കായംകുളം താപനിലയത്തിന്റെ ദുരവസ്ഥയും ആണവ നിലയത്തിനുള്ള വാര്‍ത്താ ലോബിയിങും
ആണവ നിലയം പോലുള്ള അപകടകരവും ചെലവേറിയതുമായ ഊര്‍ജോത്പാദന സാങ്കേതിക വിദ്യകളെ കേരളം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് സ്വാഗതം ചെയ്യുന്നവര്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദന-വിതരണ-ഉപഭോഗ മേഖലകള്‍ നേരിടുന്ന യഥാര്‍ഥ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമോ?
'' സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കേരളത്തില്‍ ആണവ നിലയം'' എന്ന തലക്കെട്ടോടെ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്ന് മലയാള മനോരമ ലേഖകന്‍ ഭാരതീയ നാഭികീയ വിദ്യത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) കത്ത് അടക്കം പുറത്തുവിട്ടുകൊണ്ട് ജൂലൈ 29ന് വാര്‍ത്ത നല്‍കുകയുണ്ടായി. 'വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ച ആശയങ്ങളിലാണ് ആണവ നിലയം ഉള്‍പ്പെട്ടിട്ടുള്ളതെന്നും നയപരമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതാണെന്നും' ഉള്ള വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും ഇതോടൊപ്പം ലേഖകന്‍ ചേര്‍ത്തിട്ടുണ്ട്.
ഭാവിനിയുടെ കത്തും മന്ത്രിയുടെ തിരുത്തും മാറ്റി നിര്‍ത്തിയാല്‍ വാര്‍ത്തയില്‍ പിന്നീടുള്ളതെല്ലാം ലേഖകന്റെ മനോധര്‍മം മാത്രമാണെന്ന് കാണാം. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ: ''കൂടങ്കുളത്ത് ആണവ നിലയം സ്ഥാപിച്ചിട്ടുള്ള കമ്പനി രണ്ട് മാസം മുമ്പ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു''. കൂടങ്കുളത്ത് ആണവ നിലയം സ്ഥാപിച്ച കമ്പനികളില്‍ ഒന്ന് Atomstroyexport എന്ന റഷ്യന്‍ സ്ഥാപനവും മറ്റൊന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) ഉം ആണ്.
വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന കത്ത് തയ്യാറാക്കിയ, സര്‍ക്കാര്‍ ചര്‍ച്ച നടത്തി എന്നുപറയുന്ന, സ്ഥാപനം Bharatiya Nabhikiya Vidyut Nigam Limited (BHAVINI) ആണ്. അത് കൂടങ്കുളം ആണവ നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചതിന് ശേഷം മാത്രം ആരംഭിച്ച ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്.
വാര്‍ത്തയില്‍ രണ്ടാമത് പറയുന്ന കാര്യമാണ് പ്രധാനം. ''2030-ഓടെ കേരളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടി വരുമെന്ന കെ.എസ്.ഇ.ബിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി'' KSEB യുടെ ഏത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ലേഖകന്‍ പറയുന്നില്ല. അതവിടെ കിടക്കട്ടെ. കേരളത്തിന്റെ വാര്‍ഷിക വൈദ്യുതി ആവശ്യം എന്താണെന്നത് സംബന്ധിച്ച കണക്കുകളിലേക്ക് ഒന്ന് ചെറുതായി കണ്ണോടിക്കാം.
കേരളത്തിന്റെ വാര്‍ഷിക വൈദ്യുതോര്‍ജാവശ്യം 2024-25 കാലയളവില്‍ 31,999 മില്യണ്‍ യൂണിറ്റ് ആണെന്നും പീക് ഡിമാന്‍ഡ് 5424 മെഗാവാട്ടാണെന്നും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഒരു പ്രൊജക്ഷന്‍ നമ്മുടെ മുന്നിലുണ്ട്. മറ്റൊരു ഡിമാന്റ് പ്രൊജക്ഷന്‍ ഇലക്ട്രിക്കല്‍ പവര്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേതാണ്. അതില്‍പ്പറയുന്നത് 2024-25 കാലയളവിലെ വാര്‍ഷിക ഊര്‍ജ്ജാവശ്യം 30,790 മില്യണ്‍ യൂണിറ്റും പീക് ഡിമാന്റ് 5044 മെഗാവാട്ടും ആണെന്നാണ്.
