Quantcast
MediaOne Logo

ഫായിസ ഫർസാന

Published: 18 Sep 2023 7:59 AM GMT

മണ്ണിനും മനുഷ്യനും ഔഷധമാകുന്ന മുള

സെപ്റ്റംബര്‍ 18: ലോക മുളദിനം

മണ്ണിനും മനുഷ്യനും ഔഷധമാകുന്ന മുള
X

ഹിരോഷിമയിലെ അണുബോംബ് വികിരണത്തെ അതിജീവിച്ച ഒരേയൊരു ചെടി. നശിച്ച ഭൂമി പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും വലിയൊരു പങ്ക് ഈ ചെടിക്കുണ്ട്. ആരാണെന്നല്ലേ? ചൈനീസ് സംസ്‌കാരത്തില്‍ ഈട്, കരുത്ത്, ദൃഢത, വഴക്കം എന്നിവയുടെ പ്രതീകമായ മുള! എഡിസണ്‍ തന്റെ ആദ്യ ബള്‍ബുകള്‍ നിര്‍മിച്ചപ്പോള്‍ മുള ഫിലമെന്റുകളായി ഉപയോഗിച്ചിരുന്നു. ആ ബള്‍ബുകളിലൊന്ന് ഇന്നും വാഷിംഗ്ടണിലെ സ്മിത്സോണിയനില്‍ പ്രകാശിക്കുന്നുണ്ട്.



അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മുള വളരുന്നുണ്ട്. മുളയെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനും സുസ്ഥിര ഉപയോഗം ഉറപ്പാക്കാനും വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുബിഒ) ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. 2009 ല്‍ ബാങ്കോക്കില്‍ നടന്ന എട്ടാമത് ലോക ബാംബൂ കോണ്‍ഗ്രസില്‍ വെച്ചാണ് ആദ്യ മുളദിനം ആചരിക്കുന്നത്. പിന്നീട് എല്ലാ വര്‍ഷവും ഔദ്യോഗികമായി സെപ്റ്റംബര്‍ 18ന് ലോക മുള ദിനാമായി ആചരിച്ചു വരുന്നു.


ഇത്രയധികം സസ്യജാലകങ്ങള്‍ ഉണ്ടായിട്ടും മുളക്ക് മാത്രമെന്താണ് ഇത്ര പ്രാധാന്യം എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. മനുഷ്യന് വളരെയധികം പ്രയോജനം ചെയ്യുന്ന ചെടിയാണ് മുള. പുല്ല് വര്‍ഗത്തില്‍പെടുന്ന ഏറ്റവും വലിയ ചെടിയാണ് മുള. ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന സ്വാഭാവിക സസ്യജാലങ്ങളാണ് ഇവ. നമ്മുടെ പാരിസ്ഥിതിക ഘടന നിലനിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് മുളകള്‍ക്കുണ്ട്. അതിനാലാണ്, മനുഷ്യജീവന് മുളയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18 ലോക മുള ദിനമായി ആചരിക്കുന്നതും. മുള സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും അതേ അളവിലുള്ള മരങ്ങളെക്കാള്‍ 35% കൂടുതല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുകയും ചെയ്യും.

മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനോടൊപ്പം അണുബാധകള്‍ ചികിത്സിക്കുന്നതിനും മുറിവുകള്‍ക്കുള്ള നാടന്‍ ഔഷധങ്ങളായും മുള ഉപയോഗിക്കുന്നു. മുള കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാനാവശ്യമായ ഒരു സ്വാഭാവിക തെര്‍മോസ്റ്റാറ്റായി പ്രവര്‍ത്തിക്കുന്നു. നാരുകളും പൊട്ടാസ്യവുമുള്ള മുള പതിറ്റാണ്ടുകളായി ഏഷ്യന്‍ രാജ്യങ്ങളിലെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്.


വ്യവസായ മേഖലകളിലും മുളകള്‍ നല്‍കുന്ന പങ്ക് ചെറുതല്ല. ഒരു ചെടി എന്ന നിലയില്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ചെടിയാണ് മുള. 24 മണിക്കൂറിനുള്ളില്‍ ഒരു മീറ്റര്‍ വരെ ചില മുളകള്‍ വളരും. മുളയ്ക്ക് സ്റ്റീലിനേക്കാള്‍ ശക്തമായ ഘടനയുള്ളത് കൊണ്ട് തന്നെ ഇത് നിര്‍മ്മാണ വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള ബില്ല്യണിലധികം ആളുകള്‍ മുള കൊണ്ട് നിര്‍മിച്ച വീടുകളില്‍ താമസിക്കുന്നുണ്ട്.


TAGS :