Quantcast
MediaOne Logo

ദീപ ഗോപകുമാര്‍

Published: 8 March 2024 1:08 PM GMT

പല്ലിറുമ്മുന്ന പെണ്‍മൗനങ്ങള്‍

ജീവിത സാഹചര്യങ്ങള്‍ ഒരുപാട് മാറിയിട്ടു പോലും, വായ്‌മൊഴിയായും വരമൊഴിയായും തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് കൈമാറിയെത്തുന്ന യാഥാസ്ഥിതിക സ്ത്രീസങ്കല്‍പങ്ങള്‍ക്ക് ഇപ്പോഴും പറയത്തക്ക ജനിതകപരിവര്‍ത്തനമില്ല. ലിംഗസാക്ഷരത ഇപ്പോഴും പടിപ്പുറത്തു തന്നെ നിലകൊള്ളുന്നു.

പല്ലിറുമ്മുന്ന പെണ്‍മൗനങ്ങള്‍
X

പഠിക്കുന്ന കാലത്ത്, മഹാകവി ഉള്ളൂരിന്റെ, ചിത്രശാല എന്ന കാവ്യത്തിന്റെ ഒരു ഭാഗം പഠിക്കുവാനുണ്ടായിരുന്നു. കാതറിന്‍ മേയോ എന്ന മദാമ്മ, ഇന്ത്യയിലെ സ്ത്രീകളുടെ പരിതാപകരമായ ജീവിതനിലവാരത്തെ അപലപിച്ചു വിമര്‍ശിച്ചതില്‍ ധാര്‍മികരോഷം പൂണ്ട്, ആ യൂറോപ്യന്‍ വനിതയ്ക്കുള്ള മറുപടിയെന്ന നിലയില്‍ കവി എഴുതിയതാണ് ആ കാവ്യം. കാതറിന്‍ മേയോയുടെ ആക്ഷേപവചനങ്ങളെ ഒന്നൊന്നായി ഉദ്ധരിച്ചു കൊണ്ട്, 'ഭാരതക്ഷമേ! നിന്റെ പെണ്‍മക്കളടുക്കളക്കാരികള്‍! വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍....' എന്നിങ്ങനെയാണ് ആ കാവ്യം ആരംഭിക്കുന്നത്. മദാമ്മയുടെ പരിഹാസശരങ്ങളില്‍ മനംനൊന്ത ഭാരതമാതാവിനു വേണ്ടി, ആക്ഷേപ ശരങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കുവാന്‍ സ്വയം നിയുക്തനാവുകയാണ് കവി. അതിനു വേണ്ടി, ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തെ പാടിപ്പുകഴ്ത്തുന്നതോടൊപ്പം, ഭാരതീയപുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ ഓരോരുത്തരെയായി അദ്ദേഹം വാഴ്ത്തിപ്പാടുന്നു. സീത, ദ്രൗപദി, പാര്‍വ്വതി, ദേവകി, ഗാന്ധാരി .. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകമെടുത്ത് ക്ലാവുതുടച്ചു മിനുക്കി, വരമൊഴിയാല്‍ വര്‍ണ്ണപ്പകിട്ടേകി മദാമ്മയുടെ മുന്നിലേക്കിട്ടുകൊടുക്കുകയാണ് മഹാകവി. ഭാരതീയ പുരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍, സ്ത്രീകള്‍ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ എപ്പോഴത്തെയും ലോകോത്തര മാതൃകകളാണെന്നു സ്ഥാപിക്കുവാനുള്ള തീവ്രയജ്ഞമാണ് ആ കാവ്യത്തില്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.


ആ പാഠഭാഗം കൈകാര്യം ചെയ്തിരുന്ന മലയാളം അധ്യാപികയും മഹാകവിയുടെ നിലപാടുകളെ ന്യായീകരിച്ചു തന്നെയാണ് ആ പദ്യഭാഗം വിശകലനം ചെയ്തത്. എന്നാല്‍, വരികളിലെ വര്‍ണ്ണാഭമായ അവകാശവാദങ്ങളേക്കാള്‍, വരികള്‍ക്കിടയിലൊളിച്ചിരിക്കുന്ന അരോചക സത്യങ്ങള്‍ വായിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാവാം, ബന്ധുര കാഞ്ചന കൂട്ടിലടയ്ക്കപ്പെട്ട ആ പെണ്‍തത്തകളുടെ ഭാഗ്യജാതകങ്ങളല്ല, മറിച്ച് നിസ്സഹായവും, നിന്ദിതവും പീഡിതവുമായ ജീവിത നിയോഗങ്ങളില്‍പ്പെട്ടുഴറിയ അവരുടെ അഭിശപ്തസ്ത്രീത്വങ്ങളെയാണ് ഞാന്‍ വായിച്ചെടുത്തത്.

