Quantcast
MediaOne Logo

ശ്രുതി സി.ആര്‍

Published: 27 July 2024 5:13 AM GMT

ഇ-ഗ്രാന്റ്സ് അട്ടിമറിയും പാര്‍ശ്വവത്കൃത വിദ്യാര്‍ഥികളുടെ പ്രതിസന്ധിയും

പട്ടികജാതി-പട്ടികവര്‍ഗ മറ്റ് അര്‍ഹ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും കൃത്യസമയത്ത് അറിയാതെ പോകുന്നതില്‍ സാമൂഹ്യ പിന്നോക്കാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയും ഏറ്റവും പ്രധാന കാരണങ്ങളാണ്.

ഇ-ഗ്രാന്റ്സ് അട്ടിമറിയും പാര്‍ശ്വവത്കൃത വിദ്യാര്‍ഥികളുടെ പ്രതിസന്ധിയും
X

ആധുനിക കാലത്ത്, പ്രത്യക്ഷത്തില്‍ ജാതി പ്രയോഗിക്കാന്‍ കഴിയാത്തവരാണ് സംവരണ വിരുദ്ധമായി മെറിറ്റ് വാദം ഉന്നയിക്കുന്നത് എന്ന് പ്രൊഫ. ഗോപാല്‍ ഗുരു നിരീക്ഷിക്കുന്നുണ്ട്. സമാനമാണ് കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭാസത്തില്‍ നിന്നുള്ള പുറത്താക്കല്‍. ജാതീയത കൊണ്ട് പുറംതള്ളപ്പെട്ട് പോയ വിഭാഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ അതിജീവനത്തിന് ശ്രമിക്കുമ്പോള്‍ അവരെ ആധുനിക വരേണ്യ വിഭാഗങ്ങള്‍ ഫെല്ലോഷിപ്പ് തടഞ്ഞും, ഇ-ഗ്രാന്റ് നല്‍കാതെയും, ഹോസ്റ്റല്‍ അലവന്‍സ് തടഞ്ഞും സാമൂഹികമായി പുറത്താക്കാന്‍ ശ്രമിക്കുകയാണ്. ജാതീയതയുടെ ആധുനിക രൂപമാണിത്.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് അര്‍ഹ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നല്‍കി വരുന്ന ഫെല്ലോഷിപ്പാണ് ഇ-ഗ്രാന്റ്സ്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പെന്നുമായി രണ്ടാക്കി ഇതിനെ തരംതിരിച്ചിരിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രീമെട്രിക് വിഭാഗത്തിലും ഹയര്‍ സെക്കന്ററി മുതല്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ പോസ്റ്റ് മെട്രിക് വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. ഇവരുടെ ഉന്നമനത്തിനായി പ്രതിമാസം ലഭിക്കേണ്ടുന്ന ഫെല്ലോഷിപ്പ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തടഞ്ഞുവെച്ചും, മറ്റ് വിഭാഗങ്ങളുടെ വികസനത്തിന് വകമാറ്റിയും, ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കിയും കാര്‍ വാങ്ങിയും ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്. 2024 ജൂലായ് മാസം 12ന് പത്രത്തില്‍ വന്ന സി.എ.ജി റിപ്പോര്‍ട്ട് ഇതിനെ സാധൂകരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി നല്‍കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് പൊതുവിദ്യാഭ്യാസവകുപ്പ് കാര്‍ വാങ്ങാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുമായി വകമാറ്റി ചെലവഴിച്ചിരിക്കുന്നത്.

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വകയിരുത്തിയ 43.2 കോടി രൂപയില്‍ 16.18 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം നീക്കിവെച്ച തുകയുടെ 65 ശതമാനം മാത്രമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവാക്കിയത്. 859 കോടി രൂപ വകയിരുത്തിയപ്പോള്‍ ചെലവാക്കിയത് 562 കോടി രൂപ മാത്രമായിരുന്നു.

