Quantcast
MediaOne Logo

ഡോ. പി.ജെ ജയിംസ്

Published: 21 Sep 2023 4:21 PM GMT

മന്ത്രി രാധാകൃഷ്ണന്‍ നേരിട്ട ജാതിയധിക്ഷേപത്തിന്റെ രാഷ്ട്രീയ പരിസരം

കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസില്‍ നിന്നും പിടിച്ചെടുക്കണമെന്ന ഇ.എം.എസിനെ പോലുള്ളവരുടെ ആഹ്വാനത്തിന്റെ ഫലമായാണ് സി.പി.എം ക്ഷേത്ര ഭരണസമിതികളില്‍ പിടിമുറുക്കുന്നത്. തത്ഫലമായി ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഒട്ടുമിക്ക ക്ഷേത്ര കമ്മിറ്റികളും സി.പി.എം കേഡര്‍മാരാണ് നിയന്ത്രിക്കുന്നത്. ഇവരൊക്കെയും ബ്രാഹ്മണ-സവര്‍ണ മൂല്യങ്ങള്‍ പിന്തുടരുന്നവരും ജാതി ബോധവും വിവേചനവും കൊണ്ടുനടക്കുന്നവരുമാണ്.

മന്ത്രി കെ. രാധാകൃഷ്ണന്‍ നേരിട്ട ജാതിയധിക്ഷേപം
X

2023 ജനുവരി 26 നാണ് പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്സവത്തിന്റെ ഭാഗമായ നടപ്പന്തല്‍ ഉദ്ഘാടന പരിപാടിയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് സനാതനധര്‍മ പ്രകാരമുള്ള അയിത്തത്തിനും അപമാനത്തിനും വിധേയനാകേണ്ടി വന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതും ബോര്‍ഡിനു കീഴിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെ ഉപദേശകരും ക്ഷേത്രക്കമ്മിറ്റിക്കാരും സി.പി.എം കേഡര്‍മാരാണ്. മേല്‍സൂചിപ്പിച്ച നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒരു 'പാര്‍ട്ടി ഗ്രാമ' ത്തിലാണ് താനും. പയ്യന്നൂരിലെ ഒരു പാര്‍ട്ടി ഗ്രാമത്തില്‍ മന്ത്രിയായ തനിക്കെതിരെ നടന്ന ഈ ജാതി അധിക്ഷേപത്തെ സംബന്ധിച്ച് അന്നുതന്നെ മന്ത്രി ഉന്നയിച്ചിരുന്നുവെങ്കിലും, അതൊരു പ്രാദേശിക പ്രശ്‌നം മാത്രമായി ഒതുക്കിത്തീര്‍ക്കാനാണ് സി.പി.എം കേഡര്‍മാര്‍ കൂടിയായ ക്ഷേത്രക്കമ്മിറ്റിക്കാര്‍ ശ്രമിച്ചതെന്നു വേണം കരുതാന്‍. വേണ്ട പരിഗണനയോ ഗൗരവമോ വിഷയത്തിന് ഇവരാരും തന്നെ നല്‍കാതിരുന്നത് രാധാകൃഷ്ണനെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നത് തികച്ചും സ്വാഭാവികം.

കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ വിഷയം മന്ത്രി പരാമര്‍ശിച്ചതോടു കൂടിയാണ് എട്ട് മാസമായി ചര്‍ച്ചയിലില്ലാതിരുന്ന വിഷയം വീണ്ടും പൊതുമദ്ധ്യത്തിലെത്തിയത്. നേരിട്ട അപമാനവും അവഹേളനവും തനിക്കുണ്ടാക്കിയ മാനസിക വ്യഥ കാരണമായിരിക്കണം അദ്ദേഹം വീണ്ടും ഈ വിഷയമുന്നയിച്ചത്. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും കേരളീയ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രി ഞെട്ടിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണൂരിലെ സി.പി.എം നേതൃത്വമൊന്നും ഇതറിഞ്ഞിരുന്നില്ല എന്ന് കരുതാന്‍ കഴിയില്ല.

