മാക്സ്വെല്ലും വിനി രാമനും ഇന്ത്യക്കാരാല്‍ വേട്ടയാടപ്പെടുമ്പോള്‍
ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയതിന് പിന്നാലെ ഓസീസ് താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ ആരാധകരില്‍ നിന്ന് നേരിടേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസം തന്റെ ടീം തോല്‍വിയുടെ പടുകുഴിയിലേക്ക് കാലിട്ടിരിക്കുമ്പോള്‍ പേശീ വലിവുമൂലം അനങ്ങാതായ കാല്‍ ക്രീസിലുറപ്പിച്ച് തലങ്ങും വിലങ്ങും സിക്‌സും ഫോറും പറത്തി ഇരട്ട സെഞ്ച്വറിയോടെ അഫ്ഗാനെ മൂക്ക് കുത്തിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കണ്ണും മൂക്കുമില്ലാത്ത ബാറ്റിംഗ് കണ്ടതിശയിച്ച് മൂക്കത്തു വിരല്‍ വെച്ചതാണ് മുഴുവന്‍ ക്രിക്കറ്റ് പ്രേമികളും.
ഇതെന്തൊരു ബാറ്റിങ്ങാണ്...? ഇതെന്തൊരു മനുഷ്യനാണ്....? ഈ മനുഷ്യന് സമ്മര്‍ദം എന്ന ഒന്ന് തീരെ ഇല്ലേ...? ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഈ അപൂര്‍വ നിമിഷം കണ്ട് കായിക പ്രേമികളുടെ പ്രതികരണം പലവിതമായിരുന്നു. എന്നാല്‍, സമ്മര്‍ദം തീരെ താങ്ങാന്‍ കഴിയാതെ വിഷാദരോഗത്തിനടിമയായി തന്റെ കരിയര്‍ തന്നെ നശിച്ചുപോകുമായിരുന്ന ഒരു പഴങ്കഥ കൂടി മാക്‌സ്‌വെല്ലിനുണ്ട്. അന്ന് മാക്‌സ്‌വെല്ലിനെ രക്ഷിച്ചത് ഒരു ഇന്ത്യന്‍ ഫാര്‍മിസ്റ്റാണ്. പേര് വിനി രാമന്‍. വിനി രാമന്റെ സഹായത്തോടെ ജീവിതം പഴയ പടിയായി തിരിച്ചുപോരുമ്പോള്‍, തന്നെ സഹായിച്ച ആ ഫാര്‍മസിസ്റ്റിനോട് ഗ്ലെന്‍ മാക്‌സ്‌വെല്‍ ലാലേട്ടന്‍ സ്‌റ്റൈലില്‍ ഒരു ചോദ്യം ചോദിച്ചു.
''പോരുന്നോ എന്റെ കൂടെ ''
അധികമാര്‍ക്കുമറിയാത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഈ പ്രണയ കഥയും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2019 ഒക്ടോബറില്‍ വിഷാദ രോഗത്താല്‍ ബുദ്ധിമുട്ടി അനിശ്ചിത കാലത്തേക്ക് തന്റെ ജീവനായ ക്രിക്കറ്റിനോട് വിട പറഞ്ഞ കാലം, ഒരു കാരണവുമില്ലാതെ സംശയങ്ങളും ഭീതിയും മാക്‌സിന്റെ മനസ്സിനെ മഥിച്ചിരുന്നു. ആ സമയത്തെല്ലാം തന്റെ തീരുമാനം ശരിയല്ലെന്ന് കുറ്റപ്പെടുത്തി ആരാധകരും ചുറ്റുമുള്ളവരും മാക്‌സ്‌വെല്ലിനെതിരെ തിരിഞ്ഞ സമയം. ഒരടിപോലും പോലും മുന്നോട്ട് വെക്കാന്‍ കഴിയില്ലെന്നറിഞ്ഞപ്പോഴാണ് സഹായത്തിനായി തന്റെ കൂട്ടുകാരിയും ഫാര്‍മസിസ്റ്റുമായ വിനി രാമന്‍ എന്ന ഫാര്‍മസിസിസ്റ്റിന്റെ അടുത്തേക്ക് ഓടിയെത്തുന്നത്.