2017-2022 കാലയളവില്‍ പട്ടികജാതി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഒരു സര്‍വേയും സര്‍ക്കാര്‍ നടത്തിയിട്ടില്ല. 2017-2018 പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ഥികളില്‍ 10 ശതമാനത്തിനും, 2020-2021ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ഥികളില്‍ 12 ശതമാനത്തിനും ലംപ്സം ഗ്രാന്റ് ലഭിച്ചില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലെ 5828 പട്ടികജാതി വിദ്യാര്‍ഥികള്‍ വിദ്യാലയ വികാസ് നിധിയുടെ വര്‍ധിപ്പിച്ച നിരക്കിലേക്കടച്ച 3.60 കോടി രൂപ തിരിച്ച് നല്‍കിയില്ല. ഇ-ഗ്രാന്റ് രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ 23,138 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമായി. ജില്ലകളില്‍ ഇ-ഗ്രാന്റ് വിതരണത്തില്‍ അഞ്ചു വര്‍ഷം വരെയാണ് കാലതമാസം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ ഭരണച്ചെലവുകള്‍ക്കുള്ള ഫണ്ട് കേന്ദ്രത്തില്‍ നിന്നും ക്ലെയിം ചെയ്യാത്തതിനാല്‍ 96.65 ലക്ഷം നഷ്ടമായി. പട്ടികവര്‍ഗക്കാരുടേതില്‍ 15.89 ലക്ഷം രൂപയും ക്ലെയിം ചെയ്തില്ല. ഇതായിരുന്നു റിപ്പോര്‍ട്ടിലെ പ്രസക്തമായ മറ്റു ഭാഗങ്ങള്‍.

ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങുന്നതിനാല്‍ നിരവധി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന്‍ ഫീസും, മറ്റ് ഫീസുകളും ലഭിക്കാത്തതിനാല്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ടി.സി. നല്‍കുന്നില്ല. ഇത് വിദ്യാര്‍ഥികളുടെ തുടര്‍ഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്. പഠനകാലയളവില്‍ കൃത്യസമയത്തു സര്‍ക്കാര്‍ ഫീസ് നല്‍കാത്തതിനാല്‍ പരീക്ഷാഫീസുകള്‍ വിദ്യാര്‍ഥി സ്വന്തം കൈയില്‍ നിന്നും കൊടുക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഗവേഷണ മേഖലയില്‍ കൃത്യമായി ഇ-ഗ്രാന്റ്സ് ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്.

ഗവേഷക വിദ്യാര്‍ഥിയായ എന്നെ സംബന്ധിച്ചിടത്തോളം, 2020 ജനുവരിയില്‍ ഗവേഷണ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ പേരിന് മുന്നില്‍ ഒരു ഡോക്ടറേറ്റ് നേടാന്‍ കഴിയണമെന്ന മോഹം അതിയായിട്ടുണ്ടായിരുന്നു. 2013ലെ ആദ്യ നീറ്റ് പരീക്ഷയില്‍ വിജയം നേടി കഴിഞ്ഞ് ഡോക്ടറാകണമെന്ന കുഞ്ഞിലെ മോഹം സഫലീകരിക്കാന്‍ കഴിയാതെ പോയത് മാതാപിതാക്കള്‍ക്ക് അഡ്മിഷനെ കുറിച്ച് വലിയ ധാരണകളില്ലാതിരുന്നത് കൊണ്ടായിരുന്നു. ഗവേഷണത്തിലേക്ക് കടക്കുന്നത് വഴി മറ്റൊരു രൂപത്തില്‍ ആ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന വിശ്വാസവുമുണ്ടായിരുന്നു. പക്ഷേ, ഗവേഷണത്തിലേക്ക് കയറി ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ് ആദ്യ ഫെല്ലോഷിപ്പ് തുക ലഭിക്കുന്നത് വരെ അനിശ്ചിതത്വത്തിന്റെ കാലയളവ് കൂടിയായിരുന്നു. ഇത് നമുക്ക് പറ്റിയ പണിയല്ലെന്നും സാമ്പത്തികമായി സ്ഥിരത കൈവരിക്കാതെ ഗവേഷണത്തിന് ഇറങ്ങി തിരിക്കരുതെന്നും ഞാന്‍ എന്നോട് തന്നെ പറഞ്ഞ് പഠിപ്പിച്ച നാളുകളാണവ. അതിന് ശേഷം പിന്നീടങ്ങോട്ട് കേരളത്തിലെ ഓരോ ഗവേഷക വിദ്യാര്‍ഥികളുടേയും പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഗതികേടിന്റെ അവസാനമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഗവേഷകരെ സംഘടിപ്പിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തുടങ്ങിവെച്ച 'പയ്ക്കിഞ്ചന' സമരത്തിന്റെ ഭാഗമാകുന്നതും ഇപ്പോള്‍ ഹൈക്കോടതിയില്‍ ഇ-ഗ്രാന്റ്സ് സംബന്ധമായ കേസ് സമാന സുഹൃത്തുക്കളുമൊത്ത് നടത്തിക്കൊണ്ട് പോകുന്നതും.

