ബി.ജെ.പിയുടെ ധാർഷ്ട്യത്തിന് ബിഹാർ തടയിടുമോ?
നിതീഷ് കുമാറിനെ അവസരവാദിയായി ഉയർത്തിക്കാട്ടുന്നതിലൂടെ ബി.ജെ.പിയുടെ അമിത ആത്മവിശ്വാസവും അഭിമാനവും ഇല്ലാതാകില്ല എന്നതിന്റെ ഫലമാണ് ബിഹാറിൽ സംഭവിച്ചത്.
ബിഹാറില്‍ ജനതാദള്‍ (യു) വുമായുള്ള സഖ്യസര്‍ക്കാരിന്റെ പരാജയം ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി) പരമാധികാരത്തിനായുള്ള പുതിയ തന്ത്രത്തിന്റെ പോരായ്മകളെ അടിവരയിടുന്നു. നേരത്തെ, പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോള്‍ സഖ്യകക്ഷികള്‍ പോലും സുരക്ഷിതരല്ല.
ഒരു തരത്തില്‍ ചിന്തിച്ചാല്‍, ബിഹാറില്‍ നടന്നത് ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ പ്രതിരോധ നീക്കം മാത്രമായിരുന്നു. ആര്‍.സി.പി സിംഗെന്ന വിമത നേതാവിനെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ ശിവസേനയെപ്പോലെ തന്റെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന് അദ്ദേഹം ഭയന്നു. സിംഗിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ച നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദേശം നിഷേധിച്ചതോടെ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ കാലാവധി പെട്ടെന്ന് അവസാനിച്ചു. ജെ.ഡി(യു) ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ പകുതി പിളര്‍ത്തി കോണ്‍ഗ്രസില്‍ നിന്ന് (ബീഹാറില്‍ വേട്ടയാടലിന് പാകമായ മറ്റൊരു പാര്‍ട്ടി) ചില നിയമസഭാംഗങ്ങളെ വിലയ്ക്ക് വാങ്ങാനും കേന്ദ്രത്തിലെ ഭരണകക്ഷിയുടെ പണസഞ്ചികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ജെ.ഡി.യുവിനെപ്പോലുള്ള നന്ദിയുള്ള ഒരു സഖ്യകക്ഷിയുടെ മനസ്സില്‍ സംശയങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ബി.ജെ.പിയുടെ അഹങ്കാരത്തിനും സമ്പൂര്‍ണ്ണ രാഷ്ട്രീയ നിയന്ത്രണത്തിനായുള്ള അതിന്റെ ആവേശത്തിനും മാത്രമേ കഴിയൂ. നിതീഷ് കുമാറിന്റെ 2024 ലെ പ്രതീക്ഷയില്‍ നിന്ന് ഉരുത്തിരിഞ്ഞതെന്ന് ബിഹാറിലെ സംഭവവികാസങ്ങളെ വിശദീകരിക്കുന്നത് ബി.ജെ.പിയുടെ ധാര്‍ഷ്ട്യവും അമിത അഭിലാഷവും വഹിച്ച പങ്കിനെ അവഗണിക്കുന്നതിന് തുല്യമാണ്.
2020 നവംബറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി നിയമിച്ച് സഖ്യകക്ഷിക്ക് നല്‍കിയ വാഗ്ദാനം ബി.ജെ.പി പാലിച്ചെങ്കിലും-ബി.ജെ.പിക്ക് 77 സീറ്റ് കിട്ടിയപ്പോള്‍ 45 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യുവിന് ലഭിച്ചത്. ഒരുപക്ഷേ, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിതീഷ് കുമാറിനെ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബി.ജെ.പിക്ക് തോന്നിയിരിക്കാം. എന്നിരുന്നാലും, ഇത് അദ്ദേഹത്തെ നിരന്തരമായ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. ഇതിനെയാണ് അടുത്തിടെ 'ശ്വാസംമുട്ടല്‍' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.
വിജയ് കുമാര്‍ സിന്‍ഹയെ സ്പീക്കറായി ബി.ജെ.പി തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് കാരണമായി. നിതീഷ് കുമാറും സിന്‍ഹയും തമ്മിലും സ്പീക്കറും സര്‍ക്കാരും തമ്മിലും സഭയില്‍ വച്ച് നിരവധി തര്‍ക്കങ്ങളുണ്ടായി. സഭയിലെ അത്തരമൊരു വാക്കേറ്റത്തിന് ശേഷം, മുഖ്യമന്ത്രി അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോകുന്നത് വരെ സിന്‍ഹ നിയമസഭയില്‍ വന്നില്ല. നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടും ബിഹാര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നതുപോലെ സ്പീക്കറെ മാറ്റാന്‍ ബി.ജെ.പി വിസമ്മതിച്ചു.
