Quantcast
MediaOne Logo

ഡോ. പി.ജെ ജയിംസ്

Published: 16 Jan 2023 7:37 AM GMT

ഫാസിസ്റ്റ് വിരുദ്ധ ചേരി: അനിവാര്യതയും സമീപനങ്ങളും

ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ മനുവാദി-ഹിന്ദുത്വക്കെതിരെ എല്ലാ പുരോഗമന ബുദ്ധിജീവികളുമായും സമാന ചിന്താഗതിക്കാരുമായും ഐക്യപ്പെട്ടുകൊണ്ട് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഭൗതിക പിന്തുണയോടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ ദിവ്യാധിപത്യ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഭ്രാന്തമായ വേഗതയില്‍ ആര്‍.എസ്.എസ് ഏര്‍പ്പെട്ടിരിക്കുന്ന വേളയില്‍ ഇത് അത്യന്താപേക്ഷിതമാണ്.

ഫാസിസ്റ്റ് വിരുദ്ധ ചേരി: അനിവാര്യതയും സമീപനങ്ങളും
X

ആര്‍.എസ്.എസ് ഫാസിസത്തെ സമീപിക്കുമ്പോള്‍

ഇന്ത്യയുടെ ഭരണം കയ്യാളുന്ന ബി.ജെ.പി 2019ല്‍ അവകാശപ്പെട്ടതുപോലെ ആ സംഘടനയുടെ അംഗത്വ സംഖ്യ 18 കോടിയാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ഉപാധിയാണ് ബി.ജെ.പി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയുമാണ് ആര്‍.എസ്.എസ്. മനുസ്മൃതിയുടെ പ്രത്യയശാസ്ത്ര അടിത്തറ ഉള്‍ക്കൊള്ളുന്ന ആര്‍.എസ്.എസ് 1925-ല്‍ ഹെഡ്‌ഗേവാറിനെ ആദ്യത്തെ സര്‍സംഘ് ചാലക് ആയി സ്ഥാപിച്ചത് യൂറോപ്പില്‍ 'ക്ലാസിക്കല്‍' ഫാസിസം പ്രത്യക്ഷപ്പെട്ട അതേ സമയത്താണ്. ആര്‍.എസ്.എസ് ജന്മമെടുത്ത 1920-കളുടെ ദശകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കൊളോണിയല്‍ ഭരണത്തെ മാത്രമല്ല, ഫ്യൂഡല്‍ ക്രമത്തെയും ബ്രാഹ്മണ ജാതി വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് പാടെ പ്രക്ഷുബ്ധമായിരുന്നു. മഹാത്മാ ഫൂലെയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തുടര്‍ന്ന് ഡോ അംബേദ്കറുടെ നേതൃത്വത്തില്‍, 'തൊട്ടുകൂടാത്ത' ദലിതര്‍, അപ്രാപ്യമായ സാമൂഹിക ചുറ്റുപാടുകളില്‍ നിന്ന് രാഷ്ട്രീയ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയിരുന്നു. ഇതുള്‍പ്പെടെ, സവര്‍ണ്ണ വരേണ്യ മേധാവിത്വത്തിനെതിരായ വെല്ലുവിളികളാണ് ആര്‍.എസ്.എസ് രൂപീകരണത്തിലൂടെ ബ്രാഹ്മണ നേതൃത്വത്തെ അതിന്റെ ആധിപത്യം പുനഃസ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്.

സെമിറ്റിക് വംശങ്ങളെയും ജൂതന്മാരെയും തുടച്ചുനീക്കാനുള്ള ഹിറ്റ്ലറുടെ നാസി രീതിയെ അദ്ദേഹം പ്രശംസിച്ചു. മുസ്‌ലിം പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് ഇത് ഒരു നല്ല പാഠമായി അദ്ദേഹം നിര്‍ദ്ദേശിച്ചു. RSS ന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം അല്ലെങ്കില്‍ ഹിന്ദുരാഷ്ട്ര സിദ്ധാന്തം അനുസരിച്ച്, 'ഹിന്ദുവും ഹിന്ദുക്കളും മാത്രം, ഇന്ത്യന്‍ രാഷ്ട്രം രൂപീകരിക്കുക' എന്നതായിരുന്നു. ഇന്ത്യ ചരിത്രപരമായി ബഹുമതവും ബഹുഭാഷയും ഉള്‍ക്കൊള്ളുന്നതാണെങ്കിലും ഗോള്‍വാള്‍ക്കറെ സംബന്ധിച്ചിടത്തോളം, ജാതിയെന്നത് 'ഹിന്ദു രാഷ്ട്രത്തിന്റെ' പര്യായമായിരുന്നു. വംശീയവും ബഹുസാംസ്‌കാരികവും അനേകം ദേശീയതകള്‍ ചേര്‍ന്നതും ഒക്കെയാണെങ്കിലും മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥ ഈ സ്വത്വങ്ങളെയെല്ലാം മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്.

1925-ല്‍ ആര്‍.എസ്.എസ് രൂപീകരിക്കുന്നതിന് മുമ്പ്, സവര്‍ക്കര്‍ അതിന്റെ പ്രത്യയശാസ്ത്ര പശ്ചാത്തലമായി ഹിന്ദുത്വ അല്ലെങ്കില്‍ 'രാഷ്ട്രീയ ഹിന്ദുമതം' ('ഹിന്ദുത്വ' ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമാണ്) സ്ഥാപിച്ചു. 'ഹിന്ദുത്വ: ആരാണ് ഹിന്ദു?' എന്ന തന്റെ കൈയെഴുത്തു പ്രതിയില്‍, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇന്ത്യയിലെ മറ്റെല്ലാ ന്യൂനപക്ഷങ്ങളെയും ഒഴിവാക്കി, 'ഹിന്ദുക്കള്‍ തങ്ങള്‍ക്ക് ഒരു രാഷ്ട്രമായിരുന്നു' എന്ന് സവര്‍ക്കര്‍ വാദിച്ചിരുന്നു. 1940-ല്‍ ഹെഡ്ഗേവാറിന്റെ മരണശേഷം, RSS-ന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയി മാറിയ ഗോള്‍വാള്‍ക്കര്‍ തൊട്ടുകൂടാത്തവരോടുള്ള മനുവാദ സമീപനത്തോടെയും മുസ്ലീങ്ങളെ രാജ്യത്തിന്റെ മുഖ്യ ശത്രുക്കളായി അപകീര്‍ത്തിപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള പ്രതിബദ്ധതയോടെയുമായി അതിനെ ഒരു തീവ്രവാദ ഹിന്ദുത്വ സംഘടനയായി വികസിപ്പിച്ചെടുത്തു.

