Quantcast
MediaOne Logo

ഡോ. പി.കെ പോക്കര്‍

Published: 8 Jun 2024 8:14 AM GMT

മൂന്നാം മോദിയും ഇന്ത്യയിലെ കീഴടങ്ങാത്ത ജനാധിപത്യവും നല്‍കുന്ന ദിശയേത്

പ്രായം കൊണ്ട് മാത്രമല്ല, ഇച്ഛാശക്തിയിലും തളര്‍വാദം പിടിച്ച ഒരു ആവര്‍ത്തനമാക്കി മൂന്നാം മോദി ഭരണത്തെ മാറ്റാന്‍ ഇന്ത്യന്‍ പൗരസമൂഹത്തിനു സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്.

മൂന്നാം മോദി സര്‍ക്കാരിന്റെ ഭാവി?
X

ഇന്ത്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജനാധിപത്യത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവരും, വെറുപ്പിന്റെ പ്രത്യയശാസ്ത്രം കണ്ടും, കേട്ടും, അനുഭവിച്ചും മടുത്തവരും നെഞ്ചിടിപ്പോടെയാണ് രാജ്യത്തെ സംഭവവികാസങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നത്. പത്തുവര്‍ഷമായി രാജ്യത്തിനകത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആധുനിക പൗരസമൂഹത്തിനു ഉള്‍ക്കൊള്ളാനോ കണ്ടുനില്‍ക്കാന്‍ പോലുമോ കഴിയാത്ത വിധം പൈശാചികവും ഹീനവുമായിരുന്നു. രാജ്യത്തുടനീളമുള്ള ബഹുജനങ്ങള്‍ നിരന്തരമായി പോരാടി നേടിയ സ്വാതന്ത്ര്യവും, തുടര്‍ന്ന് സൂക്ഷ്മ വിശകലനവും കൂര്‍മബുദ്ധിയും സംവാദാത്മക നിലപാടും ചേര്‍ത്ത് വെച്ചുണ്ടാക്കിയ ലോകത്തിലെ മികച്ച ഭരണഘടനയും അപ്രസക്തമാക്കുന്ന സംഘ്പരിവാര്‍ ഭരണകൂടത്തെ ഭീതിയോടെ കണ്ട ഒരു കാലം ഇവിടെ അവസാനിക്കുമോ എന്ന ചോദ്യമാണ് എല്ലാ നല്ല മനുഷ്യരെയും തെരഞ്ഞെടുപ്പ് വേളയില്‍ അസ്വസ്ഥപ്പെടുത്തിയത്. പ്രായം കൊണ്ട് മാത്രമല്ല, ഇച്ഛാശക്തിയിലും തളര്‍വാദം പിടിച്ച ഒരു ആവര്‍ത്തനമാക്കി മൂന്നാം മോദി ഭരണത്തെ മാറ്റാന്‍ ഇന്ത്യന്‍ പൗരസമൂഹത്തിനു സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്. ജനാധിപത്യത്തിന്റെ ഈ മുന്നേറ്റത്തിന് ബഹുവിധ കാരണങ്ങളുണ്ട്. സാമ്പ്രദായിക ന്യൂനീകരണ യുക്തികൊണ്ടു വിശകലനം ചെയ്താല്‍ ഇപ്പോഴത്തെ മുന്നേറ്റത്തെ തിരിച്ചറിയാന്‍ കഴിയില്ല.

അമേരിക്കയില്‍ ജോലി ചെയ്യുകയും പൗരത്വം പോലും സ്വീകരിച്ച് അവിടെ ജീവിക്കുകയും ചെയ്യുന്ന 4.9 ദശ ലക്ഷത്തോളം ഇന്ത്യക്കാരില്‍ 48 ശതമാനം പേര്‍ 2019 - ല്‍ മോദിയെയും ബി.ജെ.പിയെയും പിന്തുണച്ചവരാണെന്ന് കണക്കുകള്‍ പറയുന്നതു. ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും പെട്ട ഈ ഇന്ത്യന്‍ പ്രവാസികള്‍ പുതിയകാലത്തെ ഇന്ത്യന്‍ സവര്‍ണ-ബ്രാഹ്മണ പ്രതിനിദാനങ്ങളാണ്.

