Quantcast
MediaOne Logo

സി.എം ശരീഫ്

Published: 22 Sep 2023 3:49 AM GMT

മിലിട്ടറിയും സര്‍ക്കാരും കുടിയിറക്കാന്‍ വെമ്പുന്ന ഉപ്പാലവളപ്പുകാരുടെ ജീവിതം

കണ്ണൂര്‍ കോര്‍പറേഷനിലെ ആയിക്കര ഉപ്പാലവളപ്പിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയെയും അവര്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിയും സംബന്ധിച്ച റിപ്പോര്‍ട്ട്.

ഉപ്പാലവളപ്പ് ഫ്‌ളാറ്റ് പദ്ധതി,
X

കണ്ണൂര്‍ ആയിക്കര ഹാര്‍ബറിന് തൊട്ടടുള്ള പ്രദേശമാണ് ഉപ്പാലവളപ്പ്. മുപ്പതോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി താമസിക്കുന്നവരാണ് അധികവും. എട്ട് കുടുംബങ്ങള്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി പുറമ്പോക്ക് ഭൂമിയിലാണ് താമസം. കോര്‍പറേഷന്‍ താല്‍കാലിക വീട്ടു നമ്പര്‍ ഇട്ടുകൊടുത്തിട്ടുണ്ട്. ഓടും ഷീറ്റും മേഞ്ഞ ഒറ്റമുറി വീടുകളില്‍ (ഷെഡുകള്‍) ആണ് ഉപ്പാലവളപ്പിലെ അധികം കുടുംബങ്ങളും താമസിക്കുന്നത്. ഇലക്ട്രിസിറ്റി ഇല്ലാത്ത വീടുകളും ഉണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ 50-ാം ഡിവിഷനിലാണ് പ്രദേശം ഉള്‍പ്പെടുന്നത്.

മത്സ്യലഭ്യതയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഈ കുടംബങ്ങളുടെ ജീവിതാവസ്ഥയും മാറിയും മറിഞ്ഞും ഇരിക്കും. വീടുകളെല്ലാം തന്നെ ശോചനീയമായ അവസ്ഥയിലാണ്. മേല്‍കൂരയും ചുമരുകളും ഏത് നിമിഷവും തകര്‍ന്നുവീഴുമെന്ന അവസ്ഥയിലാണ്. മഴക്കാലമായാല്‍ സ്ഥിതി ഗുരുതരമാകും. കക്കൂസും കുളിമുറിയും ഇല്ലാത്ത വീടുകളും ഉണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അയല്‍വീടുകളെയോ സമീപത്തെ കുറ്റിക്കാടുകളോ ആണ് ആശ്രയിക്കുന്നത്. മികച്ച ജീവിതാവസ്ഥ സ്വപ്‌നം കാണുന്നവരാണ് ഉപ്പാലവളപ്പുകാരും. തങ്ങളുടെ ശോചനീയമായ ജീവിതാവസ്ഥക്ക് അല്‍പമൊക്ക സ്വന്തമായിതന്നെ പരിഹാരം കാണാന്‍ കഴിയുന്നവരും ഇവര്‍ക്കിടയലുണ്ട്. പക്ഷേ, അതിന് ഡിഫന്‍സുകാര്‍ അനുവദിക്കുന്നില്ല എന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

