Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 2 Oct 2024 8:21 AM GMT

യൂട്യൂബര്‍ ഗാന്ധി

ശാസ്ത്രത്തിന് മനുഷ്യമുഖം നല്‍കാന്‍ ആഗ്രഹിച്ച, ആര്‍ത്തിയെ സ്നേഹത്താല്‍ പകരംവെക്കുന്ന, സാങ്കേതികവിദ്യകള്‍ക്ക് മേല്‍ സാമൂഹിക നിയന്ത്രണം ആവശ്യപ്പെട്ട ഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതകാലത്തെ ഓരോ പ്രവര്‍ത്തികളിലും കണ്ടെത്താന്‍ നമുക്ക് സാധിക്കും. | ഒക്ടോബര്‍ 02: ഗാന്ധിജയന്തി

യൂട്യൂബര്‍ ഗാന്ധി
X

സേവാഗ്രാമിലെ 'ബാപ്പുകുടി'യുടെ മുന്‍വശത്തായുള്ള ബബൂള്‍ മരത്തിന് ചുറ്റും മണ്ണിട്ട് ഉറപ്പിച്ച തിട്ടില്‍വിരിച്ച കമ്പളത്തില്‍ മഗന്‍ലാല്‍ ഒരു തൂവെള്ള ഖാദിത്തുണി നിവര്‍ത്തി വിരിച്ചിട്ടു.

മഹാത്മജി പതിവ് പ്രാര്‍ഥനയ്ക്ക് ശേഷമുള്ള തന്റെ 'പ്രവചന്‍'നുള്ള തയ്യാറെടുപ്പിലാണ്. മഗന്‍ലാല്‍ പ്രത്യേകം തയ്യാറാക്കിയ ഖാദിത്തുണി സഞ്ചിയില്‍ നിന്നും ട്രൈപോഡ് പുറത്തെടുത്തു. ഫോണ്‍ കാമറ ട്രൈപോഡില്‍ ഘടിപ്പിച്ച് മഹാത്മജിയുടെ മേല്‍മുണ്ടില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ചതിന് ശേഷം രംഗത്തുനിന്നും മാറി.

ഗാന്ധിജി സംസാരം ആരംഭിക്കുന്നതിന് മുന്നെ അരനിമിഷം കണ്ണടച്ച് മൗനത്തിലേക്ക് മടങ്ങി. പിന്നീട് തന്റെ മുന്നിലിരിക്കുന്ന ചെറു ഡെസ്‌കിലെ കടലാസിലേക്ക് നോട്ടം പായിച്ചു. 'ആധുനിക ലോകവും യന്ത്രങ്ങളും'. ഇന്നത്തെ പ്രഭാഷണത്തിനുള്ള വിഷയമാണ്. അദ്ദേഹം പതുക്കെ ആരംഭിച്ചു.

''താങ്കള്‍ യന്ത്രങ്ങള്‍ക്ക് എതിരാണോ?''പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് മറുപടി പറഞ്ഞുകൊണ്ടാകട്ടെ ഇന്നത്തെ പ്രഭാഷണം എന്ന് ഞാന്‍ വിചാരിക്കുന്നു.

''ഞാന്‍ എതിര്‍ക്കുന്നത് യന്ത്രങ്ങളോടുള്ള ഭ്രാന്തിനെയാണ്, യന്ത്രങ്ങളെയല്ല. തൊഴില്‍ സമയം ലാഭിക്കുന്ന യന്ത്രങ്ങളോടുള്ള ഭ്രമത്തെയാണ്. ആയിരക്കണക്കിന് ആളുകള്‍ ജോലിയില്ലാതെ തുറന്ന തെരുവുകളില്‍ പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യത്തില്‍ അധ്വാനം ലാഭിക്കുന്നതിനായി നിര്‍മ്മിക്കപ്പെടുന്ന യന്ത്രങ്ങളെയാണ് ഞാന്‍ എതിര്‍ക്കുന്നത്. സമയവും അധ്വാനവും ലാഭിക്കേണ്ടതുണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നു, അത് മനുഷ്യരാശിയിലെ ചെറിയൊരു വിഭാഗത്തിനായല്ല, മറിച്ച്, എല്ലാവര്‍ക്കും വേണ്ടി; സമ്പത്തിന്റെ കേന്ദ്രീകരണം ചിലരുടെ കൈകളിലല്ല, എല്ലാവരുടെയും കൈകളിലായിരിക്കണം. ഇന്ന് യന്ത്രങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ മുതുകില്‍ കയറാന്‍ ചിലരെ സഹായിക്കുന്നു. ഇവയ്ക്ക് പിന്നിലെ പ്രേരണ അധ്വാനത്തെ രക്ഷിക്കാനുള്ള മനുഷ്യസ്‌നേഹമല്ല, അത്യാഗ്രഹമാണ്. ഇതിനെതിരെയാണ് ഞാന്‍ സര്‍വ്വശക്തിയുമുപയോഗിച്ച് പോരാടുന്നത്.


''അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് യന്ത്രങ്ങള്‍ക്കെതിരെയല്ല, മറിച്ച് ഇന്ന് വളരെയധികം തെളിവുള്ള അതിന്റെ ദുരുപയോഗത്തിനെതിരെയാണ്.'' എന്ന ചോദ്യം ഉയരും.

ഒട്ടും മടികൂടാതെ 'അതെ' എന്നു പറയും; അതോടൊപ്പം ശാസ്ത്ര സത്യങ്ങളും കണ്ടുപിടുത്തങ്ങളും അത്യാഗ്രഹത്തിനുള്ള ഉപകരണങ്ങളായി മാറുന്നത് ആദ്യം അവസാനിപ്പിക്കണമെന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കും. അപ്പോള്‍ തൊഴിലാളികള്‍ക്ക് അമിത ജോലി ചെയ്യേണ്ടിവരില്ല. യന്ത്രങ്ങള്‍ തടസ്സമാകുന്നതിനുപകരം സഹായമാകും. എല്ലാ യന്ത്രസാമഗ്രികളുടെയും ഉന്മൂലനം അല്ല, അവയുടെ നിയന്ത്രണമാണ് ഞാന്‍ ലക്ഷ്യമിടുന്നത്.

''യുക്തിപരമായി വാദിക്കുമ്പോള്‍, സങ്കീര്‍ണ്ണമായ എല്ലാ പവര്‍-ഡ്രൈവ് മെഷിനറികളും പോകണമെന്ന് അത് സൂചിപ്പിക്കുന്നു.''

''അത് പുറത്തുപോകേണ്ടി വന്നേക്കാം, പക്ഷേ, എനിക്ക് ഒരു കാര്യം വ്യക്തമാക്കണം. പരമോന്നത പരിഗണന മനുഷ്യനാണ്. യന്ത്രം മനുഷ്യന്റെ കൈകാലുകള്‍ ക്ഷയിപ്പിക്കാന്‍ പാടില്ല. ഉദാഹരണത്തിന്, ഞാന്‍ ബുദ്ധിപരമായ ഒഴിവാക്കലുകള്‍ നടത്തും. സിംഗര്‍ തയ്യല്‍ മെഷീന്റെ കാര്യം എടുക്കുക. ഇതുവരെ കണ്ടുപിടിച്ച ചില ഉപയോഗപ്രദമായ കാര്യങ്ങളില്‍ ഒന്നാണിത്, ഉപകരണത്തെക്കുറിച്ച് തന്നെ ഒരു പ്രണയമുണ്ട്. സ്വന്തം കൈകൊണ്ട് തുണികള്‍ തുന്നിച്ചേര്‍ക്കുന്ന മടുപ്പിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്റെ ഭാര്യയെ സിംഗര്‍ കണ്ടു, അവളോടുള്ള സ്നേഹം കാരണം അനാവശ്യമായ ജോലിയില്‍ നിന്ന് അവളെ രക്ഷിക്കാന്‍ അയാള്‍ തയ്യല്‍ മെഷീന്‍ കണ്ടുപിടിച്ചു. എന്നിരുന്നാലും, അവളുടെ അധ്വാനം മാത്രമല്ല, ഒരു തയ്യല്‍ മെഷീന്‍ വാങ്ങാന്‍ കഴിയുന്ന എല്ലാവരുടെയും അധ്വാനവും അയാള്‍ സംരക്ഷിച്ചു.