ആധുനിക ജനാധിപത്യത്തെ സാധാരണ അടയാളപ്പെടുത്താറുള്ളത് വാര്‍ത്താ മാധ്യമങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. ഇന്ത്യയില്‍ ഒരു പൊതുമണ്ഡലം രൂപപ്പെട്ടത് അച്ചടി യന്ത്രത്തിന്റെയും അച്ചടിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളുടെയും ആരംഭത്തോടുകൂടിയാണ്. ജാതിയുടെ മതില്‍ക്കെട്ടുകളും മനുവാദ നിയമാവലിയും നിയന്ത്രിച്ച 'വിശുദ്ധ' ഗ്രാമീണ വ്യവസ്ഥ ഭേദിച്ചു വായനയിലൂടെയും സംവാദത്തിലൂടെയും ആധുനിക മനുഷ്യര്‍ സ്വതന്ത്ര്യവും തുല്യതയും ചര്‍ച്ചചെയ്യാന്‍ തുടങ്ങുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഗുട്ടെന്‍ബെര്‍ഗ് തുടങ്ങിയ അച്ചടിയന്ത്ര വിപ്ലവത്തിന്റെ തുടര്‍ച്ചയിലാണ് ഇന്ത്യയിലും എഴുത്തും വായനയും ജനകീയമാവാന്‍ തുടങ്ങിയത്. രാജ്യത്തുടനീളം രൂപപ്പെട്ട ആശയ വിനിമയ ശൃംഖല ബ്രിട്ടീഷ് അധിനിവേശത്തിനു പോലും പൂര്‍ണമായി പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ഭരണകൂടം വാര്‍ത്താ വിനിമയത്തെ സമ്പൂര്‍ണമായി ഭരണകൂട ജിഹ്വയാക്കി പരിവര്‍ത്തിപ്പിച്ച് അത്ഭുതം സൃഷ്ടിച്ചുകഴിഞ്ഞ ഇന്ത്യയിലാണല്ലോ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ പ്രതീക്ഷയില്ലാത്ത കാഴ്ചക്കാരായി പലരും മാറുകയും ചെയ്തു.

ലോകവ്യാപകമായി കുപ്രസിദ്ധി നേടിയ 'ഗോദിമീഡിയ' ഒരുവശത്തും, ഭാരണകൂടത്തിന്റെ വേട്ടയാടലുകള്‍ മറുവശത്തുമായി വിയോജിപ്പുകളും സ്വതന്ത്ര ചിന്തകളും വൈജാത്യങ്ങളും റദ്ദ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്ന പരിതാവസ്ഥയില്‍ ശുഭാപ്തി വിശ്വാസത്തോടെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കുകയില്ലെന്ന് ആര്‍ക്കാണു അറിയാത്തത്. സാഹചര്യം ഇതെല്ലാമാണെങ്കിലും ഇന്ത്യയില്‍ ഒരു നവ പൊതുമണ്ഡലം തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വന്നു എന്നതാണു വിസ്മയകരമായ യാഥാര്‍ഥ്യം. മാത്രമല്ല, കീഴടങ്ങാത്ത ഇച്ഛാശക്തിയും, നിഷ്‌കാമ കര്‍മനിരതയും കഠിനമായ സ്വാതന്ത്ര്യവാഞ്ജയും പ്രകടിപ്പിച്ചു കൊണ്ട് നവമാധ്യമങ്ങളില്‍ ഒരു പുതുതലമുറ പോരാളികള്‍ തന്നെ സത്യത്തിനും നീതിക്കും മതനിരപേക്ഷ ജനാധിപത്യത്തിനും വേണ്ടി ഉയര്‍ന്നു വന്നു. സംഘ്പരിവാര്‍ ഐ.ടി സെല്ലിനെയും ഗോദി മീഡിയയെയും മറികടന്നു ഒരു നവ പൊതുമണ്ഡലത്തിന് തുടക്കം കുറിക്കാനും കഴിഞ്ഞു എന്നത് വിസ്മയകരമാണ്.