സര്‍ക്കാര്‍/കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3,500 രൂപയും സ്വകാര്യഹോസ്റ്റലില്‍ താമസിക്കുകയാണെങ്കില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 3,000 രൂപയും, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 1,500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്‌സം ഗ്രാന്റ്‌റ് (ഡിഗ്രി/പ്ലസ് ടു കാര്‍ക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നല്‍കുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

അതിനു മുന്നോടിയായി മനുഷ്യാവകാശ കമീഷന്‍, പട്ടികജാതി കമീഷന്‍ എന്നു തുടങ്ങി കേരള മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നേരിട്ടും അല്ലാതെയും കൂട്ടായ്മയുടെ ഭാഗമായും വ്യക്തിപരമായും പലരും നിവേദനം സമര്‍പ്പിക്കുകയുണ്ടായി. ഇതിലൊന്നും ഇന്നേവരെ ശക്തമായൊരു നടപടി സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിച്ച് കണ്ടില്ല. ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ ഭരണകൂടങ്ങള്‍ മതിയായ ഉദ്യോഗസ്ഥരില്ല, താല്‍ക്കാലിക ജീവനക്കാരാണ് അതുകൊണ്ടാണ് ഫെല്ലോഷിപ്പ് തുകയില്‍ കാലതമാസം നേരിടുന്നതെന്ന് അറിയിച്ചു. പലപ്പോഴും ജില്ലാ ഓഫീസില്‍ എ.ഡി.ഡി.ഒ ലീവിലായിരിക്കും. താല്‍ക്കാലിക ജീവനക്കാര്‍ ഒരു ദിവസം ജോലിക്ക് വന്നാല്‍ പിറ്റേന്ന് വരില്ല. വിരമിക്കാന്‍ പ്രായമായ പല ഉദ്യോഗസ്ഥര്‍ക്കും ടെക്നിക്കല്‍ വശങ്ങളറിയില്ല എന്ന തൊടുഞ്യായം പറഞ്ഞ് ഇ-ഗ്രാന്റ്സ് വിഷയത്തിലേക്ക് തലയിടാന്‍ പോലും വരില്ല. ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത് ടെക്നിക്കല്‍ വശങ്ങളറിയാത്തവര്‍ക്ക് വേണ്ടി പല ക്യാമ്പുകള്‍ നല്‍കിയാലും അനങ്ങാപ്പാറ നയം സ്വീകരിച്ച് അവര്‍ ഇ-ഗ്രാന്റ്സ് വിഷയത്തില്‍ അതെ നയം തന്നെ നടപ്പിലാക്കുമെന്നാണ്. മാറി മാറി വരുന്ന സര്‍ക്കാരിന്റെ കെടുകാരസ്ഥതയും അലംഭാവവും മൂലം കഷ്ടപ്പെടുന്നത് വിദ്യാര്‍ഥി സമൂഹമാണെന്നുള്ള കാര്യം ഉദ്യോഗസ്ഥവൃന്തത്തിന് അറിയേണ്ട കാര്യമില്ലെന്ന നിലപാടിലാണവര്‍.

