വയനാട് ഉരുള്‍പൊട്ടല്‍, വിദ്വേഷപ്രചാരണങ്ങള്‍ - ഇസ്‌ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
സാമൂഹിക ശ്രദ്ധ വരുന്ന ഏതു വിഷയത്തിലും ഒരു മുസ്‌ലിം ഘടകം കണ്ടെത്തി വംശീയവത്കരണ പ്രക്രിയക്കു തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഇസ്‌ലാമോഫോബിയയുടെ ലക്ഷ്യം. അതിനു വയനാട്ടിലെ ദുരന്തം ഒരു കാരണമായി. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02)
ജൂലൈ 30ാം തിയ്യതി വയനാട്ടില്‍ പുലര്‍ച്ചെ രണ്ടിടങ്ങളിലായി മൂന്ന് മണിക്കൂര്‍ ഇടവേളയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. പുലര്‍ച്ചെ ഒരു മണിക്ക് മുണ്ടക്കൈയിലാണ് ആദ്യ ഉരുള്‍പ്പൊട്ടലുണ്ടായത്. പിന്നീട് ചൂരല്‍മലയിലും ഉരുള്‍പ്പൊട്ടലുണ്ടായി. കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്. ആഗസ്റ്റ് 22വരെ 231 മൃതദേഹങ്ങള്‍ കണ്ടെത്തി. തിരിച്ചറിയാനാവാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 119 പേരെ കണ്ടെത്താനായില്ല. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു.
മഴയ കനത്തതോടെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യം നടത്തുക ദുഷ്‌കരമായിരുന്നു. സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സംയുക്ത സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വിവിധ പാര്‍ട്ടികളുടെ യുവജനസംഘങ്ങള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മുസ്‌ലിംസമുദായ രാഷ്ട്രീയം പറയുന്ന സംഘടനകളുടെ യുവവളണ്ടിയര്‍മാരും സജീവമായി രക്ഷൗദൗത്യത്തില്‍ പങ്കെടുത്തു. ഏത് സംഭവത്തെയും ഇസ്‌ലാമോഫോബിക് ലെന്‍സിലൂടെ കാണുക വംശീയവാദശക്തികളുടെ രീതിശാസ്ത്രമാണ്. അത്തരം വിഭാഗങ്ങള്‍ വയനാട്ടിലെ ദുരന്തത്തെയും വെറുതെ വിട്ടില്ല.
വിദ്വേഷപ്രചാരണങ്ങള്‍ തുടങ്ങുന്നു:
വയനാട് മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിറകെ ചില ഉത്തരേന്ത്യന്‍ ഹിന്ദുത്വ സാമൂഹ്യമാധ്യമങ്ങള്‍ നടത്തിയ വംശീയ പ്രചരണങ്ങള്‍ ഇങ്ങനെ: വയനാട്ടിലെ ദുരന്തം രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ്. ബീഫ് ഭക്ഷിച്ചതിനുള്ള ശിക്ഷ, ഹിന്ദിയെ അം ഗീകരിക്കാതിരിക്കല്‍, ക്രിസ്തുമതത്തെ പിന്തുടരല്‍, ബിജെപിയെ വിജയിപ്പിക്കാതിരിക്കല്‍, ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് തുടങ്ങിയവയാണ് മറ്റു വിമര്‍ശനങ്ങള്‍. ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമന്റ് സെക്ഷനിലാണ് കേരളത്തെയും മുസ്‌ലിംകളെയും അവഹേളിക്കും വിധത്തിലുള്ള കമന്റുകള്‍ നിറഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാടിനോട് ദൈവത്തിന് പോലും താല്‍പര്യമില്ലെന്നാണ് ചിലരുടെ ആക്ഷേപം. വയനാട്ടില്‍ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും അവിടെ കത്വ ജനസംഖ്യ കൂടുതലാണെന്നും തുടങ്ങി വിദ്വേഷം നിറഞ്ഞ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വവാദികള്‍ പങ്കുവെക്കുന്നത്. (മാധ്യമം ദിനപത്രം, ജൂലൈ 31, 2024)
