Quantcast
MediaOne Logo

ഫസീല നൂറുദ്ദീന്‍

Published: 24 July 2024 10:46 AM GMT

നിപ ഒഴിയാബാധയോ?

കേരളത്തില്‍ മരണം വിതച്ച നിപ വൈറസ് പടര്‍ത്തിയ ഭീതി അത്ര ചെറുതല്ല. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ ബാധിച്ച് 2021 ല്‍ ഒരാളും 2023 ല്‍ രണ്ട് പേരും മരിച്ചു. ഇപ്പോഴിതാ 2024 ലും മരണം ആവര്‍ത്തിച്ചിരിക്കുന്നു.

നിപ ഒഴിയാബാധയോ?
X

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചു. മരങ്ങള്‍ കരിഞ്ഞുണങ്ങി. കാടുകളിലെ ഭക്ഷ്യവിഭവങ്ങള്‍ കഴിച്ചു ജീവിച്ചിരുന്ന പക്ഷികളും മൃഗങ്ങളും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി. പഴംതീനി വവ്വാലുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അധികം വൈകാതെ പന്നിഫാമുകളില്‍ ഒരു അജ്ഞാതരോഗം പടര്‍ന്നു പിടിച്ചു. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മനുഷ്യരെയും ഈ രോഗം ബാധിച്ചു തുടങ്ങിയപ്പോഴാണ് അവസ്ഥ ഏറെ ഭീതിതമായത്.

1998 ല്‍ മലേഷ്യയിലെ കാമ്പുങ് ബാരു സുങ്ങായ് നിപ എന്ന സ്ഥലത്ത് പന്നികളിലാണ് ആദ്യമായി വൈറസ് കണ്ടെത്തുന്നത്. പന്നികര്‍ഷകരില്‍ ശ്വാസകോശരോഗം പടര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലൂടെ വൈറസ് വേര്‍തിരിച്ചെടുത്തു. പാരാമിക്‌സൊവിരിഡേ കുടുബത്തിലെ ഹെനിപ്പാവൈറസ് ഇനത്തില്‍പ്പെട്ടതാണ് നിപ വൈറസ്. വനനശീകരണം മൂലം ആവാസവ്യവസ്ഥ നഷ്ടമായി കൂട്ടത്തോടെ എത്തിയ വവ്വാലുകളാണ് രോഗാണു പരത്തിയത്. ടെറോപോസിഡേ കുടുംബത്തില്‍പെട്ട ടെറോപസ് ജനുസിലെ പഴം ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍.

1999 ല്‍, 257 പേരെയാണ് രോഗം പിടികൂടിയത്. ഇതില്‍ 105 ആളുകള്‍ മരിക്കുകയും ചെയ്തു. പന്നികള്‍ക്ക് രോഗബാധ സംശയിക്കപ്പെട്ടതുകൊണ്ട് രോഗ സംക്രമണം തടയാന്‍ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയില്‍ കൊന്നൊടുക്കുകയുണ്ടായി.

2001-ലാണ് ഇന്ത്യയില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. ബംഗാളിലെ സിലിഗുഡില്‍ 71 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് 50 പേര്‍ മരിച്ചു. 2007 ലും വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. 2007 ഏപ്രിലില്‍ ബംഗാളിലെ നാദിയ ജില്ലയിലെ ബെലെചുപാറയിലാണ് രോഗബാധ ആരംഭിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് നാദിയ. അഞ്ച് പേര്‍ അജ്ഞാത രോഗം ബാധിച്ച് മരിക്കുകയായിരുന്നു. മരിച്ചവരില്‍ ആദ്യത്തെയാള്‍ പ്രദേശത്തെ പനയില്‍ നിന്നുള്ള കള്ള് കുടിച്ചതായി പ്രദേശവാസികള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അന്ന് 30 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

2004 ല്‍ ബംഗ്ലാദേശിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പിന്നീടത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നു. ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി നൂറ്റിയമ്പതോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2023 ആഗസ്റ്റില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് മരിച്ച രോഗിയെ പരിചരിച്ച കര്‍ണാടക സ്വദേശി ടിറ്റോ തോമസിന് നിപ സ്ഥിരീകരിച്ചിരുന്നു. അതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്നു ടിറ്റോ. രോഗമുക്തി നേടി തിരികെ ജോലിക്ക് പ്രവേശിച്ചെങ്കിലും നാല് മാസത്തിനുശേഷം വീണ്ടും അസുഖ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിപ വീണ്ടും സ്ഥിരീകരിച്ചു. വൈകാതെ തന്നെ കോമാവസ്ഥയിലാവുകയും ചെയ്തു. കഴിഞ്ഞ എട്ടു മാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കോമാവസ്ഥയില്‍ തുടരുകയാണ് ടിറ്റോ.

