യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുമ്പോള്‍
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയെന്നാല്‍ സയണിസം മുന്നോട്ട് വെക്കുന്ന ഗൂഢമായ പദ്ധതികള്‍ക്ക് ഒപ്പമില്ല എന്നുതന്നെയാണ്. നൂറുകണക്കിനു ഗ്രാമങ്ങളെ തകര്‍ക്കുന്ന നക്ബ ആവര്‍ത്തിക്കാതിരിക്കാനും കുടിയേറ്റത്തിനും അധിനിവേശത്തിനും ഒപ്പമില്ല എന്ന സന്ദേശം നല്‍കുക കൂടിയാണ്.
ഇസ്രായേല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ വംശഹത്യ തുടരുന്നതിനിടെ കൂടൂതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വതന്ത്ര ഫലസ്തീനെ അംഗീകരിച്ചു കൊണ്ട് മുന്നോട്ട് വരുന്നത് പ്രതീക്ഷ നല്‍കുന്നു. നോര്‍വെ, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ചരിത്രപരമായ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്ന പുതിയ രാജ്യങ്ങള്‍. ഇരുരാഷ്ട്ര സങ്കല്‍പ്പത്തെ അംഗീകരിക്കില്ലെന്ന ഇസ്രായേല്‍ നിലപാടിനോടൊപ്പമാണ് എന്നും അമേരിക്ക നിലനിന്നിട്ടുള്ളത്. അമേരിക്കയും ഇസ്രായേലും ഈ ചക്രവാളത്തില്‍ യാതൊരു പരിഹാരവുമില്ലെന്ന് വ്യക്തമാക്കി യുദ്ധം തുടരുമ്പോള്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുന്നത് അമേരിക്കക്ക് വീണ്ടും തലവേദന സൃഷ്ടിച്ചേക്കും. ഈ രാജ്യങ്ങളുടെ നിലപാട് ആഗോള രാഷ്ടീയ ഭൂപടത്തില്‍ സ്വതന്ത്ര ഫലസ്തീന്‍ എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതാണ്. യൂറോപ്പും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാനും അത് കാരണമായേക്കും. മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം കൈവരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇനിയും കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുമെന്നാണ് കരുതുന്നത്. നോര്‍വെ, സ്‌പെയിന്‍, അയര്‍ലാന്‍ഡ് എന്നി രാജ്യങ്ങളുടെ അംഗീകാരത്തോടെ, ഐക്യരാഷ്ട്ര സഭയിലെ 193 അംഗരാജ്യങ്ങളില്‍ ഫലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 147 ആയി ഉയര്‍ന്നിരിക്കുന്നു.
യൂറോപില്‍ നിന്നും കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുകയെന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തുകയെന്നതും അമേരിക്കയുടെ വിദേശ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയെന്നതും കൂടിയാണ്.
സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയെന്നാല്‍
രാഷ്ട്രങ്ങളെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത നിയമങ്ങളൊന്നുമില്ല. എന്നാല്‍, 1933-ല്‍ വടക്കേ അമേരിക്കയിലേയും തെക്കേ അമേരിക്കയിലേയും 20 രാജ്യങ്ങള്‍ ഒപ്പുവെച്ച മോണ്ടെവീഡിയോ കണ്‍വെന്‍ഷന്‍ (ഇതാണു നിലവിലുള്ള അന്താരാഷ്ട്ര നിയമം) ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. രാഷ്ട്രങ്ങളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് നാല് മാനദണ്ഡങ്ങളാണ് അത് വ്യക്തമാക്കുന്നത്. ഒരു രാജ്യത്തിനു സ്ഥിരമായ ജനസംഖ്യ ഉണ്ടായിരിക്കണം. രാജ്യത്ത് ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കണം. ആ രാഷ്ട്രത്തിനു നിര്‍വചിക്കപ്പെട്ട അതിര്‍ത്തികളും. മറ്റ് രാജ്യങ്ങളുമായി ബന്ധത്തിലേര്‍പ്പെടാനുള്ള ശേഷിയും ഉണ്ടാകണം എന്നിവയാണവ. ഫലസ്തീനു ഇതെല്ലാമുണ്ട് എന്ന് തിരിച്ചറിയുമ്പോഴും ഇതൊന്നുമില്ലാതെയും അംഗീകരിക്കപ്പെട്ട കുറെ രാജ്യങ്ങള്‍ ഇന്ന് ലോകത്തുണ്ട് എന്നതാണ് വസ്തുത. യൂറോപില്‍ നിന്നും കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുകയെന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തുകയെന്നതും അമേരിക്കയുടെ വിദേശ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയെന്നതും കൂടിയാണ്. രാഷ്ട്രപദവി അംഗീകരിക്കുന്നത് പ്രായോഗികമായി ഫലസ്തീന്‍ സമൂഹത്തെ തന്നെയായിരിക്കും സഹായിക്കുന്നത്. പെട്ടെന്ന് ഒരു പരിഹാരം എന്നതിനുപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലസ്തീന്‍ സമൂഹം അംഗീകരിക്കപ്പെടാന്‍ ഇത് കാരണമായേക്കും. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയെന്നാല്‍ സയണിസം മുന്നോട്ട് വെക്കുന്ന ഗൂഢമായ പദ്ധതികള്‍ക്ക് ഒപ്പമില്ല എന്നതാണ്. നൂറുകണക്കിനു ഗ്രാമങ്ങളെ തകര്‍ക്കുന്ന നക്ബ ആവര്‍ത്തിക്കാതിരിക്കാനും കുടിയേറ്റത്തിനും അധിനിവേശത്തിനും ഒപ്പമില്ല എന്ന സന്ദേശം നല്‍കുക കൂടിയാണ്.
