Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 7 July 2024 6:04 PM GMT

ലേബര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ്: ബ്രിട്ടന് മാറ്റം അനിവാര്യമാക്കുന്നു

ലേബര്‍ പാര്‍ട്ടിയുടെ മുന്‍ഗണകള്‍ എന്താകുമെന്നാണ് രാഷ്ടീയ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കുടിയേറ്റത്തിനു അനുഗുണമായ സമീപനമുള്ള സ്റ്റാമറുടെ മുന്‍ഗണന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത കൈവരിക്കലും ബ്രിട്ടനിലേക്കുള്ള നിക്ഷേപ സാധ്യതകളെ എളുപ്പമാക്കുകയും ആസൂത്രണ സമ്പ്രദായത്തിലുള്ള ഇടപെടലുമായിരിക്കും.

ലേബര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ്: ബ്രിട്ടന് മാറ്റം അനിവാര്യമാക്കുന്നു
X

ബ്രിട്ടീഷ് രാഷ്ട്രീയം മാറിമറിയുകയാണ്. മാറ്റത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള താല്‍പര്യവും ജനങ്ങളെ മാറി ചിന്തിപ്പിച്ചിരിക്കുന്നു. ഒരു വ്യാഴവട്ടക്കാലവും രണ്ട് വര്‍ഷവുമെടുത്ത് ലേബര്‍ പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തിലെത്തിയിരിക്കുന്നു. 650 ല്‍ 412 സീറ്റുകള്‍ തൂത്തുവാരിയാണ് ലേബര്‍ പാര്‍ട്ടിയുടെ വരവ്. ഭരണകക്ഷിയായ ഋഷി സുനകിന്റെ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് സ്വാവാഭാവികം മാത്രം. 121 സീറ്റുകളിലേക്കാണ് ലേബര്‍ പാര്‍ട്ടി അവരെ കൂപ്പ്കുത്തിച്ചത്. ബ്രെക്‌സിറ്റാനന്തര ബ്രിട്ടണില്‍ ടോറികളുടെ അധികാര നൈരന്തര്യത്തെയാണ് ലേബര്‍ പാര്‍ട്ടി നിലംപരിശാക്കിയത്. സര്‍ കെയര്‍ റൊഡ്‌നി സ്റ്റാമര്‍ ആണ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പ്രധാനമന്ത്രി കസേരയിലെത്തിയ ലേബര്‍ പാര്‍ട്ടി അധ്യക്ഷനും 2020 മുതല്‍ പ്രതിപക്ഷത്തെ നയിക്കുന്ന അഭിഭാഷകന്‍ കൂടിയായ രാഷ്ടീയ പോരാളിയാണ് സ്റ്റാമര്‍. ഇനി ദേശീയ പുനരുദ്ധാരണത്തിന്റെ നാളുകള്‍ ആയിരിക്കുമെന്നും മാറ്റത്തിനുള്ള നാന്ദി കുറിക്കാന്‍ സമയമായെന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ബ്രിട്ടീഷ് സ്വപനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

വിവിധങ്ങളായ രാഷ്ടീയ അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോകുന്ന ബ്രിട്ടനു സ്റ്റാമറെ പൊലുള്ള കൗശലനായ ഒരു പോരാളിയേയാണ് വേണ്ടതെന്ന് ജനത തീരുമാനിക്കുകയായിരുന്നു. 2010 ല്‍ ഗോള്‍ഡന്‍ ബ്രൗണിനു ശേഷം ആദ്യത്തെ ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിയാണ് സ്റ്റാമര്‍. ടോണി ബ്ലയറിനൊടാണ് സ്റ്റാമറിനെ തുലനം ചെയ്യാറുള്ളത്. ലേബര്‍ പാര്‍ട്ടിയെ രാഷ്ടീയ കേന്ദ്രീകൃതമാക്കിയ സ്റ്റാമര്‍ പാര്‍ട്ടിക്കുള്ളിലെ ജൂത വിരുദ്ധത ഇല്ലാതാക്കാനുള്ള പദ്ധതിക്കും ഊന്നല്‍ നല്‍കിയിരുന്നു.