കന്റോണ്‍മെന്റ് ഏരിയ

ഉപ്പാലവളപ്പ് ഉള്‍പ്പെടുന്ന ആയിക്കരയിലെ ഭൂരിഭാഗ പ്രദേശവും ഡിഫന്‍സിനു കീഴിലുള്ള കന്റോണ്‍മെന്റ് മേഖലയാണ്. സൈന്യത്തിനു കീഴിലുള്ള കേരളത്തിലെതന്നെ ഏക കന്റോണ്‍മെന്റ് പ്രദേശമാണ് ആയിക്കര കന്റോണ്‍മെന്റ്. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശ ഭരണകൂടങ്ങളുടെ സൈനിക ക്യാമ്പായിരുന്നു. സ്വാതന്ത്രാനന്തരം ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസിന്റെ ആസ്ഥാനമായി. 1938 ലാണ് കന്റോണ്‍മെന്റ് ബോര്‍ഡ് നിലവില്‍ വന്നത്. ഓഫീസര്‍ ഇന്‍ കമാന്‍ഡര്‍ ആണ് ബോര്‍ഡിന്റെ ചെയര്‍മാന്‍. എട്ട് അംഗങ്ങളുള്ള കന്റോണ്‍മെന്റ് ബോര്‍ഡില്‍ നാല്‌പേര്‍ പ്രദേശവാസികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ്.

ദുസ്സഹമായ ജീവിതം

ഇരുപത്താറ് വര്‍ഷമായി ഉപ്പാലവളപ്പില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയാണ് റഷീദ്. ആദ്യം താമസിച്ചിരുന്നത് ഓടിട്ട വീട്ടിലായിരുന്നു. പിന്നീട് മിലിട്ടറിക്കാര്‍ വന്ന് പൊളിപ്പിച്ചു. ഇപ്പോള്‍ ഒറ്റമുറി ഷെഡിലാണ് താമസം.

" നേരത്തെ താമസിച്ച ഓടിട്ട വീട് മിലിട്ടറിക്കാര്‍ പൊളിപ്പിച്ചതിനുഷേഷം ഷെഡിലാണ് താമസം. ഉമ്മയും ഉമ്മയുടെ സഹോദരിയും ഇവിടെതന്നെയായിരുന്നു. ഉമ്മ മരിച്ചു. ഉമ്മയുടെ സഹോദരി രോഗിയാണ്. ഭാര്യയും രോഗിയാണ്. വീട് പൊളിച്ചതോടെ ഷെഡില്‍ താമസിക്കാന്‍ പറ്റാതായി. അതുകൊണ്ട് അവരെ വാടക വീട്ടിലേക്ക് മാറ്റേണ്ടിവന്നു. ഷെഡ് ചോരുന്നുണ്ട്, മഴപെയ്യുമ്പോള്‍ അകത്ത് ബക്കറ്റ് വെക്കുകയാണ്. പക്ഷേ, മേലെ ഷീറ്റ് വിരിക്കാന്‍ അനുവദിക്കുന്നില്ല. ഷെഡിന് ചുറ്റും കുറ്റിക്കാടാണ്. അത് വൃത്തിയാക്കോനോ കാട് വെട്ടാനോ പാടില്ല എന്നാണ് അവര്‍ പറയുന്നത്. അയല് കെട്ടാന്‍വേണ്ടി കുറ്റി കുഴിച്ചിട്ടപ്പോള്‍ അതടക്കം എടുപ്പിച്ചു. ഈ സ്ഥിതിയില്‍തന്നെ ഇവിടെ നിന്നാല്‍മതി എന്ന് ഔദാര്യംപോലെയാണ് പറയുന്നത്. കൈവശരേഖയും റേഷന്‍ കാര്‍ഡുമൊക്കെയുണ്ട്. പക്ഷേ, മിലിട്ടറിക്കാര്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ പറയുന്നുണ്ട് " - ഹമീദ് പറയുന്നു.


