Quantcast
MediaOne Logo

മുംതാസ് ബീഗം

Published: 11 Sep 2024 10:38 AM GMT

എന്നെ അവര്‍ മാലിയിലേക്കയക്കുമോ ഉമ്മീ; കരഞ്ഞുകൊണ്ട് മകള്‍ എന്നോട് ചോദിച്ചു

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ ആധാര്‍ വേണം. പക്ഷേ, മകളുടെ ആധാര്‍ ഡീ ആക്ടിവേറ്റഡ് ആയിരുന്നു. '' എനിക്കുമാത്രം എന്താ ഉമ്മീ ഇങ്ങനെ പറ്റിയത് '' എന്ന് മോള്‍ വിഷമത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.

എന്നെ അവര്‍ മാലിയിലേക്കയക്കുമോ ഉമ്മീ; കരഞ്ഞുകൊണ്ട് മകള്‍ എന്നോട് ചോദിച്ചു
X

തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു അന്ന്. അപ്രതീക്ഷിതവും വൈകാരികവുമായിരുന്നു ആ സംഭവം. പോസ്റ്റ്മാന്‍ കൊണ്ടുവന്ന ആധാര്‍ ലെറ്റര്‍ പിന്നീട് നോക്കാമെന്ന് കരുതി മാറ്റിവെച്ചു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ശരിയായി കിട്ടിയതാണല്ലോ. അതുകൊണ്ട് തന്നെ രാത്രി അശ്രദ്ധമായാണ് ആ കവര്‍ പൊട്ടിച്ച് നോക്കിയത്. ബാംഗ്ലൂര്‍ ആധാര്‍ ഓഫീസില്‍ നിന്നും മോളുടെ പേരില്‍ അയച്ച ലെറ്ററാണ്.

'................... has been deactivated under the provisions of Regulation 28A of Aadhar (Enrolment and update) Regulations 2016 for the reason that the requirements for your stay in India are not fulfilled'

28എ പ്രകാരം മോള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി അവസാനിച്ചിരിക്കുന്നു എന്ന ഉള്ളടക്കം വായിച്ച് അന്തം വിട്ടു. 28A എന്നത്, വിസകാലാവധി അനുസരിച്ച് വിദേശികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ആധാര്‍ നമ്പര്‍ ആണ്. ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി തീരുമ്പോള്‍ സ്വാഭാവികമായും അന്വഷണം വരും. എന്നാല്‍, മകളുടെ സര്‍വ്വരേഖകളും ഇന്ത്യയിലേതാണല്ലോ. എനിക്ക് ടെന്‍ഷനായത്, ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട അക്ഷയയിലെ നീണ്ട ക്യൂവും തിരക്കുും ആലോചിച്ചായിരുന്നു.


| ബാംഗ്ലൂരിലെ ആധാര്‍ ആസ്ഥാനത്തുനിന്ന് ലഭിച്ച ലെറ്റര്‍

അടുത്ത ദിവസം രാവിലെ ആധാര്‍ എടുത്ത അക്ഷയയില്‍ പോയി വിവരങ്ങള്‍ പറഞ്ഞപ്പോള്‍ 'നിങ്ങള്‍ അന്ന് മോണിറ്ററില്‍ വായിച്ചു നോക്കിയതല്ലേ. നാഷ്ണാലിറ്റി ഇന്ത്യന്‍ എന്ന് തന്നെയാണല്ലോ വെക്കുന്നത്. ഏതായാലും മോളെയും കൊണ്ട് റീജ്യനല്‍ ഓഫീസില്‍ നേരിട്ട് പോയി വിവരം അറിയിച്ച് റീ അപ്ലോഡ് ചെയ്യാന്‍ നോക്കൂ' എന്ന് നിസ്സഹായത പറഞ്ഞൊഴിഞ്ഞു.

പിന്നെ സ്‌കൂളില്‍ ചെന്ന് വിവരം പറഞ്ഞു. ടീച്ചര്‍ അവളുടെ ആധാര്‍ നമ്പര്‍ കംപ്യൂട്ടറില്‍ അടിച്ചുനോക്കിയപ്പോള്‍ ഡീ ആക്ടിവേറ്റഡ് ആണ്. അവരും നിസ്സഹായരായി. ഇത്രയുമായ സ്ഥിതിക്ക്, അവള്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എടുത്ത് വെക്കാമെന്ന് കരുതി പഠിത്തം മുടക്കി അവളെയും കൂട്ടി വീണ്ടും അക്ഷയയില്‍ എത്തി. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ ആധാര്‍ വേണം. പക്ഷേ, മകളുടെ ആധാര്‍ ഡീ ആക്ടിവേറ്റഡ് ആണ്. ഏതായാലും മറ്റെല്ലാ രേഖകളും വെച്ച് അക്ഷയയില്‍ നിന്നും റിക്വസ്റ്റ് അയച്ചു. പെന്‍ഡിംഗ് ആണെന്നും നാളെ രാവിലെ നേരിട്ട് വില്ലേജ് ഓഫീസറെ കണ്ട് കാര്യം പറയാനും അക്ഷയ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

അടുത്ത ദിവസം രാവിലെ മോളെയും കൂട്ടി വില്ലേജ് ഓഫീസില്‍ എത്തി. പരിചയമുള്ള നല്ലൊരു മനുഷ്യമായിരുന്നു വില്ലേജ് ഓഫീസര്‍. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം കംപ്യൂട്ടറില്‍ ചെക്ക് ചെയ്തു. ഒടുവില്‍ അദ്ദേഹം തന്നെ മറ്റെല്ലാ രേഖകളും വാങ്ങി സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്തു.