ആര്‍.എസ്.എസ്/ബി.ജെ.പിയുടെ പ്രത്യയശാസ്ത്രങ്ങളായ സനാതനധര്‍മവും, മനുവാദവുമെല്ലാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍, എങ്ങനെയാണ് അത്തരം പ്രത്യയശാസ്ത്രങ്ങള്‍ രാധാകൃഷ്ണനെപ്പോലുള്ള പട്ടിക ജാതിക്കാരനായ ഒരു സി.പി.എം മന്ത്രിക്കെതിരെ പോലും കേരളത്തില്‍ നിര്‍ബാധം പ്രയോഗിക്കപ്പെടുന്നതെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ നിയമ പ്രകാരം തൊട്ടുകൂടായ്മ ഒരു ക്രിമിനല്‍ കുറ്റകൃത്യമാണ്. ഭരണഘടനാപരമായ പദവി അലങ്കരിക്കുന്ന മന്ത്രിക്കെതിരെ അതു പ്രയോഗിക്കപ്പെടുമ്പോള്‍, സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തക്കതായ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരായിരുന്നുവെങ്കിലും ഗുരുതരമായ പിഴവാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അതോടാപ്പം, ഇടതുമേനി നടിക്കുന്ന 'പാര്‍ട്ടി ഗ്രാമങ്ങള്‍' വ്യാപകമായ കണ്ണൂര്‍ ജില്ലയിലടക്കം ആഴത്തില്‍ വേരോടിക്കഴിഞ്ഞ ഹിന്ദുത്വ പൊതുബോധത്തിലേക്കു കൂടി ഇതു വിരല്‍ചൂണ്ടുന്നു.

കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തിക്കാവിലും പട്ടികജാതിക്കാര്‍ താമസിക്കുന്നിടത്തേക്ക് കോമരം എഴുന്നള്ളത്ത് പോകില്ല. ഇതൊക്കെയും സമ്പൂര്‍ണ പാര്‍ട്ടി ഗ്രാമങ്ങളാണെന്നതാണ് വസ്തുത. അത്തരമൊരു പാര്‍ട്ടി ഗ്രാമത്തിലാണ് സംസ്ഥാനത്തെ സീനിയര്‍ മന്ത്രിമാരിലൊരാളും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ മന്ത്രി രാധാകൃഷ്ണനും ജാതി അധിക്ഷേപം ഏല്‍ക്കേണ്ടി വന്നത്.

കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസില്‍ നിന്നും പിടിച്ചെടുക്കണമെന്ന ഇ.എം.എസിനെ പോലുള്ളവരുടെ ആഹ്വാനത്തിന്റെ ഫലമായാണ് സി.പി.എം ക്ഷേത്ര ഭരണസമിതികളില്‍ പിടിമുറുക്കുന്നത്. തത്ഫലമായി ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഒട്ടുമിക്ക ക്ഷേത്ര കമ്മിറ്റികളും സി.പി.എം കേഡര്‍മാരാണ് നിയന്ത്രിക്കുന്നത്. ഇവരൊക്കെയും ബ്രാഹ്മണ-സവര്‍ണ മൂല്യങ്ങള്‍ പിന്തുടരുന്നവരും ജാതി ബോധവും വിവേചനവും കൊണ്ടുനടക്കുന്നവരുമാണെന്നതിന്റെ വിവരങ്ങള്‍ പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്. കുഞ്ഞിമംഗലം പാലോട്ട്കാവ് ക്ഷേത്ര പറമ്പില്‍ കയറാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നിഷേധിക്കുന്ന ഒരു ബോര്‍ഡ് ഏറെ വിവാദമായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് ബോര്‍ഡ് നീക്കം ചെയ്യപ്പെട്ടത്. അതേപോലെ, മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വാണിയ സമുദായം നടത്തുന്ന കോമരം എഴുന്നള്ളത്ത് തിയ്യ, പുലയ സമുദായക്കാര്‍ താമസിക്കുന്നയിടങ്ങളില്‍ പോകില്ല, ബ്രാഹ്മണ-നമ്പൂതിരി വിഭാഗം താമസിക്കുന്നിടത്തേക്ക് മാത്രമേ പോകൂ. കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തിക്കാവിലും ഇതേപോലെ പട്ടികജാതിക്കാര്‍ താമസിക്കുന്നിടത്തേക്ക് കോമരം എഴുന്നള്ളത്ത് പോകില്ല. ഇതൊക്കെയും സമ്പൂര്‍ണ പാര്‍ട്ടി ഗ്രാമങ്ങളാണെന്നതാണ് വസ്തുത. അത്തരമൊരു പാര്‍ട്ടി ഗ്രാമത്തിലാണ് സംസ്ഥാനത്തെ സീനിയര്‍ മന്ത്രിമാരിലൊരാളും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ മന്ത്രി രാധാകൃഷ്ണനും ജാതി അധിക്ഷേപം ഏല്‍ക്കേണ്ടി വന്നത്. മുമ്പ് ശബരിമല സന്ദര്‍ശന വേളയില്‍ തൊഴുതില്ല എന്ന് പറഞ്ഞും അദ്ദേഹത്തിനെതിരെ സവര്‍ണ പക്ഷത്തുനിന്ന് വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നുവന്നപ്പോഴും പാര്‍ട്ടിയോ ഇടതുബുദ്ധിജീവികളോ കാര്യമായി പ്രതിഷേധിക്കുകയുണ്ടായില്ല.


