Quantcast
MediaOne Logo

സജീദ് ഖാലിദ്

Published: 7 Feb 2023 11:20 AM GMT

അധികാര കേന്ദ്രീകരണം ശക്തിപ്പെടുത്തുന്ന, സാമൂഹ്യനീതി തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റും, ഫെബ്രുവരി മൂന്നിന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റും പരിശോധിച്ചാല്‍ രണ്ടിലും ഒരേ രാഷ്ട്രീയ നിലപാടാണുള്ളത് എന്ന് കാണാം. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയും കേരളം ഭരിക്കുന്നത് സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫുമാണ് എന്നിരിക്കെ ധനവിനിയോഗം സംബന്ധിച്ച രാഷ്ട്രീയം കൊടി വ്യത്യാസമില്ലാതെ ഒന്നാണ് എന്നത് അത്ര ചെറിയ കാര്യമല്ല.

അധികാര കേന്ദ്രീകരണം ശക്തിപ്പെടുത്തുന്ന, സാമൂഹ്യനീതി തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍
X

ധനസമാഹരണവും ധനവിനിയോഗവും കൃത്യമായ രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്നതാണ്. അത് വ്യക്തിയായാലും സംഘടനയായാലും രാഷ്ട്രമായാലും. ഭരണഘടന അനുഛേദം 112 അനുസരിച്ച് രാജ്യത്തെ വാര്‍ഷിക ധനകാര്യ പ്രസ്താവനയാണ് ബജറ്റ്. ആ നിലക്ക് രാജ്യത്തെ ജനങ്ങളുടെ ജീവതം എങ്ങനെ മുന്നോട്ട് പോകുമെന്നും രാഷ്ട്രം ഏത് ദിശയില്‍ സഞ്ചരിക്കുമെന്നുള്ള രാഷ്ട്രീയ ദിശാ സൂചിക കൂടിയാണ് ബജറ്റ്.

എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബജറ്റുകള്‍ അവതരണത്തിന് വേണ്ടിമാത്രമുള്ളതായി കഴിഞ്ഞു. അത് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റായാലും സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റായാലും. ബജറ്റുകള്‍ പലപ്പോഴും സുന്ദരപദങ്ങള്‍ വെച്ചുള്ള ആകര്‍ഷക പ്രഖ്യാപനങ്ങളാവുകയും നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും പൊതുസമൂഹത്തിന് ലഭിക്കാതെ പോകുകയും ചെയ്യുന്ന ഒന്നായി മാറി എന്നതാണ് വസ്തുത.

ഏതായാലും രാജ്യത്ത് അവതരിപ്പിക്കപ്പെടുന്ന ബജറ്റുകളില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരുടെ രാഷ്ട്രീയം വ്യക്തമാകും. ഏത് തരം രാജ്യത്തെ, അല്ലെങ്കില്‍ സംസ്ഥാനത്തെയാണ് സര്‍ക്കാര്‍ വാര്‍ത്തെടുക്കാനാഗ്രഹിക്കുന്നതെന്ന് ബജറ്റിലൂടെ കണ്ണോടിച്ചാല്‍ കൃത്യമായി മനസ്സിലാകും. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റും, ഫെബ്രുവരി മൂന്നിന് സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റും പരിശോധിച്ചാല്‍ രണ്ടിലും ഒരേ രാഷ്ട്രീയ നിലപാടുള്ളതാണ് എന്ന് കാണാം. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയും കേരളം ഭരിക്കുന്നത് സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫുമാണ് എന്നിരിക്കെ ധനവിനിയോഗം സംബന്ധിച്ച രാഷ്ട്രീയം കൊടി വ്യത്യാസമില്ലാതെ ഒന്നാണ് എന്നത് അത്ര ചെറിയ കാര്യമല്ല.