വിവിധ ഉത്തരേന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ 'ദി സവാല വട' എന്ന ഇന്‍സ്റ്റഗ്രാം പേജ് ക്രോഡീകരിച്ച് 31 ജൂലൈ 2024ന് പ്രസിദ്ധീകരിച്ചു. കേരളത്തെയും മുസ്‌ലിംകളെയും പരിഹസിക്കുന്നതും അപഹസിക്കുന്നതുമായിരുന്നു മിക്കവാറും കമന്റുകള്‍. ബീഫ് കഴിക്കുന്ന ആളുകള്‍ കുറഞ്ഞു. ഉത്തരേന്ത്യന്‍ പട്ടാളത്തെ അനുവദിക്കില്ല, ഇത് ഇന്ത്യയല്ല, കേരളാ ആര്‍മി മാത്രം മതി, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ചോദിക്കരുത്, ഫലസ്തീന്‍ ദൈവം കേരളത്തെ രക്ഷിക്കും, ഇത് മലപ്പുറത്തായിരുന്നു സംഭവിച്ചതെങ്കില്‍ എന്ന് ആശിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഹിന്ദി അംഗീകരിക്കാതെ കന്നഡയില്‍ കോഡ് ചെയ്തതിനുള്ള ശിക്ഷ, (കേരളത്തിലെ ഭാഷ കന്നഡയാണെന്ന് തെറ്റിദ്ധരിച്ച്) ക്രിസ്ത്യന്‍ മതവിശ്വാസത്തെ പിന്തുടര്‍ന്നതുകൊണ്ട്, ഹിന്ദു ദേശീയ പാര്‍ട്ടിയായ ബിജെപിയെ തെരഞ്ഞെടുക്കാത്തതുകൊണ്ട്, ഫലസ്തീനിനെ പിന്തുണച്ചതുകൊണ്ട്, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പിന്തുടര്‍ന്നതുകൊണ്ട് എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.
'ഇത് കര്‍മയാണ്, ഇനി സഹായത്തിനായി നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ വിളിക്കൂ...' എന്നാണ് ഒരാള്‍ കുറിച്ചത്. 'ഇനിയും നിങ്ങള്‍ ബീഫ് കഴിക്കുമോ?', 'എവിടെയാണ് പപ്പു (രാഹുല്‍ ഗാന്ധി)', 'ഇനി കേന്ദ്രത്തോട് സഹായം ചോദിക്കേണ്ട...' തുടങ്ങി നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടു. ബീഫ് കഴിക്കുന്നത്, ഫലസ്തീനെ അംഗീകരിക്കല്‍, മലപ്പുറത്തെ ജനസംഖ്യ, ഹിന്ദി അംഗീകരിക്കാതിരിക്കല്‍, ക്രിസ്തുമതം പിന്തുടരുന്നത്, ഇസ്‌ലാം മതവിശ്വാസം, ബിജെപിയുടെ തോല്‍വി, കോണ്‍ഗ്രസിന്റെ വിജയം, സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് എന്നിവയാണ് പ്രധാനമായും കമന്റുകളില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. കേരളത്തിലുള്ളവര്‍ വിദ്യാസമ്പന്നരാണ് അവര്‍ക്ക് ദൈവമില്ല, സൈന്യത്തെ തിരിച്ചു വിളിക്കണം അവര്‍ക്ക് സൈന്യത്തിന്റെ സേവനം ആവശ്യമില്ല' തുടങ്ങിയവയാണ് ചില പ്രതികരണങ്ങള്‍. (മീഡിയവണ്‍ ജൂലൈ 31, 2024)
ദുരന്തത്തിന് കാരണം പശുക്കശാപ്പാണെന്നാണ് മുന്‍ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജയുടെ വാദം. (മീഡിയവണ്‍, 3 ജൂലൈ 2024) 'വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പശുക്കശാപ്പിന്റെ നേരിട്ടുള്ള അനന്തരഫലമാണ്. കേരളത്തില്‍ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ തുടരും. അതിനുള്ള മുന്നറിയിപ്പാണിത്'- അഹൂജ അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മേഘവിസ്ഫോടനം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും വലുതൊന്നും സംഭവിക്കുന്നില്ല. 2018 മുതല്‍, ഗോഹത്യയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഗോവധം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ സമാനമായ ദുരന്തങ്ങള്‍ തുടരും'- അഹൂജ പറഞ്ഞു. (ആഗസ്റ്റ് 3, 2024, മീഡിയവണ്‍)
