Quantcast
MediaOne Logo

ഡോ. യു. ഷംല

Published: 15 July 2024 8:35 AM GMT

തിരിച്ചിറക്കങ്ങളുടെ വാരാണസി; എം.ടിയുടെ 'വാരാണസി'യിലൂടെ ഒരു യാത്ര

എം.ടിയുടെ നോവലുകളില്‍ വളരെ വ്യത്യസ്തതകള്‍ ഉള്ള നോവലാണ് വാരാണസി. വിവിധ ഭാഷക്കാരും ദേശക്കാരുമായ കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സവിശേഷമാണ് നോവല്‍ | ജൂലൈ 15: എം.ടിയുടെ ജന്മദിനം.

എം.ടിയുടെ വാരാണസി നോവല്‍ വായന,  എം.ടിയുടെ ജനമദിനം
X

കാല്‍പനികമായ ജീവിത വീക്ഷണം സ്വീകരിക്കുന്ന എം.ടിയുടെ നോവലുകള്‍ അത്യന്തം വൈയക്തികമായ മനോലോകങ്ങളിലേക്ക് സഞ്ചരിക്കുന്നവയാണ്. കാശിയുടെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്റെ വൈവിധ്യപൂര്‍ണമായ കാഴ്ചകളുടെ ആഖ്യാനമാണ് 'വാരാണസി'യില്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം വാരാണസിയില്‍ തിരികെയെത്തുന്ന സുധാകരന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്ന നോവല്‍ പാപ പുണ്യങ്ങളെ കുറിച്ചുള്ള വിചിന്തനമായി മാറുന്നു. കാമവും മോക്ഷവും ഇടകലരുന്ന കാശി, സുധാകരന്റെ തിരിച്ചിറക്കങ്ങള്‍ക്ക് സാക്ഷിയാകുന്നു.

എ.ടിയുടെ പുരുഷ കഥാപാത്രങ്ങള്‍ക്കെല്ലാം ഭൂതകാലം വേദനയുടെയും ഒറ്റപ്പെടലിന്റെയും കാലമാണ്. അവഗണനയും ഏകാന്തതയും ഒറ്റപ്പെടലും പലായന പ്രവണതയും വിഷയമായി വരുന്ന നായക കഥാപാത്രങ്ങളെയാണ് എം.ടി സൃഷ്ടിക്കുന്നത്. ലക്ഷ്യ സാക്ഷാത്കാരം നേടിയാലും ഇല്ലെങ്കിലും പാപബോധത്തിന്റെ പരിക്കുകളുമായി സ്വന്തം ഹൃദയങ്ങളിലേക്ക് തന്നെ ഇവര്‍ തിരിച്ചിറങ്ങുന്നു. എം.ടിയുടെ ഭീമനെപ്പോലെ സുധാകരനും അത്തരം തിരിച്ചിറക്കങ്ങളുടെ നായകനാണ്.

പഠനത്തിനായി അമ്മായിയുടെ വീട്ടിലെത്തുന്ന സുധാകരന്‍ സൗദാമിനിയെ പ്രണയിക്കുന്നു. സൗദാമിനിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ജോലി തേടി ബോംബെയിലെത്തുന്ന സുധാകരന്‍ സൗദാമിനിയെ മറന്നു ഗീതയെ പ്രണയിക്കുന്നു. ഗീത ഗര്‍ഭിണിയാണെന്നറിഞ്ഞ് പലായനം ചെയ്യുന്ന സുധാകരന്‍ തന്നില്‍ നിന്നു തന്നെ ഒളിച്ചോടുകയാണ്. ഗുരുപത്‌നിയായ ശാന്തയും ഗവേഷണത്തിനെത്തുന്ന സുമിതാ നാഗ്പാലും ഒക്കെ സുധാകരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. വിദേശിയായ മേഡെലിനുമായുള്ള വിവാഹ ജീവിതവും വിദേശവാസവും വേര്‍പിരിയലും സുധാകരന്റെ ജീവിതത്തിലെ വഴിത്തിരിവുകളാണ്.