സര്‍ക്കാര്‍/കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3,500 രൂപയും സ്വകാര്യഹോസ്റ്റലില്‍ താമസിക്കുകയാണെങ്കില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 3,000 രൂപയും, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 1,500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്‌സം ഗ്രാന്റ്‌റ് (ഡിഗ്രി/പ്ലസ് ടു കാര്‍ക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നല്‍കുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

പട്ടികജാതി പട്ടികവര്‍ഗ ഗവേഷകര്‍ക്ക് റെഗുലറായി ചെയ്യേണ്ടുന്ന ഗവേഷണ കാലയളവില്‍ അതാത് മാസങ്ങളില്‍ ഫെല്ലോഷിപ്പ് ലഭിക്കാത്തത് കൊണ്ടാണ് പല ഗവേഷകര്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്തു ഗവേഷണം മുന്നോട്ട് കൊണ്ടുപോകേണ്ട ഗതികേട് ഉണ്ടാകുന്നത്. പ്രതിമാസം ലഭിക്കേണ്ട ഫെല്ലോഷിപ്പ് വര്‍ഷത്തിലൊരിക്കലോ രണ്ട് വര്‍ഷം കൂടുമ്പോള്‍ കിട്ടിയിട്ടോ കാര്യമില്ലല്ലോ? അതിനിടയിലേക്കാണ് ഹോസ്റ്റല്‍ വിഷയങ്ങളും കടന്നു വരുന്നത്. പല സര്‍വകലാശാലകളും ഗവേഷകര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നില്ല എന്നത് നിലനില്‍ക്കാനുള്ള അവസാനത്തെ വഴിയും അടച്ചിടുന്നതിന് തുല്യമാണ്. സൊമാറ്റോ, സ്വിഗി പോലുള്ളവയില്‍ ഡെലിവറി ബോയിയായും, റബ്ബര്‍ ടാപ്പിങ് ചെയ്തും, കൂലിപ്പണിക്ക് പോയും, ട്യൂഷനെടുത്തും, ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തും, ലോട്ടറി വിറ്റും, ഫ്രീലാന്‍സറായും മണിക്കൂറുകളോളം ജോലി ചെയ്യുമ്പോള്‍ മാത്രമേ ജീവിക്കാനുള്ള വക ഇവര്‍ക്ക് തരപ്പെടുന്നുള്ളൂ. അതിനിടക്ക് ഗവേഷണവും അതിന്റെ രീതിശാസ്ത്രവും അതിന്റെ വഴിക്കും, ജീവിതവും ജീവിതത്തിന്റെ രീതിശാസ്ത്രവും മറ്റൊരു വഴിക്കുമായി കഴിഞ്ഞിട്ടുണ്ടാകും.