തുടക്കം മുതലേ, ആര്‍.എസ്.എസിന് യൂറോപ്യന്‍ ഫാസിസവു (ക്ലാസിക്കല്‍ ഫാസിസം) മായി അടുത്ത ബന്ധമുണ്ടായിരുന്നു, യുദ്ധകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയില്‍ ഇറ്റലിയിലും ജര്‍മ്മനിയിലും ഉടലെടുത്തതാണ് ക്ലാസ്സിക്കല്‍ ഫാസിസം. നാസി ഹിറ്റ്ലറെ പ്രശംസിച്ചുകൊണ്ട് അക്കാലത്തെ ആര്‍.എസ്.എസ് നേതൃത്വം ഫാസിസ്റ്റ് മുസ്സോളിനിയുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്നു. ഉദാഹരണത്തിന്, 1931-ല്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസ്സോളിനിയെ സന്ദര്‍ശിച്ച ഹെഡ്ഗേവാറിന്റെ മാര്‍ഗദര്‍ശിയും രാഷ്ട്രീയ ഗുരുവുമായ മൂന്‍ജെ, അര്‍ധസൈനിക വിഭാഗമായ 'സ്റ്റോം ട്രൂപ്പര്‍മാരെ'യും കരിങ്കുപ്പായക്കാരെയും പരിശീലിപ്പിച്ച ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭോന്‍സാല മിലിട്ടറി സ്‌കൂള്‍ 1937-ല്‍ നാസിക്കില്‍ ആരംഭിച്ചു. സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ മാനേജ്മെന്റിന് കീഴില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ഹിന്ദുത്വ ഗുണ്ടകള്‍ക്കും സൈനിക പരിശീലനം നല്‍കി. 2008ലെ മാലേഗാവ് സ്ഫോടനം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ ഭീകര പ്രവര്‍ത്തനങ്ങളുമായി ഭോന്‍സാല സ്‌കൂളിന്റെ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഹിറ്റ്ലറോട് ഉയര്‍ന്ന ബഹുമാനം പുലര്‍ത്തിയിരുന്ന ഗോള്‍വാള്‍ക്കര്‍, ഹിറ്റ്ലറുടെ വംശീയ വിശുദ്ധിയുടെ സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചു. സെമിറ്റിക് വംശങ്ങളെയും ജൂതന്മാരെയും തുടച്ചുനീക്കാനുള്ള ഹിറ്റ്ലറുടെ നാസി രീതിയെ അദ്ദേഹം പ്രശംസിച്ചു. മുസ്‌ലിം പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് ഇത് ഒരു നല്ല പാഠമായി അദ്ദേഹം നിര്‍ദ്ദേശിച്ചു. RSS ന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം അല്ലെങ്കില്‍ ഹിന്ദുരാഷ്ട്ര സിദ്ധാന്തം അനുസരിച്ച്, 'ഹിന്ദുവും ഹിന്ദുക്കളും മാത്രം, ഇന്ത്യന്‍ രാഷ്ട്രം രൂപീകരിക്കുക' എന്നതായിരുന്നു. ഇന്ത്യ ചരിത്രപരമായി ബഹുമതവും ബഹുഭാഷയും ഉള്‍ക്കൊള്ളുന്നതാണെങ്കിലും ഗോള്‍വാള്‍ക്കറെ സംബന്ധിച്ചിടത്തോളം, ജാതിയെന്നത് 'ഹിന്ദു രാഷ്ട്രത്തിന്റെ' പര്യായമായിരുന്നു. വംശീയവും ബഹുസാംസ്‌കാരികവും അനേകം ദേശീയതകള്‍ ചേര്‍ന്നതും ഒക്കെയാണെങ്കിലും മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥ ഈ സ്വത്വങ്ങളെയെല്ലാം മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ഒരു ഫാസിസ്റ്റ് സംഘടന എന്ന നിലയില്‍, RSS അതിന്റെ ആരംഭം മുതല്‍ തന്നെ ഇസ്‌ലാമോഫോബിക്, ക്രിസ്ത്യന്‍ വിരുദ്ധത, കമ്യൂണിസ്റ്റ് വിരുദ്ധത, സ്ത്രീ വിരുദ്ധത, ദളിത് വിരുദ്ധത എന്നിവയില്‍ ഊന്നിയതാണ്. മാത്രമല്ല അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അക്രമം ഉപയോഗിക്കുന്ന ശീലമാര്‍ന്നതുമാണ്.


കൊളോണിയല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന ദേശീയതയും ദേശസ്‌നേഹവും സത്തയില്‍ കൊളോണിയല്‍ വിരുദ്ധമായിരുന്നു. എന്നാല്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തെ വഞ്ചിച്ചതിന്റെ മറവായിരുന്നു ആര്‍.എസ്.എസിന്റെ 'സാംസ്‌കാരിക ദേശീയത'. മുസ്‌ലിംകള്‍ക്കുനേരെ പ്രകടിപ്പിക്കപ്പെട്ട വംശഹത്യാ വിദ്വേഷത്തോടൊപ്പം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള തീവ്രമായ അടിമത്തവും ആര്‍.എസ്.എസില്‍ തുടക്കം മുതല്‍ അന്തര്‍ലീനമാണ്. ഇക്കാരണത്താല്‍, ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് അത് പൂര്‍ണ്ണമായും വേര്‍പെട്ടു നില്‍ക്കുകയായിരുന്നു. ബ്രിട്ടീഷുകാരോട് പോരാടി തങ്ങളുടെ ഊര്‍ജം പാഴാക്കരുതെന്നും മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങിയ 'ആഭ്യന്തര ശത്രുക്കളോട്' പോരാടാന്‍ ഊര്‍ജം ഇത്തരത്തില്‍ ലാഭിക്കണമെന്നും ഉയര്‍ന്ന ആര്‍.എസ്.എസ് നേതൃത്വം അതിന്റെ അണികളെ ഉപദേശിച്ചു. അതുപോലെ, സംഘടന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉപരിതല സ്പര്‍ശിയായി തുടരുകയും ചെയ്തു.

ഭരണഘടനാ നിര്‍മാണ അസംബ്ലി ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോള്‍, ആ ഭരണഘടന അംഗീകരിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് ആര്‍.എസ്.എസ് മുന്നോട്ട് വരികയും അതിന്റെ സ്ഥാനത്ത് 'മനുസ്മൃതി' (സ്ത്രീകളെയും ദലിതരെയും മനുഷ്യത്വമില്ലാത്തവരായി തിരിച്ചറിയുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പുണ്യഗ്രന്ഥം അല്ലെങ്കില്‍ വര്‍ണ്ണ സമ്പ്രദായം) നിര്‍ദേശിക്കുകയും ചെയ്തു. വരേണ്യ ജാതികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി എല്ലാ ജാതികള്‍ക്കും റിപ്പബ്ലിക്കന്‍ ഭരണഘടന തുല്യത നല്‍കും എന്നതായിരുന്നു അതിന് കാരണം. വാസ്തവത്തില്‍, അംബേദ്കറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഭരണഘടനയെ എതിര്‍ക്കുന്നതിന് വളരെ മുമ്പുതന്നെ, 1947 ആഗസ്റ്റില്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ത്രിവര്‍ണ ദേശീയ പതാകയെയും എതിര്‍ത്തിരുന്നു. തീര്‍ച്ചയായും, 1948-ല്‍ രാഷ്ട്രപിതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന്, ഏതാനും മാസത്തേക്ക് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. 1949 ജൂലൈ 11-ന് ആര്‍.എസ്.എസ് നിരോധനം നീക്കാന്‍ സര്‍ദാര്‍ പട്ടേല്‍ മുന്നോട്ടുവച്ച വ്യവസ്ഥകളിലൊന്ന് ഇന്ത്യന്‍ ഭരണഘടനയോടും ദേശീയപതാകയോടും ആദരവ് പുലര്‍ത്തണം എന്നതായിരുന്നു. എന്നിരുന്നാലും, 2003ല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ്, അതായത് അര നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷമാണ് ആര്‍.എസ്.എസ് ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറായത്.