മനോരമ ലേഖകന്‍ ഉദ്ധരിക്കുന്ന കെ.എസ്.ഇ.ബി റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ പീക് ഡിമാന്റ് ഇരട്ടിയായി മാറുമെന്നാണ്. വാസ്തവത്തില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിലെ വാര്‍ഷിക വളര്‍ച്ച 2% മുതല്‍ 3% വരെ മാത്രമാണ്.
കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2022-27 കാലയളവിലേക്കുള്ള ഊര്‍ജമേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് 2016-17 മുതല്‍ 2021-22 വരെയുള്ള ഊര്‍ജോപഭോഗത്തിലെ Compounded Annual Growth Rate (CAGR) 1.17% മാത്രമാണ്. ലേഖകന്‍ തന്റെ വാര്‍ത്തയില്‍ കേരളത്തിന്റെ ഊര്‍ജാവശ്യം അടുത്ത അഞ്ച് വര്‍ഷത്തിനകം 10,000 മെഗാവാട്ടായി ഉയരുമെന്ന് പറഞ്ഞത് വെറുതെയല്ല. വാര്‍ത്തകള്‍ ലോബിയിംഗിന് ഉപാധിയാക്കി മാറ്റുന്ന സൂത്രപ്പണിയാണത്.
കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്റ്: കേരളത്തിന്റെ സ്വപന പദ്ധതി
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തെ സമസ്ത രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും ചേര്‍ന്ന് നടപ്പാക്കിയ, ''കേരളത്തിന്റെ സ്വപ്ന പദ്ധതി''യെന്ന് വിശേഷിപ്പിക്കപ്പെട്ട, കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്റിനെക്കുറിച്ച് അറിയേണ്ടതുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലയമുടമകള്‍ക്ക് (എന്‍.ടി.പി.സി) കാശുകൊടുക്കുന്ന അത്യപൂര്‍വ പദ്ധതിയെക്കുറിച്ച്. രാജീവ് ഗാന്ധി കംബൈന്‍ഡ് സൈക്ക്ള്‍ പ്ലാന്റ് എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന, നാഷ്ണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കായംകുളം താപനിലയം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്തെ ചൂളത്തെരുവിലാണ്.
മൊത്തത്തില്‍ 350 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള മൂന്ന് നിലയങ്ങളാണ് ഇവിടെയുള്ളത്. 1998 നവംബറില്‍ 115 മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂണിറ്റ് കമീഷന്‍ ചെയ്യപ്പെട്ടു. 115 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ യൂണിറ്റ് 1999 ഫെബ്രുവരിയിലും 120 മെഗാവാട്ട് ശേഷിയുള്ള മൂന്നാം യൂണിറ്റ് 1999 ഡിസംബറിലും പ്രവര്‍ത്തനമാരംഭിച്ചു. നിലയത്തിന്റെ പ്രാഥമിക ഇന്ധനം ഇറക്കുമതി ചെയ്യപ്പെട്ട നവീകരിച്ച നാഫ്തയായിരുന്നു. നാഫ്ത ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ താപനിലയം എന്ന ഖ്യാതി കൂടി കായങ്കുളം പദ്ധതിക്ക് അവകാശപ്പെട്ടതാണ്.
പദ്ധതിയുടെ നിര്‍മാണച്ചെലവ് 1,189 കോടി രൂപ. ലോക ബാങ്ക് കടമായി നിര്‍മാണച്ചെലവ് കണ്ടെത്തി. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പാതിഭാഗം സംസ്ഥാന വൈദ്യുതി ബോര്‍ഡ് വാങ്ങണമെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്ന പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത്. എന്നാല്‍, 2021 മുതല്‍ കായംകുളം പദ്ധതി സമ്പൂര്‍ണ്ണമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നുമാ്ത്രമല്ല, ഇതിന് ഏഴ് വര്‍ഷം മുന്നെ തന്നെ (2014 തൊട്ട്) സംസ്ഥാന വൈദ്യുതി ബോര്‍ഡ് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായോ രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വ്യഗ്രതകൊണ്ടോ അല്ല നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.
പിന്നെ?
കായംകുളത്തുനിന്നും വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപ വരെ നല്‍കേണ്ടി വരുന്നു എന്നതുതന്നെ. സംസ്ഥാനത്തിന് പുറത്തുനിന്ന് യൂണിറ്റിന് അഞ്ച് രൂപ മുതല്‍ ആറു രൂപ വരെ വാങ്ങാമെന്നിരിക്കെ കായംകുളം വൈദ്യുതി സംസ്ഥാന ഖജനാവിന് താങ്ങാവുന്നതായിരുന്നില്ല. കായംകുളം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച നാള്‍തൊട്ട് ഉയര്‍ന്ന വിലയ്ക്കായിരുന്നു സംസ്ഥാനം വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നത്.