മിലിട്ടറി ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഈ പ്രദേശങ്ങളിലൂടെ റോന്ത്ചുറ്റും. വീടും പരിസരവുമൊക്കെ വീക്ഷിക്കും. എന്നും കാണുന്നതാണെങ്കിലും തോക്കും ലാത്തിയുമായി വരുന്ന മിലിട്ടറിക്കാരെ കാണുമ്പോള്‍ തന്നെ ഉള്ളിലൊരു ആളലാണെന്ന് ഇവിടത്തെ വീട്ടമ്മമാര്‍ പറയുന്നു. വീടിന് മുന്നിലെ ചളിക്കെട്ടിലൂടെ നടന്നുപോകാന്‍ കല്ലിട്ടാല്‍പോലും അത് അവര്‍ മാറ്റിക്കും എന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. ഉപ്പാലവളപ്പിന്റെ പുറകുവശത്തുകൂടിയാണ് ആയിക്കര മാലിന്യത്തോട് ഒഴുകുന്നത്. അതുകൊണ്ടുതന്നെ ചെറിയ വെള്ളക്കെട്ട് ഉണ്ടായാല്‍പേലും സാംക്രമികരോഗങ്ങളും മറ്റും പിടിപെടാന്‍ സാധ്യതയുണ്ട് എന്നിരിക്കെയാണ് മിലിട്ടറിയുടെ ഇത്തരം ക്രൂരമായ നടപടികള്‍. വസ്ത്രങ്ങള്‍ ഉണക്കാന്‍ സ്വന്തം വീടിന് മുന്നില്‍തന്നെ അഴകെട്ടിയാല്‍ ആവശ്യം കഴിഞ്ഞാല്‍ അഴിച്ചുമാറ്റണം. മഴക്കാലമായതോടെ വീടുകളൊക്കെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. തലശ്ശേരിയില്‍നുന്നുള്ള ഒരു വ്യക്തി നിര്‍ധനരായ കുറച്ച് വീട്ടുകാര്‍ക്ക് ഷീറ്റിട്ടുകൊടുത്തു. പതിനഞ്ചോളം വീട്ടുകാര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ഷീറ്റ് ഇട്ടുകൊടുത്തു. പക്ഷേ, ഷീറ്റ് ഇട്ട തൊട്ടടുത്ത ദിവസം തന്നെ മിലിട്ടറി ഉദ്യോഗസ്ഥര്‍ വന്ന് അത് നീക്കണമെന്ന് ആവശ്യപ്പെട്ടു. കേണപേക്ഷിച്ച് പറഞ്ഞപ്പോള്‍ മഴക്കാലം കഴിയുന്നതുവരെ അങ്ങിനെതന്നെ നിലനിര്‍ത്താന്‍ അനുവദിക്കുകയായിരുന്നു.

ഒറ്റമുറിവീട്ടിലെ കക്കൂസും കുളിമുറിയും

ആലപ്പുഴ സ്വദേശിയായ ബീന വിവാഹം കഴിച്ചു വന്നതാണ് ആയിക്കരയിലേക്ക്. ഭര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് അന്‍പതിനായിരം രൂപകൊടുത്ത് ഒരു ഒറ്റമുറിവീട് വാങ്ങി. അന്ന് കുളിമുറിയും കക്കൂസുമൊന്നും ഉണ്ടായിരുന്നില്ല. ബീന വീട്ടുജോലിക്ക്‌പോയാണ് കുടുംബം കഴിയുന്നത്. രണ്ട് മക്കളാണ് ബീനക്ക്. മൂത്ത മകള്‍ പത്താംക്ലാസ്സില്‍ പഠിക്കുന്നു. മകള്‍ വലുതായതോടെ പ്രാഥമിക കാര്യങ്ങള്‍ക്ക് പുറത്തുവിടാന്‍ പറ്റാതായി. അങ്ങിനെ കുടുംബശ്രീയില്‍നിന്ന് ലോണെടുത്ത് വീടിനോട് ചേര്‍ന്ന് കക്കൂസും കുളിമുറിയും നിര്‍മിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മിലിട്ടറിക്കാര്‍ വന്ന് അത് പൊളിപ്പിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ അടുക്കളയുടെ ഒരുഭാഗത്ത് ക്‌ളോസറ്റ് വെച്ചു. ഇപ്പോള്‍ ഒറ്റമുറിക്കുള്ളില്‍ തന്നെ അടുക്കളയും കക്കൂസും കിടപ്പുമൊക്കെ.


