കോണ്‍ഗ്രസ് അധ്യക്ഷന്‍: ഖാര്‍ഗെയെ യോഗ്യനാക്കുന്ന ഘടകങ്ങള്‍
സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്നും പടിപടിയായിട്ടാണ് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഖാര്‍ഗെ വളര്‍ന്നുകയറിയത്. കന്നടയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, ഉറുദു ഭാഷകളിലുളള മികവും ഇതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഗുര്‍മീത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു എട്ട് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
സംഭവ ബഹുലമായ ദിവസങ്ങളിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കടന്നുപോകുന്നത്. ഒരു കാലത്ത് സര്‍വപ്രതാപത്തോടും കൂടി ഉലയാതെ നിന്ന കോണ്‍ഗ്രസിന് ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ? നെഹ്റു കുടുംബത്തിന് അപ്പുറത്തേക്ക് കോണ്‍ഗ്രസിന്റെ ഭാവി എന്താകും, എണ്‍പത് വയസുളള മാപ്പണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന പേര് സജീവ ചര്‍ച്ചയാകുന്നത് ഈ ഘട്ടത്തിലാണ്. നെഹ്റു കുടുംബാംഗമല്ലാത്ത ഒരാള്‍, കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രണ്ടര പതിറ്റാണ്ടിന് ശേഷം എത്തുമോ എന്ന ചോദ്യങ്ങള്‍ക്കിടെയാണ് 'സൊലില്ലാദ സര്‍ദാര' അഥവാ തോല്‍വി അറിയാത്ത നേതാവ് എന്ന് വിളിപ്പേരുളള ഖാര്‍ഗെയുടെ കടന്നുവരവ്. ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഖാര്‍ഗയെന്ന പേര് ഉയര്‍ന്ന് വന്നതെങ്കിലും പക്വതയാര്‍ന്ന സമീപനങ്ങളിലൂടെ, നയപരമായ നീക്കങ്ങളിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ഇക്കാലത്ത് എന്തുകൊണ്ടും യോഗ്യനാണ് ഖാര്‍ഗയെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലും വലിയ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.
നിയമ ബിരുദധാരിയായ ശേഷം ജസ്റ്റിസ് ശിവരാജ് പാട്ടീലിന് കീഴിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ദലിത് കുടുംബത്തില്‍ നിന്ന് വന്നതുകൊണ്ട് തന്നെ അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ദുരിതങ്ങളാല്‍ വിഷമിക്കുന്നവരുടെയും വേദനകളെക്കുറിച്ച് ഖാര്‍ഗെയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തൊഴിലാളി പ്രശ്നങ്ങളില്‍ കൂടുതലായി ഇടപെടുകയും അത്തരം കേസുകള്‍ നിരന്തരം വാദിച്ച് ജയിക്കുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ കോളജില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി യൂണിയന്‍ നേതാവായി തുടങ്ങിയ ഖാര്‍ഗെ 1969-ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടക്കകാലത്ത് കല്‍ബുര്‍ഗി സിറ്റി കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും തിളങ്ങിയ ഖാര്‍ഗെ, 1972ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ആദ്യമായി എം.എല്‍.എയാകുന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി ഒന്‍പത് തവണ, അതായത് 2008 വരെ തുടര്‍ച്ചയായി 36 വര്‍ഷമാണ് അദ്ദേഹം നിയമസഭയില്‍ ഉണ്ടായിരുന്നത്. ഈ തുടര്‍ച്ചയായ വിജയങ്ങളാണ് തോല്‍വിയറിയാത്ത നേതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ കാരണവും.
മുമ്പ് നിസാമുമാര്‍ ഭരിച്ചിരുന്ന പഴയ ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ഉള്‍പ്പെടുന്ന ബിദാര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലെ വാരവാട്ടിയിലാണ് ഖാര്‍ഗെ കുടുംബത്തിന്റെ തായ്‌വേരുകള്‍. ഖാര്‍ഗെയ്ക്ക് ഏഴ് വയസുളളപ്പോള്‍ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ അദ്ദേഹത്തിന്റെ അമ്മയടക്കം കുടുംബത്തിലെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കലാപത്തെ തുടര്‍ന്നാണ് കല്‍ബുര്‍ഗിയിലേക്ക് കുടുംബം കുടിയേറുന്നത്. വര്‍ഗീയ കലാപങ്ങളുടെ ഭവിഷ്യത്തുകളെ സ്വന്തം ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ ഖാര്‍ഗെയ്ക്ക് ചെറുപ്പത്തില്‍ തന്നെ മതേതരവാദിയല്ലാതെ മറ്റൊന്നുമാകാന്‍ കഴിയുമായിരുന്നില്ല.
