ഹിസ് ഹൈനസുകള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന ജാതി സര്‍വേ
ആദരിക്കേണ്ടവരെ പുറത്ത് നിര്‍ത്തുകയും പുറത്ത് നിര്‍ത്തേണ്ട മാമൂലൂകളെ അതിഥികളാക്കുകയും ചെയ്യുന്നതിന്റെ കാരണം?
അരുവിപ്പുറം നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍ നിന്നും മുങ്ങിയെടുത്ത കല്ല് കണ്ണീരോടെയാണ് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയത്. അടുത്ത് നിന്ന് പോലും ആരാധന നടത്താന്‍ അനുവാദം ഇല്ലാതിരുന്ന സമൂഹത്തില്‍ ജനിച്ച ഗുരുവിന്റെ ആനന്ദക്കണ്ണീര്‍ ആണ് 1888 ഇല്‍ പൊഴിച്ചത്. പ്രതിഷ്ഠ കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം ഉടലെടുത്തത്. ഇനിയാര് ദിവസേന പൂജ നടത്തും?
കൂടിയാലോചന നടത്തിയ ശേഷം ചിലര്‍ ഗുരുവിന്റെ അടുത്തെത്തി. അടുത്ത ക്ഷേത്രത്തില്‍ പൂജ നടത്തുന്ന ഒരു പോറ്റിയുണ്ട്. അദ്ദേഹത്തെ തുടര്‍പൂജകള്‍ക്കായി വിളിക്കാം. മന്ദഹസിച്ചു കൊണ്ടു ഗുരു പറഞ്ഞു, "ഓ അങ്ങനെയാണോ അഭിപ്രായം? അങ്ങനെയായാൽ പോയതെല്ലാം ക്രമേണ വന്നുകൊള്ളും".
ബ്രാഹ്മണ മേധാവിത്വത്തെയും മനുഷ്യരെ പല തട്ടുകളായി തിരിച്ചു നിര്‍ത്തുന്ന വര്‍ണശ്രമത്തെയും വെല്ലുവിളിച്ച ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ പോന്ന നടപടിയെയെയാണ് അദ്ദേഹം മന്ദഹസിച്ചു കൊണ്ട് എതിരിട്ടത്. യൂണിവേഴ്സിറ്റി കോളേജിന് തറക്കല്ലിട്ട അന്നത്തെ രാജാവിന്, വലിയ സാമൂഹ്യ മാറ്റത്തിനുള്ള തുടക്കം കുറിച്ച സന്തോഷം ആയിരുന്നില്ല. വിദ്യാഭ്യാസം നേടുന്ന ജനത രാജാധികാരത്തിന്റ അടിത്തറ ഇളക്കും എന്ന ഭയം അന്ന് തന്നെ അദ്ദേഹം പറഞ്ഞു വച്ചു.
രാജഭരണത്തിന് ഒരു നേട്ടമുണ്ട്. നിവൃത്തികേട് കൊണ്ടാണ് നല്ല കാര്യം ചെയ്‌തെങ്കിലും അതിന്റെ ക്രെഡിറ്റ് രാജാവിന്. പുന്നപ്ര വയലാറില്‍ പ്രക്ഷോഭകാരികളെ വെടിവെച്ചു കൊലപ്പെടുത്തിയതിലെ വില്ലന്‍ ദിവാന്‍.
ഉള്ളത് പറയാമല്ലോ അന്നത്തെ രാജാക്കന്മാരില്‍ തമ്മില്‍ ഭേദം തിരുവിതാംകൂര്‍ ആയിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ നിരന്തര സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും രക്തസാക്ഷിത്വത്തിനും ഒടുവില്‍, കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായി ക്ഷേത്രപ്രവേശന വിളംബരം നടത്തി. പിന്നോക്കക്കാരെ പ്രവേശിപ്പിച്ചു ക്ഷേത്ര സങ്കേതം അശുദ്ധമാക്കിയതില്‍ പ്രതിഷേധിച്ചു മുറജപത്തിനു ബ്രാഹമ്ണരെ അയക്കേണ്ടെന്നാണ് കൊച്ചി രാജാവ് തീരുമാനിച്ചത്. വൈക്കം ക്ഷേത്ര പ്രവേശന സമരത്തിനും കൊച്ചി രാജാവ് എതിരായിരുന്നു.