അടിയാധാരം വരെയുള്ള സകലരേഖകളും കൊണ്ട് പോയതിനാല്‍ രക്ഷപ്പെട്ടു. ഭക്ഷണവും വെള്ളവും പോലും കുടിക്കാതെ ഉച്ചക്ക് റീജ്യനല്‍ ഓഫീസില്‍ എത്തി.

'എനിക്ക് മാത്രം എന്താ ഉമ്മീ ഇങ്ങനെ പറ്റിയത്' എന്ന് വിഷമത്തോടെ മോള്‍ ചോദിക്കുന്നുണ്ടായിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ കളിക്കാന്‍ പറ്റാതെ ഇങ്ങനെ ഓരോ ഓഫീസ് തോറും കയറിയിറങ്ങുന്നതിന്റെ സങ്കടമായിരുന്നു.

ആധാര്‍ ഓഫീസില്‍ നിന്നും വന്ന കത്തടക്കം എല്ലാ സര്‍ട്ടിഫിക്കറ്റിന്റ്‌റെയും രണ്ട് കോപ്പി വീതം കൈവശം വെച്ചിരുന്നു. ഒരു സ്റ്റാപ്ലറും.

റീജ്യനല്‍ ഓഫീസിലും നിറയെ പരാതിക്കാരുണ്ടായിരുന്നു.

മോളുടെ ഊഴം എത്തിയപ്പോള്‍ ഉദ്യോഗസ്ഥയുടെ ചോദ്യം:

(ചോദ്യം 1): ഇവള്‍ മാലിക്കാരിയാണോ ?

ഉത്തരം: അല്ല, എന്റെ മകളാണ്. (ബര്‍ത് സര്‍ട്ടിഫിക്കറ്റും എന്റ്‌റെ രേഖകളും കാണിച്ചു)

(ചോദ്യം 2): മാലിയില്‍ പോയിട്ടുണ്ടോ?

ഉത്തരം: ഇല്ല.

(ചോദ്യം 3): വിദേശത്താണോ കുട്ടി ജനിച്ചത്?

ഉ: മേഡം ആ ബര്‍ത് സര്‍ട്ടിഫിക്കറ്റ് നോക്കൂ...

(ചോദ്യം 4): പാസ്‌പോര്‍ട്ട് ഉണ്ടോ?

ഉത്തരം : ഇല്ല.

(ചോദ്യം 5): കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍ നിങ്ങള്‍ക്കെതിരേ സമന്‍സുണ്ടോ?

ഉ: ഇല്ല.

അതിനുശേഷമാണ് അവര്‍ രേഖകള്‍ എല്ലാം പരിശോധിക്കാനും 'ക്ലറിക്കല്‍ മിസ്റ്റേക്ക് ആയിരിക്കും' എന്ന് പറഞ്ഞ് റീ അപ്ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കാനും തയ്യാറായത്.

ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ 11 പേര്‍ ഇതേ പ്രശ്‌നവുമായി നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ മൂന്ന് മുസ്‌ലിം പുരുഷന്‍മാരും ആറ് മുസ്‌ലിം സ്ത്രീകളുമായിരുന്നു. ഒരു ചെറിയ restaurant ല്‍ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളികളാണ് അതിലെ നാലുപേര്‍. നാലുദിവസത്തെ ദിവസവേതനം മുടങ്ങി എന്നതിലുപരി, ഓരോ രേഖകള്‍ക്കായി ഓടിനടക്കുന്ന അധികചെലവും മാനസിക-ശാരീരിക പ്രയാസങ്ങളും വിങ്ങിക്കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു.

അതൊരു ഒറ്റപ്പെട്ട ക്ലറിക്കല്‍ മിസ്റ്റേക്കായി എനിക്ക് തോന്നിയില്ല. എന്തുകൊണ്ട് ഇങ്ങനെ നിരവധിപേര്‍ക്ക് സംഭവിക്കുന്നു എന്നറിയാന്‍ രണ്ട് മാധ്യമ സുഹൃത്തുക്കളെ വിളിച്ചു. അസമില്‍ സംഭവിക്കുന്നതും മാലി-ഇന്ത്യ ഗവണ്‍മെന്റ്‌റ് വിഷയവും അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഒരു പൊലീസ് ഓഫീസറെ വിളിച്ചപ്പോള്‍, എന്റെ മകളുടെ സ്‌കൂളില്‍ മുമ്പ് മാലി കുട്ടികള്‍ പഠിച്ചിരുന്നുവെന്നും ചിലപ്പോള്‍ ആ തെറ്റിദ്ധാരണയിലുമാവാം എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നോട് ആ ഉദ്യോഗസ്ഥ ചോദിച്ച അഞ്ച് ചോദ്യങ്ങള്‍ അപ്പോഴാണ് എന്നെ അസ്വസ്ഥമാക്കിയത്.

