Quantcast
MediaOne Logo

മുഹമ്മദ് അസീര്‍

Published: 15 Feb 2023 12:29 PM GMT

തുര്‍ക്കി ഭൂകമ്പം: ഇന്ത്യന്‍ എംബസിയുടെ അന്വേഷണം പോലുമില്ല - മലയാളിയായ മുഹമ്മദ് അസീര്‍

ഇന്ത്യക്കാരായും മലയാളികളായും ആയിരത്തില്‍ താഴെയുള്ളവരാണ് ഇവിടെയുള്ളത്. പക്ഷേ, ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കാന്‍ പോലും ഗവണ്‍മെന്റ് മുതിര്‍ന്നിട്ടില്ല. ഭൂകമ്പത്തില്‍ അകപ്പെട്ട ഒരു മലയാളി വിദ്യാര്‍ഥി ഞങ്ങള്‍ക്കൊപ്പമുണ്ട്. മാധ്യമങ്ങള്‍ വഴി അവനെ തിരിച്ചറിഞ്ഞിട്ടും ഇതുവരെയും കേരള സര്‍ക്കാരോ ഇന്ത്യന്‍ എംബസ്സിയോ ഒരന്വേഷണവും നടത്തിയിട്ടില്ല.

തുര്‍ക്കി ഭൂകമ്പം: ഇന്ത്യന്‍ എംബസിയുടെ അന്വേഷണം പോലുമില്ല - മലയാളിയായ മുഹമ്മദ് അസീര്‍
X

മൂന്ന് വര്‍ഷമായി ഞാന്‍ തുര്‍ക്കിയില്‍ എത്തിയിട്ട്. ഇവിടെ പി.എച്ച്.ഡി സ്റ്റുഡന്റാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തമായി ട്രാവല്‍ കമ്പനി നടത്തി കൊണ്ടുപോവുകയാണ്. അത്യാവശ്യം തുര്‍ക്കിയുടെ എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്ത ഒരാള്‍ എന്ന നിലക്ക്, ഞാന്‍ വന്ന കാലങ്ങളില്‍ ഇസ്താംബൂളിലും ചെറിയ രീതിയിലുള്ള ഭൂമികുലുക്കങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അത് ഞങ്ങള്‍ അറിയുന്നത് പിറ്റേ ദിവസങ്ങളിലെ പത്രങ്ങളിലൂടെ ആയിരുന്നു.

ഗവണ്‍മെന്റ് സായുധ സേനയുടെ നേതൃത്വത്തില്‍ രണ്ട് മാസം മുന്‍പാണ് രാജ്യമൊട്ടാകെ ഭൂകമ്പത്തെ നേരിടുന്നതിനായി മോക്ഡ്രില്ല് സംഘടിപ്പിച്ചത്. പലപ്പോഴും ഇതുപോലുള്ള ബോധവത്കരണം നടത്താറുണ്ട്. ഞാന്‍ തുര്‍ക്കിയില്‍ വന്നതിന് ശേഷം ഒരു വലിയ ഭൂകമ്പം ഉണ്ടായിട്ടുണ്ട്. അതിന്റെ കെടുതികളില്‍ നിന്ന് ജനങ്ങളെ കരകയറ്റാന്‍ കൃത്യമായി ഗവണ്‍മെന്റ് ഇടപെട്ടിരുന്നു. ഏകദേശം ഒന്നരവര്‍ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. അതായത്, ഇവിടെയുള്ളവര്‍ക്ക് ഇതൊരു സ്ഥിരം കാഴ്ചയാണെങ്കിലും ഇങ്ങനെ നാശം വിതച്ചത് ആദ്യമായാണ്.