കെയര്‍ റൊഡ്‌നി സ്റ്റാമര്‍

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ സര്‍ കെയര്‍ റൊഡ്‌നി സ്റ്റാമര്‍ സമര്‍ഥനായ രാജ്യതന്ത്രജ്ഞനും കഴിവും പരിചയവുമുള്ള രാഷ്ടീയ നേതാവും കൂടിയാണ്. ചെറുപ്പം മുതല്‍ രാഷ്ടീയത്തില്‍ തല്‍പ്പരനായിരുന്ന സ്റ്റാമര്‍ നിയമം പഠിക്കുകയും മനുഷ്യാവകാശത്തില്‍ പ്രത്യേക പഠനം നടത്തുകയും മനുഷ്യാവകാശ ഉപദേശകനായി ഏറെകാലം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ന്യായാധിപനായ അദ്ദേഹം 2008 മുതല്‍ പബ്‌ളിക് പ്രോസിക്യൂഷന്‍സ് ഡയറക്ടറായിരുന്നു. 2015-ല്‍ ഹൊള്‍ബോണ്‍, സെന്റ് പാന്‍ഗ്രാസ് എന്നിവിടങ്ങളില്‍ നിന്നും പാര്‍ലമെന്റ് മെമ്പറായി ജയിച്ച സ്റ്റാമര്‍ പുരോഗമന ചിന്താഗതിക്കാരനായ സമാജ്‌വാദിയാണ്. വടക്കന്‍ അയര്‍ലണ്ടിലെ നയചാതുര്യമാര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് സ്റ്റാമറിനെ സജീവ രാഷ്ടീയത്തിലേക്ക് വീണ്ടും അടുപ്പിച്ചത്. അവിടന്നങ്ങോട്ട് അദ്ദേഹത്തിന്റെ രാഷട്രീയ വളര്‍ച്ച ത്വരിതഗതിയിലായി. 2015 ല്‍ കുടിയേറ്റ വകുപ്പില്‍ കാവല്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് യൂറോപ്യന്‍ യൂണിയന്റെ താല്‍കാലിക സ്റ്റേറ്റ് സെക്രട്ടറിയായും ചുമതലയേറ്റു. 2019 ല്‍ ജെറമി കോര്‍ബിന്റെ കീഴില്‍ പരാജയപ്പെട്ട ഒരു പാര്‍ട്ടിയുടെ നിയന്ത്രണം കെയര്‍ സ്റ്റാമര്‍ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ലഫ്റ്റനന്റുമാരും ഇടതുപക്ഷത്തില്‍ പിടിമുറുക്കുകയായിരുന്നു. 2023-ല്‍ സാമ്പത്തിക വളര്‍ച്ച ആരോഗ്യം, ഊര്‍ജ്ജകാര്യം, കുറ്റകൃത്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ കേന്ദ്രീകരിച്ച് ഋഷി സര്‍ക്കാരിനു വേണ്ടി നടത്തിയ അഞ്ച് ദൗത്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിവിധങ്ങളായ രാഷ്ടീയ അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോകുന്ന ബ്രിട്ടനു സ്റ്റാമറെ പൊലുള്ള കൗശലനായ ഒരു പോരാളിയേയാണ് വേണ്ടതെന്ന് ജനത തീരുമാനിക്കുകയായിരുന്നു. 2010 ല്‍ ഗോള്‍ഡന്‍ ബ്രൗണിനു ശേഷം ആദ്യത്തെ ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിയാണ് സ്റ്റാമര്‍. ടോണി ബ്ലയറിനൊടാണ് സ്റ്റാമറിനെ തുലനം ചെയ്യാറുള്ളത്. ലേബര്‍ പാര്‍ട്ടിയെ രാഷ്ടീയ കേന്ദ്രീകൃതമാക്കിയ സ്റ്റാമര്‍ പാര്‍ട്ടിക്കുള്ളിലെ ജൂത വിരുദ്ധത ഇല്ലാതാക്കാനുള്ള പദ്ധതിക്കും ഊന്നല്‍ നല്‍കിയിരുന്നു.

