കോഴിക്കോട് ലോക സാഹിത്യ ഭൂപടത്തില്‍ ഇടം പിടിക്കുമ്പോള്‍
യുനെസ്‌കോ പദവി വലിയ സാധ്യതകളാണ് കോഴിക്കോടിന് മുന്നില്‍ തുറന്ന് നല്‍കുന്നത്. മലബാറിന്റെ പൊതുവായ ചരിത്ര പാരമ്പര്യത്തിന്റെയും പൈതൃകങ്ങളുടെയും മഹത്വത്തെ അടയാളപ്പെടുത്താന്‍ ഇത് ഉപകരിക്കും.
ലോകത്തെ സര്‍ഗാത്മക നഗര പട്ടികയില്‍ കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നു. യുനസ്‌കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യന്‍ പട്ടണമായിരിക്കുകയാണ് കോഴിക്കോട്. സര്‍ഗാത്മക നഗരങ്ങളില്‍ പുതിയതായി ചേര്‍ത്ത ലോകത്തെ 55 സ്ഥലങ്ങളിലൊന്നായിട്ടാണ് കോഴിക്കോടിനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ഞൂറിലധികം ഗ്രന്ഥശാലകളും നിരവധി പുസ്തക പ്രസാധന സ്ഥാപനങ്ങളുമുള്ള യഥാര്‍ത്ഥ സ്ഥാനത്തേക്കു തന്നെയാണ് ഈ അംഗീകാരം എത്തിയിരിക്കുന്നത്. യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ആദ്യം നേടുന്നത് 2004 ല്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോ പട്ടണമാണ്. 2014 ല്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് നഗരവും ഈ പദവിക്ക് അര്‍ഹതനേടി. മഹത്തായ സാഹിത്യ പരമ്പര്യത്തിന്റെ പ്രൗഢിക്ക് പുറമെ, എഴുത്തുകാരുടെ സാന്നിധ്യം, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഒട്ടേറെ പുസ്തകമേളകള്‍, നഗരത്തിന്റെ സാഹിത്യ രംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സാമീപ്യം എന്നിവയൊക്കെ വിലയിരുത്തിയാണ് കോഴിക്കോട് ഈ പദവി നേടിയെടുത്തത്.
യുനെസ്‌കോ പദവി വലിയ സാധ്യതകളാണ് കോഴിക്കോടിന് മുന്നില്‍ തുറന്ന് നല്‍കുന്നത്. മലബാറിന്റെ പൊതുവായ ചരിത്ര പാരമ്പര്യത്തിന്റെയും പൈതൃകങ്ങളുടെയും മഹത്വത്തെ അടയാളപ്പെടുത്താന്‍ ഇത് ഉപകരിക്കും. പഴയ ബ്രിട്ടീഷ് മലബാറിന്റെ തലസ്ഥാനമായിരുന്നു ഒരിക്കല്‍ കോഴിക്കോട് നഗരം. ഇരുപത്തി ഏഴാമത്തെ സാമൂതിരിയാണ് ഈ നഗരം പടുത്തുയര്‍ത്തിയതെന്നാണ് ചരിത്രം. സുഗന്ധ ദ്രവ്യങ്ങളുടെയും സ്വര്‍ണ്ണം, തുണി എന്നിവയിലൂടെ തിരക്കുപിടിച്ച തുറമുഖ നഗരം കൂടിയായിരുന്നു ഇത്. ഈ വഴിയിലൂടെ തന്നെയാണ് പില്‍കാലത്ത് കൊളോണിയല്‍ ആധിപത്യം കടന്നുവന്നത്. സത്യത്തിന്റെ തുറമുഖമെന്ന് ഖ്യാതി നേടിയ നഗരം പില്‍ക്കാലത്ത് വിജ്ഞാനത്തിന്റെയും, സാംസ്‌കാരിക ഇടപെടലുകളുടെയും, ദേശീയ പ്രക്ഷോഭങ്ങളുടെയുമൊക്കെ ഭൂമികയായി മാറുകയായിരുന്നു. വ
ായനയെന്ന സാംസ്‌കാരത്തിന് ഊര്‍ജം പകര്‍ന്ന അന്തരീക്ഷം കൂടിയായിരുന്നു മലബാറിന്റെ മണ്ണിലെ വിസ്മരിക്കാനാവാത്ത പ്രതിഭകള്‍. സാഹിത്യവും കലയും സിനിമയും സംഗീതവും, ഭക്ഷണ വൈവിധ്യങ്ങളും, നാടകവും ഫുട്‌ബോളുമൊക്കെ ഇഴുകി ചേര്‍ന്ന മഹത്തായ പാരമ്പര്യമാണ് കോഴിക്കോടിന്റെത്. വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടേക്ക് കുടിയേറുന്ന ഒരാള്‍ പോലും തിരിച്ചു പോകാന്‍ ആഗ്രഹിക്കാത്ത മണ്ണാണിത്. അതിരുകളില്ലാത്ത സുഹൃദത്തിന്റെ കണ്ണികള്‍ ഇവിടെ മതസൗഹാര്‍ദ്ദവും, തുറന്ന മനസ്സും നല്‍കി പരസ്പരം ആദരിച്ചു കഴിയുന്നു. കോഴിക്കോടിന്റെ സാംസ്‌കാരിക, സാഹിത്യ പാരമ്പര്യത്തെ മുന്നോട്ട് നയിച്ചതില്‍ ഉറൂബ്, പി. ഭാസ്‌കരന്‍ അക്കിത്തം, തിക്കോടിയന്‍ എന്നിവര്‍ക്ക് പുറമെ ആകാശവാണിയും വലിയ പങ്കു വഹിച്ചിട്ടുണ്ട്. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ സംഘടനാ പ്രവര്‍ത്തനങ്ങളും ആത്മീയാന്വേഷണങ്ങളും, പത്ര പ്രസിദ്ധീകരണങ്ങളും ഈ നഗരത്തെ എഴുത്തിലേക്കും വായനയിലേക്കും നയിച്ച ഘടകങ്ങളാണ്.