വ്യക്തമായും, യുദ്ധകാലഘട്ടത്തിലെ യൂറോപ്യന്‍ ഫാസിസത്തിന്റെ കാര്യത്തിലെന്നപോലെ, ഭരണവ്യവസ്ഥയുടെ അന്തര്‍ലീനമായ വൈരുധ്യങ്ങളുടെയും പ്രതിസന്ധിയുടെയും മൂര്‍ഛ വര്‍ധമാനമാകുന്നതിന്റെ ഫലമായിട്ടാണ് കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഏറ്റവും പിന്തിരിപ്പന്‍ വിഭാഗങ്ങളായ ഫാസിസ്റ്റുകളുടെ ഉയര്‍ച്ചയ്ക്ക് അവസരമൊരുങ്ങുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സാധാരണ കൊള്ളയും ചൂഷണവും വഴി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍, ജനകീയ സമരങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍, രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും ഫാസിസ്റ്റ് ശക്തികള്‍ക്ക് അധികാരം പിടിക്കാന്‍ അനുകൂലമായിത്തീരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1970കളിലെ പ്രതിസന്ധിയും ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനവുമാണ് അതുവരെ മുഖ്യധാരയ്ക്ക് പുറത്ത് നിലനിന്നിരുന്ന ആര്‍.എസ്.എസിനെ രാഷ്ട്രീയ വെളിച്ചത്തിലേക്ക് വരാന്‍ പ്രാപ്തമാക്കിയത്.

യുദ്ധാനന്തരമുള്ള ആദ്യത്തെ വലിയ പ്രതിസന്ധിയായ 'സ്റ്റാഗ്ഫ്‌ലേഷന്‍' വന്നതിന് ശേഷം, സാര്‍വദേശീയ തലത്തില്‍ ഇടതുപക്ഷത്തിനുണ്ടായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ തിരിച്ചടികള്‍ മുതലെടുത്തു കൊണ്ട് ബൂര്‍ഷ്വാ ഭരണകൂടം അതിന്റെ ക്ഷേമ മുഖംമൂടി ഉപേക്ഷിച്ച് മൂലധന ശേഖരണ പ്രക്രിയയില്‍ മാറ്റം വരുത്തി നവലിബറലിസത്തെ ആശ്ലേഷിക്കുകയായിരുന്നു.

ഒരു പുരോഗമന-ജനാധിപത്യ ബദലിന്റെ അഭാവമാണ് അത്തരമൊരു സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് വരാന്‍ ആര്‍.എസ്.എസിനെ പ്രാപ്തമാക്കിയത്. ആര്‍.എസ്.എസ് താമസിയാതെ ജനസംഘത്തെ മാറ്റി ബി.ജെ.പിയെ അതിന്റെ രാഷ്ട്രീയ ഉപകരണമായി രൂപം കൊടുത്തു. ബാക്കിയുള്ളവ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. നൂറുകണക്കിന് പരസ്യവും രഹസ്യവുമായ തീവ്രവാദ സംഘടനകളെ ആര്‍.എസ്.എസ് നയിച്ചുകൊണ്ട് സ്ഥലകാലങ്ങളില്‍ അതിന്റെ സ്വാധീനം വിശാലമാക്കുകയും ആഴത്തിലാക്കുകയും ചെയ്തു. ഇതിനോടൊപ്പം അതിന്റെ തീവ്ര വലതുപക്ഷ സാമ്പത്തിക തത്വശാസ്ത്രം, യു.എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ പാളയത്തോടുള്ള അചഞ്ചലമായ വിധേയത്വം എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്നും ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയായി സ്വയം അവകാശപ്പെടുന്നു. എണ്ണമറ്റ വിദേശ കാവി വിപുലീകൃത സംഘടനകളും ഭീമമായ കോര്‍പ്പറേറ്റ് ഫണ്ടിംഗിന്റെ പിന്തുണയുള്ള അഫിലിയേറ്റുകളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായി ആര്‍.എസ്.എസ് വളര്‍ന്നു.

അരനൂറ്റാണ്ടിനിടയില്‍ ആര്‍.എസ്.എസിനുണ്ടായ പെട്ടെന്നുള്ള കുതിച്ചു കയറ്റം ആഗോള നവലിബറലിസത്തിന്റെ ആവിര്‍ഭാവത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്. കാരണം, യുദ്ധാനന്തരമുള്ള ആദ്യത്തെ വലിയ പ്രതിസന്ധിയായ 'സ്റ്റാഗ്ഫ്‌ലേഷന്‍' വന്നതിന് ശേഷം, സാര്‍വദേശീയ തലത്തില്‍ ഇടതുപക്ഷത്തിനുണ്ടായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ തിരിച്ചടികള്‍ മുതലെടുത്തു കൊണ്ട് ബൂര്‍ഷ്വാ ഭരണകൂടം അതിന്റെ ക്ഷേമ മുഖംമൂടി ഉപേക്ഷിച്ച് മൂലധന ശേഖരണ പ്രക്രിയയില്‍ മാറ്റം വരുത്തി നവലിബറലിസത്തെ ആശ്ലേഷിക്കുകയായിരുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ, 1970-കളില്‍ ഇന്ത്യ അഭിമുഖീകരിച്ച രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി 1975-ല്‍ ഇന്ദിര ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു. 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലഘട്ടത്തില്‍, ഇന്ത്യന്‍ ഭരണകൂടം നവലിബറല്‍ ആജ്ഞകള്‍ക്ക് കീഴടങ്ങുകയും സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് മൂലധനത്തിന്റെ നിയോകൊളോണിയല്‍ കൊള്ളകള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ആഗോള കോര്‍പ്പറേറ്റ് മൂലധനവുമായി കൂടുതല്‍ സംയോജിപ്പിക്കുകയും നെഹ്റുവിയന്‍ 'സ്റ്റേറ്റിന്റെ നേതൃത്വത്തിലുള്ള വികസന മാതൃക' ഉപേക്ഷിക്കുകയും നവലിബറല്‍ നയങ്ങളെ ആശ്ലേഷിക്കുകയും ചെയ്തതിന്റെ ഫലമായി ഉണ്ടായ ഇന്ത്യയുടെ അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് ബി.ജെ.പിയെ അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി, അതായത്, ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാനുള്ള ചിന്തനീയമായ തന്ത്രം നല്ല രീതിയില്‍ രൂപകല്പന ചെയ്തത്. കൂടാതെ, കോണ്‍ഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വത്തിന്റെ സുഗമമായ പങ്ക് ഫലപ്രദമായി മുതലെടുത്ത്, കോര്‍പ്പറേറ്റ് പിന്തുണയോടെ, താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ ബി.ജെ.പിയെ ഇന്ത്യയിലെ ഏറ്റവും വലിയ ഭരണവര്‍ഗ പാര്‍ട്ടിയായി മാറ്റാന്‍ ആര്‍.എസ്.എസിന് എളുപ്പമാവുകയും ചെയ്തു. ആഗോള തലത്തില്‍ നവഫാസിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായിട്ട് അവിഭാജ്യമായ തലത്തില്‍ ബന്ധപ്പെട്ടു കൊണ്ട് ആര്‍.എസ്.എസിന് സമൂഹത്തിന്റെ സൂക്ഷ്മ, സ്ഥൂല തലങ്ങളില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതിനോടൊപ്പം ഫാസിസ്റ്റ് അധികാരാരോഹണത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.


രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് കൂടാരം സ്ഥാപിക്കാന്‍ സഹായിച്ച പ്രക്രിയയുടെ മുഴുവന്‍ പാതയും ഇവിടെ വരയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. 1920കളിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പൊടുന്നനെ ഉയിര്‍ത്തെഴുന്നേറ്റ മുസ്സോളിനി-ഹിറ്റ്‌ലര്‍ ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യന്‍ രാഷ്ട്രത്തിലെ മുഴുവന്‍ സിവിലിയന്‍, സൈനിക ഉപകരണങ്ങളിലും ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുള്ള, ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന വ്യവസ്ഥാപിതവും സുസ്ഥിരവും ദീര്‍ഘകാലികവുമായ ഒരു പ്രക്രിയയില്‍ വേരൂന്നിയതാണ് ആര്‍.എസ്.എസ് നയിക്കുന്ന ഇന്ത്യന്‍ ഫാസിസം. മറ്റ് സാമ്രാജ്യത്വ ശക്തികളുമായി കടുത്ത വൈരുധ്യം പുലര്‍ത്തിയിരുന്ന ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമായി, കൊളോണിയല്‍ കാലഘട്ടത്തിലും യുദ്ധാനന്തര നിയോ കൊളോണിയല്‍ കാലഘട്ടത്തിലും ഹിന്ദുത്വ ഫാസിസം തുടക്കം മുതല്‍ തന്നെ അന്താരാഷ്ട്ര ധനമൂലധനത്തിന് വിധേയമായിരുന്നു. എന്നിരുന്നാലും, നവലിബറല്‍ കാലഘട്ടത്തില്‍ ഈ പ്രക്രിയ ആരംഭിച്ചത് 1980-കള്‍ മുതല്‍ ഉള്ള രാമജന്മഭൂമി പ്രസ്ഥാനത്തോടെയാണ്. റാവു സര്‍ക്കാര്‍ നെഹ്റുവിയന്‍ മാതൃക ഉപേക്ഷിച്ച് തീവ്ര വലതുപക്ഷ നവലിബറല്‍ നയങ്ങള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തു, 1990-കളുടെ അവസാനത്തിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വാജ്പേയി ഗവണ്‍മെന്റിന്റെ കീഴിലുള്ള രണ്ടാം തലമുറ ആഗോളവല്‍ക്കരണം നടന്നു, 2002-ല്‍ ഗുജറാത്ത് വംശഹത്യ നടന്നു, 2014-ലെ മോദി അധികാരത്തില്‍ വന്നു, 2019-ല്‍ മോദി വീണ്ടും അധികാരത്തില്‍ വന്നു എന്നിവയെല്ലാം ഈ നവ-ഫാസിസ്റ്റ് പരിവര്‍ത്തനത്തിലേക്കുള്ള പ്രധാന നാഴികക്കല്ലുകളില്‍ ചിലതാണ്.

രണ്ടാം മോദി സര്‍ക്കാരിന് കീഴില്‍, സമ്പദ്വ്യവസ്ഥയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണ-കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്റെയും ഭരണഘടനാപരവും ഭരണപരവും സ്ഥാപനപരവുമായ മേഖലകളും അടങ്ങുന്ന സിവിലിയന്‍ മേഖലകളുടെയും (സൈനിക സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള ആര്‍.എസ്.എസ് സംരംഭം മുതല്‍ അഗ്‌നിപഥ് പദ്ധതി വരെ) സൈനിക ഘടനകളുടെയും അടക്കം കാവിവല്‍ക്കരണവും പൂര്‍ത്തീകരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. എന്നുവെച്ചാല്‍, 1939-ല്‍ ഗോള്‍വാള്‍ക്കര്‍ തന്റെ കൃതിയായ 'നാം, നമ്മുടെ രാഷ്ട്രം നിര്‍വചിച്ചു' എന്നതില്‍ പറഞ്ഞിരിക്കുന്നതു പോലെ മനുസ്മൃതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായി, അസഹിഷ്ണുത പേറുന്ന ഒരു ദൈവാധിപത്യ രാഷ്ട്രമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കാണ് ആര്‍.എസ്.എസ് ഇപ്പോള്‍ നീങ്ങുന്നത്. സി.എ.എ, യൂണിഫോം സിവില്‍ കോഡ് മുതലായവയിലൂടെ മുസ്‌ലിം കുടിയേറ്റക്കാരോടുള്ള ബഹുമുഖ വിവേചനത്തില്‍ പ്രകടമാകുന്ന മുസ്‌ലിം വിരുദ്ധത പോലുള്ള ഹിന്ദുത്വത്തിന്റെ എല്ലാ പ്രത്യേകതകളിലും (ഉദാഹരണത്തിന്, ഭൂമിയില്‍ 'ഏറ്റവും പീഡിപ്പിക്കപ്പെട്ടവര്‍' എന്ന് യു.എന്‍ വിശേഷിപ്പിച്ച റോഹിങ്ക്യകളെ 'നുഴഞ്ഞുകയറ്റക്കാരായി'' ചിത്രീകരിക്കുന്നു) ഇന്ന് ന്യൂനപക്ഷ പീഢനം എത്തിനില്‍ക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട ജാതി സംഘടനകളെ അപനിര്‍മിക്കുകയും അവയ്ക്ക് മേല്‍ മേധാവിത്തം സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വത്തിലേക്ക് സമന്വയിപ്പിക്കുകയെന്ന പരിപാടി ഇന്ത്യയിലെമ്പാടും നടപ്പാക്കപ്പെടുന്നുണ്ട്. ആധുനികതയുടെ എല്ലാ മൂല്യങ്ങളും നിരസിക്കപ്പെടുന്നു, യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തകള്‍ തിരസ്‌കരിക്കപ്പെടുന്നു, പാരമ്പര്യത്തെയും വിജ്ഞാനവിരോധവാദത്തെ (obscurantism) യും പരിപോഷിപ്പിക്കുന്നു, വിയോജിപ്പിനെയും വ്യത്യസ്ഥതകളേയും രാജ്യദ്രോഹമായി കണക്കാക്കുന്നു, വീരത്വത്തെയും വരേണ്യതയെയും ആരാധിക്കുന്നു, കമ്മ്യൂണിസ്റ്റ് വിരുദ്ധതയും കോര്‍പ്പറേറ്റ് ഫിനാന്‍സ് ക്യാപിറ്റലുമായുള്ള വിട്ടുവീഴ്ചയില്ലാത്ത ഐക്യവും മുഖമുദ്രയാക്കുന്നു എന്നിവ ആര്‍.എസ്.എസ് നവഫാസിസത്തിന്റെ പ്രകടിത സവിശേഷതകളാണ്.