തിളക്കമേറെയുള്ള വിജയവും കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയവും

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കോര്‍പ്പറേറ്റ് വഴിത്തിരിവുകളില്‍ ഒന്നായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ സ്റ്റാമറിന്റെ വിജയത്തിനും തിളക്കമേറെയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും പരിവര്‍ത്തനാത്മകമായ രണ്ട് പ്രധാനമന്ത്രിമാരായ ക്ലെമന്റ് ആറ്റ്‌ലി, മാര്‍ഗരറ്റ് താച്ചര്‍ എന്നിവരേക്കാള്‍ വലുതുമാണ് സ്റ്റാമറിന്റെ വിജയം. ടോണി ബ്ലയറിനു ശേഷമുള്ള ഏറ്റവും വലിയ ജനവിധിയെയാണ് ലേബര്‍ പാര്‍ട്ടി അതിജീവിച്ചത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു വലിയ ജനവിധി വേണമെന്നായിരുന്നു കെയര്‍ സ്റ്റാമര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. ജനത അക്ഷരം പ്രതി അതേറ്റെടുക്കുകയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വിളിച്ചറിയിക്കുന്നത്.


എന്നാല്‍, രാഷ്ടീയ ലോകം പ്രതീക്ഷിച്ച പോലെ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു രാഷ്ട്രീയ തകര്‍ച്ച കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 121 സീറ്റിലേക്ക് ചുരുങ്ങിയ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പോലും പരാജയപ്പെട്ടു. 1906 ലെ 156 സീറ്റുകളുടെ എക്കാലത്തെയും മോശം പ്രകടനത്തെക്കാള്‍ കൂടുതലാണിത്. സുനക് മന്ത്രിസഭയിലെ 11 പേര്‍ക്ക് അവരുടെ സീറ്റുകള്‍ നഷ്ടപ്പെട്ടു - അവരില്‍ ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്ക്; ഗ്രാന്റ് ഷാപ്‌സ്, പ്രതിരോധ സെക്രട്ടറി; കോമണ്‍സ് നേതാവും ഋഷി സുനക്കിന്റെ പിന്‍ഗാമിയുമായ പെന്നി മോര്‍ ഡൗണ്ടുമുണ്ട്. ടോറികളുടെ സാമ്പത്തിക ശേഷിയുടെ പ്രശസ്തി നശിപ്പിച്ച പ്രധാനമന്ത്രി ലിസ് ട്രസ്, അപമാനകരമായി പുറത്താക്കപ്പെട്ടു. ഭരണകൂടത്തെ കൃത്യമായി നയിക്കുന്നതില്‍ ഋഷി സുനക് അമ്പേ പരാചയപ്പെട്ടിരുന്നുവെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള വിലയിരുത്തലുകള്‍. പെന്‍ഷന്‍കാര്‍ക്ക് നികുതിയിളവും യുവാക്കള്‍ക്ക് ദേശീയ സേവനവും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയില്‍ വലിയ വ്യത്യാസമൊന്നും വരുത്തിയില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സുനക് പ്രഖ്യാപിച്ചു. 14 വര്‍ഷത്തിനിടെ അഞ്ചാമത്തെ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിയായ തന്റെ നാല് മുന്‍ഗാമികളും പാര്‍ട്ടിക്കും രാജ്യത്തിനും വരുത്തിയ ദോഷത്തെ കൃത്യമായി അഡ്രസ് ചെയ്യുന്നതില്‍ അതീവമായി പരാജയപ്പെടുകയായിരുന്നു ഋഷി സുനക്. കൂടുതല്‍ അസംബന്ധമായ നികുതി കോഴകളും ദുര്‍ബലമായ നേതൃത്വത്തെച്ചൊല്ലിയുള്ള ആഭ്യന്തര കലഹങ്ങളുമല്ലാതെ തന്റെ പാര്‍ട്ടിക്ക് മറ്റൊന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പോലെയായിരുന്നു സുനക് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.