ദുരന്തത്തിന് പിന്നില്‍ മര്‍ക്കസ്:
വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മര്‍ക്കസ് നോളേജ് സിറ്റിക്ക് എതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രചാരണം നടന്നു. ആരുണ്ട് ചോദിക്കാന്‍ എന്ന തലക്കെട്ടില്‍ 2021 ഒക്ടോബര്‍ 24 ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഒരു ന്യൂസ് വീഡിയോ പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയാ പ്രചാരണം മുറുകിയത്. ഇതേ കാലത്ത് ഏഷ്യാനെറ്റ് നിരവധി വാര്‍ത്തകള്‍ ചെ്തിരുന്നു. പ്രൈംടൈം ചര്‍ച്ചയും നടന്നു: കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടം ഭൂമി തരം മാറ്റിയുള്ള അനധികൃത നിര്‍മാണങ്ങളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസ് നോളജ് സിറ്റിയും ഉണ്ടെന്നായിരുന്നു ആ സമയത്ത് വാര്‍ത്തയില്‍ വന്നത്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചിട്ടുണ്ട്. ഭൂമി നിലനില്‍ക്കുന്നത് തോട്ട ഭൂമിയിലാണ്. ഭൂമി തരംമാറ്റാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായമുണ്ടായി. ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബങ്ങള്‍ നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നിവയാണ് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍.
''പൊട്ടിയൊഴുകിയ ചൂരല്‍മലയുടെ എതിര്‍വശത്തുള്ള മര്‍ക്കസ് നോളജ് സിറ്റി എന്ന അനധികൃത നിര്‍മാണം ഈ ദുരന്തസമയത്ത് ചര്‍ച്ചയാകേണ്ടതല്ലേ? അതോ ഇനിയും മറ്റൊരു ദുരന്തം ഇവിടെ നടന്നോട്ടെ എന്നാണോ? എന്തായാലും ഇത്തരം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഏഷ്യാനെറ്റ് കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്? നേരോടെ നിര്‍ഭയം ഏഷ്യാനെറ്റ്?''- ഈ വാര്‍ത്താലിങ്കില്‍ വന്ന കമന്റുകളുടെ സ്വഭാവം ഇതാണ്.
കര്‍മ്മ ന്യൂസ് 2024 ആഗസ്റ്റ് 2 ന് ഈ വാര്‍ത്ത മറ്റൊരു രീതിയില്‍ പ്രസിദ്ധീകരിച്ചു: മഹാ ദുരന്തമുണ്ടായ മേപ്പടി സഹ്യപര്‍വത മലയുടെ മറുവശമാണ് കോടഞ്ചേരി പഞ്ചായത്തിലെ മര്‍ക്കസ് സിറ്റി. ആയിരത്തോളം ഏക്കര്‍ തോട്ട ഭൂമി ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് തരംമാറ്റിയത്. കോടഞ്ചേരിയില്‍ നടത്തിയിരിക്കുന്ന ഭൂമിയുടെ ദുരുപയോഗം വയനാട് പര്‍വത ശിഖിരങ്ങളെകൂടി അടിസ്ഥാനപരമായി ബാധിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