ഗവേഷണ കാലയളവില്‍ ഗവേഷര്‍ക്ക് എപ്പോഴും ലൈബ്രറികളെ മാത്രം ആശ്രയിക്കാന്‍ കഴിയുകയില്ല. വിഷയാധിഷ്ഠിതമായി ഒട്ടനവധി ഗ്രന്ഥങ്ങള്‍ വാങ്ങേണ്ടി വരികയും ഗവേഷണ സംബന്ധിയായി യാത്ര ചെയ്യേണ്ടി വരാറുമുണ്ട്. പക്ഷെ, ഫെല്ലോഷിപ്പ് സമയത്തിന് കിട്ടാത്തത് കൊണ്ട് ദലിത് ആദിവാസി ഗവേഷകര്‍ക്ക് അതിന് ഒരിക്കലും കഴിയാറില്ല. ഗവേഷകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി എഴുത്തിനിടക്ക് ലാപ്ടോപ്പുകള്‍ പണിമുടക്കുന്നതാണ്. സര്‍ക്കാര്‍ വക ലഭിച്ച ലാപ്ടോപ്പുകള്‍ ബിരുദാനന്തര ബിരുദ കാലയളവില്‍ തന്നെ അവസാന ശ്വാസം വലിച്ചിട്ടുണ്ടാകും. പുതിയൊരു ലാപ്ടോപ് വാങ്ങാനുള്ള പണമോ അല്ലെങ്കില്‍ അത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കേണ്ടിയോ വരും. ഒരിക്കല്‍ ലാപ്‌ടോപ് ലഭിച്ചവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പുതിയ ലാപ്പ്‌ടോപ്പിന് അപേക്ഷിക്കാമെന്ന് ചില ഉദ്യോഗസ്ഥര്‍ വാക്കാല്‍ പറഞ്ഞെങ്കിലും അതിനുള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ പലര്‍ക്കും അപേക്ഷിക്കാന്‍ സാധിച്ചില്ല. അതിനുപുറമെ വര്‍ഷാവര്‍ഷം ലഭിക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിനെ കുറിച്ചുള്ള അറിവും അതെന്ന് അപേക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ ഈ പിന്നോക്കാവസ്ഥ കാരണം അറിയാതെ പോകുന്നു. പട്ടികജാതി-പട്ടികവര്‍ഗ മറ്റ് അര്‍ഹ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും കൃത്യസമയത്ത് അറിയാതെ പോകുന്നതില്‍ സാമൂഹ്യ പിന്നോക്കാവസ്ഥയും സാമ്പത്തിക പിന്നോക്കാവസ്ഥയും ഏറ്റവും പ്രധാന കാരണങ്ങളാണ്.

എപ്പോള്‍ അപേക്ഷിക്കണം? എങ്ങനെ അപേക്ഷിക്കണം?

ഇ-ഗ്രാന്റ്സ് എപ്പോള്‍ അപേക്ഷിക്കണം, എങ്ങനെ അപേക്ഷിക്കണമെന്ന് പലര്‍ക്കും അറിവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെ, വിദ്യാര്‍ഥികള്‍ ആ കോഴ്സ് കഴിയുന്നത് വരെ ചെയ്യേണ്ടത് എന്തൊക്കെ, എന്നതിലും കൃത്യമായ ധാരണകള്‍ കുറവാണ്. ഒരു വിദ്യാര്‍ഥി ഫെല്ലോഷിപ്പ് അപേക്ഷ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്താല്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് അത് വിലയിരുത്തി ഡയറക്ടറേറ്റിലേക്ക് അയക്കണമെന്നാണ്. എന്നാല്‍, പല ജില്ലാ ഓഫീസുകളിലും ഇത് നടക്കുന്നില്ല. വിദ്യാര്‍ഥികള്‍ നല്‍കുന്ന അപേക്ഷ എട്ട് മാസം മുതല്‍ ഒരു വര്‍ഷത്തിന് മുകളില്‍ വരെ അവര്‍ പെന്റിങ്ങായി വെക്കുകയും അവസാനം അപേക്ഷ കാണാതെ പോകുകയും ചെയ്ത കഥ അങ്ങ് കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും വരും.

ഓരോ വര്‍ഷവും പ്രീമെട്രിക് മുതല്‍ പോസ്റ്റ് മെട്രിക് വരെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കൃത്യമായി ഓഡിറ്റ് ചെയ്യുകയും ഫെല്ലോഷിപ്പ് തുക വിതരണത്തില്‍ ഒരു സമിതിയെ നിയമിക്കുകയും, പട്ടികജാതി പട്ടികവര്‍ഗ മറ്റ് അര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടുന്ന ഫണ്ട് മറ്റ് കാര്യങ്ങളിലേക്ക് വിനിയോഗിക്കാതെ ഇരിക്കുകയും ചെയ്താല്‍ ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. അങ്ങനെ ചെയ്താല്‍ ഫണ്ട് തിരിമറി നടക്കില്ലെന്ന് സര്‍ക്കാരിനുമറിയാം.

