Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 3 July 2024 10:17 AM GMT

രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ അസ്വീകാര്യനാകുന്ന അദാനി തെലങ്കാനയില്‍ സ്വീകാര്യനാകുന്നതിന്റെ സൂത്രമെന്താണ്?

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയര്‍ തട്ടിപ്പുകളെക്കുറിച്ചും ബിസിനസ്സ് വഴികളിലെ അഴിമതികളെക്കുറിച്ചും മോദി സര്‍ക്കാര്‍ ഈ അഴിമതിക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചും പാര്‍ലമെന്റിന് അകത്തും പുറത്തും ഏറെ സംസാരിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അതേസമയം, സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കാണിക്കുന്ന അദാനി സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണ്?

രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ അസ്വീകാര്യനാകുന്ന അദാനി തെലങ്കാനയില്‍ സ്വീകാര്യനാകുന്നതിന്റെ സൂത്രമെന്താണ്?
X

പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ 24 മുതല്‍ ആരംഭിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ രണ്ട് ലോക്‌സഭാ കാലയളവില്‍ നിന്ന് ഭിന്നമായി പ്രതിപക്ഷം കൂടുതല്‍ കരുത്തോടും ആത്മവിശ്വാസത്തോടും കൂടി പാര്‍ലമെന്റ് സമ്മേളന ഹാളിലേക്ക് നടന്നുകയറുന്നതും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ത്യന്‍ ജനത അനല്‍പ്പമായ പ്രതീക്ഷയോടെയും ഹര്‍ഷാതിരേകത്തോടെയും നോക്കിക്കണ്ടു. ഗോദി മീഡിയ പോലും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്ക്, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആവശ്യമായ കവറേജ് നല്‍കാന്‍ സന്നദ്ധരാകുന്നതും നാം കാണുന്നു. ഒക്കെയും നല്ലത്.

പ്രതിപക്ഷ നിരയില്‍ നിന്നുള്ള ആദ്യഘട്ട പ്രതികരണങ്ങളും ആവേശങ്ങളും അതിന്റെ സത്തയില്‍ ഉള്‍ക്കൊള്ളുമ്പോഴും സുപ്രധാനമായ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് കരുതുന്നു. ഭരണപക്ഷത്തിന്റെ രാഷ്ട്രീയ-നയ തീരുമാനങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ചോദ്യം ചെയ്യുമ്പോഴും അതിന് ബദലായി എന്താണ് പ്രതിപക്ഷ മുന്നണിക്ക് മുന്നോട്ടുവെക്കാനുള്ളത് എന്നതാണ് മര്‍മ്മപ്രധാനമായ ചോദ്യം.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയിലെ അസമത്വത്തിന്റെ തോത് ഭീഷണമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. അദാനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ മോദി ഭരണകൂടം നടത്തിയ വഴിവിട്ട കളികളെക്കുറിച്ച് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും പ്രതിപക്ഷ നിരയിലുള്ള നേതാക്കള്‍ തന്നെയാണ്.

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ''ജൂണ്‍ 4ന് ശേഷം ഇന്‍ഡ്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ വമ്പന്‍ അഴിമതിയും, പൊതുജനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ഓരോ പൈസയുടെ കണക്കും അന്വേഷിക്കും'' എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയുണ്ടായി. ഗൗതം അദാനിക്ക് മോദി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന വഴിവിട്ട സൗജന്യങ്ങളെക്കുറിച്ചായിരുന്നു രാഹുല്‍ പരാമര്‍ശിച്ചത്.

പക്ഷേ, മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ക്ക് ആരംഭം കുറിച്ചത് കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിയായ നരസിംഹ റാവുവായിരുന്നുവെന്നും പിന്നീട് വന്ന യു.പി.എ ഗവണ്‍മെന്റിനെ നയിച്ച ഡോ. മന്‍മോഹന്‍സിംഗ് അതിനെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവുകായിരുന്നു എന്നതും വിസ്മരിക്കാവുന്നതല്ല. കോണ്‍ഗ്രസ്സ് കൊണ്ടുവന്ന സാമ്പത്തിക നയങ്ങളെ, അതിന്റെ എല്ലാ കാര്‍ക്കശ്യത്തോടും കൂടി നടപ്പാക്കുകയായിരുന്നു മോദി, ഭരണത്തിലിരുന്ന ഒരു ദശകക്കാലം മുഴുവന്‍.