തനിക്കെതിരെ മഹാരാഷ്ട്രയ്ക്ക് സമാനമായ സമരം ഒഴിവാക്കാന്‍ നിതീഷ് കുമാര്‍ മുന്‍കൂട്ടിയുള്ള നീക്കം നടത്തിയെങ്കിലും ആഗസ്റ്റ് 7 ഞായറാഴ്ച തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അവകാശപ്പെട്ടിട്ടും സ്പീക്കര്‍ നടപടിയെടുത്തു. ആഗസ്റ്റ് 8 തിങ്കളാഴ്ച അദ്ദേഹം പെട്ടെന്ന് 'കോവിഡ് നെഗറ്റീവ്' ആയി മാറി. 2021 മാര്‍ച്ചില്‍ സ്പീക്കറെ ബന്ദികളാക്കിയവരെ വിമര്‍ശിച്ച് ബിഹാര്‍ നിയമസഭയിലെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് അജണ്ടയിലെ ആദ്യ ഇനം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍.ജെ.ഡിയുടെ 79 നിയമസഭാംഗങ്ങളില്‍ 18 പേരെ സിന്‍ഹ അയോഗ്യരാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അത് നിതീഷ് കുമാറിന് ആര്‍.ജെ.ഡിയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക അസാധ്യമാക്കുമായിരുന്നു. എന്നാല്‍, രാജിക്കത്ത് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വാദത്തിലൂടെ നിതീഷ് സിന്‍ഹയെ മറികടന്നു. ബാക്കിയെല്ലാം ചരിത്രമാണ്.
ബി.ജെ.പി - ജെ.ഡി.യു സഖ്യസര്‍ക്കാരിനെ തുടര്‍ച്ചയായി ദുര്‍ബലപ്പെടുത്തുന്നതിന്റെ അനന്തരഫലങ്ങള്‍ ബി.ജെ.പി കണ്ടില്ലേ? എതിരാളികളായ പാര്‍ട്ടികളില്‍ അസംതൃപ്തരായ ഘടകങ്ങളെ കൃത്രിമമായി കൈകാര്യം ചെയ്യുകയും സ്വന്തം സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ പിളര്‍ത്തുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ സ്വന്തം അധികാര നാടകത്തിന്റെ വിജയത്താല്‍ ഒരുപക്ഷേ അവര്‍ അന്ധരായി മാറിയതാകുമോ? അത്തരം ധാര്‍ഷ്ട്യം പാര്‍ട്ടിക്ക് പതിവായി മാറിയിട്ടുണ്ടോ?
എട്ട് വര്‍ഷമായി അധികാരത്തോടുള്ള സമ്പര്‍ക്കം അവരുടെ തലക്ക് പിടിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്ന അഹങ്കാരം ഏറെക്കാലമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രകടമാണ്. അവിടെ രാഷ്ട്രീയ നേതാക്കളെയും മുഴുവന്‍ പാര്‍ട്ടികളെയും ബി.ജെ.പി ലേബലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയില്‍ ഗോവയിലും 2020 മാര്‍ച്ചില്‍ മധ്യപ്രദേശിലും ഏറ്റവും അടുത്തകാലത്ത് മഹാരാഷ്ട്രയിലും ഈ പവര്‍ പ്ലേ പ്രകടമായിരുന്നു. ഉദ്ധവ് താക്കറെയെ തങ്ങള്‍ക്ക് ഒപ്പം കളിക്കാത്തതിന് അവര്‍ ശിക്ഷിച്ചു എന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ആത്മരതിയിലാണ്ട ചാണക്യന്മാര്‍ ഇത് നാടകീയമായി ചെയ്യുകയും ചെയ്തു.
വൈകാതെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി മാത്രം അവശേഷിക്കുമെന്നും പ്രഖ്യാപിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ പ്രേരിപ്പിക്കുന്നത് അഹങ്കാരമല്ലാതെ മറ്റെന്താണ്?
സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റി പുതിയ പാര്‍ലമെന്റും സെന്‍ട്രല്‍ വിസ്തയും പണിയുന്നതിലൂടെയും മുന്‍ ഭരണാധികാരികളുടെ ഓര്‍മകള്‍ മായ്ചുകളയാന്‍ ശ്രമിച്ച രീതിയില്‍ മാത്രമല്ല ബി.ജെ.പിയുടെ അതിരുകടന്ന അഹങ്കാരം പ്രകടമാകുന്നത്. നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ പൊതു ഭൂമി കയ്യേറി തന്റെ വസതി വിപുലീകരിച്ച്, അതിനുചുറ്റും തൈകള്‍ നട്ടുപിടിപ്പിച്ച് ഒരു സ്വകാര്യ പുല്‍ത്തകിടിയാക്കി മാറ്റിയ ബി.ജെ.പിയുടെ ജില്ലാതല പ്രവര്‍ത്തകന്റെ പ്രവൃത്തിയിലും ഇത് ദൃശ്യമാണ്. അധികാരവും ഉടമസ്ഥതയും പ്രദര്‍ശിപ്പിക്കാന്‍ ഇരുവരും പ്രദേശത്തെ അടയാളപ്പെടുത്തുന്നു. നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തുകയും കോടതി രജിസ്ട്രാറില്‍ നിന്ന് കോടതി ഉത്തരവ് ഫയല്‍ തട്ടിയെടുത്ത് ഒളിച്ചോടുകയും ചെയ്ത ഉത്തര്‍പ്രദേശിലെ ഒരു മന്ത്രിയിലും ഇതേ ധാര്‍ഷ്ട്യം പ്രകടമാണ്. മധ്യപ്രദേശിലെ രേവയിലെ സാധാരണ ബി.ജെ.പി പ്രവര്‍ത്തകന് ഒരു സൈനികന്റെ കട തകര്‍ക്കാനും അവനെ അടിക്കാനും അവകാശമുണ്ടെന്ന തോന്നലിലേക്ക് എത്തി ധാര്‍ഷ്ട്യം.
വൈകാതെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി മാത്രം അവശേഷിക്കുമെന്നും പ്രഖ്യാപിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ പ്രേരിപ്പിക്കുന്നത് അഹങ്കാരമല്ലാതെ മറ്റെന്താണ്? പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ഈ വര്‍ഷം ഡിസംബറിനപ്പുറം പോകില്ലെന്ന് പറയാന്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരിക്ക് കഴിയുന്നു. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഡിസ്‌പോസിബിള്‍ സ്ഥാപനങ്ങളാണെന്ന ബി.ജെ.പിയുടെ വിശ്വാസം ഇതിനകം തന്നെ പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പഞ്ചാബിലെ ശിരോമണി അകാലിദള്‍, ഒറീസയിലെ ബിജു ജനതാദള്‍, ആന്ധ്രയിലെ തെലുങ്കുദേശം പാര്‍ട്ടി മുതല്‍ തെലങ്കാന രാഷ്ട്രസമിതി വരെയുള്ള ഒരു കാലത്തെ അവരുടെ സഖ്യകക്ഷികള്‍ തന്നെ ഇന്ന് അവരെ എതിര്‍ക്കുന്നു.
ഗ്രീക്ക് നിയമത്തില്‍, അഹങ്കാരമോ, അമിതമായ അഹങ്കാരമോ ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിരുന്നു - അവഹേളനവും തരംതാണ പെരുമാറ്റവും ശാരീരികമായ ദുഷ്പ്രവണതയേക്കാള്‍ ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെട്ടു. ഗ്രീക്ക് ദുരന്തങ്ങളില്‍, അമിതമായ അഹങ്കാരത്തെ ദൈവങ്ങള്‍ ശിക്ഷിക്കുമെന്ന് അന്തര്‍ലീനമായ ഒരു വിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ഹുബ്രിസിനെ പലപ്പോഴും 'വീഴ്ചയ്ക്ക് മുമ്പ് വരുന്ന അഹങ്കാരം' എന്നും വിളിച്ചിരുന്നു. നിതീഷ് കുമാറിനെ അവസരവാദിയായി ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ബി.ജെ.പിയുടെ അമിത ആത്മവിശ്വാസവും അഭിമാനവും ഇല്ലാതാകില്ല എന്നതിന്റെ ഫലമാണ് ബിഹാറില്‍ സംഭവിച്ചത്.