ഒരു ഗവേഷകന്‍ നല്‍കിയ അപേക്ഷകള്‍ ഒരറിയിപ്പ് പോലും ഇല്ലാതെ സൈറ്റില്‍ നിന്ന് കാണാതാവുകയും പിന്നീട് ആദ്യം മുതല്‍ക്ക് അപേക്ഷിച്ച് വരികയും ചെയ്ത ചരിത്രം മലപ്പുറം ജില്ലയില്‍ നിന്നുമാണുള്ളത്. കൃത്യമായി ഫെല്ലോഷിപ്പ് ലഭിക്കാത്തത് മൂലം എം.ജി. സര്‍വകലാശാലയില്‍ നിന്നും കേരള സര്‍വകലാശാലയില്‍ നിന്നും ഒരോ ഗവേഷകര്‍ തങ്ങളുടെ ഗവേഷണം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.

കൃത്യമായി വിദ്യാര്‍ഥികള്‍ അപേക്ഷിക്കാത്തത് കൊണ്ടാണ് ഫെല്ലോഷിപ്പ് ലഭിക്കാത്തതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിക്കുമ്പോഴും എത്ര മാസം കൊണ്ടാണ് തങ്ങള്‍ ഓരോ വിദ്യാര്‍ഥിക്കും തുകകള്‍ കൈമാറിയത് എന്ന് അവര്‍ വ്യക്തമാക്കില്ല. അവരുടെ കണക്കില്‍ പൈസ കൊടുത്തിട്ടുണ്ട്. പ്രതിമാസം കൊടുക്കേണ്ടത് വര്‍ഷത്തില്‍ കൊടുത്തു എന്നു സവിസ്തരം പറയില്ല. എത്ര വൈകിയാലും സര്‍ക്കാര്‍ ഫെല്ലോഷിപ്പ് നല്‍കാതെ ഇരിക്കില്ലല്ലോ, കുറച്ച് സഹകരിക്കണമെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പറയും. വിദ്യാര്‍ഥികള്‍ക്ക് പണം ലഭിക്കേണ്ട സമയത്ത് കൊടുക്കാതെ വര്‍ഷം ഒന്ന് കഴിഞ്ഞ് കൊടുക്കുക എന്ന സര്‍ക്കാരിന്റെ നിലവിലെ രീതി മാറ്റണം, അതിന് സര്‍ക്കാരും ഉദ്യോഗസ്ഥരും തയ്യാറാകാണം.

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വകയിരുത്തിയ 43.2 കോടി രൂപയില്‍ 16.18 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം നീക്കിവെച്ച തുകയുടെ 65 ശതമാനം മാത്രമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവാക്കിയത്. അതായത് 859 കോടി രൂപ വകയിരുത്തിയപ്പോള്‍ ചെലവാക്കിയത് 562 കോടി രൂപ മാത്രമായിരുന്നു.

ഓരോ വര്‍ഷവും പ്രീമെട്രിക് മുതല്‍ പോസ്റ്റ് മെട്രിക് വരെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കൃത്യമായി ഓഡിറ്റ് ചെയ്യുകയും ഫെല്ലോഷിപ്പ് തുക വിതരണത്തില്‍ ഒരു സമിതിയെ നിയമിക്കുകയും, പട്ടികജാതി പട്ടികവര്‍ഗ മറ്റ് അര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടുന്ന ഫണ്ട് മറ്റ് കാര്യങ്ങളിലേക്ക് വിനിയോഗിക്കാതെ ഇരിക്കുകയും ചെയ്താല്‍ ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. അങ്ങനെ ചെയ്താല്‍ ഫണ്ട് തിരിമറി നടക്കില്ലെന്ന് സര്‍ക്കാരിനുമറിയാം.