2018 മേയ് മാസത്തില്‍ കേരളത്തില്‍ നിപ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റിയൂട്ട് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തിലാണ് ഈ പകര്‍ച്ചവ്യാധിയുടെ ഉറവിടം. മേയ് 5 നു മരിച്ച ചെങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് ആണ് അതിന്റെ ആദ്യത്തെ ഇര. രണ്ടാഴ്ചക്ക് ശേഷം സാബിത്തിന്റെ സഹോദരന്‍ സാലിയും പിതാവ് മൂസയും പിതാവിന്റെ സഹോദരി മറിയയും ഇതേ ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങി. സാലിഹിനെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയില്‍ അടിയന്തര ശുശ്രൂഷക്കായി പ്രവേശിപ്പിച്ചപ്പോഴാണ് നിപ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയം ഉണ്ടായത്. തുടര്‍ന്ന് പനിയുമായി വീട്ടില്‍ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇത് രോഗം സ്ഥിരീകരിക്കാന്‍ സഹായിച്ചു. മേയ് 20 നാണു ഇവരില്‍ നിന്നുള്ള സാമ്പിളുകള്‍ മണിപ്പാലിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്. അന്നു തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞു. രോഗം മൂലം മരിച്ച ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരിലെ അംഗമായിരുന്നു ലിനി.


| ലിനി പുതു ശ്ശേരി

ഇതിനെത്തുടര്‍ന്ന്, കേരളത്തിലെ വൈദ്യശാസ്ത്ര രംഗം ഇത്തരം ഒരു സാംക്രമികരോഗത്തെ നേരിടാന്‍ തയ്യാറായിട്ടില്ല എന്ന ആക്ഷേപമുയര്‍ന്നു. കേരളത്തിലെ ശക്തമായ പൊതുജന പ്രതിരോധ സംവിധാനം സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞതും വ്യാപനം തടയാന്‍ കഴിഞ്ഞതും. ഇത് ലോകജനശ്രദ്ധ പിടിച്ചു പറ്റി.

കേരളത്തില്‍ മരണം വിതച്ച നിപ വൈറസ് പടര്‍ത്തിയ ഭീതി അത്ര ചെറുതല്ല. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ ബാധിച്ച് 2021 ല്‍ ഒരാളും 2023 ല്‍ രണ്ട് പേരും മരിച്ചു. ഇപ്പോഴിതാ 2024 ലും മരണം ആവര്‍ത്തിച്ചിരിക്കുന്നു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശി 14 കാരനായ അഷ്മില്‍ ഡാനിഷിനാണ് ജീവന്‍ നഷ്ടമായത്. ഇതുള്‍പ്പെടെ 21 ജീവനുകളാണ് ഇതുവരെ നിപയില്‍ പൊലിഞ്ഞത്.


| അഷ്മില്‍ ഡാനിഷിനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുന്നു

ഇതിനിടയില്‍ 2018 ല്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ - അജന്യ, ഉബീഷ് എന്നിവര്‍ - അത്ഭുതകരമായി രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. 2019ല്‍ എറണാകുളം പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ കൃഷ്ണയും രോഗമുക്തി നേടി. 2023 ആഗസ്റ്റില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് മരിച്ച രോഗിയെ പരിചരിച്ച കര്‍ണാടക സ്വദേശി ടിറ്റോ തോമസിന് നിപ സ്ഥിരീകരിച്ചിരുന്നു. അതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്നു ടിറ്റോ. രോഗമുക്തി നേടി തിരികെ ജോലിക്ക് പ്രവേശിച്ചെങ്കിലും നാല് മാസത്തിനുശേഷം വീണ്ടും അസുഖ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിപ വീണ്ടും സ്ഥിരീകരിച്ചു. വൈകാതെ തന്നെ കോമാവസ്ഥയിലാവുകയും ചെയ്തു. കഴിഞ്ഞ എട്ടു മാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കോമാവസ്ഥയില്‍ തുടരുകയാണ് ടിറ്റോ.


| ടിറ്റോ തോമസ്

നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍ത്തന്നെ രോഗപ്രതിരോധമാണ് പ്രധാനം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അഞ്ചു മുതല്‍ പതിനാല് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു. മസ്തിഷ്‌കവീക്കം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കഠിനമായ ശ്വാസകോശ പ്രശ്‌നങ്ങളുമുണ്ടാകും. രോഗം മൂര്‍ഛിച്ചാല്‍ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗി കോമാവസ്ഥയിലേക്ക് മാറും.

ഇങ്ങനെയൊക്കെയാണെങ്കിലും മഹാവിപത്തിനു മുമ്പില്‍ ആദ്യം പകച്ചുനിന്ന മലയാളനാട് പിന്നീടങ്ങോട്ട് ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ തയ്യാറായി. തത്ഫലമായി ചെറിയ കാലയളവില്‍ത്തന്നെ നിപയെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. മുന്‍കരുതല്‍ ആയുധമാക്കി ഇനിയും പ്രതിരോധിച്ചു നിന്നേ മതിയാകൂ. അതിന് ജാഗ്രതയോടെ നീങ്ങാം.


TAGS :