ബി.ജെപി ഭരണം രാജ്യത്തെ എവിടെയാണ് എത്തിക്കുന്നത് എന്നത് വ്യക്തമാണ്. രാജ്യത്തെ ദരിദ്ര ജനവിഭാഗത്തെ കൂടുതല്‍ ദരിദ്രരാക്കുക എന്നത് ബി.ജെ.പി ഉയര്‍ത്തുന്ന ചാതുര്‍വര്‍ണ്യ രാഷ്ട്രീയത്തിലെ ജാതിഘടനയുമായി കൂടി ബന്ധപ്പെട്ടതാണ്. അധികാര-വിഭവങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ജനത ആര് എന്ന് രാജ്യത്തിന്റെ ആഭ്യന്തര ഘടനയില്‍ വ്യക്തവുമാണ്. രാജ്യത്തെ സാധാരണ ജനസമൂഹത്തെ ആകര്‍ഷിച്ചതും, ഗ്രാമീണ മേഖലകളില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാകുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതുമായ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. എന്നു മാത്രമല്ല, പ്രാദേശിക സമ്പദ്ഘടനയുടെ പോഷണം കൂടിയാണിത്. ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതല്‍ തന്നെ പദ്ധതിയുടെ കടയ്ക്കല്‍ കത്തിവെയ്ക്കല്‍ ആരംഭിച്ചു. ഓരോ സാമ്പത്തിക വര്‍ഷവും വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. പദ്ധതിക്ക് 2021-22ല്‍ 98,467.85 കോടി രൂപയാണ് അനുവദിച്ചതെങ്കില്‍ 2022-23ല്‍ ഇത് 89,400 കോടി രൂപയായി. ഇത്തവണ വീണ്ടും (2023- 24) 60,000 കോടി രൂപയായി വെട്ടിച്ചുരുക്കി. തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കണമെങ്കില്‍ ചുരുങ്ങിയത് രണ്ട് ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരുമെന്നിരിക്കെയാണ് ഈ വലിയ കുറവ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കും കഴിഞ്ഞ തവണ അനുവദിച്ച 9,652 കോടി രൂപ എന്നത് 9,636 കോടി രൂപയായി കുറഞ്ഞത് കാണാം.


ന്യൂനപക്ഷ ഫണ്ടുകള്‍ ഗണ്യമായി വെട്ടിക്കുറച്ചത് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു രാഷ്ട്രീയ സമീപനമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ സമൂഹങ്ങളായ മുസ്‌ലിം- ക്രൈസ്തവ വിഭാഗങ്ങളെ ആഭ്യന്തര ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ പ്രായോഗിക സമീപനമാണ് ന്യൂനക്ഷങ്ങളുടെ പരിരക്ഷയും സുരക്ഷയും ഇല്ലാതാക്കുക എന്നത്. അതിന്റെ സാമ്പത്തിക നടപടിയാണ് ഫണ്ട് കുറക്കല്‍. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതം കഴിഞ്ഞ വര്‍ഷം 5,020.5 കോടി എന്നത് 3,097 കോടിയാക്കി വെട്ടിക്കുറച്ചു. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 1,425 കോടി വകയിരുത്തിയത് ഇത്തവണ 992 കോടിയായി കുറച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് 2022-2023 ബജറ്റില്‍ 160 കോടിയായിരുന്നു വകയിരുത്തിയതെങ്കില്‍ ഇത്തവണ കേവലം 10 കോടി മാത്രമാണ് വകയിരുത്തിയത്. ന്യൂനപക്ഷങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള രാഷട്രീയ നീക്കം കൂടിയാണ് ഇത്.

ആദായ നികുതി പരിധി വര്‍ധിപ്പിച്ചതടക്കം മധ്യവര്‍ഗത്തിന് സന്തോഷം നല്‍കുന്ന ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. നികുതി സ്ലാബുകളിലെ ലഘൂകരണം, കസ്റ്റംസ് എക്‌സൈസ് ഡ്യൂട്ടി എന്നിവയില്‍ കാര്യമായി വര്‍ധന പ്രഖ്യാപിക്കാത്തത്, ഒന്‍പത് സംസ്ഥാന തെരെഞ്ഞടുപ്പുകളും വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള മധ്യവര്‍ഗ പിന്തുണ ഉറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്.