കാലത്തോടൊപ്പമെങ്കിലും സഞ്ചരിക്കാന്‍ കഴിയുമ്പോളാണ് വ്യക്തികള്‍ ബുദ്ധിജീവികളുടെ ഗണത്തില്‍ ഉള്‍പ്പെടുക. സാമൂഹികമായ മാറ്റങ്ങളെ സ്തംഭിപ്പിക്കും വിധത്തില്‍ സ്വജനപക്ഷ സങ്കുചിത കോര്‍പ്പറേറ്റ് ഭരണം പുതിയ കാലവുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. ജര്‍മനിയില്‍ ഇതുപോലെ സ്വജനപക്ഷ കോര്‍പ്പറേറ്റിസം ഹിറ്റ്‌ലര്‍ നടപ്പാക്കിയത് ഫ്രാങ്ക്ഫര്‍ട് ചിന്തകനായ ഫ്രെഡെറിക്ക് പൊള്ളോക്ക് പഠന വിധേയമാക്കിയിരുന്നു. സമാന രീതിയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അദാനി-അംബാനി ദ്വന്ദം ആധുനിക മുതലാളിത്തവുമായോ, ക്ഷേമരാഷ്ട്ര സങ്കല്‍പവുമായോ പൊരുത്തപ്പെടുന്നതല്ല. കാരണം, ആധുനിക മുതലാളിത്തം പ്രദാനം ചെയ്യുന്ന മൂലധനത്തിന്റെ മത്സരവും വിനിമയവും സ്വജന പക്ഷ മുതലാളിത്തം റദ്ദ് ചെയ്യുന്നു. അപ്പോള്‍ മുതലാളിത്തം സാധ്യമാക്കുന്ന മത്സരാധിഷ്ഠിത നിക്ഷേപത്തിന്റെ നേട്ടങ്ങള്‍ പോലും അതോടൊപ്പം റദ്ദ് ചെയ്യപ്പെടുന്നു. മുതലാളിത്ത ചൂഷണ വ്യവസ്ഥയില്‍ അന്തര്‍ഭവിച്ച മത്സര സാധ്യത റദ്ദ് ചെയ്യപ്പെടുമ്പോള്‍ ബഹുജനങളുടെ വിലപേശല്‍ ശേഷിയും ക്രയശേഷിയും ഇല്ലാതാവുന്നു. ഇന്ത്യയില്‍ വ്യവസ്ഥാപരമായ ഈ മാറ്റം യാദൃച്ഛികമായി സംഭവിച്ചതല്ല. ക്രമാനുഗതമായി രാജ്യത്തു വളര്‍ത്തിയെടുത്ത പ്രാചീന ബ്രാഹ്മണ മത മേല്‍ക്കോയ്മയാണ് ഇതിലേക്ക് വഴിവെച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജാതിഘടന മാറ്റാനോ, പ്രാന്തങ്ങളെ വികാസത്തിലേക്ക് നയിക്കാനോ ശ്രമിക്കാതെ രാജ്യത്തു നിലനിന്ന ഡീപ്‌സ്റ്റേറ്റ് പ്രവര്‍ത്തിക്കുകയായിരുന്നു.

മനുവാദ പ്രത്യയശാസ്ത്രവും, കൗടില്യശാസ്ത്ര സമ്പദ്ഘടനയും ആധുനിക ഉല്‍പാദന വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്ന കാവിവത്കരണ പദ്ധതികളാണ് കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്തു നടപ്പാക്കി വരുന്നത്. അതിനാല്‍ പില്‍കാല ആധുനികതയും സാമ്പത്തിക മുന്നേറ്റവും ഉണ്ടാക്കിയ സമകാല സാമൂഹിക വ്യവസ്ഥയാണു ലോകവ്യാപകമായും ഇന്ത്യയിലും തീവ്ര വലതു മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയതെന്നും കാണണം. അമേരിക്കയില്‍ ജോലി ചെയ്യുകയും പൗരത്വം പോലും സ്വീകരിച്ച് അവിടെ ജീവിക്കുകയും ചെയ്യുന്ന 4.9 ദശ ലക്ഷത്തോളം ഇന്ത്യക്കാരില്‍ 48 ശതമാനം പേര്‍ 2019 - ല്‍ മോദിയെയും ബി.ജെ.പിയെയും പിന്തുണച്ചവരാണെന്ന് കണക്കുകള്‍ പറയുന്നതു (The Diplomat) കൂടി ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും പെട്ട ഈ ഇന്ത്യന്‍ പ്രവാസികള്‍ പുതിയകാലത്തെ ഇന്ത്യന്‍ സവര്‍ണ-ബ്രാഹ്മണ പ്രതിനിദാനങ്ങളാണ്. അവര്‍ അമേരിക്കയില്‍ മോദിക്ക് സ്വീകരണം നല്‍കുക മാത്രമല്ല, ഇന്ത്യയില്‍ വന്നു മോദിക്ക് വേണ്ടി പൂജ നടത്തിയവരുമാണ്. അതേസമയം അവര്‍ അമേരിക്കയില്‍ സാമൂഹിക ഉദാരവാദം ആവശ്യപ്പെടുന്നവരുമാണ്. അവരുടെ ഗൃഹാതുരത്വം എന്നു പറയുന്നതു പൂര്‍വീകര്‍ കെട്ടിപ്പടുത്ത ജാതിക്കോട്ടകളും യഥാര്‍ഥ ജീവിതമെന്നത് സോഫ്റ്റ്‌വെയറും ജങ്ക്ഫുഡും സമൃദ്ധമായ സമ്പൂര്‍ണ നഗര ജീവിതവും ആണ്. പുതുതലമുറയുടെ പ്രതിനിദാനം കൂടി തിരിച്ചറിയാനും പഠനങ്ങള്‍ ആവശ്യമാണ്.

