'നെറ്റ്' വലയില്‍ കുരുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്
നെറ്റ് പരീക്ഷയിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് നെറ്റ് പരീക്ഷ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും പ്രതിഷേധങ്ങളും രേഖപ്പെടുത്തുന്നു രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും നെറ്റ് പരീക്ഷാര്‍ഥിയുമായ നിലൂഫര്‍ സുല്‍ത്താന.
രാജ്യത്തെ മത്സരപരീക്ഷകളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നു, കൃത്രിമം നടന്നു എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നെറ്റ് പരീക്ഷ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിന് തൊട്ട് മുന്‍പാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗ്രേസ്മാര്‍ക്ക് കിട്ടിയ മുഴുവന്‍ പേര്‍ക്കും പുനഃപരീക്ഷ നടത്താന്‍ ഉത്തരവിട്ടത്. ഏറ്റവും ഒടുവില്‍, ജൂണ്‍ 25ന് നടക്കാനിരുന്ന സി.എസ്.ഐ.ആര്‍-നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ടാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍.ടി.എ.യുടെ വിശദീകരണം. ഇത്തരത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകള്‍ റദ്ദാക്കുകയും അതിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. സത്യത്തില്‍ നമ്മുടെ ഉന്നത പരീക്ഷ മേഖലക്ക് എന്താണ് സംഭവിക്കുന്നത്?
ഞാന്‍ രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. ഇത്തവണത്തെ നെറ്റ് പരീക്ഷ വിഴുങ്ങിയ പത്തു ലക്ഷം വിദ്യാര്‍ഥികളില്‍ ഒരാളാണ് ഞാനും. ആദ്യത്തെ തവണ എഴുതുന്നത് കൊണ്ട് തന്നെ ചോദ്യപേപ്പറിന്റെ ഘടന, പരീക്ഷയുടെ സ്വഭാവം എന്നിവ മനസ്സിലാക്കണം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, നിലവാരമില്ലാത്ത ചോദ്യപേപ്പറിലൂടെ എന്ത് മനസിലാക്കാന്‍!
എന്നെപോലെ പത്തു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ടാവും. അതില്‍ ഭൂരിഭാഗവും മൂന്നാമത്തേയും നാലാമത്തെയും തവണ എഴുതുന്നവരാണ്. നീറ്റ് പരീക്ഷക്കു പിന്നാലെ ഇപ്പോള്‍ നെറ്റും ഞങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. നെറ്റെന്ന വലയിലാണ് ഞങ്ങള്‍ ഓരോരുത്തരുടെയും ഭാവി.
നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സി, വിദ്യാര്‍ഥികളുടെ ക്ഷമ ടെസ്റ്റ് ചെയ്യാനുള്ള ഏജന്‍സിയായി മാറരുത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാര്‍ഥികളില്‍ വലിയ ആധിയും ഭീതിയും സൃഷ്ടിച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളും വിലപ്പെട്ട സമയവും എന്‍.ടി.എ പോലുള്ള ഏജന്‍സികളാല്‍ തകര്‍ത്തെറിയാനുള്ളതാണോ എന്ന ചോദ്യത്തെ അധികാരികള്‍ അഭിമുഖീകരിച്ചേ മതിയാവൂ.
ജൂണ്‍ 18 ന് നടന്ന പരീക്ഷയില്‍ ഞങ്ങള്‍ വിദ്യാര്‍ഥികളുടെ വലിയ പരിശ്രമമാണ് വെള്ളത്തിലായത്. പരീക്ഷ കേന്ദ്ര,ം ചോദ്യപേപ്പര്‍ എന്നിവയെ തുടര്‍ന്നുള്ള വിവാദത്തിലാണ് പരീക്ഷ റദ്ദാക്കിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സൈബര്‍ സുരക്ഷാ വിഭാഗം യു.ജി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുന്നത്. ഉടന്‍ തന്നെ പരീക്ഷയുടെ പുനര്‍ വിജ്ഞാപനവും ഷെഡ്യൂളും പുറത്തു വിടും എന്ന് പറയപ്പെടുന്നു. രണ്ടും മൂന്നും വര്‍ഷങ്ങളായി നെറ്റ് എലിജിബിലിറ്റിക്ക് വേണ്ടി പരിശ്രമിക്കുന്നവര്‍ ധാരാളമാണ്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഇത്തരം പരീക്ഷകള്‍ തന്നെ കുത്തഴിഞ്ഞു പോകുന്നത് ആശങ്ക ഉളവാക്കുന്നതാണ്. മാസങ്ങളോളം ആഴത്തിലുള്ള പഠനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ നെറ്റിന് തയ്യാറെടുക്കാറുള്ളത്. വളരെ കാര്യക്ഷമമായി നടക്കേണ്ട മത്സര പരീക്ഷകളില്‍ ഒക്കെ തന്നെ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടുവരുന്നത് വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തെ പാടെ ഇല്ലാതാക്കും.