പ്രതിബന്ധങ്ങളോടേറ്റുമുട്ടാന്‍ തന്റേടമില്ലാതെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന കഥാപാത്രമാണ് സുധാകരന്‍. പലായന പ്രവണതയും ഭോഗതൃഷ്ണയും സുധാകരന്റെ മുഖമുദ്രകളാണ്. 'നിനക്ക് ഞാനുണ്ട്' എന്ന് ഭീമന്‍ ഹിഡിംബിയോട് പറയും പോലെ 'എന്റെ കരവലയത്തില്‍ നീ ഒതുങ്ങി നിമിഷം തൊട്ട് ഞാന്‍ നിന്റെ രക്ഷകനായി' എന്ന് സുധാകരന്‍ സൗദാമിനിയോട് പറയുന്നു. വാഗ്ദാനങ്ങള്‍ നല്‍കുകയും സ്ത്രീയെ സ്വന്തമെന്ന് ധരിപ്പിക്കുകയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയും ചെയ്യുന്ന കഥാപാത്രമാണ് സുധാകരന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കാശിയിലെത്തുന്ന സുധാകരനെ സുഹൃത്തായ ഓം പ്രകാശിന്റെ ജീവിതം ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്നു. പിതൃക്രിയകള്‍ക്കൊപ്പം ആത്മപിണ്ഡവും അര്‍പ്പിച്ച് ജീവിതത്തില്‍ നിന്നും മുക്തനാവാന്‍ സുധാകരന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ചാഞ്ചല്യത്തോടെ ഒളിച്ചോടുന്ന സുധാകരന്റെ ബന്ധങ്ങള്‍ ആഴമുള്ളതോ സങ്കീര്‍ണ സ്വഭാവമുള്ളതോ ആകുന്നില്ല.


തന്റെ ജീവിതത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നത് കൊണ്ടാണ് അയാള്‍ ഗംഗയില്‍ ആത്മബലി അര്‍പ്പിക്കുന്നത്. സുധാകരന്റെ സുഹൃത്തായ ഓം പ്രകാശ് വാരാണസിയിലെ മിഴിവുറ്റ കഥാപാത്രമാണ്. പഠനത്തിനായി കാശിയിലെത്തുന്ന ഓം പ്രകാശ് മുക്തിധാമില്‍ കഥ പറച്ചില്‍കാരനായി സുഖമരണത്തിന് സൗകര്യമൊരുക്കുന്നത് അനുഭവങ്ങളില്‍ കൂടി പക്വത ആര്‍ജിച്ചതിനാലാണ്. 'ഇവിടെ ഞാന്‍ അര്‍ഥം തേടി നടന്നു. ശിവദാസപുരത്തെ തെരുവില്‍ ഇടയ്ക്ക് കാമവും തേടി നടന്നു. ഇപ്പോള്‍ ഞാന്‍ മോക്ഷമാര്‍ഗത്തെ പറ്റി ആലോചിക്കുന്നു.' ഓം പ്രകാശിന്റെ ജീവിതപരിണാമങ്ങള്‍ ഈ സംഭാഷണത്തില്‍ വ്യക്തമാണ്. ജീവിതത്തിന്റെ ശൂന്യതയും അര്‍ഥവും ഒരുപോലെ തിരിച്ചറിയുകയും കര്‍മബദ്ധനായി തീരുകയും ചെയ്യുന്ന ഓംപ്രകാശ് സുധാകരന്റെ ജീവിതത്തെ സ്വാധീനിക്കുന്ന കഥാപാത്രമാണ്.

എ.ടിയുടെ പുരുഷ കഥാപാത്രങ്ങള്‍ക്കെല്ലാം ഭൂതകാലം വേദനയുടെയും ഒറ്റപ്പെടലിന്റെയും കാലമാണ്. അവഗണനയും ഏകാന്തതയും ഒറ്റപ്പെടലും പലായന പ്രവണതയും വിഷയമായി വരുന്ന നായക കഥാപാത്രങ്ങളെയാണ് എം.ടി സൃഷ്ടിക്കുന്നത്. ലക്ഷ്യ സാക്ഷാത്കാരം നേടിയാലും ഇല്ലെങ്കിലും പാപബോധത്തിന്റെ പരിക്കുകളുമായി സ്വന്തം ഹൃദയങ്ങളിലേക്ക് തന്നെ ഇവര്‍ തിരിച്ചിറങ്ങുന്നു. എം.ടിയുടെ ഭീമനെപ്പോലെ സുധാകരനും അത്തരം തിരിച്ചിറക്കങ്ങളുടെ നായകനാണ്.