ഗുല്‍ബര്‍ഗയിലെ സേത് ശങ്കര്‍ലാല്‍ ലഹോട്ടി ലോ കോളജാണ് ഖാര്‍ഗെയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം ഉപജീവനത്തിനായി പഠനത്തോടൊപ്പം ഒരു സിനിമാ തിയറ്ററിലും ജോലി ചെയ്തിരുന്നു. അക്കാലത്ത് പഠനോപകരണങ്ങളും ഉച്ചഭക്ഷണവും ഇല്ലാതെ വലഞ്ഞിരുന്ന വിദ്യാര്‍ഥികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കിയതും വിദ്യാര്‍ഥി നേതാവായിരുന്ന ഖാര്‍ഗെയുടെ മിടുക്കായിരുന്നു. ഒടുവില്‍ നിയമ ബിരുദധാരിയായ ശേഷം ജസ്റ്റിസ് ശിവരാജ് പാട്ടീലിന് കീഴിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ദലിത് കുടുംബത്തില്‍ നിന്ന് വന്നതുകൊണ്ട് തന്നെ അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ദുരിതങ്ങളാല്‍ വിഷമിക്കുന്നവരുടെയും വേദനകളെക്കുറിച്ച് ഖാര്‍ഗെയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തൊഴിലാളി പ്രശ്നങ്ങളില്‍ കൂടുതലായി ഇടപെടുകയും അത്തരം കേസുകള്‍ നിരന്തരം വാദിച്ച് ജയിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഫീസില്ലാ വക്കീല്‍ എന്ന വിളിപ്പേര് കൂടി അദ്ദേഹത്തിനുണ്ടായി. 1969ല്‍ എം.എസ്.കെ മില്‍സ് എംപ്ലോയീസ് യൂണിയന്റെ നിയമോപദേശകനായി. പിന്നീട് സംയുക്ത മസ്ദൂര്‍ സംഘത്തിന്റെ ശക്തനായ തൊഴിലാളി യൂണിയന്‍ നേതാവായി ഉയര്‍ന്നുവന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും നേതൃത്വം നല്‍കുകയും ചെയ്തതോടെ കോണ്‍ഗ്രസിനുളളിലും ഒഴിവാക്കാനോ, അവഗണിക്കാനോ കഴിയാത്ത നേതാവ് കൂടിയായി ഖാര്‍ഗെ മാറി.
തുടര്‍ച്ചയായ ഒമ്പത് നിയമസഭാ വിജയങ്ങളില്‍ വിദ്യാഭ്യാസം, പഞ്ചായത്ത്-തദ്ദേശ സ്വയംഭരണം, റവന്യു, സഹകരണം, ഗതാഗതം, ആഭ്യന്തരം എന്നിങ്ങനെ പലവിധ വകുപ്പുകളില്‍ മന്ത്രിയായെങ്കിലും കര്‍ണാടക മുഖ്യമന്ത്രി പദം അദ്ദേഹത്തിന് അന്യമായിരുന്നു. 1999, 2004 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഖാര്‍ഗെയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് മാത്രമാണ് അതുമായി ചേര്‍ത്തുവെക്കാവുന്നത്. ഖാര്‍ഗെ വിദ്യാഭ്യാസ സഹമന്ത്രിയായിരുന്ന കാലത്താണ് പട്ടികജാതി-പട്ടികവര്‍ഗ അധ്യാപക ഒഴിവുകളില്‍ നികത്തപ്പെടാതെ കിടന്നിരുന്ന 16,000 ത്തോളം ഒഴിവുകള്‍ നികത്തിയത്. ഗതാഗത, ജലവിഭവ വകുപ്പിലെ മന്ത്രിയായിരിക്കെ കര്‍ണാടകയിലെ പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തിയും ഗ്രാമങ്ങളിലെ ജലപ്രതിസന്ധിയും കുടിവെളള ക്ഷാമവും പരിഹരിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. റവന്യു വകുപ്പിലുളള കാലത്ത് ഭൂമിയില്ലാത്തവര്‍ക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങള്‍ വിതരണം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെയും പ്രതിപക്ഷ നേതാവിന്റെയും റോളിലും പുറത്ത് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലും തിളങ്ങിയിരുന്ന ഖാര്‍ഗെ എക്കാലത്തും സംഘ്പരിവാറിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാള്‍ കൂടിയായിരുന്നു. സനാതന ധര്‍മത്തെ ചോദ്യം ചെയ്യുന്ന നിലപാടുകള്‍ മൂലം സംഘ്പരിവാര്‍ അവരുടെ ശത്രുക്കളില്‍ ഒരാളായിട്ടാണ് ഖാര്‍ഗെയെ കണ്ടിരുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസ്സും വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുമ്പോള്‍ ബുദ്ധന്റെയും അംബേദ്കറുടെയും അനുയായിയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഖാര്‍ഗെ അവരെ നേരിട്ടതും.
ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് പരിഭ്രാന്തിയുണ്ടെന്നായിരുന്നു ഒരിക്കല്‍ ഖാര്‍ഗെയുടെ പരാമര്‍ശം. അടിച്ചമര്‍ത്തലും അസമത്വവും ജാതി വ്യവസ്ഥയും കാരണം മതപരിവര്‍ത്തനം ഇന്ത്യയ്ക്ക് പുതിയതല്ല. 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ആദ്യത്തെ വലിയ മതപരിവര്‍ത്തനം നടന്നത്. എല്ലാ സമുദായങ്ങള്‍ക്കും തുല്യ അവകാശങ്ങളും ആദരവും നല്‍കുന്ന ഒരു ആദര്‍ശ മതത്തിനായുള്ള അന്വേഷണത്തില്‍ നിന്നാണ് ഡോ. അംബേദ്കര്‍ ബുദ്ധമതത്തിലേക്ക് എത്തിയതെന്നായിരുന്നു ഖാര്‍ഗെയുടെ അന്നത്തെ വാക്കുകള്‍. ബുദ്ധ മതത്തോട് അഭേദ്യമായ ബന്ധം പുലര്‍ത്തുമ്പോഴും ഇപ്പോള്‍ പിന്തുടരുന്ന മതത്തില്‍ തന്നെ വിശ്വസിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 12 തവണ മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരിക്കല്‍ മാത്രമാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുളളത്. 2009ലും 2014ലും ലോക്സഭയിലേക്ക് വിജയിച്ച ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്ന് 2019ല്‍ മത്സരിക്കുമ്പോള്‍ വിജയമല്ലാതെ മറ്റൊന്നും അദ്ദേഹവും പാര്‍ട്ടിയും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം മോദി തരംഗത്തില്‍ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പരാജയം അന്നുണ്ടായി. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ് ഉമേഷ് ജാദവിനോട് 95,452 വോട്ടുകള്‍ക്കായിരുന്നു ഖാര്‍ഗെയുടെ തോല്‍വി. ഇത് വ്യക്തിപരമായ തോല്‍വിയല്ലെന്നും താന്‍ നിലകൊള്ളുന്ന തത്വങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും തോല്‍വിയാണെന്നും ഖാര്‍ഗെ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹത്തെ തളര്‍ത്തുന്ന തോല്‍വി തന്നെയായിരുന്നു അത്. കര്‍ണാടകയില്‍ നിന്ന് അത്തവണ ബി.ജെ.പിക്ക് ലഭിച്ച സീറ്റുകള്‍ അദ്ദേഹത്തിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു. 28 ലോക്സഭാ മണ്ഡലങ്ങളില്‍ 25ലും വലിയ വിജയമാണ് ബി.ജെ.പി നേടിയത്. 2020 ജൂണില്‍ 78ാം വയസ്സില്‍ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ 2021 ഫെബ്രുവരിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കാന്‍ വന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം പൊതുവേ ക്ലീന്‍ ഇമേജുളള ഖാര്‍ഗെയുടെ പേരിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു.
സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്നും പടിപടിയായിട്ടാണ് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഖാര്‍ഗെ വളര്‍ന്നുകയറിയത്. കന്നടയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലുളള മികവും ഇതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഗുര്‍മീത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു എട്ട് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതാകട്ടെ സംവരണ മണ്ഡലത്തില്‍ നിന്നുളള വിജയമെന്ന രീതിയിലാണ് ബി.ജെ.പിയടക്കമുളള എതിരാളികള്‍ ആയുധമാക്കിയത്. അതുകൊണ്ട് തന്നെ ദലിതനായതാണോ ഉയര്‍ച്ചയ്ക്ക് കാരണമെന്നുളള ചോദ്യങ്ങള്‍ക്ക് രോഷത്തോടെയായിരുന്നു അദ്ദേഹം മറുപടി നല്‍കിയിരുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മകനെ മന്ത്രിയാക്കാന്‍ വന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം പൊതുവേ ക്ലീന്‍ ഇമേജുളള ഖാര്‍ഗെയുടെ പേരിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു. രാജ്യമെങ്ങും തീവ്രഹിന്ദുത്വം വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തി പിടിമുറുക്കുമ്പോള്‍, അതിനെ ചെറുക്കാന്‍ ജീവിതംകൊണ്ട് നേരനുഭവങ്ങളുളള നേതാക്കള്‍ വിരളമായ കാലത്ത് എണ്‍പതുകള്‍ പിന്നിടുന്ന, അടിസ്ഥാന ജനവിഭാഗത്തില്‍ നിന്നുളള ഖാര്‍ഗെ കോണ്‍ഗ്രസിനൊരു പ്രതീക്ഷ തന്നെയാണ്.