Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 18 May 2023 4:32 PM GMT

യുയു.സി ആള്‍മാറാട്ടം, എസ്.എഫ്.ഐയുടെ തിരിമറി; പരാതി, നടപടി

തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. അതില്‍ അട്ടിമറികള്‍ ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജനാധിപത്യം പഠിച്ചു പ്രവര്‍ത്തിക്കേണ്ടയിടങ്ങളില്‍ നിന്ന് തന്നെ ഇത്തരം ജനാധിപത്യ വിരുദ്ധ അട്ടിമറികള്‍ ഉണ്ടാകുന്നത് തികച്ചും നിരാശാജനകമാണ്.

യുയു.സി ആള്‍മാറാട്ടം, എസ്.എഫ്.ഐയുടെ തിരിമറി; പരാതി, നടപടി
X

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്നും തെരെഞ്ഞെടുപ്പില്‍ വിജയിച്ച യു.യു.സിയുടെ പേര് വെട്ടി മാറ്റി അവിടെ എസ്.എഫ്.ഐ നേതാവിന്റെ പേര് വെച്ച് യു.യു.സി ആക്കാനുള്ള ശ്രമം നടന്നു എന്ന ഗുരുതരമായ ആക്ഷേപം എസ്.എഫ്.ഐക്കെതിരെ ഉയര്‍ന്നു വന്നിരിക്കുകയാണ്. അനഘ, ആരോമല്‍ എന്ന വിദ്യാര്‍ഥികളാണ് എസ്.എഫ്.ഐ പാനലില്‍ യു.യു.സി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. അതിനു ശേഷം കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് അയക്കേണ്ട പട്ടികയില്‍ പ്രിന്‍സിപ്പല്‍ അനഘയുടെ പേരുവെട്ടി എ. വിശാഖിന്റെ പേര് നല്‍കി. എ. വിശാഖ് എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയും ആ കോളജിലെ തന്നെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാത്ത, ജയിക്കാത്ത വിശാഖിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അയക്കുന്ന ആള്‍മാറാട്ടമാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ഉണ്ടായിരിക്കുന്നത്. വിശാഖിനെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആക്കാന്‍ വേണ്ടി സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് ഈ ആള്‍മാറാട്ടം എന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

സംഭവം വിവാദമായതോടെ സര്‍വകലാശാല കോളജില്‍ നിന്ന് വിശദീകരണം തേടുകയും കോളജ് വിശാഖിന്റെ പേരൊഴുവാക്കി സര്‍വകലാശാലക്ക് കത്തയക്കുകയും ചെയ്തു. ഇതില്‍ കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം സാങ്കേതികമായി പറ്റിയ ഒരു പിശക് ആണെന്നും അതുകൊണ്ട് തന്നെ യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച ലിസ്റ്റില്‍ നിന്ന് വിശാഖിന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ കത്ത് നല്‍കി ഈ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിച്ചു എന്ന സംശയം വളരെ ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്. സര്‍വകലാശാല രജിസ്ട്രാര്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത് ചൂണ്ടിക്കാണിക്കുകയും കോളജ് പ്രിന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാനും വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പിപ്പിക്കാനും ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം തന്നെ യൂണിവേഴ്‌സിറ്റി തെരെഞ്ഞെടുപ്പ് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വിശാഖ് ഇതൊന്നും എസ്.എഫ്.ഐയുടെ അറിവോടെ ചെയ്തതല്ല എന്ന വിശദീകരണമാണ് എസ്.എഫ്.ഐ നേതൃത്വം പറയുന്നത്. മത്സരിക്കാത്ത വിശാഖിന്റെ പേര് ജയിച്ചവരുടെ ലിസ്റ്റില്‍ ഉണ്ടെന്നറിഞ്ഞിട്ടും നേതൃത്വത്തെ അറിയിക്കാനോ പേര് ലിസ്റ്റില്‍ നിന്നും മാറ്റാനോ ഉള്ള ഒരു നടപടിയും വിശാഖ് സ്വീകരിച്ചില്ല എന്നത് കൊണ്ട് എസ്.എഫ്.ഐയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും വിശാഖിനെ മാറ്റാന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സ്വാഭാവികമായും എങ്ങിനെ ഈ ലിസ്റ്റില്‍ വിശാഖിന്റെ പേര് വന്നു എന്ന ചോദ്യം ഉയര്‍ന്നുവരും.