''അങ്ങനെയെങ്കില്‍ ഈ സിംഗര്‍ തയ്യല്‍ മെഷീനുകള്‍ നിര്‍മിക്കുന്നതിന് ഒരു ഫാക്ടറി ഉണ്ടായിരിക്കണം, അതില്‍ സാധാരണ തരത്തിലുള്ള പവര്‍-ഡ്രൈവ് മെഷിനറികള്‍ ഉണ്ടായിരിക്കണം.'' എന്ന ചോദ്യം ഉയര്‍ന്നുവന്നേക്കാം.

''ഉറപ്പായും, എന്നാല്‍ അത്തരം ഫാക്ടറികള്‍ ദേശസാല്‍ക്കരിക്കപ്പെടണം, അല്ലെങ്കില്‍ ഭരണകൂടം നിയന്ത്രിക്കണം എന്ന് പറയാന്‍ ഞാനൊരു സോഷ്യലിസ്റ്റാകും. അവര്‍ ഏറ്റവും ആകര്‍ഷകവും അനുയോജ്യവുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കണം, ലാഭത്തിനുവേണ്ടിയല്ല, മറിച്ച് മനുഷ്യരാശിയുടെ പ്രയോജനത്തിനായി, അത്യാഗ്രഹത്തിന്റെ സ്ഥാനത്തെ സ്നേഹം പ്രേരകമായി എടുക്കുന്നു. ജോലിയുടെ അവസ്ഥയില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റമാണിത്. സമ്പത്തിനായുള്ള ഈ ഭ്രാന്തന്‍ തിരക്ക് അവസാനിപ്പിക്കണം.


| ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് സയന്‍സ് സന്ദര്‍ശിക്കുന്ന ഗാന്ധി (1927, ജൂലൈ 12)

തൊഴിലാളിക്ക് ജീവിക്കാനുള്ള വേതനം മാത്രമല്ല, കേവലം അലസതയല്ലാത്ത ദൈനംദിന ജോലിയും ഉറപ്പാക്കണം. യന്ത്രങ്ങള്‍, ഈ വ്യവസ്ഥകളില്‍, അത് പ്രവര്‍ത്തിക്കുന്ന മനുഷ്യന് ഭരണകൂടത്തെപ്പോലെ അല്ലെങ്കില്‍ അതിന്റെ ഉടമസ്ഥനെപ്പോലെ ഒരു സഹായമായിരിക്കും. ഇപ്പോഴത്തെ ഭ്രാന്തമായ തിരക്ക് അവസാനിക്കും. തൊഴിലാളികള്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ, ആകര്‍ഷകവും അനുയോജ്യവുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കും. ഇത് എന്റെ മനസ്സിലുള്ള ഒരു അപവാദം മാത്രമാണ്. തയ്യല്‍ മെഷീന് അതിന്റെ പിന്നില്‍ സ്നേഹമുണ്ടായിരുന്നു. വ്യക്തി ഒരു പരമോന്നത പരിഗണനയാണ്. അത്യാഗ്രഹത്തെ സ്നേഹത്താല്‍ മാറ്റിസ്ഥാപിക്കുക, എല്ലാം ശരിയാകും.''

യന്ത്രങ്ങളെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചുകൊണ്ട് ഗാന്ധി പതിനഞ്ച് മിനുട്ട് നീണ്ട പ്രഭാഷണം പൂര്‍ത്തിയാക്കി.

യൂട്യൂബറായ ഗാന്ധിയോ?!

നിരന്തരം വ്ളോഗ് എഴുതുന്ന, സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഗാന്ധിയെ സങ്കല്‍പ്പിക്കുന്നത് ഒരുവേള ഒരസംബന്ധ നാടകമായി തോന്നാന്‍ സാധ്യതയുണ്ടെന്ന് കരുതിക്കൊണ്ടുതന്നെയാണ് ഇത്തരമൊരു സങ്കല്‍പ്പദൃശ്യം ഇവിടെ അവതരിപ്പിച്ചത്.