കവിയോട് പരിഭവിച്ചിട്ട് കാര്യമില്ലെന്നറിയാം കാരണം, സമൂഹത്തിന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍ എക്കാലത്തും പുരുഷാധിപത്യ വ്യവസ്ഥിതിയുടെ നിര്‍മിതികളായിരുന്നു. സ്ത്രീകളെ തങ്ങളുടെ ഇച്ഛാനുസാരികളും, നിഃശ്ശബ്ദകളുമാക്കി നിറുത്തേണ്ടത് പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ആവശ്യമായിരുന്നു. അതിനു വേണ്ടി അവര്‍ സ്ത്രീകള്‍ക്ക് നല്ലനടപ്പ്‌സംഹിതകള്‍ ചമച്ചുണ്ടാക്കി. കാര്യബോധത്തില്‍ മന്ത്രിയെപ്പോലെയും, കര്‍മങ്ങളില്‍ ദാസിയെപ്പോലെയും, രൂപം കൊണ്ട് ലക്ഷ്മിയെപ്പോലെയും, ഭൂമിയോളം ക്ഷമിക്കുന്നവളുമായിരിക്കണം സ്ത്രീ എന്നു തുടങ്ങുന്ന സംഹിതകള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. സീതയ്ക്കു ചുറ്റും വരയ്ക്കപ്പെട്ട ലക്ഷ്മണരേഖ ഒരു പ്രതീകമാണ്. പാദവേഗങ്ങളെ പിന്നോട്ടടിപ്പിക്കുന്ന അഗോചരമായൊരു സൗമിത്രരേഖ സ്ത്രീകള്‍ക്ക് ചുറ്റും എന്നുമുണ്ട്. സ്ത്രീകളുടെ ബൗദ്ധിക പ്രബുദ്ധതയെ പുരുഷ സമൂഹം എന്നും ഭയന്നിരുന്നു; ഇന്നും ഭയക്കുന്നു. സൗന്ദര്യം സഹനം, ചാരിത്ര്യം - ഇതൊക്കെ സ്ത്രീകള്‍ക്ക് മാത്രം ബാധകമായ അവശ്യ ഗുണങ്ങളായി പരിഗണിക്കപ്പെട്ടു.

ആകുലതകള്‍ക്കും ആവലാതികള്‍ക്കും മേലേ അലുക്കും തൊങ്ങലും പിടിപ്പിച്ച മേലാടകള്‍ അണിയിക്കപ്പെട്ടു മാത്രം പുരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അവരുടെ പ്രതിഷേധങ്ങളോ, സങ്കടങ്ങളോ അക്ഷരങ്ങളായില്ല. നൊമ്പരങ്ങള്‍ക്കുമേല്‍ ഒട്ടിച്ചുവച്ച ചിരിയോടെ മാത്രം അനുവാചകര്‍ക്കുമുന്നില്‍ അവര്‍ വെളിപ്പെട്ടു നിന്നു. സഹനവും മൗനവുമാണ് ഉദാത്തസ്ത്രീത്വത്തിന്റെ മുഖമുദ്രയെന്ന് വാഴ്ത്തപ്പെടുവാന്‍ അവര്‍ അങ്ങനെതന്നെ നില്‍ക്കേണ്ടിയിരുന്നു.

ഏറ്റവും ഇകഴ്ത്തപ്പെട്ടതും, അടിച്ചമര്‍ത്തപ്പെട്ടതുമായ ഒരു ജാതി അല്ലെങ്കില്‍ വര്‍ഗം ഉണ്ടെന്നിരിക്കട്ടെ; ആ വര്‍ഗം അഥവാ ജാതിയേക്കാള്‍ ഇകഴ്ത്തപ്പെട്ടവരായി ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ അത് ആ ജാതി അഥവാ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ ആയിരിക്കും. എന്നാല്‍, ഇകഴ്ത്തപ്പെട്ടവരല്ല, സാമൂഹികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരെന്ന് പറയപ്പെടുന്നവരില്‍പ്പോലും സ്ത്രീകളുടെ സ്ഥിതി വിഭിന്നമല്ല. ഈ അടുത്ത കാലത്ത് ശ്രീമതി ദേവകി നിലയങ്ങോടിന്റെ ആത്മകഥ 'കാലപ്പകര്‍ച്ചകള്‍' വായിക്കുവാനിടയായി. അതു വായിച്ചപ്പോള്‍, ആ പുസ്തകത്തിന്റെ രചയിതാവ് ജനിച്ചതും ജീവിച്ചതുമായ സമുദായത്തില്‍ സ്ത്രീകളുടെ ജീവിതം എന്തുമാത്രം നരകസമാനമായിരുന്നുവെന്ന യാഥാര്‍ഥ്യം ശരിക്കും ഞെട്ടിച്ചു! സ്ത്രീകളും മനുഷ്യരാണ് എന്നതു പോട്ടെ, പുരുഷന്മാരുടേതു പോലെതന്നെ വിശപ്പും വികാരങ്ങളുമുള്ള ഒരു ശരീരമാണ് സ്ത്രീകള്‍ക്കുമുള്ളത് എന്നൊരു കേവലപരിഗണനപോലും പണ്ടുകാലങ്ങളില്‍ ആ സമുദായത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നില്ല. പറഞ്ഞല്ലോ, വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍, വായിച്ചറിഞ്ഞ ചരിത്രങ്ങളില്‍പ്പലതിലും, പുരാണങ്ങളിലും സ്ത്രീകള്‍ നേരിട്ട കടുത്ത നീതിനിഷേധങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ പലപ്പോഴും എന്നെ ഉത്കണ്ഠപ്പെടുത്തിയിട്ടുണ്ട്. അക്കാലങ്ങളിലെ സമൂഹം എന്തുകൊണ്ട് അവയ്‌ക്കെതിരേ ക്രിയാത്മകമായി പ്രതികരിച്ചില്ല എന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

