പൗരത്വ പ്രക്ഷോഭങ്ങൾക്ക് രണ്ടാണ്ട്: ഡൽഹി വംശഹത്യയുടെ ഓർമകൾക്കും
ഡൽഹി വംശഹത്യയുടെ പേരിൽ ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാരെല്ലാം പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിര പോരാളികൾ ആയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഐതിഹാസികമായ സമരങ്ങൾക്ക് രണ്ടുവർഷം തികയുകയാണ്. 2019 ഡിസംബർ മാസത്തിൽ പാർലമെന്റിിൽ പൗരത്വ ഭേദഗതി ബില്ല് ബി.ജെ.പി ഭരണകൂടം ചർച്ചക്കെടുത്തപ്പോൾ തുടങ്ങിയ സമരങ്ങൾ ഇന്നും പലരീതികളിൽ മുന്നേറുകയാണ്. ശാഹീൻ ബാഗുകൾ എന്ന പേരിൽ അറിയപ്പെട്ട സമര വേദികൾ രാജ്യത്തുടനീളം വ്യാപിക്കുകയും മുസ്ലിം ജനസമൂഹം വിശിഷ്യാ ഇൗ മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമായ നിയമത്തിനെതിരെ അണിനിരക്കുകയും ചെയ്ത ഒരു സന്ദർഭമായിരുന്നു അത്. പക്ഷേ, ആവേശപൂർവം ജനങ്ങൾ ഏറ്റെടുത്ത ഇൗ സമരത്തെ ഇല്ലാതാക്കുവാൻ ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിട്ട ഭീതിജനകമായ ഡൽഹി വംശഹത്യ സമരത്തിന്റെ തുടർച്ചകളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് കോവിഡ് അടിയന്തരാവസ്ഥ സമരങ്ങളെ റോഡുകളിൽ നിന്ന് തുടച്ചുനീക്കി. എന്നിരുന്നാലും സമരത്തിന്റെ അന്തഃസത്ത കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്നും പൗര സമൂഹം സമരങ്ങൾ തങ്ങളുടെ വീട്ടകങ്ങളിലും സോഷ്യൽമീഡിയയിലും അവ പങ്കുവെക്കുന്നു.
മറ്റൊരു യാഥാർഥ്യം എന്തെന്നാൽ, ഡൽഹി വംശഹത്യയുടെ പേരിൽ ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാരെല്ലാം പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിര പോരാളികൾ ആയിരുന്നു. ഡൽഹി പൊലീസ് ഒന്നിനുപുറകെ ഒന്നായി ദേശദ്രോഹ കുറ്റം ചാർത്തി കൊണ്ടാണ് ഇൗ രാഷ്ട്രീയത്തടവുകാരെ ഒരിക്കലും പുറത്തു വരാൻ കഴിയാത്ത വിധം അടിച്ചമർത്തി കൊണ്ടിരിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയ മേഖലയിലേക്ക് കടന്നുവന്ന ശർജീൽ ഇമാം, ആസിഫ് ഇക്ബാൽ തൻഹ, സഫൂറ സർഗാർ, മീരാൻ ഹൈദർ, അത്തർ ഖാൻ, ഉമർ ഖാലിദ്, ഖാലിദ് സെഫി, ഇശ്രത് ജഹാൻ, ശിഫാഉറഹ്മാൻ തുടങ്ങിയ മുസ്ലിം സമുദായത്തിൽ നിന്നുള്ള യുവ-ചിന്തകരെയും നേതാക്കളെയും അടിച്ചമർത്തുകയാണ് ഇന്നും പൊലീസ് ചെയ്തു കൊണ്ടിരിക്കുന്നത്. അതേസമയം, ഡൽഹി വംശഹത്യക്കായി പ്രകോപനപരമായ പ്രസംഗങ്ങളും അക്രമങ്ങളും അഴിച്ചുവിട്ട സംഘപരിവാർ നേതാക്കൾ ഇന്ന് സ്വാതന്ത്ര്യ പൂർവം വിഹരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടുവർഷം കടന്നു പോകുന്നത്.