നവലിബറലിസത്തിന് കീഴിലുള്ള ഫാസിസം അഥവാ നവഫാസിസം

ഈ നിര്‍ണായക ഘട്ടത്തില്‍, നിയോഫാസിസത്തെക്കുറിച്ചുള്ള മൂര്‍ത്തമായ ധാരണ - അതായത്, ഫാസിസവുമായി ബന്ധപ്പെട്ട പഴയ നിബന്ധനകളും പ്രയോഗങ്ങളും അപ്രസക്തമായിരിക്കുന്ന, നവലിബറലിസത്തിന്‍ കീഴിലുള്ള ഫാസിസം - ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും ഫാസിസത്തെ പരാജയപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഏറ്റവും പിന്തിരിപ്പന്‍ കോര്‍പ്പറേറ്റ്-ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വവുമായുള്ള ഫാസിസത്തിന്റെ അവിഭാജ്യമായ സംയോജനമാണ് അതിന്റെ സാര്‍വത്രിക സ്വഭാവം എന്നതില്‍ സംശയമില്ല. എന്നിരുന്നാലും, എല്ലാ സാഹചര്യങ്ങള്‍ക്കും ഫാസിസത്തിന്റെ ആവിര്‍ഭാവത്തിന് ഒരു നിശ്ചല രൂപമോ മാതൃകയോ ആരോപിക്കുന്നത് തെറ്റാണ്. മാത്രമല്ല, അത് ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും തടസ്സം സൃഷ്ടിക്കും. ഉദാഹരണത്തിന്, വിശാലമായ ഫാസിസ്റ്റ് വിരുദ്ധ ജനകീയമുന്നണി കെട്ടിപ്പടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ഫിനാന്‍സ് മൂലധനത്തിലെ ഉറച്ച അടിത്തറയുമായി ബന്ധപ്പെട്ട് ഫാസിസത്തെ നിര്‍വചിച്ച കോമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസ് (1935), കൊളോണിയല്‍ അര്‍ധ കൊളോണിയല്‍ രാജ്യങ്ങളിലും ഫാസിസത്തിന്റെ വികാസത്തിന്റെ വ്യത്യസ്ത രീതികളെ അടിവരയിട്ടിരുന്നു. ഇവിടെയൊന്നും 'ജര്‍മനിയിലും ഇറ്റലിയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും നമ്മള്‍ കണ്ടു ശീലിച്ച ഫാസിസത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല' എന്നത് കൃത്യമായി പരാമര്‍ശിച്ചു. അതായത്, രാജ്യങ്ങളുടെ പ്രത്യേക രാഷ്ട്രീയ, സാമ്പത്തിക, ചരിത്ര സാഹചര്യങ്ങളെ ആശ്രയിച്ച്, ഫാസിസം വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കാം.

21-ആം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ധന സമാഹരണത്തിന്റെ പ്രതിസന്ധി രൂക്ഷമായതോടെ, പ്രത്യേകിച്ച് 2008-ലെ 'സബ്-പ്രൈം ക്രൈസിസ്' മുതല്‍, ഡിജിറ്റൈസേഷന്‍ പോലുള്ള മുന്‍നിര സാങ്കേതികവിദ്യകളിലെ പുരോഗതി ഉപയോഗിച്ച്, ആഗോള മൂലധനം അതിന്റെ ഭാരം കൂടുതലും ലോകജനതയുടെ തോളിലേയ്ക്ക് മാറ്റുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, രാജ്യങ്ങളുടെ മൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതിലോമ, വംശീയ, വര്‍ഗീയ, നവോത്ഥാന, മതമൗലികവാദ, വിദ്വേഷ, വിജ്ഞാനവിരോധ പ്രത്യയശാസ്ത്രങ്ങളെ അതിന്റെ രാഷ്ട്രീയ അടിത്തറയായി ഫലപ്രദമായി ഉപയോഗപ്പെടുത്തി ആഗോള തലത്തില്‍ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സ്വേച്ഛാധിപത്യം നടപ്പിലാക്കാന്‍ നവഫാസിസം തീവ്രമായി ശ്രമിയ്ക്കുന്നു.

ഈ നിര്‍ണായക ചോദ്യത്തിന് ഇന്ന് ഒരു സ്ഥൂലതല മാനമുണ്ട്. രാജ്യത്തെ മുഴുവന്‍ പുരോഗമന-ജനാധിപത്യ വിഭാഗങ്ങള്‍, തൊഴിലാളിവര്‍ഗം, കര്‍ഷകര്‍, അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ക്കെതിരെ കോര്‍പ്പറേറ്റ്-ധനമൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും ഭീകരവുമായ ഘടകങ്ങളുടെ സര്‍ക്കാരാണ് ഫാസിസം എന്നതില്‍ സംശയമില്ല. എന്നിരുന്നാലും, 20-ആം നൂറ്റാണ്ടിലെ യുദ്ധാനന്തര കാലഘട്ടത്തില്‍ 'ക്ലാസിക്കല്‍ ഫാസിസം' ഉയര്‍ന്നുവന്നപ്പോള്‍, ധനമൂലധനം അല്ലെങ്കില്‍ സാമ്രാജ്യത്വം അതിന്റെ കൊളോണിയല്‍ ഘട്ടത്തിലായിരുന്നു. മറുവശത്ത്, ഇന്ന് യുദ്ധാനന്തര നവകൊളോണിയല്‍ ഘട്ടത്തില്‍, പ്രത്യേകിച്ച് നവലിബറല്‍ കാലഘട്ടത്തില്‍, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ പരിധിയില്ലാത്തതും അനിയന്ത്രിതവുമായ അതിര്‍ത്തികള്‍ ഭേദിച്ചുള്ള നീക്കങ്ങളിലൂടെ പ്രകടമാകുന്ന ആഗോളവല്‍ക്കരണത്തിലൂടെയോ മൂലധനത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിലൂടെയോ സമ്പത്ത് ശേഖരണം നടക്കുന്നു. 21-ആം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ധന സമാഹരണത്തിന്റെ പ്രതിസന്ധി രൂക്ഷമായതോടെ, പ്രത്യേകിച്ച് 2008-ലെ 'സബ്-പ്രൈം ക്രൈസിസ്' മുതല്‍, ഡിജിറ്റൈസേഷന്‍ പോലുള്ള മുന്‍നിര സാങ്കേതികവിദ്യകളിലെ പുരോഗതി ഉപയോഗിച്ച്, ആഗോള മൂലധനം അതിന്റെ ഭാരം കൂടുതലും ലോകജനതയുടെ തോളിലേയ്ക്ക് മാറ്റുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, രാജ്യങ്ങളുടെ മൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതിലോമ, വംശീയ, വര്‍ഗീയ, നവോത്ഥാന, മതമൗലികവാദ, വിദ്വേഷ, വിജ്ഞാനവിരോധ പ്രത്യയശാസ്ത്രങ്ങളെ അതിന്റെ രാഷ്ട്രീയ അടിത്തറയായി ഫലപ്രദമായി ഉപയോഗപ്പെടുത്തി ആഗോള തലത്തില്‍ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സ്വേച്ഛാധിപത്യം നടപ്പിലാക്കാന്‍ നവഫാസിസം തീവ്രമായി ശ്രമിയ്ക്കുന്നു.

അതിനാല്‍, ഇന്നത്തെ കോര്‍പ്പറേറ്റ് ധന സമാഹരണത്തിന്റെ യുക്തിയുമായി ബന്ധപ്പെട്ട് നവലിബറല്‍ ഫാസിസമോ നവഫാസിസമോ വിശകലനം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും, ആഗോളവല്‍ക്കരണം ഒരു പുതിയ അന്താരാഷ്ട്ര തൊഴില്‍ വിഭജനം അടിച്ചേല്‍പ്പിക്കുകയും ലോകവ്യാപകമായി അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ കടുത്ത ചൂഷണം അഴിച്ചുവിടുകയും അതുവഴി അതിന്റെ ധന സമാഹരണ പ്രതിസന്ധിയെ താല്‍ക്കാലികമായി മറികടക്കുകയും ചെയ്തുകൊണ്ട് പഴയ 'രാഷ്ട്ര കേന്ദ്രീകൃത ഉല്‍പ്പാദനം' പുനഃക്രമീകരിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. മറുവശത്ത്, ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ തിരിച്ചടികള്‍ മുതലെടുത്ത്, വിവിധ രാജ്യങ്ങളിലെ അധ്വാനിക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനങ്ങള്‍ക്കിടയിലുള്ള വൈജാത്യവും വൈവിധ്യതയും പ്രയോജനപ്പെടുത്തി, 'സ്വത്വ രാഷ്ട്രീയം', 'മള്‍ട്ടി കള്‍ച്ചറലിസം' തുടങ്ങിയ ഉത്തരാധുനിക പ്രത്യയശാസ്ത്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് കൊള്ളയടിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയും അതുവഴി മൂലധനത്തിനെതിരായ ചെറുത്തുനില്‍പ്പിനെ അസംഘടിതമാക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്തുകൊണ്ട് തൊഴിലാളിവര്‍ഗത്തിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കുന്നതിലും ധനമൂലധനം വിജയിച്ചു.