ഒരു വീട്ടില്‍ രണ്ട് അടുക്കള

നബീസയും കുടുംബവും താമസിക്കുന്ന വീട്ടില്‍ രണ്ട് അടുക്കളയാണ്. അഥവാ, രണ്ട് കുടുംബങ്ങളാണ്. വിവാഹിതയായ മകളും കുടുംബവും ആ വീട്ടില്‍തന്നെ വേറെ വീടുപോലെ താമസിക്കുകയാണ്. വീടിനകത്ത് സ്ഥലമില്ലാത്തതിനാല്‍ പാത്രങ്ങളും മറ്റും പുറത്താണ് വെച്ചിരിക്കുന്നത്. ബാത്ത്‌റൂം വാതിലുകളെല്ലാം തകര്‍ന്ന് സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. വളര്‍ന്നുവരുന്ന കൊച്ചുമകളെ ഓര്‍ത്തുള്ള ആധിയോടെ കഴിയുകയാണ് നബീസ.

" ഗതികേട്‌കൊണ്ട് ഇവിടെ നില്‍ക്കുകയാണ്. മൂത്തമകള്‍ വാടകക്ക് പോയി. മകള്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. വീട്ട് ജോലിയെടുത്താണ് കഴിയുന്നത്. എല്ലാവര്‍ക്കും കൂടെ ഇവിടെ കിടക്കാനും കഴിയില്ല. മകന്റെ മോള് വളര്‍ന്നുവരുകയാണ്. അടച്ചുറപ്പില്ലാത്ത വീടാണ്. നാട്ടില്‍നിന്ന് ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പേടിയാണ്. ആരെങ്കിലുമൊക്കെ അന്വേഷിച്ച് വരുമ്പോള്‍ നാണക്കേട് തോന്നും. ആരും ഒന്നിനും ഞങ്ങളെ കൂട്ടാണ്ടായി. ഇങ്ങനെത്തെ സ്ഥലമായതോണ്ടാകും. ഞങ്ങള്‍ ഇങ്ങനെത്തെ ഒരു സ്ഥലത്തായിപ്പോയല്ലോ റബ്ബേ എന്ന് സങ്കടപ്പെടുകതന്നെ " - നിറകണ്ണുകളോടെ നബീസുമ്മ പറഞ്ഞു നിര്‍ത്തി.

ദുരിതക്കയത്തിലായ വൃദ്ധരും രോഗികളും

മുപ്പത്തഞ്ച് വര്‍ഷമായി ഇവിടെ താമസിക്കുന്നു നാസറിന്റെ കുടുംബം. വീടിന് ചോര്‍ച്ചയും വിള്ളലുമുണ്ട്. റിപ്പയര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. ഉമ്മയും സഹോദരനുമാണ് ഇവിടെയുള്ളത്. മൂത്ത രണ്ട് സഹോദരങ്ങള്‍ വാടകക്ക് താമസിക്കുന്നു. ഉമ്മ രോഗിയാണ്. കൈകാലുകള്‍ പൊട്ടിയിട്ടുണ്ട്. പുറത്തേക്കൊന്നും ഇറങ്ങാന്‍ കഴിയില്ല. സഹോദരന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ചികിത്സയൊന്നും കാര്യമായി നടക്കുന്നില്ല. ആയിക്കരയിലുള്ള സി.എച്ച് സെന്ററില്‍നിന്ന് ഭക്ഷണം കൊണ്ടുവന്ന് കൊടുക്കുന്നുണ്ട്. സെന്ററിലെ പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ പരിചരണവും ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളിയാണ് നാസര്‍. പക്ഷേ, ഉമ്മയേയും സഹോദരനേയും പരിചരിക്കേണ്ടതിനാല്‍ സ്ഥിരമായി ജോലിക്ക് പൊകാനും കഴിയുന്നില്ല. ഒട്ടുമിക്ക വീടുകളിലും പ്രായമായവരുണ്ട്. അവര്‍ക്ക് കിട്ടേണ്ട ചികിത്സയും പരിചരണമൊന്നും നല്‍കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നുമില്ല.