ദുരന്തപശ്ചാത്തലത്തില്‍ മര്‍ക്കസ് ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അതുപോലുള്ള നിര്‍മിതികള്‍ക്കെതിരേ ഒരു വാര്‍ത്തപോലും വന്നില്ല. ഉദാഹരണത്തിന് വയനാട്ടില്‍ ശ്രേയാംസ്‌കുമാറിനെതിരേ സമാനമായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ദുരന്തത്തിന്റെ സമയത്ത് അത് ആരും ഓര്‍ത്തെടുത്തില്ല. മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂര്‍, എല്‍സ്റ്റന്‍ എസ്റ്റേറ്റ്, കുറിച്യര്‍ മല എസ്റ്റേറ്റ്, ചെമ്പ്ര എസ്റ്റേറ്റ്, പെല്ലോട്ട് എസ്റ്റേറ്റ്, തട്ടാമല എസ്റ്റേറ്റ്, തലപ്പായ ടീ എസ്റ്റേറ്റ്, ജെസ്സി ടീ എസ്റ്റേറ്റ്, ചിറക്കര എസ്റ്റേറ്റ്, എന്‍എസ്എസ് എസ്റ്റേറ്റ്, ബ്രഹ്മഗിരി എസ്റ്റേറ്റ് തുടങ്ങി നിരവധി എസ്റ്റേറ്റുകള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും അതും ചര്‍ച്ചയായില്ല (2023 ഡിസംബര്‍ 23, സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ വെബ്സൈറ്റ്). പകരം മുസ്‌ലിംസ്ഥാപനം മാത്രം നിര്‍ണായക സന്ദര്‍ഭത്തില്‍ പ്രതിക്കൂട്ടിലായി.
ദുരന്തഭൂമിയിലെ മുസ്‌ലിം സാന്നിധ്യം:
തുടക്കം മുതല്‍ വയനാട്ടിലെ ദുരന്തഭൂമിയില്‍ ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സഹായവുമായി വന്നിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ സംഘ്പരിവാര്‍ സഹയാത്രികനായ ടി. ജി മോഹന്‍ദാസിന്റെ ഒരു അഭിമുഖം എബിസി മലയാളം ചാനല്‍ പുറത്തുവിട്ടു. അദ്ദേഹം പറഞ്ഞ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം: അവിടെയുള്ളവര്‍ ധിറുതി പിടിച്ച് ടീ ഷര്‍ട്ടുകള്‍ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. അവര്‍ റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാന്‍ ഇവര്‍ക്ക് പേടിയാണ്. ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണെന്ന്. 2018ലെ പ്രളയകാലത്താണ്, സംഘടനയുടെ ബാനറും മറ്റും കാണിച്ചുകൊണ്ട് നടക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒരുപക്ഷെ, സേവാഭാരതി മാത്രം അതനുസരിച്ചു. ബാക്കിയുള്ളവര്‍ ഇച്ചിരികൂടി വലുതാക്കി എഴുതിയിട്ട് നെഞ്ചത്ത് കുത്തിക്കൊണ്ട് നടക്കുന്നുണ്ട്. ഈ നടക്കുന്നത് മുഴുവന്‍ സേഫ് ഏരിയയിലാണ്. ആശുപത്രിയിലും അവിടെയും ഇവിടെയുമൊക്കെ. ദുരന്തമുഖത്തല്ല, അടുത്തുപോലും പോകാന്‍ ഇവര്‍ക്ക് പേടിയാണ്'. (മാധ്യമം, ആഗസ്റ്റ് 2, 2024). എബിസിയുടെ തന്നെ മറ്റൊരു വീഡിയോയില്‍ (500 കടക്കും, എബിസി മലയാളം, ജൂലൈ 31, 2024) പാകിസ്താന് കേരളം അഞ്ച് കോടി രൂപകൊടുത്തുവെന്നും അദ്ദേഹം കളിയാക്കി. മോഹന്‍ദാസിന്റെ പരിഹാസം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.
ആഗസ്റ്റ് 4ാം തിയ്യതി സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന സൗജന്യഭക്ഷണ വിതരണം പൊലിസ് തടഞ്ഞു. കോഴിക്കോട് നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘമാണ് കള്ളാട് മഖാം കേന്ദ്രീകരിച്ച് നാല് ദിവസമായി ഭക്ഷണ വിതരണം ചെയ്തുകൊണ്ടിരുന്നത്. ഡിഐജി തോംസണ്‍ ജോസിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു നടപടി. വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരേ മോശം ഭാഷ ഉപോഗിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ അവര്‍ ഭക്ഷണ വിതരണം നിര്‍ത്തിവച്ചു. (മലയാളം മീഡിയ, ആഗസ്റ്റ് 4, 2024).
