Quantcast
MediaOne Logo

ബിനു മാത്യു

Published: 2 July 2022 5:49 AM GMT

ടീസ്റ്റ സെതൽവാദ് : ജനാധിപത്യത്തിന്റെ കാവലാൾ

നമ്മുടെ ഭരണഘടന അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിനെ നേരിടുന്ന ഈ കാലത്ത് ഈ പുസ്തകം വായിക്കുന്നത് നിങ്ങൾക്ക് അസാമാന്യ ധൈര്യവും ശക്തിയും പ്രദാനം ചെയ്യും.

ടീസ്റ്റ സെതൽവാദ് : ജനാധിപത്യത്തിന്റെ കാവലാൾ
X
Listen to this Article

ഞാൻ വല്ലാതെ വായനാശീലമുള്ള ഒരാളല്ല. ഞാൻ വായിച്ചതിൽ കൂടുതൽ പുസ്തകങ്ങളും എന്റെ സുഹൃത്തുക്കൾ നിർദേശിച്ചതോ എന്റെ വായനകളിലോ ഗവേഷണത്തിലോ ശ്രദ്ധയിൽ പെട്ടതാണ്. ടീസ്റ്റ സെതൽവാദിന്റെ ഓർമ്മക്കുറിപ്പുകൾ "Foot Soldier of the Constitution" ശ്രദ്ധയിൽ പെട്ടപ്പോൾ അത് വായിക്കാതിരിക്കാൻ എനിക്കായില്ല. വ്യക്തിപരമായ അക്രമങ്ങൾ, ട്രോളുകളിലൂടെയുള്ള പരിഹാസം, വ്യാജ ആരോപണങ്ങൾ, കള്ളക്കേസുകൾ, പരസ്യമായ അവഹേളനം എന്നിവ നേരിടേണ്ടി വന്നിട്ടും അവരുടെ പോരാട്ട വീര്യം എന്നെ അത്ഭുതപ്പെടുത്തി. എന്താണ് അവരെ മുന്നോട്ട് നയിക്കുന്നതെന്നറിയാൻ എനിക്ക് കൗതുകമായിരുന്നു. ഈ പുസ്തകത്തിൽ അതിനെല്ലാം ഉത്തരം ഉണ്ട്.

ഗുജറാത്തിലെ നീതി പോരാട്ടങ്ങളുടെ മുഖമായ ടീസ്റ്റയെ നമുക്കെല്ലാവർക്കും അറിയാം. യഥാർത്ഥത്തിൽ ആ പ്രസ്ഥാനങ്ങളുടെ എല്ലാം ഊർജ്ജമായിരുന്നു അവർ. അവരില്ലാതെ ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്ക് നീതിക്കായുള്ള പോരാട്ടങ്ങൾ സാധ്യമാകുമായിരുന്നോ? ടീസ്റ്റയുടെയും " സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് " ലെ അവരുടെ സഹപ്രവർത്തകരുടെയും ശ്രമങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു മന്ത്രിയുൾപ്പെടയുള്ളവർ പ്രതിചേർക്കപ്പെടുമായിരുന്നോവെന്ന് തന്നെ സംശയമാണ്. നീതിക്കും മതമൈത്രിക്കുമായുള്ള ടീസ്റ്റയുടെ പ്രവർത്തനങ്ങൾ 2002 ൽ ആരംഭിച്ചതല്ല. ബോംബെയിൽ 1984 ൽ നടന്ന വർഗീയ കലാപങ്ങളെ തുടർന്നാണ് അവർ അതാരംഭിക്കുന്നത്. 1992 - 93 ൽ ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് ബോംബെയിൽ അരങ്ങേറിയ വർഗീയ അക്രമങ്ങളുടെ കാലത്തും മുന്നണിയിൽ നിന്നും റിപ്പോർട്ട് ചെയ്യാനും സമാധാനശ്രമങ്ങളുടെ മുന്നിലും അവർ ഉണ്ടായിരുന്നു. "Foot Soldier of the Constitution" എന്ന പുസ്തകം രൂപം കൊള്ളുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. നിയമരാഹിത്യത്തിന്റെയും അക്രമങ്ങളുടെയും ആ കാലത്ത് അവർ ഇന്ത്യയെന്ന റിപ്പബ്ലിക്കിൽ വിള്ളലുകൾ കണ്ടു. പാവങ്ങളെയും അരികുവത്കരിക്കപ്പെട്ടവരെയും ഉൾക്കൊള്ളുന്നതിൽ ഭരണഘടന പരാജയമാണെന്ന് അവർ മനസ്സിലാക്കി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ എങ്ങനെ പരാജയപ്പെട്ടുവെന്നും അവർ കണ്ടു. അതുകൊണ്ടാണ് ടീസ്റ്റയും അവരുടെ ജീവിത പങ്കാളി ജാവേദ് അഹമ്മദും ചേർന്ന് ' കമ്മ്യൂണലിസം കോംബാറ്റ്‌ ' തുടങ്ങിയത്.