കഴിഞ്ഞ ദിവസമാണ് തിരുനെല്ലി ക്ഷേത്രത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് മാലയെറിഞ്ഞു കൊടുത്ത് ക്ഷേത്ര പൂജാരി അയിത്താചരണം നടത്തിയത്. ശബരിമലയില്‍ ഉണ്ണിയപ്പ വിതരണത്തിന് ടെന്‍ഡര്‍ പിടിച്ച ദലിതന് മര്‍ദനവും ജാതിയധിക്ഷേപവും ഏല്‍ക്കേണ്ടി വന്നതും നമ്മള്‍ കണ്ടതാണ്. കേരളത്തില്‍ ഇതൊക്കെയും ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഭരിക്കുന്നവര്‍ പറയുന്നത്. ബ്രാഹ്മണ്യത്തിനെതിരായ വലിയ സമര പാരമ്പര്യം അവകാശപ്പെടുമ്പോഴും, വ്യവസ്ഥാപിത ഇടതുപക്ഷത്തിനു കീഴില്‍, ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്ന മനുവാദ, സവര്‍ണ-ബ്രാഹ്മണ മൂല്യങ്ങള്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ആഴത്തില്‍ പ്രയോഗിക്കുന്നതില്‍ സംഘ്പരിവാര്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നുവെന്നു തന്നെയാണ് വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളും ആ ദിശയില്‍ പരുവപ്പെടുത്തപ്പെട്ടിരിക്കുന്നു. സി.പി.എം ബുദ്ധിജീവികളോ, സാംസ്‌കാരിക പ്രവര്‍ത്തകരോ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്നതാണ് വസ്തുത.

തീര്‍ച്ചയായും, ഇന്ത്യയില്‍ ഒരു പ്രദേശത്തും ഉണ്ടായിരുന്നില്ലാത്ത അയിത്തവും ശുദ്ധാശുദ്ധ സങ്കല്‍പങ്ങളും നിമിത്തം ഭ്രാന്താലയമായിരുന്ന കേരളത്തിന്, ഒട്ടേറെ പരിമിതികളോടെയെങ്കിലും നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും അയിത്ത വിരുദ്ധ പോരാട്ടത്തിന്റെയും ഉജ്ജ്വലമായ ചരിത്രമുണ്ട്. കാഴ്ച്ചയില്‍പെട്ടാല്‍ നായര്‍ പ്രമാണിമാര്‍ക്ക് ദലിതനെ കൊല്ലാന്‍ അവകാശം ഉണ്ടായിരുന്നിവിടെ. വര്‍ണാശ്രമധര്‍മവും, തൊട്ടുകൂടായ്മയും അയിത്തവും ഒക്കെ നടപ്പാക്കുന്ന ഏറെ ഭീതിജനകവും അപമാനകരവുമായ ഒരു അന്തരീക്ഷം കേരളത്തില്‍ നിലനിന്നിരുന്നത് നമ്മള്‍ക്കറിയാം. മഹാനായ അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവുമെല്ലാം നയിച്ച മുന്നേറ്റങ്ങളുടെ ഫലമായിട്ടാണ് അത്തരമൊരു അവസ്ഥക്ക് മാറ്റം വരുന്നത്. ആ ധാരയെ പിന്‍പറ്റിയും ഭാഗമായി നിന്നുമാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മര്‍ദിത, തൊഴിലാളി ജനവിഭാഗങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കിയത്.