ഇന്ത്യയില്‍ ഉദാരതയോ ജനാധിപത്യമോ ഇല്ലാതെ മനുവാദ ജീവിത വ്യവസ്ഥ ഭരണകൂടം ആവിഷ്‌കരിക്കുമ്പോള്‍ അതിനെതിരായി ഒരു നവ ധൈഷണിക വിഭാഗം ഉയര്‍ന്നു വരികയാണ്. ഉല്‍പാദന വിതരണ വ്യവസ്ഥ ആവശ്യപ്പെടുന്ന ജൈവ ബുദ്ധിജീവികള്‍ ഉയര്‍ന്നു വരിക സ്വാഭാവികമാണെന്ന ഗ്രാംഷിയുടെ നിരീക്ഷണം ശരിവെച്ചുകൊണ്ടാണ് രാജ്യത്തു നവമാധ്യമങ്ങളും അതിലെ വിദഗ്ധരും ഇപ്പോള്‍ ഉയര്‍ന്നു വന്നത്. നവ മാധ്യമങ്ങള്‍ ജീവന്‍ നല്‍കിയ ഒരു നവപൊതുമണ്ഡലമാണ് (Virtual Public Sphere) വാസ്തവത്തില്‍ ഭരണകൂടത്തിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രവും സാമ്പത്തിക രംഗത്തെ സ്വജന പക്ഷവും തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കിടയിലെത്തിച്ചത്. കെനിയന്‍ ചിന്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായ എന്‍. ഗുങ്ങി (Ngugi) ജനങ്ങളോട് പറഞ്ഞത്, നിങ്ങള്‍ അവരുടെ (ശത്രുക്കളുടെ) ഉല്‍പ്പന്നങ്ങളും അറിവും അവര്‍ക്കെതിരായി ഉപയോഗിച്ച് സ്വാതന്ത്ര്യം നേടുക എന്നായിരുന്നു. തീര്‍ച്ചയായും ചെറുതും വലുതുമായ പല യുടൂബര്‍മാരും വട്‌സ്ആപ്പ് കൂട്ടായ്മകളും ആധുനികോത്തര സാങ്കേതിക വിദ്യയുടെ ഇടം ഉപയോഗിച്ചുകൊണ്ടാണ് ഗോദി മീഡിയയുടെ നുണക്കഥകള്‍ ഒന്നൊന്നായി പൊളിച്ചടുക്കിയത്.

പ്രാദേശിക സ്വത്വവാദത്തിലും അഭിമാനത്തിലും എന്‍.ടി രാമറാവു രൂപീകരിച്ച തെലുങ്കു ദേശം പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവാണ് ചന്ദ്ര ബാബു നായിഡു. ഒരു നികുതി, ഒരു ഭാഷ, ഒരു മതം, ഒരു ദേശം എന്ന ആര്‍.എസ്.എസ് അജണ്ടയുമായി ഒട്ടും പൊരുത്തപ്പെടാത്ത ഈ പ്രാദേശിക പ്രസ്ഥാനവുമായി അധികമൊന്നും ഒത്തുപോകാന്‍ ബി.ജെ.പിക്ക് കഴിയില്ല.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് എത്രമാത്രം ഊര്‍ജം നല്‍കിയോ അതുപോലെയോ അതിനെക്കാളും മുകളിലോ ആയിരുന്നു നവമാധ്യമ ബദലുകളുടെ പ്രവര്‍ത്തനം. അതില്‍ ധ്രുവ് റാഠിയുടെ പേര് പ്രത്യേകം പറയുന്നതു ആ യുവാവ് കടന്നുവന്നപ്പോള്‍ ഉണ്ടാക്കിയ ഊര്‍ജവും ഉണര്‍വും ആര്‍ജവവും ചെറുതല്ലാത്തതിനാലാണ്. ധ്രുവ് റാഠി പ്രക്ഷേപിച്ച വിവരങ്ങള്‍ എന്നതിനെക്കാളുപരി ഗോദി മീഡിയയെ നിര്‍ഭയം മറികടക്കാമെന്ന ഒരു സന്ദേശമാണ് അതിലൂടെ ഹിന്ദി ബെല്‍ട്ടിലുടനീളം യൂടൂബര്‍മാരും ബദല്‍ ചിന്തകരും ഏറ്റെടുത്തത്. ഇവിടെ നമ്മള്‍ തിരിച്ചറിയേണ്ട ഒരു പ്രധാന കാര്യം സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു പുതുതലമുറ രാജ്യത്തുടനീളവും കേരളത്തിലും ഉയര്‍ന്നു വരികയാണെന്ന യാഥാര്‍ഥ്യമാണ്. അവര്‍ ഒരു കാരണവശാലും വെറുപ്പിന്റെ ഇടുങ്ങിയ ഇടങ്ങള്‍ ഇനിയുള്ള കാലം സഹിക്കുകയില്ല.


