Quantcast
MediaOne Logo

ബഷീര്‍ തൃപ്പനച്ചി

Published: 8 Oct 2024 6:35 AM GMT

പുതിയ ജില്ലയും വംശീയ മുന്‍വിധികളും

നിലവിലെ ജനസംഖ്യയും ഭൂവിസ്തൃതിയും പരിഗണിച്ചാല്‍ മലപ്പുറത്ത് രണ്ട് പുതിയ ജില്ലകള്‍ക്കെങ്കിലും സാധ്യതയുണ്ട്. എന്നാല്‍ ഉന്നയിക്കുന്ന വിഷയത്തിന്റെ നൈതികതയല്ല ഭരണകൂടം പരിഗണിക്കുന്നത്, വംശീയ മുന്‍വിധികളാണ്.

പുതിയ ജില്ലയും വംശീയ മുന്‍വിധികളും
X

കേരളത്തില്‍ പുതിയ ജില്ല എന്നത് ഒരു പുതിയ ആവശ്യമല്ല. മലപ്പുറത്തും മൂവാറ്റുപുഴയിലും നെയ്യാറ്റിന്‍ കരയിലും പുതിയ ജില്ല രൂപീകരിക്കണം എന്നയാവശ്യമുണ്ട്. പി.വി അന്‍വര്‍ എംഎല്‍എ യുടെ പാര്‍ട്ടി പ്രഖ്യാപനത്തിലും പുതിയ ജില്ല എന്നാവശ്യം ഉയര്‍ത്തിയതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മതരാഷ്ട്രവാദികളുടെ ആവശ്യമാണ് അന്‍വര്‍ ഉയര്‍ത്തുന്നത് എന്നാണ് സിപിഎം പാര്‍ട്ടി സെക്രട്ടറി എം. ഗോവിന്ദന്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. വികസനം മുന്‍നിര്‍ത്തി ഒരാവശ്യം ഉന്നയിക്കുന്നത് പോലും മതരാഷ്ട്രവാദമാക്കി ചിത്രീകരിച്ചാണ് വിഷയം അഭിമുഖീകരിക്കുന്നതില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ രക്ഷപ്പെടുന്നത്.

കേരളത്തിന്റെ വികസന ഭൂപടത്തില്‍ നിന്നും പുറംതള്ളപ്പെട്ട ഭൂപ്രദേശമാണ് മലബാര്‍; വിശേഷിച്ചും മലപ്പുറം ജില്ല. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം, ഗതാഗതം, വ്യവസായം തുടങ്ങിയ മുഴുവന്‍ മേഖലയിലും വിവേചനത്തിന്റെ കണക്കുകളേ മലപ്പുറത്തിന് പങ്കുവെക്കാനുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കേരളത്തോട് ഇന്ന് കാണിച്ചുകൊണ്ടിരിക്കുന്ന വിവേചനം പണ്ടുമുതലേ കേരളസര്‍ക്കാര്‍ അതിന്റെ ബജറ്റില്‍ മലബാറിനോടും മലപ്പുറത്തോടും വെച്ചുപുലര്‍ത്തുന്നതാണ്. വികസനത്തിലെ തെക്കും വടക്കും തമ്മിലുള്ള ഈ ഭീമമായ അന്തരം പരിഹരിക്കുവാന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. അതിനാല്‍ തന്നെ ഓരോ വര്‍ഷം കഴിയുമ്പോഴും വിവേചനത്തിന്റെ ആഴവും പരപ്പും വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.

മലപ്പുറം ജില്ലയിലെ ജനസംഖ്യ 2011-ലെ സെന്‍സസ് അനുസരിച്ച് 41,12,920 ആണ്. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നിരട്ടിയോളം വരുമിത്. മൂന്ന് ജില്ല വരെ രൂപീകരിക്കാനുള്ള ജനസംഖ്യ മലപ്പുറത്തുണ്ടെന്നര്‍ഥം. മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറഞ്ഞ എട്ട് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ത്രിപുര, മേഘാലയ മണിപ്പൂര്‍, നാഗാലാന്റ്, ഗോവ, അരുണാചല്‍, മിസോറാം, സിക്കിം എന്നിവയാണത്.