മണ്ഡല്‍ പ്രക്ഷോഭങ്ങളുടെ കാലഘട്ടം കൂടിയായിരുന്ന അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനോട് ബംഗാളിലെ ജാതി വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം 'ഇവിടെ രണ്ട് ജാതിയെ ഉള്ളൂ, ഒന്ന് സമ്പന്നരും മറ്റൊന്ന് ദരിദ്രരും' എന്നാണ് പറഞ്ഞത്. ജാതിയെന്നൊരു പ്രശ്‌നമേയില്ലെന്നും, വെറുതെ പറഞ്ഞു പരത്തുന്നതാണെന്നും കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞതും, ജ്യോതി ബസുവിന്റെ നിലപാടും സാമ്യമുണ്ടെന്ന് വേണം കരുതാന്‍.

ഇതാകട്ടെ, ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ച കാലത്ത് മനുഷ്യത്വ വിരുദ്ധമായ ജാതിവ്യവസ്ഥയോട് അതെടുത്തുപോന്ന പൊതുനിലപാടിന് അനുസൃതമായിരുന്നു. 1930ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, 'Draft Platform for Action' എന്ന ഒരു രേഖ പുറത്തിറക്കുകയുണ്ടായി. ജാതി ഇല്ലാതായാല്‍ മാത്രമേ ഇന്ത്യയില്‍ ജനാധിപത്യമുണ്ടാവുകയുള്ളൂ എന്നാണ് പ്രസ്തുത രേഖയില്‍ പരാമര്‍ശിച്ചിരുന്നത്. അങ്ങനെയൊരു ജാതി ഉന്മൂലന നിലപാട് അന്ന് കc്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഒരുപക്ഷേ അത്തരമൊരു നിലപാടിന്റെ ഫലമായിട്ടായിരിക്കണം കേരളത്തില്‍ സാമൂഹിക പരിഷ്‌സരണ പ്രസ്ഥാനങ്ങളോടൊപ്പം മുന്നോട്ട് പോകാന്‍ കc്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞത്. 1930 കളില്‍ തന്നെ ഡോ. അംബേദ്കര്‍ മുന്നോട്ടുവെച്ച ജാതി ഉന്മൂലനം ആശയത്തോട് പൂര്‍ണമായും സഹകരിച്ചുകൊണ്ട് തന്നെയായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. പക്ഷെ, നാല്‍പതുകളുടെ തുടക്കത്തോടെ അവസ്ഥയാകെ മാറാന്‍ തുടങ്ങി. അംബേദ്കര്‍ തന്നെ 'Brahmin Boys' എന്ന് വിശേഷിപ്പിക്കുന്ന തരത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ബ്രാഹ്മണ്യത്തിന്റെ പിടിയിലകപ്പെട്ടു. ജാതി കേവലമൊരു ഉപരിഘടനാ പ്രശ്‌നമാണെന്നതടക്കം ജാതിയെ സംബന്ധിച്ച വളരെ യാന്ത്രികമായ സമീപനമായിരുന്നു നാല്‍പതുകള്‍ മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ ഒരു ഉപരിഘടനാ പ്രശ്‌നം മാത്രമായ ജാതിയുടെ വിഷയം പരിഹരിക്കപ്പെടുമെന്ന അങ്ങേയറ്റം തെറ്റായ സമീപനമായിരുന്നു അന്നു പാര്‍ട്ടി സ്വീകരിച്ചിരുന്നത്. 1943 ലും 1948 ലും നടന്ന ഒന്നും രണ്ടും പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ ജാതിയെക്കുറിച്ചൊരു പരാമര്‍ശവുമുണ്ടായില്ല. 1930 കളിലെ ശരിയായ നിലപാടില്‍ നിന്നുള്ള ഈ പിന്നോട്ടുപോക്ക് തിരുത്താന്‍ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പിന്നീട് കഴിഞ്ഞതുമില്ല.