സംശയമുണ്ടെങ്കില്‍ മന്‍മോഹന്‍സിംഗ് ഭരണത്തിലേറിയ 2004 മുതല്‍ക്കുള്ള കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ. ഇന്ത്യയിലെ ഖനിജ സമൃദ്ധമായ കിഴക്കന്‍ മേഖലകളിലേക്ക് ടാറ്റയും ജിന്‍ഡാലും എസ്സാറും അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും ലഫാര്‍ഗേ ഹോള്‍സിം, വേദാന്ത, പോസ്‌കോ, റിയോ ടിന്റോ തുടങ്ങിയ ഒട്ടനവധി വിദേശ കമ്പനികള്‍ക്കും മേയാന്‍ അനുവാദം നല്‍കിയത് ആരായിരുന്നു?

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ടാറ്റ, എസ്സാര്‍ എന്നീ കമ്പനികള്‍ക്ക് മാത്രമായി പതിച്ചു നല്‍കിയത് 7,50,000 ഹെക്ടര്‍ വന ഭൂമിയായിരുന്നുവെന്ന് ഓര്‍ക്കണം. ഛത്തീസ്ഗഢും ഝാര്‍ഘണ്ഡും ഒഡീഷയും മധ്യപ്രദേശും അടങ്ങുന്ന ഇന്ത്യയിലെ ആദിവാസി ഇടനാഴികളില്‍ ഇതിനെതിരായ പ്രതിഷേധം ശക്തമായപ്പോള്‍ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് പോലുള്ള ജനനായാട്ടിന് രൂപം കൊടുത്തത് അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരമായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.

ജനങ്ങളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കാനായി അന്ന് ഉപയോഗപ്പെടുത്തിയത് നാല്‍പതുകളിലും അറുപതുകളിലും ഫ്രഞ്ച്, ബ്രിട്ടീഷ് അമേരിക്കന്‍ ഭരണകൂടങ്ങള്‍ നടപ്പാക്കിയ 'സ്ട്രാറ്റജിക് ഹാംലെറ്റിംഗ്' (strategic hamlet-ting) എന്ന തന്ത്രമായിരുന്നു. ആദിവാസി ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി ലൈനുകള്‍ വിച്ഛേദിച്ചും, അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും പൊലീസ്-സൈനിക അതിക്രമങ്ങള്‍ അഴിച്ചുവിട്ടും ജനങ്ങളെ പ്രത്യേക ക്യാമ്പുകളിലേക്ക് തെളിച്ചുകൊണ്ടെത്തിക്കുക എന്ന തന്ത്രമായിരുന്നു സല്‍വാ ജൂദൂം എന്ന സിവിലിയന്‍ സൈനികരെ ഉപയോഗിച്ച് ബസ്തര്‍ മേഖലയില്‍ നടപ്പാക്കിയത്. ഇതേ കാര്യം തന്നെയായിരുന്നു 1952-ല്‍ ഒന്നാം ഇന്തോ-ചൈന യുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ വിയറ്റ്നാമിനെതിരെ പ്രയോഗിച്ചിരുന്നത്; 1948-60 കാലഘട്ടത്തില്‍ മലയയിലെ കമ്യൂണിസ്റ്റ് കലാപത്തിനെതിരെ ബ്രിട്ടീഷുകാര്‍ പരീക്ഷിച്ചിരുന്നത്; 1962-ല്‍ വിയറ്റ്‌നാമിലെ വിയറ്റ്‌കോങ്ങിനെതിരെ അമേരിക്ക നടപ്പാക്കിയത്.