ലേബര്‍ പാര്‍ട്ടിയുടെ മുന്‍ഗണനകള്‍

ലേബര്‍ പാര്‍ട്ടിയുടെ മുന്‍ഗണകള്‍ എന്താകുമെന്നാണ് രാഷ്ടീയ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കുടിയേറ്റത്തിനു അനുഗുണമായ സമീപനമുള്ള സ്റ്റാമറുടെ മുന്‍ഗണന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത കൈവരിക്കലും ബ്രിട്ടനിലേക്കുള്ള നിക്ഷേപ സാധ്യതകളെ എളുപ്പമാക്കുകയും ആസൂത്രണ സമ്പ്രദായത്തിലുള്ള ഇടപെടലുമായിരിക്കും. കോര്‍പ്പറേറ്റുകള്‍ സാധാരണക്കാരെ മുതലെടുക്കുന്നതിനെ ലേബര്‍ പാര്‍ട്ടി ഭരണകൂടം നിയന്ത്രിക്കുമെന്ന സൂചനകളുണ്ട്. കൂടുതല്‍ സാമ്പത്തിക വിദഗ്ധരുള്ള പാര്‍ട്ടിക്ക് ഇത് അനായാസമാകുമെന്ന് വിലയിരുത്തുന്നു. സ്വകാര്യ നിക്ഷേപത്താല്‍ ഉത്തേജിതമായ ബ്രിട്ടനെ വീണ്ടും വ്യവസായവത്കരിക്കാനുള്ള വലിയ താല്‍പര്യവും പാര്‍ട്ടിക്കുണ്ട്; പുതിയ സാങ്കേതികവിദ്യയും പ്രതിരോധ ചികിത്സയും ഉപയോഗിച്ച് തകര്‍ന്ന ദേശീയ ആരോഗ്യ സേവന പദ്ധതി പുനര്‍നിര്‍മിക്കുക; കെട്ടിക്കിക്കുന്ന കേസുകള്‍ നിറഞ്ഞ കോടതികളും രാജ്യത്തെമ്പാടും പരന്നുകിടക്കുന്ന തകര്‍ന്ന ജയിലുകളും ഉള്‍കൊള്ളുന്ന നിലവിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കാനും പദ്ധതികളുണ്ട്. കണ്‍സര്‍വേറ്റീവുകളില്‍ നിന്നുള്ള കടുത്ത സാമ്പത്തിക പാരമ്പര്യത്തെ മറികടന്നുവേണം ഇത് നിര്‍വഹിക്കേണ്ടതെന്നതിനാല്‍ ഇതൊക്കെയും പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാകും.


ടോറികളുടെ തകര്‍ച്ചയെ ത്വരിതപ്പെടുത്തിയ നിഗല്‍ ഫറാജ് നേതൃത്വം കൊടുക്കുന്ന പുതിയ പാര്‍ട്ടി റിഫോം യു.കെയും ലേബര്‍ പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാകും. തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ 'ബഹുജന ദേശീയ പ്രസ്ഥാനം'' അദ്ദേഹം വഗ്ദാനം ചെയ്തിരുന്നു. ചെറുപ്പക്കാരെ ആകര്‍ഷിക്കാവുന്ന ഒട്ടേറെ പുതിയ പദ്ധതികള്‍ അവരുടെ പാര്‍ട്ടി ലിസ്റ്റിലുണ്ട്. റിഫോം യു.കെയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ലേബറിനുള്ളില്‍ സജീവമായ ചര്‍ച്ച നടക്കുന്നുണ്ട്. ഇടതുപാര്‍ട്ടികളില്‍ തന്നെയുള്ള വിമതരില്‍ നിന്നുള്ള ഭീഷണിയും ചെറുതല്ല. തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടിയ കെയര്‍ സ്റ്റാമര്‍ ലേബര്‍ പാര്‍ട്ടിയുടെ പോരാട്ടം അത് സ്ഥാപിതമായ തൊഴിലാളി വര്‍ഗത്തിന്റെ സേവനത്തിനായി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണെന്നും തന്റെ സര്‍ക്കാരിന്റെ മുന്നിലുള്ള ദൗത്യത്തെ അത് നിര്‍വചിക്കുമെന്നും പറഞ്ഞു. 'വിശ്വാസത്തിനായുള്ള പോരാട്ടം നമ്മുടെ പ്രായത്തെ നിര്‍വചിക്കുന്ന യുദ്ധമാണ്,' എന്നാണ് അദ്ദേഹം ലണ്ടനിലെ ജനക്കൂട്ടത്തോട് പറഞ്ഞത്. അദ്ദേഹത്തിന്റെ ആദ്യ പ്രതികരണങ്ങളെല്ലാം പ്രതീക്ഷകള്‍ നല്‍കുന്നവയാണെങ്കിലും പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വരും.