കേരളത്തില്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ എടുത്തുപോന്ന ഈ യാന്ത്രികത മണ്ണില്‍ പണിയെടുത്തു പോന്ന ദലിത് ജനവിഭാഗള്‍ക്ക് ഭൂമിനിഷേധിച്ച ഭൂപരിഷ്‌കരണത്തിലും ഇ.എം.എസിന്റെ സാമ്പത്തിക സംവരണത്തോടുള്ള സവര്‍ണ സമീപനത്തിലും പ്രകടമായി. നരസിംഹ റാവു സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതിനു മുന്നേതന്നെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് 1990 നവംബറില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി പ്രമേയം പാസ്സാക്കുകയുണ്ടായി. മണ്ഡല്‍ പ്രക്ഷോഭങ്ങളുടെ കാലഘട്ടം കൂടിയായിരുന്ന അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനോട് ബംഗാളിലെ ജാതി വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം 'ഇവിടെ രണ്ട് ജാതിയെ ഉള്ളൂ, ഒന്ന് സമ്പന്നരും മറ്റൊന്ന് ദരിദ്രരും' എന്നാണ് പറഞ്ഞത്. ജാതിയെന്നൊരു പ്രശ്‌നമേയില്ലെന്നും, വെറുതെ പറഞ്ഞു പരത്തുന്നതാണെന്നും കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞതും, ജ്യോതി ബസുവിന്റെ നിലപാടും സാമ്യമുണ്ടെന്ന് വേണം കരുതാന്‍. ഇത്തരത്തില്‍ വളരെ തെറ്റായ, യാന്ത്രികമായ രീതിയിലാണ് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ജാതിയോടുള്ള നിലപാട് സ്വീകരിച്ചതും അതിന്റെ ഭാഗമായിട്ടു തന്നെയാണ് കേരളത്തില്‍ ഈയൊരവസ്ഥ സംജാതമായിട്ടുള്ളതും. കേരളത്തിലെ പിണറായി സര്‍ക്കാരാകട്ടെ, മോദി സര്‍ക്കാരിനു പോലും മാതൃകയായി സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പാക്കുന്ന പ്രഥമ സംസ്ഥാനമായി മാറി.

മാര്‍ക്‌സിസ്റ്റ് എന്നവകാശപ്പെടുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം, ജാതി ആധിപത്യം ചെലുത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ 'വര്‍ഗം' എന്ന സംവര്‍ഗം എങ്ങനെ വിലയിരുത്തപ്പെടണം എന്നത് സംബന്ധിച്ച് കേവലം യൂറോകേന്ദ്രിതമായ (Eurocentric) ഒരു സമീപനം മാതമാണുള്ളത്. ഇവിടുത്തെ തൊഴില്‍ വിഭജനം, കൂലി വ്യവസ്ഥ, മിച്ചമൂല്യ സമാഹരണം, സ്വത്തുടമസ്ഥത, രാഷ്ട്രീയാധികാരം ഇവയെല്ലാമായി ഉദ്ഗ്രഥിച്ച സാംസ്‌കാരിക മണ്ഡലം തുടങ്ങിയവയില്‍ ജാതിയുടെ നിര്‍ണായകമായ പങ്കിനെ തിരിച്ചറിയുന്നതു സംബന്ധിച്ച അതീവഗുരുതരമായ പരാജയമാണുണ്ടായതെന്ന് അംഗീകരിക്കാതെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിഞ്ചും മുന്നോട്ടു പോകാനാവില്ല. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനവും മര്‍ദിത ജനകോടികളുടെ ജാതിവിരുദ്ധ പ്രസ്ഥാനവും ഐക്യപ്പെടുന്നതിനു പകരം വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിക്കുന്നതിലേക്കാണ് ഇതു വഴിവെച്ചത്.

തെരുവിലും സ്റ്റേറ്റിലും സര്‍വ വിനാശകാരികളായി മുന്നേറുന്ന ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രങ്ങളുടെ നടത്തിപ്പുകാരായി ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ മാറുന്ന പ്രതിലോമ സാഹചര്യമാണ് കേരളത്തിലിന്നുള്ളത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളും മര്‍ദിതന്യൂനപക്ഷവും അടിച്ചമര്‍ത്തപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും സ്ത്രീകളുമെല്ലാം അത് തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടു വരേണ്ട അടിയന്തര സന്ദര്‍ഭമാണിത്.