ആദ്യം ഭൂമി കുലുങ്ങിയതിന് ശേഷം പിന്നെയും ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എല്ലാവരും പുറത്തേക്കിറങ്ങി ഓടുന്നത് കണ്ട് ഫോണും, കയ്യില്‍ കിട്ടിയ ജാക്കറ്റും എടുത്ത് രക്ഷപ്പെട്ട് ഓടുകയായിരുന്നു. പിന്നീടെല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റി. ക്യാമ്പിലുള്ളവര്‍ ഇപ്പോഴും ഭീതിയില്‍ നിന്ന് മുക്തരായിട്ടില്ല. ഇസ്തംബൂളിലും, തുര്‍ക്കിയുടെ പടിഞ്ഞാര്‍ ഭാഗത്തും ഭൂചലനം ഉണ്ടായിട്ടില്ല. കിഴക്കന്‍ പ്രദേശം വഴി ജോര്‍ദാന്‍, ലെബനാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. ഇവിടെയുള്ളവരെ വിളിക്കുമ്പോഴാണ് ഭൂകമ്പം ഉണ്ടായത് ഞങ്ങള്‍ അറിയുന്നത്. രാത്രി ആയിരുന്നത് കൊണ്ട് തന്നെ എല്ലാവരും ആ സമയം നല്ല ഉറക്കമായിരുന്നു.


തുര്‍ക്കിയെ സംബന്ധിച്ച് ഏകദേശം 13 ശതമാനത്തോളം ഗ്രാമ പ്രദേശങ്ങളാണ്. തുര്‍ക്കി ഒരു ഭൂകമ്പ മേഖലയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ആയി വരുന്നുണ്ടായിരുന്നതെയുള്ളു. ഒരേ സമയം 10 പ്രവിശ്യകളിലായി ഭൂകമ്പം ഉണ്ടായിട്ടുണ്ട്. പലയിടങ്ങളില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ലോക രാജ്യങ്ങളില്‍ (യൂറോപ്പ്, അമേരിക്ക, ഇസ്രായേല്‍) നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ടെങ്കില്‍ പോലും തുര്‍ക്കിയിലെ കാലാവസ്ഥ ഒട്ടും തന്നെ അനിയോജ്യമായിരുന്നില്ല. ഇത്തവണ വൈകിയാണ് ശൈത്യകാലം എത്തിയത്, അതുകൊണ്ട് തന്നെ തുടക്കത്തില്‍ കാര്യമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം നടന്നിരുന്നില്ല. ആളുകള്‍ ഇസ്തംബുളില്‍ ചേക്കേറാന്‍ തുടങ്ങി. റോഡുമാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയാതായപ്പോള്‍ പെഗാസസ്, തുര്‍ക്കിഷ് തുടങ്ങി രണ്ട് ആഭ്യന്തര എയര്‍ലൈന്‍സ്, സൗജന്യമായി യഥാസ്ഥാനങ്ങളിലേക്ക് ജനങ്ങളെ എത്തിച്ചു. ഇപ്പോഴും ഒരു മരവിച്ച അവസ്ഥയിലാണ് തുര്‍ക്കിഷ് ജനത.

മുറിവേറ്റവരെ ചികിത്സക്കായി ഇസ്താംബുളിലേക്കാണ് കൊണ്ടുവന്നു കൊണ്ടിരിക്കുന്നത്. ടെന്റുകളിലും ക്യാമ്പിലും കഴിയുന്നവര്‍ക്ക് മതിയായ ഭക്ഷണമോ, വസ്ത്രമോ, വെള്ളമോ കിട്ടുന്നില്ല. ഇസ്താംബുളിലെ പല കടകളിലും അവശ്യ സാധനങ്ങളെല്ലാം തീര്‍ന്നിട്ടുണ്ട്. ഏകദേശം ആറുമാസത്തോളം ഈ ഭീതി ഇങ്ങനെ തുടരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ക്ക് അവിടെ പോകണമെന്നും അവരെ സഹായിക്കണമെന്നുമൊക്കെയുണ്ട്. പക്ഷെ, വിദേശികളായവരെ അവിടേക്ക് കടത്തിവിടുന്നില്ല. ഓര്‍ഗനൈസഷന്‍സ്ന്റെ ഭാഗമായല്ലാതെ അങ്ങോട്ടേക്ക് പോകരുതെന്നാണ് നിര്‍ദേശം. ഇസ്രായേല്‍, യു.എസ്, യു.കെ, ഇന്ത്യ എന്നി രാജങ്ങളായിരുന്നു സഹായവാഗ്ദാനങ്ങളുമായി ആദ്യ ഘട്ടത്തില്‍ എത്തിയത്. ഇന്ത്യന്‍ ആര്‍മി, ഒരു ഹോസ്പിറ്റല്‍ തുടങ്ങിയിട്ടുണ്ട്. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ട്രാന്‍സലേറ്റ് ചെയ്യാന്‍ ഇരിക്കുന്നത്. അത് വലിയൊരു ആശ്വാസമാണ്.