ആകുലതകള്‍ക്കും ആവലാതികള്‍ക്കും മേലേ അലുക്കും തൊങ്ങലും പിടിപ്പിച്ച മേലാടകള്‍ അണിയിക്കപ്പെട്ടു മാത്രം പുരാണങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അവരുടെ പ്രതിഷേധങ്ങളോ, സങ്കടങ്ങളോ അക്ഷരങ്ങളായില്ല. നൊമ്പരങ്ങള്‍ക്കുമേല്‍ ഒട്ടിച്ചുവച്ച ചിരിയോടെ മാത്രം അനുവാചകര്‍ക്കുമുന്നില്‍ അവര്‍ വെളിപ്പെട്ടു നിന്നു. സഹനവും മൗനവുമാണ് ഉദാത്തസ്ത്രീത്വത്തിന്റെ മുഖമുദ്രയെന്ന് വാഴ്ത്തപ്പെടുവാന്‍ അവര്‍ അങ്ങനെതന്നെ നില്‍ക്കേണ്ടിയിരുന്നു.

വെള്ളംചേരാത്ത വിശ്വാസവഞ്ചന തിരിച്ചറിഞ്ഞ നിമിഷത്തെ സീത എങ്ങനെ അതിജീവിച്ചിരിക്കാം? അതേപ്പറ്റി മഹാകവി ഉള്ളൂര്‍ മിണ്ടുന്നതേയില്ല. ദ്രൗപദിയുടെ മുടിയും ചേലയും അഴിച്ചുപറിച്ച അതിഭീകരമായ ആണധികാരവ്യവസ്ഥ അനുകരണീയമാണെന്നാണോ കവിയുടെ അഭിപ്രായം? കവിയ്ക്ക് മറുപടിയില്ല... നിരപരാധിനിയായ അഹല്യയെ ഒരു നിമിഷം പോലും കേള്‍ക്കാതെ, നാവും, മുഖവും, ചൂണ്ടുവിരലിലെ ചോദ്യങ്ങളുമില്ലാത്ത ശാപശിലയാക്കിയ ആണ്‍ബധിരതയാണോ സനാതന ധര്‍മം? - ഈ ചോദ്യത്തിനുമുന്‍പില്‍ കവിയും ബധിരനാകുന്നു. അടയാളമോതിരത്തിന്റെ ആനുകൂല്യമില്ലെന്ന ഒറ്റക്കാരണത്താല്‍ ശകുന്തളയുടെ സ്ത്രീത്വം അപമാനിതമായതില്‍ ഒരു ശരികേടില്ലേ? (ഓ.. അവിടെയൊരു ശാപത്തിന്റെ തിരസ്‌കരണിയുണ്ടായിരുന്നല്ലോ! ക്ഷമിക്കണം; ചോദ്യം പിന്‍വലിച്ചിരിക്കുന്നു) ഭീഷ്മരുടെ ഏകപക്ഷീയമായ കൈക്കരുത്തിനെതിരേ പ്രണയ രക്തസാക്ഷിത്വം വരിച്ച അംബയുടെ പ്രണയവിശുദ്ധി എന്തുകൊണ്ട് വാഴ്ത്തപ്പെട്ടില്ല? ഹൃദയം നഷ്ടപ്പെട്ടവരുടെ മധുരാപുരിയില്‍ ഹൃദയം തിരഞ്ഞു നടന്ന കണ്ണകിയെ കവി ഹൃദയം കണ്ടില്ല എന്നുണ്ടോ? സ്വന്തം പിതാവും പിതൃതുല്യരും വരെ ഉപ്പുനോക്കിയെന്നു പറയപ്പെടുന്ന കുറിയേടത്തു താത്രിയെന്ന 'സാധന'ത്തിന്റെ തീതുപ്പുന്ന ചിത്രം ചിത്രശാലയില്‍ കണ്ടില്ലല്ലോ? (ഓ ,വേണ്ട. 'ചിത്രശാല തന്നെ ' ചിലപ്പോള്‍ തീപിടിച്ചു കരിഞ്ഞു പോയാലോ?)