ആശ്വസിപ്പിക്കുന്നതിന് പകരം അഭിനന്ദിക്കുകയാണ് ചെയ്തത് വിനി. ''എല്ലാത്തിലും വലുത് ജീവിതത്തിന്റെ സന്തോഷം തന്നെയാണ് '' അന്ന് വിനി പറഞ്ഞ വാക്കുകളാണിത്. മാസങ്ങളെടുത്തു മാക്‌സ്‌വെല്‍ പഴയ പടിയാവാന്‍. പൂര്‍ണ സന്തോഷം വീണ്ടെടുത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോരുന്ന മാക്‌സ്‌വെല്ലിന്റെ കയ്യില്‍ മറ്റൊരു കരമുണ്ടായിരുന്നു. ഹൃദയത്തില്‍ മറ്റൊരു മുഖമുണ്ടായിരുന്നു. അത് വിനി രാമന്‍ എന്ന തന്നെ രക്ഷിച്ച ഫാര്‍മസിസ്റ്റിന്റേതായിരുന്നു.
ചെന്നൈ വെസ്റ്റ് മാമ്പലത്ത് നിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ് വിനിയുടെ കുടുംബം. ഇങ്ങനെ ഇന്ത്യന്‍ വേരുകളുണ്ടെങ്കിലും വിനി ജനിച്ചതും വളര്‍ന്നതുമെല്ലാം ആസ്ട്രേലിയയിലായിരുന്നു. ക്രിക്കറ്റുമായും താരങ്ങളുമായും ഒരു ബന്ധവുമില്ലാതിരുന്ന ഫാര്‍മസിസ്റ്റായ വിനിയുടെ ജീവിതത്തിലേക്ക് മാക്സ്‌വെല്ലിന്റെ കടന്നുവരവും പിന്നീടുളള അവരുടെ ബന്ധവും ജീവിതവുമെല്ലാം ഒരു സിനിമാക്കഥ പോലെ രസകരമാണ്. ലോകകപ്പില്‍ അഫ്ഗാനെതിരായി ഒറ്റയാള്‍ പോരാട്ടത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഓസീസിനെ വിജയത്തില്‍ എത്തിച്ചശേഷം ഗ്ലെന്‍ മാക്സ്‌വെല്ലിന് അഭിനന്ദനമര്‍പ്പിച്ച് വിനി ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രത്തില്‍ കുറിച്ചിരുന്ന ആള്‍ ദ ഇമോഷന്‍സ് 201 നോട്ടൗട്ട് എന്ന വാക്കുകളിലുണ്ട് അവരുടെ ജീവിതത്തിന്റെ ആഴങ്ങളെല്ലാം.
2022 മാര്‍ച്ചില്‍ മാക്‌സ്‌വെല്‍ വിനിയെ തന്റെ ജീവിത സഖിയാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുവര്‍ക്കും ഒരുകുഞ്ഞു പിറന്നു. ലോഗന്‍ മാവെറിക് എന്നായിരുന്നു അവരവനെ വിളിച്ചത്. 2013 ഡിസംബറില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ക്‌ളബ്ബായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ വനിതാ ടീമിലെ അംഗമായ തന്റെ കൂട്ടുകാരിയുടെ കളി കാണാന്‍ വന്നപ്പോഴാണ് വിനി ആദ്യമായി മാക്‌സിനെ കാണുന്നത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പുരുഷ ടീമിന്റെ കാപ്റ്റനായിരുന്നു അന്ന് മാക്‌സ്‌വെല്‍. അന്നത്തെ പരിചയമാണ് പതിയെ പ്രണയത്തിലേക്ക് വഴി മാറുന്നത്.
മാക്സ്‌വെല്ലിന്റെ കുടുംബത്തിനും ജീവിതപങ്കാളി വിനിക്കുമെതിരെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമൊക്കെയുളള ഭീഷണികളും അധിക്ഷേപ കമന്റുകളുമാണ് സോഷ്യല്‍ മീഡിയില്‍ ഒരു കൂട്ടം ആരാധകര്‍ അഴിച്ചുവിട്ടത്. ഇന്ത്യന്‍ വംശജയായ വിനി എന്തിനാണ് ആസ്ട്രേലിയയെ പിന്തുണക്കുന്നത് എന്നടക്കമുളള ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തി.