അപ്പോഴും കോര്‍പ്പറേറ്റുകളെ താലോലിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. 2020ല്‍ ശതകോടീശ്വരന്മാര്‍ 102 ആയിരുന്നു. അത് ഇപ്പോള്‍ 166 പേരായി ഉയര്‍ന്നു. ഏറ്റവും പാവപ്പെട്ട 50 ശതമാനം പേരുടെ സ്വത്ത് രാജ്യത്തെ സ്വത്തിന്റെ മൂന്നു ശതമാനംമാത്രം. എന്നു മാത്രമല്ല ജി.എസ്.ടിയിലെ 64 ശതമാനം നല്‍കുന്നത് ജനസംഖ്യയിലെ 50 ശതമാനം പേരാണ്. രാജ്യത്തെ വിഭവങ്ങളുടെ 80 ശതമാനത്തോളം കൈവശം വെച്ചിരിക്കുന്ന അതിസമ്പന്‍മാരുടെ ജി.എസ്.ടി വിഹിതം വെറും നാല് ശതമാനം മാത്രാണ്. അത് തുടരും തോറും രാജ്യത്തെ അസമത്വം വര്‍ധിക്കും.

അധികാര വിഭവങ്ങളില്‍ പങ്കാളിത്തമില്ലാത്ത ദലിത്-പിന്നാക്ക സമൂഹം അതേ നിലയില്‍ തുടരുകയും ജാതിഘടനയില്‍ അധികാര വിഭവങ്ങളില്‍ നൂറ്റാണ്ടുകളായി ആധിപത്യമുള്ള വിഭാഗങ്ങള്‍ ആ നിലയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ആര്‍.എസ്.എസ് താത്പര്യപ്പെടുന്ന സവര്‍ണ്ണാധിപത്യ സംഘ്‌രാഷ്ട്ര നിര്‍മിതിക്കായുള്ള സാമ്പത്തിക പിന്തുണയാണ് കേന്ദ്രബജറ്റ് എന്നതില്‍ സംശയമില്ല.

കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. വര്‍ഗ വിശകലനത്തില്‍ തൊഴിലാളി വര്‍ഗത്തോടൊപ്പവും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരുടെയൊപ്പവും നില്‍ക്കേണ്ട സര്‍ക്കാര്‍. ഇന്ത്യയിലെ രാഷ്ട്രീയ പരിസ്ഥിതിയില്‍ മതേതരപക്ഷത്ത് നിന്ന് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ വളര്‍ച്ചാ സാധ്യതയെ സാമൂഹ്യമായി പ്രതിരോധിക്കേണ്ടുന്ന ചുമതലകൂടി മതേതര സര്‍ക്കാരുകള്‍ക്കുണ്ട്. ആ നിലക്ക് അതിന്റെ ചാമ്പ്യന്‍മാരെന്നു അവകാശപ്പെടുന്ന കേരളത്തിലെ സി.പി.എമ്മിന് പ്രത്യേക ഉത്തരവാദിത്വമുണ്ട്. സി.പി.എം നയിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന ബജറ്റ് ആ നിലയ്ക്കുകൂടി വരേണ്ടതാണ്.

കേരളം അസാമാന്യമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് വ്യക്തമാണ്. ഈ പ്രതിസന്ധിയുടെ കാരണമാകട്ടെ ആഗോള സാമ്പത്തിക മാന്ദ്യം കൊണ്ടു മാത്രം ഉണ്ടായതല്ല. വിഭവങ്ങളയും സാദ്ധ്യതകളെയും പ്രയോജനപ്പെടുത്താതെയുള്ള സാമ്പത്തിക മിസ്മാനേജ്‌മെന്റ്മൂലം ഉണ്ടായതാണ്. കേരളം ആറ് വര്‍ഷമായി തുടര്‍ച്ചായി ഭരിക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ട് തന്നെ ഇനി മറ്റാരെയെങ്കിലും പഴിചാരി രക്ഷപ്പെടാമെന്നത് സാധ്യവുമല്ല.