ലിംഗസാക്ഷരത ഇപ്പോഴും പടിപ്പുറത്തു തന്നെ നിലകൊള്ളുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോഴും സ്ത്രീ സമത്വത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു. തങ്ങളിലുറങ്ങുന്ന ആന്തരാഗ്‌നിയുടെ അപരിമേയമായ ശേഷി തിരിച്ചറിയുവാന്‍ പല സ്ത്രീകളും മെനക്കെടാറില്ല എന്നതാണ് സത്യം. സീതയെപ്പോലെ, ദ്രൗപദിയെപ്പോലെ, അംബയെപ്പോലെ, അത് എപ്പോള്‍ തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ അവര്‍ അപരാജിതരാകുക തന്നെ ചെയ്യും; അതില്‍ യാതൊരു സംശയവുമില്ല.

എന്നാല്‍, പിന്നീട് പലപ്പോഴുമുണ്ടായ പുനര്‍വായനകളില്‍ ഇതേ സ്ത്രീകഥാപാത്രങ്ങള്‍ തന്നെ എന്റെ ഉത്കണ്ഠകള്‍ തണുപ്പിച്ചു എന്നറിയിക്കട്ടെ... ചാഞ്ചല്യമില്ലാത്ത തീരുമാനം കൊണ്ട് മണ്ണുപിളര്‍ത്തി മറഞ്ഞ സീതയും, അഴിഞ്ഞ മുടിയോടെ, അറ്റം കണ്ടേ അടങ്ങൂ എന്ന ശപഥത്തില്‍ ഉറച്ചു നിന്ന ദ്രൗപദിയും, വേവുന്ന മനഃക്കണ്ണു കൊണ്ടൊന്നു തിരിഞ്ഞു നോക്കി, പീഢകരുടെ മധുരാപുരി ചാരമാക്കിയ കണ്ണകിയും, പ്രണയനിഷേധിക്കെതിരേ പകയുടെ ശിഖണ്ഡീ ജന്മമെടുത്ത അംബയും അവരുടെ ജീവിതം കൊണ്ടുനല്‍കിയ മറുപടികള്‍ മാത്രം മതിയായിരുന്നു ആ ആശങ്കകളുടെ വേരറുക്കുവാന്‍.. സ്ത്രീകള്‍ക്കുമാവാം നാവും, നട്ടെല്ലുമെന്ന് ഇതേസ്ത്രീ കഥാപാത്രങ്ങള്‍ ഉറക്കെപ്പറയുന്നു...

എന്നാല്‍, പുരാണ കാലഘട്ടങ്ങളില്‍ നിന്നും ഒരുപാടു ദൂരം സഞ്ചരിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇരുപത്തിനാലാം പടിയിലെത്തി നില്‍ക്കുമ്പോഴും സമൂഹത്തിന്റെ സ്ത്രീ സങ്കല്‍പ്പങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല എന്നതാണ് നിര്‍ഭാഗ്യകരം. ജീവിത സാഹചര്യങ്ങള്‍ ഒരുപാട് മാറിയിട്ടു പോലും, വായ്‌മൊഴിയായും വരമൊഴിയായും തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് കൈമാറിയെത്തുന്ന യാഥാസ്ഥിതിക സ്ത്രീസങ്കല്‍പങ്ങള്‍ക്ക് ഇപ്പോഴും പറയത്തക്ക ജനിതകപരിവര്‍ത്തനമില്ല. ലിംഗസാക്ഷരത ഇപ്പോഴും പടിപ്പുറത്തു തന്നെ നിലകൊള്ളുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോഴും സ്ത്രീ സമത്വത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു. തങ്ങളിലുറങ്ങുന്ന ആന്തരാഗ്‌നിയുടെ അപരിമേയമായ ശേഷി തിരിച്ചറിയുവാന്‍ പല സ്ത്രീകളും മെനക്കെടാറില്ല എന്നതാണ് സത്യം. സീതയെപ്പോലെ, ദ്രൗപദിയെപ്പോലെ, അംബയെപ്പോലെ, അത് എപ്പോള്‍ തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ അവര്‍ അപരാജിതരാകുക തന്നെ ചെയ്യും; അതില്‍ യാതൊരു സംശയവുമില്ല..

TAGS :