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, ജൈന, ബുദ്ധ, സിഖ്, ക്രിസ്ത്യൻ മത വിശ്വാസികളെ-അവർ ന്യൂനപക്ഷ വിരുദ്ധ ആക്രമണത്തിന് ഇരയായിട്ടുണ്ട് എന്ന കാരണത്താൽ-ഇന്ത്യയിൽ പൗരത്വം നൽകുക എന്നതാണ് സി.എ.എ എന്ന പൗരത്വ ഭേദഗതി നിയമം കൊണ്ട് കേന്ദ്ര ഗവൺമെൻറ് ഉദ്ദേശിച്ചത്. എന്നാൽ, അതേ സമയം, ശ്രീലങ്കയിലും മ്യാൻമറിലും ഭൂട്ടാനിലും നേപ്പാളിലുമുള്ള ന്യൂനപക്ഷ സമുദായങ്ങളെ പരിഗണിക്കാതെ, അവർ നേരിടുന്ന വിവേചനങ്ങളെ പറ്റി മൗനം പാലിച്ചാണ് ഇൗ നിയമം നിർമിച്ചിരിക്കുന്നത്. അതിൽ ഏറ്റവും വലിയ മാനുഷിക വിഷയമാണ് മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിംകളുടെ അവസ്ഥ. പൗരത്വം പോലും നിഷേധിക്കപ്പെട്ടു കൊണ്ട് അഭയാർഥികളായി ലോകമെമ്പാടും ജീവിച്ചു കൊണ്ടിരിക്കുന്ന ഇവരെ മാറ്റിനിർത്തി എങ്ങനെയാണ് അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഇന്ത്യ സംസാരിക്കുക എന്നതിലെ അന്യായവും ഭരണഘടന വിരുദ്ധതയും സാമാന്യ യുക്തിയും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ചോദ്യം ചെയ്തിരുന്നു. ഇൗ നിയമത്തെ ഇസ്രായേലിലെ വംശീയ-പൗരത്വ നിയമങ്ങളുമായി താരതമ്യം ചെയ്ത അസദുദ്ദിൻ ഉവൈസി പാർലമെന്റിൽ ഇതിന്റെ കോപ്പി കീറി കളയുകയാണ് ചെയ്തത്. എന്നിരുന്നാലും ഇൗ നിയമവുമായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്യുന്നത്.
അതോടൊപ്പം അഖിലേന്ത്യ തലത്തിൽ പൗര•ാരെ 'നിയമവിരുദ്ധ കുടിയേറ്റക്കാരിൽ' നിന്നും വേർതിരിക്കുവാൻ ദേശീയ പൗരത്വ പട്ടികയും (എൻ.ആർ.സി) കൂടി നടപ്പാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. 2021 സെൻസസ് ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻ. പി.ആർ) പുതുക്കപ്പെടുന്ന ഒരു ഭീതി കൂടി നമ്മുടെ മുന്നിലുണ്ട്. 2011-ലെക്കൾ കൂടുതൽ വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കപ്പെടുന്ന ഇൗ രജിസ്റ്റർ എൻ.ആർ.സിക്കു വേണ്ടി ഉപയോഗപ്പെടുത്തുമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക-റിപ്പോർട്ട് കൂടി മുന്നിൽ വെച്ചുകൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തെ നോക്കിക്കാണേണ്ടത്. അതിനാൽ തന്നെ എൻ.പി.ആർ, എൻ.ആർ.സി, സി.എ.എ. എന്നീ പദ്ധതികളുടെ ഘട്ടം ഘട്ടമായുള്ള പ്രയോഗവൽക്കരണം സമീപ ഭാവിയിൽ മുസ്ലിം സമുദായത്തിന്റെ പൗരത്വ നിഷേധത്തിനു കാരണമാവാം എന്നാണ് നിയമ-വിശാരദർ മുന്നറിയിപ്പ് നൽകുന്നത്. അതോടൊപ്പം അസമിൽ നിന്നും ആരംഭിച്ച് ബംഗളുരുവിലടക്കമുള്ള വർധിച്ച തോതിലുള്ള 'നിയമവിരുദ്ധ കുടിയേറ്റക്കാർ'ക്കായുള്ള തടങ്കൽ കേന്ദ്രങ്ങളുടെ നിർമാണം ഇൗ ദിശയിൽ വിരൽചൂണ്ടുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഉയർന്നുവന്ന പൗരത്വ പ്രക്ഷോഭങ്ങൾ ഇൗ മൂന്നു പദ്ധതികളെയും ഒരുമിച്ച് എതിർത്തുകൊണ്ടും ഭരണഘടന-അവകാശങ്ങളെ മാനിച്ചുകൊണ്ടുമാണ് മുന്നോട്ടു പോയത്. എന്നാൽ, മൂന്നുമാസം നിലനിന്ന ഇൗ സമരത്തെ ഏതുവിധേനെയും അടിച്ചമർത്തുവാനായി ഭരണകൂട സംവിധാനങ്ങൾക്ക് പുറത്ത് ജനക്കൂട്ടത്തെ ഇളക്കി വിടുകയാണ് ബി.ജെ.