മേല്‍പ്പറഞ്ഞ സൈനിക നടപടികളിലൂടെ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ, ആഭ്യന്തര മന്ത്രി സ്ഥാനവും ധനമന്ത്രി സ്ഥാനവും വഹിച്ചിരുന്ന, അതേ പി. ചിദംബരം അടങ്ങിയ ഇക്കണോമിക് അഫയേര്‍സ് കമ്മിറ്റിയാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയരൂപീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും 2023 ഫെബ്രുവരി 25, 26 തീയ്യതികളില്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ ചേര്‍ന്ന 85ാം പ്ലീനറി സെഷന്‍ അടിവരയിട്ട് പറയുന്ന കാര്യം 90കളില്‍ കോണ്‍ഗ്രസ്സ് നടപ്പാക്കാനാരംഭിച്ച നിയോ ലിബറല്‍ പോളിസികളുമായി മുന്നോട്ടുപോകുമെന്നാണ്. ഉദാരവത്കരണ നയങ്ങളുടെ ഭാരം താങ്ങേണ്ടി വരുന്ന ഒരു ജനത അതില്‍ നിന്ന് കുതറി മാറാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പുകളിലൂടെ പ്രകടമാകുന്നത്. അവരുടെ മുന്നില്‍ തെരഞ്ഞെടുപ്പുകള്‍ അധികം ഇല്ല എന്നതുകൊണ്ടുതന്നെ ബി.ജെ.പി, കോണ്‍ഗ്രസ്സ്, പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയെ അവര്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഛത്തീസ്ഗഢിലെ ഉദാഹരണം നോക്കൂ. മൂന്ന് ടേമുകളിലായി ബി.ജെ.പി തുടര്‍ച്ചയായി ഭരണം നടത്തിയ സംസ്ഥാനമാണത്. ഛത്തീസ്ഗഢിലെ പ്രകൃതി വിഭവങ്ങള്‍ ഒന്നൊന്നായി വന്‍കിട കമ്പനികള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ സമ്മാനിച്ചപ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തെരഞ്ഞെടുത്തു. 2018ലെ സംസ്ഥാന തെരഞ്ഞെടുപ്പ് വേളയില്‍ പുതിയ കോള്‍ ബ്ലോക്കുകള്‍ അനുവദിക്കുകയില്ലെന്ന് ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കുകയുണ്ടായി. എന്നാല്‍, അധികാരത്തിലെത്തിയ ഭൂപേഷ് ഭാഗേല്‍ സര്‍ക്കാര്‍ 2022 ഏപ്രില്‍ ആറിന് പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയാണുണ്ടായത്. ഛത്തീസ്ഗഢ് സ്വന്തം കൈകളില്‍ നിന്ന് വഴുതിപ്പോകുന്നത് നോക്കി നില്‍ക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ വിധി.

ഇന്തോനേഷ്യന്‍ കമ്പനിയില്‍ നിന്ന് ടണ്ണിന് 28 ഡോളര്‍ എന്ന നിരക്കില്‍ 'ലോ-ഗ്രേഡ്' കല്‍ക്കരി വാങ്ങി; അതേ കല്‍ക്കരി ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മെട്രിക് ടണ്ണിന് 91.91 ഡോളര്‍ വെച്ചാണ് അദാനി ഗ്രൂപ്പ് വില്‍ക്കുന്നത്. ഈ അമിത വിലയുടെ ഭാരം ആത്യന്തികമായി പാവപ്പെട്ട ഉപഭോക്താക്കളുടെ തലയിലാണ് വന്നുകൂടുന്നതെന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അറിയാത്തതാണോ?

ഇതൊക്കെയും ഭൂതകാല കഥകളാണ് എന്നാണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍ മറ്റൊരു കഥ കൂടി കേള്‍ക്കൂ:

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ''ജൂണ്‍ 4ന് ശേഷം ഇന്‍ഡ്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ വമ്പന്‍ അഴിമതിയും, പൊതുജനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ഓരോ പൈസയുടെ കണക്കും അന്വേഷിക്കും'' എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയുണ്ടായി. ഗൗതം അദാനിക്ക് മോദി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന വഴിവിട്ട സൗജന്യങ്ങളെക്കുറിച്ചായിരുന്നു രാഹുല്‍ പരാമര്‍ശിച്ചത്.