വൈദ്യുതി ഉത്പാദിപ്പിച്ചാലും ഇല്ലെങ്കിലും നാഷ്ണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വാര്‍ഷിക സ്ഥിര നിരക്ക് (Annual fixed Rate) എന്ന നിലയില്‍ 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. 2016-ല്‍ ഈ തുക 240 കോടി രൂപയായിരുന്നു. 2020-ല്‍ ഇത് 100 കോടിയായി സ്ഥിരപ്പെടുത്തി. അതായത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, വാങ്ങാത്ത വൈദ്യുതിക്കായി സംസ്ഥാന ഖജനാവില്‍ നിന്ന് സ്ഥിരവിലയെന്ന നിലയില്‍ നാം നല്‍കിയ തുക 1460 കോടി രൂപയാണ്. പദ്ധതിയുടെ മൊത്തം നിര്‍മാണ ചെലവ് 1189 കോടി രൂപയാണെന്ന കാര്യം ഇവിടെ ഒന്നുകൂടി ഓര്‍ക്കുന്നത് നന്ന്.
നമ്മുടെ ഊര്‍ജാസൂത്രണത്തിലെ നൈപുണ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് കായംകുളം താപനിലയങ്ങള്‍ പ്രവര്‍ത്തനരഹിതമായി ഇവിടെ നിലനില്‍ക്കും. വിലയുടെ കാര്യത്തില്‍ അങ്ങേയറ്റം അസ്ഥിരത നിലനില്‍ക്കുന്ന, പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന, ഒരു ഇന്ധന സ്രോതസ്സിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഊര്‍ജോത്പാദന നിലയം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കുമോ?! വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ കാണിച്ച അതേ ആവേശം കായംകുളം പദ്ധതിയുടെ കാര്യത്തില്‍ കാണിക്കുമോ?
ഇല്ല.
എല്ലാവരും പഴയ ശങ്കുപ്പിള്ള ഹെഡ്കോണ്‍സ്റ്റബിളിന്റെ റോളിലേക്ക് വലിയും. തന്റെ സ്റ്റേഷനതിര്‍ത്തിയിലെ പുഴത്തീരത്ത് അണഞ്ഞ അജ്ഞാത ശവം അടുത്ത സ്റ്റേഷന്‍ പരിധിയിലേക്ക് ലാത്തികൊണ്ട് തള്ളിയകറ്റിയ ശങ്കുപ്പിള്ള കോണ്‍സ്റ്റബിളിന്റെ ചാതുര്യമാണ് ഇവിടുത്തെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക്. ന്യായീകരണത്തൊഴിലാളികളുടെ രൂപത്തില്‍ ഇന്ന് ശങ്കുപ്പിള്ള കോണ്‍സ്റ്റബ്ള്‍മാര്‍ എല്ലാ പാര്‍ട്ടികളിലും ഉള്ളതുകൊണ്ടുതന്നെ ഭരണനേതൃത്വങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുമില്ല.
ആണവ നിലയം പോലുള്ള അപകടകരവും ചെലവേറിയതുമായ ഊര്‍ജോത്പാദന സാങ്കേതിക വിദ്യകളെ കേരളം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് സ്വാഗതം ചെയ്യുന്നവര്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദന-വിതരണ-ഉപഭോഗ മേഖലകള്‍ നേരിടുന്ന യഥാര്‍ഥ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമോ?
വൈദ്യുതി ഉത്പാദിപ്പിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലയമുടമകള്‍ക്ക് (എന്‍.ടി.പി.സി) കാശുകൊടുക്കുന്ന അത്യപൂര്‍വ പദ്ധതിയാണ് കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്റ് പദ്ധതി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, വാങ്ങാത്ത വൈദ്യുതിക്കായി സംസ്ഥാന ഖജനാവില്‍ നിന്ന് സ്ഥിരവിലയെന്ന നിലയില്‍ നല്‍കിയ തുക 1460 കോടി രൂപയാണ്. പദ്ധതിയുടെ മൊത്തം നിര്‍മാണ ചെലവ് 1189 കോടി രൂപയാണെന്ന കാര്യം ഇവിടെ ഒന്നുകൂടി ഓര്‍ക്കുന്നത് നന്ന്.