ചുരുക്കത്തില്‍, ഇന്ത്യയുടെ ജനാധിപത്യവത്കരണത്തില്‍ ഏറ്റവും നിര്‍ണായക വിഷയങ്ങളിലൊന്നായ ജാതിയെ അവഗണിക്കുകയും അപ്രധാനമായി കാണുകയും ചെയ്യുന്ന സി.പി.എം നേതൃത്വത്തിന്റെ സവര്‍ണാഭിമുഖ്യമാണ്, സി.പി.എം കോട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരില്‍ മന്ത്രി രാധാകൃഷ്ണന്‍ ജാതീയ അവഹേളനത്തിനു വിധേയമാകുന്നതിലേക്ക് എത്തിച്ചത്. ഭരണവര്‍ഗ രാഷ്ട്രീയത്തിലേക്ക് ജീര്‍ണ്ണിച്ച്, കോര്‍പ്പറേറ്റ് പാദസേവ ലക്ഷ്യമാക്കിയിട്ടുള്ള, അരാഷ്ടീയവത്കരണവും പ്രത്യയശാസ്ത്ര നിരാസവും ബാധിച്ചു കഴിഞ്ഞ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈയവസ്ഥയില്‍ നിന്നു പുറത്തു കടക്കാനാവില്ല. കേരളത്തില്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന ജാതി ഭീകരതയുടെ ഫലമെന്നോണം ദുരഭിമാനക്കൊലകള്‍ വരെ സാധാരണമായിക്കൊണ്ടിരിക്കുന്നു. പുറമെ കാണുന്ന മധ്യവര്‍ഗ മാന്യതക്കുള്ളില്‍ ജീര്‍ണ്ണിച്ച ജാതിബോധം വ്യാപകമാണ്. അതേസമയം, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഭരണകര്‍ത്താക്കള്‍ സനാതനധര്‍മത്തിനും ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടെടുക്കുമ്പോള്‍, ഇവിടെ ഭരിക്കുന്നവര്‍ അതിന്റെയൊക്കെ മാപ്പുസാക്ഷികളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത.


ഭരണഘടനയെപ്പോലും മാറ്റിയെഴുതി, മുസ്‌ലിം ജനവിഭാഗത്തിന് പൗരത്വം നിഷേധിച്ച്, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മനുഷ്യ പരിഗണന പോലും നല്‍കാത്ത ഒരു വ്യവസ്ഥയിലേക്ക് പോവുകയാണ് നമ്മുടെ രാജ്യം. കേരളത്തില്‍ മന്ത്രി രാധാകൃഷ്ണന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാരംഭിച്ചപ്പോഴും ഉദ്ഘാടനം നടന്നപ്പോഴും, ആദ്യ സമ്മേളനം നടന്നപ്പോഴും രാജ്യത്തിന്റെ രാഷ്ട്രപതി, പ്രഥമ പൗരയുടെ സാന്നിദ്ധ്യം പോലും അസാദ്ധ്യമാക്കുന്ന മനുവാദമാണ് ആധിപത്യത്തിലുള്ളത്. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും, കഴിഞ്ഞ കാലങ്ങളില്‍ നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും റദ്ദ് ചെയ്യുന്ന തരത്തിലുള്ള പല പ്രവണതകളും നാമിന്ന് കാണുന്നത്. ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടന പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന വേളയില്‍, മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയാക്കണമെന്നു വാദിച്ച പിന്തിരിപ്പന്‍, ഫാസിസ്റ്റ് ശക്തികള്‍ നമ്മുടെ സൂക്ഷ്മ-സ്ഥൂല മണ്ഡലങ്ങളെല്ലാം കയ്യേറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ ഇവിടുത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളും മര്‍ദിത മതന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും സ്ത്രീകളും എല്ലാം ഐക്യപ്പെടുന്ന വിപുലമായൊരു മുന്നേറ്റം കെട്ടിപ്പടുക്കാതെ ഈ പ്രതിലോമാവസ്ഥയെ മറികടക്കുവാന്‍ സാധ്യമല്ല. നാല്‍പതുകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചതില്‍നിന്നു വ്യത്യസ്തമായി, മര്‍ദിതജനങ്ങളുടെ പ്രസ്ഥാനവും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും ഐക്യപ്പെട്ടു മുന്നേറുന്ന വിപുലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായി അതു മാറിത്തീരേണ്ടതുണ്ട്. തെരുവിലും സ്റ്റേറ്റിലും സര്‍വ വിനാശകാരികളായി മുന്നേറുന്ന ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രങ്ങളുടെ നടത്തിപ്പുകാരായി ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ മാറുന്ന പ്രതിലോമ സാഹചര്യമാണ് കേരളത്തിലിന്നുള്ളത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളും മര്‍ദിതന്യൂനപക്ഷവും അടിച്ചമര്‍ത്തപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും സ്ത്രീകളുമെല്ലാം അത് തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടു വരേണ്ട അടിയന്തര സന്ദര്‍ഭമാണിത്.

TAGS :