ആധുനികതയോടുള്ള, അതിന്റെ മൂല്യബോധങ്ങളെ സംബന്ധിച്ച ഗാന്ധിയുടെ വിമര്‍ശങ്ങള്‍ പലപ്പോഴും സാങ്കേതിക വിദ്യകളോടും ആധുനികമായ എല്ലാ അറിവുകളോടും പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരാളായി ഗാന്ധിയെ അവതരിപ്പിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാല്‍, ആധുനികതയുടെ അറിവുകളെ, കണ്ടെത്തലുകളെ സമൂഹത്തിന്റെ പൊതുവായ നന്മയ്ക്കായി ഉപയോഗപ്പെടുത്തിയ ഗാന്ധിയെ, അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കണ്ടെത്താന്‍ നമുക്ക് സാധിക്കും.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 'പബ്ലിക് ഫിനാന്‍സി'ല്‍ ബിരുദാനന്തര ബിരുദവുമായി ജോസഫ് കൊര്‍ണേലിയസ് കുമരപ്പ എന്ന ജെ.സി കുമരപ്പ ഗാന്ധിയെ കാണാനെത്തുമ്പോള്‍ സബര്‍മതിയിലെ ആശ്രമവാസികള്‍ക്ക്, ഹിന്ദിയോ ഗുജറാത്തിയോ സംസാരിക്കാനറിയാത്ത, നിലത്ത് ചമ്രം പടിഞ്ഞിരിക്കാന്‍ പോലും വശമില്ലാത്ത, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ 'കറുത്ത ധ്വര'യെക്കുറിച്ച് വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുജറാത്ത് വിദ്യാപീഠത്തില്‍ കാക്കാ കാലേല്‍ക്കറെ കാണാന്‍ ഗാന്ധി കുമരപ്പയോട് ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷകള്‍ അറിയാത്ത കുമരപ്പ വിദ്യാപീഠത്തില്‍ അധികപ്പറ്റാകുമെന്നായിരുന്നു കാലേല്‍ക്കറുടെ ഭയം. കൂടിക്കാഴ്ചയില്‍ നിരാശനായ കുമരപ്പ തിരിച്ച് ബോംബെയില്‍ എത്തിയതിന് ശേഷം അക്കാര്യം അറിയിച്ചുകൊണ്ട് ഗാന്ധിക്ക് കത്തെഴുതി.

എന്നാല്‍, ആധുനിക വിദ്യാഭ്യാസം നേടിയ, സാമ്പത്തിക വിശകലനത്തില്‍ അഗ്രഗണ്യനായ, പബ്ലിക് ഫിനാന്‍സിനെ സംബന്ധിച്ച പഠനത്തില്‍ വിശാരദനായ കുമരപ്പയെ വിട്ടുകളയാന്‍ ഗാന്ധി ഒരുക്കമായിരുന്നില്ല. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പബ്ലിക് ഫിനാന്‍സിനെ സംബന്ധിച്ച കുമരപ്പയുടെ തിസീസിലൂടെ ഗാന്ധി കടന്നുപോയിരുന്നു. കുമരപ്പയുടെ വൈദഗ്ധ്യത്തെ, വിശ്ലേഷണ പാടവത്തെ രാജ്യത്തിന്റെ പൊതുവായ താല്‍പ്പര്യത്തിനായി ഉപയോഗപ്പെടുത്താന്‍ ഗാന്ധി അപ്പോഴേക്കും പദ്ധതി ആസൂത്രണം ചെയ്തു കഴിഞ്ഞിരുന്നു.

ഗുജറാത്തിലെ ഖേഡ ജില്ലയിലെ 'മാതര്‍' താലൂക്കില്‍ സാമ്പത്തിക സര്‍വ്വേ നടത്താന്‍ ഗാന്ധി കുമരപ്പയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം കര്‍ശനമായ ശാസ്ത്രീയ സര്‍വേകളിലൂടെ ലഭിച്ച വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കണം വികസിക്കേണ്ടതെന്ന് ഗാന്ധി ആഗ്രഹിച്ചിരുന്നു. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അപഗ്രഥന-വിശ്ലേഷണ രീതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ അവയുടെ ചൂഷണാത്മക മുഖങ്ങളെ കണ്ടെത്താന്‍ ഗാന്ധിക്ക് അല്‍പ്പംപോലും മടിയുണ്ടായിരുന്നില്ല.

സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ചെയര്‍മാനും കുമരപ്പ ഡയറക്ടറുമായി രൂപീകരിക്കപ്പെട്ട കമ്മറ്റി മാതര്‍ താലൂക്കിലെ 54 ഗ്രാമങ്ങളില്‍ 1929 ഡിസംബര്‍ മുതല്‍ 1930 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സര്‍വ്വേ നടത്തി. 1931ല്‍ കുമരപ്പ തന്റെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന നിരവധി സാമ്പത്തിക സര്‍വ്വേകള്‍ക്ക് അടിത്തറ പാകുന്ന ഒന്നായിരുന്നു കുമരപ്പയുടെ മുന്‍കൈയില്‍ നടന്ന ആ സര്‍വ്വേ.

കുമരപ്പയെ കണ്ടെത്തിയ ഗാന്ധി യഥാര്‍ഥത്തില്‍ കണ്ടെത്തിയത്, ശാസ്ത്രീയ അപഗ്രഥന രീതികളിലൂടെ പ്രശ്നങ്ങളുടെ കാതലിലേക്ക് കടന്നെത്താന്‍ കഴിയുന്ന, മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആഗ്രഹിച്ചിരുന്ന, ഒരു മാനവിക ശാസ്ത്രജ്ഞനെത്തന്നെയായിരുന്നു. പരീക്ഷണാത്മക തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ സ്വയം തിരുത്തലുകളുടെ ശാസ്ത്രീയ രീതിക്ക് സ്വയം വിധേയനായ ഒരു വ്യക്തിക്ക് ഇതല്ലാതെ സാധിക്കുമായിരുന്നില്ല.

ആധുനികതയെയും ആധുനിക ശാസ്ത്രബോധ്യങ്ങളെയും സംബന്ധിച്ച് തീര്‍ച്ചയായും ഗാന്ധിക്ക് വിമര്‍ശങ്ങളുണ്ടായിരുന്നു. 1925 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികളോട് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍ ഗാന്ധി തന്റെ മനസ്സ് തുറന്നു.

''ഞാന്‍ ശാസ്ത്രത്തിന്റെ എതിരാളിയോ, ശത്രുവോ ആണെന്നത് ഇന്ത്യയിലും അതിലേറെ ഇന്ത്യയ്ക്ക് പുറത്തും ഒരു സാധാരണ അന്ധവിശ്വാസമാണ്-കാരണം യൂറോപ്പിലെയും അമേരിക്കയിലെയും എന്റെ കത്തിടപാടുകളില്‍ നിന്ന് ഞാന്‍ കണ്ടെത്തിയത് അതാണ്. ഇത്തരമൊരു വ്യക്തിയായി ചിത്രീകരിക്കുന്നതിനേക്കാള്‍ കൂടുതലായി മറ്റൊന്നും സത്യത്തില്‍ നിന്നും അകലെയായിരിക്കില്ല.. ശാസ്ത്രം അതിന്റെ ശരിയായ സ്ഥലത്ത് സൂക്ഷിച്ചാല്‍ അതില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, ശാസ്ത്രത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് ലോകത്ത് അലഞ്ഞുതിരിയുന്നതിനിടയില്‍ ഞാന്‍ വളരെയധികം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ ശരിക്കും ശാസ്ത്രത്തിന്റെ എതിരാളിയാണെന്ന് ആളുകള്‍ കരുതുന്ന തരത്തില്‍ പലപ്പോഴും പരാമര്‍ശിക്കുകയോ അല്ലെങ്കില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. എന്റെ വിനീതമായ അഭിപ്രായത്തില്‍ ശാസ്ത്രാന്വേഷണത്തിന് പോലും പരിമിതികളുണ്ട്. ശാസ്ത്രാന്വേഷണത്തില്‍ ഞാന്‍ കാണുന്ന പരിമിതികള്‍ നാം നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന പരിമിതികളാണ്.