വേറിട്ട രാജ്യങ്ങളുടെ ഐക്യം

ലേബര്‍ പാര്‍ട്ടിയുടെ വരവ് വ്യത്യസ്ത അധികാര പരിധികളുള്ള ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്റ് എന്നീ നാലു പ്രവശ്യാ രാജ്യങ്ങളുടെ ഐക്യത്തിനു സാധ്യത പകരുമെന്ന വിലയിരുത്തലുകളുണ്ട്. കെയര്‍ സ്റ്റാമറുടെ കാമ്പയിനുകളില്‍ ഉടനീളം യൂണിയന്‍ പതാകയോടൊപ്പം ക്രോസുള്ള സ്‌കോട്ടിഷ് പതാകയും വ്യാളിയുടെ ചിത്രമുള്ള വെയില്‍സ് പതാകയും വീശിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇത് ഏറെ ശ്രദ്ദേയമായിരുന്നു. ചെറുപ്പം മുതല്‍ പ്രധാനമന്ത്രിയുടെ തട്ടകമായിരുന്ന വടക്കന്‍ അയര്‍ലാന്റിനെ പരിഗണിക്കേണ്ടതായി വരുമെന്നും വിലയിരുത്തലുകളുണ്ട്. 2014 ലെ സ്വാതന്ത്ര്യാനന്ത സ്‌കോട്ടിഷ് പ്രദേശങ്ങളിലും മറ്റും മൂന്നിടങ്ങളിലും ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. സകോട്ട്ലാന്റില്‍ മാത്രം 48 നെതിരെ 38 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റാനന്തരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഐറിഷ് കടലില്‍ അതിര്‍ത്തികള്‍ കര്‍ക്കശമാക്കിയിരുന്നു. ലേബര്‍ പാര്‍ട്ടിക്കും പുതിയ പ്രധാനമന്ത്രിക്കും ഈ നാലു പ്രവശ്യകളൂടെ കാര്യത്തില്‍ അധിക ബാധ്യതയുണ്ടാകുമെന്ന് തന്നെയാണ് കരുതേണ്ടത്. അത് ഐക്യസാധ്യതയില്‍ തന്നെ നില്‍കുമോ എന്നാണ് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടത്.

യൂറോപ്പുമായുള്ള വ്യാപാര ബന്ധവും ഐക്യസാധ്യതയും

യൂറോപ്പുമായുള്ള ബന്ധം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ക്കുള്ളില്‍ എല്ലായ്പ്പോഴും ഒരു പ്രശ്നമായിരുന്നു. അതേസമയം ലേബര്‍ പാര്‍ട്ടിയുടെ വിജയം യൂറോപ്പുമായുള്ള ബ്രിട്ടന്റെ ബന്ധത്തെ കാര്യമായി സ്വാധീനിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ബ്രെക്‌സിറ്റാനന്തരം ബോറിസ് ജോണ്‍സണ്‍ വരുത്തിയ കര്‍ക്കശമായ ക്രമീകരണങ്ങളില്‍ കൈവെക്കുമെന്ന് ലേബര്‍ പാര്‍ട്ടി അധ്യക്ഷന്‍ കെയര്‍ സ്റ്റാമര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമ്പൂര്‍ണ്ണമായ ഐക്യസാധ്യതകളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. 2016-ല്‍ നടന്ന ഹിതപരിശോധനയിലൂടെയാണ് ബ്രിട്ടണ്‍ യൂറോപ്പ് വിടുന്നത്. ഔദ്യോഗികമായി യൂറോപ്പില്‍ നിന്നും പുറത്ത് വന്നതിനു ശേഷം ഇനിയൊരു തിരിച്ചുപോക്ക് ശ്രമകരമാകുമെന്നും അത്തരത്തിലുള്ള നീക്കം രാജ്യത്തിനും ഒട്ടും ഗുണകരമാവില്ലെന്നും വിലയിരുത്തപ്പെടുന്നു. അതില്‍ പുനര്‍വിചിന്തനമുണ്ടാകുമെന്ന് ചില നിരീക്ഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കെയര്‍ സ്റ്റാമര്‍ അതിനെ നിരാകരിക്കുകയായിരുന്നു. അതേസമയം യൂറോപ്പുമായി സുരക്ഷാ-വ്യാപാര കരാറുകള്‍ ശക്തിപ്പെടുത്തുമെന്നും ഏകാത്മക മാര്‍ക്കറ്റ് സംവിധാനത്തിനു പകരം വിവിധ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള വ്യാപാരത്തിനു സാഹചര്യമൊരുക്കുമെന്നും പ്രധാനമന്ത്രി അറിയിക്കുകയുണ്ടായി. എന്നാല്‍, യൂറോപ്പിനും യൂ.കെക്കുമിടയിലുള്ള സഞ്ചാര സ്വാതന്ത്ര്യം വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടിയുള്ള പുതിയ വിസ സംവിധാനങ്ങളൊന്നും ധൃതിപിടിച്ച് നടപ്പാക്കില്ലെങ്കിലും അതു സംബന്ധമായ ചര്‍ച്ചകള്‍ തുടരുമെന്നാണ് വിവിധ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുമായുള്ള ബന്ധം