ഗവേഷകരുടെ പ്രായമെന്ന കടമ്പ

നിലവില്‍ ഗവേഷകര്‍ക്കുള്ള ഇ-ഗ്രാന്റ്സ് അപേക്ഷിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. ഈയടുത്ത കാലത്താണ് പ്രായപരിധി ഉയര്‍ത്തി ഉത്തരവായത്. പക്ഷേ ആ ഉത്തരവിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയ ചില മനുഷ്യരുണ്ട്. ഏത് പ്രായത്തിലും ഗവേഷണം ചെയ്യാമെന്നിരിക്കെ ഗവേഷണമെന്ന മോഹവുമായി വരുന്ന 40 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമേ ഞങ്ങള്‍ ഫെല്ലോഷിപ്പ് നല്‍കൂ എന്ന ഉത്തരവ് ഈ കാലത്തിന് യോജിച്ചതല്ല. വിധവകള്‍, വിവാഹമോചിതര്‍, ഭിന്നശേഷിക്കാര്‍, എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തില്‍ നിന്നുള്ളവരെയെല്ലാം സര്‍ക്കാര്‍ മറക്കരുതായിരുന്നു എന്നു കൂടി ഓര്‍മിപ്പിക്കുന്നു. അവര്‍ക്കു കൂടി കൈത്താങ്ങാകാന്‍ ഇ-ഗ്രാന്റ്സ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ഇല്ലാതാക്കേണ്ടതായിട്ടുണ്ട്.

എല്ലാം വെബ്‌സൈറ്റിലുണ്ട്; എന്നാല്‍ ചിലതില്ല

ഇ-ഗ്രാന്റ്സ് 3.0 എന്ന വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍, ട്രാക്ക് അപ്ലിക്കേഷന്‍ എന്ന് തുടങ്ങി പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യം വേണ്ട ആ വെബ്സൈറ്റിനെ സുതാര്യമാക്കേണ്ടുന്ന പല കാര്യങ്ങളുമില്ല. വിദ്യാര്‍ഥികള്‍ അല്ലെങ്കില്‍ ഗവേഷകര്‍ എന്നാണ് അപേക്ഷ സമര്‍പ്പിച്ചത്, അവരുടെ അപേക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ആര്, എന്ന് (തിയ്യതി, സമയം ഉള്‍പ്പടെ) ജില്ലാ ഓഫീസിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തു, ജില്ലാ ഓഫീസില്‍ ആദ്യം ആരാണ് ആ ഫയല്‍ പരിഗണിച്ചത്, അതിന്റെ സമയം, തിയതി എന്നിവയും ചേര്‍ക്കേണ്ടത് അനിവാര്യമാണ്. ഓരോ ഉദ്യോഗസ്ഥരും എത്ര കാലമെടുത്താണ് ആ ഫയല്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നത് എന്ന് അറിയാന്‍ അതുവഴി സാധിക്കും. എല്ലാ മാസവും കൃത്യമായി അപേക്ഷകള്‍ നല്‍കുന്നത് വഴി ഡയറക്ടറേറ്റിലേക്ക് അപേക്ഷകള്‍ കാലതാമസമില്ലാതെ എത്താനും ഇതുവഴി സാധിക്കും. കൃത്യമായി അപേക്ഷകള്‍ പരിഗണിക്കാത്തവരെ നിയമാനുസൃതമായി ശിക്ഷിക്കുന്നതിനുള്ള നിയമവും അതുവഴി സാധ്യമാക്കാണം. വെബ്സൈറ്റിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സമയോചിതമായി തീര്‍പ്പാക്കുന്നതിന് കാര്യക്ഷമമായി ഇടപെടേണ്ടത് അത്യാവശ്യമാണ്.