ഇന്ത്യക്കാരായും മലയാളികളായും ആയിരത്തില്‍ താഴെയുള്ളവരാണ് ഇവിടെയുള്ളത്. പക്ഷേ, ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കാന്‍ പോലും ഗവണ്‍മെന്റ് മുതിര്‍ന്നിട്ടില്ല. ഭൂകമ്പത്തില്‍ അകപ്പെട്ട ഒരു മലയാളി വിദ്യാര്‍ഥി ഞങ്ങള്‍ക്കൊപ്പമുണ്ട്. മാധ്യമങ്ങള്‍ വഴി അവനെ തിരിച്ചറിഞ്ഞിട്ടും ഇതുവരെയും കേരള സര്‍ക്കാരോ ഇന്ത്യന്‍ എംബസ്സിയോ ഒരന്വേഷണവും നടത്തിയിട്ടില്ല. സ്‌കോളര്‍ഷിപ്പോടുകൂടിയാണ് അവന്‍ തുര്‍ക്കിയില്‍ എത്തിയത്. തുര്‍ക്കി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് നിരന്തരം അന്വേഷണങ്ങള്‍ ഉണ്ടാകുമ്പോഴാണ് നമ്മുടെ രാജ്യം ഇങ്ങനെ കാണിക്കുന്നത്. തുര്‍ക്കിയിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരും വിവിധ സര്‍വകലാശാലയിലായി പഠിക്കുന്ന വിദ്യാര്‍ഥികളാണ്. ഏകദേശം ആറായിരത്തോളം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നിരിക്കുന്നത്. എന്ത് കൊണ്ട് ഇത്രയും കെട്ടിടങ്ങള്‍ തകര്‍ന്നു എന്നതിനെപറ്റിയുള്ള അന്വേഷണത്തിനായി തുര്‍ക്കി ഗവണ്‍മെന്റ് ആഹ്വാനം ചെയ്തിട്ടുണ്ട്

തുര്‍ക്കിയുടെ മൊത്തം ജനസംഖ്യ ഏകദേശം 83 മില്യന് മുകളിലാണ്. റജബ് ത്വയ്യിബ് എര്‍ദോഗന്‍ പ്രസിഡന്റ് സ്ഥാനത്ത് വന്നതിന് ശേഷമാണ് തുര്‍ക്കിയുടെ പല പ്രദേശങ്ങലും വികസിത പ്രദേശങ്ങളായി മാറിയത്. ഭൂകമ്പം സംഭവിച്ച സ്ഥലങ്ങള്‍ അധികവും തുര്‍ക്കിയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളാണ്. തുര്‍ക്കിയുടെ മൊത്തം പ്രദേശങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍, കാര്യമായ പുരോഗതിയില്ലാത്ത പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. ഈ അടുത്തകാലത്താണ് ഹൈവേയും, വിമാനത്താവളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്നത്. തുര്‍ക്കിയെ സംബന്ധിച്ച് ഇതൊരു വെല്ലുവിളിയാണ്. ഭൂകമ്പം സംബന്ധിച്ച് തുര്‍ക്കി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചകള്‍ വന്നതായി പ്രസ്ഡന്റ് എര്‍ദോഗന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തുര്‍ക്കി ഗവണ്‍മെന്റ് പരാജയപ്പെട്ടെന്ന തരത്തില്‍ മീഡിയകളുടെ പൊളിറ്റിക്കല്‍ സ്റ്റണ്ട് എര്‍ദോഗന്‍ എതിരെ നടക്കുന്നു. ഈ അവസ്ഥയെയും രാഷ്ട്രീയപരമായി പലരും മുതലെടുക്കുകയാണെന്നാണ് എര്‍ദോഗന്റെ പ്രതികരണം.

മുഹമ്മദ് അസീര്‍: ഇസ്താംബൂളിലെ Sabahattin Zaim University യില്‍ പി.എച്ച്.ഡി സ്റ്റുഡന്റാണ് .

TAGS :