പാപപുണ്യങ്ങളുടെയും രതിയുടെയും മൃതിയുടെയും നഗരം എന്ന് വിശേഷിപ്പിക്കുന്ന കാശി നോവലില്‍ വേണ്ടത്ര വികസിച്ചിട്ടില്ല. ജീവിതത്തിന്റെ വ്യര്‍ഥതയും മരണത്തിന്റെ നിത്യതയും പകര്‍ന്നു നല്‍കുന്നതിന് പകരം സുധാകരന്റെ ഇടത്താവളമായി കാമത്തിന്റെയും ഭോഗത്തിന്റെയും നഗരമായാണ് കാശി വാരാണസിയില്‍ ചിത്രീകരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാവും കാശി എന്ന പേര് സ്വീകരിക്കാതെ വാരാണസി എന്ന പേര് എം.ടി സ്വീകരിച്ചതും.

എം.ടിയുടെ മറ്റ് സ്ത്രീകഥാപാത്രങ്ങളെ പ്പോലെ അവഗണനയും സ്‌നേഹനിരാസവും അനുഭവിക്കുന്ന നിരവധി സ്ത്രീ കഥാപാത്രങ്ങളാണ് വാരാണസിയിലുമുള്ളത്. സുധാകരന്‍ ജോലി തേടി അന്യനാട്ടിലെത്തുന്നത് സൗദാമിനിയെ വിവാഹം കഴിക്കാനാണ്. ഗീതയോടുള്ള അടുപ്പം അതിന് തടസ്സമാകുന്നു. സുധാകരന്റെ പലായന പ്രവണതയ്ക്ക് സൗദാമിനിയുടെയും ഗീതയുടെയും ജീവിതങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ ഉപേക്ഷിച്ചു പോകുന്ന പുരുഷനെ കാത്തിരിക്കുന്നത് വിഫലമെന്ന് സൗദാമിനിയെ പോലെ ഗീതയും മനസ്സിലാക്കുന്നു. സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിക്കുന്ന ശക്തയായ സ്ത്രീ കഥാപാത്രമായി ഗീത മാറുന്നു. വിമലയില്‍ നിന്ന് വ്യത്യസ്തയായി വിഫലമായ കാത്തിരിപ്പില്‍ ജീവിതത്തെ വെറുക്കാതെ കര്‍മങ്ങളില്‍ ജീവിക്കുന്ന കരുത്തുറ്റ കഥാപാത്രമായി ഗീത പരിണമിക്കുന്നു. സുധാകരന്റെ ഭാര്യയായ മേഡെലിന്‍ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെയും ത്യാഗരാജ കീര്‍ത്തനങ്ങളെയും സ്‌നേഹിക്കുകയും സംഘകാല കൃതികളില്‍ ഗവേഷണം നടത്തുകയും ചെയ്ത വിദേശ വനിതയാണ്. വിവാഹശേഷം കുട്ടിയുമായി തിരികെ മടങ്ങുന്ന മേഡെലിന് സുധാകരന്റെ ഒറ്റപ്പെടല്‍ തടസ്സമാവുന്നില്ല.


മാതൃത്വം മേഡെലിനോ ഗീതക്കോ അവരുടെ ഇച്ഛാശക്തിക്ക് പ്രതിബന്ധമാകുന്നില്ല. വ്യക്തി ബന്ധങ്ങളുടെ നിസ്സഹായതയും ഒറ്റപ്പെടലും സുധാകരനെ ബോധ്യപ്പെടുത്താന്‍ മേഡെലിനു കഴിയുന്നു. വാരാണസിയിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വത്വബോധമുള്ളവരായി വേറിട്ടു നില്‍ക്കുന്നു. സുധാകരനെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളാണവര്‍. കരുത്തും ആത്മാഭിമാനവുമുള്ളവരായി അവര്‍ സ്ഥാനം നേടുന്നുണ്ട്. പുരുഷനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ സമ്പൂര്‍ണ്ണ വിധേയ ഭാവം പുലര്‍ത്തുന്നുവെങ്കിലും അവഗണനകളില്‍ നിന്നും സ്വയം പര്യാപ്തത നേടിയെടുത്ത് സ്വന്തം ഇടം കണ്ടെത്തുന്ന സ്ത്രീകളാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.