കണ്ടീജന്റ് ഗ്രാന്റ്, ഹോസ്റ്റല്‍ അലവന്‍സ്, ട്യൂഷന്‍ ഫീസ് തുടങ്ങിയവക്ക് പ്രത്യേകം കോളങ്ങള്‍ അപേക്ഷിക്കുന്നതിനായി തരപ്പെടുത്തണം. ഓരോ മൂന്ന് മാസത്തിനുള്ളിലും അപേക്ഷ നല്‍കിയ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഫെല്ലോഷിപ്പ് തുക കൈമാറിയെന്ന് ഉറപ്പ് വരുത്താനും ഇ-ഗ്രാന്റ്സ് ഫെല്ലോഷിപ്പ് നല്‍കുന്നത് കുറ്റമറ്റതാക്കാനും ഒരു കമീഷനെ നിയമിക്കണം. മുമ്പ് പറഞ്ഞത് പോലെ അപേക്ഷകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ പേര്, തസ്തിക എന്നിവ കൂടി സൈറ്റില്‍ ഉള്‍പ്പെടുത്തണം. ലോഗിന്‍ ചെയ്യുമ്പോഴോ ട്രാക്ക് ചെയ്യുമ്പോഴോ ഈ വിവരങ്ങള്‍ അപേക്ഷകന് കാണാന്‍ സാധിക്കുന്ന വിധം സുതാര്യമാക്കണം. പരാതികള്‍ അറിയിക്കാനായി പ്രത്യേകം സാഹചര്യം ഏര്‍പ്പെടുത്തണം. ഈ പരാതികള്‍ എന്ന് പരിഗണിച്ചെന്നും അത് ആര് തീര്‍പ്പാക്കുമെന്നുമുള്ള വിശദ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഇ-ഗ്രാന്റ് അട്ടിമറി നടത്തികൊണ്ടിരിക്കുന്നത്. വാര്‍ഷികവരുമാനം 2.5 ലക്ഷം കൂടിയാല്‍ ഗ്രാന്റുകള്‍ നല്‍കേണ്ടെന്ന ഒരു ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുകയുണ്ടായി. ഇത് തീര്‍ത്തും അനീതിയാണ്. പ്യൂണ്‍ പോലുള്ള ഏറ്റവും താഴ്ന്ന സര്‍ക്കാര്‍ വരുമാനമുള്ള ഒരു കുടുംബത്തിലെ എസ്.സി./എസ്.ടി. വിദ്യാര്‍ഥിക്ക് പോലും ഈ വരുമാന പരിധികൊണ്ട് ഇ-ഗ്രാന്റ് ലഭിക്കുകയില്ല. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒറ്റ തവണയായി വിദ്യാഭ്യാസ അലവന്‍സുകള്‍ കൊടുത്താല്‍ മതിയെന്ന ഒരു ഉത്തരവ് പട്ടികവര്‍ഗവകുപ്പ് ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവാണ് അതാത് മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. അതുകൊണ്ട് അടിയന്തിരമായി പട്ടികജാതി പട്ടികവര്‍ഗക്കാരുടെ വരുമാന പരിധി എടുത്ത് കളയുകയും ഗ്രാന്റ് ഒറ്റത്തവണ നല്‍കിയാല്‍ മതിയെന്ന ഉത്തരവ് റദ്ദ് ചെയ്ത് അതാത് മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യണം. ബഡ്ജറ്റില്‍ കൃത്യമായി തുക വകയിരുത്താറുണ്ടെങ്കിലും അത് കൃത്യമായി ചിലവഴിക്കുന്നില്ല. സാമൂഹികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഗ്രാന്റ് ഉള്‍പ്പെടെ വകമാറ്റി ചിലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ അലവന്‍സുകളും ഹോസ്റ്റല്‍ ഫീസും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളും മറ്റ് അതിപിന്നാക്ക വിഭാഗ വിദ്യാര്‍ഥികളും ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാനും അവര്‍ സാമൂഹികമായും സാമ്പത്തികമായും നേരിട്ടുകൊണ്ടിരിക്കുന്ന പിന്നാക്കവസ്ഥക്ക് പരിഹാരം കാണാനും സാധിക്കൂ.

(കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ജേര്‍ണലിസം ആന്‍ഡ് മീഡിയ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖിക)


C R Shruthi,

TAGS :