പി ഗവൺമെന്റ് ചെയ്തത്. ഡൽഹിയിൽ സമാധാനപൂർവം നടത്തിവന്നിരുന്ന ശാഹീൻബാഗ് സമരവേദികളെ ഇല്ലാതാക്കുവാനും കുടിയൊഴിപ്പിക്കാനുമാണ് ്രെബഫുവരി 23 ന് കപിൽ മിശ്ര ആഹ്വാനം ചെയ്തത്. അതോടൊപ്പം ഒാർമിക്കേണ്ട മറ്റൊരു വസ്തുത ്രെബഫുവരി 23 നു രാജ്യമെമ്പാടും മുസ്ലിം വനിതകളുടെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് എെക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചന്ദ്രശേഖർ ആസാദ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇൗയൊരു സാഹചര്യത്തിൽ വിശാലമായ മുന്നണികൾ രൂപപ്പെടുത്തി കൊണ്ട് ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇത്തരമൊരു പോരാട്ടം ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. സമരക്കാർക്കുനേരെ വെടിവെക്കുവാൻ ആഹ്വനം ചെയ്ത് ധാരാളം ബി.ജെ.പി നേതാക്കൾ പ്രസംഗിക്കുകയും ശാഹീൻ ബാഗിലും ജാമിഅ മില്ലിയ ഇസ്ലാമിയയിലും അവരുടെ അനുയായികൾ നിറയൊഴിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലും കർണാടകയിലും സമരക്കാർക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ധാരാളം പേർ മരണപ്പെട്ടിട്ടുണ്ട്.
ഡൽഹി ഡെപ്യൂട്ടി കമ്മീഷണറുടെ സാന്നിധ്യത്തിൽ കപിൽ മിശ്ര നടത്തിയ അന്ത്യ-ശാസനം അടുത്ത നാല് നാളുകൾ നോർത്ത്-ഇൗസ്റ്റ് ഡൽഹിയിലെ മുസ്ലിംകൾക്കെതിരെയുള്ള ആസൂത്രിത വംശഹത്യയിലാണ് കലാശിച്ചത്. പലയിടങ്ങളിലും പൊലീസ് നിശബ്ദത പാലിക്കുകയോ അക്രമത്തിൽ പങ്കാളികളാവുകയോ ചെയ്തു. മുസ്ലിം വീടുകൾ അടയാളപ്പെടുത്തി നശിപ്പിച്ച അക്രമികൾ തൊട്ടടുത്ത മറ്റു മതവിശ്വാസികളുടെ വീടോ ബാങ്ക് എ.ടി.എം ബൂത്തോ ഒന്നും ചെയ്തിട്ടില്ല. തൊപ്പിയും താടിയും തിരിച്ചറിയൽ രേഖയും അവയവ പരിശോധനയും നടത്തിയാണ് മുസ്ലിംകളെ വേർതിരിച്ചു ആക്രമിച്ചത്. മർദനത്താൽ അവശരായ യുവാക്കളോട് ദേശീയ ഗാനം ചൊല്ലുവാൻ കൽപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ നിന്നും ഈ വംശഹത്യ ഭരണകൂട-പിന്തുണയോടു കൂടി നടപ്പാക്കിയതാണ് എന്ന് വ്യക്തമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഭീതിതമായ ഒരു വംശഹത്യ ഡൽഹിയിൽ അരങ്ങേറിയത്.
എന്നാൽ, വംശഹത്യാനന്തരം നടന്നുകൊണ്ടിരിക്കുന്ന അതിനെക്കുറിച്ചുള്ള വിശകലനങ്ങൾ ഒരു വർഗീയ കലാപമായോ ഇരു-സമുദായങ്ങൾ തമ്മിലുള്ള സംഘട്ടനമായോ ഒക്കെയാണ് ദൽഹി വംശഹത്യയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം-വിരുദ്ധ ഹിംസയെ ക്കുറിച്ച് ഗവേഷണം നടത്തുന്ന പോൾ ബ്രാസ് അഭിപ്രായപ്പെടുന്നത്, ഇത്തരം വിശകലനങ്ങൾ അക്രമത്തിന്റെ ഭാഗമായി തന്നെ ഉൽപാദിപ്പിക്കപ്പെടുന്നതാണ് എന്നാണ്. അഥവാ സംഘപരിവാർ കേവലം വംശഹത്യകൾ സംഘടിപ്പിക്കുകയോ നടപ്പാക്കുകയോ മാത്രമല്ല ചെയ്യുന്നത്, അതിലുപരി അതിനെക്കുറിച്ചുള്ള വിശകലനങ്ങളെ നിയന്ത്രിക്കുക കൂടിയാണ്. സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകളും പുസ്തകങ്ങളും ഇത് ഒരു ഹിന്ദു-വിരുദ്ധ കലാപമായും ഖിലാഫത് സമരത്തിന്റെ രണ്ടാം ഭാഗമായും വിശേഷിപ്പിക്കുന്നത് ഇൗ പദ്ധതിയുടെ ഭാഗമാണ്. ഇർഫാൻ അഹ്മദ് തന്റെ ലേഖനത്തിൽ അഭിപ്രായപ്പെടുന്നത്, ഇത്തരം വിശകലനങ്ങൾ ഹിംസക്കു ശേഷമുള്ള മറ്റൊരു ഹിംസയായാണ്.