'കമ്മ്യൂണലിസം കോംബാറ്റ്‌ 'ലെ അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ആധുനിക മാധ്യമപ്രവർത്തനത്തിന്റെ ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു. ടീസ്റ്റയും ജാവേദും പ്രവാചകരായിരുന്നു. അതിസൂഷ്മമായി വിവരങ്ങൾ ശേഖരിക്കുകയും തങ്ങളുടെ അനുഭവങ്ങൾ ഉപയോഗിച്ച് അതിനെ വിലയിരുത്തിയും അവർ നമുക്ക് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അവർ നമുക്ക് മുന്നറിയിപ്പ് നൽകി. കവർ സ്റ്റോറികൾക്ക് പിറകെ കവർ സ്റ്റോറികളായി ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷയിൽ വന്നുകൊണ്ടിരിക്കുന്ന വിള്ളലുകളെ കുറിച്ചും അവർ മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ വളർന്നു വരുന്ന സാമുദായിക ഭിന്നതയുടെ അന്തരീക്ഷത്തെ കുറിച്ച് അവർ വേവലാതി പങ്കുവെച്ചു. അവർ അത് നേരത്തെ കണ്ടിരുന്നു. അവർ നമുക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ആരും ഗൗനിച്ചില്ല. 2003 ൽ 'കമ്മ്യൂണലിസം കോംബാറ്റ്‌ 'ലൂടെ ഒറീസ്സയിൽ മറ്റൊരു ഗുജറാത്ത് രൂപം കൊള്ളുന്നതായി മുന്നറിയിപ്പ് നൽകുകയും 2008 ൽ കാണ്ഡമാലിൽ നൂറിലധികം ക്രിസ്ത്യാനികൾ ഹിന്ദുത്വ ശക്തികളാൽ കൊല്ലപ്പെടുകയും ചെയ്തു.

എല്ലാവിധ പ്രതിസന്ധികൽക്കിടയിലും മുന്നോട്ട് പോകാൻ ടീസ്റ്റയെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ഞാൻ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമാണ് ഈ പുസ്തകം. ഞാൻ മനസ്സിലാക്കിയത് നിങ്ങളുമായി പങ്കുവെക്കാം. ഭരണഘടനവാദത്തോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശം.

കമ്മ്യൂണലിസം കോംബാറ്റിനു വേണ്ടി അവർ ഗുജറാത്തിലുടനീളം യാത്രചെയ്ത റിപ്പോർട്ട് ചെയ്തു. ഗുജറാത്തിന്റെ പൾസ് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവരത് നേരത്തെ കണ്ടിരുന്നു. അത് സംഭവിച്ചപ്പോൾ ഭാഗ്യത്തിന് അവർക്ക് ഗുജറാത്തിൽ ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. വംശഹത്യക്ക് ഇരയായവരിൽ പലരും അവരെ വിളിച്ചു: എങ്ങനെയെങ്കിലും തങ്ങളുടെ ജീവൻ രക്ഷിക്കാനായി. ഇരകളുടെ ജീവൻ രക്ഷിക്കാനായി പൊലീസ് ഉദ്യോഗസ്ഥർ , പൗരാവകാശ പ്രവർത്തകർ, അങ്ങനെ തനിക്ക് വിളിക്കാൻ കഴിയുന്ന എല്ലാവരുവമായി ബന്ധപ്പെട്ട ടീസ്റ്റ ഒരു കൺട്രോൾ റൂം പോലെ പ്രവർത്തിച്ചു. ആ ഭീകരമായ ദിനങ്ങളിൽ നിസ്സഹായരായ ഒട്ടേറെ പേരുടെ ജീവനുകൾ അവർ രക്ഷിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. അതിന് അവരെ നമ്മൾ അഭിവാദ്യം അർപ്പിക്കുക തന്നെ വേണം.

