Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 30 Sep 2023 4:51 PM GMT

വീരപ്പന്‍ വേട്ടയുടെ മറവില്‍ സ്ത്രീവേട്ട നടത്തിയവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍

പതിനെട്ട് ആദിവാസി സ്ത്രീകളെ ട്രക്കില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ എത്തിച്ച് ബലാത്സംഘം ചെയ്തുവെന്നായിരുന്നു സംഘത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.

വീരപ്പന്‍ വേട്ടയുടെ മറവില്‍ സ്ത്രീവേട്ട നടത്തിയവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍
X

രാജ്യത്തെ ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ ഉദ്യമമായിരുന്നു 'വീരപ്പന്‍ വേട്ട'. കൊടും കുറ്റവാളിയും കള്ളക്കടത്തുകാരനുമായ വീരപ്പനെ ഏതു വിധേനയും പിടികൂടണമെന്നായിരുന്നു ദൗത്യസംഘത്തിന് സര്‍ക്കാരിന്റെ നിര്‍ദേശം. ആ നിര്‍ദേശത്തെ എന്തും ചെയ്യാനുള്ള ലൈസന്‍സ് ആയി ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടു. 'വേട്ട' സംഘം, ആദിവാസി ഗോത്ര വിഭാഗക്കാരായ വചാതി ഗ്രാമത്തിലെ പുരുഷന്മാരെ തല്ലിച്ചതക്കുകയും സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കുകയും 18 സ്ത്രീകളെ ബലാത്സംഘം ചെയ്യുകയുമായിരുന്നു. കേസിലെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന വിചാരണ കോടതി വിധി ശരിവെച്ചാണ് മദ്രാസ് ഹൈക്കേടതിയുടെ വിധി.

ഏറ്റവും ദുര്‍ബലമായ, സര്‍ക്കാര്‍ സംരക്ഷണം ലഭിക്കേണ്ട വിഭാഗമാണ് ആദിവാസികള്‍. അവരില്‍ തന്നെയും സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കേണ്ട പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം അതില്‍ വീഴ്ച വരുത്തുന്നു എന്ന് മാത്രമല്ല, ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതും ദിനേന നാം കാണുന്നുണ്ട്.

1992 ജൂണ്‍ 20 നാണ് തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഗോത്രവര്‍ഗം അധിവസിക്കുന്ന വചാതി ഗ്രാമം വീരപ്പന്‍ വേട്ടസംഘം വളയുന്നത്. ഗ്രാമവാസികള്‍ വീരപ്പനെ സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു നീക്കം. നാല് ഐ.എഫ്.എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 155 വനം വകുപ്പ് ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്. ഒപ്പം 108 പൊലീസ് ഉദ്യോഗസ്ഥരും ആറ് റവന്യൂ വകുപ്പ് ജീവനക്കാരും സംഘത്തിലെ അംഗങ്ങളായിരുന്നു. 18 ആദിവാസി സ്ത്രീകളെ ട്രക്കില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ എത്തിച്ച് ബലാത്സംഘം ചെയ്തുവെന്നായിരുന്നു സംഘത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. നൂറിലധികം പേരെ തല്ലിച്ചതക്കുകയും കുടിലുകള്‍ തകര്‍ത്ത് കൊള്ളയടിക്കുകയും ചെയ്തു. മൂന്ന് മാസമാണ് 90 സ്ത്രീകളെയും 28 കുട്ടികളെയും ഇവര്‍ തടവിലാക്കിയത്.


വെട്രിമാരന്റെ 'വിടുതലൈ പാര്‍ട്ട് 1' സിനിമ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വചാതി കേസ് എന്നാണ് ഈ കേസ് അറിയപ്പെടുന്നത്. സംഭവത്തില്‍ പൊതുതാല്‍പര്യ ഹരജിയുമായി സി.പി.എം തമിഴ്‌നാട് ഘടകം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍സ അന്നത്തെ ജയലളിത സര്‍ക്കാര്‍ ഹരജിയെയും ആരോപണത്തെയും എതിര്‍ത്തു. 1995 ല്‍ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതാണ് കേസിലെ നിര്‍ണായക വഴിത്തിരിവായത്. പ്രതികളെല്ലാം കുറ്റം നിഷേധിച്ചെങ്കിലും 2011 ല്‍ കേസിലെ എല്ലാ പ്രതികളും കുറ്റക്കാരെന്ന് പ്രത്യേക കോടതി വിധിച്ചു. 12 പേര്‍ക്ക് 10 വര്‍ഷം കഠിന തടവും അഞ്ച് പേര്‍ക്ക് ഏഴ് വര്‍ഷം തടവും മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവുമാണ് കോടതി വിധിച്ചത്. 54 പ്രതികള്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍, 2011 ല്‍ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും ഇരകള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും നഷ്ടപരിഹാരത്തുകയുടെ പകുതി പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുകയും ചെയ്യണമെന്ന് കോടതി വിധിച്ചു. വചാതിയിലെ ഗോത്രവര്‍ഗ ജീവിതം മെച്ചപ്പെടുത്താന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സുപ്രധാന കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് പി. വേല്‍മുരുകന്‍ ആണ്.


ഏറ്റവും ദുര്‍ബലമായ, സര്‍ക്കാര്‍ സംരക്ഷണം ലഭിക്കേണ്ട വിഭാഗമാണ് ആദിവാസികള്‍. അവരില്‍ തന്നെയും സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കേണ്ട പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം അതില്‍ വീഴ്ച വരുത്തുന്നു എന്ന് മാത്രമല്ല, ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതും ദിനേന നാം കാണുന്നുണ്ട്. കലാപങ്ങളിലും ധ്രുവീകരണ അജണ്ട മുന്‍ നിര്‍ത്തിയുള്ള വംശീയ ആക്രമണങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പങ്കാളിയാവുന്ന ഈ കാലത്ത്, അവര്‍ക്കൊക്കെയും ഉള്ള ഒരു താക്കേതായി വേണം കോടതി വിധിയെ കാണാന്‍. വൈകി വരുന്ന നീതി അനീതിയാണെങ്കിലും വചാതിയിലെ ആദിവാസികള്‍ക്ക് അനുകൂലമായുള്ള ഈ വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്.

TAGS :