ഇന്ത്യയുടെ ബഹുസ്വര സ്വഭാവം പ്രകടിപ്പിക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നതെന്ന് കൂടി പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ഓരോ സംസ്ഥാനത്തിന്റെറയും പ്രത്യേകതകള്‍ അനുസരിച്ചാണ് അവിടങ്ങളിലെ ഫലം ഉണ്ടായത്. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പര്‍ട്ടികള്‍ ആണ് വിജയിച്ചത്. മോദിയുടെ മുദ്രാവാക്യങ്ങള്‍ ഒട്ടും സ്വീകരിക്കാത്ത ചന്ദ്രബാബു നായിഡു എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചെങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രാദേശിക വാദമോ, സെക്കുലര്‍ നിലപാടൊ, ബഹുസ്വര ജനാധിപത്യമെന്ന ആശയമോ മോദി പ്രതിനിദാനം ചെയ്യുന്ന ഹിന്ദുത്വ പ്രസ്ഥാനത്തിനു ഒരിക്കലും യോജിക്കാന്‍ കഴിയുന്നതല്ല. പ്രാദേശിക സ്വത്വവാദത്തിലും അഭിമാനത്തിലും എന്‍.ടി രാമറാവു രൂപീകരിച്ച തെലുങ്കു ദേശം പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവാണ് ചന്ദ്രബാബു നായിഡു. ഒരു നികുതി, ഒരു ഭാഷ, ഒരു മതം, ഒരു ദേശം എന്ന ആര്‍.എസ്.എസ് അജണ്ടയുമായി ഒട്ടും പൊരുത്തപ്പെടാത്ത ഈ പ്രാദേശിക പ്രസ്ഥാനവുമായി അധികമൊന്നും ഒത്തുപോകാന്‍ ബി.ജെ.പിക്ക് കഴിയില്ല.

ബീഹാറിലേക്ക് കടന്നാല്‍ അവിടെയും ഒരു ബൃഹത് ആഖ്യാനത്തിന് പിന്തുണയില്ല. അവിടെ നിതീഷ് കുമാര്‍ പ്രതിനിദാനം ചെയ്യുന്നത് പിന്നോക്ക ജാതി വിഭാഗത്തിന്റെ ഉന്നമനമാണ്. സംവരണത്തെ അനുകൂലിക്കാന്‍ കഴിയാത്ത ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന ഭരണത്തിനു ജാതി സെന്‍സസുമായോ, ജാതീയമായി കീഴ്തട്ടില്‍ നില്‍ക്കുന്ന ജനതയെ ഉയര്‍ത്തികൊണ്ടുവരുന്നതിനോ കൂട്ടുനില്‍ക്കാന്‍ കഴിയില്ല. ബംഗാളിലെ തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രാദേശിക പ്രസ്ഥാനങ്ങളെയാണ് പ്രതിനിദാനം ചെയ്യുന്നത്. മാത്രമല്ല, രണ്ടു പ്രസ്ഥാനങ്ങളും അവയുടെ രൂപീകരണ കാലം തൊട്ട് ഉയര്‍ത്തിപ്പിടിക്കുന്നത് ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണമാണ് എന്നതും കാണേണ്ടതാണ്. വാസ്തവത്തില്‍ ജസ്റ്റിസ് സച്ചാര്‍ കമീഷന്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തിയത് 2006 ലാണ്. എന്നാല്‍, യാതൊരു നടപടിയും ഇക്കാര്യത്തില്‍ കേന്ദ്ര ഭരണത്തിനു സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അതേസമയം മുസ്‌ലിംകള്‍ ഇന്ത്യയിലെ സമ്പത്തു മുഴുവന്‍ കൊണ്ടുപോകുമെന്ന ആഖ്യാനം വിളിച്ചുപറയാനും വെറുപ്പിന്റെ കച്ചവടത്തില്‍ നിന്നും ലാഭമുണ്ടാക്കാനുമാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രമിച്ചത്.