ഇത്തരമൊരു വികസവിവേചനവും ജനസംഖ്യാനുപാതികമായ വിഭവവിതരണ പ്രതിസന്ധികളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നിരന്തരമായി ഇവിടെ നിന്നും ഉയര്‍ന്നുവരുന്നത്. വ്യത്യസ്ത മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. നിയമസഭയില്‍ അഡ്വക്കേറ്റ് കെ.എന്‍.എ ഖാദര്‍ എംഎല്‍എ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിട്ടുമുണ്ട്. പൊന്നാനി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ജനകീയ കൂട്ടായ്മ 2019 ല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

കേരളത്തില്‍ ജനസംഖ്യയില്‍ ഒന്നാമതും ഭൂവിസ്തൃതിയില്‍ മൂന്നാമതുമുള്ള ജില്ലയാണ് മലപ്പുറം. 2011 ലെ സെന്‍സസ് അനുസരിച്ച് ജില്ലകളുടെ ജനസംഖ്യയുടെ ദേശീയ ശരാശരി 15,43,301 ആണ്. കേരളത്തിലിത് 23,86,157 ആണ്. കേരളം ദേശീയ ശരാശരിക്കൊപ്പമെത്താന്‍ ആറ് പുതിയ ജില്ലകള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ട്. മലപ്പുറം ജില്ലയിലെ ജനസംഖ്യ 2011-ലെ സെന്‍സസ് അനുസരിച്ച് 41,12,920 ആണ്. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നിരട്ടിയോളം വരുമിത്. മൂന്ന് ജില്ല വരെ രൂപീകരിക്കാനുള്ള ജനസംഖ്യ മലപ്പുറത്തുണ്ടെന്നര്‍ഥം. മലപ്പുറം ജില്ലയേക്കാള്‍ ജനസംഖ്യ കുറഞ്ഞ എട്ട് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ത്രിപുര, മേഘാലയ മണിപ്പൂര്‍, നാഗാലാന്റ്, ഗോവ, അരുണാചല്‍, മിസോറാം, സിക്കിം എന്നിവയാണത്.

ജില്ല, താലൂക്ക്, പഞ്ചായത്ത് വില്ലേജ് തുടങ്ങിയ പൊതുഭരണ സംവിധാനങ്ങളുടെ പുനഃക്രമീകരണത്തിന്റെ അടിസ്ഥാനം ജനസംഖ്യയും ഭൂമിശാസ്ത്രവുമാണ് ആവേണ്ടത്. എന്നാല്‍, കേരളത്തിലിത് പലപ്പോഴും രാഷ്ട്രീയ താല്‍പര്യങ്ങളായി മാറുകയാണ്. അതിന്റെ ഇരകള്‍ കൂടിയാണ് മലബാറുകാരാണ്. രാജ്യത്തെ വിഭവവിതരണം നീതിപൂര്‍വകമാവണമെങ്കില്‍ ജനസംഖ്യാനുപാതികമായി ജില്ലകള്‍ പുനഃക്രമീകരിക്കപ്പെടണം. പല കേന്ദ്ര സംസ്ഥാന ഫണ്ടുകളും വികസന ക്ഷേമപദ്ദതികളും ജില്ലാ യടിസ്ഥാനത്തിലാണ് വീതം വെക്കപ്പെടുന്നത്. നാല്‍പത്തൊന്ന് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്തിനും പതിനൊന്ന് ലക്ഷം ജനസംഖ്യയുള്ള ഇടുക്കിക്കും ഒരേ ഫണ്ട് അനുവദിക്കുന്നതിലെ അനീതി ഒന്നോര്‍ത്ത് നോക്കൂ. ഇതിലുള്ള വിവേചനം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. നിലവിലെ ജനസംഖ്യയും ഭൂവിസ്തൃതിയും പരിഗണിച്ചാല്‍ മലപ്പുറത്ത് രണ്ട് പുതിയ ജില്ലകള്‍ക്കെങ്കിലും സാധ്യതയുണ്ട്. എന്നാല്‍ ഉന്നയിക്കുന്ന വിഷയത്തിന്റെ നൈതികതയല്ല ഭരണകൂടം പരിഗണിക്കുന്നത്, വംശീയ മുന്‍വിധികളാണ്.


TAGS :