വിദ്യാര്‍ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ രാജിവെച്ചാല്‍ പോലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഈ ചട്ടം ഒന്നും ബാധകമല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ എ. വിശാഖ് എങ്ങനെ യു.യു.സിആയി ലിസ്റ്റില്‍ കയറി എന്ന് പ്രിന്‍സിപ്പല്‍ വിശദീകരിക്കേണ്ടി വരും. ഇത് വിശാഖിന്റെ മാത്രം കൈകടത്തലാണോ അതോ ഇതിനു പിന്നില്‍ സംഘടനയുടെ പിന്‍ബലം ഉണ്ടോ എന്നതും ഇതില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളാണ്. സംഘടനയുടെ പിന്‍ബലം ഉണ്ടെങ്കില്‍ തന്നെ അതിന് കോളജിന്റെ ഭരണ സമിതിയില്‍ ഇടപെടാനും പ്രിന്‍സിപ്പലിനെ സ്വാധീനിക്കാനും ആ പിന്‍ബലം ഉപയോഗിച്ചിട്ടുണ്ടോ എന്നതെല്ലാം പുറത്തുവരേണ്ടതുണ്ട്.

വിഷയത്തില്‍ പ്രതിഷേധവുമായി വിവിധ വിവദ്യാര്‍ഥി-യുവജന സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു.

എസ്.എഫ്.ഐ നേതാക്കന്മാരെ യൂണിവേഴ്‌സിറ്റി ഇലക്ട്രോളില്‍ തിരുകിക്കയറ്റുന്നത് തികച്ചും വിദ്യാര്‍ഥിവിരുദ്ധമാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐയുടെ എല്ലാവിധ ശ്രമങ്ങളെയും പ്രതിരോധിക്കുമെന്നുമാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചത്.

എസ്.എഫ് ഐയുടെ ആള്‍മാറാട്ടം ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്നാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ അലി സവാദ് പ്രതികരിച്ചത്. ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടുള്ള എസ്.എഫ്.ഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും, കേരളത്തിലെ കാമ്പസുകളില്‍ ജനാധിപത്യ അട്ടിമറിയും, ഗുണ്ടായിസവും കൊണ്ടാണ് എസ്.എഫ്.ഐ അവരുടെ അധികാരത്തെ നിലനിര്‍ത്തി കൊണ്ടിരിക്കുന്നതെന്നും ഫ്രറ്റേണിറ്റി കുറ്റപ്പെടുത്തുന്നു.

പ്രതിഷേധം കനത്തതോടെ കേരള സര്‍വകലാശാല നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. സര്‍വകലാശാല വിലയിരുത്തല്‍ പ്രകാരം അട്ടിമറി ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രഥമദൃഷ്ട്യ കോളജ് പ്രിസിപ്പല്‍ ജി.ജെ ഷൈജുവിനാണ് എന്നുമാണ് സര്‍വകലാശാല വിലയിരുത്തുന്നത്. ഡോ. ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ സര്‍വകലാശാല കോളജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന അടിയന്തിര സിന്റിക്കേറ്റ് യോഗത്തിനുശേഷം തീരുമാനമുണ്ടാകും. ഈ വിഷയം മാത്രം അജണ്ടയായി വച്ചിരിക്കുന്ന യോഗത്തില്‍ വിശാഖിനെ അടക്കം പ്രതിയാക്കി ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസ് നല്‍കണമോ വേണ്ടയോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകും. മാത്രവുമല്ല കാട്ടാക്കട കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പൂര്‍ണമായും റദ്ദാക്കി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന കാര്യവും തീരുമാനിക്കും. അതിനുശേഷം മാത്രമായിരിക്കും സര്‍വകലാശാല യൂണിയന്‍ തെരെഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയും നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യുക.

തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. അതില്‍ അട്ടിമറികള്‍ ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ജനാധിപത്യം പഠിച്ചു പ്രവര്‍ത്തിക്കേണ്ടയിടങ്ങളില്‍ നിന്ന് തന്നെ ഇത്തരം ജനാധിപത്യ വിരുദ്ധ അട്ടിമറികള്‍ ഉണ്ടാകുന്നത് തികച്ചും നിരാശാജനകമാണ്.

TAGS :