വാസ്തവത്തില്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് ഇത്രമാത്രം വിഷം വമിപ്പിച്ച മറ്റൊരു കാലം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പലകാരണങ്ങളാല്‍ നാമമാത്രമായ ഭൂരിപക്ഷം സാങ്കേതികമായി ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം തള്ളിക്കളഞ്ഞെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം വന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവുക. നാനൂറു സീറ്റ് നേടി ഭരണഘടന റദ്ദ് ചെയ്തു ന്യൂനപക്ഷങ്ങളെ പൗരത്വ പദവിയില്‍ നിന്നു ഒഴിവാക്കി ഒരു സമ്പൂര്‍ണ മനുവാദ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം ഏതായാലും 2025-ല്‍ അസാധ്യമാക്കിയ ഇന്ത്യന്‍ ജനതയെ ആവര്‍ത്തിച്ചു അഭിനന്ദിക്കേണ്ടതുണ്ട്. നരേന്ദ്ര മോദി ഉണ്ടാക്കിയ കപട ജനകീയത പൊളിഞ്ഞു വീണെന്ന യാഥാര്‍ഥ്യം കണ്ടാല്‍ മാത്രം പോര, ബദലുകള്‍ വികസിപ്പിച്ചും പ്രത്യയ ശാസ്ത്രപരമായി നിലപാടുകളില്‍ കൃത്യത വരുത്തിയും അടിത്തട്ടില്‍ നിന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഇനിയുള്ള കാലം ശ്രമിക്കേണ്ടതുണ്ട്. മൂന്നാം മോദി ക്ഷീണിതനാണെങ്കിലും ഹിന്ദു രാഷ്ട്ര സങ്കല്‍പവുമായി രാജ്യത്തെ ഏറ്റവും വലിയ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രകാരന്‍മാരുടെ സംഘം പിന്നിലുണ്ടെന്ന വസ്തുത ജനാധിപത്യവാദികള്‍ ഓര്‍ക്കണം. കപട ജനകീയതകള്‍ക്ക് (Fake populism) ഇടം നല്‍കാത്തവിധം ജനാധിപത്യ മതനിരപേക്ഷ ബഹുസ്വര പൊതുമണ്ഡലത്തെ സംവാദാത്മകമായി വികസിപ്പിക്കുകയാണ് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഏക വഴി. ജാതി വരേണ്യതയുടെ മേല്‍ക്കോയ്മ തുറന്നു കാട്ടിയും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വര ജനാധിപത്യവും സാമൂഹികമായ തുല്യതയും അവസര സമത്വവും നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ട് സാമൂഹികവും സാംസ്‌കാരികവുമായ ഇടം സൃഷ്ടിക്കുകയാണ് ഇനി ഏറ്റെടുക്കേണ്ട ദൗത്യം. വൈവിധ്യവും ബഹുത്വവും ആഗോള ജീവിത വ്യവസ്ഥയുടെയും ജൈവീകതയുടെയും അനിവാര്യ ഭാഗമാണെന്നും വിമര്‍ശാത്മക യുക്തിയിലൂടെ സാമൂഹിക അസമത്വങ്ങളും മര്‍ദനങ്ങളും തുറന്നു കാണിക്കുകയും ചെയ്തുകൊണ്ട് മുന്നേറാന്‍ പുതു തലമുറയെ സജ്ജമാക്കിയാല്‍ നമുക്ക് നമുടെ സ്വാതന്ത്ര്യത്തെ തിരിച്ചുപിടിക്കാന്‍ കഴിയും. എല്ലാ സംവാദങ്ങളും ആഖ്യാനങ്ങളും ജനാധിപത്യ ഇന്ത്യ എന്ന ഒറ്റ ലക്ഷ്യത്തിലേക്കും വെറുപ്പിനോട് വിടപറയാനും ഇനിയങ്ങോട്ട് മാറ്റാന്‍ നമുക്ക് കഴിയണം.

TAGS :