സമാധാനത്തിനു വേണ്ടി സെപെയിന്‍
ഫലസ്തീനുമായി എന്നും സഹകരിച്ചു പോന്നിട്ടുള്ള രാജ്യമാണ് സെപെയിന്‍. ഫലസ്തീന്‍ സമൂഹത്തെ ഹൃദയം കൊണ്ടാണ് അവര്‍ അടയാളപ്പെടുത്തുന്നത്. നീതിക്ക് വേണ്ടി ഫലസ്തീന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണമെന്നും സ്‌പെയിന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മാഡ്രിഡില്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. നെതന്യാഹു ഗസ്സയെ നശിപ്പിക്കുകയാണ്. സ്‌പെയിന്‍ സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയാണ്. അതുകൊണ്ട് തന്നെ സ്‌പെയിന്‍ സമൂഹം വംശഹത്യക്കെതിരാണെന്നും സ്‌പെയിന്‍ ജനത ഫലസ്തീനൊപ്പമാണെന്നും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുന്നതുവരെ അവര്‍ ഞങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നെറികേടിനെതിരെ നോര്‍വെ
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പത്താമത്തെ രാജ്യമാണ് നോര്‍വെ. ഫലസ്തീനെ അംഗീകരിച്ചില്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാകില്ലെന്നും സമാധാനത്തില്‍ ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ ഉണ്ടാവുകയാണ് രാഷ്ടീയ പരിഹാരമെന്നും ഈ ബദല്‍ നടപ്പാകണമെന്നും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സറ്റോര്‍ഹെ വ്യക്തമാക്കി. ഗസ്സ യുദ്ധം നല്‍കുന്ന പാഠം ലോകം അംഗീകരിക്കണമെന്നും ഫലസ്തീന്‍ അതോറിറ്റിയെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും യോജിച്ച് പോകാവുന്ന രാഷ്ട്രം സ്ഥാപിക്കണമെന്നുമാണ് നോര്‍വെ ആഗ്രഹിക്കുന്നതെന്ന് അദ്ധേഹം പ്രസ്താവിച്ചു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നത് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ അധിഷ്ഠിതമാണെന്ന് ഗസ്സ യുദ്ധം വ്യക്തമാക്കിയതായി സ്റ്റോര്‍ഹെ വ്യക്തമാക്കി.
അനീതിക്കെതിരെ അയര്‍ലാന്‍ഡ്
1980-ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ അംഗരാജ്യമാണ് അയര്‍ലാന്‍ഡ്. കുടിയേറ്റത്തിനും അധിനിവേശത്തിനും വളംവെക്കുന്ന തീവ്രസയണിസത്തിനു ഭാവിയില്ലെന്നും അയര്‍ലന്‍ഡിനും ഫലസ്തീനിനും ഇത് ചരിത്രപരവും പ്രധാനപ്പെട്ടതുമായ ദിവസമാണെന്നും ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം സ്ഥിരീകരിച്ചു കൊണ്ട് പ്രസ്താവിച്ചു. ഫലസ്തീനില്‍ ഒരു രാഷ്ട്രം അംഗീകരിക്കുന്നതിന് വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീനിലെ ജനങ്ങള്‍ പ്രതീക്ഷയും സമാധാനവും നിറഞ്ഞ ഭാവിയാണ് അര്‍ഹിക്കുന്നതെന്നും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരത്തിന് ശക്തമായ രാഷ്ട്രീയവും പ്രതീകാത്മകവുമായ മൂല്യവുമുണ്ടെന്നും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും സ്വന്തം കാര്യങ്ങള്‍ നിയന്ത്രിക്കാനുമുള്ള അവരുടെ അഭിലാഷങ്ങളെയും അയര്‍ലാന്‍ഡ് മാനിക്കുന്നുവെന്നും സൈമണ്‍ ഹാരിസ് ചൂണ്ടിക്കാട്ടി.
മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ഫലസ്തീന്‍ പ്രസിഡന്‍സിയും ഹമാസും അഭിനന്ദിച്ചു. ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ ഭൂമിയില്‍ സ്വയം നിര്‍ണ്ണയാവകാശം നല്‍കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണിതെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പ്രഖ്യാപനത്തെ ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം (ഹമാസ്) സ്വാഗതം ചെയ്തു. ഫലസ്തീനികള്‍ അവരുടെ മണ്ണില്‍ അവകാശം സ്ഥാപിക്കുന്നതിനും ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പാതയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ അംഗീകാരമെന്നും ഹമാസ് പറഞ്ഞു. നിയമാനുസൃതവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ അംഗീകരിക്കാനും വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ പിന്തുണക്കാനും ഫലസ്തീനിന്റെ മണ്ണിലെ സയണിസ്റ്റ് അധിനിവേശം പൂര്‍ണമായി അവസാനിപ്പിക്കാനും ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് ഹമാസ് ആഹ്വാനം ചെയ്തു.
ഇസ്രായേലിനുമേല്‍ സമ്മര്‍ദം
ഗസ്സയില്‍ യുദ്ധം അനിയന്ത്രിതമായി തുടരുന്നതിനാല്‍ ഇസ്രയേലിനു ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ അമേരിക്കക്ക് മേലുള്ള മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദവും ഇസ്രായേലിനെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തലക്ക് മുകളിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ടുമെല്ലാം ഇസ്രായേലിനെ ഇതിനകം വിറളി പിടിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ തീവ്രവാദത്തിനു അംഗീകാരം നല്‍കലാകുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എല്ലാ സമാധാന ചര്‍ച്ചകളും നിരാശാജനകമായി തടയുന്ന ഇസ്രായേല്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തിന്റെ എല്ലാ സാധ്യതകളും തള്ളിക്കളയുകയാണ്. ഓസ്ലോ, മാഡ്രിഡ്, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ നിന്നും അംബാസിഡര്‍മാരെ തിരിച്ച് വിളിച്ചുകൊണ്ടാണ് ഇസ്രായേല്‍ പ്രതികരണമറിയിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം ഏതെങ്കിലും അര്‍ഥത്തില്‍ പുതിയ ചര്‍ച്ചകളിലേക്ക് വഴിനയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളും ഒന്നിച്ചെടുത്ത തീരുമാനമല്ലെന്ന വെല്ലുവിളി നിലനില്‍ക്കുമ്പോഴും ചെറിയ പോരായ്മകളെ വകഞ്ഞ് മാറ്റി കൂടുതല്‍ രാജ്യങ്ങളെ അംഗീകാരത്തിലേക്ക് കൊണ്ടുവരാന്‍ ഈ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുമെന്നത് ശുഭകരമാണ്.
നാളിത് വരെയുള്ള യു.എസ് സമ്മര്‍ദങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെയാണ് ഇസ്രായേല്‍ നരഹത്യ തുടരുന്നത്. അതേസമയം ഏഴു മാസമായി ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതത്തിനു അറുതി വരുത്തണമെന്നും അവരുടെമേല്‍ കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും ദുരിതാശ്വാസവും മാനുഷിക സഹായവും സുരക്ഷിതവും സുസ്ഥിരവും തടസ്സമില്ലാത എത്തിക്കണമെന്നും അഭിപ്രായപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനകം 36,000 മനുഷ്യരുടെ ജീവന്‍ നിഷ്‌കരുണം യുദ്ധം കവര്‍ന്നെടുത്തു കഴിഞ്ഞു. അതില്‍ 15000/ കുട്ടികളാണ് എന്നത് ഏറെ സ്‌തോഭജനകമാണ്. നൂറോളം മാധ്യമപ്രവര്‍ത്തകരും 224 സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശാശ്വത പരിഹാരം കൈവരിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഫലപ്രദമായി നടപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യം ഉയര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് എന്നാണ് രാഷ്ടീയ ലോകം വിലയിരുത്തുന്നത്. ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, മാള്‍ട്ട, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന് മുമ്പ് 1988 ല്‍ ഫലസ്തീനിനെ അംഗീകരിച്ചിരുന്നു. സ്വീഡന്‍ 2014 ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിരുന്ന ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും ഗസ്സയിലേക്ക് വന്‍ തോതില്‍ മാനുഷിക സഹായങ്ങള്‍ അയച്ചിരുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി ഫലസ്തീന്‍ പിറവിയെടുക്കണമെന്ന കാഴ്ച്ചപ്പാട് തങ്ങള്‍ക്കുണ്ടെന്ന യൂറോപ്യന്‍ കമീഷന്റെ പ്രതികരണവും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം ഏതെങ്കിലും അര്‍ഥത്തില്‍ പുതിയ ചര്‍ച്ചകളിലേക്ക് വഴിനയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളും ഒന്നിച്ചെടുത്ത തീരുമാനമല്ലെന്ന വെല്ലുവിളി നിലനില്‍ക്കുമ്പോഴും ചെറിയ പോരായ്മകളെ വകഞ്ഞ് മാറ്റി കൂടുതല്‍ രാജ്യങ്ങളെ അംഗീകാരത്തിലേക്ക് കൊണ്ടുവരാന്‍ ഈ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുമെന്നത് ശുഭകരമാണ്.