അങ്ങനെ, മൂലധനത്തിന്റെ അന്താരാഷ്ട്രവല്‍കരണവും അതിന്റെ ഭീകരവും വിനാശകരവും പ്രതിലോമപരവുമായ സത്തയും ജീര്‍ണ്ണതയും കണക്കിലെടുക്കുമ്പോള്‍, ഫാസിസം ഇന്ന് അന്തര്‍ദേശീയ സ്വഭാവമായി മാറിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍, മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്ന 'ക്ലാസിക്കല്‍ ഫാസിസത്തില്‍' നിന്ന് വ്യത്യസ്തമായി, നവഫാസിസം, അതായത്, നവലിബറലിസത്തിന്‍ കീഴിലുള്ള ഫാസിസം, ദേശീയ അതിര്‍ത്തികള്‍ മുറിച്ചുകടന്ന് ആഗോളമായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്, ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യത്തിന്റെ മൂര്‍ത്തമായ വിലയിരുത്തല്‍, എല്ലായിടത്തും ഭൂരിപക്ഷ മതം ധനമൂലധനത്തിന് നവഫാസിസത്തിന്റെ (ഉദാഹരണത്തിന്, അമേരിക്കയിലെ സുവിശേഷവാദം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ ഇസ്‌ലാം, ഇന്ത്യയിലെ ഹിന്ദുത്വം, ശ്രീലങ്കയിലെയു മ്യാന്‍മറിലെയും ബുദ്ധമതം) പ്രത്യയശാസ്ത്രപരമായ അടിത്തറയായി ഉപയോഗിക്കുന്നതിന് അനുയോജ്യമാണെന്ന് വ്യക്തമാക്കുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രഭുക്കന്മാര്‍ തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും എതിരെ ഒരു പാന്‍-യൂറോപ്യന്‍ നവഫാസിസ്റ്റ് സഖ്യം ആരംഭിച്ച രീതിയാണ് മറ്റൊരു ഉദാഹരണം.

ഇന്ന്, കോര്‍പ്പറേറ്റ് കൊള്ളയുടെ ഫലമായി ഉപജീവനമാര്‍ഗം, തൊഴില്‍, ആവാസവ്യവസ്ഥ, പരിസ്ഥിതി എന്നിവയിലുണ്ടായ നഷ്ടവും അതുപോലെ തന്നെ സാമൂഹ്യ ജനാധിപത്യവാദികള്‍ ഉള്‍പ്പെടെയുള്ള, നവലിബറല്‍ നയങ്ങള്‍ക്ക് ബദലില്ലാത്തവരായ മുഖ്യധാരാ പരമ്പരാഗത പാര്‍ട്ടികളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തലും സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയുടെ ബഹുജന മനഃശാസ്ത്രം മുതലെടുക്കാന്‍ എല്ലായിടത്തും നവഫാസിസ്റ്റുകള്‍ ഓവര്‍ടൈം പ്രവര്‍ത്തിക്കുന്നു. രാജ്യങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, നവഫാസിസ്റ്റുകള്‍ പൊതുവെ ഒരു എക്സ്‌ക്ലൂസീവിസവും ഭൂരിപക്ഷവാദവും പിന്തുടരുന്നു. ജനസംഖ്യയുടെ 'ഏകമാനജാതി' എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തെ ഉയര്‍ത്തിപ്പിടിച്ച് അതിനെ പലപ്പോഴും മത/വംശീയ, ഭാഷാ ന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, ദലിതര്‍, ആദിവാസികള്‍, സമൂഹത്തിലെ മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടതുമായ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന 'വിജാതീയ' വിഭാഗങ്ങള്‍ക്ക് എതിരായി തിരിച്ചു നിര്‍ത്തുന്നു. നവഫാസിസത്തിന് തഴച്ചുവളരാന്‍ വളക്കൂറുള്ള ഒരു മണ്ണ് ഒരുക്കുന്നതിന് അവരെ ഉപയോഗിച്ച് സര്‍വതലങ്ങളിലും അരാഷ്ട്രീയവല്‍ക്കരണവും സോഷ്യല്‍ എഞ്ചിനീയറിംഗും അവലംബിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍, തനതായ സവിശേഷതകളോടെ, ഇന്ത്യയിലെ ബി.ജെ.പി ഭരണം ഇന്നത്തെ നവഫാസിസ (കോര്‍പ്പറേറ്റ്-കാവി ഫാസിസ)ത്തിന്റെ ഒരു സാധാരണ ഉദാഹരണമാണ്. അനിയന്ത്രിതമായ നവലിബറല്‍-കോര്‍പ്പറേറ്റുവല്‍കരണത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണകൂടം ഇന്ന് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രമായ 'ഹിന്ദു ദേശീയത' അല്ലെങ്കില്‍ ഹിന്ദുത്വത്തിന് അനുസൃതമായി ഒരു ഹിന്ദു തിയോക്രാറ്റിക് രാഷ്ട്രമോ ഹിന്ദുരാഷ്ട്രമോ സ്ഥാപിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെ പറ്റി

ഈ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുമ്പോള്‍, മുന്‍കാല അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നു മാത്രമല്ല രാജ്യത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് 21-ആം നൂറ്റാണ്ടിലെ ധനമൂലധനത്തിന്റെ ചലന നിയമങ്ങളുടെ മൂര്‍ത്തമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും കൂടിയാണ് ഫാസിസ്റ്റ് വിരുദ്ധ ആക്രമണം ആരംഭിക്കേണ്ടത് എന്ന് കാണാന്‍ കഴിയും. വ്യക്തമായും, ഇതിനകം സൂചിപ്പിച്ചതുപോലെ, നവലിബറലിസത്തിന് കീഴിലുള്ള കോര്‍പ്പറേറ്റ്-ഫിനാന്‍സ് മൂലധനത്തിലെ ഏറ്റവും പിന്തിരിപ്പന്‍ വിഭാഗങ്ങളുടെ ഭരണമാണ് നവഫാസിസം. അതിനാല്‍, ഭരണവര്‍ഗ/ബൂര്‍ഷ്വാ പാര്‍ട്ടികള്‍ അടിസ്ഥാനപരമായി നവലിബറല്‍ ആഭിമുഖ്യത്തില്‍ ആണെങ്കിലും, അവയെല്ലാം ഫാസിസ്റ്റുകളല്ല. തീര്‍ച്ചയായും, നിയമവാഴ്ച, ബൂര്‍ഷ്വാ-ജനാധിപത്യ അവകാശങ്ങള്‍, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, ആവിഷ്‌കാര സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി നിലകൊള്ളുന്ന വിഭാഗങ്ങളുണ്ട്. എന്നിരുന്നാലും, നവലിബറലിസത്തില്‍ വേരുകളുള്ള അവരുടെ വര്‍ഗ സ്വഭാവവും കോര്‍പ്പറേറ്റ് മൂലധനവുമായുള്ള ബന്ധവും തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഏക പ്രവര്‍ത്തന മണ്ഡലം എന്ന കാഴ്ചപ്പാടും ഈ പാര്‍ട്ടികളെയെല്ലാം സാമൂഹിക ജിവിതത്തിലെ സൂക്ഷ്മ-സ്ഥൂല ഇടങ്ങളപ്പാടെ തന്നെ കവര്‍ന്നെടുത്ത ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍കൈയെടുക്കാന്‍ കഴിവില്ലാത്തവരാക്കുന്നു.