പ്രജാസഭയിലേക്ക് ദലിത് അംഗമായ മഹാത്മാ അയ്യങ്കാളിയെ അംഗമാക്കിയത് രാജാഗോപാലാചാരി തിരുവിതാംകൂര്‍ ദിവാന്‍ ആയിരിക്കുമ്പോഴാണ്. ദിവാന്‍ ക്ഷണിച്ചത് അനുസരിച്ച് എത്തിയ മഹാത്മാ അയ്യങ്കാളിയെ ഭടന്മാര്‍ തടഞ്ഞു. ഈ ഭടന്മാരെ കൊണ്ടു മഹാത്മാ അയ്യങ്കാളിയുടെ കാല്‍ പിടിപ്പിച്ചു ക്ഷമ പറയിച്ചതും ദിവാന്‍ തന്നെ. രാജഭരണത്തിന് ഒരു നേട്ടമുണ്ട്. നിവൃത്തികേട് കൊണ്ടാണ് നല്ല കാര്യം ചെയ്‌തെങ്കിലും അതിന്റെ ക്രെഡിറ്റ് രാജാവിന്. പുന്നപ്ര വയലാറില്‍ പ്രക്ഷോഭകാരികളെ വെടിവെച്ചു കൊലപ്പെടുത്തിയതിലെ വില്ലന്‍ ദിവാന്‍.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടി വാടും എന്ന് വിഡ്ഢിത്തരം പറഞ്ഞ രാജകുമാരി സമ്മേളനത്തിന് വരില്ല എന്നതാണ് പുതിയ വാര്‍ത്ത.
പിന്‍വലിച്ച പോസ്റ്ററില്‍ ജാതി വിവേചനം നേരിട്ടെന്ന് പറയുന്ന ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ പടം ഉണ്ടോ? ഇല്ലല്ലോ.
ആദരിക്കേണ്ടവരെ പുറത്ത് നിര്‍ത്തുകയും പുറത്ത് നിര്‍ത്തേണ്ട മാമൂലൂകളെ അതിഥികളാക്കുകയും ചെയ്യുന്നതിന്റെ കാരണം അറിയാമോ? പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ പിന്മുറക്കാരാണ് കസേരകളില്‍ എങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് പഴയ രാജഭക്തന്മാരാണ്. 94 ശതമാനം മുന്നോക്കക്കാരുള്ള ദേവസ്വം ബോര്‍ഡുകളില്‍ ഇവര്‍ വീണ്ടും മുന്നോക്ക സംവരണം കൊണ്ടുവരും. അത് അസംബ്ലിയില്‍ ഇടത് പക്ഷക്കാരെ കൊണ്ടു പാസാക്കിപ്പിക്കും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍പേ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതും ഇടത് സര്‍ക്കാര്‍ ആണ്.
സംവരണ വിഭാഗക്കാര്‍ അവിഹിതമായി എന്തൊക്കെയോ നേട്ടമുണ്ടാക്കുന്നു എന്ന് പ്രചരണം നടക്കുമ്പോഴാണ് ഒരു പട്ടിക പുറത്ത് വരുന്നത്.
ഈ കണക്ക് ഒന്ന് ശ്രദ്ധിക്കൂ :
ആകെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ - 90307.
എസ്.സി വിഭാഗം - 808(0.89%).
എസ്.ടി വിഭാഗം - 76 (0.084%).
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ PSCയ്ക്ക് വിടരുത് എന്നും ജാതി സെന്‍സസ് നടത്തരുതെന്നും ശക്തമായി ആവശ്യപ്പെടുന്നത് ഇതൊക്കെ കൊണ്ടാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം ജാതി സര്‍വേയാണ്. സി.പി.എം ഉള്‍പ്പെട്ട ഇന്‍ഡ്യാ മുന്നണിയുടെ പ്രധാന ആവശ്യമാണീ ജാതി സര്‍വേ. ബീഹാര്‍ നടപ്പാക്കിയ, രാജസ്ഥാന്‍ തുടക്കമിട്ട ജാതി സര്‍വേ കേരളത്തില്‍ വേണമെന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കോ കേരളത്തില്‍ നിന്നുള്ള സി.പി.എം പിബി അംഗങ്ങള്‍ക്കോ തോന്നിയിട്ടുണ്ടോ?
ഇല്ല.
അപ്പോള്‍ ഇതുപോലെ മന്ത്രി പോലും ജാതി ആക്ഷേപം സഹിക്കുകയും ഹിസ് ഹെര്‍നസുമാര്‍ ആദരിക്കപ്പെടുകയും ചെയ്യും. പോയതൊക്കെയും തിരിച്ചു വരാന്‍ തിരക്ക് കൂട്ടുമ്പോള്‍ ജാഗ്രത പാലിക്കുന്നതിനു പകരം പരവതാനി വിരിച്ചു കൊടുക്കരുത്.
(മീഡിയ വണ്‍ ഡല്‍ഹി ബ്യുറോ ചീഫ് ആണ് ലേഖകന്‍)