എന്നാല്‍, കോണ്‍ഗ്രസ്സ് ഭരിക്കുന്ന തെലങ്കാനയില്‍ എന്താണ് സംഭവിച്ചത്?

ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല ഒരു പൈലറ്റ് പ്രോജക്റ്റെന്ന നിലയില്‍ അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നുവെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഈയടുത്ത ദിവസങ്ങളില്‍ പറയുകയുണ്ടായി. പിന്നീട് സംസ്ഥാനത്തെ വൈദ്യുതി വിതരണ ചുമതല മുഴുവനായും തന്നെ അദാനി ഗ്രൂപ്പിന് കൈമാറുമെന്നും വരുമാനത്തിന്റെ 25% അദാനി ഗ്രൂപ്പിന് നല്‍കുമെന്നും രേവന്ത് റെഡ്ഢി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പലവിധ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്തുകൊണ്ട് അദാനിയുടെ പേര് മാത്രമായി ഉയര്‍ന്നുവരുന്നു? അദാനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്താണ്? സ്വകാര്യ സ്ഥാപനങ്ങളെ ഗവണ്‍മെന്റ് പദ്ധതികളില്‍ ഭാഗമാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് അദാനിയുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല?


കല്‍ക്കരി ഇറക്കുമതിയിലെ നിഗൂഢത, അമിതവില ഈടാക്കല്‍, നിലവാരം കുറഞ്ഞ കല്‍ക്കരി വിതരണം ചെയ്യല്‍ എന്നിങ്ങനെ കല്‍ക്കരി വ്യവസായവുമായി ബന്ധപ്പെട്ട നിരവധി അഴിമതികളില്‍ നേരിട്ട് പങ്കാളികളാണ് അദാനി ഗ്രൂപ്പ് എന്നത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അറിയാത്തല്ലല്ലോ? ഇന്തോനേഷ്യന്‍ കമ്പനിയില്‍ നിന്ന് ടണ്ണിന് 28 ഡോളര്‍ എന്ന നിരക്കില്‍ 'ലോ-ഗ്രേഡ്' കല്‍ക്കരി വാങ്ങി; അതേ കല്‍ക്കരി ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മെട്രിക് ടണ്ണിന് 91.91 ഡോളര്‍ വെച്ചാണ് അദാനി ഗ്രൂപ്പ് വില്‍ക്കുന്നത്. ഈ അമിത വിലയുടെ ഭാരം ആത്യന്തികമായി പാവപ്പെട്ട ഉപഭോക്താക്കളുടെ തലയിലാണ് വന്നുകൂടുന്നതെന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അറിയാത്തതാണോ?

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയര്‍ തട്ടിപ്പുകളെക്കുറിച്ചും ബിസിനസ്സ് വഴികളിലെ അഴിമതികളെക്കുറിച്ചും മോദി സര്‍ക്കാര്‍ ഈ അഴിമതിക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചും പാര്‍ലമെന്റിന് അകത്തും പുറത്തും ഏറെ സംസാരിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അതേസമയം, സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കാണിക്കുന്ന അദാനി സ്നേഹത്തെ കണ്ടില്ലെന്ന് നടക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് പറയേണ്ടതുണ്ട്.

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പൊറുതിമുട്ടിയ ഒരു ജനത മാറ്റം ആഗ്രഹിക്കുന്നുവെന്നതാണ് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ അവര്‍ തയ്യാറായിട്ടുമില്ല. അതിന്റെ അടിസ്ഥാന കാരണം വാക്കും പ്രവൃത്തിയും തമ്മിലുള്ള ഈ അന്തരമാണ്. ആലിംഗനങ്ങള്‍ക്കും വീറു നിറഞ്ഞ പ്രസംഗങ്ങള്‍ക്കും അപ്പുറം ജനങ്ങള്‍ക്കായി നിങ്ങള്‍ എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നറിയാനാണ് വോട്ടര്‍മാര്‍ക്ക് താല്‍പ്പര്യം.



TAGS :