അതിനാൽ തന്നെ സ്ഥാപനവൽകൃത ഹിംസയുടെ ഭാഗമായുള്ള ഡൽഹി വംശഹത്യയെ അതിന്റെ തുടർച്ചകളിലും നാം അന്വേഷിക്കേണ്ടതുണ്ട്. സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരെ തന്നെ അറസ്റ്റു ചെയ്തുകൊണ്ട് ദീർഘകാലം ജയിലിൽ അടക്കുന്ന ഭരണകൂടം ചെയ്യുന്നത് ഇരകളെ/ അതിജീവകരെ തന്നെ കുറ്റവാളികളാക്കി മുദ്ര കുത്തുകയാണ്. അതുപോലെ തന്നെ, വംശഹത്യ വേളയിൽ റിലീഫ് ക്യാമ്പുകളിലേക്ക് പലായനം ചെയ്തവരുടെ പുനരധിവാസത്തിലെ സർക്കാറിന്റെ ഇടപെടൽ ഇന്നും ചോദ്യചിഹ്നമാണ്. വംശഹത്യകളും മുസ്ലിം-വിരുദ്ധ മനോഭാവവും തുടരുന്ന ഉത്തരേന്ത്യയിൽ പുനരധിവാസം ഏറ്റെടുത്തു നടത്തുന്നതും എണ്ണം പറഞ്ഞ മുസ്ലിം സംഘടകളാണ്. വർഷങ്ങൾകൊണ്ട് നേടിയ ജീവിതസമ്പാദ്യങ്ങൾ ഏതുനിമിഷവും കൈവിട്ടുപോവുമെന്ന ഭയത്താൽ തിരികെ പോകുവാൻ തയ്യാറല്ലാത്ത അവർക്ക് മുമ്പിലുള്ള പോംവഴി. തങ്ങളുടെ വീട് തുച്ഛമായ വിലയ്ക്ക് വിറ്റുകൊണ്ടു മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ ഗല്ലികളിലേക്കു താമസം മാറ്റുക എന്നത് മാത്രമാണ്. തങ്ങളുടെ നശിപ്പിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ പുനരാരംഭിക്കുവാൻ വംശഹത്യക്ക് നേതൃത്വം നൽകിയ സവർണ-ധനികരെ തന്നെ ഭീമമായ പലിശ-അടിസ്ഥാനത്തിൽ വായ്പക്കായി സമീപിക്കേണ്ടി വന്നവരാണ് ഭൂരിപക്ഷവും. ആയതിനാൽ തന്നെ വംശഹത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ഉപഭോക്താക്കൾ അത് നടത്തുന്നവർ തന്നെയാണ്.
പൗരത്വ പ്രക്ഷോഭതോടുള്ള ഭരണകൂട മനോഭാവവും ഡൽഹി വംശഹത്യയും വിരൽ ചൂണ്ടുന്നത് മുസ്ലിം നിലനിൽപിന്റെയും അതിജീവനത്തിന്റെയും സമകാലിക ചോദ്യങ്ങളിലേക്കാണ്. ബാബ്റി മസ്ജിദിനു ശേഷം വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് ഉന്നം വെക്കുന്ന സംഘപരിവാർ തങ്ങളുടെ അജണ്ടകൾക്ക്-ഹിജാബ് നിരോധനമടക്കം-നിയമസംവിധാനങ്ങളെ കൂട്ടുപിടിച്ചാണ് മുസ്ലിം അപരവൽക്കരണം സാധ്യമാക്കുന്നത്. അതിനാൽ തന്നെ മറവികൾക്കെതിരെ ഒാർമകളുടെ സമരങ്ങൾക്ക് വലിയ പ്രാധാന്യമുള്ള സമകാലിക രാഷ്ട്രീയ ഭൂമികയിൽ അനീതികളുടെ ചരിത്രം കോറിയിടപ്പെടേണ്ടതുണ്ട്.
ന്യൂ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല ഗവേഷകൻ ആണ് ലേഖകൻ.