അതിനാല്‍, ഫാസിസം കയ്യടക്കിയ തന്ത്രപരമായ മേഖലകളില്‍ നിന്ന് ഫാസിസ്റ്റ് കൂടാരങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതുവരെ ഫാസിസ്റ്റ് തിരിച്ചുവരവിന്റെ ഭീഷണി (ബ്രസീലില്‍ അടുത്തിടെ നടന്ന നവഫാസിസ്റ്റ് അട്ടിമറി ശ്രമം ഇത് വ്യക്തമാക്കുന്നുണ്ട്) ഉയര്‍ത്തുന്നുണ്ട് എന്നതിനാല്‍ തെരഞ്ഞെടുപ്പ് വിജയം മാത്രം മതിയാകില്ല എന്നത് പഠിപ്പിച്ചു തരുന്നുണ്ട്. കാരണം, ഭരണകൂടത്തിന്റെ ഉപാധികള്‍ക്ക് മേലുള്ള നിയന്ത്രണത്തോടൊപ്പം, കാവി ഫാസിസ്റ്റുകള്‍ അവരുടെ വിശാലവും സമാനതകളില്ലാത്തതുമായ സംഘടനാ സംവിധാനത്തിലൂടെ തെമ്മാടികള്‍, അര്‍ധസൈനിക ഗുണ്ടകള്‍ എന്നിവയിലൂടെ 'തെരുവുശക്തി'യുടെ മേല്‍ ഗംഭീരമായ നിയന്ത്രണം സ്ഥാപിച്ചു. പാര്‍ലമെന്ററി പാതയിലൂടെ ഫാസിസ്റ്റുകളെ വെല്ലുവിളിക്കാനുള്ള തെരഞ്ഞെടുപ്പ് ഓപ്ഷന്‍ സൈദ്ധാന്തികമായി ഇന്ന് നിലവിലുണ്ടെങ്കിലും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളും കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, രാജ്യവ്യാപകവും വിശാലവുമായ ഫാസിസ്റ്റ് വിരുദ്ധ ജനകീയ പ്രസ്ഥാനം ഇല്ലാതെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലുള്ള കേവലമായ നീക്കങ്ങള്‍ക്ക് ഫാസിസ്റ്റുകളെ നേരിടാന്‍ കഴിയില്ല. ഫാസിസ്റ്റേതര ഭരണവര്‍ഗ പാര്‍ട്ടികള്‍ പലപ്പോഴും അവഗണിക്കുന്ന ഒരു വശമാണിത്.


വിശാലമായ 'ഇടത് സ്‌പെക്ട്രത്തിന്റെ' കാര്യത്തിലേക്ക് വരുകയാണെങ്കില്‍, അതില്‍ 'സോഷ്യല്‍ ഡെമോക്രാറ്റുകള്‍' (ഉദാ. സി.പി.ഐ.യും സി.പി.എമ്മും) മുതല്‍ സാഹസികര്‍ (ഉദാ. മാവോയിസ്റ്റുകള്‍) വരെയുണ്ട് എന്നു കാണാന്‍ കഴിയും. ഭരണവര്‍ഗങ്ങളിലെ ഫാസിസ്റ്റ് അനുകൂല, ഫാസിസ്റ്റ് ഇതര വിഭാഗങ്ങളെ (അവര്‍ക്ക് ഫാസിസം ഭരണവര്‍ഗങ്ങള്‍ക്കിടയിലെ ഭരണമാറ്റം മാത്രമാണ്) വേര്‍തിരിവ് കാണാത്ത രണ്ടാമത്തെ വിഭാഗം, ഏറ്റവും പിന്തിരിപ്പന്‍ വിഭാഗത്തിനും നവഫാസിസത്തിന്റെ തീവ്രവാദ വര്‍ഗ സത്തയ്ക്കും നേരെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാട് മുന്നോട്ട് വയ്ക്കുന്നതില്‍ പരാജയപ്പെടുന്നു. മറുവശത്ത്, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയില്‍ ഫാസിസം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൈദ്ധാന്തികരുടെ അഭിപ്രായത്തില്‍, മോദി ഭരണം ''ഫാസിസത്തിന്റെ വക്കിലാണ്'', അവിടെ ''ഫാസിസത്തിന്റെ ലക്ഷണങ്ങള്‍'' മാത്രമേയുള്ളൂ. ഈ മൂല്യനിര്‍ണ്ണയം ഫാസിസത്തോടുള്ള സ്റ്റീരിയോടൈപ്പ് സമീപനത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത്. ഫാസിസത്തെ യുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തിലെ 'ക്ലാസിക്കല്‍ ഫാസിസ'ത്തിന്റെ ഒരു പാഠപുസ്തക പകര്‍പ്പായി വീക്ഷിക്കുന്ന രീതിയാണ് ഇവിടെ കാണുന്നത്. നവഫാസിസത്തോടുള്ള ഈ യാന്ത്രിക സമീപനം ശാസ്ത്രീയ വിശകലനത്തിന് വിരുദ്ധമാണ്. ഏതൊരു സാമൂഹിക പ്രതിഭാസവും ഒരു പുതിയ ചരിത്ര പശ്ചാത്തലത്തിലും മറ്റൊരു സാമൂഹിക രൂപീകരണത്തിലും കൂടുതല്‍ രൂപാന്തരപ്പെടുകയും വികസിക്കുകയും ചെയ്യുമ്പോള്‍, ആ മൂര്‍ത്തമായ സാഹചര്യത്തിന്റെ സവിശേഷതകളോടും പ്രത്യേകതകളോടും അനിവാര്യമായും പൊരുത്തപ്പെടും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞു കൊണ്ട് ഇന്ന് ഫാസിസത്തിന് വംശപരവും വംശീയവുമായ ശുദ്ധീകരണത്തിനും ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സ്ത്രീകളെയും അടിച്ചമര്‍ത്താനും ഉന്മൂലനം ചെയ്യാനും കഠിനാധ്വാനം ചെയ്തു നേടിയ ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കാനും തൊഴിലാളികളെ ചൂഷണം ചെയ്യാനും തീവ്രവാദ രീതികള്‍ ഉപയോഗിക്കാന്‍ കഴിയും. പുതിയ സാങ്കേതിക വിദ്യകളിലൂടെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് കാലാവസ്ഥാ ദുരന്തത്തിലേക്കും മുഴുവന്‍ സൈനികവല്‍ക്കരണത്തിലേക്കും നയിക്കുന്നു. 'സോഷ്യല്‍ ഡെമോക്രാറ്റുകള്‍' ഫാസിസത്തോടുള്ള യാന്ത്രിക സമീപനം, അവര്‍ എവിടെയും എപ്പോള്‍ അധികാരത്തിലിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നവരെന്ന നിലയിലുള്ള സ്വന്തം നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതില്‍ സംശയമില്ല.