3.6 ലക്ഷം കോടി കടന്ന പൊതുകടമുള്ള സംസ്ഥാനം പക്ഷേ നികുതിപിരിച്ചെടുക്കുന്നതില്‍ രാജ്യത്ത് ഏറ്റവും പിന്നിലാണ്. 2016മുതല്‍ 2021വരെ അഞ്ച് കൊല്ലത്തില്‍ കേരളം കൈവരിച്ച വളര്‍ച്ച രണ്ട് ശതമാനം മാത്രമാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 19 സംസ്ഥാനങ്ങളുടെ നികുതിപിരവ് വളര്‍ച്ചാ നിരക്ക് 6.3 ശതമാനം ആകുമ്പോള്‍ കേരളത്തിന്റേത് വെറും രണ്ട് ശതമാനം മാത്രമാണ്. എന്നാല്‍, റവന്യു ചെലവില്‍ രാജ്യത്ത് തന്നെ ഒന്നാമത് കേരളമാണ്. 90.39 ശതമാനമാണ് റവന്യു ചെലവ്.

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി തുക നീക്കിവെക്കുന്നതാണ് ഇത്ര റവന്യൂ ചെലവ് വരാനുള്ള കാരണം എന്നാണ് പലരും കരുതുക. എന്നാല്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തില്‍ സാമൂഹ്യ സേവന പദ്ധതികള്‍ക്ക് പണം നീക്കിവച്ചതില്‍ 2016-മുതല്‍ 21 വരെ 19 സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സ്ഥാനം പതിനേഴാമതാണ്. ആന്ധ്രയും, ബംഗാളും, ഗുജറാത്തും, രാജസ്ഥാനും ഒക്കെ സേവന പദ്ധതികള്‍ക്ക് കേരളത്തെക്കാള്‍ വിഹിതം നീക്കി വച്ചിട്ടുണ്ട്. ഭരണ ധൂര്‍ത്തും സാമ്പത്തിക മിസ്മാനേജ്‌മെന്റും വഴി എത്തിപ്പെട്ട അവസ്ഥയാണ് കേരളത്തെ ഈ കെണിയിലാക്കിയത്.

ഈ സാമ്പത്തിക കുടുക്ക് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് പോലെ സാധാരണക്കാരുടെ മേല്‍ നികുതിഭാരം ചുമത്തുക എന്ന സാമൂഹ്യനീതി വിരുദ്ധ നിലപാടാണ് ഇടതുസര്‍ക്കാരും സ്വീകരിച്ചതെന്ന് 2023-24 ലെ ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു. ജി.എസ്.ടി വന്നതോടെ നികുതി വരുമാനം സ്വയം തീരുമാനിക്കാനുള്ള മേഖലകള്‍ ചുരുങ്ങിയെങ്കിലും സാധ്യമായ എല്ലാ മേഖലയിലും അതി കഠിനമായ നികുതി നിര്‍ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്.

ധനസമാഹരണത്തിന് സാധാരണക്കാരനെതന്നെ ആശ്രയിക്കാം എന്ന രീതിയാണ് കേന്ദ്രത്തെപ്പോലെ കേരളവും പിന്തുടരുന്നത്. പെട്രോള്‍ ഡീസല്‍ വില തീവിലയായി ഉയരുകയും വിലക്കയറ്റം അസഹ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് രൂപ സെസ് കൂടി ഏര്‍പ്പെടുത്താനുള്ള കേരള സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിന് ആനുപാതികമായി സംസ്ഥാനത്തിന് ലഭിക്കുന്ന നികുതിയും വര്‍ധിക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളും അധിക നികുതി വേണ്ട എന്നുവെക്കുകുകയോ ഇളവ് നല്‍കുകയോ ചെയ്തപ്പോഴൊന്നും കേരളം ഒരിളവും നല്‍കിയിരുന്നില്ല. അതിന്റെ മേലെയാണ് വീണ്ടും രണ്ട് രൂപ അടിച്ചേല്‍പിക്കുന്നത്. സമീപ സംസ്ഥാനങ്ങളെക്കാള്‍ ലിറ്ററിന് 8-10 രൂപ വില കൂടുതലാണ് പെട്രോളിനും ഡീസലിനും കേരളത്തില്‍ ഇപ്പോള്‍ തന്നെ.