രണ്ട് വര്‍ഷത്തിന് ശേഷം, 1927 ജൂലൈ 12ന്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ച് നടത്തിയ പ്രഭാഷണത്തില്‍, അടിസ്ഥാനവര്‍ഗത്തിന്റെ പ്രയോജനത്തിനായി ശാസ്ത്രത്തെ വിനിയോഗിക്കാന്‍ ശാസ്ത്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. ''നിങ്ങളുടെ ലബോറട്ടറികളിലെ ചില പരീക്ഷണങ്ങള്‍ 24 മണിക്കൂറും തുടരുന്നതുപോലെ, ഇന്ത്യയിലെ ദശലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ നേട്ടത്തിനായുള്ള ഊഷ്മളത നിങ്ങളുടെ ഹൃദയത്തിന്റെ വിശാല കോണില്‍ ശാശ്വതമായി നിലനില്‍ക്കട്ടെ''. പിന്നീടദ്ദേഹം രസതന്ത്രജ്ഞനും സംരംഭകനുമായ പി.സി റോയിയെ ഉദ്ധരിച്ചുകൊണ്ട് സമൂഹപുരോഗതിക്കൊപ്പം ശാസ്ത്രത്തെ സമന്വയിപ്പിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയുണ്ടായി. ഹ്രസ്വമെങ്കിലും കാമ്പുറ്റ ഈ പ്രഭാഷണത്തില്‍ മനുഷ്യരാശി നേരിടുന്ന കടുത്ത ആശങ്കകളെ ശാസ്ത്രം മനസ്സിലാക്കണമെന്ന് ഗാന്ധി അഭ്യര്‍ഥിച്ചു.

ഹിന്ദുസ്ഥാനിലെ വിദേശ വസ്ത്ര ബഹിഷ്‌കരണം ഇംഗ്ലണ്ടിലെ വസ്ത്ര വ്യവസായത്തെ താറുമാറാക്കിയപ്പോള്‍, ലങ്കാഷെയറിലെയും മാഞ്ചസ്റ്ററിലെയും തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കായ തൊഴിലാളികളെ ഗാന്ധി അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം സാങ്കേതികവിദ്യകളെ അദ്ദേഹം കാണുന്നതെങ്ങിനെയെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാന്ധി പറഞ്ഞു: ''ഇവിടുത്തെ തൊഴിലില്ലായ്മ എന്നെ വേദനിപ്പിക്കുന്നു. എന്നാലിവിടെ പട്ടിണിമരണമോ അര്‍ധ പട്ടിണിയോ ഇല്ല. ഹിന്ദുസ്ഥാനില്‍ ഇവ രണ്ടുമുണ്ട്. നിങ്ങള്‍ ഹിന്ദുസ്ഥാനില്‍ ചെല്ലുകയാണെങ്കില്‍ ഹിന്ദുസ്ഥാനിലെ ഗ്രാമങ്ങളില്‍ ഗ്രാമീണ ജനങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ക്ക് നിരാശമാത്രമാണ് കാണാന്‍ കഴിയുക. അര്‍ധപട്ടിണിക്കാരായ, എല്ലിന്‍തോലുമായ, ജീവിച്ച് മരിച്ചുകൊണ്ടിരിക്കുന്നവരെയാണ് നിങ്ങള്‍ക്ക് അവിടെ ദര്‍ശിക്കാന്‍ കഴിയുക. അവര്‍ക്ക് എന്തെങ്കിലും തൊഴിലിന്റെ രൂപത്തില്‍ ജീവിതമോ അന്നമോ നല്‍കി ഹിന്ദുസ്ഥാനെ സചേതനമാക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഹിന്ദുസ്ഥാന് ലോകത്തെ സഹായിക്കുവാന്‍ കഴിയും. ഹിന്ദുസ്ഥാന്‍ ഇന്നത്തെ അവസ്ഥ ശാപമേറ്റതുപോലെയാണ്. ഈ അര്‍ധപട്ടിണിക്കാരായ ജീവാത്മാക്കള്‍ ഉടന്‍തന്നെ അവസാനിക്കുകയാണെങ്കില്‍ നല്ലത് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവും എന്റെ രാജ്യത്തുണ്ട്. കാരണം അതിലൂടെ മറ്റുള്ളവര്‍ക്ക് ജീവിക്കാമെന്നതു തന്നെ. ഞാനൊരു മാനുഷികമായ രീതി അന്വേഷിച്ചു കണ്ടെത്തി. അവര്‍ക്ക് പരിചയമുള്ളതും, വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്നതും അതിന് പിന്നില്‍ ഉപകരണങ്ങള്‍ക്കായി വന്‍തുക ചെലവഴിക്കേണ്ടതില്ലാത്തതും, അതിന്റെ ഉത്പന്നം എളുപ്പത്തില്‍ വിറ്റഴിക്കാന്‍ സാധിക്കുന്നതുമായ ഒരു ജോലി ഞാനവര്‍ക്ക് കണ്ടെത്തി നല്‍കി.''