ആര്‍മിയുടെ സാന്നിധ്യമുള്ളതുകൊണ്ട് സുരക്ഷാപ്രശ്നമുണ്ടെന്നായിരുന്നു നല്‍കിയ വിശദീകരണം: ''ആര്‍മി ഉള്‍പ്പെടെയുള്ള പല ഗ്രൂപ്പുകള്‍ക്കും കൊടുക്കേണ്ട ഭക്ഷണമാണ്.. അതില്‍ സുരക്ഷയുടെ വലിയൊരു ഘടകം ഉണ്ട്. എല്ലാവര്‍ക്കും ഉള്ള ഭക്ഷണം ഒരു കേന്ദ്രത്തിലാണ് ചുമതലപ്പെട്ടവരുടെ നേതൃത്വത്തില്‍ പാചകം ചെയ്യുന്നത്. ഭക്ഷ്യ വകുപ്പ് അവിടേക്കുള്ള സാധനങ്ങള്‍ എത്തിക്കും. ഫുഡ് സേഫ്റ്റി കണ്‍ട്രോളര്‍ അത് പരിശോധിക്കും. പുറത്തുനിന്നുള്ള ഒരു സംഘടനയ്ക്കും ഭക്ഷണ വിതരണത്തിന് അനുമതിയില്ല. അനാവശ്യ വിവാദങ്ങള്‍ നമ്മളായി സൃഷ്ടിക്കരുത്''- ഇതായിരുന്നു സിപിഎം സൈബര്‍ കോമ്രേഡ് എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു വിശദീകരണം. (സിപിഎം സൈബര്‍ കോമ്രേഡ്സ്, എഫ്ബി, ആഗസ്റ്റ് 4, 2024).
തൊട്ടടുത്ത ദിവസം ഭക്ഷണവിതരണത്തില്‍ ചില പാളിച്ചകള്‍ പറ്റി. സര്‍ക്കാര്‍ തീരുമാനത്തിന്റെ പോരായ്മയായി ഇത് ചിത്രീകരിക്കപ്പെട്ടു. വിമര്‍ശനം കൂടുതല്‍ ശക്തമായി. പിന്നീട് വിവിധ തലത്തിലെ ഇടപെടലുകള്‍ക്കുശേഷം ഭക്ഷണവിതരണം വീണ്ടും തുടങ്ങി. (ആഗസ്റ്റ് 4, 2024, റിപ്പോര്‍ട്ടര്‍). ഈ സമയത്ത് ടി. ജി മോഹന്‍ദാസിനു പിന്നാലെ കോന്നി എംഎല്‍എ കെ.യു ജെനീഷ് കുമാറും ഫേസ്ബുക്കിലൂടെ സന്നദ്ധപ്രവര്‍ത്തകരെ പരിഹസിച്ചു. 'ജീവന്‍ തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് (കെ.യു ജെനീഷ് കുമാര്‍, എഫ്ബി, ആഗസ്റ്റ് 8, 2024). പോസ്റ്റിലെ ബിരിയാണി പ്രയോഗം ആരെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നതിന് തെളിവാണ്.
ഒളിച്ചുപാര്‍ക്കുന്ന ബംഗ്ലാദേശികള്‍!