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ഫാത്തിമ നുസൈഫ ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നത് ഇപ്രകരമാണ്: ഇത്രയും വിദ്യാര്‍ഥികള്‍ എഴുതുന്ന ഒരു മത്സര പരീക്ഷയുടെ വിഷയത്തില്‍ എന്‍.ടി.എ പോലുള്ള ഒരു നാഷ്ണല്‍ ഏജന്‍സി കുറച്ചുകൂടി ഉത്തരവാദിത്ത ബോധം കാണിക്കേണ്ടതുണ്ട്. എഴുതിയ ആദ്യ തവണ തന്നെ ഇത്തരമൊരു പ്രശ്‌നം നേരിടേണ്ടി വന്നതില്‍ ഏറെ ആശങ്കയുണ്ട്. ഇത്തരത്തിലുള്ള പല വെല്ലുവിളികളും ഭാവിയില്‍ നേരിടാനായി വിദ്യാര്‍ഥികള്‍ അവരുടെ മനസിനെ പാകപ്പെടുത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
| നിലൂഫര്‍ സുല്‍ത്താന
അസിസ്റ്റന്റ് പ്രൊഫസര്‍ ഇല്‍ത്താഫ് പറയുന്നു: ഈ വര്‍ഷം എകദേശം ഒന്‍പത് ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഇത്തവണത്തെ, OMR പരീക്ഷയിലൂടെ എന്‍.ടി.എക്ക് ഒരുപാട് ലാഭങ്ങള്‍ ഉണ്ടായിട്ടിണ്ട്. ദിവസങ്ങളോളം നടത്തിയിരുന്ന പരീക്ഷകള്‍ ഒറ്റ ദിവസം കൊണ്ട് നടത്താന്‍ കഴിഞ്ഞു. എന്നാല്‍, കുട്ടികളെ സംബന്ധിച്ചിടത്തോളം പെട്ടന്ന് കമ്പ്യൂട്ടറൈസ്ഡ് പരീക്ഷകളില്‍ നിന്നും OMR ലേക്ക് മാറുക എന്നത് പ്രയാസകരമാണ്. ഇപ്രാവശ്യം അവര്‍ക്ക് വലിയ രീതിയില്‍ സമയക്കുറവ് അനുഭവപ്പെട്ടു. കാരണം, 150 ചോദ്യങ്ങള്‍ ബബ്ള്‍ ചെയ്യാന്‍ മാത്രം ഒരാള്‍ക്ക് പത്തു മിനിറ്റോളം ആവശ്യമുണ്ട്. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് മിക്‌സ് ആയത് കൊണ്ട് തന്നെ ചോദ്യങ്ങള്‍ വായിക്കാന്‍ വലിയ രീതിയില്‍ പ്രയാസമാനുഭവപ്പെട്ടു. കുട്ടികള്‍ക്ക് പെട്ടന്ന് ചോദ്യങ്ങള്‍ ഹൈലൈറ്റ് ചെയ്ത് വായിക്കാനുള്ള സാധ്യതകളും ചോദ്യപേപ്പറില്‍ ഇല്ലായിരുന്നു. അതേസമയം, സാധാരണയായി കുട്ടികളെ കുഴക്കുന്ന സ്റ്റേറ്റ്‌മെന്റ് മോഡല്‍ ചോദ്യങ്ങള്‍ ഇത്തവണ ഇല്ലായിരുന്നു. ചോദ്യങ്ങളുടെ പാറ്റേണ്‍ നന്നായി മാറിയിട്ടുണ്ട് എന്നതാണ് ശ്രദ്ധയില്‍പെട്ട മറ്റൊരു കാര്യം. പത്തോളം വര്‍ഷത്തെ ചോദ്യപേപ്പറുകളെ താരതമ്യം ചെയ്ത് നോക്കിയാല്‍ വലിയ മാറ്റം കാണാന്‍ സാധിക്കും. ഏത് ഭാഗങ്ങളില്‍ നിന്നാണ് ചോദിക്കുന്നത് എന്ന് പോലും മനസ്സിലാക്കാന്‍ പ്രയാസകരമായി തോന്നി.
ഇതുകൂടാതെ വിഷയങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍കുറവാണെന്നും, നിലവാരം കുറഞ്ഞ ചോദ്യങ്ങള്‍ ആണെന്നും മറ്റു വിദ്യാര്‍ഥികളും അഭിപ്രായപ്പെടുന്നുണ്ട്. കുട്ടികള്‍ അനുഭവിച്ച മാനസിക ഉത്കണ്ഠകളെ പറ്റിയും സാമ്പത്തിക നഷ്ടങ്ങളെ പറ്റിയും എന്‍.ടി.എയെ പോലെതന്നെ സര്‍ക്കാരും ചിന്തിക്കേണ്ടതുണ്ട്. നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സി, വിദ്യാര്‍ഥികളുടെ ക്ഷമ ടെസ്റ്റ് ചെയ്യാനുള്ള ഏജന്‍സിയായി മാറരുത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാര്‍ഥികളില്‍ വലിയ ആധിയും ഭീതിയും സൃഷ്ടിച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളും വിലപ്പെട്ട സമയവും എന്‍.ടി.എ പോലുള്ള ഏജന്‍സികളാല്‍ തകര്‍ത്തെറിയാനുള്ളതാണോ എന്ന ചോദ്യത്തെ അധികാരികള്‍ അഭിമുഖീകരിച്ചേ മതിയാവൂ.