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ച വേളയില്‍ ഇവ പ്രസരിപ്പിച്ച ഊര്‍ജ്ജം ഏറെ വലുതാണ്. സൂഫി ജീവിത വഴിയില്‍ ആകൃഷ്ടനായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍, കൂടല്ലൂരിന്റെ കഥയെഴുത്തുകാരനായ എം.ടി വാസുദേവന്‍ നായര്‍, ലോക സഞ്ചാര കഥകളെഴുതിയ എസ്.കെ പൊറ്റക്കാട്, കോഴിക്കോടിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ സാന്നിധ്യമറിയിച്ച എന്‍.പി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, തിക്കോടിയന്‍, ഉറുബ് തുടങ്ങി കാലയവനികയില്‍ മറഞ്ഞ നിരവധി പേര്‍. യുനെസ്‌കോ പദവിയെ കോഴിക്കോട്ടെ പൗരസമൂഹം എങ്ങിനെയാണിനി ഉപയോഗപ്പെടുത്തുക എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഒരു സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക പൊലിമ നിലനിര്‍ത്തുന്ന രീതിയില്‍ നഗരത്തെ വാര്‍ത്തെടുക്കുക എന്ന ദൗത്യത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. ഇതിന് ആവശ്യമായ ആന്തരിക സൗകര്യങ്ങള്‍ ഇപ്പോള്‍ ഈ പട്ടണത്തിന് ഉണ്ടോ എന്ന കാര്യം സംശയമാണ്.
അന്യ നാടുകളില്‍ നിന്നും എത്തുന്ന എഴുത്തുകാര്‍ക്ക് സാംസ്‌കാരിക വിനിമയങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഇന്നും നഗരത്തിലില്ല. രാജ്യാന്തര നിലവാരമുള്ള ലൈബ്രറികള്‍ പോലും ഇല്ലെന്ന് പറയാം. പുതിയ പദവി ലഭിക്കുന്നതോടെ വിവിധ ലോക നഗരങ്ങളുമായി സാഹിത്യ വിനിമയങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കകപ്പെടും. ഇവിടുത്ത പുതിയ എഴുത്തുകാര്‍ക്ക് അത് വലിയ നേട്ടമാകും. സാഹിത്യ ടൂറിസത്തിന്റെ വാതിലുകള്‍ വിശാലമായി തുറക്കപ്പെടും. കോഴിക്കോട്ടെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സഹൃദയര്‍ക്കുമെല്ലാം സാഹിത്യ വിനിമയ പരിപാടികളുടെ ഭാഗമാകാന്‍ കഴിയുമെന്നത് നിസ്തര്‍ക്കമാണ്. ആഗോള പ്രശസ്തരായ എഴുത്തുകാരെ അടുത്ത് കാണാന്‍ ലഭിക്കുന്നതും, സാഹിത്യോത്സവങ്ങളില്‍ നിറ സാന്നിധ്യമാവുന്നതുമൊക്കെ അഭിമാനിക്കാനുള്ള നിമിഷങ്ങളാണ്. ഇത് കോഴിക്കോട്ട്കാര്‍ക്ക് മാത്രമല്ല, ഓരോ കേരളീയനും ഇന്ത്യക്കാരനും അഭിമാനീ പുരസ്‌കാര ലബ്ധി എന്ന കാര്യത്തില്‍ സംശയമില്ല.