ഇന്ത്യയുമായി തന്ത്രപധാനമായ വ്യാപാര പങ്കാളിത്തം സാധ്യമാക്കുമെന്നും നിലവിലുള്ള വ്യാപാര ബന്ധം ശക്തമാക്കുമെന്നും പ്രധാനമന്ത്രിയായ ശേഷമുള്ള ട്വീറ്റ് സന്ദേശത്തില്‍ കെയര്‍ സ്റ്റാമര്‍ വ്യക്തമാക്കി. ഒരുമിച്ച് നിന്നുകൊണ്ട് സാമ്പത്തിക, കാലാവസ്ഥ, ആഗോള സുരക്ഷ എന്നിവ കൈകാര്യം ചെയ്യാനും ദീര്‍ഘകാലമായുള്ള ബന്ധം കെട്ടിപ്പടുക്കാനും സാധിക്കുമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ വിദേശനയത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പ്രത്യേക സ്ഥാനമര്‍ഹിക്കുന്നു. സ്വതന്ത്രവ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ളവ അതില്‍ പെടുന്നു. രാജ്യ സുരക്ഷ, വിദ്യാഭ്യാസം സാങ്കേതിക വിദ്യ, കാലാവസ്ഥ വ്യതിയാനം, എന്നീ മേഖലകളില്‍ സഹകരണം ആഴത്തിലാക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് പദ്ധതിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കാമ്പയിനുകളിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇത്ര വലത്തോട്ടാണൊ ഇടതുസഞ്ചാരാം

യൂറോപ്പിന്റെ ഭൂരിഭാഗവും വലത്തേക്ക് നീങ്ങുമ്പോള്‍ എന്തുകൊണ്ട് ബ്രിട്ടന്‍ മാത്രം ഇടത്തോട്ട് സഞ്ചരിക്കുന്നു എന്ന സംശയമുണ്ടാകാം. യഥാര്‍ഥത്തില്‍, ബ്രിട്ടണില്‍ വലതും ഇടതും ചേര്‍ന്നു നില്‍ക്കുന്ന തീവ്രവാദം വളരെ ശക്തവും സംഘടിതവുമാണ്. അത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയോ ലേബര്‍ പാര്‍ട്ടിയുടെയോ എന്ന വ്യത്യാസമില്ല. ഇടതുപക്ഷത്തുള്ള ചില തീവ്രനിലപാടുകാര്‍ വംശീയതയോടും വിദേശീയരോടുള്ള വിദ്വേഷത്തോടും ചേര്‍ന്നു നില്‍ക്കുന്നവരാണ്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ വലതുപക്ഷത്തിന്റെ സമാനമായ എല്ലാ പ്രവര്‍ത്തനങ്ങളും ലേബര്‍ പാര്‍ട്ടിയും പകര്‍ത്തുന്നുണ്ട്. ജൂത പ്രീണനത്തിലും ഇസ്‌ലാമോഫോബിയയിലും ഇടത്-വലത് പാര്‍ട്ടികള്‍ തുല്യരാണ്. ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷ മേധാവിത്വത്തിലേക്കുള്ള ത്വരിതഗതിയെ നന്നായി സ്വാധീനിച്ചേക്കാം. വിദ്വേഷപരമായ സമീപനങ്ങളുടെ സജീവമായ സാന്നിധ്യം ഈ നാടുകളിലെല്ലാം ഒരുപോലെ നിഴലിക്കുന്നുമുണ്ട്. ഇടത്-വലത് വാക്കുകളിലുള്ളത് വെറും ഉപരിതലത്തിന് താഴെയുള്ള മാറ്റങ്ങള്‍ മാത്രമാണ്. ഇടതായാലും വലതായാലും ജനങ്ങള്‍ അനുഭവിക്കുന്നത് ഒരേ പ്രശ്‌നങ്ങള്‍ തന്നെയാണ് എന്നതാണ് വാസ്തവം.


TAGS :