സ്വകാര്യത ഇല്ലാത്ത വീട്ടകങ്ങള്‍

" എന്നെ വിവാഹം കഴിച്ചുകൊണ്ടുവന്നതാണ് ഇങ്ങോട്ടേക്ക്. ഒറ്റമുറി വീട്ടിലാണ് എല്ലാവരും. ചെറിയ കുട്ടിയുണ്ട്. ഒരു വീട്ടില്‍ തന്നെ നാലും അഞ്ചും പേരും താമസിക്കുന്ന നിരവധി വീടുകളുണ്ട് ഇവിടെ. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഒരുമിച്ചാണ് കിടക്കുന്നത്. സ്വകാര്യത തീരെയില്ല. അവര്‍ പലതും കണ്ട് വളരേണ്ടിവരുന്നു. വീട് പൊളിച്ച് മുകളിലേക്ക് എടുക്കുകയോ മുറികളുടെ എണ്ണം കൂട്ടുകയോ ചെയ്താല്‍ ആശ്വാസമാകും. പക്ഷേ,, മിലിട്ടറിക്കാര് അനുവദിക്കേണ്ടേ? " - അമര്‍ഷവും സങ്കടവും ഇടകലര്‍ത്തി ഷാദിയ പറയുന്നു.

തമിഴ്‌നാട്ടുകാരായ ചെല്ലമ്മയുടെയും കൊളഞ്ചിയുടെയും കുടുംബങ്ങള്‍ വര്‍ഷങ്ങളായി ആയിക്കരയില്‍ താമസിക്കുന്നു. ചെല്ലമ്മ മുപ്പത് വര്‍ഷമായി ഇവിടെ താമസമാക്കിയിട്ട്. ഭര്‍ത്താവും മകനും മത്സ്യത്തൊഴലാളിയാണ്. കൊളഞ്ചി സുനാമിക്ക് മുന്‍പേ വന്നതാണെന്ന് പറയുന്നു. വോട്ടര്‍ ഐ.ഡിയും ആധാര്‍ കാര്‍ഡുമൊക്കെ ഇവിടത്തെ അഡ്രസ്സില്‍തന്നെയാണ്. രണ്ട് കുടുംബങ്ങള്‍ക്കും ഇപ്പോഴും ബാത്ത്‌റൂമില്ല. വെളിപ്രദേശങ്ങളില്‍ പോയിത്തന്നെയാണ് അവരും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.


എല്ലാ വീടുകളിലും പഠിക്കുന്ന കുട്ടികള്‍ ഉണ്ട്. സ്വസ്ഥമായി വീട്ടിലിരുന്ന് പഠിക്കാനുള്ള അന്തരീക്ഷം അവര്‍ക്കില്ല. മുപ്പതോളം വീട്ടുകാര്‍ക്ക് കുടിവെള്ളത്തിന് ആശ്രയം രണ്ട് പൊതുടാപ്പുകളാണ്. പകല്‍ സമയത്ത് പലപ്പോഴും വെള്ളം ഉണ്ടാവാറില്ല. ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളും ഈ പൊതുടാപ്പിനെ ആശ്രയിക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് കുഴിയെടുത്താല്‍ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റുമുള്ള വെള്ളം ലഭിക്കും. പക്ഷേ, അതിന് മിലിട്ടറിക്കാര്‍ അനുവദിക്കില്ല.