തന്റെ ജീവൻ അപകടത്തിലാക്കി അവർ ഗുജറാത്തിൽ പോയി. പലതവണ അവർക്ക് ആക്രമണങ്ങൾ നേരിടേണ്ടി വന്നു. വംശഹത്യയെ അതിജീവിച്ചവർക്ക് കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം സഹായം എത്തിക്കാൻ അവർ ശ്രമിച്ചു. അതിനു ശേഷം അവർ നിയമപോരാട്ടം ആരംഭിച്ചു. ഓരോ കേസുമെടുത്ത്, ആയിരകണക്കിന്, പതിനായിരക്കണക്കിന് രേഖകൾ കണ്ടെത്തി അവരും അവരുടെ സംഘവും ഓരോ കേസും ശക്തമാക്കുകയായിരുന്നു. വർഗീയ ആക്രമണങ്ങളിൽ പങ്കെടുത്ത മോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായാ കൊഡ്‌നാനി അടക്കം 117 പേരെ ശിക്ഷിക്കാൻ ഇതുവഴി അവർക്ക് സാധിച്ചു.


മാധ്യമപ്രവർത്തക എന്ന നിലയിലും തുടർന്ന് സാമൂഹിക പ്രവർത്തക എന്ന നിലയിലുമുള്ള അവരുടെ പ്രവർത്തന കാലയളവിൽ ഭരണഘടന നടപ്പാക്കുന്നതിൽ ഉണ്ടായ ഗുരുതരമായ പാളിച്ചകൾ അവർ കണ്ടെത്തി. രാജ്യം കണ്ട ഏറ്റവും വലിയ ഭരണഘടന പരാജയങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് വംശഹത്യ. ഭരണനിര്‍വ്വഹണസമിതി, നിയമനിര്‍മ്മാണസഭ, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ തുടങ്ങിയ ജനാധിപത്യത്തിന്റെ തൂണുകൾ എങ്ങനെയാണ് പരാജയപ്പെട്ടതെന്ന് അവർ വിശദീകരിക്കുന്നുണ്ട്.

ഭരണഘടനവാദത്തോടും നീതിയോടുമുള്ള അവരുടെ അടങ്ങാത്ത പ്രതിപദ്ധതയാണ് ടീസ്റ്റയെന്ന ഇന്ത്യൻ ഭരണഘടനയുടെ കാവലാളിനെ നയിച്ചത്. ഈ ഒരു പ്രതിപദ്ധതയാണ് എല്ലാവിധ പോരാട്ടങ്ങൾക്കും അവർക്ക് ഊർജം നൽകുന്നത്. ഭരണഘടനവാദത്തിന്റെ ഈ പോരാളിയെ നിരന്തരം വേട്ടയാടുകയും ക്രൂശിക്കപ്പെടുന്നതും നിരാശാജനകമാണ്. നമ്മുടെ ഭരണഘടന അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിനെ നേരിടുന്ന ഈ കാലത്ത് ഈ പുസ്തകം വായിക്കുന്നത് നിങ്ങൾക്ക് അസാമാന്യ ധൈര്യവും ശക്തിയും പ്രദാനം ചെയ്യും. നീതിക്കായി എഴുന്നേറ്റ് നിൽക്കുക എന്നത് നമ്മുടെ ഭരണഘടനാപരമായ അവകാശമാണ്. ഈ വിഷമഘട്ടത്തിൽ ടീസ്റ്റ സെതൽവാദിന് വേണ്ടി എഴുന്നേറ്റ് നിൽക്കുക എന്നതും ഭരണഘടനയെ സംരക്ഷിക്കുന്ന ഒരു മാർഗമാണ്.

അവസാനമായി ഈ പുസ്തകത്തിന്റെ ശൈലിയെ കുറിച്ച്. ഇതൊരു ചെറിയ പുസ്തകമാണ്. അവരുടെ അനുഭവങ്ങൾ വിശദമാക്കി ഒരു വലിയ ഗ്രൻഥം തന്നെ എഴുതാമായിരുന്നു ടീസ്റ്റക്ക്. പക്ഷെ അവർ അത് ചുരുക്കി വ്യക്തവും കൃത്യവുമായി എഴുതി. ഇത് നിങ്ങളെ വായിക്കാൻ പ്രേരിപ്പിക്കും. വായിച്ചു തുടങ്ങിയാൽ നിങ്ങൾ പുസ്തകം താഴെ വെക്കില്ല. നമ്മുടെ ഭരണഘടനയെ മാനിക്കുന്ന എല്ലാവരും നിർബന്ധമായും വായിക്കേണ്ട ഒരു പുസ്തകമാണ് ഇത്. ഇത്രയും മനോഹരമായ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിന് ലെഫ്റ്റ്‌വേർഡ് ബുക്സിന് ഒരുപാട് നന്ദി.

TAGS :