തിരികെ പുറത്തിറങ്ങുമ്പോള്‍ എന്റെ മോളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 'എന്നെ അവര്‍ മാലിയിലേക്കയച്ചാല്‍ ഉമ്മിയെയും ഉപ്പയെയും ആരെയും ഒരിക്കലും കാണാന്‍ പറ്റില്ലല്ലോ' എന്ന് പറഞ്ഞ് അവള്‍ വിതുമ്പി കരഞ്ഞു. ആ കരച്ചില്‍കണ്ട് എന്റെ നെഞ്ച് കീറി. കുഞ്ഞിനെചേര്‍ത്ത് പിടിച്ച് മുത്തംനല്‍കി. നമ്മള്‍ എല്ലാ രേഖകളും സബ്മിറ്റ് ചെയ്തല്ലോ. മോളുടെ കാര്യം ഒരാഴ്ചക്കുള്ളില്‍ തന്നെ ശരിയാകും എന്ന് അവളെ ബോധ്യപ്പെടുത്തി. ഒരാഴ്ച കഴിഞ്ഞ് ശരിയാകുകയും ചെയ്തു.

പക്ഷേ, അതുവരെ കളിചിരികള്‍ നഷ്ടപ്പെട്ട്, കൂട്ടുകാരോടൊപ്പം ആശങ്കകള്‍ പങ്കുവെച്ച്, വലിയ വിഷമത്തിലായിരുന്നു അവള്‍. ലോകത്ത് കുഞ്ഞുങ്ങള്‍ അഭയാര്‍ഥികളും അനാഥരുമാക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണോ എന്നവള്‍ ചോദിച്ചിരുന്നു.

വെറും ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന പേരില്‍ ഒരാഴ്ച എന്റെ മകളെ ഇന്ത്യക്കാരിയല്ലാതാക്കിയത് ബി.ജെ.പി സര്‍ക്കാരാണ്. 'Aadhar is a proof of identify, not of citizenship.' ആധാര്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ല എന്ന് കാര്‍ഡിന്റെ പുറകില്‍ തന്നെ എഴുതിയിട്ടുണ്ട്. പക്ഷേ, പൗരത്വം തെളിയിക്കാന്‍ മാത്രമല്ല, അപേക്ഷിക്കുന്ന സകല രേഖകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ് എന്നതാണ് വിരോധാഭാസം.


അക്ഷയ കേന്ദ്രങ്ങളില്‍ ടോക്കണ്‍ എടുക്കാന്‍ തന്നെ ക്യൂ നിന്നാണ് പാവപ്പെട്ട ജനങ്ങള്‍ ആധാര്‍ ശരിയാക്കുന്നത്. രേഖകള്‍ എല്ലാം അപ്‌ലോഡ് ചെയ്താലും ബാംഗ്‌ളൂരില്‍ ഇരുന്ന് രേഖപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് മനഃപൂര്‍വ്വം ഇത്രയധികം മിസ്റ്റേക്ക് വരുത്തുന്നു? വെറുമൊരു ക്ലറിക്കല്‍ മിസ്റ്റേക്കിന് ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി കഴിഞ്ഞു എന്ന ഉള്ളടക്കമാണോ പൗരന്‍മാര്‍ക്ക് അയക്കാന്‍ പൊതുവേ തയ്യാറാക്കി വെച്ച കണ്ടന്റ്? അപ്പോള്‍ വിദേശികള്‍ക്ക് രേഖകള്‍ നോക്കാതെയാണോ ആധാര്‍ അനുവദിക്കുന്നത്? ആധാര്‍ പൗരന്മാരുടെ അടിയാധാരമാക്കി, അതില്‍ ക്ലറിക്കല്‍ മിസ്റ്റേക്ക് വരുത്തി ബി.ജെ.പി. ഉന്നം വെക്കുന്നവരുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള ടെസ്റ്റ് ടോസ് ആണോ ഈ ക്ലറിക്കല്‍ മിസ്റ്റേക്കുകള്‍?

പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ച് അസമിലെ ബാര്‍പേട്ട ജില്ലയിലെ 28 മുസ്‌ലിംകളെ തടങ്കല്‍പാളയത്തിലേക്ക് അയച്ച വാര്‍ത്ത കഴിഞ്ഞദിവസമാണ് പത്രങ്ങളില്‍ വായിച്ചത്. എന്‍പിആറും എന്‍ആര്‍സിയുമൊക്കെ തലക്കുമുകളില്‍ വാള്‍കണക്കെ തൂങ്ങിയാടുമ്പോള്‍ ഭരണകൂടത്തോടുള്ള മറു ചോദ്യങ്ങള്‍ അനിവാര്യമാകുന്നു.





TAGS :