പാപപുണ്യങ്ങളുടെയും രതിയുടെയും മൃതിയുടെയും നഗരം എന്ന് വിശേഷിപ്പിക്കുന്ന കാശി നോവലില്‍ വേണ്ടത്ര വികസിച്ചിട്ടില്ല. ജീവിതത്തിന്റെ വ്യര്‍ഥതയും മരണത്തിന്റെ നിത്യതയും പകര്‍ന്നു നല്‍കുന്നതിന് പകരം സുധാകരന്റെ ഇടത്താവളമായി കാമത്തിന്റെയും ഭോഗത്തിന്റെയും നഗരമായാണ് കാശി വാരാണസിയില്‍ ചിത്രീകരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാവും കാശി എന്ന പേര് സ്വീകരിക്കാതെ വാരാണസി എന്ന പേര് എം.ടി സ്വീകരിച്ചതും. ഐതിഹ്യങ്ങള്‍ക്കും ചരിത്രത്തിനും അപ്പുറം കാശിയുടെ വര്‍ത്തമാനകാലം നോവലില്‍ വേണ്ടത്ര വികാസം നേടിയിട്ടില്ല.

ജീവിതം പോലെ സാധാരണമായ കാശിയിലെ മരണ ദൃശ്യങ്ങള്‍ വായനയില്‍ തെളിഞ്ഞുവരും. 'അഞ്ചു ചിതകള്‍ കത്തിയടങ്ങുന്ന ഘട്ടത്തിലാണ്. മറ്റാരുമില്ല. നദീ മുഖത്തിന്റെ അരച്ചുമരിനോട് ചേര്‍ന്നുനിന്ന് ആറേഴ് വയസ്സായ ഒരു കുട്ടി പട്ടം പറപ്പിക്കുന്നു. അവന്‍ പിന്നിലെ കത്തുന്ന ചിതകളെ ശ്രദ്ധിക്കുന്നില്ല. വന്നുകയറിയവരെയും ശ്രദ്ധിക്കുന്നില്ല. പട്ടം കൂടുതല്‍ ഉയരത്തില്‍ എത്തിക്കാന്‍ ചരട് വലിച്ച് ഇളക്കിക്കൊണ്ട് നില്‍ക്കുന്നു.'

മരണം ചുറ്റുപാടും നിറയുന്ന ഈ ദൃശ്യത്തില്‍ കുട്ടി നിസ്സംഗത പാലിക്കുന്നു. ഇവിടെ മരണം ഭയാനകമായ ഒരനുഭവമല്ല, ജീവിതം പോലെ സാധാരണമാണ് കാശിയില്‍ മരണവും. കാലഭൈരവന്‍ പുനര്‍ജനിയില്ലാത്ത മരണത്തിന്റെ ബിംബമായി നിലനില്‍ക്കുന്ന വാരണാസിയില്‍ എം.ടിയുടെ മൃത്യു ബിംബങ്ങള്‍ ഭയാനകതയ്ക്ക് പകരം ശാന്തതയാണ് സൃഷ്ടിക്കുന്നത്. 'ഗംഗ ശാന്തമാണ്. വളരെ നേര്‍ത്ത അലകള്‍. ഒരു നെടുവീര്‍പ്പിട്ട ശേഷം വിശ്രമിക്കാന്‍ ഒരുങ്ങുകയാണ്.' മറ്റൊരിടത്താവളത്തിലേക്കുള്ള യാത്രയില്‍ വാരാണസി എന്ന ഇടത്താവളം സുധാകരന് ശാന്തി നല്‍കുന്ന കാഴ്ച ഗംഗയുടെ ശാന്ത പ്രവാഹത്തില്‍ സൂചിതമാണ്.

എം.ടിയുടെ നോവലുകളില്‍ വളരെ വ്യത്യസ്തതകള്‍ ഉള്ള നോവലാണ് വാരാണസി. വിവിധ ഭാഷക്കാരും ദേശക്കാരുമായ കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സവിശേഷമാണ് നോവല്‍. ഗഹനമായ ജീവിതാവബോധം കാശിയുടെ പാരമ്പര്യ സംസ്‌കൃതികളുടെ പശ്ചാത്തലത്തില്‍ പ്രകടമാവുന്നുണ്ട്. ഒരര്‍ഥത്തില്‍ ജീവിതത്തിന്റെ തന്നെ പ്രതിനിധാനമായി വാരാണസിയും നിലകൊള്ളുന്നു.




TAGS :