ആഘോഷങ്ങള്‍ക്ക് പോലും വിലക്ക്

" എന്റെ പൂര്‍വികരായിത്തന്നെ ഇവിടെയാണ് താമസം. എനിക്ക് നാല്‍പത്തെട്ട് വയസ്സായി. ഞാന്‍ ജനിച്ചത് ഇവിടെത്തന്നെയാണ്. മുന്‍പ് കാലങ്ങളിലൊന്നും ഷെഡ്ഡ് കെട്ടുന്നതിനോ തൊഴുത്തു കെട്ടുന്നതിനോ മിലിട്ടറിക്കാരുടെ ഒരു ശല്യവുണ്ടായിരുന്നില്ല. ഇപ്പോ എന്തുചെയ്താലും അവര്‍ വന്ന് ഫോട്ടോ എടുത്ത് പോകും. പിന്നെ വന്ന് ഭീഷണിപ്പെടുത്തും. വീട് റിപ്പയിന് വേണ്ടി കോര്‍പറേഷനില്‍ അപേക്ഷകൊടുത്തത് പാസ്സായികിട്ടി. പണി തൊടങ്ങാന്‍ നേരം മിലിട്ടറിക്കാര്‍ വന്ന് നിര്‍ത്തിച്ചു. പുറമ്പോക്കില്‍ താമസിക്കുന്നവരുടെ കാര്യം വലിയ കഷ്ടമാണ്. അവര്‍ക്ക് ആരുടെ സഹായവും കിട്ടുന്നില്ല. ഇവിടത്തെ കുട്ടികള്‍ക്ക് നബിദിന പരിപാടിയൊക്കെ നടത്താന്‍ ആഗ്രഹമുണ്ട്. ഓണാഘോഷ പരിപാടികള്‍ പോലും നടത്താന്‍ പറ്റുന്നില്ല " - കുടുംബശ്രീ സെക്രട്ടറികൂടിയായ സൗജത്ത് പറയുന്നു.

വിഫലമായ ജോയിന്റ് സര്‍വേ

ഹാര്‍ബറിലേക്കുള്ള വഴിപോലും ശരിയാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വീടുകളും ഷെഡുകളുമൊക്കെ അനധികൃത നിര്‍മാണമെന്നാണ് ഡിഫന്‍സിന്റെ വാദം. ഡിഫന്‍സിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ ശക്തമാവുകയും ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ 2015 ല്‍ അന്നത്തെ കണ്ണൂര്‍ ജില്ല കലക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ് വിഷയത്തില്‍ ഇടപെട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ജോയന്റ് സര്‍വേ നടത്താന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഡിഫന്‍സ്, റവന്യൂ, കോര്‍പറേഷന്‍, ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തില്‍ രണ്ട് ദിവസത്തെ സര്‍വേ നടന്നു. അതിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് നല്‍കുകയും ചെയ്തു. പക്ഷേ, ഡിഫന്‍സിന്റെ അവകാശവാദങ്ങള്‍ പൊളിയുമെന്നായതോടെ പ്രതിരോധ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.


നിലച്ചുപോയ ഫ്‌ളാറ്റ് നിര്‍മാണം

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച ഫ്‌ളാറ്റ്/ അപ്പാര്‍ട്‌മെന്റ് പദ്ധതിയില്‍ ഉപ്പാലവളപ്പിനെയും ഉള്‍പ്പെടുത്തിയിരുന്നു. ലൈഫ് മിഷന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഫ്‌ളാറ്റ് നിര്‍മിക്കുന്നതായിരുന്നു പദ്ധതി. കോര്‍പറേഷനു കീഴിലുള്ള 25 സെന്റ് സ്ഥലത്ത് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പദ്ധതിക്ക് തറക്കല്ലിട്ടു. മൂന്ന് നിലകളിലായി 27 വീടുകളുള്ള ഫ്‌ളാറ്റ് നിര്‍മിക്കും എന്നായിരുന്നു ഫിഷറീസ് വകുപ്പ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അത് 16 വീടായി ചുരുക്കുകയായിരുന്നു. അര്‍ഹതയുള്ള 26 കുടുംബങ്ങള്‍ പ്രദേശത്ത് തന്നെയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കരാര്‍ ഏറ്റെടുത്ത് നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ കന്റോണ്‍മെന്റ് അധികൃതരെത്തി തടഞ്ഞു. ഫ്‌ളാറ്റ് നിര്‍മിക്കുന്നത് കോര്‍പറേഷന്റെ സ്ഥലത്താണെങ്കിലും അതിലേക്കുള്ള വഴി തങ്ങളുടേതാണെന്നാണ് മിലിട്ടറി വാദം. ഒപ്പം ഡിഫന്‍സ് ലാന്റിന് നൂറ് മീറ്റര്‍ പരിധിക്ക് പുറത്ത് മാത്രമേ നിര്‍മാണം പാടുള്ളൂ എന്ന കാരണം കാണിച്ച് സ്റ്റോപ്പ് മെമ്മോയും നല്‍കി.