എന്നിരുന്നാലും, ഫാസിസത്തെക്കുറിച്ചുള്ള ഈ വ്യത്യസ്ത ധാരണകള്‍, ആര്‍.എസ്.എസ് നവഫാസിസത്തെ ചെറുക്കുന്നതിനും പരാജയപ്പെടുത്തുന്നതിനുമായി വിശാലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന അടിയന്തിരവും അനിവാര്യവുമായ ദൗത്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള ന്യായീകരണമാകരുത്. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും ശക്തമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതില്‍ സംശയമില്ല. അതേസമയം, ഇത്തരമൊരു അഖിലേന്ത്യാ പ്രസ്ഥാനം തയ്യാറാകുന്നത് വരെ നമുക്ക് കാത്തിരിക്കാനാവില്ല. കാരണം, അത് ആത്മഹത്യാപരമായിരിക്കും. അതിനാല്‍ വിഭാഗീയവും അവസരവാദപരവുമായ വ്യതിയാനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്, ഏറ്റവും പിന്തിരിപ്പന്‍ കോര്‍പ്പറേറ്റ് ചങ്ങാത്ത മൂലധനത്തിനും അവര്‍ പിന്തുണയ്ക്കുന്ന നവഫാസിസ്റ്റ് ഭരണകൂടത്തിനും എതിരെ പോരാടുന്നതിന് ഭരണവര്‍ഗങ്ങളിലെ ഫാസിസ്റ്റ് ഇതര വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കാന്‍ ഇടതു-ജനാധിപത്യ ശക്തികളുടെ ഭാഗത്തുനിന്ന് ശ്രമം ആവശ്യമാണ്.

എന്നിരുന്നാലും, അങ്ങനെ ചെയ്യുമ്പോള്‍, യഥാര്‍ഥ ഇടതുപക്ഷ, പുരോഗമന, ജനാധിപത്യ ശക്തികള്‍ ഇന്നത്തെ ഭരണവര്‍ഗ പാര്‍ട്ടികളുടെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഓവര്‍ലാപ്പിംഗ്, ഇന്റര്‍പെനട്രേറ്റിംഗ്, സങ്കീര്‍ണ്ണമായ നവലിബറല്‍ പരസ്പര ബന്ധങ്ങളും താല്‍പ്പര്യങ്ങളും ഒക്കെ സംബന്ധിച്ച് ബോധവാന്മാരായിരിക്കുകയും വേണം. ഫാസിസ്റ്റേതര ഭരണവര്‍ഗ പാര്‍ട്ടികളുമായും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുമായും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ തന്നെ അവരുമായി അശ്രാന്തം പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ നടത്തുകയും വേണം. അധ്വാനിക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദീര്‍ഘകാലവും തന്ത്രപരവുമായ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഈ വിഷയത്തില്‍ പുരോഗമന ജനാധിപത്യ ശക്തികളുടെ ഭാഗത്തുനിന്നുള്ള ഏതൊരു അലംഭാവവും 'ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെ' താല്‍പ്പര്യങ്ങള്‍ക്കായി അധ്വാനിക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും താല്‍പ്പര്യങ്ങളെ അടിയറ വെയ്ക്കുന്നതിലേക്ക് നയിക്കും. അത്തരമൊരു തെറ്റ് ഒഴിവാക്കാന്‍, കോര്‍പ്പറേറ്റ്-കാവി ഫാസിസത്തിനും അതിന്റെ പ്രകടനങ്ങള്‍ക്കും എതിരായ രാജ്യവ്യാപകമായ ജനകീയ സമരങ്ങളുടെ ഏകോപനം കെട്ടിപ്പടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഹിന്ദുത്വ ഫാസിസത്തിനും തീവ്ര വലതുപക്ഷ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ സമരങ്ങള്‍ സമന്വയിപ്പിച്ച് നിരവധി ജനകീയ പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. സി.എ.എ വിരുദ്ധ പ്രസ്ഥാനം അല്ലെങ്കില്‍ മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിഷേധിക്കുന്നതിനെതിരായ ജനകീയ മുന്നേറ്റം, കാര്‍ഷിക കോര്‍പ്പറേറ്റ് വല്‍കരണത്തിനെതിരായ ചരിത്രപരമായ കര്‍ഷക പ്രസ്ഥാനം എന്നിവ ഇക്കാര്യത്തില്‍ രണ്ട് ഉദാഹരണങ്ങളാണ്. ഇവയ്ക്കൊപ്പം തൊഴിലാളികള്‍, പ്രത്യേകിച്ച് അസംഘടിത വിഭാഗങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് പീഡിപ്പിക്കപ്പെടുന്ന മുസ്ലിംകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരവധി സമരങ്ങള്‍ രാജ്യത്തുടനീളം കോര്‍പ്പറേറ്റ് ആക്രമണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്നുണ്ട്. ആവാസ വ്യവസ്ഥയില്‍ നിന്നുള്ള പലായനം, പരിസ്ഥിതി വിനാശം, ജാതി അതിക്രമങ്ങള്‍, വര്‍ഗീയ അടിച്ചമര്‍ത്തലുകള്‍, ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങള്‍ തുടങ്ങിയവ ഉചിതമായ സംഘടനാ രൂപങ്ങളിലൂടെ ഈ സമരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, നവലിബറല്‍ നയങ്ങള്‍ക്കും ആര്‍.എസ്.എസ് നവഫാസിസത്തിനും എതിരെ ഒരു രാഷ്ട്രീയ ബദലിനെക്കുറിച്ച് സംവാദങ്ങളും ചര്‍ച്ചകളും ആരംഭിക്കാന്‍ പുരോഗമന, ജനാധിപത്യ ശക്തികള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. കോര്‍പ്പറേറ്റ്-കാവി ഫാസിസത്തിനെതിരായ പൊതു മിനിമം പരിപാടിയില്‍ അധിഷ്ഠിതമായ ഒരു ദേശീയ ഏകോപനത്തിലേക്ക് സംസ്ഥാനങ്ങളുടെ തലത്തിലുള്ള ഇത്തരം സംരംഭങ്ങള്‍ നയിക്കും. ശരിയായ ഇടപെടലുകള്‍ നടത്തിയാല്‍, ഈ നീക്കം, ഏറ്റവും പിന്തിരിപ്പന്‍മാരായ നവഫാസിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും പരാജയപ്പെടുത്തുന്നതിനുമായി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് ഇതര ഫാസിസ്റ്റ് പാര്‍ട്ടികളുമായുള്ള തന്ത്രപരമായ സഖ്യത്തിലേക്ക് വ്യാപിപ്പിക്കാം.

ഇവിടെ മനുവാദത്തിനെതിരെയും ദലിതര്‍ക്കെതിരെ വളരുന്ന മനുഷ്യത്വരഹിതമായ ബ്രാഹ്മണ ജാതി ആചാരങ്ങള്‍ക്കെതിരെയും ഫലപ്രദമായ ചെറുത്തുനില്‍പ്പ് കെട്ടിപ്പടുക്കുന്നതിലെ പ്രത്യേക പ്രസക്തിയെ കുറിച്ചും ഒരു പ്രത്യേക ശ്രദ്ധ ക്ഷണിയ്ക്കല്‍ ആവശ്യമാണ്. അതിനാല്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ മനുവാദി-ഹിന്ദുത്വയ്ക്കെതിരെ എല്ലാ പുരോഗമന ബുദ്ധിജീവികളുമായും സമാന ചിന്താഗതിക്കാരുമായും ഐക്യപ്പെട്ടുകൊണ്ട് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകള്‍ തീര്‍ച്ചയായും നടത്തേണ്ടതുണ്ട്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഭൗതിക പിന്തുണയോടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ ദിവ്യാധിപത്യ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഭ്രാന്തമായ വേഗതയില്‍ ആര്‍.എസ്.എസ് ഏര്‍പ്പെട്ടിരിക്കുന്ന വേളയില്‍ ഇത് അത്യന്താപേക്ഷിതമാണ്.

(countercurrent.com പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച, സഖാവ് പി ജെ ജെയിംസ് എഴുതിയ ലേഖനത്തിന്റെ മലയാള വിവര്‍ത്തനം)


TAGS :