അരി വില, ബസ് ചാര്‍ജ്, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയെല്ലാം വളരെ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ബജറ്റിന് മുമ്പ് തന്നെ ഇതെല്ലാം ഉയര്‍ത്തിയിരുന്നു. പൊതുമാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന പൊതുവിതരണ ശൃഖല ദുര്‍ബലപ്പെട്ടിട്ട് നാളുകളേറെയായി. സര്‍ക്കാര്‍ നേരത്തേ തന്നെ ധനസമാഹരണ മാര്‍ഗമായി കാണുന്നത് ലോട്ടറിയും മദ്യവുമാണ്. ഇതു രണ്ടും വഴി അടിസ്ഥാന വര്‍ഗത്തിന്റെ പണമാണ് ഖജനാവിലേക്കും ഇതൊക്കെ നിയന്ത്രിക്കുന്ന മദ്യ ലോബികളിലേക്കും ഒഴുകുന്നത്. ഇത് പ്രാദേശിക സമ്പദ്ഘടനയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കോവിഡ് കാലത്തും ഉത്സവ വേളകളിലും സര്‍ക്കാര്‍ നല്‍കിയ സൗജന്യ കിറ്റുകള്‍ക്ക് പകരം, പണമായി നല്‍കിയിരുന്നുവെങ്കില്‍ പ്രദേശിക ചെറുകിട കച്ചവടക്കാരുടെ വരുമാനം വര്‍ധിക്കുമായിരുന്നു. ഇത് ജി.എസ്.ടിയിലും വ്യത്യാസം വരുത്തും. പകരം കേന്ദ്രീകൃത കിറ്റു വിതരണം ഈ രംഗത്തെ ഏതാനും വന്‍കിട കുത്തകകള്‍ക്ക് മാത്രമാണ് ഗുണകരമായി മാറുക. അഴിമതി സാധ്യതയും ഉയരും.

തൊഴിലുറപ്പ് പദ്ധതി ക്ഷേമ പെന്‍ഷന്‍ തുടങ്ങിയവയാണ് സാധാരണ ജനങ്ങളുടെ കൈകളില്‍ പണമെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍. ക്ഷേമ പെന്‍ഷനില്‍ ന്യായമായ വര്‍ധന പ്രതീക്ഷിച്ചിരുന്നു. പക്ഷേ, നിലവിലുള്ള 1600 രൂപ നിലനിര്‍ത്തുക മാത്രമാണ് ചെയ്തത്. വിലക്കയറ്റം മൂലം ജീവിതം ദുരിതമാകും എന്നു മാത്രമല്ല, സാധാരണക്കാരുടെ കൈയിലെ പണത്തില്‍ വരുന്ന വര്‍ധനവ് ശക്തിപ്പെടുത്താവുന്ന പ്രാദേശിക സമ്പദ്ഘടന ദുര്‍ബലമാകുകയും ചെയ്യും.

പെട്രോള്‍ ഡീസല്‍ സെസ് മാത്രമല്ല, കെട്ടിട നികുതി, ഭൂമിയുടെ ന്യായവില വര്‍ധനവ്, ഒഴിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ള അധിക നികുതി, കോടതി ഫീസ്, വാഹന നികുതി, ഫ്‌ലാറ്റ് അപ്പാര്‍ട്ട്‌മെന്റുകളുടെ മുദ്രവില വര്‍ധന, തുടങ്ങിയ എല്ലാ നികുതി നിര്‍ദേശങ്ങളും സാധരണക്കാരെയും ഇടത്തരക്കാരില്‍ താഴ്ന്നവരെയും ശക്തമായി ബാധിക്കും.

കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള 4,000 കോടി നല്‍കുന്നില്ലെന്നാണ് ഇത്തരം അധിക നികുതി നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാരും സി.പി.എമ്മും പറയുന്ന ന്യായം. പക്ഷേ, കേന്ദ്രത്തില്‍ നിന്ന് ഇത് വാങ്ങിയെടുക്കാനുള്ള സമ്മര്‍ദ്ദമോ തന്ത്രമോ സ്വീകരിക്കുന്നില്ല. കേന്ദ്രത്തില്‍ കേരളത്തിന്റെ അംബാസിഡറായി ക്യാബിനറ്റ് റാങ്കോടെ പരിവാരസമേതം നേരത്തേ എ. സമ്പത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ കെ.വി തോമസ് ഉണ്ട്. എന്തിനാണ് അവരെയൊക്കെ നിയമിച്ച് കൂടുതല്‍ ചെലവ് വരുത്തുന്നത് എന്നതും വ്യക്തമാക്കാന്‍ ബാധ്യത സര്‍ക്കാരിനുണ്ട്.

കേന്ദ്രം തരാതിരിക്കുന്നതിന് സാധാരണക്കാരെ കൊള്ളയടിക്കുകയല്ലല്ലോ വേണ്ടത്. സംസ്ഥാനത്തിന് തന്നെ നികുതി വര്‍ധിപ്പിക്കാതെ നികുതി പിരിവ് ശക്തിപ്പെടുത്താം. നിലവില്‍ പൊലീസ് പെറ്റി പിടിക്കല്‍ മാത്രമാണ് ശക്തമായുള്ളത്. അതും സാധരണക്കാരെയാണ് പിഴിയുന്നത്. പാറ മണ്‍ല്‍ പോലുള്ള പ്രകൃതി വിഭവങ്ങളുടെ റോയല്‍റ്റി പിരിവ് 40 ശതമാനം പോലും നടക്കുന്നില്ല, ആമേഖലയില്‍ അനധികൃതമായ കടത്തും ധാരാളമുണ്ട്. അത് പിടിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിയും സ്വീകരിക്കുന്നില്ല. ഖനനം പൊതുമേഖലയില്‍ മാത്രമാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. 2016 ലെ എല്‍.ഡി.എഫ് പ്രകട പത്രികയില്‍ ഇത് വാഗ്ദാനവുമായിരുന്നു. പാറ ക്വാറികളാണ് കേരളത്തിലെ സി.പി.എമ്മിന്റെ ഏറ്റവും വലിയ സംഭാവന സോഴ്‌സ് എന്ന് തെരെഞ്ഞെടുപ്പ് കമീഷനില്‍ സി.പി.എം തന്നെ നല്‍കിയ കണക്കുകള്‍ വ്യക്തമാണ്.

അതുകൊണ്ട് ഈ നിലയ്ക്കുള്ള നീക്കങ്ങളില്‍ സര്‍ക്കാരിന്റെ കൈപൊള്ളും. വൈദ്യുതി കുടിശിക 10 കോടി രൂപ വരെയുള്ള സ്വകാര്യ ഹൈടോന്‍ഷന്‍ ഉപഭോക്താക്കളുണ്ട്. അത്തരം കുടിശിക ബോര്‍ഡ് പിരിച്ചെടുക്കുന്നില്ല. വൈദ്യുതി കുടിശ്ശിഖ സര്‍ക്കാരിന് ലഭിക്കേണ്ടുന്ന നികുതിയിലും കുറവ് വരുത്തും, വെള്ളക്കരവും ഈ വിധമുണ്ട്. ഇതൊന്നും ചെയ്യാന്‍ നടപടിയില്ലാതെ ആ ഭാരവും കുടിശ്ശിഖയില്ലാതെ വൈദ്യുതി ചാര്‍ജും വെള്ളക്കരവും കൃത്യമായി അടക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന വര്‍ധനവാണ് വരുത്തുന്നത്. ഇതെല്ലാം സാമ്പത്തിക രംഗത്ത് അസന്തുലിതത്വം വളര്‍ത്തും.

ഭൂരഹിതരുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ മൗനമാണ്. ആകെ ബജറ്റില്‍ വന്നിട്ടുള്ളത് 5000 ദലിത് കുടുംബങ്ങള്‍ക്ക് ഭൂമിനല്‍കാന്‍ 1800 കോടി വകയിരുത്തുന്നു എന്നതാണ്. അതായത് ഒരു കുടുംബത്തിന് ശരാശരി 3.6 ലക്ഷം. നടത്തിപ്പ് ചിലവും മുദ്ര ചിലവും കഴിഞ്ഞാല്‍ മൂന്ന് ലക്ഷം രൂപ പോലും ലഭിക്കില്ല. ഈ വിലക്ക് കേരളത്തില്‍ എവിടെയാണ് ഭൂമി ലഭിക്കുക. നേരത്തേ 6 ലക്ഷം അനുവദിച്ചിരുന്നു. അതിനും ഭൂമി ലഭിക്കാതെ അനുവദിക്കപ്പെട്ട നിരവധി പേര്‍ക്ക് ഭൂമി ഇപ്പോഴും ലഭ്യമല്ലെന്നിരിക്കെയാണ് ഈ കുറവ് വരുന്നത്. ഇത് നടക്കാന്‍ പോകുന്ന പദ്ധതിയല്ലെന്ന് വ്യക്തമാണ്.

തീരജനതയുടെ ക്ഷേമം ആദിവാസിക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കാതിരിക്കുകയും ഈ വര്‍ഷം അതിലും കുറവ് അനുവദിക്കുകയും ചെയ്യുകയാണ് ബജറ്റ്. പക്ഷേ, അപ്പോഴും അദാനി തുറമുഖത്തിന്റെ റിങ്‌റോഡിന് ആയിരം കോടി അനുവദിച്ചു എന്നത് ബജറ്റിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതാണ്. മുന്നാക്ക വികസന കോര്‍പ്പറേഷന് 38.05 കോടി അനുവദിക്കുമ്പോള്‍ പിന്നാക്ക വികസന കോര്‍പ്പറേഷന് 16 കോടി രൂപ മാത്രവും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന് 13 കോടി മാത്രവും അനുവദിക്കുന്നത് സാമൂഹ്യ നീതിയുടെ തലത്തില്‍ ഇടതു സര്‍ക്കാര്‍ ബി.ജെ.പി തുടരുന്ന അതേ നയം പിന്തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചകമാണ്.

ഇത്രയൊക്കെ സാമ്പത്തിക പ്രതിസന്ധിയിലും ഭരണ ധൂര്‍ത്തിന് ഒരു കുറവുമില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, കരാര്‍ നിയമനങ്ങള്‍, വെറും പൊങ്ങുതടികളായി ഖജനാവ് തിന്നുന്ന ബോര്‍ഡ്- കോര്‍പ്പറേഷനുകളില്‍ നടത്തുന്ന പാദസേവകരുടെ നിയമനങ്ങള്‍, ആഡംബര വാഹനങ്ങള്‍ മാറി മാറി വാങ്ങുന്നത് അടക്കം ഭരണ ധൂര്‍ത്തിന്റെ ഉത്തുംഗതയിലാണ് കേരളം. ചെലവു ചുരുക്കലും ഒരു വരുമാന മാര്‍ഗമാണ് എന്ന നിലക്ക് ഭരണ ചെലവുകളില്‍ കുറവ് വരുത്താനുള്ള നടപടികളൊന്നും ബജറ്റ് നിര്‍ദേശങ്ങളിലില്ല.

സമ്പത്തും വിഭവങ്ങളും അധികാരവും ചിലരില്‍ കേന്ദ്രീകരിച്ചതിന് കാരണം രാജ്യത്തെ ജാതി വ്യവസ്ഥയാണ്. അത് ഇന്നും തുടരുന്നു. അത് നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും ആര്‍.എസ്.എസ് ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റും രാഷ്ട്രീയവും ആ പരിഗണനയിലാകുന്നതില്‍ അത്ഭുതമില്ല. പക്ഷേ ഇടതുസര്‍ക്കാരും ആ രീതി തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തു. ഇതറിഞ്ഞ് ബജറ്റിന്റെ സമീപനത്തില്‍ തന്നെ തിരുത്തല്‍ വരുത്തുകയാണ് ഈ കാലത്തെ മികച്ച ധനകാര്യ മാനേജ്‌മെന്റ്. അതുതന്നെയാണ് രാഷ്ട്രീയവും.

TAGS :