തീരദേശത്തെ നിര്‍മാണത്തിനുള്ള പ്രത്യേക അനുമതിയും കണ്ണൂര്‍ കോട്ടയ്ക്കു സമീപമായതിനാല്‍ പുരാവസ്തു വകുപ്പിന്റെ അനുമതിയുമെല്ലാം ലഭ്യമാക്കിയതിന് ശേഷമായിരുന്നു നിര്‍മാണം ആരംഭിച്ചത്. കന്റോണ്‍മെന്റ് ഭൂമിയില്‍ നിന്നു 10 മീറ്റര്‍ പരിധിക്ക് പുറത്ത് നിര്‍മാണം അനുവദിക്കാമെന്ന് 2016 ഒക്ടോബര്‍ 25ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡിഫന്‍സ് എസ്റ്റേറ്റ്‌സിന്റെ ഉത്തരവു നിലനില്‍ക്കെയായിരുന്നു ഈ നടപടി. കോര്‍പറേഷനും ഫിഷറീസ് വകുപ്പും ആക്ഷേപം ഉന്നയിച്ചെങ്കിലും ഡിഫന്‍സ് അത് ഗൗരവത്തിലെടുത്തില്ല. ആയിക്കരയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കി നിര്‍മാണം പുനരാരംഭിക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രസ്താവന നടത്തിയെങ്കിലും സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ ഡിഫന്‍സില്‍ സമ്മര്‍ദം ചെലുത്തുകയോ മറ്റു നടപടികളിലേക്ക് നീങ്ങുകയോ ഉണ്ടായില്ല.

ഡിഫന്‍സിന്റെ അധീനതയിലുള്ള ഭൂമിയില്‍നിന്ന് നൂറ് മീറ്റര്‍ പരിധിക്ക് പുറത്ത് മാത്രമേ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ എന്ന പുതിയ നിയമമാണ് പ്രതിസന്ധി ഇത്ര രൂക്ഷമാകാന്‍ കാരണമായതെന്നാണ് കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ ഡേപ്യൂട്ടി മേയറും ആയിക്കര ഡിവിഷനിലെ മുന്‍ കൗണ്‍സിലറും മുസ്‌ലിം ലീഗ് നേതാവുമായ സി. സമീര്‍ പറയുന്നത്.

" ഉപ്പാലവളപ്പിലെ വിഷയങ്ങള്‍ പലഘട്ടങ്ങളിലായി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് അതിന് കാരണം. ഈ പ്രശ്‌നം ഉപ്പാലവളപ്പില്‍ മാത്രമല്ല, ആയിക്കര ഡിവിഷനിലെ മറ്റു പ്രദേശങ്ങളിലും അനുഭവിക്കുന്നുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലെ ഏറ്റവും ദുസ്സഹമായ ചേരിയായിട്ടാണ് ഉപ്പാലവളപ്പിനെ കോര്‍പറേഷന്‍ തന്നെ കണ്ടിട്ടുള്ളത്. ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ പ്രതിരോധ മന്ത്രാലയുമായി പലതവണ ബന്ധപ്പെട്ടുവെങ്കിലും പ്രതികൂലമായ സാഹചര്യമണ് ഉള്ളത്. പദ്ധതിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ " - സി. സമീര്‍ പറയുന്നു.

