ക്ലൗഡ് മൂലധനത്തെ പരമ്പരാഗത മൂലധനത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്നതിന് വരുഫാകിസിന്റെ വിശകലനമിങ്ങനെ; പരമ്പരാഗത മൂലധനം, തൊഴില്‍ വിപണിയില്‍-ഫാക്ടറികള്‍, ഓഫീസ്, വെയര്‍ഹൗസ് എന്നിവയ്ക്കുള്ളില്‍, തൊഴിലാളികളുടെ സഹായത്താല്‍ പുനര്‍നിര്‍മിക്കപ്പെടുന്നുണ്ടെന്ന് നമുക്കറിയാം. ഉത്പാദിപ്പിക്കപ്പെടുന്ന ചരക്കുകളും സേവനങ്ങളും വഴി അവ ലാഭമുണ്ടാക്കുകയും കൂടുതല്‍ ഉത്പാദനത്തിനാവശ്യമായ മൂലധനം കുന്നുകൂട്ടുകയും ചെയ്യുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി, കൂലിപ്പണിയെ ആശ്രയിക്കാതെ സ്വയം പുനര്‍നിര്‍മിക്കപ്പെടുന്നു എന്നതാണ് ക്ലൗഡ് മൂലധനത്തിന്റെ സവിശേഷത.
എങ്ങനെ? അതിന്റെ പുനരുല്‍പ്പാദനത്തില്‍ ഏര്‍പ്പെടാന്‍ ഏതാണ്ട് മുഴുവന്‍ മനുഷ്യരോടും ആജ്ഞാപിച്ചുകൊണ്ട് - സൗജന്യമായിത്തന്നെ! സാമ്പ്രദായിക മൂലധനത്തോടൊപ്പം കടന്നുവരുന്ന തൊഴില്‍ ശക്തി, വിപണി, ലാഭം എന്നിവയെ ക്ലൗഡ് മൂലധനം പൂര്‍ണ്ണമായും പുതുക്കിപ്പണിയുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നുവെന്നാണ് വരുഫാകിസിന്റെ നിഗമനം.
ക്ലൗഡ് മൂലധനം മനുഷ്യരാശിയില്‍ വരുത്തിയ സുപ്രധാനമായ മാറ്റം മൂലധന പുനര്‍നിര്‍മാണത്തിനായി യാതൊരു പ്രതിഫലവും നല്‍കാതെ തന്നെ അധ്വാനിക്കാന്‍ സന്നദ്ധരായ കോടിക്കണക്കായ -ക്ലൗഡ് സെര്‍ഫുകള്‍ എന്ന് വരുഫാകിസ് വിശേഷിപ്പിക്കുന്ന- മനുഷ്യരായി നമ്മളെ പരിവര്‍ത്തിപ്പിച്ചുവെന്നതാണ്. ക്ലൗഡ് മൂലധനത്തില്‍ ഉള്‍ക്കൊള്ളുന്ന ഭൗതിക സാമഗ്രികള്‍ - സോഫ്റ്റ്‌വെയറുകള്‍, സെര്‍വര്‍ ഫാമുകള്‍, സെല്‍ ടവറുകള്‍, ആയിരക്കണക്കിന് മൈല്‍ ഒപ്റ്റിക് ഫൈബര്‍ എന്നിവ- മേല്‍സൂചിപ്പിച്ച ക്ലൗഡ് സെര്‍ഫുകള്‍ ഉത്പാദിപ്പിക്കുന്ന 'ഉള്ളടക്കങ്ങള്‍' (contents) ഇല്ലെങ്കില്‍ നിരര്‍ഥകമാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ക്ലൗഡ് മൂലധനത്തിന്റെ ഏറ്റവും മൂല്യവത്തായ ഭാഗമെന്നത് അതിന്റെ ഭൗതിക ഘടകങ്ങളല്ല, മറിച്ച് അതിന്റെ ഭാഗമായുള്ള പ്ലാറ്റ്ഫോമുകളില്‍ - ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികള്‍, ടിക് ടോക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍, ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോകള്‍, ട്വിറ്ററിലെ തമാശകള്‍ അപമാനങ്ങള്‍, ആമസോണിലെ അവലോകനങ്ങള്‍ എന്നിവയാണെന്ന് വരുന്നു. ഇത്തരത്തില്‍ ക്ലൗഡ് മൂലധനത്തിന്റെ നിര്‍മാണവും പുനര്‍നിര്‍മാണവും സാമ്പ്രദായിക വിപണിക്ക് പുറത്ത് സാധ്യമാക്കുന്നത് നാം തന്നെയെന്ന് വരുഫാകിസ് വിലയിരുത്തുന്നു.
സാമ്പ്രദായിക മുതലാളിത്തത്തിന്റെ നെടുംതൂണുകളായ വിപണി (market) ലാഭം (profit) എന്നിവയെ ക്ലൗഡ് മൂലധനം നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കുകയും അവയെ അരികുകളിലേക്ക് തള്ളിവിടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തുവെന്നും ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. പരമ്പരാഗത വിപണികള്‍ ആമസോണ്‍, ആലിബാബ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ക്ലൗഡ് കുത്തകകള്‍ (cloud fiefs) കയ്യടക്കുകയും ഒരു പരമ്പരാഗത വിപണിയിലെന്ന പോലെ അതേസമയം നാം ആഗ്രഹിക്കുന്നതിന് അനുരൂപമായി വ്യത്യസ്തങ്ങളായ കാര്യങ്ങളെ കാണാന്‍ നമ്മെ അനുവദിക്കുന്ന അല്‍ഗോരിതങ്ങളുടെ സഹായത്തോടെ ഈ ക്ലൗഡ് വിപണി പ്രവര്‍ത്തിക്കുന്നു.
അപ്പോള്‍ മുതലാളിത്തത്തിന്റെ ഇന്ധനമായ ലാഭത്തിന് എന്ത് സംഭവിക്കുന്നു? ഇവിടെയാണ് പരമ്പരാഗത മുതലാളിത്തം അതിന്റെ പൂര്‍വ്വികരായ ഫ്യൂഡലിസ്റ്റ് മാതൃകയെ ഏറ്റെടുക്കുന്നതെന്ന് വരുഫാകിസ് വിശദീകരിക്കുന്നു. പുതുതായൊന്നും ഉത്പാദിപ്പിക്കേണ്ടതില്ലാത്ത മേല്‍പ്പറഞ്ഞ പ്ലാറ്റ്ഫോമുകള്‍ അവയിലേക്കുള്ള പ്രവേശനത്തിനായ് വാടക (rent) ഈടാക്കുന്നു. ഒരു പുതിയ തരം വാടക! ക്ലൗഡ് കുത്തകകളിലേക്കോ (fiefs) ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കോ ഉള്ള പ്രവേശനത്തിനായി നല്‍കേണ്ട ക്ലൗഡ് വാടക രൂപത്തില്‍!
(തുടരും)