തന്റെ പ്രണയം പറയാന്‍ മറ്റൊരിക്കല്‍ മാക്‌സ് വിനിയെ പാര്‍ക്കിലേക്ക് വിളിച്ചു വരുത്തി. വളരെ നാടകീയമായി ആസൂത്രണം ചെയ്ത പ്രൊപ്പോസല്‍ സീന്‍, പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ കാരണം അപ്പാടെ കയ്യില്‍ നിന്നും പോയി. കുട്ടികള്‍ കാണാതെ വിനിയെ കാത്ത് മാക്‌സ്‌വെല്‍ ഒരു മരത്തിന് പുറകിലിരുന്നു. എന്നാല്‍, പാര്‍ക്കിലേക്ക് വന്ന വിനി മാക്‌സിനെ കണ്ടില്ല. ആസൂത്രണം മുഴുവന്‍ പാളി. എങ്കിലും പെട്ടെന്ന് മുന്നില്‍ വന്നു നിന്ന വിനിയുടെ മുന്നില്‍ ധൃതിയില്‍ മുട്ടുകുത്തി നിന്ന് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞ മാക്‌സ് ഒരു വിധം വിനിയുടെ വിരലില്‍ മോതിരം അണിയിച്ച് വിവാഹാഭ്യര്‍ഥനയും നടത്തി.
ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയതിന് പിന്നാലെ ഓസീസ് താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ ആരാധകരില്‍ നിന്ന് നേരിടേണ്ടി വരുന്നത്. പ്രത്യേകിച്ചും ഗ്ലെന്‍ മാക്സ്‌വെല്ലിനും ട്രാവിസ് ഹെഡ്ഡിനും. ഫൈനല്‍ മത്സരത്തില്‍ ട്രാവിഡ് ഹെഡ്ഡ് സെഞ്ചറി നേടിയതാണ് കാരണമെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കിയതാണ് മാക്സ്‌വെല്ലിന് നേരെയുള്ള ഇന്ത്യന്‍ ആരാധകരുടെ രോഷപ്രകടനത്തിന് കാരണം. മാക്സ്‌വെല്ലിന്റെ കുടുംബത്തിനും ജീവിതപങ്കാളി വിനിക്കുമെതിരെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമൊക്കെയുളള ഭീഷണികളും അധിക്ഷേപ കമന്റുകളുമാണ് സോഷ്യല്‍ മീഡിയില്‍ ഒരു കൂട്ടം ആരാധകര്‍ അഴിച്ചുവിട്ടത്. ഇന്ത്യന്‍ വംശജയായ വിനി എന്തിനാണ് ആസ്ട്രേലിയയെ പിന്തുണക്കുന്നത് എന്നടക്കമുളള ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തി. ഇതേതുടര്‍ന്നാണ്, ഇന്ത്യന്‍ ആരാധകരുടെ സൈബര്‍ ആക്രമണത്തിനെതിരെ വിനി രംഗത്തെത്തിയത്. അതാകട്ടെ, കൃത്യമായ മറുപടിയുമായിരുന്നു.
' എന്റെ ഭര്‍ത്താവ് കളിക്കുന്ന ടീമിനെ, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കളിക്കുന്ന രാജ്യത്തെ ഞാന്‍ പിന്തുണക്കുന്നതില്‍ എന്താണ് കുഴപ്പം. ഈ ലോകത്ത് ഇതിലും വലിയ പ്രശ്നങ്ങള്‍ നടക്കുന്നില്ലേ. നിങ്ങള്‍ അതൊക്കെ ശ്രദ്ധിക്കൂ' വിനി രാമന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.
1988 ല്‍ മെല്‍ബണില്‍ ജനിച്ച മാക്‌സ്‌വെല്‍ 2012 ലാണ് ആസ്ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവുന്നത്. 2023 നവംബറില്‍ ലോകകപ്പില്‍ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന്റെ പുതിയ റെക്കോര്‍ഡും അദ്ദേഹം സ്ഥാപിച്ചു. ഏകദിനത്തില്‍ ആസ്ട്രേലിയക്കായി ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പുരുഷ ബാറ്റ്സ്മാനുമാണ് മാക്‌സ്‌വെല്‍
.