സ്പ്രിംഗ്ഫീല്‍ഡ് ഗാര്‍ഡനിലെ മറ്റൊരു യോഗത്തില്‍ ഗാന്ധി പറഞ്ഞു: ഒരു രാഷ്ട്രമെന്ന നിലയില്‍ എല്ലാ വിദേശ വസ്ത്രങ്ങളും ബഹിഷ്‌കരിക്കുക എന്നത് ഞങ്ങളുടെ പ്രതിജ്ഞയാണ്. എന്നാല്‍, ഇംഗ്ലണ്ടിനും ഹിന്ദുസ്ഥാനിനും ഇടയില്‍ മാന്യമായ പരിഹാരം സാധ്യമായാല്‍, ഞങ്ങളുടെ വസ്ത്രങ്ങള്‍ക്ക് പുറമെ, ഞങ്ങള്‍ക്ക് വേണ്ടിവരുന്ന വിദേശ വസ്ത്രങ്ങള്‍ മറ്റേത് രാജ്യത്തുനിന്നും വാങ്ങുന്നതിനേക്കാള്‍ ലങ്കാഷെയറില്‍ നിന്നും വാങ്ങുവാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു''.

സാങ്കേതികവിദ്യകളോടുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് എന്തെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളിലൊന്നാണിത്. തൊഴിലില്ലായ്മ അനുഭവിക്കുന്ന രണ്ട് വ്യത്യസ്ത തൊഴില്‍ വിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം രാഷ്ട്രീയ ധാര്‍മികതയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായി മാറുന്നു.

ആധുനികതയോടും ശാസ്ത്രത്തോടുമുള്ള ഗാന്ധിയുടെ കടുത്ത വിമര്‍ശങ്ങളെ മുന്‍നിര്‍ത്തി, ആധുനിക ശാസ്ത്രത്തിന്റെ സത്തയില്‍ തന്നെ ജ്ഞാനശാസ്ത്രപരമായ ഹിംസ (epistemological violence) അടങ്ങിയിരിക്കുന്നുവെന്ന സിദ്ധാന്തീകരണം പില്‍ക്കാലത്ത് ചില ചിന്തകര്‍ നടത്തിയിട്ടുണ്ടെന്ന് കാണാം. ''ആധുനിക ശാസ്ത്രത്തോടുള്ള ഗാന്ധിയുടെ നിരാകരണമാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ ആക്രമണത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രമേയം'' എന്ന് ആശിഷ് നന്ദിയെപ്പോലുള്ളവര്‍ അതിവായന നടത്തുന്നുണ്ടെങ്കിലും ഇതിനാധാരമായ ഗാന്ധിയുടേതായ യാതൊന്നും നിരത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്.

ശാസ്ത്രത്തിന് മനുഷ്യമുഖം നല്‍കാന്‍ ആഗ്രഹിച്ച, ആര്‍ത്തിയെ സ്നേഹത്താല്‍ പകരംവെക്കുന്ന, സാങ്കേതികവിദ്യകള്‍ക്ക് മേല്‍ സാമൂഹിക നിയന്ത്രണം ആവശ്യപ്പെട്ട ഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതകാലത്തെ ഓരോ പ്രവര്‍ത്തികളിലും കണ്ടെത്താന്‍ നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ യൂട്യൂബറായ, വ്ളോഗറായ ഗാന്ധി എന്നത് ഒരു അസംബന്ധ സങ്കല്‍പനമായി മാറേണ്ടതില്ലതന്നെ...


TAGS :