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളിലും ജനപ്രതിനിധികളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് പൊതുപ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ ഇംതിയാസ് പറയുന്നത്.

" ഭൂസമരവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തുകാരുടെ ജീവിതാവസ്ഥ അറിയാന്‍ കഴിഞ്ഞത്. നിരവധി പ്രശ്‌നങ്ങള്‍ ഇവിടത്തെ കുടുംബങ്ങള്‍ നേരിടുന്നുണ്ട്. നിലച്ചുപോയ ഫ്‌ളാറ്റിന്റെ നിര്‍മാണം പുനരാരംഭിക്കാനും തടസ്സങ്ങള്‍ നീക്കാനും ആരുംതന്നെ മുന്നിട്ടിറങ്ങുന്നില്ല. ഈ വിഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അവരെയും കൂട്ടി മേയറെ കണ്ടിരുന്നു, ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കാന്‍ കഴിഞ്ഞു. കണ്ണൂര്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ജോയിന്റ് സര്‍വേ റിപ്പോര്‍ട്ട് വെളിച്ചത്തു കൊണ്ടുവരണം. നിയമ നടപടികളുമായി മുന്നോട്ടുപോവുകയും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്താല്‍ അവസ്ഥയില്‍ മാറ്റമുണ്ടാകും. പക്ഷേ, ആരും അതിന് തയ്യാറാവുന്നില്ല " - ഇംതിയാസ് പറഞ്ഞു.


ഡിഫന്‍സില്‍നിന്നും സര്‍ക്കാരില്‍നിന്നും നേരിടുന്ന കുടിയിറക്ക് ഭീഷണി

വീടും സ്ഥലവും സ്വന്തമാണെങ്കിലും, വര്‍ഷങ്ങളായി താമസിക്കുന്നുണ്ടെങ്കിലും ഉപ്പാലവളപ്പിലെ കുടുംബങ്ങളെല്ലാം തന്നെ ഇന്ന് കുടിയിറക്ക് ഭീഷണിയിലാണ്. ഡിഫന്‍സില്‍നിന്ന് മാത്രമല്ല, സര്‍ക്കാരില്‍നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്നുണ്ട്. പുറമ്പോക്കില്‍ കഴിയുന്ന വീട്ടുകാരോട് രണ്ടുമാസം കഴിഞ്ഞാല്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ഡിഫന്‍സ് ആവശ്യപ്പെട്ടിട്ടുണ്ടന്ന് അവര്‍ പറയുന്നു. പുറമ്പോക്കുകാരെ ഒഴിപ്പിച്ചാല്‍ അടുത്ത ഊഴം തങ്ങളുടേതാകുമെന്ന ആശങ്ക മറ്റുവീട്ടുകാര്‍ക്കുണ്ട്. പത്ത്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രദശത്തുനിന്ന് മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍, ഭൂരിഭാഗം കുടുംബങ്ങളും അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പത്ത് ലക്ഷം പര്യാപ്തമല്ല എന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, ഹാര്‍ബറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളാണ് ഇവരിലധികവും. മറ്റു പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചാലുണ്ടാകുന്ന തൊഴില്‍ ലഭ്യതയുടെ കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്.

എക്കാലത്തും അവഗണന നേരിടുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. ഓരോ വികസന പദ്ധതകിള്‍ വരുമ്പോഴും അവര്‍ അരികിലാക്കപ്പെടുകയോ അതിര്‍ത്തികടത്തപ്പെടുകയോ ചെയ്യുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും സാമൂഹിക സാഹചര്യങ്ങളെയും പരിഗണിക്കാനോ പരിരരക്ഷ നല്‍കാനോ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ വരുന്നത് പുരോഗമന-ജനാധിപത്യ സമൂഹത്തിന് അഭികാമ്യമല്ല.


TAGS :