ദുരന്തത്തിനുശേഷം രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരുന്ന സമയത്താണ് ബംഗ്ലാദേശില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടാവാം വിദ്വേഷപ്രചാരകര്‍ വയനാട് ദുരന്തത്തെ 'ബംഗ്ലാദേശി കുടിയേറ്റ'വുമായി ബന്ധിപ്പിച്ചു. വയനാട്ടില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത് മരിച്ചവര്‍ രഹസ്യമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നതിനു തെളിവാണെന്നാണ് ഒരു ഓണ്‍ലൈന്‍ ചാനല്‍ അവകാശപ്പെട്ടത്. (മോദിയുടെ കത്ത് യൂനുസിന്!, എബിസി മലയാളം, ആഗസ്റ്റ് 9, 2024, ധനുഷ്, നുസ്രത്ത് ജഹാന്‍)
ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനം
വയനാട് ദുരന്തത്തില്‍ മരിച്ചവരും അതിജീവിച്ചവരും എല്ലാ വിഭാഗം മനുഷ്യരുമാണ്. എങ്കിലും ദുരന്തത്തിന്റെ കാരണമായി ഒരു മുസ്‌ലിം ഘടകം ആരോപിക്കുന്നുവെന്നാണ് മേല്‍ പറഞ്ഞ ഉദാഹരണങ്ങള്‍ കാണിക്കുന്നത്. വര്‍ഗ, വര്‍ണ, വംശ, മത, പ്രദേശ, ലിംഗ വിവേചനമില്ലാതെ മുഴുവന്‍ മനുഷ്യരെയും ബാധിക്കുന്ന സാര്‍വലൗകിക മാനവിക പ്രശ്‌നമായാണ് പ്രകൃതിദുരന്തങ്ങളെ കാണാറുള്ളത്. എന്നാല്‍, മനുഷ്യരും മൃഗങ്ങളും പ്രകൃതിയും ഒരു പോലെ അനുഭവിക്കുന്ന ഒരു ദുരന്തം പോലും വംശീയതക്കു അറുതി വരുത്തുന്നില്ല എന്നതാണ് വസ്തുത.
ന്യൂനപക്ഷ സാമൂഹികവിഭാഗത്തിനെതിരേ വംശീയ സ്വഭാവത്തില്‍ നടക്കുന്ന പ്രചാരണങ്ങളും സമീപനങ്ങളും വാര്‍പ്പുമാതൃകകളും വയനാട്ടില്‍ നടന്ന പ്രകൃതി ദുരന്തവും തമ്മില്‍ നേര്‍ക്കുനേര്‍ ബന്ധമില്ല. ഇസ്‌ലാമോഫോബിയ വയനാട് ദുരന്തത്തിനു മുമ്പും ഇവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും ഒരു മുസ്‌ലിം ഘടകം വയനാടിന്റെ സാഹചര്യത്തിലും കണ്ടെത്താന്‍ ശ്രമം നടന്നു. ഇസ്‌ലാമോഫോബിയയുടെ ഒരു പ്രത്യേകതയാണത്.
മുസ്‌ലിം എന്നു സ്വയം കരുതുന്നവരെയോ അല്ലെങ്കില്‍ മറ്റുള്ളവരാല്‍ അങ്ങിനെ കരുതപ്പെടുന്നവരോ ആയ ഒരു സാമൂഹിക വിഭാഗത്തിനെതിരെ നടക്കുന്ന വംശീയവത്കരണ പ്രക്രിയയിലൂടെ നിര്‍മിക്കപ്പെടുന്നതാണ് ഇസ്‌ലാമോഫോബിയ. വംശീയത ഒരു പ്രക്രിയയാണ്. വംശീയവത്കരണം എന്ന പ്രക്രിയയിലൂടെ സ്ഥാപിതമാകുന്നതാണ് വംശീയത. വംശീയവാദികളുടെ പ്രവര്‍ത്തനത്തിലൂടെ വംശീയത നിരന്തരം സജീവമാവുന്നു.
സാമൂഹിക ശ്രദ്ധ വരുന്ന ഏതു വിഷയത്തിലും ഒരു മുസ്‌ലിം ഘടകം കണ്ടെത്തി വംശീയവത്കരണ പ്രക്രിയക്കു തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഇസ്‌ലാമോഫോബിയയുടെ ലക്ഷ്യം. അതിനു വയനാട്ടിലെ ദുരന്തം ഒരു കാരണമായെന്നു മാത്രം.
(റിസര്‍ച്ച് കലക്റ്റീവ്: കെ കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര)