Quantcast
MediaOne Logo

കളമശ്ശേരിയിൽ സംഭവിച്ചതും മാധ്യമ അവതരണങ്ങളും (29 ഒക്ടോബർ 2023 - 29 ഒക്ടോബർ 2024)

'തീവ്രവാദം', 'ഭീകരര്‍', 'ഭീകരപ്രവര്‍ത്തനം' തുടങ്ങിയ ഫിക്ഷനലൈസ് ചെയ്ത ആഖ്യാന മാതൃക സ്‌ഫോടനം നടന്ന ശേഷമുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങുകളില്‍ വ്യാപകമായിരുന്നു *കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ: ഭാഗം ആറ്*

kalammassery terror attack
X

ഏതാനും മണിക്കൂറുകളോളം കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും പിന്നാലെ മണിക്കൂറുകള്‍ക്കകം 'എരിഞ്ഞടങ്ങു'കയും ചെയ്ത കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നിട്ട് ഒക്ടോബർ 29ന് ഒരു വര്‍ഷം പൂര്‍ത്തിയായി. 2023 ഒക്ടോബര്‍ 29ന് കളമശ്ശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെയായിരുന്നു സ്‌ഫോടനം. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ബാക്കി ആറു പേര്‍ ചികിത്സയിലിരിക്കുന്നതിനിടയിലും. 'സ്വയം നിര്‍മിച്ച്, പരീക്ഷിച്ച് ഉറപ്പിച്ച ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ മാര്‍ട്ടിന്‍' അന്നുതന്നെ ഉത്തരവാദമേറ്റ് പൊലീസില്‍ കീഴടങ്ങി.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. 2024 ഏപ്രില്‍ 23ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രമനുസരിച്ച് ഇതില്‍ ആകെ ഒരു പ്രതിയെയുള്ളൂ, ഡൊമനിക് മാര്‍ട്ടിന്‍. തീവ്രവാദ ആക്രമണം നടത്തിയതിന് യുഎപിഎ നിയമപ്രകാരവും സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളും അയാള്‍ക്കെതിരേ ചുമത്തി.

യഹോവയുടെ സാക്ഷികളോടുള്ള എതിര്‍പ്പ് ആക്രമണത്തില്‍ കലാശിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഭയപ്പെടുത്തുന്ന ആക്രമണത്തിലൂടെ യഹോവയുടെ സാക്ഷികളിലേക്ക് പൊതുജനത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരികയും സംഘടനയെ നിരോധിക്കുകയുമായിരുന്നുവത്രെ മാര്‍ട്ടിന്റെ ലക്ഷ്യം (കളമശേരി സ്‌ഫോടനം: കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു, ഡൊമനിക് മാര്‍ട്ടിന്‍ കേസിലെ ഏക പ്രതി, ഏപ്രില്‍ 23, 2024, മനോരമ ഓണ്‍ലൈന്‍).

സ്‌ഫോടനം നടന്നതിന്റെ വാര്‍ഷികത്തിനു തൊട്ടുതലേ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് മറ്റൊരു വാര്‍ത്ത പുറത്തുവിട്ടു-മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരാണ് യുഎപിഎ പിന്‍വലിച്ചത്. അതനുസരിച്ച റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു (ഒക്ടോബർ 28, 2024). ഇപ്പോള്‍ ആ കേസ് കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണുള്ളത്.

16 വര്‍ഷം യഹോവകളുടെ സാക്ഷി പ്രവര്‍ത്തകനായിരുന്ന ഡൊമനിക് മാര്‍ട്ടിന്‍ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സഭ വിടുകയായിരുന്നു. ആ എതിര്‍പ്പ് തന്നെയാണ് സ്‌ഫോടനത്തിന് പ്രേരിപ്പിച്ചതും. സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് ഫേസ്ബുക്കില്‍ വിഡിയോ പങ്കുവെച്ച ശേഷമാണ് മാര്‍ട്ടിന്‍ സ്റ്റേഷനിലെത്തിയത്. യഹോവയുടെ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും അവര്‍ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ ചെയ്യുന്നു എന്ന ചിന്തയുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. താന്‍ പലതവണ തിരുത്താന്‍ ശ്രമിച്ചെങ്കിലും വിശ്വാസികള്‍ മാറാന്‍ തയ്യാറായില്ല. അതോടെയാണ് ബോംബ് വെക്കാന്‍ തീരുമാനിച്ചതെന്ന് മാര്‍ട്ടിന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. (കളമശേരി സ്ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്‍ ഏകപ്രതി, യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്ന് കുറ്റപത്രം, ദി ഫോര്‍ത്ത് ന്യൂസ്, ഏപ്രില്‍ 23, 2024)

മാധ്യമ അവതരണങ്ങള്‍:

2023 ഒക്ടോബര്‍ 29ാം തിയ്യതി രാവിലെ ഒമ്പതരയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. ആദ്യ വിശദീകരണം നല്‍കിയത് എഡിജിപി അജിത് കുമാറാണ് (ഏഷ്യാനെറ്റ്, ഒക്ടോബര്‍ 29, 2023). രാവിലെ ഒമ്പതരയോടുകൂടി പൊട്ടിത്തെറിയുണ്ടാവുകയും അതില്‍ ഒരു സസ്പെക്ടഡ് ലേഡി മരിക്കുകയും നാല്‍പ്പത്തഞ്ചോളം പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. നടന്നത് 'ഭീകരാക്രമണ'മാണോയെന്നും ആസൂത്രണത്തിന്റെ സൂചനയുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അതദ്ദേഹം തള്ളി. പൊലീസിന്റെ ഔദ്യോഗിക നിലപാട് ഇതായിരുന്നുവെങ്കിലും എഡിജിപിയുടെ വിശദീകരണം വരുന്ന സമയത്തുതന്നെ ഇതില്‍നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

'തീവ്രവാദം', 'ഭീകരര്‍', 'ഭീകരപ്രവര്‍ത്തനം' തുടങ്ങിയ ഫിക്ഷനലൈസ് ചെയ്ത ആഖ്യാന മാതൃക സ്‌ഫോടനം നടന്ന ശേഷമുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങുകളില്‍ വ്യാപകമായിരുന്നു. 'തീവ്രവാദ' പ്രവര്‍ത്തനമായതിനാലാണോ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതെന്നായിരുന്നു പ്രതിയെ പിടികൂടുന്നതിനു മുമ്പ് റിപോര്‍ട്ടര്‍ ടിവിയിലെ നികേഷ് കുമാര്‍ തന്റെ റിപോര്‍ട്ടറോട് ചോദിച്ചത് ('കളമശേരി സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം', റിപോര്‍ട്ടര്‍ ടിവി, ഒക്ടോബര്‍ 29, 2023). പൊലീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്ന് അറിയിച്ച റിപ്പോര്‍ട്ടര്‍ അവര്‍ ആ സാധ്യത തള്ളിയിട്ടില്ലെന്ന് ആശ്വസിപ്പിച്ചു.

ഇതേ സമയത്താണ് മാതൃഭൂമി ന്യൂസ് മറ്റൊരു വാര്‍ത്ത പുറത്തുവിടുന്നത്, 'കളമശ്ശേരി സ്ഫോടനം, സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം' എന്ന ശീര്‍ഷകത്തില്‍. ബോംബ് സ്‌ഫോടനമാണെന്ന് പൊലീസ് സ്ഥിരീകരിച്ച വിവരമാണ് റിപ്പോര്‍ട്ടര്‍ പങ്കുവയ്ക്കുന്നത്. ബോംബാക്രമണമാണെന്നും ഭീകരാക്രമണമാണെന്നും റിപ്പോര്‍ട്ടര്‍ മാറിമാറിപ്പറഞ്ഞു. കളമശ്ശേരിയിലെ സ്ഫോടനവും ഭീകരരുടെ മോഡസ് ഓപറാന്റിയും താരതമ്യം ചെയ്ത് ഒന്നിലധികം സ്‌ഫോടനകള്‍ നടത്തുക ഭീകരരുടെ ശൈലിയാണെന്ന് അദ്ദേഹം കണ്ടെത്തി!

മാധ്യമങ്ങള്‍ത്തന്നെ ചില മുസ്‌ലിം പ്രതികളുടെ സൂചനകളും നിര്‍മിച്ചു. ന്യൂസ് 18 ആണ് (ഒക്ടോബര്‍ 29, 2023) ഇതിനു സമയം കണ്ടെത്തിയത്. മാര്‍ട്ടിന്‍ കീഴടങ്ങിയ വാര്‍ത്ത നല്‍കുമ്പോള്‍ ന്യൂസ്18 ഉപയോഗിച്ച തമ്പ്‌നെയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അന്നേ ദിവസം മറ്റൊരു സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത താടിയും തൊപ്പിയും വെച്ച ഒരു മുസ്‌ലിം യുവാവിന്റെതായിരുന്നു (ഗസ്സ, ഹമാസ്, ഇസ്രായേല്‍: കളമശ്ശേരിയില്‍ പൊളിഞ്ഞ നുണബോംബ്, മീഡിയാവണ്‍, നവംബര്‍ 6, 2023). മാര്‍ട്ടിന്‍ കീഴടങ്ങും മുമ്പ് ആലുവയില്‍നിന്ന് രണ്ട് മുസ്‌ലിംകളെയും കസ്റ്റഡിയിലെടുത്തിരുന്നു. 2006ല്‍ പാനായിക്കുളത്ത് നടന്ന സ്വാതന്ത്ര്യദിന സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും കോടതി തള്ളുകയും ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരായിരുന്നു ഇവര്‍.

കളമശ്ശേരി സ്ഫോടനത്തെ അന്താരാഷ്ട്ര അജണ്ടയുടെ ഭാഗമാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടത്തിയത് എം.വി. നികേഷ്‌കുമാറും ഇടത് സാമാജികനായിരുന്ന സെബാസ്റ്റ്യന്‍ പോളുമായിരുന്നു. ജൂതരുടെയും യഹോവയുടെ സാക്ഷികളുടെയും ദൈവം യഹോവയാണെന്നും അതുകൊണ്ട് യഹോവകളുടെ സാക്ഷികള്‍ക്ക് ജൂതസമൂഹവുമായും ഇസ്രയേലുമായും ആത്മബന്ധവും ഐക്യദാര്‍ഢ്യവുമുണ്ടാവുമെന്നും യഹോവയുടെ സാക്ഷികളെ തെരഞ്ഞെടുത്തത് യാദൃച്ഛികമല്ലെന്നും സെബാസ്റ്റ്യൻ പോള്‍ ഉറപ്പിച്ചുപറഞ്ഞു. സ്‌ഫോടനം ഫലസ്തീനിലേക്ക് നീട്ടാവുന്നതാണെന്ന കാര്യം നികേഷ്‌കുമാറും സമ്മതിച്ചു. 'കളമശ്ശേരി സ്ഫോടനം, സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം,' എന്ന വാര്‍ത്തയിലൂടെ ഇതേ താരതമ്യം താമസിയാതെ മാതൃഭൂമി ന്യൂസും ഉപയോഗപ്പെടുത്തി. 'കളമശ്ശേരി സ്‌ഫോടനം ജൂതന്‍മാരെന്ന് കരുതിയുള്ള ആക്രമണമാകാം; പത്ത് സെക്കന്‍ഡില്‍ രണ്ട് സ്‌ഫോടനം ഗൗരവതരം': ഉന്നത ഇന്റലിജന്‍സ്' എന്ന ശീര്‍ഷകത്തില്‍ ന്യൂസ് 18 സമാനമായ വാര്‍ത്ത ചെയ്തിരുന്നു. (റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ച, ഒക്ടോബര്‍ 29, 2023)

2005 സെപ്റ്റംബര് ഒമ്പതിന് മഅ്ദനിയുടെ മോചനമാവശ്യപ്പെട്ടുകൊണ്ട് ബസ് കത്തിച്ചത് കളമശ്ശേരിയിലാണെന്നും അങ്ങനെ നോക്കിയാല്‍ ജൂതര്‍ക്ക് പകരം യഹോവകളുടെ സാക്ഷികളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ വായന. മാതൃഭൂമി ന്യൂസ് ഇതിനിടയില്‍ സ്‌ഫോടനത്തെ രാജ്യസുരക്ഷയുമായും ബന്ധപ്പെടുത്തി. 'കളമശ്ശേരി സ്‌ഫോടനം; സംഭവിച്ചതെന്ത്? വിശദീകരിക്കുന്നു' എന്ന വീഡിയോയിലൂടെയായിരുന്നു ഇത്. യുദ്ധവാര്‍ത്തകള്‍ നല്‍കുമ്പോഴുള്ള പദാവലികളും സൂചനകളും ബോധപൂര്‍വം ഉപയോഗിച്ചുകൊണ്ടായിരുന്നു നാടകീയമായ അവതരണം. യുദ്ധതന്ത്രങ്ങള്‍ വിശദീകരിക്കുന്ന ഒരു സൈനികനെപ്പോലെ അവതാരകന്‍ സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കാണിച്ച കൊച്ചിയുടെ ഭൂപടം നാടകീയത വര്‍ധിപ്പിച്ചു.(മാതൃഭൂമി ന്യൂസ്, ഒക്ടോബര്‍ 29, 2023)

മാര്‍ട്ടിന്റെ കീഴടങ്ങലിനുശേഷം:

മാര്‍ട്ടിനെതിരെ ചുമത്തിയത് യുഎപിഎയുടെ കീഴിലുള്ള 'ജീവാഹാനിക്കു കാരണമാകുന്ന ഭീകരപ്രവര്‍ത്തനം' എന്ന വകുപ്പായിരുന്നുവെങ്കിലും പ്രതി മുസ്‌ലിംമല്ലെന്ന് വ്യക്തമായതോടെ 'ഭീകരത', 'ഭീകരപ്രവര്‍ത്തനം', 'രാജ്യദ്രോഹം' തുടങ്ങിയ വാക്കുകള്‍ വാര്‍ത്തകളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. 'ഭീതി, ഭീകരം, ഉത്തരം' എന്ന തലക്കെട്ടോടെ വാര്‍ത്ത അവതരിപ്പിച്ച മാതൃഭൂമിയുടെ പിറ്റേ ദിവസത്തെ പ്രിന്റ് എഡിഷനിലെ ആമുഖവാചകം ശ്രദ്ധേയമായിരുന്നു. 'കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് സ്ഫോടനം. ആദ്യം ഭീകരാക്രമണമെന്ന വാര്‍ത്തപടര്‍ന്നത് കേരളത്തെ ഭീതിയിലാഴ്ത്തി'യെന്നായിരുന്നു അത്. പുതിയ സാഹചര്യത്തില്‍ 'ഭീകരത' എന്ന വാക്ക് ഉപയോഗിക്കാനാവില്ലെന്നായിരുന്നു സൂചന.

അതേ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ ലീഡ് വാര്‍ത്തയും സമാനരീതിയിലുള്ളതായിരുന്നു. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഭീകരതയുടെ മുഖം നഷ്ടപ്പെട്ടുവെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. (Twist In The Tale: No Terror Angle In IED Blast At Prayer meet that kills 2, injures 58, ടൈംസ് ഓഫ് ഇന്ത്യ, ഒക്ടോബര്‍ 30, 2023; എഫ്ബി പോസ്റ്റ്, അഫ്ത്താബ് ഇല്ലത്ത്, നവംബര്‍ 2, 2023).

മാര്‍ട്ടിന്റെ കീഴടങ്ങലിനു മുമ്പ് ഒരേ താല്‍പര്യത്തോടെ വാര്‍ത്ത ചെയ്ത മാധ്യമങ്ങള്‍ അതിനുശേഷം വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. മാര്‍ട്ടിന്‍ തനിച്ചാണെന്ന വസ്തുതയിലാണ് മനോരമ ഊന്നിയത്. (കൃത്യം ചെയ്തത് തനിച്ച്; ആരുടെയും സഹായമില്ലായിരുന്നു: പ്രതി ഡൊമിനിക്). മാത്രമല്ല, ബോബ് സ്ഫോടനമെന്നതിനേക്കാള്‍ പൊട്ടിയത് 'പടക്കം' അല്ലെങ്കില്‍ 'ഗുണ്ട്', ആണെന്നും അത് പ്രാദേശികമായി വാങ്ങിയതാണെന്നുമുള്ള പോയിന്റില്‍ ഊന്നി. അന്താരാഷ്ട്ര ബന്ധം തള്ളി. മറ്റു മാധ്യമങ്ങളും പതുക്കെ ഇതേ ദിശയിലേക്ക് പിന്നീട് എത്തിച്ചേര്‍ന്നു.

ഇത്രയൊക്കെ ചെയ്ത മാധ്യമങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചുവെന്നത് മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാന ഭരണകൂടവും ഉന്നത പൊലീസ് അധികാരികളും വിഷയം ഭേദപ്പെട്ട രീതിയിലാണ് കൈകാര്യം ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനു മുമ്പ് പുറത്തുവന്ന മിക്കവാറും ആഖ്യാനങ്ങള്‍ മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ രൂപപ്പെടുത്തിയതാണെന്നാണ് ഇത് തെളിയിക്കുന്നത്. ഒരാക്രമണം നടന്നാല്‍ മറിച്ച് തെളിവ് ലഭിക്കുംവരെ മുസ്‌ലികളെ സംശയിക്കുകയെന്ന മാധ്യമവല്‍കൃത ഇസ്‌ലാമോഫോബിയയുടെ ശൈലി പിന്തുടരുകയായിരുന്നു അവര്‍.

എന്നാല്‍, ഈ സമയത്തും മാര്‍ട്ടിന്‍ നല്‍കിയ വിശദീകരണങ്ങള്‍ തള്ളിക്കളയുകയും തങ്ങളുടേതായ ആഖ്യാനങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിച്ചവരും മാധ്യമമേഖലയിലുണ്ടായിരുന്നു. എബിസി മലയാളം അതിലൊന്നാണ്. 'കളമശ്ശേരി സ്‌ഫോടനം അറിയേണ്ടതെല്ലാം' എന്ന ശീര്‍ഷകത്തില്‍ ടി.ജി മോഹന്‍ദാസും ബി.എസ് ജോയിയും തമ്മിലുള്ള സംഭാഷണം(ഒക്ടോബര്‍ 30, 2023, എബിസി മലയാളം) ചാനല്‍ പുറത്തുവിട്ടിരുന്നു. അതില്‍ മാര്‍ട്ടിന്റെ പിന്നില്‍ സഹായികളായ ശക്തികളുണ്ടെന്ന നിലപാടിലാണ് അവര്‍ ഊന്നിയത്. അടുത്ത ദിവസവും സമാനമായ വിഡിയോ അവര്‍ പങ്കുവെച്ചിരുന്നു.

ഇതിനിടയില്‍ ആലുവയില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത് റിപോര്‍ട്ട് ചെയ്ത മക്തൂബ് മീഡിയയിലെ എഡിറ്റര്‍ അസ്ലഹ് വടകര, മാധ്യമപ്രവര്‍ത്തകന്‍ റിജാസ് സഈദ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. (FIR against Kerala journo for report on allegations of anti-Muslim bias by police, ദി ന്യൂസ് മിനിറ്റ്, നവംബര്‍ 16, 2023). മുകളില്‍നിന്നുള്ള ഓര്‍ഡര്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞത്രെ. തങ്ങളെ മുസ്‌ലിം വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പൊലീസിന്റെ പരാതി.

മീഡിയവണും മക്തൂബ് മീഡിയയും എന്തിനാണ് മുസ്‌ലിം വിഷയങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പൊലീസ് ചോദിച്ചു ('മുസ്‌ലിം വിഷയം മാത്രമെന്തിന് റിപ്പോര്‍ട്ട് ചെയ്യുന്നു'; കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെതിരെ പൊലീസ് കേസ്, ദി ഫോര്‍ത്ത് ന്യൂസ്, നവംബര്‍ 17, 2023). സ്‌ഫോടനം നടന്ന ദിവസം രാഷ്ട്രീയനേതൃത്വം പ്രദര്‍ശിപ്പിച്ച കയ്യടക്കം ഇക്കാര്യത്തില്‍ ദൃശ്യമായിരുന്നില്ല.

വാര്‍ത്താനിര്‍മാണത്തിന്റെ പരിണാമം:

ഇപ്പോള്‍ കളമശ്ശേരി സ്‌ഫോടനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞു. സ്‌ഫോടനത്തിലെ പ്രതിയും അതേക്കുറിച്ചുള്ള ആഖ്യാനങ്ങളും പരിശോധിച്ചാല്‍ ഈ സംഭവത്തോടുള്ള കേരളീയ സമൂഹത്തിന്റെ പ്രതികരണം 'സംയമന'ത്തോടെയാണെന്ന് കാണാം.

കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യ ദിവസങ്ങളിലെ വാര്‍ത്തകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവം നടന്നാല്‍ മാത്രമേ മാര്‍ട്ടിനും കളമശ്ശേരി സ്‌ഫോടനവും വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ആരെങ്കിലും 'മരിക്കു'കയോ കുറ്റപത്രം സമര്‍പ്പിക്കുകയോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യുകയോ, സ്‌ഫോടനം നടന്ന സ്ഥലം പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്തപ്പോഴാണ് മാധ്യമങ്ങളില്‍ പരാമര്‍ശങ്ങളുണ്ടായത്. സാമൂഹികമാധ്യമങ്ങളില്‍ വലിയ കോലാഹലങ്ങളോ ട്രോളുകളോ പരിഹാസങ്ങളോ പ്രത്യക്ഷപ്പെട്ടില്ല. മാര്‍ട്ടിന്റെ സമുദായത്തെക്കുറിച്ചും ചര്‍ച്ചയുണ്ടായില്ല.

കളമശ്ശേരി സ്‌ഫോടന വാര്‍ത്തകളില്‍നിന്ന് 'കൊല്ലപ്പെടുക' എന്ന വാക്ക് പില്‍ക്കാലത്ത് പല മാധ്യമങ്ങളും ഒഴിവാക്കി. മാര്‍ട്ടിനെതിരേയുള്ള യുഎപിഎ ഒഴിവാക്കിയ വാര്‍ത്ത റിപോര്‍ട്ട് ചെയ്ത പല പത്രങ്ങളും ഈ രീതി അവലംബിച്ചു. ഉദാഹരണത്തിന് യുഎപിഎ ഒഴിവാക്കിയ മാതൃഭൂമി വാര്‍ത്തയില്‍ '8 പേര്‍ മരിച്ചു'വെന്നാണ് ഉപയോഗിച്ചത്. ഒരു തവണപോലും കൊല്ലപ്പെട്ടുവെന്ന വാക്ക് ഉപയോഗിച്ചില്ല.(കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി സര്‍ക്കാര്‍, മാതൃഭൂമി, ഒക്ടോബര്‍ 28, 2024).

'സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശേരി സ്ഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയ യുഎപിഎ ഒഴിവാക്കി' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ജനംടിവിയുടെ വാര്‍ത്തയും സമാനമായിരുന്നു (ജനംടിവി, ഒക്ടോബര്‍ 28, 2024).

സ്‌ഫോടനത്തിനു പിന്നില്‍ ഇസ്‌ലാമിക സംഘടനകളാണെന്ന് ബോധപൂര്‍വം പ്രതീതിയുണ്ടാക്കിയിരുന്ന സമയത്ത് നിരവധി ഉപകഥകള്‍ മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടിരുന്നു. ചിലര്‍ ഹമാസിനെപ്പോലും പ്രതിസ്ഥാനത്തു നിര്‍ത്തി. സോളിഡാരിറ്റി മലപ്പുറത്തു നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത് (ഗസ്സ, ഹമാസ്, ഇസ്രായേല്‍: കളമശ്ശേരിയില്‍ പൊളിഞ്ഞ നുണബോംബ്, മീഡിയാവണ്‍, നവംബര്‍ 6, 2023). എന്നാല്‍ മാര്‍ട്ടിന്റെ കുമ്പസാരത്തിനുശേഷമോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലോ ഇതുസംബന്ധിച്ച വിശകലനങ്ങളൊന്നും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഹിന്ദുത്വമാധ്യമങ്ങളും നിശ്ശബ്ദരായിരുന്നു.

മാര്‍ട്ടിനെതിരേ കുറ്റപത്രം നല്‍കിയ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ പോലും കുറവായിരുന്നു. പ്രസിദ്ധീകരിച്ചവര്‍ പോലും മാര്‍ട്ടിന്‍ മാത്രമേ പ്രതിയായുള്ളൂ എന്ന പോയിന്റ് എടുത്തുപറഞ്ഞു. പ്രാദേശിക സ്വഭാവമുള്ള, ഒരു പ്രതി മാത്രമുള്ള കുറ്റകൃത്യം- എന്ന കുറ്റപത്രത്തിന്റെ നിലപാടിനോടും മാധ്യമങ്ങള്‍ യോജിച്ചു. 'ഭീകരത', 'തീവ്രവാദം' തുടങ്ങിയ വിശേഷണ പദങ്ങളൊന്നും ഈ വാര്‍ത്തകളിലുണ്ടായിരുന്നില്ല. (സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ്; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രം; കളമശ്ശേരി സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്, ജനംടിവി, ഏപ്രില്‍ 23, 2024)

യുഎപിഎ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍:

സ്‌ഫോടനക്കേസില്‍നിന്ന് യുഎപിഎ ഒഴിവാക്കിയ വിവരം ഒക്ടോബര്‍ 28-നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്. യുഎപിഎ ചുമത്താനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് സുദര്‍ശനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ വാര്‍ത്ത പുറത്തുവന്ന് തൊട്ടുപിന്നാലെ മറ്റു മാധ്യമങ്ങളും ഇതേറ്റെടുത്തു.

ഒക്ടോബര്‍ 29ന് സ്‌ഫോടനം നടന്ന് ഒരു വര്‍ഷമാകുന്നുവെന്ന വാര്‍ത്തയും ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വാര്‍ഷികവാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്ന മാധ്യമങ്ങളും ധാരാളമുണ്ട്. വാര്‍ഷികവാര്‍ത്ത വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങൾ മാര്‍ട്ടിനെതിരേ ചുമത്തിയ യുഎപിഎ ഒഴിവാക്കിയ വിവരം മറച്ചുവച്ചു (കണ്ണീര്‍ചിത്രമായി എട്ടുപേര്‍, ഓര്‍മകളില്‍ നടുക്കം; കളമശേരി സ്ഫോടനത്തിന് നാളെ ഒരുവര്‍ഷം, ദേശാഭിമാനി ഒക്ടോബര്‍ 28, 2024).

കേസില്‍നിന്ന് യുഎപിഎ ഒഴിവാക്കിയതിനോട് സാമൂഹികമാധ്യമങ്ങള്‍ രൂക്ഷമായി പ്രതികരിച്ചു. പന്തീരാങ്കാവ് കേസില്‍ യുഎപിഎയുടെ ഇരയായ അലന്‍ ഷുഹൈബിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളും വാര്‍ത്തയാക്കി. ''ബോംബ് സ്ഫോടനം നടത്തി ആളുകളെ കൊല്ലുന്നത് തീവ്രവാദ പ്രവര്‍ത്തനമല്ല. പക്ഷേ ഏതാനും പുസ്തകങ്ങളും ലഘുലേഖയും സൂക്ഷിച്ചതിന് ആരോപണവിധേയനായ ഞാന്‍ തീവ്രവാദിയായി. ഇനി നിങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് എനിക്ക് ഒരു ക്ലാസ് തരൂ...''-എന്നായിരുന്നു അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് വിദ്യാര്‍ഥികളായിരുന്ന അലന്‍ ശുഹൈബ്, താഹാ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സിപിഐ അടക്കം എല്‍ഡിഎഫ് ഘടകക്ഷികള്‍ തന്നെ ഇതിനെ വിമര്‍ശിച്ചെങ്കിലും യുഎപിഎ ചുമത്തിയതിനെ പരസ്യമായി ന്യായീകരിക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തത്. ചായ കുടിക്കാന്‍ പോയതിനല്ല ഇരുവരെയും അറസ്റ്റ് ചെയ്തത് എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്.('സ്ഫോടനം നടത്തുന്നത് ഭീകരവാദമല്ല, പുസ്തകം കയ്യില്‍വച്ച ഞാന്‍ ഭീകരന്‍, കളമശ്ശേരിയില്‍ യുഎപിഎ ഒഴിവാക്കിയതില്‍ അലന്‍ ഷുഹൈബ്, ഒക്ടോബര്‍ 28, 2024, മീഡിയാവണ്‍).

മുസ്ലിംവിരുദ്ധ വംശീയതയാണ് ഇസ്ലാഫോബിയ. വംശീയത സാമൂഹികവും രാഷ്ട്രീയവുമായ തരംതിരിവിലൂടെയും ഉച്ചനീചത്വങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നു. മുസ്ലിംകളെ ആദ്യം കുറ്റവാളികളാക്കി സൂചനകള്‍ നിര്‍മിക്കുക, പിന്നീട് തെളിവുകള്‍ സമാഹരിക്കുക എന്നതാണ് മാധ്യമവല്‍കൃത ഇസ്ലാമോഫോബിയയുടെ പ്രത്യേകത. ആദ്യം തെളിവ്, പിന്നീട് കുറ്റവാളിയെ പ്രഖ്യാപിക്കുയെന്ന സാമാന്യനീതിയുടെ ലംഘനം മുസ്ലിംകളെ വംശീയമായ തരംതിരിക്കുന്നതിന്റെ ഭാഗമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കളമശ്ശേരി യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേനത്തിനിടയിലുണ്ടായ സ്ഫോടനത്തിനുശേഷം കേരളത്തില്‍ അരങ്ങേറിയത്. ഒടുവില്‍ മറിച്ചു തെളിവു ലഭിക്കുന്നതോടെ മാധ്യമങ്ങളുടെ ഈ വിഷയത്തിലെ താല്‍പര്യവും നശിക്കും.

ഇത്തരം വാര്‍ത്തകള്‍ 'ഭീകരത'യ്ക്കു നല്‍കുന്ന നിര്‍വചനവും ശ്രദ്ധേയമാണ്. മുസ്‌ലിംകള്‍ ഉള്‍പ്പെടുമ്പോഴാണ് ഒരു സംഭവത്തിന് ഭീകരതയുടെ വിശേഷണം ലഭിക്കുന്നത്. മാധ്യമങ്ങളുടെ വാര്‍ത്താഅവതരണ ശൈലി ഭരണഘടനാസ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് സ്ഥാപനവല്‍കൃത ഇസ് ലാമോഫോബിയ എത്ര രൂക്ഷമായിരിക്കുന്നുവെന്നതിന്റെ തെളിവാണ്. കളമശ്ശേരി സ്‌ഫോടനത്തിന് ഭീകരതാ വിശേഷണം ലഭിക്കുന്നതും ഒഴിവാകുന്നതും ഇതിന് തെളിവാണ്.

TAGS :